Monday, August 15, 2011

ആരക്ഷണ്‍

ഈ ആരക്ഷണ്‍ എന്ന് വെച്ചാല്‍ എന്താ അര്‍ഥം അണ്ണാ?

എന്ത് രക്ഷസനോ?

അല്ലന്നേ നമ്മുടെ പ്രകാശ്‌ ച്ജാ രാജ്നീതി എന്നാ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത പടമേ. സംഗതി കുറച്ചു വിവാദം അയ സ്ഥിതിക്ക് ഉടനെ നിരൂപണം കാളകൂടത്തില്‍ ഇടണമെന്ന് മുതലാളി വിളിച്ചു പറഞ്ഞു.എവിടെ പോയാല്‍ ഈ പടം ഒന്ന് കാണാന്‍ പറ്റും?

അല്ല എന്ത് വിവാദം ?

അണ്ണന്‍ ഇതൊന്നും അറിഞ്ഞില്ലേ?ഈ പടം പ്രദര്‍ശിപ്പിച്ചാല്‍ ഇന്ത്യ മുഴുവന്‍ എന്തരോ സംഭവിക്കും എന്ന് പറഞ്ഞത് കൊണ്ട് കോടതി കണ്ടു ബോധിച്ചതിന് ശേഷമാണു പ്രദര്‍ശനാനുമതി കിട്ടിയത് പോലും.എന്നിട്ടും തൃപ്തി ആകാത്തത് കൊണ്ട് പഞ്ചാബിലോ ആന്ദ്ര യിലോ എവിടെ ഒക്കെയോ ഈ പടം നിരോധിച്ചു പോലും .

അനിയാ അറിഞ്ഞൂടെങ്കില്‍ പറഞ്ഞു തരാം ആരക്ഷണ്‍ എന്നാ വാക്കിന്‍റെ അര്‍ഥം സംവരണം എന്നാണ്.ഇന്നലെ ആ പടം ഇവിടുത്തെ ഒരു പെട്ടി തീയറ്റെരില്‍ പോയി കണ്ടതേയുള്ളൂ.

ആന്നോ? എന്നിട്ട് എങ്ങനെയുണ്ട് പടം .ആരൊക്കെയാണ് അഭിനയിക്കുന്നേ? വിവാദം ഉണ്ടോ പടത്തില്‍. ആകെ മൊത്തം സംവരണം വേണം എന്നാണോ വേണ്ട എന്നാണോ പറയുന്നേ.

അനിയാ നീ തോക്കില്‍ കേറി വെടി വെക്കല്ലേ. ഒന്ന് പറഞ്ഞോട്ടെ . ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് അമിതാബ് ബച്ചന്‍ , മനോജ്‌ ബാജ്പെയി ,ദീപിക പദുകോണ്‍ , പ്രതീക് ബബ്ബര്‍ എന്നിവരോക്കെയാണ്.

ശരി എന്നി കഥ അഥവാ കഥയിലെ വിവാദം ........

പറയാം . അതിനു മുന്‍പ് ഒരു ചോദ്യം . ഈ സംവരണത്തെ കുറിച്ചുള്ള നിന്‍റെ അഭിപ്രായം എന്താണ് ?

അല്ല . അതല്ലല്ലോ ഇവിടെ വിഷയം .....

നീ പറയെടെ.

അല്ല എനിക്ക് ഒരു മണിക്കൂര്‍ സമയം വേണം .

നീ ആരെടെ മുഖ്യമന്ത്രിയോ പഠിച്ചിട്ടു അഭിപ്രായം പറയാന്‍ ?

അതല്ല അണ്ണാ.വീട്ടില്‍ പോയി SSLC ബുക്ക്‌ എടുത്തു ജാതി നോക്കണം .സംവരണം ഉള്ള ജാതിയാണോ അല്ലയോ എന്ന് ഉറപ്പാക്കിയിട്ടു മാത്രമേ ഈ സംവരണത്തെ പറ്റി ഒരു അഭിപ്രായം പറയാന്‍ പറ്റു .എനിക്ക് സംവരണം ഇല്ലെങ്കില്‍ ഈ വിപത്ത് നാട്ടില്‍ നിന്നും ഉടനെ പുറം തള്ളണം (മൂല്യശോഷണം , കഴിവ് .....) ഇനി ഉണ്ടെങ്കിലോ വര്‍ഷങ്ങളുടെ അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്ന (കഴിഞ്ഞിട്ടില്ല ) ജനകോടികളുടെ ........ ഈ ലൈന്‍ (ചുരുക്കത്തില്‍ എനിക്ക് നക്കാന്‍ ഇല്ലെങ്കില്‍ ഒരുത്തന്നും നക്കണ്ട എന്നിക്ക് നക്കാന്‍ ഉണ്ടെങ്കില്‍ അത് ഒരു കാലത്തും ഇല്ലാതാകാന്‍ പാടില്ല എന്ന ഒരു ലൈന്‍ )

മിടുക്കന്‍!! നീയാണെടാ യഥാര്‍ത്ഥ മലയാളി .നിനക്ക് സംവരണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ബുദ്ധിജീവി ആകാന്‍ നീ പറയേണ്ട ഒരു കാര്യം കൂടിയുണ്ട് .അതായിത് ഈ മെറിറ്റ്‌ മെരിറ്റ് എന്ന് പറയുന്നതില്‍ ഒരു കാര്യവും ഇല്ല. കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന മിടുക്കന്‍മാര്‍ എല്ലാരും കാശു മുടക്കി പരിശീലന കേന്ദ്രങ്ങളില്‍ പോയി പഠിച്ചു വരുന്നവരാണ് എന്ന മഹാ സത്യം (ഇതു ഇവനൊക്കെ വിളംബുന്നതിനു മുന്‍പ് ഒരു മഹാ രഹസ്യമായിരുന്നു).അങ്ങനെ ആണെങ്കില്‍ ‍ ഈ പരീക്ഷകള്‍ പരിശീലന ക്ലാസ്സില്‍ പോകാതെ കിട്ടില്ല എന്ന രീതിയില്‍ നില നിര്‍ത്തുന്നത് എന്തിനു? സര്‍ക്കാര്‍ ജോലി,സര്‍ക്കാര്‍ നമുക്ക് തരുന്ന വിദ്യാഭ്യാസം,വൈദ്യ സഹായം, ഗതാഗത സൗകര്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ പോലും പ്രസക്തിയും സാധ്യതകളും ഒക്കെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍ ഇതിനു വലിയ പ്രസക്തി ഉണ്ടെന്നു വരുത്തി തീര്‍ക്കേണ്ടത് ചിലരുടെ ആവശ്യം മാത്രം ആയതു കൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്നു എന്നേ ഉള്ളു

അണ്ണാ ഈ കൊടും കാട്ടിലേക്ക് പോകാതെ ഈ ചിത്രത്തെ പറ്റി ..........

ശരി പറയാം.ആദ്യമായി കുറച്ചു തെറ്റി ധാരണകള്‍ മാറ്റിക്കോട്ടെ.മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ ഈ ചിത്രം സംവരണം ശരിയാണെന്നോ തെറ്റാണെന്നോ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ചിത്രമല്ല.സംവരണത്തെ അനുകൂലിക്കുകയും അതിനു വേണ്ടി വാദിക്കുന്നവരും അത് തെറ്റും അനീതിയും ആണെന്ന് വാദിക്കുന്നവരും ഈ ചിത്രത്തില്‍ കഥാപാത്രങ്ങളായി ഉണ്ട്.എന്നിക്ക് ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ടത് അവസാനം ഒരു ഭാഗം മറ്റൊരു ഭാഗത്തോട് ക്ഷമ ചോദിച്ചു ചിത്രത്തിന് മൊത്തത്തില്‍ ഒരു സന്ദേശം ഉണ്ടാക്കുന്നില്ല എന്നതാണ്.എന്ന് കരുതി ഈ ചിത്രം ഒരിക്കലും ഒരു അഴ കൊഴംബന്‍ സാധനം ആകുന്നില്ല.വിദ്യാഭ്യാസ രംഗത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന വലിയൊരു വിപത്തിലേക്കും അതിനെതിരെ ഉണ്ടാക്കുന്ന ഉണ്ടാക്കാവുന്ന പ്രതിരോധതിലെക്കും വിരല്‍ ചൂണ്ടുന്നു ഈ ചിത്രം.സംവരണത്തെ കുറിച്ചുള്ള വാദ - വിവാദ - വിദ്വേഷ തരംഗങ്ങള്‍ക്കിടയില്‍ യഥാര്‍ഥ വിജയം നേടുന്നത് ആരാണെന്നു കാണിക്കാന്‍ ശ്രമിക്കുന്നു ഈ ചിത്രം.

ഇനി കഥ അമിതാബ് ബച്ചന്‍ അവതരിപ്പിക്കുന്ന ഡോ. പ്രഭാകര്‍ ആനന്ദ്‌ എന്ന പ്രിന്‍സിപ്പല്‍ ആണ് ആണ് ഈ ചിത്രത്തിലെ കേന്ദ്ര ബിന്ദു .നല്ല നിലവാരത്തില്‍ പ്രവത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഗുണനിലവാരത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല . ഒരു ഗ്രയിസ് മാര്‍ക്ക്‌ കൊടുക്കാത്തത് കൊണ്ട് മെഡിസിന്‍ പഠിക്കാന്‍ കഴിയാത്ത പോയ മകള്‍ ഊര്‍വിയും (ദീപിക ) ദളിതനായ,സമര്‍ഥനായ വിദ്യാര്‍ഥി ദീപക്ക് കുമാറും (സൈഫ് അലി ഖാന്‍) ട്രസ്ട്ടിയില്‍ ഒരാളുടെ മകനായ പ്രതീക് ബബ്ബര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇവരൊക്കെ പ്രഭാകറിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയുന്നവര്‍ ആണ് .മറ്റൊരു സവര്‍ണ്ണ അധ്യാപകനായ വൈസ് പ്രിന്‍സിപ്പല്‍ മിധിലെഷ് സിംഗ് (മനോജ്‌ വാജ്‌പേയി) കച്ചവട താല്പര്യങ്ങള്‍ ഉള്ളവനും.താണ ജാതിക്കാരോട് അനുഭവം ഇല്ലാത്ത ആളും ആണ്.കോളേജ് നിയമങ്ങള്‍ അനുസരിച്ച് അധ്യാപകര്‍ പുറത്തു ട്ട്യുഷന് ‍പോലുള്ളവ ചെയ്യാന്‍ പാടില്ല .എന്നാല്‍ മനുഷ്യ സ്നേഹിയും സ്വന്തമായ ചിന്താധാരയും ഉള്ള പ്രഭാകര്‍ സ്വന്തം വീട്ടില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൌജന്യമായി ക്ലാസ്സ്‌ എടുക്കാറുണ്ട്.

പ്രശ്നങ്ങള്‍ തുടങ്ങുന്നത് വേണ്ടത്ര മാര്‍ക്കില്ലാത്ത ഒരു മന്ത്രീ ബന്ധുവിന്‍റെ അപേക്ഷ പ്രഭാകര്‍ നിരസിക്കുന്നതോടെയാണ്. ഒപ്പം തന്നെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സംവരണത്തിലെ പുതിയ മാറ്റങ്ങളും കോളേജ് വിദ്യാര്‍ഥികളെ രണ്ടു ചേരിയില്‍ ആക്കുന്നു.ക്ലാസ്സ്‌ എടുക്കാതെ,മന്ത്രിയുടെ സഹായത്തോടെ ആരംഭിച്ച സ്വന്തം എന്ട്രന്‍സ് പരിശീലന സ്ഥാപനത്തില്‍ ക്ലാസ് എടുക്കുന്ന മിധിലെഷിനെ പ്രഭാകര്‍ ഷോ കോസ് നോട്ടീസ് നല്‍കുന്നു.തന്നെ ജാതീയമായി പീഡിപ്പിക്കുന്നു എന്നാരോപിക്കുന്ന മിധിലെഷ് പ്രശ്നം മാധ്യമങ്ങളില്‍ കൊണ്ട് വരുന്നു. ഈ അവസരം മുതലെടുത്ത്‌ പ്രഭാകറിനെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍,ഒരു ചേരിയിലും പെടാത്ത പ്രഭാകറിനെ അയാളുടെ മനുഷ്യസ്നേഹത്തെ സംവരണത്തിന് അനുകൂലമായ നിലപാടാണ്‌ എന്ന് വ്യാഖ്യാനിച്ചു ഒറ്റപ്പെടുത്തുന്നു .സ്വന്തം വീക്ഷണങ്ങളില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കാത്ത പ്രഭാകര്‍ കോളേജില്‍ നിന്നും രാജി വയ്ക്കുന്നു.സ്വന്തം വീടും,സുഹൃത്തുക്കളും,വിദ്യാര്‍ത്ഥികളുടെ സ്നേഹവും ഒക്കെ പതുക്കെ പതുക്കെ നഷ്ട്ടം ആകുന്ന പ്രഭാകര്‍ ഒറ്റയ്ക്ക് വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പോരാടാന്‍ ആരംഭിക്കുന്നതോടെ കഥ വേറൊരു വഴിക്ക് തിരിയുന്നു.പതുക്കെ പതുക്കെ ഒരു വലിയ സാമൂഹ്യ തിന്മക്കെതിരെ പൊരുതുന്ന അയാള്‍ക്ക് നഷ്ട്ടപ്പെട്ടത്‌ ഒന്നൊന്നായി തിരികെ കിട്ടുന്നു.

അയ്യേ ഇതിലെവിടെ വിവാദം ? ഈ പ്രഭാകര്‍ എന്ന കഥാപാത്രം ശരിക്കും ഏതു ഭാഗത്താണ് ?

അനിയാ ഇതേ ചോദ്യം ദീപക് കുമാറും പ്രതീക് ബബ്ബര്‍ ഉം എന്തിനു അയാളുടെ മകളും ഭാര്യയും പോലും ചോദിക്കുന്നുണ്ട് . എനിക്ക് മനസിലായ കാര്യം പറയാം.അടിസ്ഥാനപരമായി പ്രഭാകര്‍ ഒരു അധ്യാപകനാണ്.സംവരണത്തിന് അനുകൂലമോ പ്രതികൂലമോ അല്ല അയാളുടെ നിലപാട്.സംവരണം ഉത്പ്പടെയുള്ള ഏത് നിയമവും മുതലെടുത്ത്‌ വിദ്യാഭ്യാസത്തിനെ കച്ചവടവത്കരിക്കുന്ന ആളുകള്‍ക്കെതിരാണ് അയാളുടെ നിലപാട് .ഒപ്പം വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ് എന്ന് വിശ്വസിക്കുന്ന ആളുമാണ് പ്രഭാകര്‍ .അതിനു ഭരണ വര്‍ഗത്തോടു കേഴുന്നതിന് പകരം തന്‍റെ അദ്ധ്യാപനത്തിനുള്ള കഴിവുകള്‍ ഉപയോഗിച്ച് കഷ്ട്ടപെടുന്നവരെ സഹായിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍.ഒരു കുറ്റം ആരോപിക്കപ്പെടുന്ന ആളിന് വക്കീലിനെ വെക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെങ്കില്‍ അയാള്‍ക്ക് കുറഞ്ഞ ശിക്ഷ കൊടുക്കുന്നതിനു പകരം സര്‍ക്കാര്‍ അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു വക്കീലിനെ കൊടുക്കുന്നത് പോലെ തന്നെ.ആ ശ്രമത്തില്‍,അതിന്‍റെ ഉദേശശുദ്ധി മനസിലാക്കി സംവരണം ലഭിച്ചവരും,സംവരണം മൂലം അവസരം നഷ്ട്ടപ്പെടവരുമായ ശിഷ്യന്മാര്‍ (യഥാക്രമം സൈഫും പ്രതീകും ) അയാളോടൊപ്പം അണി ചേരുന്നു.

അപ്പോള്‍ പടത്തില്‍ ഒരു പ്രശനവും ഇല്ലെന്നാണോ ?

കുറ്റം പറയാന്‍ ആണെങ്കില്‍ പ്രണയത്തില്‍ ആയിരുന്ന ഊര്‍വിയും ദീപക്കും തെറ്റിപ്പിരിഞ്ഞതിനു ശേഷം ഡോക്റെരട്ടിനു പൊയ്ക്കാനായി അമേരിക്കയില്‍ പോകുന്ന ദീപക് നാട്ടിലെ വിശേഷങ്ങള്‍ (പ്രഭാകര്‍ രാജി വെച്ച വിവരം ) അറിഞ്ഞു ഊര്‍വിയെ ഫോണ്‍ ചെയുമ്പോള്‍ അവളുടെ ഫോണില്‍ ദീപക് കാളിംഗ് എന്ന് തെളിഞ്ഞു വരുന്നത് മുതല്‍ ദീപക്ക് ന്‍റെയും പ്രതീക് ന്‍റെയും മനം മാറ്റത്തിനു കുറച്ചു കൂടി വ്യക്തമായ കാരണങ്ങള്‍ പറയാമായിരുന്നു തുടങ്ങിയ കുറെ കാര്യങ്ങള്‍ പറയാം . എനിക്ക് പക്ഷെ ഇവയൊക്കെയും സിനിമ കണ്ടപ്പോള്‍ വലുതായി ആലോരസപ്പെടുതിയില്ല എന്നതാണ് സത്യം

അഭിനയം ...?

ഈ ചിത്രത്തില്‍ അങ്ങനെ ആരെങ്കിലും കേറി അഭിനയിച്ചു തകര്‍ത്തു എന്ന് പറയാനില്ല.ചിത്രത്തിലെ താരം സംവിധായകന്‍ തന്നെ.അഭിനേതാക്കള്‍ എല്ലാരും തന്നെ അവര്‍ അവരുടെ ഭാഗങ്ങള്‍ നന്നാക്കിയിട്ടുണ്ട്.മൌക്ക എന്ന് തുടങ്ങുന്ന ഒരു ഗാനം എന്നിക്ക് ഇഷ്ട്ടപെട്ടില്ല (ഒരു മാതിരി ഔട്ട്‌ ഓഫ് പ്ലേസ് ഫീലിംഗ്) ബാക്കി എല്ലാം നന്നായിട്ടുണ്ട്.അമിതാബ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു രാജ്യത്തെ നല്ല ഭരണ കൂടത്തെ പ്രതിനിധീകരിക്കുന്നു എന്ന് പറയാവുന്നതാണ്.ഒന്നിലും കക്ഷി ചേരാതെ എന്നാല്‍ ഒന്നിനെയും മുതലെടുക്കാന്‍ ശ്രമിക്കാതെ,നിയമത്തെ ചോദ്യം ചെയ്യാതെ തന്‍റെ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അയാളെ പോലയുള്ള ഒരു ഭരണ കൂടം എന്നത് സൂപ്പര്‍ താരങ്ങളുടെ നല്ല ചിത്രം എന്ന സംഗതി പോലെ പറയാനും കേള്‍ക്കാനും അയവിറക്കാനും മാത്രം കൊള്ളാവുന്ന ഒന്നാണ് എന്ന് അറിഞ്ഞു കൂടാത്തത് കൊണ്ട് അല്ല. എങ്കിലും .. വെറുതെ ..

ചുരുക്കത്തില്‍ ...

പൊതുവേ വ്യവസ്ഥിതിക്കു എതിരെ പൊരുതുന്ന ചിത്രങ്ങള്‍ക്ക് ശുഭപര്യവസാനം ഉണ്ടാകുമ്പോള്‍ എന്തോ എച്ച് കെട്ടല്‍ ആണ് തോന്നാറുള്ളത് .പക്ഷെ ഈ ചിത്രം കണ്ട് ഇറങ്ങുമ്പോള്‍ .മനസിലെവിടെയോ ഒരു ആത്മാഭിമാനം ഉള്ള ഒരു ജനതയെയും രാജ്യത്തെയും സ്വപ്നം കാണാന്‍ തോന്നുന്നു .

നിയമപ്രകാരമുള്ള മുന്നറിയിപ്പ് :

പ്രസംഗത്തിലൂടെ അല്ലെങ്കില്‍ ബൌധിക ചര്‍ച്ചകളിലൂടെ അല്ലാതെ തന്നാല്‍ കഴിയുന്ന ഒരു ചെറിയ കാര്യം ചെയ്യാന്‍ ശ്രമിച്ചു ഒരു വ്യത്യാസം ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത മലയാളി തടിയങ്ങാ ബുദ്ധി ജീവികള്‍ക്ക് ഈ ചിത്രം ഇഷ്ട്ടപ്പെടും എന്ന് എനിക്ക് പ്രതീക്ഷ ഇല്ല.

നന്ദി :
മലയാളത്തിലെ മുന്‍നിര സംവിധയകന്മാരോട് /സൂപ്പര്‍ താരങ്ങളോട്
(മലയാളത്തില്‍ ഒത്തിരി പ്രസക്തിയുള്ള പ്രമേയമാണ് ഈ ചിത്രത്തിലേത്. എന്നാല്‍ ഇങ്ങനെ ഒരു ചിത്രം മലയാളത്തില്‍ എടുത്തു സ്വാശ്രയ കോളേജുകള്‍ , മത വിഭാഗങ്ങള്‍ , സൂപ്പര്‍ താരങ്ങള്‍ എന്നിവര്‍ക്ക് വേണ്ടി ഒരായിരം കോമ്പ്ര മൈസുകള്‍ ചെയ്തു ഒരു നപുംസക ചിത്രമായി ഈ നാട്ടില്‍ ഇറക്കി ഞങ്ങളെ നന്നാക്കാത്തതിനു. )





3 comments:

  1. സ്ഥിരമായി ഇവിടെ വന്നു പോവുമെങ്കിലും ഈ റിവ്യൂ വായിച്ചിട്ട് അങ്ങനെ പോവാന്‍ തോന്നിയില്ല. സിനിമയുടെ പ്രതിപാദ്യം അര്‍ഹിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ വീക്ഷണം ഈ പോസ്റ്റില്‍ കാണാം..നല്ല റിവ്യൂ!!. പിന്നെ അവസാനം പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു.. ഇതിന്റെ റീ മേക്കുമായി ഒരുത്തനും വരാതിരിക്കട്ടെ!!

    ReplyDelete
  2. അയ്യേ ..നമ്മള്‍ മലയാളികള്‍ ബുദ്ധി ജീവികള്‍ അല്ലെ .നമ്മള്‍ ഒരു അന്യഭാഷാ ചിത്രവും റി -മേയ്ക് ചെയ്യില്ല ..കാശ്കൊടുത്തു റൈറ്റ്‌ വാങ്ങിച് റി -മേയ്ക് ചെയ്യാന്‍ നമ്മുടെ പട്ടി പോവും ..പകരം അതിന്റെ ഒരു സി ഡി വാങ്ങുക ..അതെ കഥ തയ്യാറാക്കുക ..അതില്‍ സുരാജിനെ തിരുകി കയറ്റുക .നായകന്‍റെ പ്രായത്തിനനുസരിച്ച് ഒത്തു തീര്‍പ്പു വരുത്തുക ..എന്നിട്ട് ഒരു സാധനം അങ്ങ് ഇറക്ക്കും ..കാണണം എന്നുണ്ടെങ്കില്‍ കണ്ടാല്‍ മതി .അതാണ്‌ നമ്മുടെ റി -മേയ്ക്

    ReplyDelete
  3. റിവ്യൂ നന്നായി ട്രെയിലര്‍ കണ്ടപ്പോള്‍ മുതല്‍ ചിത്രം കാണണമെന്നു തോന്നിയിരുന്നു, ട്രെയിലറിലെ ചോദ്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രമെന്ന പ്രതീതിയാണു തോന്നിയത്. അഭിപ്രായം തികച്ചും ശരി എന്ന് നിങ്ങളുടെ റിവ്യു സൂചിപ്പിക്കുന്നു.

    ReplyDelete