Saturday, July 9, 2011

സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ (Salt & Pepper)

അണ്ണാ വിശന്നിട്ടു കൊടല് കരിയുന്നു. ഇവിടൊന്നും ഇരുപ്പില്ലേ?

ഇന്ന് എവിടെ ഒന്നും ഉണ്ടാക്കിയില്ല അനിയാ അല്ലാതെ തന്നെ വയറു നിറഞ്ഞു .

എന്ത് പറ്റി പെട്ടന്ന് ഇനി മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ അബദ്ധം പറ്റി വല്ല നല്ല പടവും എടുത്തോ ?

അനിയാ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നാ ചിത്രം കണ്ടു . സംവിധാനം ആശിക് അബു .

എന്‍റെ അമ്മോ .... ആ ഡാഡി കൂള്‍ എടുത്ത മഹാന്‍ അല്ലെ ? കാര്യം ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ പടമായത് കൊണ്ട് മമ്മുട്ടിയുടെ അഭിനയശേഷി വിനിയോഗിച്ചില്ല എന്നൊക്കെ എഴുതി തടി തപ്പി എങ്കിലും ഡാഡി കൂള്‍ കണ്ടു വെന്തു പോയത് എനിക്കെ അറിയൂ .ഇതൊക്കെ എങ്ങനെ പോയി കാണുന്നു?

എടെ നീ തോക്കില്‍ കേറി വെടി വെക്കാന്‍ ആണ് പരിപാടി എങ്കില്‍ ഞാന്‍ ദാ നിറുത്തി

അയ്യോ ചതിക്കല്ലേ . ഒന്ന് പടത്തെ പറ്റി പറഞ്ഞെ . എന്‍റെ കാളകൂടം .... ഒരു നിരൂപകന്‍ എന്ന നിലക്കുള്ള എന്‍റെ സ്ഥാനം ...?

അനിയാ ഇതാ പിടിച്ചോ സംഗതി .. കഥ തിരകഥ സംഭാഷണം ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍ . അഭിനേതാക്കള്‍ താടി ലാല്‍ (ഈ രണ്ടു വാക്കുകളും ഒരുമിച്ചു വരുമ്പോള്‍ അത്ര പേടിക്കണ്ട.ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആകുമ്പോള്‍ സ്വന്തം റിസ്കില്‍ കാര്യങ്ങള്‍ കൈ കാര്യം ചെയുക ), അസിഫ് അലി ,ശ്വേത മേനോന്‍,മൈഥിലി (പലേരി മാണിക്യം),കല്‍പ്പന ,ബാബുരാജ് (നമ്മുടെ അഡ്വ ബാബുരാജ്‌ ),അര്‍ച്ചനകവി (ഗസ്റ്റ്‌) എന്നിവരോക്കെയാണ് അഭിനേതാക്കള്‍

ഈ സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്തത് കൊണ്ട് അഭിനയ മുഹൂര്‍ത്തങ്ങള്‍ കുറവായി ഇരിക്കുമല്ലോ അല്ലെ
.
നീയൊക്കെ എന്നാടെ നന്നാവുന്നെ? എടാ ഈ ചിത്രം സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ എടുത്തതിന്റെ എല്ലാ ഗുണവും കാണാനുണ്ട്.സുഖമായി രണ്ടു മണികൂര്‍ കണ്ടു പോകാവുന്ന ഒരു ചിത്രം അതാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍

അതെങ്ങനെ ശരിയാകും ? അഭിനയ മുഹൂര്‍ത്തങ്ങള്‍ , ഒരിക്കലും കേട്ടിട്ടില്ലാത്ത വിശ്വസിനീയമായ കഥ, അതിലെ പുതുമ എങ്ങനെ നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലെ മലയാളത്തിലെ പ്രബുദ്ധരായ പ്രേക്ഷകര്‍ ഒരു ചിത്രത്തെ അംഗീകരിക്കു

എഴുനേറ്റു പോടാ അവിടുന്ന് . മര്യാദക്ക് മനസമാധാനമായി രണ്ടു മണിക്കൂര്‍ കണ്ടു വരാവുന്ന ഒരു സിനിമയെ പറ്റി പറയുമ്പോള്‍ അതില്‍ നിനക്ക് ഇതൊക്കെ ഉണ്ടായാലേ പറ്റു അല്ലെ ?

ഞാനൊരു നിരൂപകന്‍ ആയി പോയില്ലേ. അണ്ണാ അപ്പോള്‍ ഇതിന്‍റെ കഥ ?

ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങള്‍ ,അതിലെ വിവിധ മേഖലകള്‍,ഇവയൊക്കെ കണ്ടെത്തി ആസ്വദിക്കാന്‍ ശ്രമിക്കുന്ന,ഭക്ഷണപ്രിയനായ അവിവാഹിതനായ, ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന കാളിദാസന്‍ (ലാല്‍) ആണ് ഈ കഥയുടെ കേന്ദ്രബിന്ദു .ഇയാളുടെ കൂടെ പാചകക്കാരന്‍ ബാബുവും (ബാബുരാജ് ) ബന്ധുവായ മനുവും (ആസിഫലി) താമസിക്കുന്നു. അതെ നഗരത്തില്‍ താമസിക്കുന്ന,ചൊവ്വ ദോഷം മൂലം അവിവാഹിത ആയി തുടരുന്ന ,സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍),കൂടെ താമസിക്കുന്ന മീനാക്ഷി (മൈഥിലി) ,വീട്ടു ഉടമയും ബ്യുടിപാര്‍ലര്‍ നടത്തുന്ന മരിയ (കല്‍പ്പന ) എന്നിവരും ഉണ്ട്. തികച്ചും യാദൃശ്ചികമായി (കൃത്യമായി പറഞ്ഞാല്‍ ഒരു റോങ്ങ്‌ നമ്പറില്‍ തുടങ്ങുന്ന കാളിദാസ് -മായ പരിചയം തുടക്കത്തില്‍ ഒരു ഉടക്ക് ലൈനില്‍ ആണെങ്കിലും പിന്നീടു അവരുടെ പാചക,ഭക്ഷണ കാര്യങ്ങളില്‍ ഉള്ള സമാന താല്പര്യങ്ങള്‍ ഒരു നല്ല ബന്ധത്തിന് വഴി ഒരുക്കുന്നു .(ഇവിടെയാണ് ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാ പരസ്യ വാചകത്തിന്‍റെ പ്രസക്തി .തട്ടിലെകുട്ടി ദോശ ഓര്‍ഡര്‍ ചെയ്യാന്‍ വിളിക്കുന്ന നായികയുടെ കാള്‍ ആണ് തെറ്റി കാളിദാസന്‍റെ ഫോണിലേക്ക് വരുന്നത് )
പരസപരം കാണാതെ ഫോണിലൂടെ വളരുന്ന ഈ ബന്ധം ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ പരസ്പരം കാണാന്‍ തീരുമാനിക്കുന്ന ഇവര്‍ അവസാന നിമിഷം അതിനു ധൈര്യം വരാതെ മനുവിനെയും മീനാക്ഷിയെയുംഅവര്‍ക്ക് പകരം അയക്കുന്നു . കാളിദാസനും മായയും ആയി അഭിനയിച്ചു പരസ്പരം കാണുന്ന മനു - മീനക്ഷിമാര്‍ പരസപരം പ്രണയത്തില്‍ ആകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും ചിത്രത്തെ മുന്നോട്ടു നയിക്കുന്നു.

ഈ ചിത്രത്തില്‍ എടുത്തു പറയേണ്ട കഥാപാത്രം ബാബുരാജ്‌ അവതരിപ്പിച്ച ബാബു എന്ന കാളിദാസന്‍റെ പാചകകാരനെയാണ് . സ്ഥിരമായി ഗുണ്ട പോലീസെ വേഷങ്ങള്‍ ചെയുന്ന ഈ നടന്‍ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു . വേറെ ആരു കണ്ടില്ല എങ്കിലും ഇപ്പോള്‍ സ്ഥിരമായി കോമഡി ചെയുന്ന (ചെയ്തു കൊല്ലുന്ന) ശ്രീ ഭീമന്‍ രഘുനെ പോലെയുള്ളവര്‍ ഈ കഥാപാത്രത്തെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും,പ്രാഞ്ചിയേട്ടന്‍ എന്നാ ചലച്ചിത്ര കാവ്യത്തിലെ ശശി കലിംഗ അവതരിപ്പിച്ച പെണ്‍ പിള്ളേരെ കാണുമ്പോള്‍ ഇംഗ്ലീഷ് കവിത മാത്രം വരുന്ന ഈയപ്പനെ സൃഷ്‌ടിച്ച രഞ്ജിത് എന്ന പ്രതിഭയ്ക്ക് പോലും തികച്ചും സിമ്പിള്‍ എന്ന് പറയാവുന്ന ഈ പാത്രസൃഷ്ടിയില്‍ നിന്നും പഠിക്കുവാനുണ്ട്.ഒപ്പം ബാബുരാജ്‌ ഈ വേഷം നന്നായി ചെയ്തു എന്നും പറയാതെ വയ്യ.കാളിദാസന്‍ പണ്ട് പെണ്ണ് കാണാന്‍ പോയ വീടിലെ പാചകക്കാരനായിരുന്നു ബാബു ഉണ്ടാക്കിയ ഉണ്ണിയപ്പം ഇഷ്ട്ടപെട്ടു അയാളെ ഒപ്പം കൂട്ടിയതാണ് കാളിദാസ് .

അപ്പോള്‍ ഇതൊക്കെയാണ് സംഗതി . ചുരുക്കത്തില്‍ നല്ലൊരു ചിത്രം പോയി കാണണം എന്നുണ്ടെങ്കില്‍ പൊയ് കാണു .

അതല്ല അണ്ണാ ഒരു പൂര്‍ണത വരണമെങ്കില്‍ ......

മാര്‍ക്ക്‌ കൂടെ ഇടണം ആയിരിക്കും . അത്തരം കോമാളിത്തരങ്ങള്‍ നീ ചെയ്താല്‍ മതി

അയ്യോ അതൊക്കെ ഞാന്‍ തന്നെ ചെയ്തോളാം . ഇപ്പോളത്തെ പുതിയ ട്രെന്‍റ് മുഴുവന്‍ അഭിപ്രായവും എഴുതി കഴിഞ്ഞിട്ടു, പോരാത്തതിന് ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും നമ്പര്‍ ഇട്ടു എഴുതുന്നതാണ്. അസാമാന്യമായ പ്രതിഭ ഉള്ളവര്‍ക്ക് മാത്രം പറ്റുന്ന പണിയാ അത്.ഞാന്‍ ഇതിനൊക്കെ എവിടെ പോകാനാ. അണ്ണന് ഒന്ന് ശ്രമിച്ചു നോക്കികൂടെ

നീ എന്‍റെ കയ്യില്‍ നിന്നും വാങ്ങും . എടേ പറ്റുലെങ്കില്‍ കളഞ്ഞിട്ടു പോടെ. എന്തായാലും ഇന്നാ പിടിച്ചോ

ഇഷ്ടപ്പെട്ടവ

1 )ലളിതമായ കഥ

2 )നല്ല ഒതുക്കമുള്ള അവതരണം /സംവിധാനം

3 )സ്വാഭാവികമായ ,എച്ചുകെട്ടില്ലാത്ത സംഭാഷണം ,പാത്രസൃഷ്ട്ടി

4 )എല്ലാ നടീ നടന്മാരും അവരവരുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു . അനാവശ്യമായ കഥാപാത്രങ്ങള്‍ തീരെയില്ല .(മലയാള സിനിമയില്‍ ഇന്നത്തെ കാലത്ത് അതൊരു വലിയ കാര്യമല്ലേ ?)

5 )ചില രംഗങ്ങള്‍ ചിത്രം തീരുമ്പോളും മനസ്സില്‍ നില്‍ക്കും

കാളിദാസനും ബാബുവും ആദ്യമായി കാണുന്ന രംഗം

ടെറസ്സില്‍ ഇരുന്നു ബീര്‍ അടിക്കുന്ന മായയും, മറിയയും ,മീനാക്ഷിയും തമ്മിലുള്ള സംഭാഷണം തുടങ്ങിയവ ഉദാഹരണം

6 )കേരളത്തിലെ പ്രസിദ്ധമായ ഭക്ഷണശാലകളിലൂടെ ഓട്ട പ്രദിക്ഷണം നടത്തുന്ന tittle song .

7 )വലിച്ചു നീട്ടി വൃത്തികേടാക്കാത്ത അവസാനം

8 )നല്ല രസികന്‍ ഛായാഗ്രഹണം

അപ്പോള്‍ ഇഷ്ട്ടപ്പെടത്തവയോ ?

1) മനുവും മീനാക്ഷിയും ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രേമത്തില്‍ ആകുന്നത്‌ .കാല് കുരുങ്ങിയ
ഒരാളെ ഓടയില്‍ നിന്നും എടുത്തു ആശുപത്രിയില്‍ എത്തിച്ചാല്‍ പ്രേമം നടക്കുമെങ്കില്‍ ,അനിയാ ഞാനൊക്കെ നല്ല കാലത്ത് വല്ല ഓടയുടെ അരികിലും സ്ഥിര താമസം ആക്കിയേനെ (ഫാര്‍എവേ ലുക്ക്‌ ) . അതിനു പകരം ഇവര്‍ക്കും മായ കാളിദാസ് പോലെ എന്തെങ്കിലും പൊതു ഇഷ്ടം/ഹോബി ഉണ്ടായിരുന്നെകില്‍ അത് കൂടുതല്‍ അടുക്കാന്‍ ഒരു വിശ്വസനീയമായ കാരണം ആയേനെ .

2) വിജയരാഘവന്‍റെ ട്രാക്ക് (വിശദീകരണ രംഗം) ഔട്ട്‌ ഓഫ് പ്ലേസ് ആയാണ് തോന്നിച്ചത്.

3) ചിത്രം കഴിഞ്ഞു അവിയല്‍ ട്രൂപ്പ് അവതരിപ്പിക്കുന്ന ആനക്കള്ളന്‍ എന്നൊരു ഗാനം കാണിക്കുന്നുണ്ട് .എനിക്ക് ശുദ്ധ ബോര്‍ ആയാണ് തോന്നിയത് .എന്തൊക്കെ കോപ്രായങ്ങള്‍ !!!

4) ഈ ചിത്രത്തില്‍ സ്ഥിരം ബ്യുട്ടി പാര്‍ലറില്‍ വരുന്ന ഒരു മുസ്ലിം വനിതയുണ്ട് . ബ്യുട്ടി പരിപാടികള്‍ കഴിഞ്ഞു , കണ്ണ് മാത്രം പുറത്തു കാണുന്ന ബുര്‍ക്ക എടുത്തു ധരിച്ചാണ് ആ സ്ത്രീ പോകുന്നത് .ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ സംഗതി മത നിന്ദ അഥവാ പരിഹാസം ആയി വ്യഖനിക്കപ്പെടുമോ എന്ന് സംശയം തോന്നിയത് കൊണ്ടാകണം ആ സ്ത്രീ പുറത്തു കാത്തു നില്‍ക്കുന്ന ഭര്‍ത്താവിനെ മൂട് പടം ഉയര്‍ത്തി മുഖം കാണിക്കുകയും . അദേഹം അഭിനന്ദന സൂചകമായി എന്തോ പറഞ്ഞിട്ട് രണ്ടു പേരും പോകുന്നതും കാണിക്കുന്നുണ്ട് .കുറഞ്ഞ പക്ഷം ചെറുപ്പമായ ദമ്പതിമാര്‍ ആയിരുന്നെകില്‍ പോലും അതിനൊരു വൃത്തി വന്നേനെ . ഈ നമ്മുടെ കേരളത്തില്‍ ഒരു നാല്‍പ്പത്തി അഞ്ചു വയസ്സ് കഴിഞ്ഞ,സ്വന്തം ഭാര്യ (അന്യന്‍റെ അല്ല ) ബ്യുട്ടി പാര്‍ലറില്‍ പോയി സൌന്ദര്യം വര്‍ധിപ്പിച്ചു വരുമ്പോള്‍ "നീ എത്ര സുന്ദരി ആയിരിക്കുന്നു" എന്ന് പറയുന്ന ഭര്‍ത്താക്കന്മാര്‍ ( ഏതു മത വിഭാഗത്തില്‍ ആയാലും ) ഈ കേരളത്തില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചു. പോരെ ?

5)ഈ ചിത്രത്തില്‍ ഒരു സംവിധായകനെ കാണിക്കുന്നുണ്ട്,തികഞ്ഞ കോമാളിയും, മായയുടെ പുറകെ ഒലിപ്പിച്ചു നടക്കുന്ന (അവിഹിതം നടത്താന്‍ ക്ഷണിക്കുന്നു പോലും ഉണ്ട് ഇയാള്‍ ),മന്ദബുദ്ധിയെ പോലെ ഉള്ള ഇയാളുടെ രൂപ ഭാവങ്ങളില്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും ആയുള്ള പ്രകടമായ സാമ്യം,ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സംഗതി വെറും പോക്രിത്തരമാണ്. ശ്രീ ആഷിക് അബു, പച്ചിലകളും പഴുക്കും എന്നോര്‍ക്കുക.സംവിധായകന്‍ എന്ന നിലയില്‍ നിലവാരം ഇല്ലായ്മ തോന്നിപ്പിക്കുന്ന ഏക ഭാഗം ഇതു മാത്രമാണ് .

ഇത്രയുമേ തല്ക്കാലം ഓര്‍മ വരുന്നുള്ളൂ . നീ ഇതു കൊണ്ട് പോയി എന്തെങ്കിലുമൊക്കെ ചെയ്തു പച്ചരി മേടിച്ചു വീട്ടില്‍ കൊണ്ട് കൊട്. പടം കണ്ടിട്ടാണ് പോകുന്നത് എങ്കില്‍ പീഡനം അനുഭവിക്കാതെ,സമാധാനമായി , ഒരു മലയാള സിനിമ കണ്ടു സന്തോഷത്തോടെ വീട്ടില്‍ പോകാം .ഇങ്ങനത്തെ ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.

16 comments:

  1. hehehe....nalla vivaranam...............
    padam onnu poyi kaanaan thonnunnu ee blog vaayichittu...........
    thanks..........

    ReplyDelete
  2. ചില ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കാണുമ്പോള്‍ തന്നെ ഈ ചിത്രം കാണണമെന്നൊരു തോന്നല്‍ മനസ്സില്‍ വരും.

    അത്തരം ഒരു ചിത്രം ഉദയനാണ് താരം ആയിരുന്നു.

    ദാ ഇപ്പോള്‍ സോള്‍ട്ട് & പെപ്പറും (ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനുകള്‍ ഒരുക്കിയ 'പപ്പായ മീഡിയ')

    കാണണം തീര്‍ച്ചയായും

    ReplyDelete
  3. padam kanmdu...nannayittund..chillara kuravukal..athu ellavarkkum pattunnathaanu..but far better than our paper multstar pics,....all d best ashiq abu

    ReplyDelete
  4. പടം പൂര്‍ണ്ണമായും ഒരു എന്റെറ്ടെയ്നര്‍ എന്ന രീതിയില്‍ നല്ലതാണ്. പുതുമയും ഉണ്ട്.
    അവസാനം പറഞ്ഞ വിയോജനക്കുറിപ്പുകളോട് പൂര്‍ണ്ണ യോജിപ്പില്ല. ആസിഫിന്റെ കഥാപാത്രം ഒരു വായ്നോക്കിയാണ്, മൈഥിലിയെ മുന്‍പ് കണ്ട് മുട്ടുന്നുമുണ്ട്. ആ ഒരു ജസ്റ്റിഫിക്കേഷന്‍ മതിയാകും അവരുടെ പ്രണയത്തിനു.
    ബ്യൂട്ടിപാര്‍ലറിലെ മുസ്ലീം കഥാപാത്രത്തിനും വലിയ പാകപ്പിഴ തോന്നിയില്ല., മത-ജാതി സംഭവങ്ങളെ അവിടെ ധ്വനിപിച്ചിട്ടില്ല. (വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതേയുള്ളൂ) തമാശ തന്നെ ഉദ്ദേശിച്ചിരിക്കുന്നത്.
    സംവിധായകനെ തുടക്കം മുതല്‍ ബില്‍ഡപ്പ് ചെയ്യുന്നത് ക്ലൈമാക്സ് സീനിനു വേണ്ടിത്തന്നെയാണ്. ആരുടെയൊക്കെയോ സാമ്യം തോന്നുന്നത് മനപ്പൂര്‍വ്വം അല്ല എന്നു തോന്നുന്നു. (മാധ്യമങ്ങളില്‍ പരിചയമുള്ള സിനിമാക്കഥകളെ ഉപയോഗിച്ചതാവണം ആ വായ്നോട്ട സ്വഭാവം)

    ReplyDelete
  5. :)!!!
    മനുവിന്റെയും ,മീനാക്ഷിയുടെയും പുറകെ പോയിരുന്നെങ്കില്‍ കാളിദാസന്റെയും മായയുടെയും കഥയില്‍ നിന്നും ഫോക്കസ് മാറിയേനെ എന്ന് എനിക്ക് തോന്നുന്നു.പിന്നെ വിജയരാഘവന്റെ ഫ്ലാഷ്ബാക്ക് ഔട്ട്‌ ഓഫ് പ്ലേസ് ആണോ ?എന്തോ ,എനിക്ക് തോന്നിയില്ല.അവിയല്‍ പാട്ടിന്റെ കാര്യം പറഞ്ഞതിനോട് എഗ്രീ,എഗ്രീ.

    ReplyDelete
  6. Nanz , അസിഫ് എന്ന കഥാപാത്രം വായിനോക്കിയാണ്. പക്ഷെ അയാള്‍ക്കും മീനക്ഷിക്കും പൊതുവായ എന്തെങ്കിലും താല്പര്യം (അത്ര കോമണ്‍ അല്ലാത്ത ഒന്ന് )
    ഉണ്ടായിരുന്നെങ്കില്‍ ആ അടുപ്പത്തിന് കുറച്ചു കൂടി യാഥാര്‍ത്ഥ്യ ബോധം വന്നേനെ എന്നാണ് പറയാന്‍ ശ്രമിച്ചത് . ഓട തീരെ സില്ലി ആയിപോയില്ലേ എന്നൊരു
    സംശയം മാത്രം . (അങ്ങനെ താങ്കള്‍ക്ക് തോന്നിയില്ല എങ്കില്‍ അത് ആ പടത്തിന്റെ വിജയമാണ് )

    സംവിധായകനെ കളിയാക്കുന്നത് തിരകഥയില്‍ എഴുതി വെച്ചിരിക്കുന്നത് കൊണ്ടാകാം . പക്ഷെ അതിനു ജീവിച്ചിരിക്കുന്ന ഒരാളുമായി വളരെ അധികം സാദൃശ്യം കൊടുക്കുന്നത് വളരെ മോശമായാണ് ഞാന്‍ കാണുന്നത് .ഈ ചിത്രം വിലയിരുത്തുന്ന ഒരാള്‍ക്ക് പോലും ഇതു മോശം ആയി തോന്നിയില്ല എന്നത് തികച്ചും ആശ്ചര്യം ഉളവാക്കുന്നു . വീണു കിടക്കുന്നവനെ ചവിട്ടുന്നത് അത്ര വലിയ ധീരത ഒന്നുമല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍ . അത് തന്റേടവും മിടുക്കുമായി കാണുന്നവര്‍ ആണെന്ന് തോന്നുന്നു രഞ്ജിത് ഉം (തിരകഥ) ആഷിക് അബുവും ഒക്കെ .

    ആ രംഗത്ത് (ബ്യുടി പാര്‍ലര്‍ - ബുര്‍ക്ക) ഉദേശിക്കുന്നത് .സന്തോഷമായി ജീവിക്കുന്ന ഭാര്യ ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ മയക്കു ഉണ്ടാകുന്ന നഷ്ട്ട ബോധം ആകണം . അത് കാണിക്കാന്‍ വേണ്ടി എങ്ങനെ ഒരു രംഗം വളച്ചു കെട്ടായി പോയില്ലേ എന്ന് തോന്നി എന്ന് മാത്രം. പോസ്റ്റില്‍ പറഞ്ഞത് പോലെ ചെറുപ്പമായ നവ ദമ്പതികള്‍ ആയിരുന്നേല്‍ കുറച്ചു കൂടി ജെനുവിനിട്ടി ആ രംഗത്തിനു ഉണ്ടായേനെ

    ഇതൊക്കെ ആണെങ്കിലും ഈ ചിത്രം എന്നിക്ക് ഇഷ്ടപ്പെട്ടു എന്നതും സത്യം!!

    ReplyDelete
  7. മറൂപടീക്ക് നന്ദി പ്രേക്ഷകന്‍,
    സംവിധായകന്റെ കാര്യം. അങ്ങിനെ ഒരു വിദൂര ഛായ വന്നത് യാദൃശിചികമാകാനേ വഴിയുള്ളു എന്നാണ് എന്റെ തോന്നല്‍,(എനിക്കൊരു ഡയറക്ടടുടെ ഛായ തോന്നിയിരുന്നു, പക്ഷെ അയാള്‍ തന്നെയാവണം പ്രേക്ഷകനും തോന്നിയത് എന്നാ‍വാന്‍ സാദ്ധ്യതയില്ല) ഛായയില്‍ മാത്രമാകണം ആ സാദൃശ്യ്യം സ്വഭാവത്തില്‍ എനിക്കാരെയും അറീയില്ല. എനിവേ, ഇപോഴത്തെ മലയാള സിനിമാ അവസ്ഥയെ പൊതുവായി വിമര്‍ശിക്കുന്നതാണ് ആ കഥാപാത്രം എന്നാണ് എനിക്ക് തോന്നിയത് (ഒരാളെ മാത്രം ലക്ഷ്യം വച്ചല്ല് എന്നര്‍ത്ഥം) മാത്രമല്ല, ആഷികിന്റെ ഡാഡി കൂള്‍ സിനിമയുടെ ക്ലിപ്പിങ്ങ് വെച്ച് സ്വയം വിമര്‍ശനവും ആഷിക് നടത്തുന്നുണ്ടല്ലോ (ശ്വേത അന്യഭാഷാ നടികളെ ഇറക്കുമതി ചെയ്യുന്നതിനെപ്പറ്റി).

    മുഖ്യം ചമയം ചെയ്ത് പര്‍ദ്ദയിട്ട് മൂടിവെക്കുന്നതിന്റെ വൈരുദ്ധ്യമാകണം അതില്‍ ഹാസ്യമാക്കിയത് എന്നാണെന്റെ തോന്നല്‍. (ഇത്തരക്കാരെ 2 പേരെ എനിക്ക് പരിചയവുമുണ്ട്) അതില്‍ മതപരമില്ല എന്നാണെന്റെ വിശ്വാസം.

    പിന്നെ ആത്യന്തികമായി, ഈ ചിത്രത്തില്‍ നിരവധി പോസറ്റീവ് ഘടകങ്ങള്‍ ഉള്ളതുകൊണ്ടും, നിലവിലെ പല സംഗതികളെയും (ക്ലീഷേ) നിരാകരിക്കുന്നതു കൊണ്ടും ഈയൊരു പുതുകാല്‍ വെപ്പിനെ നേരത്തെ പറഞ്ഞ കൊച്ച് കുറവുകള്‍ മറന്ന് അംഗീകരിക്കാം എന്നാണ് എന്റെ ലൈന്‍ :) :)

    സത്യസന്ധമായ റിവ്യൂവിനു അഭിവാദനങ്ങളും ആശംസകളോടേയും.

    ReplyDelete
  8. NNAZ , തര്‍ക്കിക്കാന്‍ വേണ്ടിയല്ല .പക്ഷെ "ഒരു വിദൂര ഛായ വന്നത് യാദൃശിചികമാകാനേ വഴിയുള്ളു" എന്ന് ഈ നാട്ടിലെ സകലര്‍ക്കും ഒരു പോലെ തോന്നിയതാണ് എനിക്ക് വിചിത്രമായി തോന്നിയത് . ഇതേ തോന്നല്‍ വെളുത്തു, തടിച്ചു കൊഴുത്ത ,നടത്തത്തില്‍ ഒരു ചെറിയ ചരിവും ഉള്ള ഒരു സൂപ്പര്‍ താരത്തെയാണ് കാണിച്ചതെങ്കില്‍, (ഭക്ഷണ പ്രിയവും , പെണ്ണ് പിടിയും എല്ലാം അത് പോലെ ) , അല്ലെങ്കില്‍ വാഹനങ്ങളില്‍ കമ്പമുള്ള ,ഭയങ്കര ഈഗോ ഉള്ള, എല്ലാ ഷോട്ടിലും തനിക്കു പ്രാമുഖ്യം വേണം എന്ന് മന്ദ ബുദ്ധികളെ പോലെ വാശി പിടിക്കുന്ന, മൊത്തം കടവും ജപ്തിയും ആയി തെരുവില്‍ നില്‍ക്കുന്ന കഥാ പാത്രം ആണെങ്കില്‍ പോലും കൂളിംഗ്‌ ഗ്ലാസും ജീന്‍സ് ഉം മസ്റ്റ്‌ ആയി വേണം എന്ന് വാശി പിടിക്കുന്ന (അതിനൊരു ഉടന്കൊള്ളി ന്യായവും ) ഒരു സൂപ്പര്‍ തരത്തെയോ ആണ് ഈ ചിത്രത്തില്‍ കാണിച്ചിരുന്നതെങ്കില്‍ "ഒരു വിദൂര ഛായ വന്നത് യാദൃശിചികമാകാനേ വഴിയുള്ളു" എന്ന് നമ്മള്‍ ചിന്തിക്കുമോ എന്ന് ഒരു നിമിഷം ആലോചിച്ചു കൂടെ?
    (ഇവരുമായി നല്ല ബന്ധം ഉള്ള ശ്രീനിവാസനും രഞ്ജിത് ഉം ഒക്കെ ഉദയനിലും, തിര കഥയിലും ഇതു ചെയ്തിട്ടുണ്ട് .പക്ഷെ അതൊരിക്കലും ഒരു സ്ത്രീയെ അവിഹിതത്തിന് ക്ഷണിക്കുന്ന രീതിയില്‍ വ്യക്തിപരമായ അധിക്ഷേപം എന്നാ രീതിയില്‍ ആയിരുന്നില്ല .മറിച്ചു നിര്‍ദോഷമായ പരിഹാസം , അല്ലെങ്കില്‍ രണ്ടു പേരെയും ഒരു പോലെ കളിയാക്കുക എന്നാ രീതിയില്‍ ആയിരുന്നു എന്നും ഓര്‍ക്കുക ).
    ജനം പിന്നെ , കുറച്ചു കാലത്തിനു ശേഷം വന്ന ഒരു ഭേദപ്പെട്ട സിനിമ എന്തിനു വെറുതെ കുറ്റം പറയണം എന്നാ മനോഭാവത്തില്‍ ആകണം . അത് ആ സിനിമയുടെ മറ്റു ഘടകങ്ങളുടെ വിജയമാണ്

    ReplyDelete
  9. വീയം വിനു ആണോ ആ സംവിധായകന്‍..:)

    ReplyDelete
  10. വീ. എം. വിനു അല്ല... ഷാജി കൈലാസ് ആണ് സംവിധായകന്‍ ഉദ്ദേശിച്ചത്.

    ReplyDelete
  11. എനിക്ക് ഈ മൂവി പോര എന്നാ ഫീല്‍ ചെയ്യ്തത് ..ഇനി റിവ്യൂ വയ്യിച്ചു പോയത് കൊട് ആണോ എന്ന് അറിയില. പടം സ്ലോ ആണ്..

    ReplyDelete
  12. "മന്ദബുദ്ധിയെ പോലെ ഉള്ള ഇയാളുടെ രൂപ ഭാവങ്ങളില്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും ആയുള്ള പ്രകടമായ സാമ്യം,ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സംഗതി വെറും പോക്രിത്തരമാണ്".
    അത്ര പോക്രിത്തരം ഒന്നും അല്ല. "കൊടുത്താല്‍ കൊല്ലത്തും കിട്ടും" അത്രേ ഉള്ളു. "വരിക്കാശ്ശേരി മനയില്‍ വച്ച് പടം എടുക്കുന്ന ഈ സിനിമയിലെ ഡയറക്ടര്‍" രാഷ്ട്രീയക്കാരെയും സീരിയലുകരെയും എല്ലാം തന്റെ സിനിമകളില്‍ വ്യക്തിപരമായി ഇതിലും മോശമായി അധിക്ഷേപിചിട്ടുള്ളതാണ്. സിനെമാക്കാര്ക് ആരെ വേണമെങ്കിലും ചവുട്ടി തേക്കാം, തിരിച്ചു ഒന്നും പാടില്ല എന്നാണോ????

    ReplyDelete
  13. അപ്പോള്‍ നാളെ ഒരു ചിത്രത്തില്‍ ശ്രീ ആഷിക് അബുവിനെ ഒരു മന്ദ ബുദ്ധിയും പെണ്ണ് പിടിയനും ഒക്കെ ആയി ചിത്രീകരിച്ചാലും ഈ "കൊല്ലം" ന്യായം നമുക്ക് പറയാം എന്നല്ലേ ഉദേശിച്ചേ? മനസിലായി .:)

    ReplyDelete
    Replies
    1. ee comments okke ippozha vaayikkunee.. ippo comment ezhutunnathil enthu karyam ennum tonnam. enikilum ariyunna karyam parayunnu. ithil aa director aayi abhinayikkunna nadan tanne aanu ithile script writers l oral.

      Delete
  14. ചില ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കാണുമ്പോള്‍ തന്നെ ഈ ചിത്രം കാണണമെന്നൊരു തോന്നല്‍ മനസ്സില്‍ വരും.

    അത്തരം ഒരു ചിത്രം ഉദയനാണ് താരം ആയിരുന്നു.

    ദാ ഇപ്പോള്‍ സോള്‍ട്ട് & പെപ്പറും (ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനുകള്‍ ഒരുക്കിയ 'പപ്പായ മീഡിയ')

    കാണണം തീര്‍ച്ചയായും

    ഇത് സാദ്ദിഖ് ഇട്ട് കമന്റാണോ? ഞാനിത് പോലെ എവിടെയോ ഇട്ടിരുന്നല്ലോ അതിവിടെയാണോ ചിത്രവിശേഷത്തിലാണോ?

    ഹ ഹ ഇത് ഞാന്‍ ചിത്രവിശേഷത്തില്‍ ചാര്‍ത്തിയ കമന്റ്

    ചില ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കാണുമ്പോള്‍ തന്നെ ഈ ചിത്രം കാണണമെന്നൊരു തോന്നല്‍ മനസ്സില്‍ വരും.

    അത്തരം ഒരു ചിത്രം ഉദയനാണ് താരം ആയിരുന്നു.

    ദാ ഇപ്പോള്‍ സോള്‍ട്ട് & പെപ്പറും

    കാണണം തീര്‍ച്ചയായും

    ചാപ്പാ കുരിശും ഇവരുടെ ഡിസൈനിംഗ് ആണല്ലേ

    ReplyDelete