Showing posts with label ആശിക് അബു. Show all posts
Showing posts with label ആശിക് അബു. Show all posts

Saturday, July 9, 2011

സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ (Salt & Pepper)

അണ്ണാ വിശന്നിട്ടു കൊടല് കരിയുന്നു. ഇവിടൊന്നും ഇരുപ്പില്ലേ?

ഇന്ന് എവിടെ ഒന്നും ഉണ്ടാക്കിയില്ല അനിയാ അല്ലാതെ തന്നെ വയറു നിറഞ്ഞു .

എന്ത് പറ്റി പെട്ടന്ന് ഇനി മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ അബദ്ധം പറ്റി വല്ല നല്ല പടവും എടുത്തോ ?

അനിയാ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നാ ചിത്രം കണ്ടു . സംവിധാനം ആശിക് അബു .

എന്‍റെ അമ്മോ .... ആ ഡാഡി കൂള്‍ എടുത്ത മഹാന്‍ അല്ലെ ? കാര്യം ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ പടമായത് കൊണ്ട് മമ്മുട്ടിയുടെ അഭിനയശേഷി വിനിയോഗിച്ചില്ല എന്നൊക്കെ എഴുതി തടി തപ്പി എങ്കിലും ഡാഡി കൂള്‍ കണ്ടു വെന്തു പോയത് എനിക്കെ അറിയൂ .ഇതൊക്കെ എങ്ങനെ പോയി കാണുന്നു?

എടെ നീ തോക്കില്‍ കേറി വെടി വെക്കാന്‍ ആണ് പരിപാടി എങ്കില്‍ ഞാന്‍ ദാ നിറുത്തി

അയ്യോ ചതിക്കല്ലേ . ഒന്ന് പടത്തെ പറ്റി പറഞ്ഞെ . എന്‍റെ കാളകൂടം .... ഒരു നിരൂപകന്‍ എന്ന നിലക്കുള്ള എന്‍റെ സ്ഥാനം ...?

അനിയാ ഇതാ പിടിച്ചോ സംഗതി .. കഥ തിരകഥ സംഭാഷണം ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍ . അഭിനേതാക്കള്‍ താടി ലാല്‍ (ഈ രണ്ടു വാക്കുകളും ഒരുമിച്ചു വരുമ്പോള്‍ അത്ര പേടിക്കണ്ട.ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആകുമ്പോള്‍ സ്വന്തം റിസ്കില്‍ കാര്യങ്ങള്‍ കൈ കാര്യം ചെയുക ), അസിഫ് അലി ,ശ്വേത മേനോന്‍,മൈഥിലി (പലേരി മാണിക്യം),കല്‍പ്പന ,ബാബുരാജ് (നമ്മുടെ അഡ്വ ബാബുരാജ്‌ ),അര്‍ച്ചനകവി (ഗസ്റ്റ്‌) എന്നിവരോക്കെയാണ് അഭിനേതാക്കള്‍

ഈ സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്തത് കൊണ്ട് അഭിനയ മുഹൂര്‍ത്തങ്ങള്‍ കുറവായി ഇരിക്കുമല്ലോ അല്ലെ
.
നീയൊക്കെ എന്നാടെ നന്നാവുന്നെ? എടാ ഈ ചിത്രം സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ എടുത്തതിന്റെ എല്ലാ ഗുണവും കാണാനുണ്ട്.സുഖമായി രണ്ടു മണികൂര്‍ കണ്ടു പോകാവുന്ന ഒരു ചിത്രം അതാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍

അതെങ്ങനെ ശരിയാകും ? അഭിനയ മുഹൂര്‍ത്തങ്ങള്‍ , ഒരിക്കലും കേട്ടിട്ടില്ലാത്ത വിശ്വസിനീയമായ കഥ, അതിലെ പുതുമ എങ്ങനെ നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലെ മലയാളത്തിലെ പ്രബുദ്ധരായ പ്രേക്ഷകര്‍ ഒരു ചിത്രത്തെ അംഗീകരിക്കു

എഴുനേറ്റു പോടാ അവിടുന്ന് . മര്യാദക്ക് മനസമാധാനമായി രണ്ടു മണിക്കൂര്‍ കണ്ടു വരാവുന്ന ഒരു സിനിമയെ പറ്റി പറയുമ്പോള്‍ അതില്‍ നിനക്ക് ഇതൊക്കെ ഉണ്ടായാലേ പറ്റു അല്ലെ ?

ഞാനൊരു നിരൂപകന്‍ ആയി പോയില്ലേ. അണ്ണാ അപ്പോള്‍ ഇതിന്‍റെ കഥ ?

ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങള്‍ ,അതിലെ വിവിധ മേഖലകള്‍,ഇവയൊക്കെ കണ്ടെത്തി ആസ്വദിക്കാന്‍ ശ്രമിക്കുന്ന,ഭക്ഷണപ്രിയനായ അവിവാഹിതനായ, ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന കാളിദാസന്‍ (ലാല്‍) ആണ് ഈ കഥയുടെ കേന്ദ്രബിന്ദു .ഇയാളുടെ കൂടെ പാചകക്കാരന്‍ ബാബുവും (ബാബുരാജ് ) ബന്ധുവായ മനുവും (ആസിഫലി) താമസിക്കുന്നു. അതെ നഗരത്തില്‍ താമസിക്കുന്ന,ചൊവ്വ ദോഷം മൂലം അവിവാഹിത ആയി തുടരുന്ന ,സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍),കൂടെ താമസിക്കുന്ന മീനാക്ഷി (മൈഥിലി) ,വീട്ടു ഉടമയും ബ്യുടിപാര്‍ലര്‍ നടത്തുന്ന മരിയ (കല്‍പ്പന ) എന്നിവരും ഉണ്ട്. തികച്ചും യാദൃശ്ചികമായി (കൃത്യമായി പറഞ്ഞാല്‍ ഒരു റോങ്ങ്‌ നമ്പറില്‍ തുടങ്ങുന്ന കാളിദാസ് -മായ പരിചയം തുടക്കത്തില്‍ ഒരു ഉടക്ക് ലൈനില്‍ ആണെങ്കിലും പിന്നീടു അവരുടെ പാചക,ഭക്ഷണ കാര്യങ്ങളില്‍ ഉള്ള സമാന താല്പര്യങ്ങള്‍ ഒരു നല്ല ബന്ധത്തിന് വഴി ഒരുക്കുന്നു .(ഇവിടെയാണ് ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാ പരസ്യ വാചകത്തിന്‍റെ പ്രസക്തി .തട്ടിലെകുട്ടി ദോശ ഓര്‍ഡര്‍ ചെയ്യാന്‍ വിളിക്കുന്ന നായികയുടെ കാള്‍ ആണ് തെറ്റി കാളിദാസന്‍റെ ഫോണിലേക്ക് വരുന്നത് )
പരസപരം കാണാതെ ഫോണിലൂടെ വളരുന്ന ഈ ബന്ധം ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ പരസ്പരം കാണാന്‍ തീരുമാനിക്കുന്ന ഇവര്‍ അവസാന നിമിഷം അതിനു ധൈര്യം വരാതെ മനുവിനെയും മീനാക്ഷിയെയുംഅവര്‍ക്ക് പകരം അയക്കുന്നു . കാളിദാസനും മായയും ആയി അഭിനയിച്ചു പരസ്പരം കാണുന്ന മനു - മീനക്ഷിമാര്‍ പരസപരം പ്രണയത്തില്‍ ആകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും ചിത്രത്തെ മുന്നോട്ടു നയിക്കുന്നു.

ഈ ചിത്രത്തില്‍ എടുത്തു പറയേണ്ട കഥാപാത്രം ബാബുരാജ്‌ അവതരിപ്പിച്ച ബാബു എന്ന കാളിദാസന്‍റെ പാചകകാരനെയാണ് . സ്ഥിരമായി ഗുണ്ട പോലീസെ വേഷങ്ങള്‍ ചെയുന്ന ഈ നടന്‍ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു . വേറെ ആരു കണ്ടില്ല എങ്കിലും ഇപ്പോള്‍ സ്ഥിരമായി കോമഡി ചെയുന്ന (ചെയ്തു കൊല്ലുന്ന) ശ്രീ ഭീമന്‍ രഘുനെ പോലെയുള്ളവര്‍ ഈ കഥാപാത്രത്തെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും,പ്രാഞ്ചിയേട്ടന്‍ എന്നാ ചലച്ചിത്ര കാവ്യത്തിലെ ശശി കലിംഗ അവതരിപ്പിച്ച പെണ്‍ പിള്ളേരെ കാണുമ്പോള്‍ ഇംഗ്ലീഷ് കവിത മാത്രം വരുന്ന ഈയപ്പനെ സൃഷ്‌ടിച്ച രഞ്ജിത് എന്ന പ്രതിഭയ്ക്ക് പോലും തികച്ചും സിമ്പിള്‍ എന്ന് പറയാവുന്ന ഈ പാത്രസൃഷ്ടിയില്‍ നിന്നും പഠിക്കുവാനുണ്ട്.ഒപ്പം ബാബുരാജ്‌ ഈ വേഷം നന്നായി ചെയ്തു എന്നും പറയാതെ വയ്യ.കാളിദാസന്‍ പണ്ട് പെണ്ണ് കാണാന്‍ പോയ വീടിലെ പാചകക്കാരനായിരുന്നു ബാബു ഉണ്ടാക്കിയ ഉണ്ണിയപ്പം ഇഷ്ട്ടപെട്ടു അയാളെ ഒപ്പം കൂട്ടിയതാണ് കാളിദാസ് .

അപ്പോള്‍ ഇതൊക്കെയാണ് സംഗതി . ചുരുക്കത്തില്‍ നല്ലൊരു ചിത്രം പോയി കാണണം എന്നുണ്ടെങ്കില്‍ പൊയ് കാണു .

അതല്ല അണ്ണാ ഒരു പൂര്‍ണത വരണമെങ്കില്‍ ......

മാര്‍ക്ക്‌ കൂടെ ഇടണം ആയിരിക്കും . അത്തരം കോമാളിത്തരങ്ങള്‍ നീ ചെയ്താല്‍ മതി

അയ്യോ അതൊക്കെ ഞാന്‍ തന്നെ ചെയ്തോളാം . ഇപ്പോളത്തെ പുതിയ ട്രെന്‍റ് മുഴുവന്‍ അഭിപ്രായവും എഴുതി കഴിഞ്ഞിട്ടു, പോരാത്തതിന് ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും നമ്പര്‍ ഇട്ടു എഴുതുന്നതാണ്. അസാമാന്യമായ പ്രതിഭ ഉള്ളവര്‍ക്ക് മാത്രം പറ്റുന്ന പണിയാ അത്.ഞാന്‍ ഇതിനൊക്കെ എവിടെ പോകാനാ. അണ്ണന് ഒന്ന് ശ്രമിച്ചു നോക്കികൂടെ

നീ എന്‍റെ കയ്യില്‍ നിന്നും വാങ്ങും . എടേ പറ്റുലെങ്കില്‍ കളഞ്ഞിട്ടു പോടെ. എന്തായാലും ഇന്നാ പിടിച്ചോ

ഇഷ്ടപ്പെട്ടവ

1 )ലളിതമായ കഥ

2 )നല്ല ഒതുക്കമുള്ള അവതരണം /സംവിധാനം

3 )സ്വാഭാവികമായ ,എച്ചുകെട്ടില്ലാത്ത സംഭാഷണം ,പാത്രസൃഷ്ട്ടി

4 )എല്ലാ നടീ നടന്മാരും അവരവരുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു . അനാവശ്യമായ കഥാപാത്രങ്ങള്‍ തീരെയില്ല .(മലയാള സിനിമയില്‍ ഇന്നത്തെ കാലത്ത് അതൊരു വലിയ കാര്യമല്ലേ ?)

5 )ചില രംഗങ്ങള്‍ ചിത്രം തീരുമ്പോളും മനസ്സില്‍ നില്‍ക്കും

കാളിദാസനും ബാബുവും ആദ്യമായി കാണുന്ന രംഗം

ടെറസ്സില്‍ ഇരുന്നു ബീര്‍ അടിക്കുന്ന മായയും, മറിയയും ,മീനാക്ഷിയും തമ്മിലുള്ള സംഭാഷണം തുടങ്ങിയവ ഉദാഹരണം

6 )കേരളത്തിലെ പ്രസിദ്ധമായ ഭക്ഷണശാലകളിലൂടെ ഓട്ട പ്രദിക്ഷണം നടത്തുന്ന tittle song .

7 )വലിച്ചു നീട്ടി വൃത്തികേടാക്കാത്ത അവസാനം

8 )നല്ല രസികന്‍ ഛായാഗ്രഹണം

അപ്പോള്‍ ഇഷ്ട്ടപ്പെടത്തവയോ ?

1) മനുവും മീനാക്ഷിയും ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രേമത്തില്‍ ആകുന്നത്‌ .കാല് കുരുങ്ങിയ
ഒരാളെ ഓടയില്‍ നിന്നും എടുത്തു ആശുപത്രിയില്‍ എത്തിച്ചാല്‍ പ്രേമം നടക്കുമെങ്കില്‍ ,അനിയാ ഞാനൊക്കെ നല്ല കാലത്ത് വല്ല ഓടയുടെ അരികിലും സ്ഥിര താമസം ആക്കിയേനെ (ഫാര്‍എവേ ലുക്ക്‌ ) . അതിനു പകരം ഇവര്‍ക്കും മായ കാളിദാസ് പോലെ എന്തെങ്കിലും പൊതു ഇഷ്ടം/ഹോബി ഉണ്ടായിരുന്നെകില്‍ അത് കൂടുതല്‍ അടുക്കാന്‍ ഒരു വിശ്വസനീയമായ കാരണം ആയേനെ .

2) വിജയരാഘവന്‍റെ ട്രാക്ക് (വിശദീകരണ രംഗം) ഔട്ട്‌ ഓഫ് പ്ലേസ് ആയാണ് തോന്നിച്ചത്.

3) ചിത്രം കഴിഞ്ഞു അവിയല്‍ ട്രൂപ്പ് അവതരിപ്പിക്കുന്ന ആനക്കള്ളന്‍ എന്നൊരു ഗാനം കാണിക്കുന്നുണ്ട് .എനിക്ക് ശുദ്ധ ബോര്‍ ആയാണ് തോന്നിയത് .എന്തൊക്കെ കോപ്രായങ്ങള്‍ !!!

4) ഈ ചിത്രത്തില്‍ സ്ഥിരം ബ്യുട്ടി പാര്‍ലറില്‍ വരുന്ന ഒരു മുസ്ലിം വനിതയുണ്ട് . ബ്യുട്ടി പരിപാടികള്‍ കഴിഞ്ഞു , കണ്ണ് മാത്രം പുറത്തു കാണുന്ന ബുര്‍ക്ക എടുത്തു ധരിച്ചാണ് ആ സ്ത്രീ പോകുന്നത് .ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ സംഗതി മത നിന്ദ അഥവാ പരിഹാസം ആയി വ്യഖനിക്കപ്പെടുമോ എന്ന് സംശയം തോന്നിയത് കൊണ്ടാകണം ആ സ്ത്രീ പുറത്തു കാത്തു നില്‍ക്കുന്ന ഭര്‍ത്താവിനെ മൂട് പടം ഉയര്‍ത്തി മുഖം കാണിക്കുകയും . അദേഹം അഭിനന്ദന സൂചകമായി എന്തോ പറഞ്ഞിട്ട് രണ്ടു പേരും പോകുന്നതും കാണിക്കുന്നുണ്ട് .കുറഞ്ഞ പക്ഷം ചെറുപ്പമായ ദമ്പതിമാര്‍ ആയിരുന്നെകില്‍ പോലും അതിനൊരു വൃത്തി വന്നേനെ . ഈ നമ്മുടെ കേരളത്തില്‍ ഒരു നാല്‍പ്പത്തി അഞ്ചു വയസ്സ് കഴിഞ്ഞ,സ്വന്തം ഭാര്യ (അന്യന്‍റെ അല്ല ) ബ്യുട്ടി പാര്‍ലറില്‍ പോയി സൌന്ദര്യം വര്‍ധിപ്പിച്ചു വരുമ്പോള്‍ "നീ എത്ര സുന്ദരി ആയിരിക്കുന്നു" എന്ന് പറയുന്ന ഭര്‍ത്താക്കന്മാര്‍ ( ഏതു മത വിഭാഗത്തില്‍ ആയാലും ) ഈ കേരളത്തില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചു. പോരെ ?

5)ഈ ചിത്രത്തില്‍ ഒരു സംവിധായകനെ കാണിക്കുന്നുണ്ട്,തികഞ്ഞ കോമാളിയും, മായയുടെ പുറകെ ഒലിപ്പിച്ചു നടക്കുന്ന (അവിഹിതം നടത്താന്‍ ക്ഷണിക്കുന്നു പോലും ഉണ്ട് ഇയാള്‍ ),മന്ദബുദ്ധിയെ പോലെ ഉള്ള ഇയാളുടെ രൂപ ഭാവങ്ങളില്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും ആയുള്ള പ്രകടമായ സാമ്യം,ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സംഗതി വെറും പോക്രിത്തരമാണ്. ശ്രീ ആഷിക് അബു, പച്ചിലകളും പഴുക്കും എന്നോര്‍ക്കുക.സംവിധായകന്‍ എന്ന നിലയില്‍ നിലവാരം ഇല്ലായ്മ തോന്നിപ്പിക്കുന്ന ഏക ഭാഗം ഇതു മാത്രമാണ് .

ഇത്രയുമേ തല്ക്കാലം ഓര്‍മ വരുന്നുള്ളൂ . നീ ഇതു കൊണ്ട് പോയി എന്തെങ്കിലുമൊക്കെ ചെയ്തു പച്ചരി മേടിച്ചു വീട്ടില്‍ കൊണ്ട് കൊട്. പടം കണ്ടിട്ടാണ് പോകുന്നത് എങ്കില്‍ പീഡനം അനുഭവിക്കാതെ,സമാധാനമായി , ഒരു മലയാള സിനിമ കണ്ടു സന്തോഷത്തോടെ വീട്ടില്‍ പോകാം .ഇങ്ങനത്തെ ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.