Wednesday, July 13, 2011

ദി ഫിലിം സ്റ്റാര്‍ (Filim Star)

അവസാനം അതും കണ്ടു ....

എന്ത് കണ്ടു എന്നാ . മലയാള സിനിമയുടെ അന്ത്യമാണോ?

ഒന്ന് പോടെ. ഇതു നീ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ.പക്ഷെ ഈ വര്‍ഷം പ്രതീക്ഷ നല്‍കുന്ന കുറച്ചു ചിത്രങ്ങള്‍ വന്ന വര്‍ഷമല്ലേ .(സൂപ്പര്‍ താരങ്ങളുടെ കൂതറകള്‍ പതിവ് പോലെ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല).ആരും കാണാത്ത ടി ഡി ദാസന്‍ ആയിരുന്നല്ലോ കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ വെച്ചും ഏറ്റവും ഉജ്വലം. അതിരിക്കട്ടെ ഞാന്‍ ഇപ്പോള്‍ പറഞ്ഞത് കുറെ കാലമായി ദാ ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന് കേട്ടുകൊണ്ടിരുന്ന ഫിലിംസ്റ്റാര്‍ എന്ന ചിത്രത്തെ പറ്റിയാണ് . അവസാനം ഇന്നു സംഭവം കാണാന്‍ ഭാഗ്യം ഉണ്ടായി.കഥയുടെ വണ്ണ്‍ ലൈന്‍ കേട്ടപ്പോള്‍ ഈ വര്‍ഷത്തെ നല്ല സിനിമകളുടെ നിരയില്‍ ഒരെണ്ണം കൂടി വരുന്നു എന്ന് സത്യമായും എന്നിക്ക് തോന്നിയതുമാണ്

ഓ അത് അവസാനം ഇറങ്ങിയോ? കഴിഞ്ഞ ആഴ്ചയും ഇറങ്ങും എന്നു പറഞ്ഞു പേടിപ്പിച്ചതാണല്ലോ.ഞാന്‍ ഒരെണ്ണം എഴുതി തുടങ്ങി അണ്ണന്‍ ഇതൊന്നു കേട്ടിട്ട് എങ്ങനെ ഉണ്ടെന്നു പറഞ്ഞേ ഒരു "ഇതു" ഇല്ലെ ?
അറബികടലില്‍ തിരമാലകള്‍ ഇല്ലാതാകുന്ന നാള്‍,കേരളത്തിലെ യുവാക്കളുടെ ചുടു രക്തം വറ്റി വരളുന്ന നാള്‍ , അന്നാള്‍ വരെ മലയാളം സിനിമ ഞാന്‍ ഭരിക്കും.

തന്നെടാ ,തന്നെ. ഇന്ന് രാവിലെ ഫിലിംസ്റ്റാറിന് ക്യൂ നില്‍കുമ്പോള്‍ നിന്‍റെ വണ്ടി തിയറ്ററിന്‍റെ മുന്നില്‍ കൂടി പോകുന്നത് കണ്ടോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു . ഇപ്പൊ ഉറപ്പായി . അല്ലഡേ ,പണ്ടൊക്കെ വല്ലവന്‍റെയും നിരൂപണം പൊക്കി എഴുതുന്ന പരിപാടി ഒക്കെ നിറുത്തി ഇപ്പൊ നീ സ്വന്തം നിലയ്ക്ക് പോസ്റ്റര്‍ നോക്കി സംഭവം എഴുതാന്‍ തുടങ്ങിയാ ?ഈ വാചകം ഞാന്‍ തീയറ്റര്‍നു മുന്നിലെ ഫാന്‍സ്‌ ബോര്‍ഡില്‍ വായിച്ചതു ആണല്ലോ

നിങ്ങള്‍ ആളെ വടിയാക്കാതെ പടത്തിന്‍റെ വിശേഷങ്ങള്‍ പറഞ്ഞേ. ആരാ അണ്ണാ ഇതിന്‍റെ സംവിധായകന്‍? ബാക്കി ആള്‍ക്കാര്‍? എനിക്ക് ദിലീപ് ഉണ്ടെന്നല്ലാതെ വേറെ ഒന്നും ഈ ചിത്രത്തെ പറ്റി അറിയില്ല .

പുതുമുഖം എന്നു ഞാന്‍ കരുതുന്ന സഞ്ജീവ് രാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ക്യാമറ സാലു ജോര്‍ജ്. വൈഡ് സ്ക്രീന്‍ സിനിമയുടെ ബാനെറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ മണി ,സലിം കുമാര്‍,സുരാജ്,കോട്ടയം നസീര്‍,സാദിഖ്‌,ബാബുരാജ്‌,ദേവന്‍,രംഭ,മുക്ത തുടങ്ങിയവര്‍ അഭിനയിക്കുന്നു .

പടം എങ്ങനെ ?

നല്ലോരു കഥയായി പറയാമായിരുന്ന ഒരു സംഭവം . ശരാശരിക്കും താഴെ നിലവാരമുള്ള ഒരു പടമായി എടുത്തു വെച്ചിട്ടുണ്ട്

ജനപ്രിയ നായകന്‍ ദിലീപ് ...

ഡേ , ഈ സ്ഥാനപ്പേരുകളുടെ പിന്നാലെ പോയി ലയണ്‍, ഡോണ്‍ തുടങ്ങിയ പടങ്ങള്‍ ഇറക്കി കുത്തുപാള ഒരെണ്ണം സെറ്റപ്പ് ചെയ്തു വെച്ച നിലയില്‍ നിന്നും അത്യാവശ്യം ഒന്ന് പിടിച്ചു കയറി വരുന്നതെ ഉള്ളു അങ്ങേര്‍.നീയൊക്കെ കൂടി വീണ്ടും അങ്ങേരെ കുഴിയിലാക്കി കൊടി നാട്ടും, അല്ലെ ?

എന്നാല്‍ വെറും ദിലീപ് എങ്ങനെ ?

ദിലീപ് ഈ സിനിമയില്‍ സഹ നായകന്‍ ആണോ അതോ ഗസ്റ്റ് ആണോ എന്ന് സംവിധായകനും ,തിരക്കഥാകൃത്തിനും മാത്രമേ അറിയു.

അപ്പോള്‍ ദിലീപ് അല്ലെ ഈ പടത്തിലെ ഹീറോ ?

എവിടെ ? നല്ല ഒന്നാന്തരം പായുംപുലി മോഡല്‍ പടമാണ് മോനെ ഇത് .വിത്ത്‌ അവിടിവിടെ ദിലീപിന്‍റെ മിന്നലാട്ടം .

എന്നാലും , സ്ക്രീനില്‍ വരുന്ന സീനിലോക്കെ ദിലീപ് തകര്‍ത്തോ ?

ഡേ , ഒന്നാമത് ഒരു അവിഞ്ഞ കഥാപാത്രം , അതിനിടെ ചില സീനുകളില്‍ ദിലീപ് കയറി അഭിനയിച്ച് നമ്മളെ പേടിപ്പിക്കുകയും ചെയ്യും.എനിക്ക് ബോറായിട്ടാണ് തോന്നിയത് .

ഛെ , കളഞ്ഞില്ലേ . ങ്ങാ പോട്ടെ . കലാഭവന്‍ മണി എങ്ങനെയുണ്ട് ?

സുപ്പര്‍സ്റ്റാര്‍ സൂര്യകിരണ്‍ എന്നൊരു സിനിമാ നടന്‍റെ വേഷമാണ് പുള്ളിക്ക് ഇതില്‍ .പാവത്തം തോന്നിപ്പിക്കുന്ന സീനുകളില്‍ താന്‍ ഒരു നിഷ്കളങ്കനാണ് എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചേ അവരെ വിടു എന്ന വാശിയിലെ പെര്‍ഫോമന്‍സുകള്‍ ഒഴിച്ചാല്‍ വലിയ കുഴപ്പമില്ല.

കലാഭവന്‍ മണിയാണോ ഫിലിംസ്റ്റാര്‍ .അപ്പൊ ദിലീപോ ?

നന്ദഗോപന്‍ എന്ന തിരക്കഥാകൃത്ത് .ഓട്ടു കമ്പനിയില്‍ ദിവസക്കൂലിക്ക് കണക്കെഴുതുന്നതിനിടെ കഷ്ടപ്പെട്ട് എഴുതിയ അഭയാര്‍ത്ഥികള്‍ എന്ന തിരക്കഥ സൂര്യകിരണിനെ നായകനാക്കി ഒരു സിനിമയാക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു എഴുത്തുകാരന്‍ .

കിടിലം ത്രെഡ് ...ഒരു ഉദയനാണ് താരം ലൈന്‍ ആകാമായിരുന്നു അല്ലെ ?

അതല്ലേ സങ്കടം .ഉദയനാണ് താരത്തിന്‍റെ യാതൊരു ഫീലും ഇല്ലാതെ ഉഗ്രനായി പറയാവുന്ന കഥയാണ്‌ പടത്തില്‍.

അത് കഥ ബാക്കി കൂടി കേട്ടിട്ട് ഞങ്ങള്‍ നിരൂപകര്‍ തീരുമാനിക്കാം. ബാക്കി പറഞ്ഞേ.

നന്ദഗോപന്‍ എഴുതിയ തിരക്കഥ അയാളുടെയും,അയാളുടെ നാടായ ചിറ്റാരിവട്ടത്തെ ആളുകളുടെയും കഥയാണ്‌. അവരുടെ ദുരിതങ്ങളുടെയും , ത്യാഗങ്ങളുടെയും ആ കഥ സൂര്യകിരണോട് ഒന്ന് പറയാന്‍ തന്നെ അയാള്‍ക്ക് രണ്ടു വര്‍ഷങ്ങളുടെ അലച്ചില്‍ വേണ്ടി വരുന്നു .പക്ഷേ ഒടുവില്‍ കഥ പറയാന്‍ ലഭിക്കുന്ന അവസരത്തില്‍ , അയാള്‍ക്ക്‌ ആ കഥ ഫലപ്രദമായി സൂര്യകിരണോട് പറയുവാന്‍ സാധിക്കുന്നില്ല .സൂര്യകിരണ്‍ നന്ദഗോപനെ ഇറക്കി വിടുന്നു. പെട്ടന്നുള്ള വികാര വിക്ഷോഭത്തില്‍ തന്‍റെ തിരക്കഥ സൂര്യകിരണിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ടാണ് നന്ദഗോപന്‍ പോകുന്നത് .പിന്നീട് ആ കഥ വായിക്കുന്ന സൂര്യകിരണ്‍ ചിറ്റാരത്തൊടി തന്നെ ലൊക്കേഷന്‍ ആക്കി ആ സിനിമ ചെയ്യുവാന്‍ തീരുമാനിക്കുന്നു .ഒപ്പം നന്ദഗോപനെ കണ്ടെത്താനും . തിരക്കഥ സിനിമയാക്കുന്നതിന് പിന്നില്‍ നന്ദഗോപനും, സൂര്യകിരണും അവരുടെതായ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നതാണ് കഥയിലെ വഴിത്തിരിവുകള്‍ . അഭയാര്‍ഥികള്‍ എന്നു പേരിടുന്ന ആ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത് ആ ഗ്രാമത്തില്‍ ജീവിച്ചിരുന്ന സഖാവ് രാഘവന്‍ (തലൈവാസല്‍ വിജയ്‌ ) എന്ന വ്യക്തിയിലൂടെ ആ ഗ്രാമത്തിന്‍റെ കഥയാണ് . രാഘവന്‍റെ അനുയായികള്‍ ആയിരുന്ന തമ്പാന്‍ (ദേവന്‍) ഇന്നു മന്ത്രിയാണ് (ബാബു രാജ്, സാദിഖ്‌ പോലയുള്ള ശിങ്കിടികള്‍ വേറെയും ). ഏങ്ങനെ ഒരു സിനിമ ഇറങ്ങാന്‍ പോകുന്ന വാര്‍ത്ത‍ അറിഞ്ഞു അവര്‍ അസ്വസ്ഥരാകുന്നു.തുടന്നുള്ള സംഭവങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു

നല്ല കഥ അല്ലെ അണ്ണാ ?

ഡേ,സിനിമയുടെ മുഴുവന്‍ കഥ ഞാന്‍ പറഞ്ഞതിലും നല്ലതാണ്.പക്ഷേ തൊണ്ണൂറുകളുടെ ആദ്യമെങ്ങാനും സ്വീകരിക്കേണ്ട ഒരു അവതരണ രീതി , ഒരു സെന്സുമില്ലാതെ വികസിപ്പിക്കപ്പെട്ട കഥാപാത്രങ്ങള്‍ , അനുഭവങ്ങള്‍ പാളിച്ചകള്‍ കാലഘട്ടത്തിലെ ക്ലൈമാക്സ് (വിത്ത് ചില ഷാജി കൈലാസ് -രണ്‍ജി പണിക്കര്‍ നമ്പരുകള്‍ ) ഇതെല്ലാം ചേരുമ്പോള്‍ പടം കോഞ്ഞാട്ടയായി പോകുന്നുണ്ട്.

ചുമ്മാ നന്നാക്കാമായിരുന്നു എന്ന് പറഞ്ഞു തള്ളാതെ. എങ്ങനെ എന്ന് ഒന്ന് പറയാമോ ? ഉദാഹരണമായി സൂര്യ കിരണും നന്ദഗോപനും ആയി സൂപ്പര്‍ താരങ്ങള്‍ അവരുടെ അതുല്യ പ്രതിഭ കാഴ്ച വെച്ചിരുന്നു എങ്കില്‍ എന്നല്ലേ അണ്ണന്‍ ഉദേശിച്ചേ .

നീ എന്‍റെ കൈയില്‍ നിന്ന് വള്ളത് വാങ്ങിയിട്ടേ പോകു അല്ലെ . എടാ ഇങ്ങനെ ഒന്ന് ആലോചിച്ചു നോക്കിക്കേ . സൂര്യകിരണ്‍ എന്ന സൂപ്പര്‍ താരം. തികച്ചും വാണിജ്യ സിനിമകള്‍ ചെയ്തു മുന്‍നിരയില്‍ എത്തിയ ഇയാള്‍ക്ക് ഒരു നടന്‍ എന്ന നിലയില്‍ അംഗീകാരം നേടണം എന്നുണ്ട് . അങ്ങെനെ ഇരിക്കുമ്പോള്‍ നന്ദഗോപന്‍ കാണാന്‍ വരുന്നു .തിരകഥ വലിച്ചെറിഞ്ഞിട്ട്‌ പോകുന്നു. പോകുന്ന വഴിക്ക് അപകടം ആണോ കൊലപാതകം ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ കൊല്ലപ്പെടുന്നു.തിരകഥ വായിക്കുന്ന സൂര്യ കിരണ്‍ ഒരു അഭിനേതാവ് എന്ന നിലയ്ക്ക് കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായി കണ്ടു ഈ തിരകഥ ചലച്ചിത്രം ആക്കാന്‍ തീരുമാനിക്കുന്നു . സിനിമ എടുക്കാനായി ആ ഗ്രാമത്തില്‍ എത്തി ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ അവിടുത്തെ പ്രശ്നങ്ങളും ആള്‍ക്കാരുടെ ബുദ്ധിമുട്ടുകളും മനസിലാക്കി പതുക്കെ പതുക്കെ അവരില്‍ ഒരാളായി മാറുന്ന ഒരു രീതി ആയാലോ .തുടക്കത്തില്‍ തികഞ്ഞ വാണിജ്യ മനോഭാവത്തോടെ ആ ഗ്രാമത്തില്‍ എത്തുന്ന സൂര്യകിരണ്‍നു സംഭവിക്കുന്ന മാറ്റം സ്വാഭാവികമായി ചിത്രീകരിക്കാന്‍ കഴിഞ്ഞാല്‍ രംഗ് ദേ ബസന്തി പോലെ നമ്മള്‍ ഒക്കെ എന്നും ഓര്‍ക്കുന്ന ചിത്രം ആയേനെ ഇതും .(അത്യാഗ്രഹം ആണ് എന്നറിയാഞ്ഞല്ല!!)

അല്ല ഒരു സിനിമ നടന്‍ കേറി പൊതു ജനത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുക എന്നൊക്കെ പറഞ്ഞാല്‍ .......

എന്താ കുഴപ്പം ? ഹല്ലാ ബോല്‍ എന്ന രാജ് കുമാര്‍ സന്തോഷി ചിത്രം പോലുള്ളവ ഇങ്ങനത്തെ തീം ഫലപ്രദമായി ഉപയോഗിച്ചിട്ടു ഉള്ളവയാണ്. പിന്നെ ഒരു ചെട്ടിയാര്‍ തുടങ്ങുന്ന സോപ്പ് കമ്പനി ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം കുട്ടിച്ചോര്‍ ആക്കുന്നു എന്ന് പറയുന്നതിന് പകരം കൊക്കോ കോള പോലെയുള്ള ഒരു ബഹുരാഷ്ട്ര ഭീമന്‍ ആ ഗ്രാമത്തില്‍ ഉണ്ടാക്കുന്ന കുടി വെള്ള ക്ഷാമമോ എന്‍ഡോ സള്‍ഫാന്‍ പോലുള്ള പ്രശ്നങ്ങളോ ഒക്കെ കൊണ്ട് വന്നെങ്കില്‍ ഈ ചിത്രം കുറെ കൂടി ഗൌരവം ഉള്ള ഒന്നായി മാറിയേനെ. കലാഭവന്‍ മണിയും ദിലീപും പരസ്പരം റോളുകള്‍ വെച്ച് മാറുകയും .ചിത്രം ഒരു ദുരന്തപര്യവസാനി ആകുകയും ചെയ്തിരുന്നു എങ്കില്‍ തകര്‍ത്തേനെ.പിന്നെ അനിയാ ഇതൊക്കെ എനിക്ക് ചെയ്യാമായിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍. നിനക്കെന്തു തോന്നുന്നു എന്നത് നിന്‍റെ കാര്യം.പക്ഷെ ആദ്യത്തെ ഒരു അര മണിക്കൂറും പിന്നെ അവസാനത്തെ അഞ്ചു മിനിട്ടും പ്രത്യക്ഷപ്പെടുന്ന സുരാജ് മനുഷ്യന്‍റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ എല്ലാരും യോജിക്കും എന്ന് ഉറപ്പാണ്‌.പിന്നെ ദേവനെ കുറഞ്ഞത്‌ ഒരു എം എല്‍ എ വരെ ഒകെ ആക്കിയാല്‍ (അല്ലെങ്കില്‍ പാര്‍ട്ടി ചാനല്‍ ചെയര്‍മാന്‍ പോലെ എന്തെങ്കിലും ) സഹിക്കാം . ഒരു മന്ത്രിയെ സൂപ്പര്‍ താരം ജനമധ്യത്തില്‍ ഇട്ടു തല്ലുക എന്നൊക്കെ പറഞ്ഞാല്‍ ..... കടുപ്പമല്ലേ

രംഭ,മുക്ത തുടങ്ങിയ നായികമാര്‍...അങ്ങനെ എന്തെങ്കിലും ആശ്വാസ വഴികള്‍ ?.

പായുംപുലിയിലെ മഴപ്പാട്ടിന്‍റെ ഓര്‍മ്മയായിരിക്കും അല്ലെ ? രംഭയുടെ (ഗസ്റ്റ് ആണ് ) ഒരു പാട്ട് ഉണ്ട്.പക്ഷെ അവരെ ഈ പടത്തില്‍ കണ്ടാല്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഐയഡിന്‍ മുക്കിയ പഞ്ഞി പോലെയുണ്ട്. മുക്ത,കുറെ കരഞ്ഞ് നിലവിളിച്ച് അലമ്പാക്കി നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്നു. വേറെ ഒരു പ്രയോജനവും ഇല്ല .

സംഗീതം ? ക്യാമറ ? ...

ഡാ!!!

അല്ല അണ്ണാ , മിനിമം സാങ്കേതികം പറയാതെ നിരൂപണം പാടില്ലെന്നാ കാളകൂടത്തിന്‍റെ പുതിയ പോളിസി. അതാ.

രണ്ടും ഒരു പത്തു കൊല്ലത്തെ പഴക്കം തോന്നിക്കുന്നത് അവഗണിച്ചാല്‍ പോലും ബോറാണ് .

അപ്പോള്‍ ചുരുക്കത്തില്‍ ...

നല്ലൊരു പടമാകാനുള്ള എലാ കോപ്പും ഉണ്ടായിട്ടും,നശിപ്പിക്കപ്പെട്ട ഒരു സിനിമ .

1 comment:

  1. എന്നാല്‍പ്പിന്നെ നിങ്ങള്‍ക്ക് ഒരു തിരക്കഥ എഴുതിക്കൂടെ

    ട്വിസ്റ്റുകളൊക്കെ കൊണ്ടുവരുന്നുണ്ടല്ലോ :P

    ReplyDelete