Thursday, July 7, 2011

വേങ്കൈ

ഭരത് ധനുഷ് അഭിനയിക്കുന്ന ......

എന്തുവാ അണ്ണാ കണ്ട പാണ്ടികളെ ഒക്കെ കേറി ഇത്ര ബഹുമാനം കൊടുക്കണോ?

അനിയാ നീ പറഞ്ഞത് പറഞ്ഞു.ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ നീ പറയുന്നതിന് അഹങ്കാരം എന്നല്ല അതില്‍ കൂടുതല്‍ വല്ലതും പറയേണ്ടി വരും.പിന്നെ ഭരത് എന്ന് പറഞ്ഞത് .... മികച്ച നടനുള്ള അവാര്‍ഡിനെ ഭരത് അവാര്‍ഡ്‌ എന്ന് പറയാറില്ല എന്ന് അറിയഞ്ഞല്ല.പക്ഷെ ഈ സൂപ്പര്‍ താരങ്ങള്‍ പേരിന്‍റെ മുന്‍പിലുള്ള അനേകം സാധനങ്ങളുടെ കൂടെ ഭരത് എന്ന വാക്കും ലാവിഷ് ആയി ഉപയോഗിക്കുന്നത് കണ്ടു പറഞ്ഞു പോയെന്നെ ഉള്ളു.ആടുകളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ധനുഷിന് ദേശീയ അവാര്‍ഡ്‌ കിട്ടിയതില്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും ഉള്ള വിഷമം മാറി കാണില്ല.(അതിലും വിഷമം കോമാളി കളിച്ചു നടന്ന സലിം കുമാറിനും കിട്ടിയത് ആണെന്ന് ഇവിടെ പറയണ്ട ).

ശരി എനിക്ക് വഴക്കുണ്ടാക്കാന്‍ വയ്യ . അപ്പോള്‍ അണ്ണന്‍ ധനുഷ് തമന്ന ജോഡി അഭിനയിച്ച വേങ്കൈ എന്ന പടം കണ്ടു അല്ലെ.അത് പറയാനാണോ എത്രയും ബില്‍ഡ് അപ്പ്‌ ?

തന്നെടെ തന്നെ ഇന്നലെ തന്നെ പോയി സംഭവം കണ്ടു . ഇവരെ കൂടാതെ പ്രകാശ്‌ രാജ്,രാജ് കിരണ്‍,ഉര്‍വശി,സുധാ ചന്ദ്രന്‍,ഗന്ജാ കറുപ്പ്,ലിവിംഗ്സ്റ്റണ്‍‍,ചാര്‍ലി തുടങ്ങിയവരും ഈ ചിത്രത്തില്‍ ഉണ്ട് . സംവിധാനം ഹരി .

ആരു നമ്മുടെ സിംഗം എടുത്ത ഹരിയോ ?

തന്നെ എന്നാണ് തോന്നുന്നത് . ഇങ്ങേരുടെ പടത്തില്‍ നമ്മുടെ സത്യന്‍ അന്തിക്കാടിന്‍റെ പഴയ പടങ്ങളില്‍ കാണുന്ന ഗ്രാമവും, നിഷ്കളങ്കരും,ചായക്കടയും എന്ന പോലെ ആണ് കുഗ്രമവും,വലിയ,ഷര്‍ട്ട്‌നകത്ത് വയ്ക്കുന്ന നീളമുള്ള വെട്ടുകത്തിയും,പിന്നെ വെട്ടും കുത്തും.ഈ പടത്തിലും സംഗതി അതൊക്കെ തന്നെ .

അല്ല ധനുഷ് .....

ധനുഷ്നെ വെച്ച് തികഞ്ഞ ഒരു ഫോര്‍മുല മസാല ചിത്രമാണ് ഹരി ഇതിലൂടെ എടുത്തു വെച്ചിരിക്കുന്നത്.പാണ്ടിയപുരം എന്ന ഗ്രാമം,അവിടത്തെ എം എല്‍ എ രാജപണ്ടി (പ്രകാശ്‌ രാജ്,കണ്ടാല്‍ തന്നെ പറയും ആളു വില്ലന്‍ ആണെന്ന് ). ആ നാട്ടിലെ എല്ലാരും ബഹുമാനിക്കുന്ന വീരപാണ്ടി (രാജ് കിരണ്‍,മീശയുടെ കാര്യത്തില്‍ കട്ടക്ക് നില്‍ക്കും) മകന്‍ സെല്‍വം (ധനുഷ് ).സ്വന്തം നിലയ്ക്ക് തന്നെ നല്ലൊരു ഗുണ്ടയായ (എന്ത് കാര്യം? നല്ലവനായി പോയി ).(പാണ്ടിയപുരം, രാജപാണ്ടി , വീരപാണ്ടി ... ആ പാവം ദിലീപ് ഒരു പാണ്ടിപ്പട എടുത്തപ്പോള്‍ ഇവിടെ എന്തൊരു ബഹളം ആയിരുന്നു !!!!)
വീരപാണ്ടി ഉള്ളത് കൊണ്ട് രാജ പാണ്ടിക്ക് വലിയ തരികിടകള്‍ ഒന്നും കാണിക്കാന്‍ കഴിയുന്നില്ല.(പുള്ളിയെ എം എല്‍ എ ആക്കിയത് മറ്റും വീരപാണ്ടി ആണേ).എന്നാലും അദേഹം ആവും പോലെ ഒക്കെ ശ്രമിക്കുന്നുണ്ട് (ഒരു വില്ലനായി ജനിച്ചാല്‍ എന്തൊക്കെ പാടുകള്‍ !!!)പ്രശ്നങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനായി മകനെ വീരപാണ്ടി നഗരത്തിലേക്ക് അയക്കുന്നു.അവിടെ ചെല്ലുന്ന ശെല്‍വം പഴയ ക്ലാസ്സ്‌മേറ്റ്‌ രാധികയെ (തമന്ന)കാണുന്നു.ആദ്യത്തെ കുറച്ചു മസില് പിടിത്തം കഴിയുമ്പോള്‍,നായകന്‍റെ വീര പരാക്രമങ്ങള്‍ കാണുമ്പോള്‍, കൊച്ചു നേരെ പോയി സെല്‍വയെ പ്രേമിക്കുന്നു.ഇവിടെയാണ് ഹരി വ്യത്യസ്തനാകുന്നത്.കൊച്ചു പ്രേമിക്കുനത്.കുട്ടി ഉടുപ്പും ഇട്ടു രണ്ടു മൂന്ന് പട്ടു പാടാന്‍ വേണ്ടി മാത്രമല്ല (അത് ചെയുന്നില്ല എന്നല്ല ) മറിച്ച് പണ്ട് വീരപാണ്ടി കൊല ചെയ്തു എന്ന് പറയപ്പെടുന്ന അച്ഛന് വേണ്ടി പ്രതികാരം ചെയ്യാനാണ് !!! അവസാനം വീരപണ്ടിയല്ല കൊല ചെയ്തത് എന്നറിയുന്നതോടെ കൊച്ചു പശ്ചാത്താപ വിവശയായി ഒരു പാട്ടു കൂടി പാടി (വിത്ത്‌ കുട്ടി ഉടുപ്പ്) സംഗതി അവസാനിപ്പിക്കുന്നത്.ഇതിനിടയില്‍ പുട്ടിനു പീര ഇടുന്നത് പോലെ രാജപാണ്ടി ഓരോ നമ്പറുകള്‍ ഇറക്കുകയും സെല്‍വവും കൂട്ടരും ചേര്‍ന്ന് അതൊക്കെ പൊളിക്കുകയും തുടര്‍ന്നുള്ള ഗ്വാ ഗ്വാ യും വേറെ . എല്ലാം സഹിക്കാം ആ ഗന്ജ കറുപ്പ് എന്ന നടന്‍ അവതരിപ്പിക്കുന്ന കുറെ കോമഡി രംഗങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍ .തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ല !!!(വടിവേലുവിനൊക്കെ ഇതു വെച്ച് നോക്കിയാല്‍ ഓസ്കാര്‍ രണ്ടെണ്ണം കൊടുക്കണം !!)

ശരി ബാക്കിയുള്ളവരോ ?

അനിയാ ഈ ചിത്രം നേരത്തെ പറഞ്ഞത് പോലെ സ്ഥിരം ഫോര്‍മുലയില്‍ ഉണ്ടാക്കിയെടുത്തതാണ് . അത്തരമൊരു ചിത്രം വിജയിപ്പിക്കാനുള്ള സ്ക്രീന്‍ പ്രസന്‍സ്സ് എന്ന സാധനം ധനുഷിന് ആവശ്യത്തിനു ആയോ എന്നതിന് ഉത്തരം ഈ ചിത്രത്തിന്‍ന്‍റെ വിജയ പരാജയങ്ങള്‍ പറയും. വിജയ്‌, സൂര്യ, വിക്രം എന്നിവര്‍ക്ക് നൂറു ശതമാനം ചെയ്യാന്‍ പറ്റുന്ന വേഷമാണ് ഇതിലെ ശെല്‍വം എന്ന് മാത്രം പറഞ്ഞോട്ടെ . ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ നല്ലവരോ ചീത്ത ആള്‍ക്കാരോ ആണ് .(ഹരിയുടെ എല്ലാ നാട്ടിന്‍ പുറങ്ങളിലും അങ്ങനെയാണ് ).സംഘട്ടന , ഗാന രംഗങ്ങള്‍ ധനുഷ് നന്നായി കൈകാര്യം ചെയുന്നു . ചില രംഗങ്ങളില്‍ കുറച്ചു രജനീകാന്തിനെ അനുകരിക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു .മൊത്തത്തില്‍ ധനുഷ് എന്ന നടന്‍റെ താര മൂല്യം മാത്രമാണ് ഈ ചിത്രത്തെ രക്ഷിക്കാന്‍ സാധ്യത ഉള്ള ഏക ഘടകം .പ്രകാശ്‌ രാജ് തമാശ വില്ലന്‍ ചെയ്തു തുടങ്ങിയതിനു ശേഷം അദേഹം ഒരു സീരിയസ് വില്ലന്‍ വേഷം ചെയ്താല്‍ പോലും തമാശ ഭാവം കടന്നു വരുന്നതായി തോന്നുന്നു.ഗാനങ്ങള്‍ ഒന്ന് രണ്ടെണ്ണം ആരാധകരെ ഇളക്കി മറിക്കാന്‍ ഉദേശിച്ചു ഉള്ളവയാണ് .

അപ്പോള്‍ ചുരുക്കത്തില്‍......

തമിഴ് സിനിമ രംഗത്ത് പ്രതീക്ഷ നല്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ് .ഇമ്മാതിരി ചിത്രങ്ങള്‍ ഒന്നോ രണ്ടോ ഒക്കെ പ്രേക്ഷകര്‍ സഹിച്ചു എന്നിരിക്കും പക്ഷെ ദയവായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നത് ഒരു ശീലം ആക്കാതിരിക്കുക.

2 comments:

  1. "പക്ഷെ ദയവായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നത് ഒരു ശീലം ആക്കാതിരിക്കുക".ഇത് കലക്കി കേട്ടാ...അപ്പോള്‍ പടം കൊള്ളില്ല....

    ReplyDelete