അനിയാ...... ഡേ.... എണീക്കെടെ നേരം ഉച്ചയായില്ലേ.
ഹാ.. ഇങ്ങേര്‍ക്ക് ഇതെന്തു വേണം .. ഇന്നലെ ഒരു പാര്‍ട്ടി ഒക്കെ കഴിഞ്ഞു വെളുപ്പിനാ വന്നു കിടന്നേ.
ശരി സമ്മതിച്ചു . എടെ നീ ഒരു നിരൂപകനല്ലേ (ആണെന്നാണല്ലോ നിന്‍റെ ഭാവം) മലയാളത്തില്‍ ഇത്രയും സിനിമ ഈ ആഴ്ച് ഇറങ്ങിയിട്ട് നിനക്കൊന്നും അറിയണ്ടേ .
അല്ല അതിനിപ്പോള്‍ ചാപ്പ കുരിശും , ഫിലിം സ്റ്റാര്‍ഉം ഞാന്‍ ചിത്രവിദ്വേഷത്തില്‍ കാച്ചിയല്ലോ.വേറെ ഏതു പടം?
എടാ കളക്ടര്‍ എന്നൊരു സിനിമ എവിടെ ഇറങ്ങിയത് നീ അറിഞ്ഞില്ലേ ?
തള്ളെ ... തന്നെ അണ്ണാ? എപ്പോ ഇത്? ഞാന്‍ കരുതിയത് ആ പടം പണ്ടേ വന്നു പോയി എന്നാണ് .
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ തിരിച്ചു വരവ് നടത്തിയ സുരേഷ് ഗോപിയുടെ നാലാമത്തെ ചിത്രമായ രാഷ്ട്രം എന്ന സിനിമക്ക് ശേഷം അന്നൌന്‍സ് ചെയ്യപ്പെട്ട ചിത്രമാണ് ഇത് . കുറെ കാലം പെട്ടിയില്‍ ഇരുന്ന ശേഷം ഈ ആഴ്ചയാണ് സംഗതി വെളിച്ചം കണ്ടത് എന്ന് മാത്രം. രാഷ്ട്രം എടുത്ത അനില്‍ സി മേനോന്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.കുറെ കാലം മുന്‍പ് ഷൂട്ട് ചെയ്തത് കൊണ്ടാകണം സുരേഷ് ഗോപിയെ കാണാന്‍ കുറച്ചു ഭേദമാണ് ഈ ചിത്രത്തില്‍.
ഈ പടമൊക്കെ ആരെങ്കിലും കാണുമോ അണ്ണാ . ചുമ്മാ സമയം പാഴാക്കാന്‍ ....
അനിയാ വലിയ പരസ്യവും ബഹളവും ഇല്ലാതെ ഒരു നല്ല സിനിമ വന്നാല്‍ അത് ജനങ്ങളിലേക്ക് എത്തിക്കേണ്ട ഒരു മിനിമം ഉത്തരവാദിത്വം ഈ നിരൂപണം നടത്തുന്നു എന്ന് അവകാശപ്പെടുന്ന യോഗ്യന്മാര്‍ക്ക് ആര്‍ക്കും ഇല്ലേ? (നീയടക്കം ?).അല്ലാതെ ഈ കൊട്ടിഘോഷിക്കപ്പെടുന്ന പടങ്ങള്‍ മാത്രം കണ്ടാല്‍ നീയും ഈ ബൂലോകത്തെ കുഴല് ഊത്തുകാരും തമ്മില്‍ എന്താടെ വ്യത്യാസം?
അല്ല .. അത് പിന്നെ ... അപ്പോള്‍ ഈ പടം
എടേ മുന്‍പ് പറഞ്ഞതാണ് ഹിന്ദി സിനിമയില്‍ എണ്‍പതുകളില്‍ മിഥുന്‍ ചക്രവര്‍ത്തി കത്തി നിന്ന കാലത്താണ് ഗോവിന്ദ എന്ന നടന്‍ വരുന്നത്. മിഥുന്‍ കാണിച്ചിരുന്ന സംഗതികള്‍ കുറച്ചു കൂടി ചെറിയ സെറ്റ്അപ്പില്‍ ചെയ്തു വന്ന ഗോവിന്ദയെ പാവപ്പെട്ടവരുടെ മിഥുന്‍ എന്നാണ് ആദ്യ കാലത്ത് വിളിച്ചു പോന്നത്.അങ്ങനെ നോക്കിയാല്‍ ഈ ചിത്രം മൊത്തത്തില്‍ ഒരു പാവപ്പെട്ടവരുടെ ചിത്രമായി കാണാം (കാശില്ലാത്തത് കൊണ്ടുള്ള ദാരിദ്ര്യം വേറെ).പാവപ്പെട്ടവരുടെ ഷാജി കൈലാസായ അനില്‍ സി മേനോന്‍,പാവപ്പെട്ടവരുടെ മമ്മുട്ടി ആയ സുരേഷ് ഗോപി (മമ്മൂട്ടി - എം ടി = സുരേഷ്ഗോപി എന്നാണ് എന്‍റെ വിശ്വാസം ),പാവപ്പെട്ടവരുടെ ലക്ഷ്മി റായ് എന്ന് വിളിക്കാവുന്ന പുതുമുഖ നടി യാമിനി ശര്‍മ,പാവപ്പെട്ടവരുടെ ബാബുരാജ് എന്ന് പറയാവുന്ന നല്ല തടിയുള്ള നടന്‍ (പേരറിയില്ല മാടമ്പി എന്ന സിനിമയില്‍ മോഹന്‍ലാലുമായി അടി കൂടുന്ന പോലീസ്.ലാലിനേക്കാള്‍ തടിയുള്ള ഒരു പക്ഷെ മലയാളത്തിലെ ഏക നടന്‍),പാവങ്ങളുടെ സിദ്ധിക്ക് ആയ അനില്‍ മുരളി,പാവങ്ങളുടെ സായികുമാറായ രാജീവന്‍ (എഫ് ഐ ആര്‍ലെ വില്ലന്‍ നരേന്ദ്രഷെട്ടി ),പാവങ്ങളുടെ ഭീമന്‍ രഘു അബു സലിം ഇങ്ങനെ കുറെ പാവങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.പിന്നെ മുഖ്യമന്ത്രി ആയി പതിവ് പോലെ ജനാര്‍ദ്ധനനും നായകന്‍റെ ചേട്ടനായി നെടുമുടി വേണുവും നായകന്‍റെ മരിച്ചു പോയ ഭാര്യ ആയി ലക്ഷ്മി ശര്‍മയും ഒക്കെ മിന്നി മറയുന്നുണ്ട് ഈ ചിത്രത്തില്‍ .
അല്ല ഈ ചിത്രത്തിലെ കഥ ...?
സുരേഷ് ഗോപി ചിത്രത്തിന്റെ കഥ ചോദിക്കുന്ന നിന്നെയൊക്കെ ......എടാ സുരേഷ് ഗോപിയുടെ വിജയചിത്രങ്ങളുടെ എല്ലാം കഥ ഒന്ന് തന്നെയാണ്.അത് വേണ്ട പോലെ അവതരിപ്പിക്കാന്‍ അറിയാം എന്നതാണ് രണ്‍ജി പണിക്കരുടെ വിജയം,അത് കഴിയാതെ പോകുന്നതാണ് മറ്റു പല ചിത്രങ്ങളെ പോലെയും ഈ ചിത്രത്തിന്റെയും പരാജയ കാരണം.എന്‍റെ ഒരു ധാരണ, ഈ മലയാളി ചുമ്മാ തോക്ക് ഗോപി ഷിറ്റ് ഗോപി എന്നൊക്കെ പറയും എങ്കിലും അടിസ്ഥാനപരമായി മേലുദ്യോഗസ്തനോടും ഭരണകര്‍ത്താക്കളോടും ഫ്ഭ പുല്ലേ എന്ന് പറയുന്ന രോഷാകുലനായ നായകനെ ഇഷ്ടപ്പെടുന്നവരാണ്.മറ്റു പലരും, മമ്മൂട്ടി (ആവനാഴി വിട്ടേരെ) മുതല്‍ പ്രിഥ്വിരാജ് വരെയുള്ളവര്‍ നോക്കിയിട്ട് നടക്കാത്തതാണ് ആ സംഭവം എന്നത് പ്രത്യേകം സ്മരണീയം ആന്നേ,ഈ ചിത്രത്തില്‍ കൊച്ചി നഗരത്തെ വരിഞ്ഞു മുറുക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയും ജില്ല കലക്ടര്‍ അവിനാഷ് വര്‍മയും തമ്മിലുള്ള യുദ്ധമാണ് വിഷയം.റിയല്‍ എസ്റ്റേറ്റ് മാഫിയ ആയി ന്യൂ ഇന്ത്യന്‍ ബില്‍ഡേഴ്സ് ഉടമ ജോണ്‍ വില്യംസ് (അനില്‍ ആദിത്യന്‍) കൊച്ചിയിലെ ഭൂ മാഫിയയുടെ തലവനാണ് .താത്പര്യമുള്ള ഭൂമി പണവും,കയ്യൂക്കും,മറ്റെന്തു മാര്‍ഗ്ഗവും കൊണ്ട് സ്വന്തമാക്കുന്ന വില്യംസിന് കൂട്ടായി ജലസേചന മന്ത്രി മാത്തച്ചന്‍ (കലാശാല ബാബു ),കൊച്ചിയുടെ പോലീസ് കമ്മീഷണര്‍ ജോര്‍ജ് മാത്യൂസ് (ബാബു രാജ് ), കൊച്ചി മേയര്‍ സീതാലക്ഷ്മി (മോഹിനി) എന്നിവര്‍ ഉണ്ട് .ഭൂമികള്‍ സ്വന്തമാക്കാനായി വില്യംസ് കൊലപാതങ്ങള്‍ പലത് ചെയ്യുന്നു .കൊച്ചിയില്‍ ആകെ മരണത്തിന്റെ ഗന്ധമാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി (ജനാര്‍ദ്ധനന്‍ ), അതിനു ഒരു പരിഹാരം കാണുവാന്‍ ഡല്‍ഹിയില്‍ നിന്നും അവിനാഷ് വര്‍മ്മ ഐ എ എസ് (സുരേഷ് ഗോപി) കൊച്ചിയിലെ കലക്ടര്‍ ആയി നിയമിക്കുന്നു .എ സി പി രേവതി (യാമിനി ശര്‍മ്മ ), സി ഐ സോമന്‍ (നേരത്തെ പറഞ്ഞ പാവങ്ങളുടെ ബാബു രാജ് ) , എന്നിവരുടെ സഹായത്തോടെ അവിനാഷ് വില്യംസ്സിന് എതിരെ നീക്കങ്ങള്‍ ആരംഭിക്കുന്നു.കൊല്ലപ്പെട്ട ഒരു നമ്പൂതിരി കുടുമ്പത്തിന്റെ ഇല്ലം സ്വന്തമാക്കാന്‍ വ്യാജ രേഖകള്‍ ചമയ്ക്കുന്ന വില്ല്യംസിനെ അവിനാശ് അറസ്റ്റ് ചെയ്യുന്നു .ലോക്കപ്പില്‍ വെച്ച് ആസ്ത്മാ രോഗിയായ വില്യംസ് മരിക്കുന്നു.പ്രതികാരത്തിനായി അയാളുടെ മൂത്ത സഹോദരന്‍ ജോണ്‍ ക്രിസ്റ്റഫര്‍ (രാജീവന്‍ ) കൊച്ചിയില്‍ എത്തുന്നു .പിന്നെ അവിനാശിന്റെ ജീവിതം കൂടുത സംഘര്‍ഷ ഭരിതവും,പ്രശ്ന സങ്കീര്‍ണ്ണവുമാകുന്നു .
അപ്പൊ പതിവ് പൊളിറ്റിക്കല്‍ മസാല എന്ന് എഴുതാം ,അല്ലെ അണ്ണാ ?
ഡേ , സുരേഷ് ഗോപി പൊളിറ്റിക്കല്‍ സിനിമകളില്‍ രണ്‍ജി പണിക്കര്‍ കൊണ്ട് വരാറുള്ള ഒരു ഫയര്‍ ഉണ്ട് .അതില്ലാത്ത , ചെറിയ ചെറിയ സ്പാര്‍ക്കുകള്‍ മാത്രമുള്ള ഒരു പൊളിറ്റിക്കല്‍ മസാല എന്ന് കാച്ചിക്കോ ?
ഡയലോഗുകള്‍ ?
തീ പാറുന്ന ഡയലോഗുകള്‍ ഒന്നുമില്ല.പക്ഷെ ജല ക്ഷാമം രൂക്ഷമാക്കി ,ഭൂമിയുടെ വില ഇടിച്ച് വന്‍തോതില്‍ അത് സ്വന്തമാക്കി ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉയര്‍ത്തുന്ന (ഫ്ലാറ്റുകളും വില്ലകളും വന്നു കഴിഞ്ഞാല്‍ പിന്നെ അവിടെ ജലക്ഷാമം തീരെ ഇല്ല ) പരിപാടി പോലുള്ള ചില സത്യങ്ങളെക്കുറിച്ച് നമ്മളെ ചിന്തിപ്പിക്കുവാന്‍ പോന്ന ഡയലോഗുകള്‍ പടത്തില്‍ അവിടിവിടെ ഉണ്ട് .
സുരേഷ് ഗോപി ?
സ്ക്രിപ്റ്റ് ആവശ്യപ്പെടുന്ന ഫയര്‍ അങ്ങേര്‍ അവിനാശ് വര്‍മ്മ എന്ന കഥാപാത്രത്തില്‍ കൊണ്ട് വന്നിട്ടുണ്ട് .സ്ക്രിപ്റ്റ് അത് ഒരുപാട് ആവശ്യപ്പെടാത്തത് അങ്ങേരുടെ കുറ്റം അല്ലല്ലോ.പിന്നെ അനിയാ , ഒരു പോലീസ് ഫോര്‍സ്സിനോട് "ഐ അം ദി ക്യാപ്ടന്‍ ഓഫ് ദി ടീം ആന്‍ഡ് യു വില്‍ ഒബേ മൈ ഓര്‍ഡേര്‍സ് ' എന്ന് അജ്ഞാശക്തിയോടെ പറയുന്ന റോളുകള്‍ സ്ക്രീനില്‍ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ഇന്ന് സുരേഷ് ഗോപിയെ കഴിഞ്ഞേ മലയാളത്തില്‍ ആളുള്ളൂ .അത് ഒരു സത്യമാണ് . ഈ സിനിമയില്‍ ആ കഴിവ് പൂര്‍ണ്ണമായും ഉപയോഗിക്കാത്തത് അനില്‍ സി മേനോന്റെയും,തിരക്കഥയുടെയും കുഴപ്പം.
വില്ലന്‍ ?
സ്റ്റൈല്‍,ഡയലോഗുകള്‍ (വിജയ് മേനോന്‍ ഡബ്ബിംഗ് ചെയ്യുന്നു ) എന്നിവയ്ക്ക് രാജീവന്‍ സ്ക്രീനില്‍ കൊള്ളാം .പക്ഷേ സുരേഷ് ഗോപി പടങ്ങളില്‍ വില്ലന്റെ അവതരണത്തിന് ചില രീതികള്‍ ഒക്കെയുണ്ട്.ഷാജി -രണ്‍ജി -സുരേഷ് ഗോപി പടങ്ങള്‍ ഒരു നാലെണ്ണം മര്യാദ്യക്ക് ഇരുന്ന് കണ്ടിരുന്നെങ്കില്‍ അനില്‍ സി മേനോന് ഒരു പക്ഷെ അത് മനസിലായേനെ.എഫ് ഐ ആര്‍ എന്ന സിനിമയില്‍ നരേന്ദ്ര ഷെട്ടി എന്ന വില്ലന്‍ സ്ക്രീനിലേക്ക് ആദ്യം വരുന്ന സീന്‍ പോലെ തന്നെയുള്ള ഒരു സീനാണ് ഇതില്‍ ജോണ്‍ ക്രിസ്റ്റഫറിന്റെ ആദ്യ വരവും.പക്ഷേ അതിനു മുന്‍പുള്ള ബിള്‍ഡ് അപ്പ്, ആ സീനിലെ സാഹചര്യങ്ങള്‍ ,ഇതൊക്കെ വീക്കാ.അങ്ങനെയുള്ള പ്രശങ്ങള്‍ ഈ പടത്തില്‍ ഉടനീളം ഉണ്ട് .ഒരല്‍പം സമകാലീന രാഷ്ട്രീയം പോലും ഇല്ലാതെ എന്തോന്ന് സുരേഷ്ഗോപി ചിത്രം ?
അവസാനം നായകനും വില്ലനും ബാബുരാജും കുറെ പുതിയ പിള്ളേരും ഒരു ഗ്രാഫിക്സ് ഹെലിക്കോപ്പ്റ്ററും ഒക്കെ ഉള്‍പ്പെട്ട ഒരു രംഗവും അതിനോടനോട് അനുബന്ധിച്ചുള്ള വെടിവെപ്പ് മത്സരത്തോടെയുമാണ് ആണ് ചിത്രം അവസാനിക്കുന്നത് (വെടി വെക്കുമ്പോള്‍ തോക്കില്‍ നിന്നും തീ വരുന്നത് സ്പീല്‍ബെര്‍ഗ് ചിത്രങ്ങളെ വെല്ലുന്ന ഗ്രാഫിക്സ്ലൂടെ ആണ് കാണിച്ചിരിക്കുന്നത് ) .ഈ മലയാള സിനിമയിലെ വെടി വയ്പ്പ് മത്സരം (പ്രത്യേകിച്ചു ക്ലൈമാക്സ് അടിപ്പിച്ചുള്ളത് ) ഈ സൂപ്പര്‍ താര പദവിയിലേക്കുള്ള യാത്ര പോലെ ആണെന്ന് പലപ്പോഴും തോന്നാറുണ്ട്.ആദ്യം കുറെ നേരം നായകനോ വില്ലനോ എത്ര നേരം ആര്‍ക്കിട്ട് വെടി വെച്ചാലും കൊള്ളില്ല.ഒരെണ്ണം എങ്ങാനും കൊണ്ട് കിട്ടിയാലോ പിന്നങ്ങോട്ട് മുകളിലോട്ടു വെടി വെച്ചാല്‍ പോലും ഒരുത്തന്‍ ചത്തു വീണു കളയും!!!
ഷൂട്ടിംഗ്നു ഇടയില്‍ നായികക്ക് കണ്ണ് ദീനം പിടിപെട്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . രാത്രി മുറിയില്‍ വെച്ച് നടക്കുന്ന രംഗങ്ങളില്‍ പോലും കൂളിംഗ് ഗ്ലാസ് ധരിക്കുന്നതിനു വേറെ കാരണമൊന്നും തോന്നുന്നില്ല.പാവം കൊച്ചു!! (നായിക) അത് ഏതാണ്ട് കടിച്ചു പൊട്ടിക്കുന്ന പോലെയാണ് ഡയലോഗ് പറയുന്നത് പോലും !!!!പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ക്ലൈമാക്സിലെ ഭീകരമായ ഒരു ട്വിസ്റ്റ്. അതുവരെ വില്ലന്മാരുടെ ഒപ്പം ഗ്വാ ഗ്വാ മുഴക്കി നിന്ന പോലീസ് കമ്മിഷണര്‍ ബാബുരാജ്(ഒര്‍ജിനല്‍ -പാവങ്ങളുടെ അല്ല ) രാഷ്ട്രീയക്കാരെ വെല്ലുന്ന രീതിയില്‍ കൂറ് മാറുകയും നായകനോടൊപ്പം അവസാനത്തെ വെടി വെപ്പ് മത്സരത്തില്‍ സ്വമേധയാ പങ്കെടുത്തു ഭീകര ഭാവാഭിനയതോടെ വീരചരമം പ്രാപിക്കുന്നും ഉണ്ട് (ഇരിക്കട്ടെ നമുക്കും ഒരു ട്വിസ്റ്റ്).
അപ്പോള്‍ ചുരുക്കത്തില്‍ ....
സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഏറെ കാലം പെട്ടിയിലിരുന്ന ഒരു പടത്തെ പറ്റി ലോകനിലവാരം പുലര്‍ത്തിയില്ല എന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ.വലിയ ഹിറ്റുകള്‍ ഒന്നും അടുത്തകാലത്തായി നല്‍കിയിട്ടില്ലാത്ത ഒരു താരം അഭിനയിക്കുന്ന കാലം തെറ്റി വന്ന, ഒരു ശരാശരി സുരേഷ്ഗോപി ചിത്രം എന്ന് ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച് പറയാം.പക്ഷെ ആദ്യ ദിവസങ്ങളില്‍ ആണെങ്കില്‍ പോലും തിയറ്ററില്‍ കണ്ട ജനവും (കൂട്ട ഇടി ആണെന്നല്ല ഈ പറഞ്ഞതിന് അര്‍ഥം) അവരുടെ പ്രതികരണവും ഇനിയും ഒരു ഷാജി - രണ്‍ജി - സുരേഷ് ഗോപി ചിത്രത്തിനുള്ള പ്രസക്തി വിളിച്ചു പറയുന്നതാണ്
മമ്മൂട്ടി - എം ടി = സുരേഷ്ഗോപി എന്നാണ് എന്‍റെ വിശ്വാസം.
ReplyDeleteഹഹ.. അത് കൊള്ളാം.
നല്ല റിവ്യൂ പ്രേക്ഷകാ..
കുറച്ചു മുമ്പാണ് ഈ സിനിമ റിലീസായ്തെങ്കില്‍ സുരേഷ് ഗോപിക്ക് ഒരു ഹിറ്റ് കിട്ടിയേനെ കാരണം
ReplyDeleteഒരു പുതുമയുമില്ലാത്ത, കൃത്യമായ തിരക്കഥയില്ലാത്ത ഈ സിനിമയെ പ്രേക്ഷകര്‍ക്ക് ബോറടിപ്പിക്കാതെയും ഒരു പരിധിവരെ ആസ്വദിക്കാന്‍ പാകത്തിനാണ് ചെയ്തിരികുന്നത് അതില്‍ അനില്‍ സി മേനോന്‍ എന്ന സംവിധായകന്‍ പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
പേരറിയില്ല മാടമ്പി എന്ന സിനിമയില്‍ മോഹന്‍ലാലുമായി അടി കൂടുന്ന പോലീസ്.ലാലിനേക്കാള്‍ തടിയുള്ള ഒരു പക്ഷെ മലയാളത്തിലെ ഏക നടന്‍
ReplyDelete^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
Is it Biju Pappan?
Churukki paranjal mattoru RSS chithram, alle?
ReplyDeleteസുരേഷ് ഗോപി ഒരു ഹിറ്റില്ലാതെ കിടന്നു കരയുകയാണല്ലോ എന്താ ഇപ്പം ചെയ്ക രാഷ്ട്രം സം വിധാനം ചെയ്ത അനില്‍ സീ മേനോന്‍ ഒട്ടും മുന്നോട്ടു വന്നിട്ടില്ല ഞെരിപ്പ് ഡയലോഗ് എഴുതാന്‍ കഴിവുള്ളവരെ കണ്ടുപിടിച്ചേ പറ്റു
ReplyDelete