Showing posts with label ചര്‍ച്ച .അഭിപ്രായം. Show all posts
Showing posts with label ചര്‍ച്ച .അഭിപ്രായം. Show all posts

Thursday, August 30, 2012

റണ്‍ ബേബി റണ്‍ (RUN BABBY RUN :Review )

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌....... തമ്പാനൂര്‍ ബസ്‌ സ്റ്റാണ്ടിനു സമീപം വെളുത്തു കൊഴുത്ത സുമാര്‍ നൂറു കിലോ തുക്കം വരുന്ന ഒരു വസ്തു കളഞ്ഞു കിട്ടിയിട്ടുണ്ട് ഉടമസ്ഥര്‍ തെളിവ് സഹിതം ബന്ധപ്പെടാന്‍ അപേക്ഷിക്കുന്നു .
..............................
...............................

എന്തുവാടെ പുറത്തൊരു ബഹളം?

അണ്ണന്‍ കുറച്ചു മുന്‍പേ ഒരു അറിയിപ്പ് കേട്ടില്ലായിരുന്നോ? ദീര്‍ഘ കാലമായി മലയാളികള്‍ക്ക് നഷ്ട്ടപെട്ടിരുന്ന ലാലേട്ടനെ രണ്ടു ദിവസം മുന്‍പ് തികച്ചു യദ്രിചികമായി തിരികെ കിട്ടി.അതിന്‍റെ ആഘോഷമാണ് ഈ കേള്‍ക്കുന്നത് .

തന്നേടെ? എപ്പോള്‍? എങ്ങനെ?

നിങ്ങള്‍ ഈ ലോകതോന്നുമല്ലേ ജീവിക്കുന്നത് യുഗ പ്രഭാവനായ ജോഷി സംവിധാനം ചെയ്ത , സച്ചി - സേതുവിലെ സച്ചി കഥ എഴുതിയ,താര റാണി അമലാ പോള്‍ നായികയായ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് ലാലേട്ടന്‍ ഈ മഹാ അത്ഭുദം കാണിച്ചിരിക്കുന്നത്. നായക സ്ഥാനം അലങ്കരിക്കുന്നതിന്‌ പുറമേ ഒരു ഗാനം കൂടി പാടി നമ്മെ അനുഗ്രഹീതര്‍ ആക്കിയിരിക്കുന്നു അദേഹം .

ജോഷി എന്ന സംവിധായകനില്‍ നിന്നും നല്ലൊരു തിരകഥ കൃത്ത് കൂടെയില്ലെങ്കില്‍ ഒന്നും പ്രതീക്ഷികണ്ട എന്നതാണ് എന്‍റെ സ്വന്തം അഭിപ്രായം.(ഭൂപതി മുതല്‍ സെവന്‍സ് വരെ നോക്കിയാല്‍ ഇതു മനസിലാകും) മോഹന്‍ലാലിന്‍റെ അവസാന നല്ല ചിത്രം എന്ന് പറയാവുന്ന നരന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്നതാണ് ജോഷിയില്‍ ഞാന്‍ കാണുന്ന വിശേഷം .(അപ്പോളും തിരകഥകൃത്ത് രഞ്ജന്‍ പ്രമോദ് ആയിരുന്നു എന്നോര്‍ക്കുക).പിന്നെ ലാലേട്ടന്‍ .അദേഹം അടുത്ത കാലത്തായി തന്‍റെ ചിത്രങ്ങളില്‍ അഭിനയികുകയല്ലല്ലോ വേറെ എന്തോ ആണല്ലോ ചെയ്യുന്നത്.ചുരുക്കത്തില്‍ കളി സച്ചിയുടെ കൈയില്‍ ആണെന്ന് ചുരുക്കം.സിനിമ കാണുന്നതിനു മുന്‍പ് എനിക്ക് സത്യത്തില്‍ ബഹുമാനം തോന്നിയത് ഇവര്‍ ആരോടും അല്ല താപ്പാനയുടെ നിര്‍മാതാവ് മിലന്‍ ജലീല്‍ ആണ് ഈ ചിത്രവും നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കണ്ടപ്പോള്‍ ആണ് .ഒരു സൂപ്പര്‍ താര ചിത്രം തന്നെ റിസ്ക്‌ ആയ ഈ കാലത്ത് ഒരുമിച്ചു രണ്ടു സുപ്പര്‍ താര ചിത്രങ്ങള്‍ ......ധൈര്യം തന്നെ

നിങ്ങള്‍ ഇങ്ങനെ കാടു കേറാതെ സിനിമയുടെ വിശദാംശങ്ങളിലേക്ക് കടക്കാമോ ?

ശരി,കഥ തുടങ്ങുന്നത് ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ്.പിച്ചയായ ഒരു ചാനല്‍.പിച്ച എന്ന് വെച്ചാല്‍ പരമ പിച്ച.ശമ്പളം കൊടുക്കാന്‍ ലേഡി സ്റ്റാഫിനെ ഉന്നതന്മാരുടെ വീട്ടിലേക്കയച്ചു അവരുടെ അശ്ലീല രംഗങ്ങള്‍ നേരത്തെ റെക്കോര്‍ഡ്‌ ചെയ്തത് (സംഗതി ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നതാണ്)കാണിച്ചു ബ്ലാക്ക്‌ മെയില്‍ ചെയ്തു കാശു വാങ്ങിയാണ് ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് തന്നെ.(ഉന്നതന്‍ എന്ന് വെച്ചാല്‍ ഡി വൈ എസ് പി യില്‍ കുറഞ്ഞൊന്നും ഇല്ല).ഋഷി (ബിജു മേനോന്‍) ആണ് പ്രസ്തുത ചാനല്‍ ഉടമ .നാട്ടിലെ പ്രധാന ചാനല്‍ ആണ് ഭാരത് വിഷന്‍ അവിടന്ന് ചാടിയാണ് ഋഷി പുതിയ ചാനല്‍ തുടങ്ങിയത്.ഇനി ഭാരത് വിഷനിലേക്ക് അവിടെ മുതലാളി കൃഷ്ണകുമാര്‍ ആണെങ്കിലും കാര്യങ്ങള്‍ മൊത്തം നിയന്ത്രിക്കുന്നത്‌ സീനിയര്‍ എന്തോന്നോ ആയ രേണുക (അമല പോള്‍ ) ആണ്.

എന്നിട്ട് ....

ഇനിയാണ് നമ്മുടെ നായകന്‍ വരുന്നത് .വേണു (മോഹന്‍ലാല്‍ ) എന്ന ക്യാമറമാന്‍ ആണ് സംഗതി .ഇദ്ദേഹത്തെ പറ്റി പറഞ്ഞാല്‍ (ലാലേട്ടന്‍ തെങ്ങ് കയറ്റക്കാരനോ,പട്ടിപിടുത്തക്കാരനോ ആയി അഭിനയിച്ചാല്‍ പോലും പ്രസ്തുത ജോലി ഇദ്ദേഹത്തെക്കാള്‍ നന്നായി ചെയ്യാന്‍ ഇന്ത്യയിലോ ഭൂമിയിലോ ചൊവ്വായിലോ പോലും ആരും ഉണ്ടാകില്ല എന്ന നിയമം എവിടെയും പാലിക്കപ്പെട്ടിട്ടുണ്ട് (അല്ല പിന്നെ !!)) അങ്ങേരൊരു സംഭവമാണ്.കാര്‍ഗില്‍ മുതല്‍.മുംബൈ ആക്രമണം വരെ അതി സാഹസികമായി ലൈവ് പിടിച്ചത് ഇങ്ങേര്‍ ആണ്.ഈ ലോകത്തെ ഏതു ക്യാമറമാനും മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന കാശു ഇങ്ങേര്‍ ഒരൊറ്റ പരിപാടിയില്‍ ഉണ്ടാക്കും.രോയിട്ടെരിലെ സ്റ്റിംഗ് ഓപ്പറെഷന്‍ വിദഗ്ധനാണ് ഇദേഹം ഇപ്പോള്‍.ഒരു കേസിന്‍റെ ആവശ്യത്തിനായി കേരളത്തില്‍ എത്തുകയാണ് ഇദേഹം.ചുരുക്കത്തില്‍ പറഞ്ഞാല്‍ സംഗതി പഴയ ഷാജി - രഞ്ജിത് സംഭവം ഒരു ന്യൂ ജെനറെഷന്‍ കുപ്പിയില്‍ ഇറക്കാനുള്ള പരിപാടി ആണ് എന്ന് ചുരുക്കം.

അങ്ങനെ പറയരുത് .ലാലേട്ടന്‍ പണ്ട് ബാലേട്ടനായി വന്നപ്പോള്‍ ജനങ്ങള്‍ സ്വീകരിച്ചില്ലേ. അതില്‍ മീശ പിരിയും,തറവാട് ,ക്ഷേത്രം,ആന, കിണ്ടി, കുളം തുടങ്ങിയ ബിംബങ്ങളും ഇല്ലായിരുന്നു എന്നതല്ലേ കാരണം ?

ഉലക്കെടെ മൂട്.അനിയാ,ആ സിനിമയില്‍ ഉണ്ടായിരുന്നത് എന്ന് ഞാന്‍ കരുതുന്ന പുതുമ ഇതൊന്നുമല്ല മറിച്ചു, നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനോടു അയാളുടെ സ്വന്തം നാട്ടില്‍ വെച്ച് "പോട്ടെഡാ ബാലേട്ടാ" എന്ന് ഉറച്ച സ്വരത്തില്‍ പറഞ്ഞു നടന്നു നീങ്ങുന്ന റിയാസ് ഖാന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ബാലേട്ടനാണ്.അത് പോട്ടെ കാടു കേറാതെ നമുക്ക് ഈ സിനിമയിലേക്ക് വരാം. പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അത് ഷൂട്ട്‌ ചെയ്തു മിടുക്കനാകാനും ഉള്ള നായകന്‍റെ കഴിവ് കാണിച്ചു കൊണ്ടാണ് വേണു ചിത്രത്തിലേക്ക് വരുന്നത്.(ആചാരത്തിന്‍റെ ഭാഗമായി നാട്ടുകാര്‍ എല്ലാം അതിനു മുന്‍പ് "വേണു സാര്‍ ആണോ ഇതു കവര്‍ ചെയ്യുന്നത് ? എന്നാല്‍ ഇതൊരു സംഭവം ആകും അദേഹത്തെ കാണുന്നില്ലല്ലോ " എന്നൊക്കെ പറയുന്നുണ്ട്).മന്ത്രിയുടെ നേരെ ഒളിച്ചിരുന്ന് ഷൂ വലിച്ചെറിഞ്ഞു ലാത്തി ചാര്‍ജ് ഒരുക്കി അത് ഷൂട്ട്‌ ചെയ്തു മിടുക്കനകുന്ന നായകന്‍ ഇങ്ങനെയാണോ വലിയ സംഭവം ആകുന്നത്‌ എന്ന് നമുക്ക് തോന്നാം .പക്ഷെ അത് പുറത്തു കാണിക്കരുത് (അല്ലെങ്കിലും ജോഷിയും - ലാലും ഒക്കെ ആകുമ്പോള്‍ അങ്ങനെ പലതും കാണും അതിന്?)

ഇനി ഒരല്‍പം ഫ്ലാഷ് ബാക്ക്.കണ്ടാല്‍ രണ്ടു പിച്ചക്കാരെ പോലെ തോന്നിക്കുന്ന തിരകഥാ ക്രിത്തുക്കളായ ആള്‍ക്കാരോട് തന്‍റെ ഞെട്ടിക്കുന്ന ഫ്ലാഷ് ബാക്ക് പറയുകയാണ് നായകന്‍ .

സംഗതി ഇത്രയെ ഉള്ളു. പണ്ട് (അന്നും ഇങ്ങേര്‍ സംഭവം ആണ് ) രേണുകയെ പോലീസ് തടയുമ്പോള്‍ (അകത്തേക്ക് പോകാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ മൈന്‍ഡ് ചെയ്യാതെ തള്ളി കേറുന്നവരെ പിന്നെ എന്ത് ചെയ്യണം ആവൊ ?) ഇടപെട്ടു ഷൈന്‍ ചെയുന്ന നായകന്‍.പോലീസുമായി അടികൂടുന്നതിനിടയില്‍ അടി കൊണ്ട് ഒരു ചെവിയുടെ കേള്‍വി നഷ്ട്ടപ്പെടുന്നു.(ഈ കേള്‍വി ശക്തി പോകുന്നതിനു സിനിമയില്‍ എന്തെങ്കിലും പ്രസക്തി കാണും എന്ന് കരുതുന്നവന്‍ ദയവായി പേര് ശശി എന്ന് മാറ്റിയതിനു ശേഷം കാത്തിരിപ്പു തുടരുക!))അപ്പോള്‍ ഇനി നിങ്ങള്ക്ക് പ്രേമിക്കാമല്ലോ എന്ന് ബിജു മേനോന്‍ പറയുന്നത് കേട്ട് പുഞ്ചിരിക്കുന്ന ലാലിനെ കാണുമ്പോള്‍ രേണുകയ്ക്കു തനിക്കീ ഭാഗ്യം ലഭിച്ചല്ലോ എന്ന ഭാവം.പിന്നെ സ്വല്പ്പ നേരം മുടിഞ്ഞ പ്രണയമാണ്.ഒരു ഒഴിഞ്ഞ വീട്ടില്‍ കൊച്ചിനെ കൊണ്ട് പോയി ലാലേട്ടന്‍ ഉരുട്ടി പിടിക്കുന്നു പശ്ചാത്തലത്തില്‍ അദേഹം പാടിയ ഒരു പാട്ടും.(പഴയ ഉച്ചപടത്തിലെ പ്രതാപചന്ദ്രനേയും അഭിലാഷയെയും ഈ രംഗങ്ങളില്‍ നിങ്ങള്ക്ക് ഓര്മ വന്നില്ലങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ ആ കാലത്ത് ജനിച്ചിട്ടില്ല അല്ലെങ്കില്‍ ഉച്ച പടത്തിനു പോകാന്‍ പേടിയായിരുന്നു !!!).മുന്നറിയിപ്പ് : ഇവിടെ ഉദേശിക്കുന്നത് ജോഡി പോരുത്തമാണ്.മറ്റേതല്ല


അങ്ങനെ അതൊക്കെ വല്ല വിധേനയും കഴിഞ്ഞു ഇവരുടെ കല്യാണം തീരുമാനിക്കുന്നു.കല്യാണ തലേന്ന് രേണുകയുടെ ബന്ധുവായ അഡ്വ.മണിലാല്‍ (ഇങ്ങേര്‍ക്ക് കോടതിയിലോന്നും പോകണ്ട മൊത്തം എക്സ്ക്ലുസിവ് വാര്‍ത്തകളുടെ മൊത്ത വിതരണമാണ് ) രേണുകയെ വിളിച്ചു പ്രമുഖ നേതാവ് ഭരതന്‍ പിള്ള (സായി കുമാര്‍) രാജ്യസഭ സീറ്റ് വ്യവസായിയായ കര്‍ത്തക്ക് വിറ്റിട്ട് കാശു കൈ പറ്റുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യാന്‍ ക്ഷണിക്കുന്നു. കേട്ട പാതി രേണു - വേണുമാര്‍ ഓടിയെത്തി രംഗം ചിത്രീകരിക്കുന്നു (സ്വിസ് ബാങ്കും,വയര്‍ ട്രാന്‍സ്ഫറും ഒക്കെയുള്ള ഈ കാലത്തും ഭരതന്‍ പിള്ളയും കര്‍ത്തായും കാശു നേരിട്ട് എണ്ണി കൊടുത്താണ് കച്ചവടം !!)ഫ്രിഡ്ജിനകത്ത് കാശു കൊണ്ട് വരുന്ന രംഗങ്ങള്‍ ആരാധകരെ പുളകം കൊള്ളിക്കും എങ്കിലും ബാലിശം എന്നാണ് എനിക്ക് തോന്നിയേ. (ക്ഷമി !! അനിയാ.)സംഗതി കഴിഞ്ഞതോടെ രേണുക നിഗൂഡ സാഹചര്യത്തില്‍ അപ്രത്യക്ഷ ആകുകയും പ്രസ്തുത ക്ലിപ്പും നോക്കി ചാനല്‍ ലോഞ്ച് ചെയനിരുന്ന ഋഷി,ശശി ആകുകയും ചെയുന്നു.സംഗതി ഭാരത് വിഷനില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.രേണുകയ്ക്കു അവിടെ കിടിലം ജോലിയും കിട്ടുന്നു.ചതി മനസിലാക്കുന്ന വേണു ഭാരത് വിഷനിലെത്തി നായികക്ക് ചെകിടത്ത് ഒരടി കൊടുത്തു ഡല്‍ഹിയിലേക്കു മടങ്ങി പോകുന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഇപ്പോള്‍ നാട്ടില്‍ എത്തുന്നത്‌ .

അണ്ണാ ഇതു തന്നെയല്ലേ മറ്റേ ഗ്രാന്‍ഡ്‌ മാസ്റ്റെരിലും ...ചതിക്കുന്ന നായിക, തകരുന്ന ബന്ധം,സത്യം അവസാനം മനസിലാക്കി ഒന്നിക്കുന്ന ലൈന്‍

പക്ഷെ ഒരു വ്യത്യാസമുണ്ട്.ഇതില്‍ നായിക അദേഹത്തെ പോലെ ഒരു പുരുഷ സ്വരൂപത്തെ ഈ നാട്ടില്‍ കിട്ടാത്തതിനാല്‍ എനിക്കിനി ഈ ജീവിതത്തില്‍ വേറൊരു പുരുഷന്‍ ഇല്ല എന്ന് പ്രഖ്യപിക്കുന്നില്ല (എന്ന് കരുതി വേറെ ഒരുത്തനെയും ഒന്ന് നോക്കുന്നു പോലുമില്ല എന്നത് വേറെ)മാത്രമല്ല ഇതില്‍ പിന്നെ സത്യം സൗകര്യം ഒത്തു വന്നാല്‍ പറയാം എന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി ഭാരത് വിഷന്‍ ചാനല്‍ രാജ്ഞജി ആയി വീര്‍പ്പു മുട്ടി കഴിയുകയാണ് നായിക .കണ്ടില്ലെടാ വ്യത്യസ്തത?

അതൊക്കെ ശരി കഥയിലേക്ക്‌ വന്നേ റണ്‍ എവിടെ ......

അതിലെക്കല്ലേ വരുന്നേ.അപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം നാട്ടിലെത്തുന്ന വേണുവിനു വേറൊരു ഓഫര്‍ ഒരു കൊലപാതകം നടക്കും അതും സ്ഥലം സമയം എല്ലാം കൃത്യമായി അറിയാം ചുമ്മാ ചെന്ന് ചിത്രീകരിച്ചാല്‍ മതി.ചെയേണ്ടത് ഭാരത് വിഷന്‍ ചാനലിനു വേണ്ടി .കൂടെ അവരുടെ ഒരു പ്രോഗ്രാം എക്സിക്യൂട്ടീവ് കൂടി ഉണ്ടാകും .എല്ലാം സമ്മതിച്ചു കഴിയുമ്പോള്‍ ആണ് പാവം ലാലേട്ടന്‍ അറിയുന്നത് കൂടെ വരുന്നത് രേണുക ആണെന്നത് .പിന്നെ വേറെ വഴിയില്ലാത്ത അദേഹം (വാക്ക് കൊടുത്തു പോയില്ലേ !!) പണ്ട് ചില സിനിമയിലൊക്കെ ശ്രീനിവാസന്‍ പറയുന്നത് പോലെ "ഇയാള്‍ എന്നെ നോക്കി ചിരിക്കാന്‍ പാടില്ല.കരയാന്‍ പാടില്ല" എന്ന മട്ടിലുള്ള കുറേ നിബന്ധനകള്‍ വയ്ക്കുന്നു.രേണുകയുടെ ഭാവം "തന്നെ ഞാന്‍ പണ്ട് പറ്റിച്ചെങ്കില്‍ അത് എന്‍റെ മിടുക്ക്" എന്നതാണ്.ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹക്കടല്‍ ഒളിച്ചു വെച്ച് ഈ ഭാവം കാണിക്കാന്‍ കൊച്ചു കുറേ പാട് പെട്ടിട്ടുണ്ടാകും ഉറപ്പു !! അവസാനം വല്ല വിധേനെയും ഇവര്‍ പോയി കൊലപാതകം ഷൂട്ട്‌ ചെയ്യുന്നു .ഭരതന്‍ പിള്ള നേരിട്ടാണ് കൊലപാതകം നിര്‍വഹിക്കുന്നത് .കൊല്ലുന്നത് തന്‍റെ അനുയായി ആയ സുഗുണനെ (അനില്‍ മുരളി ) ആണ് .അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഭരതന്‍ പിള്ളക്ക് മനസിലാകുന്നത് സുഗുനനത് കര്‍ത്താ ഫ്രിഡ്ജില്‍ കാശുമായി വരുന്നത് എന്ന വിവരം ഒറ്റിയത് എന്ന്.ചൂടോടെ സംഗതി സംപ്രേക്ഷണം ചെയ്തു കഴിയുപോളാണ് (ഇതിനിടെ രേണുക ലാലേട്ടന്‍റെ കണ്ണ് വെട്ടിച്ചു,"ഈ പരിപാടി നിങ്ങള്‍ക്കായി കാണിക്കുന്നത് രേണുകയും വേണുവും എന്ന സൈന്‍ ഔട്ട്‌ ഡയലോഗ് കാച്ചുന്നു ) ഇതെല്ലാം ഭരതന്‍ പിള്ളയും കര്‍ത്തായും ചേര്‍ന്ന് കളിച്ച നാടകം ആയിരുന്നു എന്ന് മനസ്സിലാകുന്നത്.പരിപാടി കണ്ടു കോപാക്രാന്തരായി വരുന്ന ജനങ്ങള്‍ക്ക്‌ ഭരതന്‍ പിള്ള സുഗുണന്‍ പയര് പോലെ നടക്കുന്നത് കാണിച്ചു കൊടുക്കുന്നു.ജനരോഷം രേണുകയുടെയും വേണുവിന്‍റെയും നേരെ.അവര്‍ ഓടി ഋഷിയുടെ ഫ്ലാറ്റില്‍ അഭയം തേടുന്നു,ഫ്ലാറ്റ് വരെ ഉള്ള ഓട്ടമാണ് ഈ പടത്തിന്‍റെ പേരില്‍ പറയുന്ന റണ്‍ ബേബി റണ്‍ !!!

ഭരതന്‍ പിള്ള മുഖ്യമന്ത്രി ആകുമോ? വേണുവും രേണുകയും രക്ഷപ്പെടുമോ? രേണുക അഞ്ചു വര്ഷം മുന്‍പ് ലാലേട്ടനെ ചതിച്ചത് എന്തിനു? അവരുടെ തെറ്റിധാരണ മാറുമോ? എന്നിങ്ങനെ ഉള്ള സംഭ്രമ ജനകമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ നേരില്‍ കണ്ടു ആ അനുഭവം ഉള്‍ക്കൊള്ളുക .

അല്ല അങ്ങനെ അങ്ങ് പറഞ്ഞാലോ . ബാക്കി കാര്യങ്ങള്‍ ?

എന്തോന്ന് ബാക്കി കാര്യം ? മോഹന്‍ലാല്‍ : ഒരു നിമിഷം പോലും മാധ്യമ ലോകം മൊത്തം ബഹുമാനിക്കുന്ന ഒരു ക്യാമറമാന്‍ എന്ന നിലവാരത്തിലേക്ക് ഉയരുന്നില്ല.ഞാന്‍ ഇങ്ങനെ ഒക്കെയാണ് ബാക്കി എല്ലാരും പറയുന്ന കേട്ടില്ലേ അത് പോലെ എന്നെ അങ്ങ് ബഹുമാനിച്ചു കൊള്ളണം എന്നതാണ് അദേഹത്തിന്റെ ഒരു നയം. പ്രായം പറയുന്നില്ല (അത് പിന്നെ സൂപ്പര്‍ താരങ്ങള്‍ക്ക് രണ്ടിനും പ്രായം ഇല്ലല്ലോ ) എങ്കിലും ഒരു നിമിഷം എങ്കിലും ഒരു പക്വത വന്ന മനുഷ്യനായി ലാലിനെ കാണാന്‍ കഴിയില്ല ഈ ചിത്രത്തില്‍ .പലപ്പോഴും തികച്ചും ബാലിശം എന്ന് പറയാവുന്ന രീതിയില്‍ ആണ് ഈ കഥാപാത്രം പെരുമാറുന്നത്. ഋഷിയുടെ ഫ്ലാറ്റിലെ നായികയുമൊത്തുള്ള രംഗങ്ങള്‍ പോലുള്ളവ ഉദാഹരണം.ഇദേഹം മദ്യപാനത്തെ പ്രമോട്ട് ചെയ്യാനായി കാശു വാങ്ങിയിട്ടുണ്ടോ എന്ന സംശയം അദേഹത്തിന്‍റെ സമീപകാല ചിത്രങ്ങള്‍ തോന്നിപ്പിക്കുന്നു.ചുരുക്കത്തില്‍ കഥാപാത്രമായല്ല മറിച്ചു സുപ്പര്‍ താരം മോഹന്‍ലാലായി ആണ് അദേഹം അഭിനയിക്കുന്നത് (അത് പിന്നെ കുറച്ചു കാലമായി അങ്ങനെ തന്നെയാണല്ലോ !!)

ഇനി നായികാ അമലാ പോള്‍ : മോഹന്‍ലാലും ആയുള്ള പൊരുത്തമില്ലയിമ്മ അവിടെ നില്‍ക്കട്ടെ ,ഈ റോള്‍നു നയന്‍താര പോലെയുള്ള ഒരു നടിയായിരുന്നു നല്ലത് അഥവാ കുറേ കൂടി യോജിച്ചത് എന്നാണ് എനിക്ക് തോന്നിയത് .(വേറെ ആര്‍ക്കും തോന്നാത്തത് കൊണ്ട് അവര് രക്ഷപ്പെട്ടു !!) രേണുക എന്ന കഥാപാത്രം കണ കുണ എന്നാണ് എഴുതി വെച്ചിരിക്കുന്നത്. (അതിപ്പോള്‍ എഴുതിയത് കൊച്ചല്ലല്ലോ !!!).യാതൊരു വ്യക്തിത്വും ഇല്ലാത്ത സമീപകാല ലാല്‍ നായികാ വേഷം

ബിജു മേനോന്‍ : ഈ ചിത്രത്തിലെ ഏക ആശ്വാസം ഈ മനുഷ്യനാണ്. നന്ദിയുണ്ട് മാഷെ ഒരായിരം നന്ദി !!!

ജോഷി : നേരത്തെ പറഞ്ഞത് പോലെ അദേഹം തികച്ചും നിര്‍ഗുണന്‍ ആണ് .പാവം

സായി കുമാര്‍ /സിദ്ധിക് : ഒരു സിനിമ ആകുമ്പോള്‍ വില്ലന്മാര്‍ വേണമല്ലോ.എന്നാലും ഇങ്ങനെ കഴിവുള്ള രണ്ടു നടന്മാരെ ഇങ്ങനെ പാഴാക്കുന്നതില്‍ എനിക്ക് വിഷമം ഉണ്ട്

സച്ചി : ഈ ചിത്രത്തിലെ യഥാര്‍ഥ വില്ലന്‍.പണ്ട് ശിക്കാര്‍ ഇറങ്ങിയപ്പോള്‍ ഒരു ചോദ്യം ആരോ ചോദിച്ചിരുന്നു . ഈ ലക്ഷ്മി ഗോപാല സ്വാമി മകന് ലാലിനെ കാണിച്ചു കൊടുത്തു കഴിഞ്ഞു സ്വയം വെടി വെച്ച് ആത്മഹത്യാ ചെയുന്നതിന് പകരം ലാലിനിട്ടു നേരെ അങ്ങ് വെടി വെച്ചാല്‍ പോരായിരുന്നോ എന്ന്.അത് പോലെ ഒന്ന് ചോദിച്ചോട്ടെ ? കൊലപാതകം (നാടകം) ചിത്രീകരിച്ചു കഴിഞ്ഞു നായികക്ക് നായകന്‍റെ കണ്ണ് വെട്ടിച്ചു സൈന്‍ ഓഫ്‌ ഡയലോഗ് പറയാന്‍ കഴിഞ്ഞില്ല എന്ന് ഇരിക്കട്ടെ.അങ്ങനെ എങ്കില്‍ ഈ പ്ലാന്‍ ചെയ്തത് മുഴുവന്‍ പാഴായി പോയില്ലേ? അങ്ങനെ എങ്കില്‍ ഇവരെ ഇതുമായി ലിങ്ക് ചെയ്യാന്‍ പോലും കഴിയില്ല എന്നതല്ലേ സത്യം? പിന്നെ ഈ സംഗതിയുടെ ഉത്തരവാദിത്വം ചാനല്‍ ഒഴിയുന്നത് ഏങ്ങനെ എന്ന് മനസിലായില്ല.ഇവര്‍ ഒരുതരത്തിലും അധികാരപ്പെടുത്താതെ ഒരാള്‍ ചുമ്മാ കേറി അങ്ങ് സംപ്രേക്ഷണം ചെയ്തു എന്ന് പറഞ്ഞാല്‍ ചിലവാകുമോ? അപ്പോള്‍ പിന്നെ ഉത്തരവാദിത്വം നായിക ആയ രേണുകയില്‍ വരുന്നു .തന്നെ ചതിച്ചു എന്ന വിശ്വസിക്കുകയും ആ കാരണം കൊണ്ട് വെറുക്കുകയും ചെയുന്ന നായകന് അതൊരു പ്രശ്നമേ അല്ല. അപ്പോള്‍ അയാള്‍ ഓടുന്നത് തടി കുറയ്ക്കാനാണോ? പിന്നെ ആദ്യം പിടിക്കപ്പെടുന്ന ആള്‍ പ്രതിയും രണ്ടാമത് പിടിക്കപ്പെടുന്ന ആള്‍ വേറെ എന്തോന്നോയും ആകുന്ന നിയമ വശം എനിക്കൊന്നു പറഞ്ഞു തരണേ സത്യമായും അറിയാത്തത് കൊണ്ടാണ്.ഫ്രിഡ്ജും,കാശു കെട്ടുകളായി കൈമാറുന്നതും ഒക്കെ മഹാ ബോര്‍ ആണെന്ന് പറഞ്ഞല്ലോ. ഒരൊറ്റ സംശയം കൂടി ഇങ്ങനെ ഒരാള്‍ക്ക് ഭരതന്‍ പിള്ളയുടെ വീടിലെ സാധനം പുറത്തു കൊണ്ട് വരാനും തിരിച്ചു വയ്ക്കാനും പറ്റുമെങ്കില്‍ പിന്നെ വേണുവിനും ഇത് പോലെ ഒരു ക്യാമറ അവിടെ കേറ്റിയാല്‍ പോരെ ? ഇത്രയും കഷ്ട്ടപ്പെടാണോ ?

ചെലവ് ചുരുക്കാന്‍ വേണ്ടി ആകണം ഈ ചിത്രത്തില്‍ അഭിനയിക്കുന്ന ആര്‍ക്കും യാതൊരു വിധ കുടുംബബന്ധങ്ങളും ഇല്ല.സാധാരണ ലാലേട്ടന്‍ ചിത്രങ്ങളില്‍ അച്ഛന്‍,അമ്മ,ചേച്ചി ചേച്ചിയുടെ മകള്‍,മകളുടെ കൂട്ടുകാരി,അയല്‍ക്കാരന്‍,അയല്‍ക്കാരന്‍റെ മക്കള്‍ , അയല്‍ക്കാരന്‍റെ ഭാര്യയുടെ അനിയത്തി അങ്ങനെ ഒരു പട കാണാറുള്ളതാണ്

ചുരുക്കത്തില്‍ ...

എന്തോന്ന് ചുരുക്കം അനിയാ.ഈ പടം കഴിഞ്ഞപ്പോള്‍ ശ്രീനിക്കാകെ ഒരു താത്വിക മൂഡ്‌.തദവസരത്തില്‍ അദേഹത്തിന്‍റെ ഒരു ഡയഗോള്‍ എനിക്കങ്ങു ബോധിച്ചു.സംഗതി ഇപ്രകാരം "ഈ കാസനോവ എന്ന ചിത്രം ഒരര്‍ഥത്തില്‍ ലാലിന്‍റെ ഭാഗ്യമാണ്. അത് സഹിച്ച ആര്‍ക്കും പിന്നെ ഇങ്ങേരുടെ ഏതു കൂതറ പടം കണ്ടാലും ഇത്രയേ ഉള്ളല്ലോ എന്ന് തോന്നിപ്പോകും "!!! സത്യം അനിയാ സത്യം














Tuesday, February 15, 2011

റേസ് (Race )

അണ്ണാ ഒന്ന് നിന്നേ.....

നീയോ? എങ്ങോട്ടാ അനിയാ ഈ നേരം കേട്ട നേരത്ത് .

ആ പത്രം ഓഫീസ് വരെ.ഇന്നെങ്കിലും ആ റേസ് എന്ന പടത്തിന്റെ നിരൂവണം കൊടുത്തില്ലേല്‍ പണി വേറെ നോക്കണം .ഇല്ലെങ്കില്‍ തന്നെ നിങ്ങളുടെ വാക്ക് കേട്ട് ഓരോന്ന് എഴുതി ഇപ്പോള്‍ തന്നെ പണി പോകാറായി.

ഒന്ന് പോടെ നിന്‍റെ പത്രാധിപരും നിക്കര്‍ -കൂളിഗ് ഗ്ലാസ്‌ ആരാധകന്‍ അണോടെ? അല്ല അന്ന് കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന മാധ്യമ ലോകത്തിനെ പറ്റിപറഞ്ഞിട്ട് കാര്യമില്ല .എന്നിട്ട്, റേസ് കണ്ടിട്ട് എന്ത് തോന്നി ?

ഒന്ന് പോ അണ്ണാ . എനിക്ക് വേറെ പണിയില്ലേ ഈ പന്ന മലയാള സിനിമയൊക്കെ കാണാന്‍ . വല്ല തമിഴോ ,ഹിന്ദിയോ ഒക്കെ കണ്ടാല്‍ കൊടുക്കുന്ന കാശു എങ്കിലും മുതലാകും .എന്ന് കരുതി കഞ്ഞി കുടിച്ചു പോകണ്ടേ . അതിന നിരൂവണം.മനസ്സിലായോ .

ഇപ്പോള്‍ മനസിലായി . ശരി ഇനി പടത്തെ പറ്റി പറ . എന്താ കാചിയിരിക്കുന്നത്.

അണ്ണാ ഒരു വലിയ രഹസ്യം പറയാം ഞെട്ടരുത് . ഇതു ഒരു ഇംഗ്ലീഷ് സിനിമയുടെ കോപ്പി അടി ആണ് .Trapped എന്നോ മറ്റോ ആണ് പേര് .രണ്ടു ദിവസമായി ഇന്റര്‍നെറ്റ് പണി ആയതിനാല്‍ ഡൌണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റിയില്ല .എന്നാലും കോപ്പി അടി കോപ്പി അടി തന്നെ അല്ലെ കുക്കു സുരേന്ദ്രന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ ,(പണ്ട് വീരാളിപ്പട്ടു എന്നോ മറ്റോ ഒരു ചിത്രം എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.ഓര്‍മയില്ല ആരോ പറഞ്ഞു കേട്ടതാണ് ).

എടേ നില്ല്.ഇന്നലെ ആ പടം ഞാന്‍ കണ്ടതെ ഉള്ളു. ഹിന്ദിയില്‍ ന്യൂ generation സിനിമ എന്ന് ഞാന്‍ വിളിക്കുന്ന ഒരു സ്ട്രീം ഉണ്ട്.വിനയ് പഥക്,രജത് കപൂര്‍,കൊങ്കണ സെന്‍,ഇര്‍ഫാന്‍ ഖാന്‍ എങ്ങനെ കുറെ ആള്‍ക്കാര്‍ ഒക്കെയാണ് ഇത്തരം സിനിമകളിലെ പതിവുകാര്‍.അക്കൂടത്തില്‍ പ്പെട്ട ഡെഡ് ലൈന്‍ എന്ന ചിത്രത്തിന്റെ ബാക്ക് ടു ബാക്ക് കോപ്പി ആയി ആണ് എനിക്ക് തോന്നിയത് (അഭിനയിക്കുന്നവര്‍ രജത് കപൂര്‍ (കുഞ്ചാക്കോ),കൊങ്കണ സെന്‍ (മമത),ഇര്‍ഫാന്‍ ഖാന്‍ (ഇന്ദ്രജീത്ത്)).ഒരു പക്ഷെ അവന്മാരും trapped നിന്ന് പോക്കിയതാകാനും മതി.കഥ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ആയ എബി ജോണ്‍ (കുഞ്ചാക്കോ) ഭാര്യ നിയയും (മമത)മകള്‍ അച്ചുവും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഐ എം എ യുടെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ്‌ ലഭിക്കുന്ന എബി അവാര്‍ഡ്‌ വാങ്ങാന്‍ ആയി ബംഗ്ലൂര്‍ക്ക് പോകുന്നിടതാണ് കഥ ആരംഭിക്കുന്നത്.എബി പോയി കഴിഞ്ഞ ഉടന്‍ അയാളുടെ വീട്ടില്‍ പ്രത്യക്ഷപ്പെടുന്ന നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്ന അജ്ഞാതന്‍ അച്ചുവിനെ തട്ടി എടുത്തു സഹായി ആയ എല്‍ദോയെ (ജഗതി) ഏല്‍പ്പിക്കുന്നു.ബാംഗളൂരില്‍ എബി, ശ്വേത (ഗൌരി മുഞ്ഞാല്‍ (പലേരി മാണിക്യം സരയു))എന്ന യുവതിയുടെ തോക്കിന്‍ മുന്നില്‍ ആകുന്നു.അങ്ങനെ എല്‍ദോയു ടെ നിയന്ത്രണത്തില്‍ അച്ചുവും,നിരഞ്ജന്‍ നിയന്ത്രിക്കുന്ന നിയയും,ശ്വേതയുടെ തോക്കിന്‍ മുന്നില്‍ അവളെ അനുസരിക്കുന്ന എബിയും എത്തുന്നു.മകളെ തിരിച്ചു കിട്ടാന്‍ നിരന്ജനും സംഘവും എബിയും നിയയും ആയി നടത്തുന്ന വില പെശലിലൂടെ കഥ പുരോഗമിക്കുന്നു .

അണ്ണാ ഒരു സംശയം.ഒരുത്തന്‍റെ ശാന്തമായ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വേറൊരുത്തന്‍ കണ്ടന്നു വന്നു മൊത്തം അലം കോലം അക്കുനതല്ലേ ഈ കഥയുടെ ചുരുക്കം? ഇതു തന്നെ അല്ലെ കോക്ക്ടൈല്‍,ഭ്രമരം എന്നെ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടതു?

അങ്ങനെ ചിന്തിച്ചാല്‍ ഇതു മൂന്നിനെയും ഒരു വിഭാഗത്തില്‍ പെടുത്താം എന്ന് തോന്നുന്നു.പക്ഷെ എനിക്ക് തോന്നിയത് orginal ചിത്രം കണ്ടിട്ടില്ലെങ്കില്‍ ഒരു ബോറടിയും ഇല്ലാതെ ഈ ചിത്രം ഒരാള്‍ക്ക് കാണാന്‍ കഴിയും എന്നതാണ്.നാലോ അഞ്ഞോ പ്രധാന കഥാപാത്രങ്ങളും മുക്കാല്‍ പങ്കും നാലു ചുവരുകല്‍ക്കുള്ളിലും വെച്ച് നടക്കുന്ന കഥ ഒരിടത്തു പോലും ബോര്‍ അടിപ്പിക്കുന്നതായ് എനിക്ക് തോന്നിയില്ല.നടീ നടന്‍മാര്‍ എല്ലാരും അവരുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍ പലരും മോശം ആയി എന്ന് ആരോപിച്ച എല്‍ദോ എന്ന വെപ്രാളകാരന്‍റെ റോള്‍ ജഗതി നന്നാക്കി എന്നാണ് എനിക്ക് തോന്നിയത്.ഓടി നടന്നു അഭിനയിക്കുന്ന ജഗതിയെ പോലയുള്ള ഒരാള്‍ക്ക് എങ്ങനെ ഈ കഥാപാത്രത്തിന്റെ സംസാര രീതിയും ശരീര ഭാഷയും ചിത്രത്തില്‍ ഉടനീളം ഒരു പോലെ കൊണ്ട് പോകാന്‍ കഴിയുന്നു എന്നത് (എനിക്ക്) അദ്ഭുതം ഉളവാക്കുന്നു .കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും അവര്‍ അവരുടെ റോളുകള്‍ ഒരുപോലെ ഭംഗിയാക്കി.ആരാണ് കൂടുതല്‍ നന്നായത് എന്ന് പറയാന്‍ വിഷമം

അപ്പോള്‍ പടം കിടിലം എന്നാണോ പറഞ്ഞു വരുന്നത് .

അനിയാ മറ്റു ഏതു ചിത്രത്തിലും ഉള്ളത് പോലെ ഇതിലും കുറ്റങ്ങള്‍ നമുക്ക് കണ്ടു പിടിക്കാനവും.കുറവുകള്‍ കണ്ടെതുന്നതിലോ പറയുന്നതിലോ ഒരു തെറ്റും ഇല്ല.പക്ഷെ അതിന്റെ ആത്യന്തികമായ ഉദേശം നല്ല സിനിമ ഉണ്ടാകണം എന്നതായിരിക്കണം .അല്ലാതെ ഈ ചിത്രത്തെ മൊത്തത്തില്‍ താര്‍ അടിക്കുക എന്നതാകരുത് എന്നാണ് എന്‍റെ എളിയ അഭിപ്രായം.ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല ചിത്രം ഉണ്ടാക്കാനുള്ള ആഗ്രഹം എങ്കിലും ഈ ചിത്രത്തിന് പിന്നില്‍ കാണാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.പിന്നെ അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ ശ്വേതയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഗൌരി മുഞ്ഞാല്‍ സാമാന്യം നനായി ബോര്‍ ആയി . വല്ല ജ്യോതിര്‍മയിയോ മറ്റോ ആയിരുന്നെങ്കില്‍ പോലും ഇതിലും നന്നായേനെ. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ പേര് പോലും പറയാതെ ഒരു നിഗൂഡതയില്‍ ചിത്രത്തില്‍ ഉടനീളം അവതരിപ്പിചിരുന്നെകില്‍ ചിത്രം കൂടുതല്‍ Impact ഉണ്ടാക്കിയേനെ എന്നും തോന്നി. പിന്നെ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്ന വിഷയം വ്യക്തിപരം എന്ന നിലയില്‍ നിന്നും ഒരു സമൂഹം നേരിടുന്ന പ്രശ്നവും അതിനെതിരെ പ്രതികരിക്കുന്ന സാധാരണകാരന്‍ എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ (A wednesday പോലെ) കൂടുതല്‍ സ്വീകാര്യത കൈ വന്നെനേനെ.

അപ്പോള്‍ ...

നല്ല ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. കേട്ട് പഴകിയ , തുടങ്ങി അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ എവിടെ ചെന്ന് നില്‍ക്കും എന്ന് പറയാന്‍ പറ്റുന്ന സ്ഥിരം വളിപ്പുകള്‍ പുറത്തിറങ്ങുന്ന മലയാള സിനിമയില്‍ ഒരു പക്ഷെ നല്ല സിനിമയുടെ , കാണുന്നവനെ കൊല്ലാത്ത സിനിമയുടെ പുതു നാമ്പുകള്‍ ആകാം ചില്ലപ്പോള്‍ ഇതൊക്കെ.അങ്ങനെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു ആശിക്കുന്നു