Sunday, December 25, 2011

വെള്ളരിപ്രാവിന്‍റെ ചങ്ങാതി (Vellari pravinte changathi)

അനിയാ നിനക്ക് ഈയിടെ ആയിട്ടു എന്നെ പറ്റി ഒരു പരാതി ഉണ്ടെന്നു കേട്ടല്ലോ ? ശരി തന്നേടെ.

അണ്ണന്‍ തെളിച്ചു പറ. സംഗതി എന്താ ?

അല്ല ഞാന്‍ സമയത്ത് പടം കാണാറില്ല,കണ്ടാല്‍ നിന്നോട് അഭിപ്രായം പറയാറില്ല, മൊത്തത്തില്‍ ഉഴപ്പാണ് എന്നൊക്കെ നീ പലയിടത്തും തട്ടി മൂളിച്ചതായി ഞാന്‍ അറിഞ്ഞു.

അതിപ്പോള്‍ അണ്ണാ..... സംഗതി വന്നിട്ട് ....

നീ ഒന്നും പറയണ്ട നിന്‍റെ പരാതി തീര്‍ത്തിട്ട് തന്നെ മേല്ക്കാര്യം,ഇന്നാ പിടിച്ചോ ഇന്നലെ ഇറങ്ങിയ വെള്ളരിപ്രാവിന്‍റെ വിശേഷം.

പോന്നണ്ണാ രക്ഷിക്കണം ഞങ്ങള്‍ മലയാളികള്‍ ഒന്നല്ല രണ്ടല്ല മൂന്നു നൊസ്റ്റാള്‍ജിയ പടപ്പുകളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കണ്ടു പണ്ടാരം അടങ്ങിയത്. അതൊന്നും പോരാഞ്ഞിട്ടാണോ അടുത്ത പഴമ?എഴുപതുകളിലെ നൊസ്റ്റാള്‍ജിയ മാത്രം മതിയെങ്കില്‍ വെറും വയറ്റില്‍ കാണേണ്ട നായിക,എണ്പതുകളിലെ നൊസ്റ്റാള്‍ജിയ ഉളവാക്കാന്‍ കാഴ്ക്കേണ്ട വെനീസിലെ വ്യാപാരി, ഇതൊന്നും കൊണ്ട് തലയ്ക്കു പിടിച്ചില്ല എങ്കില്‍ തൊണൂറുകളുടെ ആദ്യകാലത്തെ പ്രിയന്‍ ലാല്‍ മാജിക്‌ തിരിച്ചു കൊണ്ട് വരുന്ന അറബി ,വിവരക്കേട് കൊണ്ട് ഞങ്ങളില്‍ ചിലര്‍ മലയാള സിനിമ അതിന്‍റെ നല്ല കാലത്തിലേക്ക് തിരിച്ചു പോണം എന്നു പറഞ്ഞു എന്നു വെച്ച് ഇങ്ങനെ ഉപദ്രവിക്കാന്‍ മാത്രം ...... എന്ത് തെറ്റാ ഞങ്ങള്‍ ചെയ്തേ?

അടങ്ങേടെ നമ്മുടെ ഒക്കെ അവസ്ഥ ഇതായി പോയി.അത് പോട്ടെ.ഈ ചിത്രത്തെ കുറിച്ച് ആദ്യം വായിച്ചപ്പോള്‍ തന്നെ ഒരു നല്ല ചിത്രം ആകാനുള്ള സാദ്ധ്യതകള്‍ തോന്നിയതാണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അക്കു അക്ബര്‍ ആണ് (വെറുതെ ഒരു ഭാര്യ , കാണാകണ്മണി ഫെയിം).കഥ തിരകഥ ജി എസ് അനില്‍,വിപിന്‍ മോഹന്‍റെ ക്യാമറ,മോഹന്‍ സിതാരയുടെ സംഗീതം അഭിനേതാക്കള്‍ ദിലീപ്,കാവ്യാ മാധവന്‍,മനോജ്‌ കെ ജയന്‍ ,ഇന്ദ്രജിത്ത്,വിജയ രാഘവന്‍,മണിയന്‍ പിള്ള രാജു , മാമ്മു കോയ , സായി കുമാര്‍ തുടങ്ങിയവരാണ്.ഇനി കഥ ചുരുക്കത്തില്‍. ജെമിനി കളര്‍ ലാബില്‍ ജോലിക്കായി എത്തുന്ന മാണികുഞ്ഞ് (ഇന്ദ്രജിത്ത്) എന്ന ചെറുപ്പക്കാരന്‍ .ഇയാളുടെ മരിച്ചു പോയ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ്‌ (രാമു) വെളിച്ചം കാണാതെ പോയ വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന ചിത്രം നിര്‍മിച്ചു സംവിധാനം ചെയ്ത ആളായിരുന്നു.എഴുപതുകളില്‍ നിര്‍മിച്ച ഈ ചിത്രം അക്കാലത്തെ ഒരു നല്ല പരീക്ഷണം ആയിരുന്നു.നസീറും സത്യനും ഒക്കെ കത്തി നിന്ന കാലത്ത് പൂര്‍ണമായും പുതുമുഖങ്ങളെ വെച്ച് എടുത്ത ചിത്രം മാത്രമല്ല സാങ്കേതികമായും ആഖ്യാന രീതിയിലും ഒക്കെ അന്നത്തെ മുഖ്യധാരാചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനത്തിന് ശ്രമിച്ച ഒരു ചിത്രം കൂടി ആയിരുന്നു അത്.ചിത്രം പുറത്തു വരാതെ പെട്ടിയില്‍ ആയതോടെ കടബാധ്യതകള്‍ മൂലം സംവിധായകന്‍/നിര്‍മാതാവ് ആത്മഹത്യ ചെയുകയും ആ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ബാക്കിയുള്ളവര്‍ ഒക്കെ പല വഴിക്ക് ചിതറി പോകുകയും ചെയ്തു.നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു ശേഷം അതായിത് ഈ കാലഘട്ടത്തില്‍ ലാബില്‍ നിന്ന് ഈ ചിത്രത്തിന്‍റെ പ്രിന്റ്‌ കണ്ടെത്തുന്ന മാണിക്കുഞ്ഞ് ഈ ചിത്രം മുഴുവന്‍ കാണുകയും അതിനെ തുടര്‍ന്ന് ഈ ചിത്രം റീലീസ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.ഒപ്പം തന്നെ ആ ചിത്രത്തില്‍ അന്ന് പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ശ്രമിക്കുന്നു.

ഇനി രണ്ടാമത്തെ ത്രെഡ് അതായിത് വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന വെളിച്ചം കാണാത്ത ചിത്രത്തിന്‍റെ കഥ.ബഷീറും (മനോജ്‌ കെ ജയന്‍ ) രവിയും (ദിലീപ്) ബാല്യകാലം മുതല്‍ ചങ്ങാതിമാരാണ്.ബഷീറിന്‍റെ പെങ്ങള്‍ സുലേഖ(കാവ്യ) രവിയുമായി രഹസ്യ പ്രേമത്തിലാണ് . ആദ്യമൊക്കെ രഹസ്യമാക്കി വയ്ക്കുന്നു എങ്കിലും കുറച്ചു കഴിഞ്ഞു സംഗതി പുറത്താകുന്നു. അതോടെ സമാധാന പൂര്‍ണമായിരുന്ന അവരുടെ ജീവിതം സംഘര്‍ഷഭരിതം ആകുന്നു.ഒടുവില്‍ കല്യാണ ദിവസം വീട്ടില്‍ നിന്നും ഓടി രവിയുടെ അടുതെതുന്ന സുലേഖയുടെ നേരെ ആയുധവുമായി അലറി അടുക്കുന്ന ബഷീറില്‍ സിനിമ തല്ക്കാലം നിര്‍ത്തുന്നു.

ഇനി മൂനാമത്തെ ത്രെഡ് ഈ സിനിമയില്‍ അഭിനയിച്ച നായകന്‍ ഷാജഹാനും നായിക മേരിവര്‍ഗ്ഗീസും ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തില്‍ ആയി കഴിഞ്ഞിരുന്നു.വിഭിന്ന ജാതിക്കാരായ ഇവര്‍ എതിര്‍പ്പുകളെ നേരിട്ട് വിവാഹിതര്‍ ആകാന്‍ തീരുമാനിക്കയും ചിത്രീകരണം കഴിഞ്ഞ ദിവസം ഒളിച്ചോടുകയും ചെയതതതാണ്.പിന്നെ അവരെ കുറിച്ച് ഒരു വിവരവും ഇല്ല.മാണി ക്കുഞ്ഞ് ഈ ചിത്രം വെളിച്ചം കാണിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ആ പഴയ നായിക നായകന്മാരെ കണ്ടെത്താനും ശ്രമിക്കുന്നു.ആ ശ്രമങ്ങളിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു

മം സംഗതി കേട്ടിട്ട് കൊള്ളാമല്ലോ? എങ്ങനെയുണ്ട് ചിത്രം

അനിയാ സത്യം പറഞ്ഞാല്‍ എനിക്കീ പടം കണ്ടിറങ്ങുമ്പോള്‍ ശരിക്കും ദേഷ്യം വന്നു. തിരകഥ എന്ന സംഭവത്തിലെ ചെറിയ പാളിച്ചകള്‍ പോലും ഒരു നല്ല ശ്രമത്തെ ഇങ്ങനെ നശിപ്പിക്കാം എന്നതിന് ഉദാഹരണം ആണ് ഈ ചിത്രത്തിന്റെ രണ്ടാം പകുതി.ചെറിയ ചില മാറ്റങ്ങള്‍ എങ്കിലും വരുത്തിയിരുന്നു എങ്കില്‍ ഈ വര്‍ഷത്തെ നല്ലൊരു സിനിമ എന്നു നിസംശയം പറയാന്‍ പറ്റുമായിരുന്ന ഒരു പടമാണ് പ്രത്യേകിച്ചു രണ്ടാം പകുതിയാണ് ഇങ്ങനെ കാണിച്ചു വെച്ചിരിക്കുന്നത് .

ഹ ചൂടാകല്ലേ അണ്ണാ .ഒന്ന് തെളിച്ചു പറയെന്നെ .

എടേ ഈ ചിത്രത്തിലെ ഏക വില്ലന്‍ തിരകഥ എഴുതിയ ജി എസ് അനിലാണ്. ഇത്രയും മുഖങ്ങള്‍ ഉള്ള ഒരു കഥയ്ക്ക് തിരകഥ എഴുതാന്‍ അനിലിനു കൊടുത്ത അക്കു അക്ബറിന് ഒരു ജഗ്ഗു റോളും കൊടുക്കാം ഒന്നാമത്തെയും രണ്ടാമത്തെയും ത്രെഡുകള്‍ക്ക് കൊടുത്ത ശ്രദ്ധ മൂന്നാമത്തെതിനു കിട്ടിയില്ല എന്നിടത്തു തുടങ്ങുന്നു തിരകഥയിലെ പാളിച്ചകള്‍.ഇതും രണ്ടാം ത്രെഡ് ലെ പ്രീ ക്ലൈമാക്സും മാറ്റി നിര്‍ത്തിയാല്‍ പിന്നെ നന്നാക്കാം ആയിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍ ഇവയാണ് .
മേരി വര്‍ഗ്ഗീസിന്‍റെ അച്ഛനായി വരുന്ന ഒരു പുരോഹിത കഥാപാത്രമുണ്ട്.എഴുപതുകളില്‍ ഒരു പുരോഹിതന്‍ മകളെ സിനിമയില്‍ അഭിനയിക്കാന്‍ വിടുക എന്ന് പറയുന്നത് കുറച്ചു അതിഭാവുകത്വമായിട്ടാണ് തോന്നിയത്.അതിനു പകരം പണക്കൊതിയുള്ള ഒരാള്‍,പ്രണയം മകളെ തന്നില്‍ നിന്നും അകറ്റുമോ എന്ന് ഭയക്കുന്ന ഒരു പുരോഹിതന്‍ അല്ലാത്ത സാധാരണക്കാരന്‍ .(അച്ഛന് പകരം അച്ചന്‍ കുഞ്ഞായിരുന്നേല്‍ നന്നായേനെ എന്ന് ചുരുക്കം) സംഗതി ക്ലീഷേ ആണേലും ഒരു ജെനുവിനിട്ടി ലഭിച്ചേനെ എന്ന് തോന്നുന്നു.പിന്നെ മാണിക്കുഞ്ഞു മേരി വര്‍ഗ്ഗിസിനെ കണ്ടെത്തി എന്ന് പറയുന്ന രംഗം (പ്രസ്തുത രംഗം ഇനിയും എഡിറ്റ്‌ ചെയ്യാവുന്നതെ ഉള്ളു) ക്ലൈമാക്സിന്‍റെ മൊത്തം തീവ്രതയും കളഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. ഇനി ഇവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രീ ക്ലൈമാക്സ്‌ (അതായിത് പ്രീവ്യൂ തീയറ്ററില്‍ പഴയ സിനിമയുടെ റീല്‍ പൊട്ടുന്നത് മുതല്‍ ഉള്ള രംഗങ്ങള്‍) ,ഇവിടെ ബഷീറിന്‍റെ പിന്നില്‍ നിരന്നു,രവി സുരേഖമാരെ അഭിമുഖീകരിക്കുന്ന ജനകൂട്ടത്തിനു മുന്നില്‍ സുരേഖ രക്ഷപ്പെടുന്ന വഴി നില്‍ക്കട്ടെ പക്ഷെ രവിയെ പരാജയപ്പെടുത്തുന്നത് അയാളുടെ രോഗം ആയിരുന്നെകില്‍ അതിനു കുറച്ചു കൂടെ പ്രസക്തിയും മിഴിവും ഉണ്ടായേനെ.മൂന്നാമത്തെ ത്രെഡില്‍ ഷാജഹാന്‍ മരിച്ചു പോയി എന്ന് കരുതുന്ന മേരിയും മേരി രക്ഷകര്‍ത്താവുമായി പിരിഞ്ഞു എങ്ങോ അപ്രത്യക്ഷമായി എന്നുമുള്ള അവസ്ഥയില്‍ നിന്നും ഈ ചിത്രം മൂലം അവര്‍ കണ്ടു മുട്ടുന്ന,അതിനകം വിവാഹിതയും ആയി കഴിഞ്ഞിരുന്ന മേരിയും നായകന്‍ ഷാജഹാനും ആ സിനിമയുടെ പോസ്റ്ററിനു മുന്നില്‍ പരസ്പരം നോക്കി നില്‍ക്കുന്ന ഒരു അവസാനത്തെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ .

അപ്പോള്‍ ചിത്രം ബോര്‍ ആണെന്ന് ധൈര്യമായി പറയാമോ അണ്ണാ.

അതല്ലേ കഷ്ട്ടം.തിരകഥ എന്ന സാധനം ഒഴിച്ചാല്‍ ബാക്കി എല്ലാം വളരെ നന്നായിട്ടുണ്ട്.നായിക എന്നാ ചിത്രം ചെയ്ത ജയറാം ഈ ചിത്രത്തിലെ ദിലീപിന്‍റെ സമീപനം കണ്ടു പഠിക്കേണ്ടതാണ്.(ജയരാജിന് പോലും പഠിക്കാവുന്നതാണ് പലതും ). മിമിക്രി പശ്ചാത്തലം ഉള്ള ജയറാമിനെ പോലെ ഉള്ള ഒരാളായിട്ടു പോലും ഒട്ടും മിമിക്രി കാണിക്കാതെ ആ കാലഘട്ടത്തിലെ പല രീതികളും ദിലീപ് ഈ ചിത്രത്തില്‍ നന്നായി പകര്‍ത്തിയിട്ടുണ്ട് . ദിലീപ് മാത്രമല്ല കാവ്യയും (തടി ഒരല്‍പം ശ്രദ്ധിച്ചാല്‍ നന്ന് ) മനോജ്‌ കെ ജയനും (അദേഹം പൊതുവേ എപ്പോള്‍ അഭിനയിക്കും എന്ന് പറയാന്‍ പറ്റാത്ത ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്) , ഇന്ദ്ര ജിത്തും വിജയ രാഘവനും മണിയന്‍പിള്ള രാജുവും അങ്ങനെ അഭിനേതാക്കള്‍ എല്ലാരും തന്നെ അവര്‍ അവരുടെ പണി വൃത്തിയായി ചെയ്ത പടം എന്ന് പറയാം ഇതിനെ.എപ്പോള്‍ മനസിലായി കാണുമല്ലോ ഈ പടം കണ്ടിറങ്ങിയപ്പോള്‍ എന്തിന്നാ എനിക്ക് ദേഷ്യം വന്നത് എന്ന്. താരങ്ങളുടെ ആരാധകര്‍ക്ക് വേണ്ടിയുള്ളതല്ല ഈ ചിത്രം.ഒരിടത്തു പോലും ഇതില്‍ നായകന്‍ പഞ്ച് ഡയലോഗ് അടിച്ചു ജനങ്ങളെ ആവേശഭരിതര്‍ ആക്കുന്നില്ല .(അത് തിരുകാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു താനും).പക്ഷെ സത്യത്തില്‍ അതാണ് എനിക്ക് ഇന്നലെ പാരയായത്‌. ആരാധകര്‍ക്ക് കൈയടിക്കാന്‍ / ആര്‍ത്തു വിളിക്കാന്‍ അവസരം ഇല്ലാത്തത് കൊണ്ടാകണം കിട്ടുന്നിടതെല്ലാം ഒടുക്കത്തെ കയ്യടിയും ജയ് വിളിയും .മര്യാദക്ക് സിനിമ കാണാന്‍ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ ഈ ആരാധക തെണ്ടികള്‍.ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മലയാള സിനിമ പ്രത്യേകിച്ച് താര ചിത്രം ആദ്യ ദിവസം ആദ്യ ഷോക്ക് കേറരുത് എന്ന് പഠിച്ചു . സെക്കന്റ്‌ ഷോ മുതല്‍ പ്രശ്നം ഇല്ല എന്നതാണ് അനുഭവം ( അത്രക്കൊക്കെ ഉള്ളു വന്നു വന്നു ആരാധകര്‍).സിനിമയുടെ തുടക്കവും ടൈറ്റില്‍സ് കാണിക്കുന്നതും വരെ തികച്ചും പുതുമയുള്ള രീതിയിലാണ്‌ എന്നാണ് എനിക്ക് തോന്നിയത് (പറഞ്ഞിട്ടെന്താ).

അപ്പോള്‍ ചുരുക്കത്തില്‍ .....?
ഒരു നല്ല ശ്രമത്തെ ചെറിയ പാളിച്ചകള്‍ എങ്ങനെ നശിപ്പിക്കും എന്നതിന് ഒരു നല്ല ഉദാഹരണം ആണ് ചിത്രം. എന്നാല്‍ പോലും ബ്യുട്ടിഫുള്‍ എന്ന ചിത്രം മാറ്റി വെച്ചാല്‍ മറ്റു ഏതു നവംബര്‍ - ഡിസംബര്‍ മലയാള റിലീസ്കളെകാളും ഭേദപ്പെട്ട ചിത്രം

9 comments:

  1. എന്തെങ്കിലും മുട്ടാപോക്ക് കാരണം കണ്ടെത്തി പടം നല്ലതല്ല എന്ന് സ്ഥാപിക്കാന്‍ പ്രേക്ഷകന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടോ എന്നൊരു തോന്നല്‍... വെറും തോന്നലാകുംഅല്ലെ

    ReplyDelete
  2. ഈ സിനിമയെക്കുറിച്ച് കൃത്യമായ നിരീക്ഷണമാൺ പ്രേക്ഷകന്റേത്. (കഥ മുഴുവനായി വെളിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നു പറഞ്ഞോട്ടേ).

    അഭിനേതാക്കളുടെ, ട്രീറ്റ്മെന്റിന്റെ ഒക്കെ വിജയം ഉണ്ട് ഈ ചിത്രത്തിൽ ഏറെ പുതുമകളൊടെ തുടങ്ങിയ ഈ ചിത്രം മെലോഡ്രാമയുടേ സ്ഥിരം കുറ്റിയിൽ കൊണ്ടു വന്നു കെട്ടി. ഇനിയും സിനിമയുടെ അവസാനത്തിൽ ഒരു മാറ്റമോ വിപ്ലവമോ കൊണ്ടുവരാൻ മലയാള സിനിമാക്കാർക്കായിട്ടില്ല.

    ReplyDelete
  3. @ bijith- athariyille?? dileepinu pakaram prithviraj aayirunnel ii film ii varshathey top film aayene. alle PREKSHAKAAAA..???

    ReplyDelete
  4. താങ്കളുടെ ഈ ശൈലിയോന്നു മാറ്റിപിടിക്കിഷ്ടാ .. ബോറടിച്ചുതുടങ്ങി ...
    എപ്പോഴും ഒരേ ശൈലിയാകുമ്പോള്‍ മടുപ്പുളവാക്കും എന്ന്‍ എല്ലാവരോടും പറഞ്ഞാല്‍ മാത്രം പോര
    സ്വയം പ്രാവര്‍ത്തിക മാക്കുന്നതും നന്ന് .

    ReplyDelete
  5. നാസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. നല്ല റിവ്യൂ.
    പക്ഷെ കഥ മുഴുവനായ് സൂചിപ്പിക്കുന്നത് രസം കൊല്ലി ആകുന്നില്ലേ എന്ന് സംശയം. അല്ലെങ്കില്‍ കഥ സൂചിപ്പിക്കുന്ന ഇടങ്ങളില്‍ മറ്റൊരു ബാക്ക് ഗ്രൌണ്ട് കളറോ മറ്റോ ഉപയോഗിക്കരുതോ. ആവശ്യം ഉള്ളവര്‍ക്ക് ആ ഭാഗങ്ങള്‍ വായിക്കാതെ വിടാമല്ലോ.

    ReplyDelete
  6. സംഗതിയൊക്കെ കൊള്ളാം പക്ഷെ താങ്കളുടെ ഈ ശൈലി സഹിക്കാന്‍ പറ്റുന്നില്ല....അണ്ണാ... എന്ന് വിളിച്ചുള്ള തുടക്കവും പിന്നെ ഒരുമാതിരി വളിച്ച കോമഡിയും (മൂന്നാംകിട മലയാള സിനിമയിലെ പോലെ)....മാറ്റം എന്ന് പറയുന്നത് മറ്റുള്ളവര്‍ക്ക് മാത്രമല്ല എല്ലാവര്ക്കും ബാധകമാണ്....

    ReplyDelete
  7. ഇവനൊക്കെ കുറ്റം പറയാന്‍ അല്ലേ അറിയൂ.ശാസ്തമംഗലം അണ്ണനെ പോലെ..ഞാന്‍ കുറെ നാളായി പറയണം എന്ന് വിചാരിച്ചതാ...തന്റെ ഈ മാതിരി കൂതറ വളിച്ച തമാശ ഒന്ന് നിര്‍ത്താമോ...?

    ReplyDelete
  8. കാവ്യ തടി നല്ലോണം നോക്കുന്നുണ്ടല്ലോ, അതല്ലേ സ്ക്രീന്‍ മുഴുവേനും നിറഞ്ഞ് നിക്കണേ...

    ഈ സിനിമയെക്കുറിച്ച് വായിച്ച റിവ്യൂകളെല്ലാം ഐഡിയ സ്റ്റാര്‍ സിംഗറിലെ ജഡ്ജസിന്റെ അഭിപ്രായ പ്രകടനംപ്പോലെ തോന്നി...

    മോനെ പാട്ട് കൊള്ളാം പക്ഷേ സംഗതി ശരിയായില്ല ലൈന്‍...

    ReplyDelete
  9. സിനിമയുടെ അപാകതകള്‍ ശരിയായി തിരച്ചറിഞ്ഞു വിലയിരുത്തുന്ന ഈ നിരൂപണ ശൈലി വല്ലാതെ ഇഷ്ടമാകുന്നു.വെള്ളരി പ്രാവിനെ കുറിച്ച് പറഞ്ഞതെല്ലാം വളരെ ശരിയാണ്. പണ്ട് കാവ്യാ മാധവനെ കരി ഓയിലില്‍ കുളിപ്പിച്ച അന്നൊരിക്കല്‍ സിനിമയുടെ പാതിയായിരുന്ന ആ ജി. എസ് അനിലിനു തിരക്കഥ എഴുതുവാന്‍ നല്‍കിയ അക്കുവിനെ വേണം പറയാന്‍. ഒരു നല്ല സംവിധായകന് തിരക്കഥയിലെ പാളിച്ചകള്‍ കൂടി മനസ്സിലാക്കി തിരുത്തുവാന്‍ കഴിയണം. കുറഞ്ഞ പക്ഷം തിരക്കഥയിലെ പിഴവുകളെ കാണികള്‍ക്ക് മുന്നില്‍ മറച്ചു വെയ്ക്കുവാനുള്ള സിദ്ധിയെങ്കിലും വേണം. ജി.എസ് അനിലിനു പകരം വെറുതെ ഒരു ഭാര്യ എഴുതിയ ഗിരീഷ്കുമാരിനെ പരീക്ഷിചിരുന്നെങ്കില്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു. (കാണാക്കന്മണി എന്ന ദുരന്തത്തെ മറന്നു കൊണ്ടല്ല.) നല്ല കഥയെ കൊന്നു കൊല വിളിച്ച അനില്‍ ഏതെങ്കിലും നല്ല തിരക്കഥകൃത്തിന്റെ കൂടെ ചേര്‍ന്ന് എഴുത്ത് പേടിച്ച ശേഷം ഗോദയില്‍ ഇറങ്ങുന്നതായിരിക്കും നല്ലത്. മികച്ചതാവേണ്ട ഒരു സിനിമയെ നശിപ്പിച്ചു കളയുന്നത് കാണുമ്പോള്‍ ഏത് കാണിക്കും തോന്നുന്ന രോഷം ഇങ്ങനെ പറഞ്ഞു തീര്‍ക്കുവാനെ കാണിക്കു യോഗമുള്ളൂ . എന്നാല്‍ പിന്നെ തനിക്കു പോയി എഴുതാന്‍ മേലായിരുന്നോ എന്നൊന്നും ആരും ചോദിച്ചു കളയല്ലേ! പാവം ഞാന്‍ ! തല ചുറ്റി വീഴും !!

    ReplyDelete