അനിയാ നീ അടുത്തിടെ എപ്പോളെങ്കിലും നട്ടുച്ചയ്ക്ക് പെരുവഴിയിലൂടെ ഒരു രണ്ടു മൂന്ന് മണിക്കൂര്‍ നടന്നിട്ടുണ്ടോ?
എവിടെ? അണ്ണാ ഞാന്‍ ഈയിടെയല്ലേ പുതിയ ഹോണ്ട സിറ്റി എടുത്തത്? ഇപ്പോള്‍ രാത്രി ചവറു പെരു വഴിയില്‍ കൊണ്ട് തള്ളാന്‍ പോലും കാറിലാ പോകുന്നേ.പിന്നെ രാവിലെ പാര്‍ക്കില്‍ ഒരു മണികൂര്‍ നടക്കാന്‍ പോകും.(ഭയങ്കര കൊളെസ്ട്രോള്‍).അത് മതിയോ? അതിരിക്കട്ടെ ഇതു ഇപ്പോള്‍ ചോദിയ്ക്കാന്‍ കാരണം?
അതല്ലെടാ നട്ടുച്ചയ്ക്ക്,പൊരി വെയിലത്ത്,നീ അങ്ങനെ നടക്കുകയാണ് എന്ന് ഒന്ന് സങ്കല്‍പ്പിക്കു.റോഡിന്‍റെ രണ്ടു വശവും തീര്‍ത്തും വിജനം.അങ്ങനെ രണ്ടു മൂന്ന് മണിക്കൂര്‍ നടന്നു കഴിയുമ്പോള്‍ ഒരു പെട്ടിക്കട കാണുന്നു.ദാഹിച്ചു വലഞ്ഞ നീ അവിടുന്ന് നല്ല തണുത്ത ഉപ്പിട്ട ഒരു സോഡ നാരങ്ങ വെള്ളം കുടിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കിക്കേ.
നോക്കി... നോക്കി ... ഹോ ഓര്‍ക്കുമ്പോള്‍ തന്നെ നാക്കില്‍ വെള്ളമൂറുന്നു. എല്ലാ ഇതിപ്പോള്‍ ..............
അനിയാ അടുത്ത് കണ്ട ബ്യൂട്ടിഫുള്‍ എന്ന സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയ കാര്യമാണ് മേല്‍പ്പറഞ്ഞത്.ഒരു സാധാരണ മലയാളിക്ക് ഇങ്ങനെ തന്നെ തോന്നിയേക്കാം എന്നാണ് എന്‍റെ ധാരണ. ഈ പടം ഇറങ്ങിയപ്പോള്‍ കാണണം എന്ന് കരുതിയതാണ് തിരക്കുകള്‍ മൂലം ആദ്യ ദിവസങ്ങളില്‍ കാണാന്‍ സാധിച്ചില്ല .ആ ഫിലിം ഫെസ്റ്റിവല്‍ വന്നപ്പോള്‍ പണ്ടാരമാടങ്ങുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതിനെയും എണ്ണി തനി മലയാളിയെ പോലെ വ്യവസ്ഥിതിയെയും പ്രാകി ഇരിക്കയായിരുന്നു.അപ്പോള്‍ ആണ് ഫെസ്റ്റിവല്‍ കഴിഞ്ഞു പടം വീണ്ടും വരുന്നത്.പോയി കണ്ടു.ഒറ്റ വരിയില്‍ തോന്നിയ അഭിപ്രായമാണ് മുകളില്‍ പറഞ്ഞത് .
ഈ സിനിമയെ പറ്റി പറഞ്ഞാല്‍ ഇതിനെ പറ്റി പല നിരൂപകരും പറഞ്ഞു കഴിഞ്ഞതാണ് എന്നാലും ഒന്ന് ഓടിച്ചു പറഞ്ഞോട്ടെ . സംവിധാനം വി.കെ.പ്രകാശ് . (അങ്ങേരെ സത്യമായും എന്നിക്ക് പേടിയാണ് പ്രത്യേകിച്ചു ത്രീ കിങ്ങ്സ് എന്ന അവസാന പടം കണ്ടതിനു ശേഷം) തിരകഥ അനൂപ് മേനോന്‍ (ദാ ഇടി വെട്ടിയവനെ പമ്പ് കടിച്ചു.ഇങ്ങേരെ എനിക്ക് അതിലും പേടിയാ).
അങ്ങനെ പറയുന്നത് ശരിയാണോ? അനൂപ് മേനോന്‍ എന്നൊക്കെ പറഞ്ഞാല്‍ ഈ നിരൂപണ ലോകത്തോക്കെ വലിയ ബഹുമാനമാ . ഒരു രണ്ടു പടം കൂടെ കഴിഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ അങ്ങേരെ ദൈവം ആക്കി എന്ന് ചോദിച്ചാല്‍ മതി .മലയാളത്തിന്‍റെ ആസ്ഥാന ബുദ്ധി ജീവി ശ്രീ താടി റിട്ടയര്‍മെന്‍റ്നോട് അടുക്കുന്നു എന്നും ഓര്‍ക്കുമല്ലോ .ആ വിടവ് നികത്താന്‍ ....... ആ കോക്ക്ടെയില്‍ എന്ന ഒറ്റ പടം പോരെ അയാളുടെ പ്രതിഭ അളക്കാന്‍.
ആ പടത്തോടെ ആണ് എനിക്ക് അങ്ങേരെ പേടിയായി തുടങ്ങിയത്.അവസാന അഞ്ചു മിനിറ്റ് ഒഴികെ ബാക്കി മുഴുവന്‍ ബട്ടര്‍ ഫ്ലൈ ഓണ്‍ എ വീല്‍ എന്ന പടത്തിന്‍റെ ഈച്ച കോപ്പി (ഫ്രെയിം ടു ഫ്രെയിം) ആണ് എന്നത് നില്‍ക്കട്ടെ.ഈ അടുത്ത കാലത്ത് പോലും അനൂപ് മേനോന്‍ അവകാശപ്പെട്ടത് ചിലരൊക്കെ അങ്ങനെ പറഞ്ഞു കേട്ടു എന്നാല്‍ അങ്ങനെ ഒരു പടം അദേഹം കണ്ടിട്ടേ ഇല്ല എന്നാണ്.അദേഹം കൈയില്‍ നിന്നും ഇട്ട അവസാന അഞ്ചു മിനിട്ടാണ് ആ ചിത്രത്തിലെ ഏറ്റവും ബോറായ നിമിഷങ്ങള്‍ എന്നാണ് എന്‍റെ അഭിപ്രായം .
ജന്മനാ കഴുത്തിന് താഴോട്ടു തളര്‍ന്നു കിടക്കുന്ന കോടീശ്വരനായ സ്റ്റീഫന്‍ ലൂയിസ് (ജയസൂര്യ),അയാളുടെ സുഹൃത്താകുന്ന , ജീവിച്ചു പോകാന്‍ പാട് പെടുന്ന ഗായകനായ ജോണ്‍ (അനൂപ് മേനോന്‍),സ്റ്റീഫന്‍റെ ബന്ധുക്കളായ പീറ്റര്‍ (ഉണ്ണി മേനോന്‍), അലക്സ് (ടിനി ടോം),കൊച്ചു പ്രേമന്‍,പൊന്നമ്മ ബാബു പിന്നെ സ്റ്റീഫന്‍റെ ജോലിക്കാരായ കമലാസനന്‍ (നന്ദു),ജയന്‍,ഹോം നേഴ്സ്മാരായി വരുന്ന കന്യക (തെസ്നിഖാന്‍),അഞ്ജലി (മേഘ്ന രാജ്) തുടങ്ങിയവരാണ് ഈ കൊച്ചു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ സിനിമയില്‍ ഏറ്റവും നന്നായി തോന്നിയത്.തളര്‍ന്നു കിടക്കുന്ന കോടീശ്വരന്‍.അങ്ങേരുടെ സ്വത്തിനു നോട്ടമിട്ടു ചുറ്റി പറക്കുന്ന പല സ്വഭാവക്കാരായ ബന്ധുക്കള്‍,അയാള്‍ക്ക് ഒരു രക്തബന്ധവും ഇല്ലാത്ത ചിലരോട് തോന്നുന്ന ആത്മബന്ധം ഇതൊക്കെ കുറെയധികം ചിത്രങ്ങളില്‍ ഇതിനകം പറഞ്ഞു കഴിഞ്ഞതാണ്.എന്നാല്‍ ആങ്ങനെ ഒരു കഥ ഒട്ടും ബോര്‍ അടിപ്പിക്കാതെ പറഞ്ഞു പോകുമ്പോള്‍ ആണ് ഈ ചിത്രം നേരത്തെ പറഞ്ഞ വെയിലത്തെ നാരങ്ങാവെള്ളം ആകുന്നത്.180 എന്ന തമിഴ് സിനിമയെ പറ്റി പറഞ്ഞപ്പോളും ഇതേ അഭിപ്രായമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.ഇനി അഭിനയം .ജയസൂര്യ അവതരിപ്പിച്ച സ്റ്റീഫന്‍ വളരെ നന്നായിട്ടുണ്ട്.ബ്ലെസ്സിയെ പോലെയുള്ള ആചാര്യന്മാര്‍ കണ്ടു പഠിക്കേണ്ടതാണ് ഈ കഥാപാത്ര സൃഷ്ട്ടി. സ്റ്റീഫനും സ്വന്തമായ ഒരു ജീവിത വീക്ഷണം ഉണ്ട് .പക്ഷെ അത് തികച്ചും ലളിതമായാണ് പ്രേഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് . എങ്ങനെ ഇത്രക്ക് ശുഭാപ്തി വിശ്വാസി ആകാന്‍ അഥവാ സന്തോഷവാനായി ഇരിക്കാന്‍ കഴിയുന്നു എന്ന ചാനല്‍ ലേഖികയുടെ ചോദ്യത്തിന് എനിക്ക് കാശുള്ളത് കൊണ്ട് എന്ന ഉത്തരം തന്നെ ഇതിനു ഉദാഹരണം (അല്ലാതെ ജീവിതം ആകുന്ന സാഗരത്തിലെ കുമിളകളുടെ അന്തരാളങ്ങളുടെ നിശൂന്യതയുടെ ............... ആ ഒരു ലൈന്‍ അല്ല എന്ന് ചുരുക്കം.ചിലപ്പോള്‍ കഥാപാത്രം ഫിലോസഫി പ്രൊഫസ്സര്‍ അല്ലാത്തത് കൊണ്ടാകും .എന്തായാലും നമ്മുടെ ഭാഗ്യം).
അതിരിക്കട്ടെ.ഈ സിനിമയില്‍ ചിലയിടത്ത് സദാചാര നിയമങ്ങളെ മറികടക്കാന്‍ ബുദ്ധിപരമായ ഒരു ശ്രമം നടക്കുന്നു എന്ന് നിരൂപക സംഘടനയായ "അങ്കിളിനു" പരാതി കിട്ടിയിട്ടുണ്ടല്ലോ? അതിനെ പറ്റി .....?
അനിയാ നീ എപ്പോള്‍ പറഞ്ഞത് പ്രവീണ അവതരിപ്പിക്കുന്ന,ഒരു സീനില്‍ വന്നു പോകുന്ന,ഡോക്ടര്‍ കഥാപാത്രവും നായകനും ആയുള്ള സംസാരം ആകണം അല്ലെ? ആ കഥാപാത്രം ആ രംഗത്ത് വിവാഹേതര ബന്ധങ്ങളെ കുറിച്ച് പറയുന്ന സ്വന്തം അഭിപ്രായം ആണ് ഇവിടെ പലരുടെയും പുരികം ഉയര്‍ത്തുന്നത്.എനിക്കാകെ തോന്നുന്നത് ആ കഥാപാത്രം പറയുന്ന അഭിപ്രായങ്ങള്‍ അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള സ്വകാര്യവീക്ഷണം ആയി കാണാതെ അത് സമൂഹത്തിന്‍റെ സദാചാര ബോധത്തെ എങ്ങനെ സ്വാധീനിക്കും എന്ന് വ്യകുലപ്പെടുന്നിടതാണ് നാമൊക്കെ സദാചാര പോലീസ് ആകുന്നതിന്‍റെ ആദ്യ ചുവടുകള്‍ വെക്കുന്നത്.ആ രംഗത്തില്‍ എനിക്കാകെ തോന്നിയത് അവിടെ കമലാസനന്‍ എന്നാ കഥാപാത്രത്തിന്‍റെ സാന്നിധ്യം ഒഴിവാക്കാമായിരുന്നു എന്നതാണ്.പുള്ളി വെറുതെ നില്‍ക്കുന്നത്തെ ഉള്ളു എങ്കില്‍ പോലും സ്ട്ടീഫനും ഡോക്ട്ടരും മാത്രം ഉള്‍പ്പെടുന്ന ഒരു രംഗം കുറച്ചു കൂടി സത്യസന്ധത അല്ലെങ്കില്‍ വിശ്വസിനീയത ആ രംഗത്തിനു ഉണ്ടാക്കിയേനെ എന്നാണ് എനിക്ക് തോന്നിയത്.ഒറ്റ നോട്ടത്തില്‍ അനൂപ് മേനോന്‍ എന്ന ബുദ്ധി ജീവി,വി കെ പ്രകാശ് എന്ന സാധാരണക്കാരന്‍ സംവിധാകന്‍റെ കണ്ണ് വെട്ടിച്ചു ചാടിയ ഒരു രംഗമായി ആണ് ഞാന്‍ ഈ രംഗത്തെ കാണുന്നത്.പക്ഷെ ചിത്രത്തില്‍ ഉടനീളം ബുദ്ധിജീവിയായ തിരകഥകൃത്തും സാധാരണക്കാരനായ സംവിധായകനും ആയുള്ള ബാലന്‍സ് പ്രകടം ആയിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ വിജയം
ഒരു നിമിഷം അണ്ണന്‍ കേറി സദാചാര പോലീസിന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്? വേണമെങ്കില്‍ അവരുടെ വഴി തെറ്റാണ് എന്ന് സമ്മതിക്കാം എങ്കിലും സമുഹത്തിന്‍റെ മൊത്തത്തില്‍ ഉള്ള മൂല്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യ ത്തോടെ......
ഉലക്കേടെ മൂട് !!! ഇവിടെ സാധാരണക്കാരന്‍റെ മനോഭാവം എനിക്കോ പറ്റുന്നില്ല പിന്നെ മറ്റവന്‍ അങ്ങനെ സുഖിക്കണ്ട എന്നത് മാത്രമാണ്.ഈ മനോഭാവമാണ് കലാകാലത്ത് രാഷ്ട്രീയ പാര്‍ടികള്‍ മുതല്‍ വര്‍ഗീയ ശക്തികള്‍ മുതല്‍ സ്വകാര്യ വ്യക്തികള്‍ അഥവാ ജനകൂട്ടങ്ങള്‍ വരെ മുതലെടുക്കുന്നത്.(അങ്ങനെ അല്ലെങ്കില്‍ ഈ ഒരു കാര്യത്തില്‍ ഉണ്ടാകുന്ന പൌരപ്രതികരണം (എന്നാണ് എന്നാണല്ലോ വെപ്പ് ) എന്ത് കൊണ്ട് നമ്മുടെ ചുറ്റും നടക്കുന്ന നൂറു ശരി കേടുകളോട് ഉണ്ടാകുന്നില്ല?)വന്നു വന്നു അമ്മയും പെങ്ങളുമായി പോകുന്ന കാര്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി നിന്‍റെ ആവശ്യം കഴിഞ്ഞില്ലേ ഇനി ഞങ്ങള്‍ക്ക് തന്നേക്ക് എന്ന് പറയുന്നിടം വരെ എത്തി സംഗതികള്‍ ഈ നാട്ടില്‍.രാജ് മോഹന്‍ ഉണ്ണിത്താന്‍ സംഭവം ഈ നാട്ടിലെ ഒരു പ്രമുഖ പാര്‍ട്ടി സദാചാര പോലീസ് കളിച്ചത് ആണെന്നും പിന്നീടു ഉണ്ടായ വലുതും ചെറുതും അയ സദാചാര പോലീസ് സംഭവങ്ങള്‍ക്ക് തുടക്കം ആ സംഭവം ആണെന്നും പറയാന്‍ ചങ്കൂറ്റം ഉള്ള എത്ര ബുദ്ധിജീവികള്‍ ഈ ബൂലോകത്ത് കാണും.ഇവന്റെ ഒക്കെ സാദാചാരം.വ്യക്തിപരമായി എന്‍റെ അഭിപ്രായം ഇവനൊക്കെ നല്ല മുള്ള് മുരിക്കിന്‍റെ അഭാവം കൊണ്ടുള്ള പ്രശ്നങ്ങള്‍ മാത്രമാണ് ഉള്ളത്.
അങ്ങനെ അടച്ചു പറയാമോ ?
പിന്നെ എന്താ? അനിയാ സായിപ്പിന്റെ നാട്ടില്‍ കമിതാക്കള്‍ പരസ്യമായി ചുംബിക്കുന്നത് കണ്ടാല്‍ അങ്ങോട്ട് ഒന്ന് കൂടി നോകാതെ നടന്നു പോകുന്ന മലയാളിയെയും നാട്ടില്‍ തോളില്‍ കൈയിട്ടു നടക്കുന്ന കമിതാക്കളെ,വേണ്ട ഭാര്യ ഭര്‍ത്താക്കന്മാരെ കണ്ടാല്‍ പോലും പരസ്യമായി മൊബൈലില്‍ റെക്കോര്‍ഡ് ചെയുന്ന (പറ്റിയാല്‍ യു ട്യുബില്‍ അപ്പ് ലോഡും ചെയ്യുന്ന) മലയാളിയെയും അതിനു പ്രേരിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്രത്തെ സംരക്ഷിക്കുന്ന നിയമത്തോടും അവയോടുള്ള പേടിയുടെ ഏറ്റകുറച്ചിലുകളും മാത്രമല്ല അങ്ങനെ ചെയുന്നവരോട് പൊതുസമുഹത്തിന്‍റെ പ്രതികരണത്തില്‍ ഉള്ള വ്യത്യാസങ്ങള്‍ അഥവാ മനോഭാവം കൂടിയാണ് എന്നാണ് എന്‍റെ വിശ്വാസം .
അയ്യോ അണ്ണാ കാടു കേറാതെ തിരിച്ചു വന്നെ. സിനിമയിലേക്ക് ....
തിരകഥയില്‍ അനൂപ് മേനോന് അകെ പറ്റിയിരിക്കുന്ന പാളിച്ച അവസാന രംഗത്ത് പ്രത്യക്ഷപ്പെടുന്ന (ഇതു മനപൂര്‍വ്വം ഇങ്ങനെ എഴുതുന്നതാണ് ) ആനി എന്ന കഥാപാത്രം എന്തിനു തന്‍റെ പേരും ജാതിയും മാറ്റി പറയുന്നു എന്നതിന് വിശ്വസിനീയമായ കാരണങ്ങള്‍ ഒന്നും തന്നെ തിരകഥാക്രിത്തിനു പറയാന്‍ സാധിച്ചിട്ടില്ല എന്നിടത്താണ്.ആ സംഗതി ഇല്ലായിരുന്നു എങ്കില്‍ ക്ലൈമാക്സ് ഉദ്ദേശിച്ചിടത് കൊണ്ടെത്തിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, അതിനു നല്ലോരുതരം കണ്ടു പിടികേണ്ടത് അനൂപ് മേനോന്‍ എന്ന തിരകഥാകൃത്താണ് എന്നാണ് ഉത്തരം.പക്ഷെ ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഇതു തോന്നില്ല എന്നിടത് ഈ ചിത്രത്തിന്‍റെ ടീം വിജയിച്ചു എന്ന് തന്നെ പറയാം.
അഭിനയം?
ഈ ചിത്രത്തില്‍ ആരും മോശമായി എന്ന് പറയാനാവില്ല.ഉണ്ണി മേനോന്‍ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം,ഒരു ഷമ്മി തിലകന്‍ ഒക്കെ അവതരിപ്പിക്കുന്ന ഒരു രീതി പ്രതീക്ഷിക്കുന്ന കാഴ്ചക്കാരെ നിരാശപ്പെടുത്തും എന്നല്ലാതെ മോശമായി എന്ന് എനിക്ക് അഭിപ്രായം ഇല്ല.(ഷമ്മി തിലകന്‍ മോശമാണ് എന്നൊരു ധ്വനി മുകളിലത്തെ വാചകത്തില്‍ ഇല്ല.പ്രജ എന്ന ചിത്രത്തിലെ ആദ്യ രംഗത്തും ചെങ്കോല്‍ എന്ന ആദ്യ ചിത്രത്തിലും (അവിടെയും ആദ്യ രംഗം) മോഹന്‍ലാല്‍ എന്ന നടന്‍ തന്‍റെ ഏറ്റവും നല്ല കാലത്ത്, ഷമ്മി തിലകന്‍റെ ഒപ്പമെത്താന്‍ പാട് പെടുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്).നന്ദു എന്ന നടനെ പുതിയ കാലത്തേ ഒരു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആയി ഉപയോഗിക്കാവുന്ന സാധ്യതകളെയും ഈ ചിത്രം തുറന്നു തരുന്നു.മേഘ്ന രാജിനും ഒത്തിരി സാദ്ധ്യതകള്‍ ഈ ചിത്രം തുറന്നു തരുന്നു.നല്ല ക്യാമറ,കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകള്‍ .
അവസാനമായി ഇത്തരം ചിത്രങ്ങള്‍ അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് വേണ്ടി തീയറ്റര്‍ ഉടമകള്‍ എടുത്തു മാറ്റുന്നതിനെതിരെ അഞ്ഞടിച്ച സംവിധായകനും ധീരനും സര്‍വോപരി ബുദ്ധി ജീവിയുമായ രഞ്ജിത് പറഞ്ഞ കാര്യങ്ങളെ പറ്റിയുള്ള ഒരു അഭിപ്രായം ....
അനിയാ, കൃഷ്ണനും രാധയും കൂടുതല്‍ തീയറ്റെറുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും അന്യഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ സ്വാഗതം ചെയ്യപ്പെടുന്നതും അത് കാണാന്‍ പ്രേക്ഷകര്‍ ഉള്ളത് കൊണ്ടാണ്.ലാഭം പ്രതീക്ഷിച്ചു നടത്തുന്ന തീയട്ടെരുകള്‍ അത് കളഞ്ഞു നല്ല സിനിമക്ക് വേണ്ടി നില കൊള്ളണം എന്ന് പറയുന്നത് വെറും ഒരു ബുദ്ധിജീവിജാടയായി മാത്രമേ എനിക്ക് കാണാന്‍ കഴിയു.(ഈ പറയുന്ന രഞ്ജിത് ഒരു അഞ്ചു കൊല്ലം മുന്‍പ് വരെ പടച്ചു വിട്ടിരുന്ന മഹോത്തര സിനിമകള്‍ ആയ ചന്ദ്രോത്സവം,പ്രജാപതി റോക്ക് ആന്‍ഡ് റോള്‍ തുടങ്ങിയവ ഒക്കെ അദേഹത്തിന്റെ കുടുംബം പോലും കാണാതെ ആയപ്പോള്‍ ആണ് അദേഹം ബുദ്ധിജീവി ആയതു എന്ന സത്യം നമുക്ക് തല്ക്കാലം വിടാം).ഇത്തരം നല്ല ചിത്രങ്ങള്‍ കാണികളില്‍ എത്താതെ പോകുന്നെങ്കില്‍ (ഞാന്‍ കാണാന്‍ പോയപ്പോള്‍ തീയറ്റര്‍ ഫുള്‍ ആയിരുന്നു ഇപ്പോള്‍ ഇറങ്ങിയ രണ്ടു സുപ്പര്‍താരചിത്രങ്ങളെകാളും കുടുംബ പ്രേക്ഷകരെയും അവിടെ കണ്ടു) അത് തികച്ചും സങ്കടകരമാണ്, നല്ല ചിത്രം കാണാന്‍ ആളില്ലേ എന്ന് പരാതിപ്പെടുന്നതിനു പകരം ബി സി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു റീ റിലീസിംഗ് പോലെ ഒന്ന് എന്ത് കൊണ്ട് ചിന്തിക്കുന്നില്ല എന്നതിന് ഉത്തരം പറയേണ്ടത് ഇതിന്‍റെ നിര്‍മാതാക്കളാണ്.അതിന്‍റെ പ്രായോഗിക വിഷമതകളെ പറ്റിഎനിക്കറിയില്ല എന്ന് ആദ്യമേ പറഞ്ഞോട്ടെ .
അപ്പോള്‍ ചുരുക്കത്തില്‍ .....
ചിത്രത്തിന്‍റെ പേരും അഭിപ്രായവും ഒന്നാകുന്ന ഒരു ചിത്രം .ബ്യൂട്ടിഫുള്‍ = ബ്യൂട്ടിഫുള്‍
ഒട്ടും ബോര്‍ അടിപ്പിക്കാതെ പറഞ്ഞു പോകുമ്പോള്‍ ആണ് ഈ ചിത്രം നേരത്തെ പറഞ്ഞ വെയിലത്തെ നാരങ്ങാവെള്ളം ആകുന്നത്.180 എന്ന തമിഴ് സിനിമയെ പറ്റി പറഞ്ഞപ്പോളും ഇതേ അഭിപ്രായമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്
ReplyDeleteWhich tamil movie ?
പടം ഇറങ്ങി ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്നലെ ആണ് ഞാന്‍ പത്മയില്‍ ഈ പടം കണ്ടത്.. ആ ഷോ ഹൌസ് ഫുള്‍ ആയിരുന്നു.. അപ്പോപിന്നെ തിയെട്ടര്‍കാര്‍ക്ക് ഏതു വകുപ്പില്‍ ആണ് ഈ പടം ഓടിക്കുന്നത് കൊണ്ട്ട് നഷ്ടം വരുന്നത്?
ReplyDelete