Thursday, January 19, 2012

സ്പാനിഷ്‌ മസാല

അണ്ണാ നിങ്ങളിതെന്തോന്നു ......?

മനസിലായില്ല.

ഹ.. നിങ്ങള്‍ ഒക്കെ കൂടി അല്ലിയോ പറഞ്ഞെ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ സുനാമി ആഞ്ഞടിക്കും 2012 ല്‍ എന്ന് എന്നിട്ടിത് വരെ വന്നത് കുറെ കൂറപ്പടങ്ങള്‍.ഇതാണോ നിങ്ങളൊക്കെ പറഞ്ഞ ഈ സുനാമി?

ഇതല്ലേ പറയുന്നേ നിനക്കൊന്നും വിവരം ഇല്ലെന്നു.എടാ ഇതൊക്കെ ഇനി വരുന്ന താര സംഭവങ്ങള്‍ക്ക് വേണ്ടി പൊതുജനത്തെ ഒന്ന് പരുവപ്പെടുത്തല്‍ എന്ന പ്രക്രിയ അല്ലെ?

അസിഫലിയും,ജയസൂര്യയും,ശ്രീനിവാസനും ഒക്കെ താരങ്ങള്‍ അല്ല എന്ന അണ്ണന്‍റെ ദുസൂചന ഞാന്‍ തല്ക്കാലം അവഗണിക്കുന്നു.അപ്പോള്‍ ഈ ആഴ്ച പടമൊന്നും ....?

പിന്നേ... ഇറങ്ങിയല്ലോ.എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കുന്ന,ചന്തു പൊട്ടു എന്ന ചിത്രത്തിന് ശേഷം ദിലീപ്,ലാല്‍ ജോസ്,ബെന്നി നായരമ്പലം എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് സ്പാനിഷ്‌ മസാല. ദിലീപ്, കുഞ്ചാക്കോ ബോബന്‍,ബിജു മേനോന്‍ മുതലായവരെ കൂടാതെ സ്പാനിഷ്‌ നടി ഡാനിയേല നായിക ആയി എത്തുന്നു .നവാഗതനായ വേണു ഗോപാലിന്‍റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.കഥ ഭൂരിഭാഗവും സ്പെയിനില്‍ വെച്ച് നടക്കുന്നത് കൊണ്ട് കാളപ്പോര്,ട്ടോമാട്ടീനോ ഫെസ്റ്റിവല്‍,ഫ്ലെമിങ്ങ്ഗോ ഡാന്‍സ് എന്നിവ തികച്ചും സൌജന്യം.(ഇപ്പോളും മറൈന്‍ ഡ്രൈവില്‍ പ്രാവുകള്‍ പറക്കുന്ന ഷോട്ട് കാണിക്കാതെ നമുക്കൊക്കെ എന്തോന്ന് ബോംബെ ?)

അപ്പോള്‍ സംഗതി തകര്‍പ്പന്‍ ആയിരിക്കുമല്ലോ.കേട്ടിട്ട് തന്നെ ഒരു രോമാഞ്ചം ......

ഈ ലാല്‍ ജോസും,ദിലീപും ഒരുമിച്ചാല്‍ ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തു എന്നതാണ് അവസ്ഥ.മുല്ലയും,രസികനും,മീശ മാധവനും,ചാന്തുപൊട്ടും നമുക്ക് തന്ന ഈ ടീം ഇപ്രാവശ്യം ഒന്നിക്കുമ്പോള്‍ ഇപ്രാവശ്യം എന്താകും കിട്ടുക എന്നൊരു ആകാംഷ ഈ ചിത്രം കാണാന്‍ പോകുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നു.ബിഗ്‌ സ്ക്രീന്‍ സിനിമയുടെ ബാനറില്‍ നൌഷാദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തെ ഒരു മ്യുസിക്കല്‍ ലവ് സ്റ്റോറി എന്നാണ് ഇവിടുത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു കണ്ടത്.ശങ്കര്‍ - മേനക കാലഘട്ടത്തിനു ശേഷം പൊതുവേ രണ്ടര മണികൂര്‍ പ്രേമം മാത്രം കണ്ടിരിക്കാനുള്ള ക്ഷമ ഇവിടുത്തെ സിനിമാ പ്രേക്ഷകര്‍ക്ക്‌ ഉണ്ടോ എന്ന ഒരു സംശയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു ഈ ചിത്രത്തിന് കേറുമ്പോള്‍ (എനിക്ക് ഏതായാലും ഇല്ല!!)

അണ്ണന്‍ എങ്ങനെ കാടിനു ചുറ്റും നടന്നു തല്ലാതെ ബാക്കി കൂടെ ഒന്ന് പറയാമോ ഉദാഹരണമായി... കഥ?

ശരി.ഇന്നാ പിടിച്ചോ.. ഈ ചിത്രത്തിന്‍റെ കഥ അഞ്ചേ അഞ്ചു വാചകങ്ങളില്‍ ഒതുക്കാം
1 ) തൊഴിലില്ലാത്ത മിമിക്രി കലാകാരന്‍ ചാര്‍ളി സ്പെയിനില്‍ എത്തി അവിടെ ഒരു പണക്കാരന്‍റെ കൊട്ടാരത്തില്‍ കുക്ക് ആയി ജോലിക്ക് കേറുകയും ചെയ്യുന്നു .
2 ) അവിടുത്തെ മുതലാളിയുടെ ഏക മകള്‍ കാമില കാമുകന്‍ രാഹുല്‍ (കുഞ്ചാക്കോ ബോബന്‍) മരിച്ചു അകെ ദുഖത്തില്‍ ആണ്. (പോരാത്തതിനു താല്‍കാലികമായി അന്ധയും !!)
3 ) നല്ലവനും മിടുക്കനുമായ ചാര്‍ളി കൊച്ചമ്മയുടെ ദുഃഖം അടക്കം സകല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കി കഴിയുമ്പോള്‍ കമിലയെ ചാര്‍ളിയെ കൊണ്ട് കെട്ടിക്കാന്‍ മുതലാളി തീരുമാനിക്കുന്നു .
4 )ഏതാണ്ട് സംഗതികള്‍ ശരിയായി വരുമ്പോള്‍ മരിച്ചു പോയ രാഹുല്‍ തിരിച്ചെത്തുന്നു,അതോടെ ചാര്‍ളി പുറത്താകുന്നു
5 ) രാഹുല്‍ ആദ്യം തോന്നിയത് പോലെ അത്ര നല്ലവന്‍ അല്ലെന്നും മറിച്ചു പരമ ദുഷ്ട്ടനും വേറെ സെറ്റ് അപ്പ്‌ ഉള്ളവനും ആണെന്ന് മനസിലാകുന്നതോടെ നായിക രാഹുലിനെ കളഞ്ഞു കേരളത്തിലെത്തി ചാര്‍ളിയെ കെട്ടുന്നു.

അണ്ണാ ഇതല്ലേ പഞ്ചാബി ഹൌസിന്‍റെയും കഥ? അതില്‍ രണ്ടു നായികമാരും ഒരു നായകനും ഇതില്‍ രണ്ടു നായകന്മാരും ഒരു നായികയും.അതില്‍ പഞ്ചാബ്‌ ഇങ്ങോട്ട് വന്നു ഇവിടെ നമ്മള്‍ സ്പെയിനില്‍ പോയി

അനിയാ നീ ഒരു കാര്യം മനസിലാക്കണം.ഇതു വരെ ആരും പറയാത്ത കഥ പറയണം എന്ന് എല്ലാരും വാശി പിടിച്ചാല്‍ പരമാവധി അഞ്ചിന് താഴെ പടങ്ങള്‍ പോലും ഒരു വര്‍ഷം ഇറങ്ങില്ല ഈ മലയാളത്തില്‍. അന്യ ഭാഷയില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ പല ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നത് പറഞ്ഞു പഴകിയ കഥകളാണ് (പെട്ടന്ന് ഓര്മ വരുന്നത് 180 എന്ന ചിത്രമാണ്).ആ കഥ അവതരിപ്പിച്ചിരിക്കുന്ന രീതി,അവതരണ ക്രമം എങ്ങനെ പല സംഗതികള്‍ വ്യത്യസ്തമായി ചെയ്യുമ്പോള്‍ ആണ് നമുക്ക് ബോര്‍ അടിക്കാതെ അങ്ങനത്തെ ഒരു ചിത്രം കാണാന്‍ കഴിയുന്നത്‌.വേറൊരു ഉദാഹരണം പറഞ്ഞാല്‍ പ്രണയിച്ചു ഒരുമിക്കാന്‍ കഴിയാതെ മരിച്ചു പോകുന്നവര്‍ അടുത്ത ജന്മത്തില്‍ ഒരുമിക്കുന്ന സംഗതി എത്ര സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട് . പ്രബുദ്ധനായ മലയാളി പറഞ്ഞു പഴകിയ രീതിയില്‍ ആളുകളെ മാത്രം മാറ്റി ആ കഥ അവതരിപ്പിച്ചു,ഈ സിനിമക്ക് പിന്നില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള രഹസ്യ അജണ്ട ആണെന്നും അല്ലെന്നും വാദിച്ചു സമയം കളയുമ്പോള്‍ വിവരമില്ലാത്ത തെലുങ്കന്‍,മഗധീര എന്ന ചിത്രത്തിന്‍റെ ഫോര്‍മാറ്റില്‍ അതെ തീം അവതരിപ്പിച്ചു കോടികള്‍ കൊയ്യുന്നു.ഇനി ചോദ്യം: ഇവിടെ ശശി ആരാ?

മതി അണ്ണാ വയറു നിറഞ്ഞു. ഇനി ഈ പടത്തെ പറ്റി..?

ഈ ചിത്രത്തില്‍ ലാല്‍ ജോസിനു ഏറ്റവും കുറഞ്ഞ പക്ഷം ചെയ്യാമായിരുന്ന കാര്യങ്ങള്‍ ഈ ചിത്രത്തില്‍ പപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെല്‍സന്‍ എന്ന താരതമ്യേനെ പുതുമുഖനടന് പകരം ജഗതിയെ പോലുള്ള നടനെ ഉപയോഗിച്ചിരുന്നെങ്കിലോ?കുറഞ്ഞ പക്ഷം ഒന്നാം പകുതി എങ്കിലും സഹിക്കാവുന്ന അവസ്ഥയില്‍ ആയി പോയേനെ.പരിചയ സമ്പന്നരായ സഹതാരങ്ങളുടെ അഭാവം മൂലം ഒന്നാം പകുതിയിലെ കോമഡി മൊത്തമായി ദിലീപിന്‍റെ തലയിലാണ്.രണ്ടാം പകുതിയിലെ സ്ക്രിപ്റ്റ് ലാല്‍ജോസ് വായിച്ചു നോക്കി പോലും കാണുമെന്നു ഈ ചിത്രം കണ്ടാല്‍ തോന്നില്ല.സ്ക്രിപ്റ്റ് എഴുതിയ ബെന്നി പി നായരമ്പലം എന്ന മഹാനെ എത്ര വഴ്ത്തിയാലും മതിയാകില്ല.ഒരുമാതിരി പഴയ ജഗന്നാഥവര്‍മ്മയോ പ്രതാപചന്ദ്രനോ ഒക്കെ ചെയ്തിരുന്ന സ്റ്റൈലില്‍ ആണ് നായികയുടെ അച്ഛനെ ഒക്കെ പടച്ചു വിട്ടിരിക്കുന്നത്.(നയതന്ത്ര രംഗത്ത് ഭയങ്കര സംഭവമായ പുള്ളി ആണ് ആളെന്നു ഓര്‍ക്കണം). പിന്നെ അങ്ങേരുടെ പെങ്ങളുടെ മകന്‍ ഒരാളുണ്ട് ഫ്രെഡി.തനി പഴയ കൊച്ചു മുതലാളി ലാലു അലക്സ്‌ അല്ലെങ്കില്‍ സത്താര്‍ (നായികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടത്തുന്നില്ല എന്നൊരു കുറവ് മാത്രമേ ഉള്ളു. അത് പിന്നെ ഫസ്റ്റ് കസിന്‍ പെങ്ങള്‍ ആയതു കൊണ്ടാവാം).കുറഞ്ഞ പക്ഷം വേലക്കാരിയെ എങ്കിലും ഉപദ്രവിക്കാന്‍ ശ്രമിക്കാത്തത് കൊണ്ട് എന്തോ ആ കഥാപാത്രത്തിന് ഒരു പൂര്‍ണത കൈവന്നില്ല.കൊച്ചിലെ ഒരു അഞ്ചോ ആറോ കൊല്ലം ഒരു കുട്ടി ഇന്ത്യയില്‍ വളര്‍ന്നു എന്ന് ആയ മലയാളി ആയിരുന്നു എന്നും പറഞ്ഞു കമീല എന്ന കഥാപാത്രത്തെ അടി മുടി മലയാളീകരിച്ചിരിക്കയാണ് സംവിധായകനും തിരകഥ കൃത്തും.രണ്ടാം പകുതി ആകുന്നതോടെ കഥാപാത്രങ്ങള്‍ക്കക്കും ഒപ്പം കഥയ്ക്കും ജെനുവിനിട്ടി പൂര്‍ണമായും നഷ്ട്ടപെടുന്നതോടെ ദുരന്തം പൂര്‍ത്തിയാകുന്നു . ഈ സ്പെയിന്‍ എന്നൊക്കെ പറയുന്നതിന് പകരം വല്ല ഉത്തര ഇന്ത്യയോ അന്ദ്രയോ മറ്റോ ആയിരുന്നേല്‍ ഇതിലും ഭേദം ആയേനെ.സിന്ദഗി മിലേ നാ ദുബാരഹ് പോലെയുള്ള ചിത്രങ്ങളില്‍ നന്നായി ചിത്രീകരിച്ച ടോമാട്ടിനോ ഫെസ്റ്റിവല്‍ ഒക്കെ ഈ സിനിമയില്‍ മഹാ ബോറായാണ് കാണിച്ചിരിക്കുന്നത്.(കാശില്ല എങ്കില്‍ ആ പണിക്കു പോകരുത് )

അല്ല അപ്പോള്‍ അഭിനയം ?

ഒന്ന് പോടെ എത്ര ഉഗ്രന്‍ കഥയും തിരകഥയും വെച്ച് എന്തോന്ന് അഭിനയിക്കാന്‍? എങ്കിലും ദോഷം പറയരുതല്ലോ ഒരു മാതിരി എല്ലാ നടീ നടന്മാരും (വിദേശ നായിക ഉള്‍പ്പെടെ ) അവര്‍ക്ക് കഴിയുന്നതിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട് . പക്ഷെ ചുവരില്ലാതെ എന്ത് ചിത്രം?

അങ്ങനെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പറ്റില്ല. ദിലീപ് എങ്ങനെയുണ്ട് ? അത് പറഞ്ഞിട്ട് പോയാല്‍ മതി .

അനിയാ 2010 ല്‍ തനിക്കു ലഭിച്ച മുന്‍‌തൂക്കം 2011 ല്‍ ഒട്ടും പ്രയോജനപ്പെടുത്താന്‍ കഴിയാത്ത പോയ നടനാണ് ദിലീപ് . കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ള അല്‍പ്പസ്വല്‍പ്പം സ്വീകാര്യത ഇങ്ങനത്തെ ചിത്രങ്ങളിലൂടെ നശിപ്പിക്കാതിരുന്നാല്‍ അദേഹത്തിന് കൊള്ളാം

അപ്പോള്‍ ചുരുക്കത്തില്‍ ...

പട്ടാളം,രസികന്‍,മുല്ല ഈ നിരയിലേക്ക് മറ്റൊരു ബോറന്‍ ചിത്രം കൂടി

10 comments:

  1. ///ഈ ലാല്‍ ജോസും,ബെന്നി നായരമ്പലവും,ദിലീപും ഒരുമിച്ചാല്‍ ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തു എന്നതാണ് അവസ്ഥ.മുല്ലയും,ചാന്തുപൊട്ടും നമുക്ക് തന്ന ഈ ടീം ഇപ്രാവശ്യം ഒന്നിക്കുമ്പോള്‍ ഇപ്രാവശ്യം എന്താകും കിട്ടുക എന്നൊരു ആകാംഷ ഈ ചിത്രം കാണാന്‍ പോകുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നു.///
    mullayude script sindhuraj anu mone!!!

    ReplyDelete
  2. @പവന്‍AAYI: തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്

    ReplyDelete
  3. ലാല്‍ ജോസിന് വ്യത്യസ്തതക്കുള്ള ശ്രമം... ആക്രാന്തം... കുറച്ചു കൂടുന്നുണ്ടോ?

    ReplyDelete
  4. കറക്ട്..
    പ്രവചനീയമായ തിരക്കഥ. കുറഞ്ഞ നിലവാരം. :(

    ReplyDelete
  5. മുല്ല, രസികന്‍ എന്നീ ചിത്രങ്ങളുടെ ഗണത്തിലേക്ക് ഒന്നുകൂടി ലാല്‍ജോസ് - ദിലീപ് കൂട്ടുകെട്ടില്‍ നിന്ന് ... അല്ലേ?
    എന്തൊക്കെയായാലും ഇവിടെ കണ്ടു മടുത്ത ഈ കഥ സിനിമയാക്കാന്‍ നിര്‍മാതാവിന്റെ കാശ് കളഞ്ഞു സ്പെയ്ന്‍ കണ്ടു നടക്കാന്‍ പറ്റിയല്ലോ...

    ReplyDelete
  6. ചുരുക്കത്തില്‍ ഡീ വീ ഡി കണ്ടായാലും എങ്ങിനെ എങ്കിലും അനൂപ്‌ മേനോന് മാത്രമേ എന്തെങ്കിലും പുതിയ നാലക്ഷരം എഴുതി വയ്ക്കാന്‍ മലയാള സിനിമയില്‍ പറ്റുന്നുള്ളൂ , ബാക്കി ഒക്കെ വളിച്ചു നാറിയ വീഞ്ഞ് പുതിയ കുപ്പിയില്‍ ഒഴിച്ച് മനുഷ്യരെ മെനക്കെടുത്തുന്നു, ലാലേട്ടന്‍ ക്രിക്കറ്റ് കുടവരും കൊണ്ട് കളിക്കുന്നത് കൂടി സരോജ് കുമാരില്‍ ഉള്പെടുതാമായിരുന്നു എന്ന് മാച്ച് കണ്ടപ്പോള്‍ തോന്നി

    ReplyDelete
  7. നൌഷാദിന് അങ്ങിനെ അബദ്ധം പറ്റുന്നതല്ല ഇത് കുക്ക് കഥാപാത്രം എന്നൊക്കെ പറഞ്ഞു പുള്ളിയെ പറ്റിച്ചു കാണും

    ReplyDelete
  8. ഈ ചിത്രത്തില്‍ ലാല്‍ ജോസിനു ഏറ്റവും കുറഞ്ഞ പക്ഷം ചെയ്യാമായിരുന്ന കാര്യങ്ങള്‍ ഈ ചിത്രത്തില്‍ പപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെല്‍സന്‍ എന്ന താരതമ്യേനെ പുതുമുഖനടന് പകരം ജഗതിയെ പോലുള്ള നടനെ ഉപയോഗിച്ചിരുന്നെങ്കിലോ?കുറഞ്ഞ പക്ഷം ഒന്നാം പകുതി എങ്കിലും സഹിക്കാവുന്ന അവസ്ഥയില്‍ ആയി പോയേനെ.
    പ്രേക്ഷകന്‍

    അടിച്ചുതളിക്കാരനും മലയാളനോവലിസ്റ്റുമൊക്കെയായി നായികാഭവനത്തിൽ കൂടിയിരിക്കുന്ന പപ്പൻ (H) എന്ന കഥാപാത്രവും പപ്പനെ അവതരിപ്പിച്ച നെൽസണുമാണ് ഈ സിനിമയുടെ രണ്ടാമത്തെ ശ്രദ്ധാകേന്ദ്രം. ടെലിവിഷൻ പ്രോഗ്രാമുകളിൽ പലപ്പോഴും കണ്ടിട്ടുള്ള നെൽസൺ മികച്ച കൈയടക്കത്തോടെയാണ് പപ്പനായി മാറിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെയും ഹരിശ്രീ അശോകന്റെയും ജഗദീഷിന്റെയുമൊക്കെ വളയമില്ലാതെയുള്ള H പ്രകടനങ്ങൾ കണ്ട് വിളറി പിടിച്ചിട്ടുള്ള മലയാളിപ്രേക്ഷകരെ നെൽസന്റെ ഒതുങ്ങിയ അഭിനയം ചിരിപ്പിക്കുക മാത്രമല്ല ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തേക്കെങ്കിലും ഈ നടൻ മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറുമെന്ന് തീർച്ച. (വായനക്കാരനും എഴുത്തുകാരനും ഒരാൾ തന്നെയാകുന്നതാണ് എഴുത്തുകാരന്റെ ആരോഗ്യത്തിനു നല്ലത്! -പപ്പൻ)

    കൃഷ്ണമൂര്‍ത്തി

    ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാര്‍‌സി’ല്‍ നിന്നുമെത്തിയ നെല്‍‌സണ്‍ സ്കിറ്റുകളിലെ പ്രകടനം തന്നെ ഇതിലും പുറത്തെടുക്കുന്നു. നെല്‍സണ്‍ അവതരിപ്പിച്ച പപ്പനും ചാര്‍ളിയും ഒരുമിക്കുന്ന ചില രംഗങ്ങളില്‍ അല്‍പം ചിരിക്കുള്ള വകയുണ്ട്.

    ഹരി- ചിത്രവിശേഷം .

    നാഴികക്ക് നാല്‍പ്പതുവട്ടം മുതിര്‍ന്ന താരങ്ങളെ കുറ്റം പറയുന്ന പ്രേക്ഷകാ സ്വന്തം കണ്ണില്‍ കോല് വച്ചിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ പോകുന്നത് ..ഏതെങ്കിലും ഒരു പുതുമുഖം നന്നായി ചെയ്ത ഒരു കഥാപാത്രത്തെ ഇങ്ങനെയാണോ നിരൂപിക്കേണ്ടത് ..തനിക്കറിയാവുന്ന പണി ഇതല്ലെന്ന് താങ്കള്‍ക്കു ഇതുവരെ മനസിലായില്ലേ..?

    ReplyDelete
  9. ഈ ചിത്രത്തില്‍ ലാല്‍ ജോസിനു ഏറ്റവും കുറഞ്ഞ പക്ഷം ചെയ്യാമായിരുന്ന കാര്യങ്ങള്‍ ഈ ചിത്രത്തില്‍ പപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെല്‍സന്‍ എന്ന താരതമ്യേനെ പുതുമുഖനടന് പകരം ജഗതിയെ പോലുള്ള നടനെ ഉപയോഗിച്ചിരുന്നെങ്കിലോ?കുറഞ്ഞ പക്ഷം ഒന്നാം പകുതി എങ്കിലും സഹിക്കാവുന്ന അവസ്ഥയില്‍ ആയി പോയേനെ.
    പ്രേക്ഷകന്‍

    അടിച്ചുതളിക്കാരനും മലയാളനോവലിസ്റ്റുമൊക്കെയായി നായികാഭവനത്തിൽ കൂടിയിരിക്കുന്ന പപ്പൻ (H) എന്ന കഥാപാത്രവും പപ്പനെ അവതരിപ്പിച്ച നെൽസണുമാണ് ഈ സിനിമയുടെ രണ്ടാമത്തെ ശ്രദ്ധാകേന്ദ്രം. ടെലിവിഷൻ പ്രോഗ്രാമുകളിൽ പലപ്പോഴും കണ്ടിട്ടുള്ള നെൽസൺ മികച്ച കൈയടക്കത്തോടെയാണ് പപ്പനായി മാറിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെയും ഹരിശ്രീ അശോകന്റെയും ജഗദീഷിന്റെയുമൊക്കെ വളയമില്ലാതെയുള്ള H പ്രകടനങ്ങൾ കണ്ട് വിളറി പിടിച്ചിട്ടുള്ള മലയാളിപ്രേക്ഷകരെ നെൽസന്റെ ഒതുങ്ങിയ അഭിനയം ചിരിപ്പിക്കുക മാത്രമല്ല ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തേക്കെങ്കിലും ഈ നടൻ മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറുമെന്ന് തീർച്ച. (വായനക്കാരനും എഴുത്തുകാരനും ഒരാൾ തന്നെയാകുന്നതാണ് എഴുത്തുകാരന്റെ ആരോഗ്യത്തിനു നല്ലത്! -പപ്പൻ)

    കൃഷ്ണമൂര്‍ത്തി

    ഏഷ്യാനെറ്റിലെ ‘കോമഡി സ്റ്റാര്‍‌സി’ല്‍ നിന്നുമെത്തിയ നെല്‍‌സണ്‍ സ്കിറ്റുകളിലെ പ്രകടനം തന്നെ ഇതിലും പുറത്തെടുക്കുന്നു. നെല്‍സണ്‍ അവതരിപ്പിച്ച പപ്പനും ചാര്‍ളിയും ഒരുമിക്കുന്ന ചില രംഗങ്ങളില്‍ അല്‍പം ചിരിക്കുള്ള വകയുണ്ട്.

    ഹരി- ചിത്രവിശേഷം .

    നാഴികക്ക് നാല്‍പ്പതുവട്ടം മുതിര്‍ന്ന താരങ്ങളെ കുറ്റം പറയുന്ന പ്രേക്ഷകാ സ്വന്തം കണ്ണില്‍ കോല് വച്ചിട്ട് അന്യന്റെ കണ്ണിലെ കരടെടുക്കാന്‍ പോകുന്നത് ..ഏതെങ്കിലും ഒരു പുതുമുഖം നന്നായി ചെയ്ത ഒരു കഥാപാത്രത്തെ ഇങ്ങനെയാണോ നിരൂപിക്കേണ്ടത് ..തനിക്കറിയാവുന്ന പണി ഇതല്ലെന്ന് താങ്കള്‍ക്കു ഇതുവരെ മനസിലായില്ലേ..?

    ReplyDelete
  10. @ ans.nayana മറ്റാരുടെയും അഭിപ്രായമല്ലല്ലോ ഞാന്‍ ഇവിടെ പറഞ്ഞത് . എന്റെ സ്വന്തം അഭിപ്രായമാണ് .അത് മറ്റുള്ളവര്‍ക്ക് ശരിയോ തെറ്റോ ആയി തോന്നിയാലും അത് എന്റെ അഭിപ്രായം തന്നെയാണ് .മുതിര്‍ന്നതോ പുതുമുഖങ്ങളോ ആയ നടി നടന്മാരെ പറ്റി ഞാന്‍ കുറ്റമോ നല്ലതോ പറയുമ്പോഴും അതും എന്റെ സ്വന്തം അഭിപ്രായം തന്നെയാണ് .കൂട്ടത്തില്‍ ഞാന്‍ സ്ഥിരം പറയാറുള്ള മറ്റൊരു കാര്യം കൂടിയുണ്ട് .സിനിമയില്‍ മാറ്റങ്ങള്‍ വരുന്നത് പോലെ കാണികളും ആരുടെയെങ്കിലും അഭിപ്രായത്തിന് താളമിടാതെ സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് ചിന്തിച്ച് തുടങ്ങിയാലേ മലയാള സിനിമ രക്ഷപ്പെടു എന്ന് . താങ്കള്‍ അങ്ങനെയുള്ള ഒരാളല്ല എന്നറിഞ്ഞതില്‍ ഖേദിക്കുന്നു

    ReplyDelete