Friday, January 6, 2012

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

അണ്ണന്‍ അറിഞ്ഞായിരുന്നോ മലയാള സിനിമയുടെ കഴിഞ്ഞ അമ്പതു വര്‍ഷത്തെ ചരിത്രം എടുത്താല്‍ മികച്ച ഇരുപത്തി അഞ്ചു ചിത്രങ്ങളില്‍ സ്ഥാനം പിടിക്കാവുന്ന ഒരു ചിത്രം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ റിലീസ് ആയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ട്രാഫിക്‌ .ഈ വര്‍ഷം ഇതു .. ഹോ ഈ മലയാള സിനിമ രക്ഷപ്പെട്ടിട്ടേ ഉള്ളു വേറെ കാര്യം.ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം വരുന്നു അണ്ണാ.

അടങ്ങേടെ.നീ അങ്ങനെ അങ്ങ് കത്തി കേറാതെ.അനിയാ ഈ മലയാള സിനിമ എന്ന സാധനം നന്നാവണം എങ്കില്‍ സ്വന്തമായി ഒരു അഭിപ്രായവും അത് എന്ത് കൊണ്ട് എന്നും വ്യക്തമായി പറയാനും കഴിയുന്ന ഒരു തലമുറ വളര്‍ന്നു വരണം.ഇവിടെ തന്‍റെത്തിനു വിപരീതമായി ചിന്തിക്കുന്ന ഒരാളെ എങ്ങനെ ബ്രാന്‍ഡ്‌ ചെയ്യാമെന്ന് തല പുകയ്ക്കുന്ന ജീവികളാണ് ബൂലികത്തു ഉള്ളത്.പിന്നെ ആകെ ഒരു ഭാഗ്യം ഇവരൊക്കെ നശിച്ചു കൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകളെ പോലെ ആണെന്നുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തെ ബോക്സ്‌ ഓഫീസ് തെളിയിക്കുന്നതും അതൊക്കെ തന്നെ.

അതൊക്കെ അവിടെ കിടക്കും അണ്ണാ . നിങ്ങള്‍ കാര്യത്തിലേക്ക് വന്നെ.ഇത്ര ഭയങ്കര ഒരു ചിത്രം വന്നിട്ട് നിങ്ങള്‍ കണ്ടില്ല എന്ന് പറഞ്ഞാല്‍ ............

നീ എന്‍റെ മാനം കെടുത്തിയെ അടങ്ങുകയുള്ളോ? ശരി അത് നില്‍ക്കട്ടെ പുതിയ തലമുറയുടെ കഥ പറയുന്ന ചിത്രങ്ങള്‍ എടുക്കുന്ന സംവിധായകര്‍ക്കുള്ള ഒരു മാര്‍ഗരേഖ എന്ന എന്‍റെ ഏറ്റവും പുതിയ പഠനം നീ വായിച്ചായിരുന്നോ?

അല്ല അതിനു മലയാളം വായിക്കാന്‍ ചില്ലറ ബുദ്ധിമുട്ട് .........പിന്നെ മലയാളം അക്ഷരം വായിക്കാന്‍ അറിയാം എന്നറിഞ്ഞാല്‍ എന്നെ നിരൂപക സംഘടനക്കു പുറത്താക്കും. അല്ലേലും ഈ മലയാളത്തില്‍ വരുന്നതൊക്കെ ചവര്‍ അല്ലിയോ?

ശരി ആ പുസ്തകത്തില്‍ ഞാന്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇവയാണ്

1. പുതിയ തലമുറയിലെ കുട്ടികള്‍ (ടീനേജ്) പയ്യന്മാരെല്ലാം സ്നേഹത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നവരാണ് . രണ്ടു ദിവസം ഇന്‍റെര്‍നെറ്റോ,മൊബൈല്‍ ഫോണോ ഇല്ലെങ്കില്‍ അവരൊക്കെ സഹിച്ചു എന്നിരിക്കും . പക്ഷെ സ്നേഹം .... ഇതാണ് ഇവരുടെ ഏറ്റവും വലിയ ദൌര്‍ബല്യം.

2.ഈ കുട്ടികളുടെ മാതാപിതാക്കള്‍ ആകട്ടെ ഭയങ്കര തിരക്കുള്ളവരും,കുട്ടികളുടെ കൂടെ ഒരല്‍പം സമയം പോലും ചെലവഴിക്കാന്‍ സമയം ഇല്ലാത്തവരും ആയിരിക്കണം.എന്നാല്‍ ഇവരുടെ ഏക ലക്‌ഷ്യം കുട്ടിയുടെ (കുട്ടികളുടെ) ഉന്നമനം ആയിരിക്കണം.ഇവന് /ഇവള്‍ക്ക് വേണ്ടിയാണു ഞാന്‍ എങ്ങനെ രാപ്പകല്‍ ഇല്ലാതെ അധ്വാനിക്കുന്നത്‌ എന്ന് ഇടയ്ക്കിടെ പറയണം.

3. കുറെ കാലം മാതാപിതാക്കളുടെ സ്നേഹം എന്ന് കിട്ടും നാളെ കിട്ടും എന്ന് പ്രതീക്ഷിച്ചു മടുക്കുന്ന കുട്ടികള്‍ സ്വന്തമായി ഒരു ഗാംഗ് ഉണ്ടാക്കി ഒരു അമേരിക്കന്‍ പൈ എന്ന സിനിമയുടെ ലൈനില്‍ നീങ്ങുന്നു.(ഇവിടുന്നു വേണം കഥ തുടങ്ങാന്‍.മുകളില്‍ പറഞ്ഞതൊക്കെ ഇടയ്ക്കിടെ കാണിച്ചു കാണികളെ ബോധ്യപ്പെടുത്തണം)

4. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പയ്യന്മാരുടെ സഹോദരിമാര്‍ എല്ലാം തികഞ്ഞ നാടന്‍ പിള്ളേരോ അല്ലെങ്കില്‍ ഡ്രെസ്സില്‍ മാത്രം മോഡേണ്‍ ആയിട്ടുള്ളവരോ ആയിരിക്കണം എന്നുള്ളതാണ്.(അല്ലെങ്കിലും മലയാളിയുടെ സ്ത്രീ സങ്കല്പം സ്വന്തം ഭാര്യയും അന്യന്‍റെ ഭാര്യയും എന്നിതില്‍ തീരുമല്ലോ) .

5.സാദാ സമയം പിലോസപി പറയുന്ന ഒരു വയസ്സന്‍ ജുബ കഥാപാത്രം നിര്‍ബന്ധമായും വേണം.ഒരു പകുതിക്ക് അടുത്ത് ഒരു ദുഃഖ രംഗം വേണം എന്ന് തോന്നിയാല്‍ അങ്ങേരെ തട്ടികളയാം.

6.പയ്യന്‍മാരുടെ സംഘത്തില്‍ എപ്പോളും ഒരു തടിയന്‍ വേണം.തടിയന്‍ പേടിതൊണ്ടനും എന്നാല്‍ ഏറ്റവും ആക്രാന്തം ഉള്ളവനും ആയിരിക്കണം .(സംഗതി ഈ അമേരികാല്‍ പൈ മുതല്‍ ബോയ്സ് വരെ അങ്ങനെയാണ് സൊ ചോദ്യമില്ല )

എങ്ങനെയുള്ള സാഹചര്യം റെഡി ആക്കി കഴിഞ്ഞാല്‍ (ആദ്യത്തെ അമേരിക്കന്‍ പൈ അധികനേരം കൊണ്ട് പോകരുത്.സദാചാരിയായ മലയാളി സഹിക്കില്ല)ചില പ്രത്യേക ഉദ്ദേശ്യങ്ങളോടെ ഇവരുമായി ചങ്ങാത്തം സ്ഥാപിക്കുന്ന പ്രധാന കഥാപാത്രം.പിന്നെ പതുക്കെ ഫോക്കസ് ഈ കഥാപാത്രത്തിലേക്ക്.അവരുടെ പ്രശ്നങ്ങള്‍ തീരുന്നതോടെ ഈ പയ്യന്മാര്‍ എല്ലാം നന്നായി മാതാപിതാക്കളോടൊപ്പം സമൂഹ ഗാനം ആലപിച്ചു നിര്‍ത്തും .എപ്പിടി ?

ഈ പറഞ്ഞതില്‍ ആകെ തല ഉപയോഗിക്കേണ്ട ഭാഗം ഇവരുടെ ഇടയിലേക്ക് വരുന്ന ആ മറ്റേ കഥാപാത്രത്തിന്‍റെ കാര്യത്തിലാണ് . എത്ര നിസ്സാരം ... മനസ്സിലായോ ?

അല്ല ഈ ചിത്രത്തില്‍ ......

ഈ പടത്തില്‍ സംവിധായകന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാതെ ചെയ്തിട്ടുണ്ട്.ഈ പയ്യന്മാരുടെ ഇടയിലേക്ക് ജെര്‍മ്മനിയില്‍ നിന്നും വരുന്ന ക്രിസ്റ്റല്‍ (റീമ) ആണ് മേല്‍പ്പറഞ്ഞ മറ്റേ കഥാപാത്രം.കൊച്ചിലെ ജെര്‍മ്മന്‍ ദെബതികളാല്‍ ദത്തെടുക്കപ്പെട്ട ഇവര്‍ വേരുകള്‍ അന്വേഷിച്ചാണ് ഇന്ത്യയില്‍ എത്തുന്നത്‌.(ഉള്ളത് പറയണമല്ലോ റീമയുടെ അഭിനയം കണ്ടാല്‍ ആ കൊച്ചു സോഫ്റ്റ്‌വെയര്‍ കൂലി പണിക്കു പോലും വിദേശത്ത് പോയതായി തോന്നില്ല.ഒരു മാതിരി കേരളത്തിലെ കോളേജ് പെണ്‍ പിള്ളേരുടെ യോ യോ ലൈന്‍).ചില്ലറ വേരോന്നുമല്ല ആ കഥാപാത്രത്തിനു,ആദ്യം ഇവരും ചെറുക്കന്മാരും അനാഥാലയത്തില്‍ പോകുന്നു.പിന്നീടു പത്രത്തില്‍ പരസ്യം കൊടുത്തു ആ കൊച്ചിനെ അവിടെ കൊടുത്ത വയറ്റാട്ടി അമ്മിണി അമ്മയെ(കവിയൂര്‍ പൊന്നമ്മ) കണ്ടെത്തുന്നു.അവിടെയെത്തുമ്പോള്‍ മൊത്തം അമ്മെ -മോളെ ലൈന്‍.എന്നാല്‍ അവര്‍ ജീവിതത്തില്‍ കല്യാണം കഴിച്ചിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം അറിയുമ്പോള്‍ സംഘം വീണ്ടും അന്വേഷണത്തിന്. ഒരു അനാഥ കുട്ടിയെ വളര്‍ത്തുന്നതിന്‍റെ കൂലിയായി അവിടത്തെ ആയുര്‍വേദ ഭ്രാന്താശുപത്രിയിലെ വലിയ വൈദ്യന്‍ കൃഷ്ണന്‍ മൂസ് അമ്മിണി അമ്മക്ക് കൊടുത്തതാണ് ഇവര്‍ക്കുള്ള ഭൂസ്വത്തുക്കള്‍.അത് തട്ടിയെടുക്കാന്‍ ഇപ്പോളത്തെ വൈദ്യന്‍ ഉണ്ണി മൂസ് രംഗത്തുണ്ട് ( സന്തോഷ വാര്‍ത്ത‍ !!! ശ്രീജിത്ത്‌ രവിയും കോമഡി ആരംഭിച്ചിരിക്കുന്നു).

മരിച്ചു പോയ കൃഷ്ണന്‍ മൂസ് ആയിരിക്കും വേര് എന്ന് കരുതി ഭ്രാന്തി ആയി അഭിനയിച്ചു ഭ്രാന്താശുപത്രിയില്‍ ആഡ്മിറ്റ് ആകുന്നു ക്രിസ്റ്റല്‍. (കൊച്ചു വേരും കൊണ്ടേ പോകു എന്ന വാശിയിലാണ്) അപ്പോളാണ് കൃഷ്ണന്‍ മൂസ് സംഗതി നിത്യാനന്ദസ്വാമികള്‍ (കുട്ടികള്‍ ഉണ്ടാകാത്ത ടൈപ്പ്) ആയിരുന്നു എന്നും ഉണ്ണി മൂസിനെ എടുത്തു വളര്‍ത്തിയത്താണെന്നും ഉള്ള അടുത്ത ഞെട്ടിക്കുന്ന സത്യം അറിയുന്നത്.(ഉണ്ണി മൂസിനെ കണ്ടു പഠിച്ചൂടെ കൊച്ചിന്? വേരും വേണ്ട ഒന്നും വേണ്ട മൊത്തം ഹാപ്പി !!!)

നിരാശരാകാതെ അന്വേഷണം തുടരുന്ന ക്രിസ്റ്റലും പയ്യന്മാരും (ഇതിനിടെ പറയാന്‍ മറന്നു നാട്,പുഴ,മാവിന്‍ കമ്പ് കൊണ്ടുള്ള പല്ലുതേപ്പ് ഇവയെല്ലാം നമ്മുടെ പയ്യന്മാരെ നല്ലവരാക്കി,വീട്ടുകാരെ സ്നേഹിക്കുന്ന നല്ല കുട്ടികള്‍ ആക്കി മാറ്റിയിരുന്നു.ഇവനെയൊക്കെ പിടിച്ചു സത്യന്‍ അന്തിക്കാടിന്‍റെ പഴയ രണ്ടു പടം കാണിച്ചാല്‍ ഇക്കണക്കിനു ഇവനൊക്കെ പണ്ടേ നന്നായെനെയല്ലോ?) ഒടുവില്‍ ഈ പയ്യന്മാരുടെ അമ്മമാരില്‍ ഒരാളാണെന്ന് തന്‍റെ അമ്മ എന്ന് ക്രിസ്റ്റല്‍ അതീവ ബുദ്ധിപരമായി കണ്ടു പിടിക്കുന്നു.(പണ്ട് വട്ടായിട്ടു ചികിത്സക്ക് വന്നപ്പോള്‍ പ്രസവിച്ചതാ).ആ ഫ്ലാറ്റ് കോംപ്ലെക്സില്‍ തന്നെയുള്ള ഒരു സൂപ്പര്‍ താരം വെള്ളമടിച്ചു തന്‍റെ ചെറുപ്പകാലത്ത് നടന്ന ഒരു അവിഹിത ബന്ധത്തെ കുറിച്ച് പറയുന്നതോടെ (വെറുതെ പറയുന്നേ ഉള്ളു . ആരുമായിട്ടായിരുന്നു എന്നൊന്നും പറയുന്നില്ല) അച്ഛന്‍ അങ്ങേര്‍ തന്നെ എന്ന് ക്രിസ്റ്റല്‍ തീരുമാനിക്കുന്നു.രണ്ടു പേരുടെയും കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്തു,സത്യം മേല്‍പ്പറഞ്ഞ അച്ഛന്‍ (?) അമ്മ മാരോട് വെളിപ്പെടുത്താതെ എല്ലാം ഉള്ളില്‍ ഒതുക്കി, കിട്ടിയ വേരും പടലുമായി കൊച്ചു ജെര്‍മ്മനിക്ക് വണ്ടി കേറുന്നു.(പറയാന്‍ വിട്ടു പോകുന്നതിനു മുന്‍പ് സുപ്പര്‍ സ്റ്റാറിന്‍റെ പിരിയാന്‍ നിന്ന ഭാര്യയെ ഒറ്റ സിറ്റിങ്ങില്‍ തിരിച്ചു കൊണ്ട് വരുന്നുണ്ട് കൊച്ചു.നമ്മുടെ വിധുബാല ഒക്കെ പിച്ചയെടുത്തത് തന്നെ ).ഡാ ... എണീക്കെടാ ......

അയ്യോ ... ഏ .. ഇതെവിടാ.. ഓ .. വേര്, കൊച്ചു,പയ്യന്മാര്‍ .. നമ്മള്‍ എവിടെ ആയിരുന്നു ?

കുന്തം. . എടാ ഈ സംഗതി ഒറ്റ ഇരുപ്പിന് കണ്ട എന്‍റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ.ഇതാണ് അമ്പതു വര്‍ഷത്തില്‍ ഇറങ്ങിയ മികച്ച പതിനഞ്ചു മികച്ച ചിത്രങ്ങളില്‍ ഒന്ന്.സമാധാനം ആയല്ലോ? മനോജ്‌ വിനോദ് എന്ന നവാഗത പ്രതിഭ ബ്യുട്ടിപാര്‍ലറില്‍ ഇട്ടു അണിയിച്ചൊരുക്കുന്ന ചലച്ചിത്ര കാവ്യത്തിന്റെ സംഗ്രഹം ഇതാണ്. ജോണി സാഗരികയും പ്രസ്തുത കര്‍മ്മത്തില്‍ പങ്കെടുത്തു നമ്മെ സഹായിച്ചിട്ടുണ്ട്.

ഈ പറഞ്ഞതൊന്നും കൂടാതെ വേറെ ഒത്തിരി രംഗങ്ങള്‍ നമ്മുടെ മാനസിക ഉല്ലാസത്തിനായി സംവിധായകന്‍ ഒരുക്കിയിട്ടുണ്ട് . പയ്യന്മാരുടെ സംഘത്തിലെ തല തെറിച്ചവന്‍റെ ആത്മഹത്യക്കുള്ള കാരണം തുടങ്ങിയവ അതീവ രസകരം ആയിട്ടാണ് ഒരുക്കിയിരിക്കുന്നത് (ചിരിച്ചു മണ്ണ് കപ്പും).ഇന്നത്തെ കാലത്ത് ഏട്ടാ എന്ന് വിളിച്ചു വാലില്‍ തുങ്ങി നടക്കുന്ന നാട്ടിന്‍പുറം
മുറപെണ്ണ്,അവരെ എപ്പോളും ഒരുമിച്ചിരിക്കാന്‍ സാഹചര്യം ഒരുക്കുന്ന മാതാപിതാക്കള്‍,നാട്ടിന്‍ പുറത്തെ പാവം പയ്യനെ ഇംഗ്ലീഷ് പറഞ്ഞു പേടിപ്പിക്കുബോള്‍ അവന്‍ തിരിച്ചു ആവും പോലെ വീ ആര്‍ നോട്ട് ബെ ഗേ ഗേ ഗേ ഴ് സ് എന്ന സ്റ്റൈലില്‍ ഗര്‍ജിക്കുന്നത് എന്നിവ ഒക്കെ ഈ ചിത്രത്തിന്‍റെ പുതുമകളാണ്.പിന്നെ ഈ നഗരങ്ങളില്‍ സ്നേഹം കിട്ടാതെ വഷളായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം,നാട്ടിന്‍പുറം എന്ന് വെച്ചാലോ എവിടെ നോക്കിയാലും നന്മ മാത്രമുള്ള സ്ഥാലം എന്നൊക്കെയാണ് സംവിധായകന്റെ സങ്കല്പം.

അപ്പോള്‍ അഭിനയം ...

റീമ കല്ലിങ്കല്‍ ക്രിസ്റ്റല്‍ ആയി ജീവിക്കുകയാണ് ഈ ചിത്രത്തില്‍.ശ്രീജിത്ത്‌ രവി ഈ പോക്ക് പോയാല്‍ നടന്‍ ബാബു രാജിന് ഒരു വെല്ലുവിളി ആയേക്കും (ഇനി മലയാളത്തില്‍ കോമഡി കാണിക്കാന്‍ വില്ലന്മാരില്‍ ഇന്ത്യന്‍ റുപി എന്ന പടത്തില്‍ മാമ്മു കോയയുടെ ബിസ്നെസ്സ് സഹായി ആയി വരുന്ന തടിച്ച നടന്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് തോന്നുന്നു). സുരാജ് അഭിനയിക്കുന്നില്ല എന്നുള്ളത് മാത്രമാണ് ഈ ചിത്രത്തിനെ കുറിച്ച് പറയാവുന്ന ഒരു നല്ല കാര്യം.നായകന്‍മാര്‍ എന്ന് വിളിക്കാവുന്ന പയ്യന്മാര്‍ അവരെ കൊണ്ട് കഴിയുന്ന പോലെ അഭിനയിച്ചിട്ടുണ്ട്.

അല്ല അണ്ണാ ഒരു സംശയം ഇതില്‍ എവിടെയാ ഈ ഓര്‍കൂട്ട് ?

അതല്ലേ സിനിമയുടെ മര്‍മ്മം.ഇതില്‍ ക്രിസ്റ്റല്‍ പയ്യന്‍മാരുമായി പരിചയപ്പെടുന്നത് ഓര്‍കൂട്ട് വഴിയാണ്.ഓര്‍മ്മ കൂട്ട് എവിടെയാണോ എന്തോ ?

5 comments:

  1. അനോണി 1 : പ്രേക്ഷകന്‍ ഈ പടം ദിലീപ്,പ്രിത്വിരാജ്,ജയസൂര്യ എന്നിവര്‍ ആരെങ്കിലും ആണ് അഭിനയിച്ചിരുന്നു എങ്കില്‍ ഉദാത്തം എന്ന് പറഞ്ഞേനെ.തന്‍റെ ഈ ശൈലി മാറ്റി പിടിക്കണം ഉടന്‍ തന്നെ.മനം മറിക്കുന്നു.
    അനോണി 2 : തനിക്കു ഏതു പോസ്റ്റിലും ഞങ്ങളുടെ ലാലേട്ടനെ ചീത്ത പറഞ്ഞാലേ സമധാനം ആകുക ഉള്ളോ ? വളിച്ച പോസ്റ്റ്‌ .
    അനോണി 3 : ചേട്ടന്‍റെ പോസ്റ്റ്‌ വായിച്ചിട്ട് എനിക്കിന്ന് കിടന്നിട്ടു ഉറക്കം വന്നില്ല.ഉഗ്രന്‍ പോസ്റ്റ്‌.എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
    പാല മേരി & friends
    അനോണി 4 : ഈ കമന്റ്‌ കണ്ടാല്‍ അറിയാം ഇതു ഇയാള്‍ തന്നെ ഇട്ടത് ആണെന്ന് . തനിക്കു നാണമില്ലേ ഇങ്ങനെ സ്വയം കമന്റ്‌ ഇടാന്‍ ? ആരെങ്കിലും ഇയാളെ പറ്റി നല്ലത് പറയുമോ ?

    അനോണി 5 : ^^$%$$""£"£"£%&&*&*(*&(*&(

    ഇതൊക്കെ ഇവിടെ സ്ഥിരമായി വരാറുള്ള സാധനങ്ങള്‍ ആണ്.ഇതൊക്കെ സംഭാവന ചെയ്യുന്ന പാവം ആരാധകന്‍റെ സൌകര്യാര്‍ത്ഥം നേരത്തെ തന്നെ ഇവയൊക്കെ ഇടുന്നു എന്ന് മാത്രം

    ReplyDelete
  2. പുതുമുഖങ്ങളെ വെച്ചുള്ള പടം എന്ന് പറഞ്ഞാല്‍ തന്നെ അതില്‍ അഭിനയിക്കുന്നവര്‍ മാത്രമേ പുതുമുഖങ്ങളായി ഉണ്ടാകു കഥയും കഥാസന്ദര്‍ബങ്ങളെല്ലാംതന്നെ താങ്കള്‍ അക്കമിട്ടുപറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ് പിന്നെ ഇവര്‍ക്കിടയിലുള്ള ഫ്രെണ്ട്ഷിപ്പ് എന്നുപറയുന്നത് ഒരുതരം വാടാ പോടാ ലൈനായിരിക്കും ഇതൊക്കെകൊണ്ട്തന്നെ പുതുമുഖങ്ങളുടെ സിനിമ കാണുന്നത് എന്നെ നിറുത്തി അണ്ണാ...
    എന്തിനു അതികം പറയുന്നു ഈ അടുത്തിറങ്ങിയ നാനോ2012 വിന്റെ പരസ്യം കണ്ടിരുന്നോ അതിലുമുണ്ട് ഈ പറഞ്ഞ ആക്ക്രാന്തംമൂത്ത ഒരുതടിയന്‍.!!!!!!!!!!!!

    ReplyDelete
  3. trafikkinu shesham orkut ha ha ha ...kalakki machaa kalakki...!

    ReplyDelete
  4. ഇനി മലയാളത്തില്‍ കോമഡി കാണിക്കാന്‍ വില്ലന്മാരില്‍ ഇന്ത്യന്‍ റുപി എന്ന പടത്തില്‍ മാമ്മു കോയയുടെ ബിസ്നെസ്സ് സഹായി ആയി വരുന്ന തടിച്ച നടന്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് തോന്നുന്നു

    ഇത് പൊളിച്ചു.....

    ReplyDelete