ഒടുവില്‍ അവന്‍ വന്നു .... ഒരു കൊടുങ്കാറ്റായി.മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും ചെലവു കൂടിയ ......മഹത്തായ ചലച്ചിത്ര കാവ്യം നമ്മുടെ മുന്നില്‍ ....
എന്തുവാടെ ഈ കത്തിക്കുന്നേ. തകര്‍ത്തു എഴുത്താണല്ലോ?
അല്ല അണ്ണാ ഈ വ്യഴാഴ്ച മലയാളത്തിന്‍റെ അഭിമാന ചിത്രം കോണ്‍ഫിഡന്റ് കാസനോവ കാണികള്‍ക്ക് മുന്നില്‍ എത്തിയ വിവരം അറിഞ്ഞില്ലേ? ഇന്നലെ പോകാനോ പറ്റിയില്ല.ഒരു തുടക്കം എഴുതിയിട്ടാല്‍ പിന്നെ ബാക്കി അണ്ണന്‍ കണ്ടിട്ട് വരുമ്പോള്‍ എഴുതി കേറ്റിയാല്‍ മതിയല്ലോ.അല്ലെങ്കിലും അണ്ണന്‍റെ ശൈലിയില്‍ കുഴല്‍ ഊത്തു കുറവാണെന്ന് അല്ലെങ്കിലെ നിക്കര്‍ കൂളിംഗ്ലാസ് ആരാധകരുടെ തെറി വേറെ.ആദ്യമേ കുറച്ചു കുഴല്‍ ഊതു നടത്തിയാല്‍ ആ പരാതി തീര്‍ന്നല്ലോ ഏതു?
മിടുക്കന്‍,നീ പിഴച്ചു പോകുമെടാ. എനിക്ക് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞാല്‍ ഈ ചിത്രം നിര്‍മ്മിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പുകാരോട് അളവറ്റ നന്ദിയുണ്ട്.
അത് പിന്നെ വേണ്ടായോ? ഇത്രയും ചിലവുള്ള ഒരു ചലച്ചിത്രം നമ്മുടെ മുന്നില്‍ എത്തിക്കാന്‍ അവര്‍ നടത്തിയ ആത്മ സമര്‍പ്പണം .. അതല്ലേ ഉദേശിച്ചേ ?
അനിയാ ഈ പടം അവരല്ലാതെ വല്ല പഞ്ച ജീരക ഗുഡം നിര്‍മാതാക്കളാണ് ഇറക്കുന്നത് എന്ന് ആലോചിച്ചേ?പഞ്ചജീരക കാസനോവ എന്ന് പറയേണ്ടി വന്നേനെ .ഭാഗ്യം കോണ്‍ഫിഡന്റ് ഗ്രൂപ്പുകാര്‍ രക്ഷിച്ചു.
അണ്ണന്‍ എങ്ങനെ മനസാക്ഷി ഇല്ലാതെ പറയരുത് . ഒന്നുമല്ലെങ്കില്‍ നമ്മുടെ ലാലേട്ടന്‍ ജീവന്‍ പണയം വെച്ച് അഭിനയിച്ച ചിത്രത്തെ കുറിച്ച് ഇങ്ങനെയൊക്കെ...ജയന് ശേഷം ഇത്രയും സാഹസികമായി ....
അനിയാ,മനുഷ്യനായാല്‍ നാണം വേണം.മോഹന്‍ലാല്‍ ഏതോ കൊക്കയിലേക്ക് മറിഞ്ഞു എന്ന മട്ടിലാണ് ഇതിനെ കുറിച്ചുള്ള യു ട്യൂബ് കമന്റ്സ് കണ്ടാല്‍ തോന്നുക.അതൊക്കെ പോട്ടെ ആദ്യം ചിത്രത്തെ പറ്റി. മലയാളത്തില്‍ വ്യത്യസ്തമായ ഉദയനാണു താരം, നോട്ട് ബുക്ക് എന്നീ ചിത്രങ്ങള്‍ എടുത്ത ശ്രീ റോഷന്‍ ആന്‍ഡ്രൂസ് എന്ന മഹാനു സുപ്പര്‍ താരത്തെ കണ്ടാല്‍ മുട്ടിടിക്കും എന്ന് ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലൂടെ മുന്‍പൊരിക്കല്‍ തെളിയിച്ചതാണ്.തിരകഥ എഴുതിയത് ട്രാഫിക് എഴുതിയ ബോബി സഞ്ജയ് ആണെന്നത് ആണ് കഷ്ട്ടം.അഭിനേതാക്കള്‍ നമ്മുടെ സ്വന്തം ഡോക്ടര്‍ ലാലേട്ടനെ കൂടാതെ അദേഹത്തിന്‍റെ സമീപകാല ചിത്രങ്ങളിലെ സ്ഥിരം അസംസ്കൃത വസ്തുവായ ലക്ഷ്മിറായിയും,തടിച്ചു ഡിങ്കനെ പോലിരിക്കുന്ന റോമയും (ഈ രണ്ടു വിശേഷണങ്ങളും സ്വന്തമല്ല.ബൂലോകത്ത് പ്രശസ്തമായ ഒരു ബ്ലോഗില്‍ കണ്ടതാണ്.പ്രയോഗം ഇഷ്ടപ്പെട്ടത് കൊണ്ട് പകര്‍ത്തുന്നു എന്ന് മാത്രം ) കൂടാതെ ശ്രേയ സരന്‍,കുറെയധികം മദാമ്മമാര്‍ (ഇന്ത്യക്കാരികളും) ജഗതി,ശങ്കര്‍,റിയാസ് ഖാന്‍,ലാലു അലക്സ്.സ്ത്രീകള്‍ എല്ലാര്‍ക്കും നായകനെ പ്രേമിക്കുക പുരുഷന്മാര്‍ക്ക് നായകന്‍റെ അപദാനങ്ങള്‍ വാഴ്ത്തുക എന്നതാണ് മിക്ക സമയവും ചെയ്യാനുള്ളത്.
ശ്രീ മോഹന്‍ലാല്‍ ഒന്ന് മനസിലാക്കിയാല്‍ അങ്ങേര്‍ക്കു കൊള്ളാം.നല്ലകാലത്ത് അഭിനയിച്ച കുറെ നല്ല സിനിമകള്‍ നല്‍കിയ ഇമേജിന്‍റെ ഭാരമില്ലാതെ സാധാരണ മനുഷ്യനായി ഇന്നു വഴിയിലൂടെ നടന്നു പോയാല്‍, ശ്രീ പ്രതാപചന്ദ്രന്‍, ഏറ്റവും അവസാനം സിനിമയില്‍ കണ്ട രൂപത്തില്‍ നല്ലൊരു വിഗും വെച്ച് കൂടെ നടന്നാല്‍ താങ്കളേക്കാള്‍ ആകര്‍ഷണീയന്‍ അങ്ങേര്‍ ആയിരിക്കും.അങ്ങനെയുള്ള താങ്കള്‍ ലോകത്തുള്ള ഏതു പെണ്ണുങ്ങളും താങ്കളെ കണ്ടാല്‍ വൌ എന്നു പറഞ്ഞു പ്രേമ ലീലയ്ക്കു ചാടി വീഴും എന്ന മട്ടിലുള്ള കഥാപാത്രങ്ങള്‍ ചെയുന്നത് ഇന്ദ്രന്‍സ് ആര്‍നോള്‍ഡ സ്വാസനെഗര്‍ ചെയ്യേണ്ട റോള്‍ ചെയ്യുന്നത് പോലെയാണ്.പിന്നെ സംവിധായക തിരകഥാക്രിത്തുക്കളോട്.ഈ ഇന്‍റ്റര്‍ പോള്‍,ദുബായ് പോലീസ് എന്നൊക്കെ പറയുമ്പോള്‍ മിനിമം അടിമാലി പോലീസ് സ്റ്റേഷന്‍ നിലവാരം എങ്കിലും കാണിക്കാന്‍ ശ്രമിക്കുക.
അണ്ണാ ഇങ്ങനെ അടച്ചു ചീത്ത പറയാതെ ഈ ചിത്രത്തിന്‍റെ കഥയെ പറ്റി.......
നാലു അംഗങ്ങള്‍ ഉള്ള ഒരു അന്താരാഷ്ട്ര കൊള്ളസംഘം.വന്‍ പ്ലാനിങ്ങും മറ്റും ആണെന്ന് പറയുന്നു എങ്കിലും സംഗതി അടിസ്ഥാനപരമായി എടുത്തു കൊണ്ട് ഓടുക എന്ന രീതി തന്നെയാണ്.എന്നാലോ ധൂം എന്ന ചിത്രത്തില്‍ ഒക്കെ കാണിക്കുന്നത് പോലെ വിശ്വസിനീയമായി കാണിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. അവരുടെ അവതരണം കഴിഞ്ഞ പാടെ നായകനിലേക്ക് ഫോക്കസ് മാറുന്നു. (ഇനി അത് തീരണമെങ്കില്‍ പടം തീരണം).പതിവ് പോലെ സകലകലാവല്ലഭന്‍, ഇന്റര്‍ നാഷണനല് പൂ ....കച്ചവടക്കാരന്‍ (ഇതങ്ങു ക്ഷമിക്കണം.അത്രക്ക് ദേഷ്യം വന്നിട്ടാണ് ) തടിയനും,കിളവനും അയ ഇയാളെ യുറോപ്പിലെ ഏറ്റവും ഹോട്ടെസ്റ്റ് മാന്‍ എന്നൊക്കെയാണ് മദാമ്മമാര്‍ ആവേശത്തോടെ വിശേഷിപ്പിക്കുന്നത്.പോരാത്തതിനു ഇങ്ങേര്‍ ഏതെങ്കിലും സ്ഥലത്ത് എത്തിയാല്‍ അവിടത്തെ സ്ത്രീകള്‍ക്ക് എന്തോ അജ്ഞാതമായ ഇളക്കം ബാധിക്കുകയും പിന്നെ കുക്കിംഗ് ക്ലാസ്സ് ,tution ക്ലാസ്സ് ഇങ്ങനെ പല പേര് പറഞ്ഞു ഇങ്ങേരെ പ്രാപിക്കാന്‍ പോകുകയും ചെയ്യും.ഭര്‍ത്താക്കന്മാര്‍ക്കും സഹോദരന്മാര്‍ക്കും അച്ഛന്മാര്‍ക്കും ഇങ്ങേരു വരുന്നു എന്നറിഞ്ഞാല്‍ ഉറക്കം നഷ്ട്ടപ്പെടുകയും ചെയ്യും (ഇതൊന്നും സത്യമായും ഞാന്‍ പറയുന്നതല്ല ഈ സിനിമയില്‍ പറയുന്നതാണ് ).എവിടെ പോയാലും ഒരു പട പെണ്‍ പിള്ളേരെ കൂടെ കൊണ്ട് നടക്കും ഇദേഹം.(ഇവര്‍ക്കൊക്കെ ഒരു മുപ്പതു കൊല്ലം മുന്‍പ് ഉള്ള പ്രീഡിഗ്രിക്കാരന്‍ നിലവാരത്തിനപ്പുറം ചിന്തിക്കാന്‍ അറിയാത്തതോ കഴിയാത്തതോ ?)അതൊക്കെ അങ്ങനെ.അപ്പോള്‍ പുതുമക്ക് പുതുമ ആയില്ലേ .
അപ്പോള്‍ നമ്മുടെ കൊള്ളസംഘം നായകന്‍ കാസനോവ പങ്കെടുക്കുന്ന ഒരു കല്യാണത്തില്‍ എത്തി, ഇങ്ങേരുടെ പാര്‍ട്ടി ആയി കയറി കൂടി മോഷണം പ്ലാന്‍ ചെയുന്നു.കല്യാണം എന്ന് പറയുന്നത് ഇന്ത്യയിലെയോ ലോകത്തെയോ ഏഴാമത്തെ കോടീശ്വരന്റെ മകളുടെതാണ്.ലോകത്തെ കോടീശ്വരന്‍മാര്‍ പലരും എത്തുന്നുണ്ട് സംഭവത്തിന്.നായകന്‍ മിടുക്കന്‍ ആയതു കൊണ്ട് ഒറ്റ നോട്ടത്തില്‍ തന്നെ സംഗതി മനസിലാകുന്നു. ഇവന്മാരെ കൈയോടെ പിടിക്കാന്‍ കാസനോവ പ്ലാന്‍ ഒരുക്കുന്നു. എന്നാല്‍ കല്യാണ ദിവസം പയ്യന്റെ അച്ഛന് അസുഖം ആയതു കൊണ്ട് കല്യാണം മാറ്റി വയ്ക്കുന്നു .എന്നാല്‍ കാസനോവ നിരാശന്‍ ആകുമോ ? ഇല്ലേ ഇല്ല. കൊള്ള സംഘത്തെ വലയിലാക്കാന്‍ തികച്ചും പുതുമയുള്ള ബുദ്ധിപരമായ ഒരു പരിപാടി അദേഹം ആസൂത്രണം ചെയ്യുന്നു. ദേ പിന്നെയും പുതുമ....
അല്ല ഒരു ചോദ്യം ചോദിച്ചോട്ടെ ഈ നാട്ടില്‍ പോലീസ് ഇല്ലേ? കല്യാണത്തിന് വന്ന ഇങ്ങേര്‍ എന്തിനാ ഈ കള്ളന്മാരെ പിടിക്കാന്‍ നടക്കുന്നെ ?
നിന്നെ പോലെയുള്ള വിവര ദോഷികള്‍ ഈ ചോദ്യം ചോദിക്കും എന്നറിയാവുന്നതു കൊണ്ടാകും സംവിധാന തിരകഥ പ്രതിഭകള്‍ റിയാസ് ഖാന്‍ എന്ന ഇന്‍റെര്‍ പോള്‍ ഓഫീസറെ പടച്ചു വിട്ടിരിക്കുന്നത്.പോരാത്തതിനു കാസനോവ എന്തിനു ഇവരുടെ പുറകെ കൂടുന്നു എന്നതിന് പിന്നില്‍ കരള്‍ അലിയിക്കുന്ന മറ്റൊരു പ്രേമ-കദന കഥ കൂടി ഉണ്ട് അത് രണ്ടാം പകുതിയില്‍ മാത്രമേ നമുക്ക് മനസിലാകു. അത് വരെ കാസനോവയുടെ ബുദ്ധിയും ശക്തിയും മെയ് വഴക്കവും (?) ഉപയോഗിച്ച് നടത്തുന്ന അഭ്യാസങ്ങള്‍ , പെണ്‍കുട്ടികളുമായി അദേഹം ആടിപ്പാടുന്ന (ഒരു നൈറ്റ് ക്ലബ്ബില്‍ ചെന്ന് അങ്ങേരു കാണിക്കുന്ന ഒരു പ്രത്യേക തരം കൂത്ത് ഉണ്ട്.(മമ്മൂട്ടി പിച്ച വാങ്ങി പോകും ലാലേട്ടന്‍റെ കയ്യില്‍ നിന്നും ആ രംഗത്തിലെ പ്രകടനത്തിന് !!)നടന്‍ വിജയകാന്ത് ഇതിലും വൃത്തിയായി ഇപ്പോളും സംഗതി ഒപ്പിക്കും !!!) മദാലസ രംഗങ്ങള്‍,സ്ത്രീകളെ കുറിച്ചുള്ള അദേഹത്തിന്റെ ഉദാരമായ വ്യാഖാനങ്ങള്‍ എന്നിവ ആസ്വദിക്കാം പിന്നെ നേരത്തെ പറഞ്ഞ പ്ലാനും.
അണ്ണാ ഈ പ്ലാന്‍ പ്ലാന്‍ എന്ന് പറയുന്നത് .....
അനിയ സംഗതി ഗംഭീരമാണ്. അവിടുത്തെ ഏതോ ചാനലുമായി ചേര്‍ന്ന് (സഹ്യ ചാനല്‍,സി ഇ ഓ നടന്‍ ശങ്കര്‍. അദേഹത്തിന്റെ നെറ്റിയില്‍ പദവി കൂടെ എഴുതി വെച്ചിരുന്നു എങ്കില്‍ നന്നായേനെ !!! ) തരികിട മോഡല്‍ ഒരു പരിപാടി പ്ലാന്‍ ചെയുന്നു . കഥ തിരകഥ സംഭാഷണം സംവിധാനം എല്ലാം കാസനോവ തന്നെ (അഭിനയം കൂടെ ആകാമായിരുന്നു !!).അങ്ങനെ ഈ സന്തോഷ് പണ്ടിട്റ്റ് മോഡല്‍ റിയാലിറ്റി ഷോ വഴി നേരത്തെ പറഞ്ഞ കോടീശ്വരന്റെ ഇളയ മകള്‍ ഹന്നാ (ലക്ഷ്മി റായ്),ദുബായിലെ മഠത്തില്‍,നാട്ടിലെ ദാരിദ്രം മൂലം കന്യാസ്ത്രീ ആകാന്‍ സാധ്യത ഉള്ള ആന്‍ മേരി (റോമ ) (പറഞ്ഞു വരുമ്പോള്‍ ഇവര്‍ രണ്ടു പേരും ആത്മ സുഹൃത്തുക്കളാണ്!!! ) ഇറക്കി നാല്‍വര്‍ സംഘത്തിലെ രണ്ടു പേരെ പ്രേമിപ്പിക്കുന്നു.പയ്യന്മാര്‍ ആകട്ടെ ഒരുമാതിരി ദുബായ് എന്ന നഗരത്തില്‍ ഇന്നേ നിമിഷം വരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത കൊന്തമാരെ പോലെ മൂക്ക് കുത്തി വീഴുന്നു.(ഹന്ന കോടീശ്വരി ആണേലും കാസനോവ പറഞ്ഞാല്‍ ആരെയും പ്രേമിക്കാന്‍ തയ്യാറും, കൂട്ടുകാരികളെ പ്രസ്തുത പരിപാടിക്ക് ശരിയാക്കാനും സദാ സന്നദ്ധയാണ് (കാശുകാരായാല്‍ ഇങ്ങനെ വേണം എന്തൊരു വിനയം !!!)). എന്നിട്ട് സംഗതി ടി വി യില്‍ സംപ്രേക്ഷണവും (എന്തിനാണോ എന്തോ ??).പയ്യന്മാര്‍, അവരുടെ പരിചയക്കാര്‍ എന്നിവര്‍ ആരും തന്നെ ടി വി കാണാത്തത് കൊണ്ട് കൊള്ളാം (പക്ഷെ ഈ പരിപാടി ടി ആര്‍ പി റേട്ടിങ്ങില്‍ ഏറ്റവും മുന്‍പിലാണ് ). സ്വഭാവികമായും സംഘം പ്ലാന്‍ ചെയുന്ന സമയത്ത് കൊച്ചുങ്ങള്‍ ചേട്ടാ എനിക്ക് പിസ കഴിക്കണം. കൊണ്ട് പോകാമോ? അല്ലെങ്കില്‍ എന്‍റെ അമ്മായീടെ രണ്ടാം കല്യാണമാണ് വരണേ എന്നൊക്കെ പറയുന്നു.ഒന്നും നടന്നില്ല എങ്കില്‍ കൃത്യ സമയത്ത് ഓട്ടോഗ്രഫ് ചോദിച്ചു കുറെ പേരെ പറഞ്ഞു വിടുന്നു.അങ്ങനെ ബുദ്ധിപരമായ പല പരിപാടികളിലൂടെയും ഈ സംഘത്തിനിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു കാസനോവ. എന്ന് കരുതി ബുദ്ധി മാത്രമേ ഉള്ളു എന്ന് കരുതരുത്.ചില സമയത്ത് ഒരു കൃഷ് മോഡല്‍ മുഖം മൂടി ഒക്കെ വെച്ച് ഹെലികോപ്ട്ടെരില്‍ കയറില്‍ തൂങ്ങി ഇറങ്ങി (സാഹസികത !!) പിള്ളേരുമായി അടികൂടി (ഡാന്‍സ് ആണ് ഭേദം!!)പോലും പരിപാടി മുടക്കുന്നുണ്ട് കാസനോവ.
ഇത്രയൊക്കെ ആസ്വദിച്ച് കഴിഞ്ഞാല്‍ സംവിധായകന്‍ നമ്മെ ദയാപൂര്‍വ്വം ഇടവേളയ്ക്കു വിടുന്നു (ഇല്ലെങ്കില്‍ ചത്ത് പോയേനെ ). ഇടവേളക്കു ശേഷം കഥ പുതിയ വഴിത്തിരിവിലേക്ക്.കാസനോവ എന്തിനു ഈ പിള്ളേരെ പിന്തുടരുന്നു ? തരികിട പരിപാടി എന്തിനു ? അവസാനം എന്ത് സംഭവിക്കും? (എന്ത് സംഭവിക്കാന്‍ ?) തുടങ്ങിയ ഉദ്വേഗജനകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനോടൊപ്പം ലാലേട്ടന്‍ അവതരിപ്പിക്കുന്ന സല്‍സ നൃത്തം (അധികമില്ല ഭാഗ്യം).യഥാര്‍ത്ഥ പ്രണയത്തില്‍ വീഴുന്ന കാസനോവ അത് നഷ്ട്ടപെടുന്ന ഹൃദയ ഭേദകമായ രംഗങ്ങള്‍,പിന്നെ അവിസ്മരണീയമായ ക്ലൈമാക്സ് എന്നിവ കൂടി ആസ്വദിച്ച് കഴിഞ്ഞാല്‍ നിങ്ങളെ കൊണ്ട് ആകുമെങ്കില്‍ എഴുനേറ്റു വീട്ടില്‍ പോകാം.
പിന്നെ കാസനോവ എന്ന് പറഞ്ഞാല്‍ പറന്നു നടന്നു പെണ്ണ് പിടിക്കുന്നവന്‍ അഥവാ ഒരു പെണ്‍കുട്ടിയുമായി പോകുമ്പോള്‍ വഴിയില്‍ വേറൊന്നിനെ കണ്ടാല്‍ ആദ്യത്തതിനെ കളഞ്ഞിട്ടു മറ്റേതിന്റെ പുറകെ ആ നിമിഷം മുതല്‍ ഓടുന്ന ഞരമ്പ് രോഗി കിളവന്‍ ആയിരുന്നു എന്നാണ് തങ്ങളുടെ വികലമായ വീക്ഷണത്തിലൂടെ ഈ ചിത്രത്തിന്‍റെ പിന്നണിക്കാര്‍ നമ്മെ പഠിപ്പിക്കുന്നത്.
അല്ല മറ്റു ഘടകങ്ങള്‍ .....
എന്തോന്ന് ഘടകമെടെ? പിന്നെ പറയാന്‍ ആണെങ്കില്‍ സംവിധാനം.പത്തു ഷാജി കൈലാസ് ചേര്‍ന്നാല്‍ പോലും ഒരു റോഷന്‍ ആന്‍ഡ്രൂസ് ആകില്ല എന്ന് വിളിച്ചു പറയുന്ന ചിത്രം (സംവിധായകന്‍റെ പേര് എങ്ങനെ പറയണം എന്ന് സത്യത്തില്‍ എനിക്കറിയില്ല ഏതൊക്കെയോ അക്ഷരങ്ങള്‍ കൂടിയിട്ടും കുറച്ചിട്ടും ഉണ്ട് !).കാസനോവയുടെ യഥാര്‍ത്ഥ പ്രണയം അത് എങ്ങനെ ഉണ്ടാകുന്നു എന്ന് കാണിക്കുന്ന രംഗങ്ങള്‍ ഏതൊക്കെ ഒരു പതിനായിരം സിനിമകളില്‍ കണ്ടു മടുത്താണ് (വിഷയലബഡന്‍ എന്ന് കീര്‍ത്തി കേട്ട നായകന്‍റെ ഹോട്ടല്‍ റൂമില്‍ ഒറ്റയ്ക്ക് വരുന്ന നായിക പ്രതീക്ഷിക്കുന്നത് അയാള്‍ അവളോട് കളികുടുക്ക കഥ പറഞ്ഞു കൊടുക്കും എന്ന് ആണല്ലോ !!).ആ പ്രണയം തകരുന്നത്.അതിനുള്ള പ്രതികാരം,അത് നടപ്പാക്കുന്ന വഴി ... ഹോ .... ബോബി സഞ്ജയ് ജോടികളെ നമിക്കാതെ വയ്യ.പിന്നെ കടുത്ത ഫാന്‍സിനെ പോലും അസ്ഥപ്രജര്‍ ആക്കുന്ന ചുരുങ്ങിയത് വര്‍ഷത്തില്‍ രണ്ടു പടമെങ്കിലും ഇറക്കുന്ന പതിവ് ഈ വര്‍ഷവും ലാലേട്ടന്‍ തെറ്റിക്കില്ല എന്ന് പ്രതീക്ഷിക്കാം.മൂന്നാം ദിവസം മുക്കാല്‍ പങ്കു ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ ഉള്ള സിനിമ ശാലയില്‍ ഇരുന്നു കാണേണ്ടി വന്ന ഈ ചിത്രം ഇനി വന്‍ വിജയം ആണെന്ന് സ്ഥാപിക്കാനുള്ള മാധ്യമങ്ങളുടെ പത്രധര്‍മം പാലിക്കാനുള്ള ശ്രമങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോളെ ചിരി വരുന്നു.
അണ്ണാ ഈ ചിത്രത്തില്‍ ലാലേട്ടനെ ഒന്ന് മയത്തില്‍ വിമര്‍ശിച്ചിട്ടു റിയാസ് ഖാന്‍ ഒട്ടും ശരിയായില്ല എന്ന് പറഞ്ഞാലോ? എല്ക്കുമോ?
അനിയാ,റിയാസ് ഖാന്‍ എന്ന ആ പാവം മനുഷ്യന്‍ ആ ചിത്രത്തില്‍ എന്ത് ചെയ്തെന്നാ ഈ പറയുന്നേ. അയാള്‍ എന്ത് കൂടുതല്‍ ചെയ്യണം എന്നായിരുന്നു നീ പറയുന്നേ? ഈ ചിത്രത്തില്‍ നായകനല്ലാതെ വേറെ ഒന്നിന്നും പ്രസക്തി ഇല്ല . അത് തന്നെയാണ് ഈ ചിത്രത്തിന്റെ പരാജയവും ഒരു നായകന്‍ എന്നാ നിലയ്ക്ക് മോഹന്‍ലാല്‍ എന്ന നടന്‍റെ പൂര്‍ണ പരാജയവും .
എന്നാല്‍ ഒരു ഉത്തരവാദിത്വവും ഇല്ലാതെ സിനിമ പിടിക്കാന്‍ വരുന്ന നിര്‍മാതാക്കളാണ് മലയാള സിനിമയുടെ ശാപം എന്ന് കാച്ചിയാലോ?കിടക്കട്ടെ റോയിച്ചായാന് നാലു തെറി .
അതേടാ ആദ്യമായി പടം പിടിക്കുന്ന നിര്‍മാതാവ് സിനിമയെ കുറിച്ച് പഠിച്ചു കുറഞ്ഞത് ഒരു പി എച് ഡി എങ്കിലും എടുത്തിട്ടേ ഈ പണിക്കു ഇറങ്ങാന്‍ പാടുള്ളൂ എന്നല്ലേ നീ ഉദേശിച്ചേ? നന്നായി.(ഇനി ഇതേ നിര്‍മാതാവ് നടനോട് ഒന്ന് മര്യാദക്ക് അഭിനയിക്കാന്‍ പറഞ്ഞാല്‍ അത് രാജ്യദ്രോഹ കുറ്റമായി നീയൊക്കെ തന്നെ കൊട്ടി പാടും .( പാവം ഹെന്‍ട്രി )).ഒന്ന് ചോദിച്ചോട്ടെ വര്‍ഷങ്ങളുടെ നിര്‍മാണ പാരബര്യമുള്ള ആശീര്‍വാദ് ഫിലിംസും ഉണ്ട് നിര്‍മാണത്തില്‍ എന്നത് എന്താ ഈ മാധ്യമങ്ങള്‍ മറക്കുന്നെ? പോരാത്തതിനു സംവിധായകന് പടം ഇങ്ങനെ ആയതില്‍ ഒരു ഉത്തരവാദിത്വവും ഇല്ല. തിരകഥകൃത്ത് എന്ന് പറയുന്നവര്‍ക്കില്ല . മുപ്പതു കൊല്ലമായി അഭിനയിച്ചു തകര്‍ക്കുന്നവര്‍ക്കില്ല.എല്ലാം പുതുമുഖനിര്‍മാതാവിന്‍റെ തലയ്ക്കു. ബാക്കി എന്തേലും ഉണ്ടെങ്കില്‍ നിലവാരം ഇല്ലാത്ത മലയാള പ്രേക്ഷനും.ബെസ്റ്റ് മോനെ
ചുരുക്കത്തില്‍ ..
2012 കൂറ ചിത്രങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ പുതുമുഖ നടന്മാര്‍,ദിലീപ്,ശ്രീനിവാസന്‍,ജയസൂര്യ,ആസിഫലി എന്നിവര്‍ക്ക് ബഹു ദൂരം മുന്നില്‍ നടുനായകത്വം വഹിച്ചു ശ്രീ കേണല്‍ പദ്മശ്രീ ഡോക്ടര്‍ മോഹന്‍ലാല്‍ തന്‍റെ അനിഷേധ്യ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഇനി എത്രയും പെട്ടന്ന് ബാക്കി താരങ്ങളും കൂടി പ്രസ്തുത കര്‍മം നിര്‍വഹിച്ചു പാവം മലയാള സിനിമയെ എത്രയും പെട്ടന്ന് ധന്യരാക്കി തന്നാല്‍ ഉപകാരം.അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ (ഇക്കയെ സത്യമായും കുറച്ചു കാണുകയല്ല) ഈ ഉലകനായകന്‍ കേശു തന്നെ ഈ വര്‍ഷം കളം വാഴും
ഉലകനായകന്‍ കേശു സത്യം പറഞ്ഞപ്പോള്‍ ആ പടവും നിങ്ങള്‍ക്ക് പിടിച്ചില്ല, ഇത് കൊണ്ഫിടന്റ്റ് ഗ്രൂപ്പിന് കള്ളപ്പണം വെളുപ്പിക്കാനോ അതോ ദിങ്കനെയോ മറ്റോ യൂസ് ചെയ്യാനോ ഒക്കെ കൂടി എടുത്തതാണ് , സൂപ്പര്‍ സ്ടാരിന്റെ പടത്തില്‍ ഓരോ രംഗത്തിലും സൂപ്പര്‍ സ്റാര്‍ നിറഞ്ഞു നില്‍ക്കണം വേറെ ആരും ഷൈന്‍ ചെയ്യാന്‍ പാടില്ല ( ഈ അസുഖം മമ്മൂടിക്കായിരുന്നു ആദ്യം ) സൂപ്പര്‍ സ്റ്റാര്‍ സകല കല വല്ലഭന്‍ ആയിരിക്കണം ലക്ഷ്മി റായി സ്ഥിരം കുറ്റി എന്നാലും വേറെ രണ്ടു പേരും കൂടി വേണം പ്രേമിക്കാന്‍ അല്ലെങ്കില്‍ എന്ത് സൂപ്പര്‍ ഇങ്ങിനെ കഥ എഴുതി എഴുതി വെറും കൊനാം പീച്ച നിലവാരം ആയി സിനിമ , ഒരു രീതിയിലും സഹിക്കാന്‍ വയ്യ മോഹന്‍ ലാലിനെ എന്ന അവസ്ഥ അയാള്‍ മാത്രം മനസ്സില്ലാക്കുന്നില്ല , കുറെ കിഴങ്ങന്മാര്‍ പണം കിട്ടുന്ന കൊണ്ടോ എന്തോ പാലഭിഷേകം തേന്‍ അഭിഷേകം ആയി ആദ്യം രണ്ട മൂന്നു ദിവസം തിയേറ്റര്‍ നിറയ്ക്കും പിന്നെ എന്ത് ചെയ്യും ? ഇതിനു മാക്സിമം പത്തു കോടി ചെലവായി കാണും ബാക്കി ഒക്കെ സ്കീനിനു പിന്നാമ്പുറത്തെ പരിപാടികള്‍ക്കായിരിക്കാം, ഇനി വന്നു വന്നു ലാലേട്ടന്റെ സിനിമ എന്ന് കേട്ടാല്‍ ഓടി രക്ഷപ്പെട് എന്ന് കേരളീയര്‍ ഒന്നടങ്കം പറയുന്ന അവസ്ഥ താമസിയാതെ സംജാതമാകും
ReplyDeleteഒടുവില്‍ അവന്‍ വന്നു ....
ReplyDeleteഎന്താ വരാത്തത് പ്രേക്ഷകന്റെ നിരൂപണം എന്ന് കാത്തിരിക്കുകയായിരുന്നു. ഈ പടം കൂതറ ആകില്ല എന്ന് എന്താ ഉറപ്പു എന്ന് ഞാന്‍ മുന്‍പൊരു പോസ്റ്റില്‍ കമന്റിട്ടത് ഓര്‍മ്മ കാണുമല്ലോ അല്ലെ?
അലക്സാണ്ടര്‍ ദി ഗ്രേറ്റ് മുതല്‍ ലാലന്കിളിന്റെയും പരുന്തു മുതല്‍ മമ്മു വല്ല്യുപ്പാന്റെയും പടം തിയറ്ററില്‍ പോയി കാണില്ലെന്ന് ഉറപ്പിച്ചതാ..
അതിനൊരു മാറ്റം ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല ഈ പോക്ക് പോയാല്‍..
രാജാവ് നഗ്നനനാണ് പക്ഷെ പറയാന്‍ ആരുമില്ലത്തതാണോ അതോ കേട്ടില്ലെന്നു നടിക്കുന്നതോ .. എന്തായാലും തെമ്മടികൂട്ടതിനു ഇഷ്ട്ടപെട്ടിടുണ്ടാവും .. പിന്നെ റോയിച്ചന്‍ .. എത്ര പഴം പൊരി വാങ്ങി കഴിക്കാമായിരുന്നു അങ്ങേര്‍ക്കു ഈ 17 കോടിക്ക്
ReplyDeleteഇത് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ മാത്രം പരാജയമാണ്. സൂപ്പർ താരത്തെ കണ്ട് മുട്ടിടിച്ചതാണെന്ന് പറയാൻ കഴിയില്ല. ഉദയനാണ് താരം ചെയ്യുമ്പോൾ മോഹൻലാൽ സൂപ്പർതാരമായിരുന്നില്ലേ? ഇവിടം സ്വർഗമാണ് ഒരു നല്ല അറ്റംപ്റ്റ് ആയിരുന്നു. ഇത് റോഷൻ ആൻഡ്രൂസ് മറ്റേതോ സംവിധായകരെ ഒന്നനുകരിച്ചു നോക്കിയതാണ്. ഇല്ലത്തൂന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല.
ReplyDeleteഇത് റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ മാത്രം പരാജയമാണ്.
ReplyDeleteപിന്നല്ലാതെ? നിന്റപ്പന്‍ കലക്കി !!!
ശരിക്കും പറഞ്ഞാല്‍ ഇത് നിര്‍മ്മാതാവിന്റെ കുറ്റമാണ്...
ReplyDeleteചിത്രം നന്നാക്കാന്‍ കുറച്ചൂടെ കോടി(രൂപ) സംവിധായകുനും, തിരക്കഥാകൃത്തുക്കളും ചോദിച്ചതാണ് പക്ഷേ കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞു നിര്‍മ്മാതാവ്, പിന്നെങ്ങനെ നന്നാവും...
പിന്നെ നായകന്റെ ഹോട്ടിന്റെ കാര്യം, കാണാന്‍ അത്ര ഹോട്ടല്ലെങ്കിലും ആള് ശരിക്കും ഹോട്ടാണെങ്കിലോ?
ആരാണ് നിരമ്മാതാവിന്റെ ബുദ്ധിയെ ചോദ്യം ചെയ്യുന്നത്? റോഷന്‍ അന്ദ്രേവ്സ് തന്നെ പറഞ്ഞത് കേട്ടില്ലേ? കൊണ്ഫിടന്റ്റ് ഗ്രൂപ്പ് പടം ചെയ്തത് പരസ്യത്തിന് വേണ്ടിയാണെന്ന്. വര്‍ഷാവര്‍ഷം അവര്‍ പരസ്യത്തിനായി പതിനാറു കോടി മുടക്കാറുണ്ട്. ഈ വര്ഷം അത് മുഴുവനായി പടത്തില്‍ ഇറക്കി. എത്ര കോടി ആള്‍ക്കാര്‍ കാണുന്നതാ? അത് മുഴുവന്‍ മുതലായില്ലേ? അത് പോട്ടെ , പടം പൊട്ടി എങ്കില്‍ അത് ടീവിയില്‍ വരും , ഞങ്ങടെ ഗ്രൂപ്പിന്റെ പേര് കോടികള്‍ പിന്നെയും അറിയും .
ReplyDeleteനിര്‍മ്മതാവ്വിന്റെ അടുത്താ കളി?
അപ്പം ഒരു കാര്യം വ്യക്തമായി? സത്യത്തില്‍ റോഷന്‍ ഒരു പരസ്യ ചിത്രീകരനമാനു ഉദ്ദേശിച്ചത്. അത് കുറച്ചു നീണ്ടു പോയി? അതിനെന്നാ? അത്രെയും നേരം ആരും എഴുന്നേറ്റു പോകില്ലല്ലോ? തീയറ്റര്‍ ഗേറ്റ് അടക്കതില്ലേ?
ഇത് കേരളീയ പശ്ചാത്തലത്തിലുള്ള ഒരു സിനിമയല്ല. ഈ വിഭാഗത്തിൽ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം. ഇത് മലയാളസിനിമ ആണെങ്കിലും കേരളീയ സിനിമ അല്ല. ഈ സിനിമയ്ക്ക് അതിന്റേതായ അർത്ഥ തലങ്ങളുണ്ട്. മികച്ച ഛായാഗ്രഹണത്തിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. നല്ല Ambience.
ReplyDeleteഒലക്കേടെ മൂട്...
ReplyDeleteശ്രീ മോഹന്‍ലാല്‍ ഒന്ന് മനസിലാക്കിയാല്‍ അങ്ങേര്‍ക്കു കൊള്ളാം.നല്ലകാലത്ത് അഭിനയിച്ച കുറെ നല്ല സിനിമകള്‍ നല്‍കിയ ഇമേജിന്‍റെ ഭാരമില്ലാതെ സാധാരണ മനുഷ്യനായി ഇന്നു വഴിയിലൂടെ നടന്നു പോയാല്‍, ശ്രീ പ്രതാപചന്ദ്രന്‍, ഏറ്റവും അവസാനം സിനിമയില്‍ കണ്ട രൂപത്തില്‍ നല്ലൊരു വിഗും വെച്ച് കൂടെ നടന്നാല്‍ താങ്കളേക്കാള്‍ ആകര്‍ഷണീയന്‍ അങ്ങേര്‍ ആയിരിക്കും.അങ്ങനെയുള്ള താങ്കള്‍ ലോകത്തുള്ള ഏതു പെണ്ണുങ്ങളും താങ്കളെ കണ്ടാല്‍ വൌ എന്നു പറഞ്ഞു പ്രേമ ലീലയ്ക്കു ചാടി വീഴും എന്ന മട്ടിലുള്ള കഥാപാത്രങ്ങള്‍ ചെയുന്നത് ഇന്ദ്രന്‍സ് ആര്‍നോള്‍ഡ സ്വാസനെഗര്‍ ചെയ്യേണ്ട റോള്‍ ചെയ്യുന്നത് പോലെയാണ്.
ReplyDelete