Showing posts with label malayalam movie review. Show all posts
Showing posts with label malayalam movie review. Show all posts

Monday, September 5, 2011

പ്രണയ - ലേഖനങ്ങള്‍ക്ക് ഒരു മറുപടി

പ്രണയം എന്ന ലോകോത്തര ചിത്രം ഇഷ്ട്ടപ്പെട്ടില്ല എന്ന കുറ്റത്തിന് സൂപ്പര്‍ താര ആരാധകരുടെ വളരെ രസകരമായ കുറെ പ്രതികരണങ്ങള്‍ വായിക്കാന്‍ ഇടയായി.പലതു സഭ്യതയുടെ പരിധി ബഹുദൂരം പിന്നില്‍ ആക്കുന്നത് ആയതിനാല്‍ വായനക്കാരുമായി പങ്കു വയ്ക്കാന്‍ കഴിഞ്ഞില്ല.എങ്കിലും കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലങ്കില്‍ മോശമല്ലേ എന്ന ചിന്തയാണ് ഈ പോസ്റ്റിനു പ്രചോദനം .

ചോദ്യം ഒന്ന് :പ്രണയം എന്ന മഹത്തായ സിനിമയെ,ബ്ലെസി എന്ന പ്രതിഭാശാലിയായ സംവിധായകന്‍ ഒരുക്കിയ,അഭിനയ സാമ്രാട്ട് ശ്രീ ലാലേട്ടന്‍ അഭിനയിക്കുന്ന,ഒരു ചിത്രം മോശമായി എന്ന് എങ്ങനെ പറയാന്‍ കഴിയുന്നു ?

ഈ ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം എനിക്ക് അങ്ങനെയാണ് തോന്നിയത് എന്നാണ്.അതിനു കാരണം അല്ലെങ്കില്‍ ഈ ചിത്രത്തെ കുറിച്ച് എനിക്കുള്ള അഭിപ്രായം,ഇതാണ് ശ്രീ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് കൊടുത്ത അമിതമായ പ്രാധാന്യം ഒരു (മറ്റൊരു) നല്ല ചിത്രത്തെ നശിപ്പിക്കുന്ന കാഴ്ചയാണ് പ്രണയം എനിക്ക് തന്നത് ..
ഒരു സിനിമയില്‍ നായകന്‍ ഒരു പാവം ഇടത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കുടുംബനാഥന്‍ ആണ് എന്നിരിക്കട്ടെ . അയാള്‍ ഒരു ദിവസം ഓഫീസ് വിട്ടു കുറച്ചു മലക്കറി ഒക്കെ വാങ്ങി വീടിലേക്ക്‌ പോകുമ്പോള്‍ കീരിക്കാടന്‍ ജോസിനെ പോലെയുള്ള ഒരാള്‍ കത്തിയുമായി അലറികൊണ്ട് ഇയാളുടെ അടുത്തേക്ക് ഓടി വരുന്നു (ഇവര് തമ്മില്‍ ഒരു മുന്‍ പരിചയവും ഇല്ല എന്നും ഇരിക്കട്ടെ).സ്വാഭാവികമായും അയാളുടെ മുഖത്ത് വരേണ്ട ഭാവം എന്തായിരിക്കും?ഭയം,അമ്പരപ്പ് ഇതു പോലെ എന്തെങ്കിലും ഒക്കെ ആണ് ഞാന്‍ അവിടെ പ്രതീക്ഷിക്കുക.ഇനി അയാള്‍ നിര്‍വികാരനായി ഓടി അടുക്കുന്ന ഗുണ്ടയെ നോക്കി നില്‍ക്കുന്നു എന്നിരിക്കട്ടെ.അതിനു വ്യക്തമായ ഒരു കാരണം പറയാന്‍ തിരകഥ കൃത്തും സംവിധായകനും ബാദ്ധ്യസ്തര്‍ ആണ് എന്നാണ് എന്‍റെ വിശ്വാസം.
ഇനി നമുക്ക് ഈ ചിത്രത്തിലേക്ക് വരാം.ഇതിലെ മാത്യൂസ്‌ എന്ന കഥാപാത്രം ഒരു rtd പ്രൊഫസര്‍ ആണ്.ഒരു വശം തളര്‍ന്നു കിടക്കുന്ന ഇയാള്‍ക്ക് ഭാര്യയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്‌.(അഥവാ ഭാര്യ ഇല്ലെങ്കില്‍ ഇയാള്‍ ജീവിക്കുന്ന ഒരു ശവത്തിനു തുല്യമാണ്)അങ്ങനെ പൂര്‍ണമായും ഭാര്യയെ ആശ്രയിച്ചു ജീവിക്കുന്ന ഇയാളുടെ ജീവിതത്തിലേക്ക് ഭാര്യയുടെ പഴയ ഭര്‍ത്താവു കടന്നു വരുന്നു.ഇയാളെ പോലെ തന്നെ സഹതാപം അര്‍ഹിക്കുന്ന ഒരവസ്ഥയിലാണ് അയാളും.ഭാര്യക്ക്‌ അയാളോട് വളരെ പ്രകടമായ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട് എന്നത് വ്യക്തവുമാണ്.അത് പോലെ അയാള്‍ക്ക് ഇങ്ങോട്ടും. ഈ ചിത്രത്തില്‍ എവിടെയെങ്കിലും മാത്യൂസ്‌ എന്ന കഥാപാത്രത്തിന്,മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍,ഒരു അരക്ഷിതാ ബോധം,ഭാര്യ തന്നെ ഉപേക്ഷിക്കുമോ അല്ലെങ്കില്‍ അവഗണിക്കുമോ എന്ന ഭയം ഉള്ളതായി തോന്നുമോ? ഇവിടെയാണ് മോഹന്‍ലാല്‍ എന്ന താരം മോഹന്‍ലാല്‍ എന്ന നടനെ ദേനീയമായി പരാജയപ്പെടുത്തുന്നത് .മേല്‍പ്പറഞ്ഞ പോലത്തെ കഥാപാത്രത്തെ ശ്രീ അനുപംഖേര്‍ തന്നെ മഹേഷ്‌ ഭട്ട് സംവിധാനം ചെയ്ത കാഷ് (Kaash ) എന്നൊരു പടത്തില്‍,വീല്‍ ചെയറും,തളര്‍വാതവും,മുട്ടിനു മുട്ടിനു തത്വവും ഇല്ലാതെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട്.
ഈ ചിത്രത്തില്‍ ആര്‍ക്കു ആരോടാണ് പ്രണയം എന്ന ചോദ്യം പടം കഴിഞ്ഞു പുറത്തു വന്നപ്പോളും എന്‍റെ മനസ്സില്‍ അവശേഷിച്ചു. അങ്ങനെ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയവര്‍ ദയവായി ഒന്ന് പറഞ്ഞു തരാമല്ലോ .മുന്‍പ് പറഞ്ഞത് പോലെ ഈ ചിത്രത്തില്‍ എല്ലാര്‍ക്കും എല്ലാരോടും പ്രണയമാണ് എന്ന് മാത്രം പറയാതിരുന്നാല്‍ ഉപകാരം !.

ലാലേട്ടന്‍ കഴിഞ്ഞാല്‍ ഈ ചിത്രത്തിലെ ഏറ്റവും മോശമായ പ്രകടനം ജയപ്രദ എന്ന നടിയുടെതാണ് എന്നാണ് എനിക്ക് തോന്നിയത്. ഹിന്ദി സിനിമയിലെ സ്ഥിരം കണ്ണീര്‍ കഥാപാത്രങ്ങളെ പോലെ ആണ് ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.പിന്നെ ഈ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റില്‍ പറഞ്ഞ പോലെ അച്ചുതമേനോനും ഗ്രേസും പ്രേമത്തില്‍ ആകുന്ന രംഗങ്ങള്‍,ലാലേട്ടന്‍ ജയപ്രദയും ആയി കടലില്‍ ഉരുളുന്ന രംഗം,മാത്യൂസ്‌ ആദ്യമായി അച്യുതനെ കാണുന്ന രംഗം അപ്പോളുള്ള ഭാര്യയോടുള്ള അയാളുടെ പെരുമാറ്റം അതിനു അവരുടെ പ്രതികരണം (ഈ ഇച്ചായന്‍റെ ഓരോ തമാശയേ എന്ന ലൈന്‍) ഇവയൊക്കെ ബ്ലെസി എന്ന സംവിധായകന്‍റെ പ്രതിഭാ ദാരിദ്രത്തിന്റെ സാക്ഷിപത്രങ്ങള്‍ ആയി ആണ് എനിക്ക് തോന്നിയത് (കടല്‍പ്പുറത്തെ രംഗം ഇവരുടെ അടുപ്പം അഥവാ ബന്ധത്തിന്റെ തീക്ഷ്ണത കാണിക്കാന്‍ ആണ് എന്ന് പറയുന്നവരോട് മധ്യവയസ്സിലെ പ്രണയം മനോഹരമായി എടുത്തിട്ടുള്ള മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലുള്ള സിനിമകള്‍ കാണാന്‍ അപേക്ഷ).അനുപം ഖേര്‍ എന്ന നടന്‍ ആണ് അഭിനേതാക്കളില്‍ ഏക ആശ്വാസം.അദേഹം താരം അല്ലാത്തത് ഭാഗ്യം.ഈ ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ കണ്ട പ്രതികരണങ്ങളില്‍ എനിക്ക് രസകരമായി തോന്നിയത്,ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പല മലയാളികളും ഈ ചിത്രത്തെ കുറിച്ച് രണ്ടാം ദിവസം ആധികാരികമായി അഭിപ്രായം പറയുകയും എന്നെ തെറി പറയുകയും ചെയ്തു എന്നതാണ്. ഇവരില്‍ എത്ര പേര്‍ ഈ ചിത്രം കണ്ടിട്ടുണ്ട് എന്ന് ദൈവത്തിനറിയാം

ചോദ്യം രണ്ട് : പ്രണയം എന്ന ചിത്രം മോശമാണ് എന്ന് പറയാന്‍ ധൈര്യപ്പെട്ട നിങ്ങള്‍ തേജാഭായി എന്ന ചിത്രം കണ്ടിരിക്കാം എന്ന് പറഞ്ഞത് തികച്ചും പോക്രിത്തരമല്ലേ ?

ഞങ്ങളൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത്,(തിരുവനന്തപുരം എസ് എം വി എന്ന സ്കൂളിലാണ് ഞാന്‍ പഠിച്ചത്) നഗര ഹൃദയത്തില്‍ സ്ഥിതി ചെയുന്ന ഞങ്ങളുടെ സ്കൂളിന്റെ നാലു ഭാഗത്തും തീയറ്റര്‍ ആയിരുന്നു.എങ്കില്‍ പോലും സാറന്മാരെ പേടിച്ചു ക്ലാസ് കട്ട്‌ ചെയ്തു സിനിമ കാണാന്‍ പോകുന്ന പരിപാടി വ്യാപകം ആയിരുന്നില്ല.അങ്ങനെ പോകുന്നവന്‍ ക്ലാസിലെ ലോക്കല്‍ ഹീറോ ആയിരുന്നു.അങ്ങനെ ഇരിക്കുമ്പോള്‍ പത്മരാജന്റെ തൂവാനതുമ്പികള്‍ റിലീസ് ആകുന്നു.പതിവ് പോലെ സ്കൂളിലെ തലതെറിച്ചവര്‍ എന്നറിയപ്പെടുന്ന ലോക്കല്‍ ഹീറോസ് പടം കാണാന്‍ പോകുന്നു.വിജയികളായി തിരിച്ചെത്തുന്നു.ആകാംഷയോടെ കാത്തിരിക്കുന്ന ഞങ്ങള്‍ ചോദിക്കുന്നു പടം എങ്ങനെയുണ്ട്? ഉത്തരം "കിടിലം പടമെടെ. കണ്ടില്ലെങ്കില്‍ നഷ്ടമാണ്".അത് കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞു കിന്നാരതുമ്പികള്‍ (അത് പോലൊരു പടം)റിലീസ് ആകുന്നു.പടം കണ്ടു വരുന്ന അണ്ണന്മാരോട് പതിവ് ചോദ്യം ഞങ്ങള്‍ ചോദിക്കുന്നു .ഉത്തരം "കിടിലം പടമെടെ.കണ്ടില്ലെങ്കില്‍ നഷ്ടമാണ്".ഈ രണ്ട് അഭിപ്രായങ്ങളും കേട്ടിട്ട് പടം കാണാന്‍ പോയ ഒരാളും തൂവാന തുമ്പികള്‍ എന്ന ചിത്രത്തിലുള്ള മനോഹരമായ തിരകഥയും ഗാനങ്ങളും അഭിനയവും ഒന്നും മറ്റേ തുമ്പിയില്‍ ഇല്ലല്ലോ പിന്നെ എന്താ രണ്ടിനെ പറ്റിയും ഒരേ അഭിപ്രായം പറഞ്ഞത് എന്ന് ചോദിച്ചിട്ടില്ല.അന്നുള്ള സ്കൂള്‍ പിള്ളേരുടെ വിവരം പോലും ഇന്നത്തെ ആരാധകര്‍ക്ക് ഇല്ലാതെ പോകുന്നതും മലയാള സിനിമയുടെ ഗതികേടിനു ഒരു കാരണം ആകാം.

ഇനി തേജാഭായ് എന്ന ചിത്രം അടുതിരിക്കുന്നവന്‍റെ മുഖത്ത് നോക്കാന്‍ പോലും കഴിയാത്ത വിധം ലജ്ജിപ്പിക്കുന്ന സിനിമ ആകുമ്പോള്‍ എന്ത് കൊണ്ടാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈന ടൌണ്‍, എന്നിവ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നിരുന്നു കണ്ടു ആസ്വദിക്കേണ്ട അവധിക്കാല entertaining ചിത്രങ്ങള്‍ ആകുന്നത്‌? ഇങ്ങനെ പറയുന്നവര്‍ എന്ത് കൊണ്ട് നിക്ഷ്പക്ഷരായ സിനിമ ആസ്വാദകര്‍ ആകുന്നു? ഇവ എല്ലാം ഒരേ നിലവാരം ആണെന്ന് സമ്മതിച്ചാല്‍ തന്നെ ഹാസ്യ ചിത്രങ്ങളുടെ രാജാക്കന്മാരായ (കുറഞ്ഞ പക്ഷം കുറെ വിജയ ചിത്രങ്ങള്‍ എങ്കിലും സ്വന്തമായുള്ള)റാഫി മെക്കാര്‍ട്ടിന്‍,മോഹന്‍ലാല്‍, ദിലീപ്,ജയറാം എന്നിവര്‍ അഭിനയിച്ച (ഇതില്‍ ഒരെണ്ണം സൂപ്പര്‍ താരം നേരിട്ട് ഉണ്ടാക്കി ഇറക്കിയതുമാണ്),താരങ്ങളെ കൊണ്ട് നിറച്ച,രണ്ട് ചിത്രങ്ങളുടെ അതെ നിലവാരത്തില്‍ ഒരു ചിത്രം ചെയ്തതില്‍ ആക്ഷന്‍ നായകന്‍ എന്ന് പറയപ്പെടുന്ന പ്രിത്വിരാജിനും ദീപു കരുണാകരനും അഭിമാനിച്ചു കൂടെ ?

ഇനി മൂന്നാമതും അവസാനവും ആയി ഈയുള്ളവന്‍റെ സൂപ്പര്‍താര വിരോധത്തെ പറ്റി.(ആവര്‍ത്തനം കഷമിക്കുക) എന്‍റെ ആദ്യ പോസ്റ്റില്‍ പറഞ്ഞത് പോലെ സൂപ്പര്‍ താരങ്ങളോട് എന്നിക്ക് ഒരു വിരോധവും ഇല്ല.മറ്റാരെയും പോലെ സ്വന്തം സ്ഥാനവും പദവിയും അവസാനം വരെ നില നിര്‍ത്തണം എന്ന ആഗ്രഹമേ അവര്‍ക്കും ഉള്ളു എന്നാണ് എന്‍റെ വിശ്വാസം.പക്ഷെ ഇന്നും മലയാള സിനിമയില്‍ , ഒരു സിനിമയുടെ എല്ലാ ഘടകങ്ങളെയും (കഥ , തിരകഥ , സംവിധാനം അങ്ങനെ എന്തും ) ആധികാരികമായി നിയന്ത്രിക്കാന്‍ ശക്തിയുള്ളതു ഇവര്‍ക്ക് രണ്ട് പേര്‍ക്കുമാണ് എന്നാണ് എന്‍റെ വിശ്വാസം.മലയാളത്തില്‍ എന്ന് മറ്റു ഏതൊരു താരത്തിനും ഇങ്ങനെ മാറ്റിയാലേ ഞാന്‍ അഭിനയിക്കു എന്ന് പറയാനുള്ള സ്റ്റാര്‍ പവര്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല . (അങ്ങനെ പറഞ്ഞത് കൊണ്ടാണ് ശ്രീ സുരേഷ് ഗോപി അഞ്ചു കൊല്ലം വീട്ടില്‍ ഇരുന്നത് ).സുരേഷ് ഗോപിക്കോ,ദിലീപിനോ, പ്രിത്വിരാജിനോ,ജയറാമിനോ അങ്ങനെ ഒരു സ്റ്റാര്‍ പവര്‍ ഉണ്ടെന്നു പറയുന്നവര്‍ അവരുടെ സിനിമകള്‍ പരാജയം ആണെന്ന് പറയുന്നത് തെറ്റാണ് എന്ന് സമ്മതിക്കേണ്ടി വരും.(രണ്ടും കൂടി എങ്ങനെയാ ?).വ്യക്തിബന്ധങ്ങളുടെ പേരില്‍ എന്തെങ്കിലും നിര്‍ദേശം വെക്കാം എന്നല്ലാതെ ഇവര്‍ക്ക് എല്ലാവര്‍ക്കും കിട്ടുന്നത് അഭിനയിക്കുക .രക്ഷപെടാന്‍ പ്രാര്‍ത്ഥിക്കുക എന്നതിനപ്പുറം ഒന്നും നടക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.അങ്ങനെ കുറെയധികം പരിമിതികള്‍ക്കുള്ളില്‍ നിന്നും ചെയുന്ന ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരല്‍പം മൃദുവായെ വിമര്‍ശിക്കാന്‍ പോകാറുള്ളൂ എന്നത് സത്യമാണ് (അത് സഹസ്രം ആയാലും മേരിക്കുണ്ടൊരു കുഞ്ഞാട് ആയാലും അന്‍വര്‍ ആയാലും മേക്കപ്പ്മാന്‍ ആയാലും ട്രാഫിക്‌ ആയാലും ശരി).അതില്‍ എന്തെങ്കിലും നല്ലത് കണ്ടാല്‍ അത് പറയാനും ശ്രമിക്കാറുണ്ട് .ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു സൂപ്പര്‍ താരരഹിത ചിത്രം മോശമാകാന്‍ പണി അറിയില്ല എന്നതല്ലാതെ ഒത്തിരി കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഒരു സൂപ്പര്‍ താര ചിത്രം മോശമാകാന്‍ എങ്ങനെയായാലും ഓടികൊള്ളും എന്ന ധാരണ മാത്രം ആകാം

അവസാനമായി ബ്ലെസി പത്ര സമ്മേളനം നടത്തി ഇനി മധ്യവയസ്കരെ വെച്ച് പടമെടുക്കില്ല എന്ന് പറഞ്ഞതിനെ പറ്റി. ഇതു തന്നെയാണ് മലയാള സിനിമ ഈ അവസ്ഥയില്‍ ആകാന്‍ കാരണം എന്ന് തോന്നുന്നു. മധ്യവയസുള്ള ഒരാളുടെയോ ആളുകളുടെയോ കഥയാണ് നന്നായി തോന്നുന്നത് എങ്കില്‍ അതെടുക്കണം.അല്ലാതെ ഇനി ഞാന്‍ ചെറുപ്പക്കാരെ വെച്ച് മാത്രമേ സിനിമ എടുക്കു എന്ന് പറയുന്നത് അല്‍പ്പത്തരം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഇതേ കാര്യം മമ്മൂട്ടിയോ ലാലോ അല്ലാത്ത ഒരു നടനെ കുറിച്ച്,അവരെ വെച്ച് സമീപ ഭാവിയില്‍ പടമെടുത്ത ഒരു സംവിധായകന്‍ പറഞ്ഞാല്‍ നടന്നേക്കാവുന്ന ആഘോഷം ഓര്‍ക്കതെയല്ല ഈ പറയുന്നത് . ഇതൊക്കെ പറഞ്ഞാലും ഈ ചിത്രത്തില്‍ ഉന്നതമായ തത്വങ്ങള്‍ വിളമ്പി നമ്മെ ആനന്ദിപ്പിച്ച പുണ്യ കര്‍മ്മത്തിന് മോഹന്‍ലാലിന് ഒരു സംസ്ഥാന/സ്വകാര്യ ചാനല്‍ അവാര്‍ഡ്‌ കിട്ടിയാല്‍ മനസ് മരവിച്ച സാധാരണ പ്രേക്ഷകര്‍ക്ക്‌ ചുമ്മാ ഫ്രീ ആയി അഭിമാനിക്കാം എന്നല്ലാതെ ഒന്നും തോന്നണം എന്നില്ല.
പിന്നെ ,ഞാനെഴുതുന്നത് ആരും വായിക്കണ്ട എന്ന് പറയാന്‍ മാത്രം ബോധം ഇല്ലാതാവനല്ല ഞാന്‍.നിങ്ങള്‍ അത് വായിച്ചിട്ട് എന്ത് ചെയ്യണം എന്നത് നിങ്ങളുടെ മാത്രം ഇഷ്ടവും ആണ്.ദയവായി ഞാന്‍ എന്ത് പറയണം എന്ന് മാത്രം പറയാതിരിക്കുക.ഇതാരെങ്കിലും ഒക്കെ വായിക്കുന്നുണ്ട് എങ്കില്‍ ഇവരൊക്കെ എന്നോട് യോജിച്ചു കൊള്ളണം എന്നൊരു നിര്‍ബന്ധവും എനിക്കില്ല.ഈ ചിത്രം നിങ്ങള്ക്ക് കണ്ടപ്പോള്‍ എന്താണ് നിങ്ങള്ക്ക് ഇഷ്ടപെട്ടത്, എന്തൊക്കെ കൂടുതല്‍ നന്നാക്കാം ആയിരുന്നു, വേറെ എന്തൊക്കെ സാദ്ധ്യതകള്‍ ഈ ചിത്രത്തില്‍ കൊണ്ട് വരാമായിരുന്നു എന്നൊക്കെയുള്ള നല്ലൊരു ചര്‍ച്ചയിലൂടെ പോസ്റ്റിനെകാളും നല്ലൊരു കമന്റ്‌ സെക്ഷന്‍ ഉണ്ടാകുമ്പോള്‍ ആണ് ഒരു നല്ല കൂട്ടം ആസ്വാദകര്‍ ഉണ്ടാകുന്നതു എന്നാണ് എന്റെ വിശ്വാസം . അല്ലാതെ ഈ ചിത്രം കണ്ടപ്പോള്‍ ആത്മാവില്‍ എന്തരോ കൊത്തി വലിച്ചു, തേങ്ങി, വിങ്ങി ഇങ്ങനെയുള്ള ക്ലീഷേ സാധനങ്ങളും അല്ലെങ്കില്‍ നീ ആരെടാ ഇതു പറയാന്‍ എന്നാ മട്ടിലുള്ള തെറി വിളിയും നടത്തുമ്പോള്‍ ഓര്‍ക്കുക നമ്മള്‍ തോല്‍പ്പിക്കുന്നത്‌ നമ്മളെ തന്നെയാണ്

ഇത്രയും എഴുതിയത് പ്രണയത്തെ കുറിച്ച് എഴുതിയ അഭിപ്രായത്തെ ഒരു ലോജിക്കും ഇല്ലാതെ വിമര്‍ശിച്ചവര്‍ നാളെ പഴയ ബാലചന്ദ്രമേനോന്‍ സിനിമയുടെ ക്ലൈമാക്സ്‌ പോലെ എന്നോട് വന്നു ക്ഷമ ചോദിക്കും എന്ന് കരുതിയിട്ടല്ല.അവരോടു പറയാന്‍ എനിക്കൊന്നെ ഉള്ളു.സ്വന്തമായി അഭിപ്രായം പറയാന്‍ ശ്രമിക്കുക.പലരും പറയുന്നത് ഏറ്റു പാടുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് സ്വന്തമായി ചിന്തിക്കാനുള്ള കഴിവാണ്.ജനഹൃദയങ്ങളുടെ അഭിപ്രായമല്ല മരിച്ചു സ്വന്തം വീക്ഷണം ആത്മാഭിമാനത്തോടെ പറയാന്‍, അത് എന്ത് കൊണ്ട് എന്ന് വ്യക്തമാക്കാന്‍ പഠിക്കു.