Showing posts with label Movie. Show all posts
Showing posts with label Movie. Show all posts

Tuesday, December 25, 2012

ദബങ്ങ് 2 - Dabangg 2

അനിയാ , ചുമ്മാ സ്ക്രീനില്‍ ആളെക്കണ്ടാല്‍ പടം ഹിറ്റ് ...അങ്ങനെ തല വരയുള്ള രണ്ടു നടന്മാര്‍ ഇന്ത്യയില്‍ ഉണ്ട് . അവര്‍ ആരൊക്കെ  എന്ന് അറിയാമോടെ ?

മമ്മൂട്ടി , മോഹന്‍ലാല്‍

പോസ്റ്ററില്‍ തല കണ്ടാല്‍ ജനം പിന്തിരി ഞ്ഞ് ഓടുന്ന ആളുകളുടെ കാര്യമല്ല ചോദിച്ചത് 

ജനത്തിനെ ആര്‍ക്കു വേണം അണ്ണാ ? മന്ദബുദ്ധികള്‍. നുമ്മ  പടം ഇറക്കും , ഒരു ഇരുപതു ദിവസം തട്ടി മുട്ടി ഓടിക്കും . പിന്നെ ഹിറ്റ് ഹിറ്റ് എന്ന് രണ്ടു വിളി വിളിക്കും ലവന്മാര്‍ അത് എട്ടു വിളിക്കും . അങ്ങനെ ഉള്ളവന്മാരെ ആര് വില വെയ്ക്കുന്നു ?

അത് ന്യായം . എന്നാലും നീ ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറ ?

ങാ പിടി കിട്ടി ഒന്ന് രജനികാന്ത് .

നിനക്ക് ഒരു ചായ . അടുത്തത്‌ കറക്റ്റ് ആയിട്ടു പറഞ്ഞാല്‍ കടിയും

വിജയ്‌ തന്നെ അണ്ണാ ?

വിജയ്‌ ക്രൌഡ് പുള്ളര്‍ ഒക്കെ തന്നെ പക്ഷെ ആ ലെവലില്‍ എത്തിയിട്ടില്ല .

പിന്നെ ആര് അണ്ണാ ?

സല്‍മാന്‍ ഖാന്‍ 

അണ്ണാ , നിങ്ങള്‍ വേറെ വല്ലതും ഉണ്ടെങ്കില്‍ പറ . എനിക്കീ മസിലും പെരുക്കി നടക്കുന്നവന്മാരെ കാണുന്നതെ കലിയാണ് .

തന്നെടാ , നാലു മണി പലഹാരമായിട്ട് വരെ ബീഫ് ഒലത്തിയതു  അടിച്ചു വയറും ചാടി കവിളും തൂങ്ങി നടക്കുന്ന നിന്നെ പോലെയുള്ള  മല്ലൂസ് ഇത് പറഞ്ഞില്ല എങ്കിലെ അത്ഭുതം ഉള്ളു .

നിങ്ങള് ഞാന്‍ വന്നു  തുടങ്ങിയ  പരിഹാസം  ആണല്ലോ .  കളിക്കാതെ ബി ഉണ്ണികൃഷ്ണന്‍ സാറിന്റെ പുതിയ പടം കണ്ടോ എന്ന് പറ ?

ഇല്ലടെ , മലയാളത്തിന്റെ സ്വന്തം സ്റ്റാന്‍സ്ലോവിസ്ക്കി സാറിന്‍റെ പടം ഇന്ന് കാണാന്‍ പോകുന്നതെ ഉള്ളു. ക്രൂശിത മരണം വരിച്ച കര്‍ത്താവ് ജനിച്ച അന്ന് തന്നെ ഞാന്‍ കുരിശില്‍ കയറുന്നതാണ് അതിന്റെ ഒരു ഇത്, ഏത് ?

അപ്പൊ ഇന്ന് പടം ഒന്നും ഇല്ലേ ?

നീ അടങ്ങു ചെല്ലാ .ഇടക്കാലത്ത് എന്നെ  ഇന്ന് വരെ നിന്നെ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ടോ ? തത്കാലം ഇന്ന് നീ ഒരു ഹിന്ദി പടം കൊണ്ട് കാളകൂടം ഓടിക്ക് .ഉണ്ണികൃഷ്ണന്‍ സാറിന്റെ മഹാത്മ്യം നാളെ പാടിത്തരാം .

ഏതു ഹിന്ദി പടം അണ്ണാ ?

ദബങ്ങ് 2

ദബങ്ങ് ...ഓ  നമ്മുടെ മുന്നി പാട്ടുള്ള സിനിമ

ഹിന്ദീടെ   തറ, പറ  അറിഞ്ഞൂടെങ്കിലും അതൊക്കെ മനസിലാക്കി വെച്ചിട്ടുണ്ട് കള്ളന്‍ . നീ പറഞ്ഞ പാട്ടുള്ള പടത്തിന്റെ രണ്ടാം ഭാഗം ആണ് ദബങ്ങ് 2

സല്‍മാന്‍ ഖാന്‍ അല്ലെ നായകന്‍ ?

എന്തടെ പിടിച്ചില്ലേ?

വേസ്റ്റ്

കഴിഞ്ഞ നാലഞ്ചു കൊല്ലങ്ങളായി (അതിനും മേലെയായി എന്ന് തന്നെ പറയാം ) ഇറക്കുന്ന പടം ഒക്കെ ഒന്നിനൊന്നു റെക്കോര്‍ഡ് ഇടുന്ന സല്‍മാന്‍ വേസ്റ്റ് . പതിനൊന്നും പന്ത്രണ്ടും പടങ്ങള്‍ നിരപ്പില്‍ പൊട്ടി നില്‍ക്കുന്ന സാറന്മാര്‍ നാടിന് മസ്റ്റ് .കൊള്ളാമെടാ .

നിങ്ങള്‍ കാട് കയറും മുന്നേ കണ്ട പടത്തിനെ കുറിച്ച് പറ .

ഡാ , സത്യമായിട്ടും ഈ പടത്തില്‍ സല്‍മാന്‍ ഖാന്‍ എന്ന നടനല്ലാതെ വേറെ ആരെക്കുറിച്ചും ഒന്നും പറയാനില്ല . തുടക്കം മുതല്‍ അവസാനം വരെ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ചുല്‍ബുല്‍ അഥവാ റോബിന്‍ഹുഡ് പാണ്ഡേ എന്ന പോലീസുകാരന്റെ ഷോ .അതാണ്‌ പടം 


ഓ ഷോ പടം ...അത് ബോര്‍ ആയിരിക്കുമല്ലോ , അല്ലെ ?

അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ നടന്റെ കരിസ്മ . ഹിന്ദി സിനിമ ഉണ്ടാകുന്നതിനു മുന്നേ ഉണ്ടായ ഫോര്‍മുലയിലുള്ള കഥ .മുന്നോട്ടു മിനിമം നാല് സീനുകള്‍ വരെ മുന്നോട്ട് പ്രവചിക്കാന്‍ പറ്റുന്ന രീതിയിലുള്ള സിനിമയുടെ പോക്ക് . ഇതൊക്കെയാണെങ്കിലും കാശ് മുടക്കി ടിക്കറ്റ് എടുത്തു പടം കാണാന്‍ കയറുന്നവനെ സിനിമ തുടങ്ങി തീരും വരെ എന്റര്‍ടെയിന്‍ ചെയ്യാനുള്ള കഴിവ് അതും ലോകം വാഴ്ത്തിയ അഭിനയ പാടവം ഒന്നും ഇല്ലാത്ത സ്ഥിരം മാനറിസങ്ങള്‍ ഉള്ള ഒരു നടന്‍. അത് എന്തായാലും സല്‍മാന്‍ കുഞ്ഞിനു ഉണ്ട്

നമ്മുടെ ദുല്‍ക്കാര്‍ സല്‍മാനെ പോലെ അല്ലെ അണ്ണാ ?

അത്  ചാലൂട്ടി  സലിം ഖാന് ജനിച്ചാല്‍ പോലും നടക്കും എന്ന് എനിക്ക് വിശ്വാസം ഇല്ല .

 നിങ്ങള്‍ പടത്തിന്‍റെ  കഥ പറ , കഥ പറ

ചുല്‍ബുല്‍ പാണ്ഡേ പുതിയ ഒരു പോലീസ് സ്റ്റേഷന്‍ന്‍റെ ചാര്‍ജ് ഏറ്റെടുത്തു പുതിയ ഒരു പട്ടണത്തില്‍ എത്തുന്നു. അവിടുത്തെ ഗുണ്ടാ കം രാഷ്ട്രീയ നേതാവയാ പ്രകാശ് രാജുമായി മുട്ടുന്നു വില്ലന്റെ അനിയന്‍ കൊല്ലപ്പെടുന്നു. വില്ലന്‍ നായകനോട്  പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നു . നായകന്‍ വില്ലനെ ഓടിച്ചിട്ട്‌ തള്ളി കൊള്ളുന്നു (ഫേക്ക് എന്‍കൌണ്‍ണ്ടര്‍) . ഇത് തന്നെ കഥ  

അയ്യേ

അതാണ്‌ . ഈ പറഞ്ഞു തേഞ്ഞ് നാശമായ കഥ, രണ്ടു മണിക്കൂറിന്  മേലെ സമയം എടുത്തു , ബോര്‍ അടിക്കാതെ ഇരുന്നു  കാണാന്‍ നമ്മളെ സഹായിക്കുന്ന ഒരേ ഒരു ഫാക്റ്റര്‍ ആണ് സല്‍മാന്‍ ഖാന്‍

ഓ നിങ്ങളുടെ സല്‍മാന്‍ വലിയ പുള്ളി തന്നെ. അയാള്‍ ഒറ്റയ്ക്ക് ഒന്നും അല്ലല്ലോ പടത്തില്‍ അഭിനയിക്കുന്നത്. പ്രകാശ് രാജ് ഒക്കെ ഇല്ലേ ? പുള്ളി എങ്ങനെയുണ്ട് ?

ഗില്ലി മുതല്‍ സിങ്കം (തമിഴ്/ഹിന്ദി ) വരെയുള്ള സിനിമകളില്‍ ചെയ്ത  വേഷങ്ങളുടെ ഒരു പകര്‍പ്പ്. അതാണ്‌ പ്രകാശ് രാജിന്റെ വില്ലന്‍. അങ്ങേര്‍ അത് കഴിവിനനുസരിച്ച് ഭംഗിയാക്കിയിട്ടുണ്ട് . പക്ഷെ കണ്ടിരിക്കുമ്പോള്‍ സ്ക്രീനില്‍  രഘുവരന്‍ എന്ന നടനെ ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്തു. ഒരേ തരത്തിലുള്ള വേഷങ്ങള്‍ ഓരോ സിനിമയിലുംആ മനുഷ്യന്‍ ചെയ്തപ്പോള്‍ ഒക്കെ ഓരോന്നും  വ്യത്യസ്തമായി തോന്നിയിരുന്നു . ആ ഒരു ഫീല്‍ തരാന്‍ പ്രകാശ് രാജിന് പറ്റുന്നില്ല . എന്ന് വെച്ചു ആ  റോള്‍ പ്രകാശ് രാജ് മോശമൊന്നും  ആക്കിയിട്ടില്ല കേട്ടോ 

പടത്തില്‍ നായിക ആര് അണ്ണാ?

സൊണാക്ഷി സിന്‍ഹ . കാര്യമായ റോള്‍ ഒന്നുമില്ല . എങ്കിലും കിട്ടിയ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. പിന്നെ ഭീകര ഗ്ലാമര്‍ ഒന്നും കാണിക്കാതെ തന്നെ നല്ല ഒരു അപ്പീല്‍ ഉള്ള നായികയാണ് കുട്ടി.

ബാക്കി നടന്മാര്‍, നടിമാര്‍?

വിനോദ് ഖന്ന , അര്‍ബാസ് ഖാന്‍, മാഹി ഗില്‍ അങ്ങനെ കുറെ പേരുണ്ട് .
എല്ലാവരും സപ്പോര്‍ട്ടിംഗ് കാസ്റ്റ് എന്ന രണ്ടു വാക്കുകളോട് നീതി പുലര്‍ത്തി വന്നു പോകുന്നു. സല്‍മാന്‍ ഷോ  തുടരുന്നു , തീര്‍ക്കുന്നു .

സംവിധാനം...

സല്‍മാന്റെ അനിയന്‍ അര്‍ബാസ് ഖാന്‍ . സ്റ്റാന്‍സ്ലോവിസ്ക്കി നിലവാരം ഒന്നുമില്ല. പക്ഷെ സ്ഥിരം മസാല ഫോര്‍മുല ബോറടിപ്പിക്കാതെ, സല്‍മാന്റെ സ്ക്രീന്‍ പ്രസന്‍സ്സ് പരമാവധി ഉപയോഗിച്ച് പടം എടുത്തു വെച്ചതിന് അര്‍ബാസിനു ചായ  മേടിച്ചു കൊടുക്കണം . പിന്നെ സല്‍മാന്‍ സൊണാക്ഷി  റൊമാന്‍സ് ഹിന്ദി സിനിമയിലെ സ്ഥിരം ഭാര്യാ ഭര്‍ത്താക്കന്മാരുടെ തിങ്കളാഴ്ച വൃത്തം ലൈന്‍ ക്ലീഷേ ആക്കാതെ നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചതിനും .\

ഐറ്റം ഡാന്‍സ് ഒന്നുമില്ലേ അണ്ണാ ?

പിന്നെ !!! അതില്ലാതെ എന്ത് ദബങ്ങ്? ഇത് ദബങ്ങ് 2 ആയതു കൊണ്ട് രണ്ടു ഐറ്റം ഡാന്‍സ് ഉണ്ട്. കരീനാ കപ്പൂര്‍ , മലായിക്ക അറോറ എന്നിവര്‍ ഓരോന്നിലും .പോരെ ?

മതി ...ഇനി നിങ്ങള്‍  ഒരു ചുരുക്കം കൂടി ഇങ്ങോട്ട് തന്നാല്‍ എനിക്ക് പോയി സംഗതി കചിയിട്ടു യു ട്യൂബില്‍ കരീനയുടെയും മലായിക്കയുടെയും പാട്ടുക്കള്‍ തപ്പാമായിരുന്നു .

ചുരുക്കം രണ്ടു വാക്കുകള്‍ സല്‍മാന്‍ ഖാന്‍. അധ്യാവസാനം അങ്ങേര തന്നെ പടത്തില്‍ . വേറെ ഒന്നുമില്ല. ദബങ്ങ് ഇഷ്ടപ്പെട്ട ഒരാളാണ് ഈ  പടം കാണുന്നത് എങ്കില്‍ അയാള്‍ക്ക്‌ ഇത്  ഇഷ്ടപ്പെടും

Wednesday, September 19, 2012

ബര്‍ഫി (Burfi : Review )


അനിയാ, രണ്ടു പടം എഴുതിയതോടെ നിന്‍റെ ഉത്തരവാദിത്വം തീര്‍ന്നോ ?

അതെന്തു അണ്ണാ ഒരുമാതിരി കുത്തിയുള്ള സംസാരം? .

അല്ല വെള്ളിയാഴ്ച ഓടിപ്പിടിച്ചു വരുന്ന നിന്നെ രണ്ടു പടത്തിന്‍റെ വിശേഷം കേട്ടതോടെ പിന്നെ കാണാന്‍ ഇല്ലല്ലോ?

വേറെ ഏതു പടം? ഓ.... ഏതാണ്ട് അവാര്‍ഡ്‌ പടങ്ങളൊക്കെ ഓടുന്നു എന്നു ആരോ പറഞ്ഞു. ഇതൊക്കെ കാണാന്‍ ആര്‍ക്കു നേരം ?

അനിയാ നീ പറഞ്ഞു വരുമ്പോള്‍ നിരൂപകന്‍ അല്ലെ? ഒരു പടം നല്ലതോ അല്ലയോ എന്ന് പറയേണ്ട ഒരു ചുമതല നിനക്കില്ലേടെ ?

ഉണ്ടയാണ്.ഈ പൊതു ജനം എന്നാ കഴുതകളെ പറ്റിക്കുന്നത് പോലെ എളുപ്പമുള്ള പണി വേറെ എന്താ ഉള്ളത് ? എത്ര പടമാ ഇവന്മാരെ കൊണ്ട് നമ്മള്‍ ഓടിച്ചത്?എന്നിട്ട് മലയാള സിനിമ മരിക്കുന്നേ എന്ന് ഇവനെ കൊണ്ട് തന്നെ നമ്മള്‍ കരയിക്കുകയും ചെയ്യും.അതിരിക്കട്ടെ എപ്പോള്‍ ഏതു പടമാ അണ്ണന്‍ കണ്ടേ ?

അനിയാ അനുരാഗ് ബസു സംവിധാനം ചെയ്ത രണ്ബീര്‍ കപൂര്‍,ഇല്യാന ഡിക്രൂസ്,പ്രിയങ്ക ചോപ്ര,ആശിഷ് വിദ്യാര്‍ഥി,സൌരഭ് ശുക്ല,രൂപ ഗാംഗുലി എന്നിവരൊക്കെ അഭിനയിച്ച ബര്‍ഫി എന്ന ചിത്രമാണ് ഞാന്‍ ഇന്നലെ കണ്ടത്.

അയ്യേ ... അന്യ ഭാഷ ചിത്രമോ ? ഈ വക ചവറൊക്കെ കേരളത്തില്‍ നിരോധിക്കണം എന്ന് ലാലേട്ടന്‍ പറഞ്ഞതില്‍ പിന്നെ എനിക്കതൊക്കെ കാണുന്നതെ അലര്‍ജിയാ. അല്ലെങ്കിലും എന്ത് ത്യാഗം സഹിച്ചും മലയാള സിനിമയെ വളര്‍ത്താന്‍ നമ്മളൊക്കെ കടപ്പെട്ടവരല്ലേ ?

തന്നെടാ തന്നെ ഇവനൊക്കെ കുഴച്ചു തരുന്ന അമേധ്യം നാലു നേരം വെട്ടി വിഴുങ്ങിയാലും പോര.അതിന്‍റെ മഹത്വത്തെയും രുചി കൂട്ടുകളുടെ വൈവിധ്യത്തെയും പറ്റി ഉപന്യസിക്കണം വേണം എന്നതല്ലേ ഇവരുടെ ഒക്കെ എളിയ ആവശ്യം ? നല്ലത് തന്നെ അനിയാ!!!

അത് വിട്ടേ . ഈ പടം ഇങ്ങനെ ഈ അനുരാഗ് ബസു മര്‍ഡര്‍ ഒക്കെ എടുത്ത ആളല്ലേ? അങ്ങേരുടെ പീസു പടം കാണാന്‍ പോകുക എന്ന് വെച്ചാല്‍ ...?

അനിയാ അതേ സംവിധായകന്‍ എടുത്ത ലൈഫ് ഇന്‍ എ മെട്രോ എന്ന ചിത്രം നീ കണ്ടിട്ടുണ്ടോ? എനിക്ക് വളരെ ഇഷ്ട്ടപെട്ട സിനിമകളില്‍ ഒന്നാണ് അത്.അത് പോലെ തന്നെ ഇതിലെ നായകന്‍ രണ്ബീര്‍ കപൂര്‍ അഭിനയിച്ച രാജനീതി,റോക്കറ്റ് സിംഗ് ,പിന്നെ ഇതും ഒക്കെ മിസ്സ്‌ ആക്കാന്‍ പാടില്ലാത്ത സിനിമകള്‍ ആണെന്ന് ആണ് എന്‍റെ എളിയ അഭിപ്രായം.

ഡാര്‍ജിലിങ്ങില്‍ ഒരു ഡ്രൈവറുടെ മകനായ മര്‍ഫി എന്ന ബധിരനും മൂകനുമായ യുവാവാണ് ഈ ചിത്രത്തിലെ നായകന്‍. തന്‍റെ പേര് കഷ്ട്ടിച്ചു ബര്‍ഫി എന്ന് ഉച്ചരിക്കാന്‍ മാത്രമേ ഇയാള്‍ക്ക് കഴിയു.അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ശ്രുതി ഘോഷ് (ഇല്യാന), ചില്‍മില്‍ ചാറ്റര്‍ജി (പ്രിയങ്ക ചോപ്ര) എന്നീ പെണ്‍ കുട്ടികളുമായുള്ള ബന്ധത്തിലൂടെ കഥ വികസിക്കുന്നു .1970 കളുടെ തുടക്കത്തിലൂടെ ആരംഭിക്കുന്ന കഥ 1976 വഴി ഇന്നത്തെ കാലഘട്ടത്തില്‍ എത്തി അവസാനിക്കുന്നു. മേല്‍പ്പറഞ്ഞ പെണ്‍കുട്ടികളില്‍ ശ്രുതി മറ്റൊരാളുമായി വിവാഹം നിശ്ചയിക്കപ്പെട്ടവളും ചില്‍മില്‍ ബര്‍ഫിയുടെ ബാല്യകാല സുഹൃത്തും ഓട്ടിസം ബാധിച്ച വ്യക്തിയുമാണ്.ബര്‍ഫി ആദ്യം കണ്ടു മുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും ശ്രുതിയുമായാണ്.പ്രതിശ്രുത വരന്‍ രംഗത്തെത്തുന്നതോടെ ആ ബന്ധം മുറിയുകയും ബര്‍ഫിയുടെ ജീവിതത്തിലേക്ക് ചാറ്റര്‍ജി കുടുംബത്തിലെ ചില്‍മില്‍ കടന്നു വരുകയും ചെയ്യുന്നു.ചാറ്റര്‍ജി കുടുംബത്തിലെ ഡ്രൈവര്‍ ആണ് നായകന്‍റെ അച്ഛന്‍.ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രം ആ സ്ഥലത്തെ പോലീസ് ഇന്‍സ്പെക്ടറെ അവതരിപ്പിക്കുന്ന സൌരഭ് ശുക്ലയാണ് .

ഈ ചിത്രത്തില്‍ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങള്‍ ഉണ്ട്.സങ്കടം തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ ഉണ്ട്.സസ്പെന്‍സും,പ്രേമവും ത്യാഗവും ഉണ്ട്.ഇതിനു എല്ലാത്തിനും ഉപരിയായി ഇവയെല്ലാം ചേരുന്ന ഒരു നല്ല സിനിമയുണ്ട്.പ്രാദേശിക ഭാഷാ മിമിക്രിയും,അശ്ലീലവും ഒക്കെ കൊണ്ട് വാണരുളുന്ന നമ്മുടെ നായകന്മാര്‍ക്ക് ഒരുമാതിരി നായ്‌ ഒളിയിടുന്ന പോലെ ബര്‍ഫി എന്ന് മാത്രം പറയാന്‍ കഴിയുന്ന ഒരു നായകന്‍ അഭിനയിക്കുന്ന ചിത്രം മികച്ചതാകുന്നത് വെറും സ്വപ്നം മാത്രമായിരിക്കും.

അങ്ങനെ അടച്ചു പറയാന്‍ വരട്ടെ അണ്ണാ നമുക്കും ഉണ്ട് അങ്ങനെ ഒരു മികച്ച ചിത്രം.മലയാളത്തിലെ അനുരാഗ് ബസു,മലയാളത്തി ന്‍റെ രണ്ബീര്‍ കപൂര്‍ എന്നിവരായ അന്‍വര്‍ റഷീദ്,മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച അണ്ണന്‍ തമ്പി എന്ന ചിത്രത്തിലും നായകന്‍ മൂകബധിരന്‍ ആയിരുന്നു എന്നത് മറക്കല്ലേ?

അതേടാ ഇനി അത് കണ്ടിട്ടാണ് അനുരാഗ് ബസുവിന് ഇങ്ങനെ ഒരു ഐഡിയ തോന്നിയത് എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി.അത് വിട്.പിന്നെ എന്നെ ആകര്‍ഷിച്ച മറ്റൊന്ന് കഥ പറയുന്ന രീതിയാണ്‌.കാലഗണ മാറ്റി മറിച്ചു എന്നാല്‍ കണ്ടിരിക്കുന്നവര്‍ക്ക് തികച്ചും ആസ്വാദ്യകരമായി ഇങ്ങനെ ഒരു ചിത്രം ഒരുക്കിയ അനുരാഗ് ബസുവും സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു.ഗാനങ്ങള്‍,ചായാഗ്രഹണം എന്നിവ മുഴച്ചു നില്‍ക്കാതെ ചിത്രത്തിനോത്തു ഒഴുകി നീങ്ങുന്നു.ഒരല്‍പം സ്ലോ ആണെന്ന് ഉള്ളത് ഒഴിച്ചാല്‍ (അത് തന്നെ കുറ്റം പറയാന്‍ വേണ്ടി മാത്രം പറയാവുന്നതാണ് ) തികച്ചും ആസ്വാദ്യകരമായ ചിത്രം.

ഇതൊക്കെ അവിടെ ഇരിക്കട്ടെ . അഭിനയം .. അതാണ് പ്രബുദ്ധരായ മലയാളികള്‍ക്ക് അറിയേണ്ടത്

ഈ ചിത്രത്തില്‍ ആരാണ് ഏറ്റവും നന്നായത് എന്നറിയാന്‍ നീ വല്ല അഭിപ്രായ വോട്ടെടുപ്പും നടത്തേണ്ടി വരും. ഓട്ടിസം ബാധിച്ച ചില്‍മില്‍ ചാറ്റര്‍ജി പ്രിയങ്ക ചോപ്രയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രമാണ് എന്നാണ് എന്‍റെ വിശ്വാസം.മൂകനും ബധിരനുമായ കഥാപത്രം ആണെങ്കിലും ജീവസുറ്റ ബര്‍ഫിയായി രണ്ബീര്‍ കപൂര്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.ഇല്യാന തന്‍റെ ഹിന്ദി അരങ്ങേറ്റം മനോഹരമാക്കി എന്ന് തന്നെ പറയാം .കാലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ രൂപത്തിലും ശരീര ഭാഷയിലും ശ്രദ്ധാ പൂര്‍വമായ വ്യതിയാനങ്ങള്‍ വരുത്തിയതില്‍ മറ്റു രണ്ടു പേരെ ക്കാളും നന്നായത് ഇല്യാന യാണ് . പഴയ മഹാഭാരതം സീരിയലിലെ ദ്രൗപതി ആയി അഭിനയിച്ച രൂപാ ഗാംഗുലി ഈ ചിത്രത്തില്‍ ശ്രുതിയുടെ അമ്മയായി എത്തുന്നു.പാരീഷ് രാവലിനെ പോലെയുള്ള നടന്മാര്‍ക്കിടയില്‍ സൌരഭ് ശുക്ലയെ പോലുള്ള നടന്മാര്‍ക്ക് വല്ലപ്പോഴും കിട്ടുന്ന നല്ല വേഷങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത് .

പിന്നെ......... ഇതൊക്കെ അല്ലെ വലിയ കാര്യം ?

അനിയാ,ഹിന്ദിയില്‍ തന്നെ സഞ്ജീവ് കുമാറും,നാനാ പാട്ടേക്കറും പോലുള്ള മികച്ച നടന്‍മാര്‍ (രണ്ടു പേരും എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരും) ബധിരരും മൂകരും ആയ കഥാപത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. താരതമ്യേനെ പയ്യനായ രണ്ബീര്‍ കപൂര്‍ അഭിനയിച്ച ഈ ചിത്രം മികച്ചതാക്കുന്നു എങ്കില്‍ അത് തീര്‍ച്ചയായും ഈ ചിത്രത്തിലെ അഭിനതാക്കളുടെയും പിന്നണിക്കാരുടെയും കൂട്ടായ മികച്ച പ്രകടനത്തിന്‍റെ ഫലമാണ്‌ . കഴിയുമെങ്കില്‍ തീയറ്റെറില്‍ നിന്ന് തന്നെ കാണേണ്ട പടം. ഒറ്റ വാചകത്തില്‍ അതാണ് ബര്‍ഫി