Showing posts with label സുരേഷ്ഗോപി. Show all posts
Showing posts with label സുരേഷ്ഗോപി. Show all posts

Sunday, October 24, 2010

സദ്‌ഗമയ (Sadgamaya )

മനുഷ്യന് വന്നു വന്നു കാശിനു വേണ്ടി എന്തും ചെയ്യാം എന്നായിട്ടുണ്ട് ......

ഇതെന്തു പറ്റി ഒരു തത്വ ചിന്ത ലൈന്‍ ...?

അനിയാ ഇന്നലെ പോയി സദ്‌ഗമയ എന്ന ചിത്രം കണ്ടതിനു ശേഷം അങ്ങനാ. എന്ത് കണ്ടാലും ഒരു തത്വ ചിന്താപരമായ വീക്ഷണം ആണ് വരുന്നത്.ഒന്ന് രണ്ടു ദിവസത്തിനകം ശരിയായേക്കും.

മനസിലായില്ലലോ ഇതിപ്പോള്‍ പടം നല്ലതാണെന്നോ ചീത്ത ആണെന്നാണോ പറയുന്നേ?എന്നാലും അണ്ണന്റെ ഒരു ധൈര്യം സമ്മതിക്കണം.എങ്ങനെ ഇതിനൊക്കെ കേറുന്നു?

അത് അനിയാ ഫലം ആഗ്രഹിക്കാതെ കര്‍മം ചെയ്യണം എന്നല്ലേ വെപ്പ് ?

ഓഹോ അപ്പോള്‍ അണ്ണന്‍ ആളു ബി ജെ പി ആണല്ലേ ?

എടാ ഇതാണ് നമ്മുടെ ആളുകളുടെ കുഴപ്പം.എന്തെങ്കിലും പറഞ്ഞു പോയാല്‍ അപ്പോള്‍ ബ്രാന്‍ഡ്‌ ചെയ്തു കളയും. ഇടതു പക്ഷത്തെ കുറ്റം പറഞ്ഞാല്‍ അപ്പോള്‍ അവന്‍ കോണ്‍ഗ്രസ്‌ ആയി ഇല്ലേല്‍ വര്‍ഗീയ വാദി. അത് പോലെ തിരിച്ചും .ഇയാള്‍ പറയുന്നതെന്താ? അതില്‍ കാര്യം ഉണ്ടോ? ആര്‍ക്കു അറിയണം ? ഇന്‍ശ അള്ള എന്നത് പോലെ മനോഹരമായ ഒരു വാക്ക് (ദൈവഹിതം അങ്ങനെ ആണെങ്കില്‍ എന്നതാണ് ഞാന്‍ മനസിലാക്കുന്ന അര്‍ഥം. അക്ഷര തെറ്റ് ഉണ്ടെങ്കില്‍ ‍ ക്ഷമിക്കുക ) മറ്റൊരു മത വിഭാഗത്തിലും ഞാന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ അപ്പോള്‍ ഞാന്‍ മുസ്ലിം ആയി.മതം ഏതായാലും മനുഷ്യന്‍ നനായാല്‍ മതി എന്ന് പറഞ്ഞാല്‍ അപ്പോള്‍ ഞാന്‍ എസ് എന്‍ ഡി പി കാരന്‍ അല്ലാതെ മറ്റാര് ? ഇതൊക്കെ നോക്കിയാല്‍ എന്‍റെ ബ്ലോഗില്‍ വന്നു അലമ്പ് പറഞ്ഞു പോകുന്ന പാവങ്ങളെ ഞാന്‍ എന്തിനു ചീത്ത പറയണം?പാവങ്ങള്‍ അവരും ഈ ലോകത്തല്ലേ ജീവിക്കുന്നെ.

എന്‍റെ അമ്മോ .. ഒരു പടം കണ്ടാല്‍ ഇങ്ങനെ ഒക്കെ ആകുമോ ? എന്തായാലും കാടു കേറാതെ (പതിവ് പോലെ) സിനിമയെ പറ്റി പറയാമോ ?

അനിയാ ക്ഷമി .പറയാം.മന്ദാര്‍ ഫിലിംസ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ഗോകുലം ഫിലിംസ് വിതരണം .സംവിധാനം ഹരി കുമാര്‍(ജാലകം,സുകൃതം തുടങ്ങിയ നല്ല ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് കക്ഷി.അവസാനം ചെയ്തത് പറഞ്ഞു തീരാത്ത വിശേഷങ്ങള്‍).കഥ,തിരകഥ (?) ശത്രുഘ്നന്‍.അഭിനയിച്ചു തള്ളുന്നവര്‍ സുരേഷ് ഗോപി,ശ്വേത മേനോന്‍,നവ്യ നായര്‍, ജഗതി,അംബിക,ശ്രീകുമാര്‍ തുടങ്ങിയവര്‍.കുറെ കാലം മുന്‍പ് സുരേഷ് ഗോപി,നവ്യനായര്‍ അഭിനയിക്കുന്ന അള്‍ട്രവയലെറ്റ് സൈക്കോ ത്രില്ലെര്‍ സിനിമയെ പറ്റി കേട്ടിരുന്നു.അത് തന്നെയാണോ ഇതു എന്നറിയില്ല.ഇതും മനശാസ്ത്രകഥയാണ് ഉദ്ദേശിച്ചിട്ടു ഉള്ളത്.ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ആയി എനിക്ക് തോന്നിയത് ചില ക്ലാസ്സിക്‌ എന്ന് പറയുന്ന ഹോളിവൂഡ്‌ ചിത്രങ്ങളില്‍ കാണുന്ന ഒരു പ്രതേകത, അതായതു ഒറ്റ നോട്ടത്തില്‍ വലിയ ബന്ധം ഒന്നും ഇല്ലാത്തത് എന്ന് തോന്നുന്ന കുറെ സംഭവങ്ങള്‍.അവസാനം ക്ലൈമാക്സ്‌ ആകുമ്പോള്‍ ആണ് കാണികള്‍ക്ക് ഈ രംഗങ്ങള്‍ ഒക്കെ എന്തിനായിരുന്നു എന്ന് മനസിലാകുന്നത്,അത് ഈ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

അന്നോ? അപ്പോള്‍ മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടും കാറ്റു എന്ന് തന്നെ ആയികൊട്ടെ തലക്കെട്ട്‌ അല്ലെ? ശരി,ഇനി കഥയെ പറ്റി?

കല്യാണം നിശ്ചയിച്ചു ചെറുക്കനുമായി പഞ്ചാര അടിച്ചു കഴിയുന്ന യമുന (നവ്യ)എന്ന പെണ്‍കുട്ടി.ഒരു ദിവസം അവള്‍ക്കു ഉണ്ണി നെടുങ്ങാടി എന്നയാള്‍ അയച്ച,ഒന്ന് അവിടം വരെ വരണം എന്ന് അവശ്യ പ്പെടുന്ന കത്ത് കിട്ടുന്നു.ഡ്രൈവര്‍ നെ കൂടി പോകുന്ന യമുനയുടെ ഓര്‍മയിലൂടെ കഥ ചുരുള്‍ നിവരുന്നു.പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കുമ്പോള്‍ നിലവിളിച്ചു കൊണ്ട് ഓടുന്നു യമുന (പഠിക്കുന്ന കാലത്ത് ചില ക്ലാസ്സ്കളില്‍ നിന്നും ഇതു പോലെ തന്നെ ഓടണം എന്ന് തോന്നിയിട്ടുള്ളത് കൊണ്ടാകണം എനിക്ക് അസ്വഭാവികം ആയി ഒന്നും തോന്നിയില്ല).പക്ഷെ അതിനു ശേഷം യമുനക്ക് ഇടയിക്ക് ഇടയിക്ക് തന്നെ ഒരു വലിയ കഴുകന്‍ ആക്രമിക്കാന്‍ വരുന്നതായി തോന്നുന്നു.എല്ലാത്തിനെയും പേടി.മൊത്തത്തില്‍ മനോരോഗം.ആശുപത്രി,ഷോക്ക്‌ കൊടുക്കല്‍,താത്കാലിക ശാന്തി,വീണ്ടും രോഗം അങ്ങനെ പോകുന്നു.റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ (മനോരോഗം)തിലകന്‍ വരുന്നു .കൈ മലര്‍ത്തുന്നു.തന്റെ ശിഷ്യന്‍ രവിവര്‍മ (സുരേഷ് ഗോപി) ആണ് ഇതിനു പറ്റിയത് എന്ന് പറയുന്നു. അങ്ങോട്ട്‌ പോകുന്നു.മണിചിത്രത്താഴ് എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിലെ മനോരോഗവിദഗ്ദന്‍മാരെല്ലാം തന്നെ (നായകന്‍ ആണെങ്കില്‍) വിചിത്ര സ്വഭാവികള്‍ ആയിരിക്കണം എന്ന നിയമം ഉള്ളതിനാല്‍ ഇവിടെയും അങ്ങനെ തന്നെ.ഭാര്യ ജ്യോതി (ശ്വേത മേനോന്‍)ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തില്‍ ദുഖിച്ചു , ഇപ്പോള്‍ കളഞ്ഞിട്ടു പോകും എന്ന് വിരട്ടാന്‍ ശ്രമിച്ചു നടക്കുന്നവള്‍.വേലക്കാരന്‍ ഉണ്ണി നെടുങ്ങാടി (ജഗതി).യമുനയെ രവി വര്‍മയെ ഏല്‍പ്പിച്ചു വീട്ടുക്കാര്‍ മടങ്ങി പോകുന്നു.

കുറെ കഴിഞ്ഞു(ഈ സമയം കാണികള്‍ക്ക് പുറത്തു പോയി ചായ കുടിക്കുകയോ അകത്തു നടക്കുന്ന സുരേഷ് ഗോപിയുടെയും നവ്യ നായരുടെയും ഭാവാഭിനയം,ശ്വേത മേനോന്റെ വശീകരണ നൃത്തം,ബാക്കി കഥാപത്രങ്ങളുടെ തലങ്ങും വിലങ്ങും ഉള്ള നടത്തം ഇവ ആസ്വദിക്കുകയോ ചെയ്യാം. തികച്ചും ഉങ്കള്‍ ചോയ്സ് !!) യമുനയെ ഹിപ്നോടിസ് ചെയുന്ന രവിക്ക് യമുന കുട്ടികാലത്ത് സര്‍പ്പകാവില്‍ പോയപ്പോള്‍ ഒരു വലിയ കഴുകനെ കണ്ടു പേടിച്ചു എന്നും അതാണ് ഉപബോധ മനസ്സില്‍ കേറി കൂടി വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രകോപനവും കൂടാതെ പുറത്തു വന്നു പേടിപ്പികുനത് എന്നും മനസിലാക്കുന്നു.ഉടനെ ഒരു സര്‍പ്പം പാട്ട് നടത്തി പുല്ലു പോലെ യമുനയെ സുഖപ്പെടുത്തുന്നു.ഇതിനിടെ യമുനയുടെ ചേച്ചിയുടെ കല്യാണത്തിന് (വട്ടയത് കൊണ്ട് അനിയത്തി ദൂരെ പഠിക്കാന്‍ പോയിരിക്കയാണ്‌ എന്നാണ് യമുനയുടെ വീടുകര്‍ പറഞ്ഞിരിക്കുന്നത് ) യമുനയുടെ നിര്‍ബന്ധ പ്രകാരം രവി വീടിലേക്ക്‌ കൊണ്ട് പോകുന്നു.പൂര്‍ണമായും സുഖപെടാത്ത മകളെ കൊണ്ട് വന്നതിനു യമുനയുടെ അച്ഛന്‍ പരസ്യമായി,യമുനയുടെ മുന്നില്‍ വെച്ച് കയര്‍ക്കുന്നു.(അയാള്‍ക്കും വട്ടായോ ആവൊ ?).
തിരിച്ചു രവിയുടെ വീട്ടില്‍ എത്തിയ യമുന രവിയെ കെട്ടി പിടിച്ചു പോട്ടികരയുന്നത് കണ്ടു വരുന്ന ജ്യോതി പിണങ്ങി പിരിയുന്നു.പൂര്‍ണമായും സുഖമായ യമുനയെ വീടുകര്‍ കൊണ്ട് പോകുന്നു.ഫ്ലാഷ് ബാക്ക് തീര്‍ന്നു . യമുന രവിയുടെ വീട്ടില്‍ എത്തുന്നു.അവിടെ രവി,താടിയും മുടിയും വളര്‍ന്നു,വട്ടായി ചങ്ങലക്കു ഇട്ടിരിക്കുന്നത് കാണുന്നു (ഭാര്യ പിരിഞ്ഞു വേറെ കെട്ടിയ ദുഃഖം ആണ് കാരണം.പിന്നെ മനോരോഗ വിദഗ്ദന്‍ ആയതു കൊണ്ട് എപ്പോള്‍ ഭ്രാന്ത് വരും എന്നറിയാവുന്നതു കൊണ്ട് വട്ടു വരുന്ന സമയം ആകുമ്പോള്‍ നെടുങ്ങടിയോടു ചങ്ങലക്കു ഇടാന്‍ പറയും അത്രെ !!പണ്ട് പരിചയം ഉള്ളവരെ കണ്ടാല്‍ കുറവുണ്ടാകുമോ എന്ന് നോക്കാനായി രവി ബോധം ഉള്ളപ്പോള്‍ പറഞ്ഞത് അനുസരിച്ചാണ് കത്തെഴുതിയത്.) ഇതു കാണുന്നതോടെ യമുന താന്‍ ഇനി തിരിച്ചു വരുന്നില്ല എന്ന് ഡ്രൈവെരോട് വീട്ടില്‍ പറയാന്‍ പറയുന്നു.ശുഭം .

കേട്ടിട്ട് തന്നെ പേടിയാകുന്നു ? ഇതെങ്ങനെ കണ്ടു കൊണ്ടിരുന്നു ? അഭിനയം എങ്ങനെ?

നവ്യ നായര്‍ മണിചിത്രത്താഴിലെ ശോഭനയെ പിച്ചചട്ടി എടുപ്പിക്കുന്ന അഭിനയം ആണ് കാഴ്ച വൈക്കുന്നത്.(മീരാ ജാസ്മിന്‍ ആയിരുന്നു നല്ലത് എങ്കില്‍ സംഗതി ഒന്ന് കൂടെ ഒന്ന് കൊഴുത്തെനെ!!!).അല്പം excentric എന്ന് ആദ്യമേ പറയുന്നത് കൊണ്ട് സുരേഷ് ഗോപിക്ക് ഇതില്‍ എന്തും ചെയ്യാന്‍ ഉള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ട് .(കുരങ്ങന് കള്ള് കൊടുത്തു എന്നത് പോലെ ).എന്തായാലും കാണികള്‍ക്ക് രവിവര്‍മ്മക്കാണോ യമുനക്കണോ കൂടുതല്‍ ഭ്രാന്ത് എന്ന് തോന്നിയാല്‍ അത്ബുധം ഇല്ല.ഒരു ഗാന രംഗത്ത് ഒഴികെ ശ്വേത മേനോന് ചിത്രത്തില്‍ ഉടനീളം ഒരേ വേഷവും,ഭാവവും,സംഭാഷണവും ആണ് .

അല്ല.... അണ്ണന്‍ ആദ്യം പറഞ്ഞ ആ ഹോളി വുഡ് സംഗതി ..... അതെവിടെയാ ഇതില്‍ വരുന്നേ ?

അതല്ലേ രസം.ഈ ചിത്രത്തിന്റെ അവസാന രംഗം (താന്‍ തിരികെ പോകുന്നില്ല എന്ന് യമുന പ്രസ്താവന ഇറക്കിയതിനു ശേഷം ) പുറത്തു മഴ പെയുന്നു.രവിയുടെ വീടിന്റെ വരാന്തയില്‍ നില്‍ക്കുന്ന രവിയും യമുനയും. ഒന്നിന് പുറകെ ഒന്നായി രണ്ടു പേരും കൈ മഴ യിലേക്ക് നീട്ടുന്നു.മഴ നനയുന്ന രണ്ടു പേരുടെയും കൈകളുടെ ക്ലോസ് അപ്പ്‌.എന്‍റെ അടുത്തിരുന്നു സിനിമ കണ്ടിരുന്ന സുഹൃത്ത്‌ ശ്രീനിയുടെ നിലവിളി "മഹാ പാപി ...ബ്ലാക്ക്‌ എന്ന ഹിന്ദി ചിത്രം ആണെടാ ഇതു വരെ നമ്മളെ കാണിച്ചത്‌ ".പെട്ടന്നു ആണ് എനിക്കെല്ലാം പകല്‍ പോലെ വ്യക്തം ആയതു.രോഗം ബാധിച്ച പെണ്‍കുട്ടി,അവളെ സുഖപെടുത്താന്‍ ശ്രമിക്കുന്ന ഒരാള്‍, ഒടുവില്‍ പെണ്‍കുട്ടിക്ക് സുഖമാകുമ്പോള്‍ അയാള്‍ക്ക് ആ രോഗം പിടി പെടുന്നു.പെണ്‍കുട്ടി അയാളെ സഹായിക്കാന്‍ തീരുമാനിക്കുന്നു.ഇതു പറയാനാണ് സംവിധായകന്‍ ഈ കണ്ട/മേല്‍ വിവരിച്ച പരാക്രമം എല്ലാം കാണിച്ചത്‌ എന്ന് അവസാന രംഗത്താണ് കാണികള്‍ക്ക് മനസിലാകുന്നത്.ഇവിടെ സംവിധായകന്‍ നൂറില്‍ നൂറു മാര്‍ക്കും നേടുന്നു.അവസാന രംഗം വരെ ആര്‍ക്കും ഒരു സംശയവും തോന്നില്ല !!!

അപ്പോള്‍ ചുരുക്കമായി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞാല്‍ .....

ഇത്രയും പറഞ്ഞിട്ട് നിനക്ക് മനസിലായില്ലെങ്കില്‍ പൊയ് കണ്ടു തന്നെ അനുഭവിച്ചോ . അല്ലെങ്കിലും ചൊറിഞ്ഞാലും പഠിക്കാത്ത വര്‍ഗം ആണല്ലോ നമ്മള്‍ മലയാളികള്‍ .