Showing posts with label സല്‍മാന്‍ ഖാന്‍. Show all posts
Showing posts with label സല്‍മാന്‍ ഖാന്‍. Show all posts

Thursday, August 16, 2012

ഏക്‌ ഥാ ടൈഗര്‍ : ഉമ്മച്ചി സ്പൈയെ പ്രണയിച്ച നായര് സ്പൈയുടെ കഥ

അണ്ണാ ഹിന്ദിയിലെ സുപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പുതിയ സില്‍മ ഇറങ്ങിയ വിവരം നിങ്ങള്‍ അറിഞ്ഞോ?

മകനെ ,നല്ലതും ചീത്തയുമായ എല്ലാ സിനിമകളും കഴിയുന്നതും ആദ്യ ദിവസങ്ങളില്‍ തന്നെ തിയറ്ററില്‍ പോയി കണ്ടു പണ്ടാരമടങ്ങട്ടെ എന്നൊരു ശാപം എനിക്ക് കിട്ടിയിട്ടുണ്ട് .ശപിച്ചത്‌ ഓള്‍ കേരളാ സുപ്പര്‍ കൂഴലൂത് അസോസിയേഷന്‍ സെക്രട്ടറി ചെങ്കല്‍ചൂള സജിന്‍ . അതിനാല്‍ സിനിമയുടെ കാര്യത്തില്‍ വേണമെങ്കില്‍ നീ എന്നെ എല്ലാം അറിയുന്നവന്‍ എന്ന് വിളിച്ചോ.ഞാന്‍ വിളി കേള്‍ക്കാം.

അപ്പ നിങ്ങള്‍ പടം കണ്ട ?

കണ്ടു

എങ്ങനെയുണ്ട് ?

ഭയങ്കരമായ ഒരു നല്ല ഫീല്‍ ഉള്ള പടം

എന്ന് വെച്ചാ ?

ഡാ,തട്ടതിന്‍ മറയത്ത് എന്ന തേര്‍ഡ് റേറ്റ് പന്ന പടത്തിനെക്കുറിച്ച്,എനിക്ക് ആ പടം എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് കാര്യാ കാരണങ്ങള്‍ സഹിതം രണ്ടു പേജ് ഡയലോഗ് ഞാന്‍ അടിച്ചപ്പോള്‍ ഒടുക്കം നീ പറഞ്ഞിട്ട് പോയത് എന്താ ?

അത്...നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും നല്ല ഒരു ഫീല്‍ ഉള്ള പടമാണ് എന്ന്

എന്തായിരുന്നു ആ നല്ല ഫീല്‍ ? വിശദമായി പറ ?

അത്...അണ്ണാ ...

ബ യിബ്ബ ബാ യിബ്ബാ ബബ്ബ എന്നല്ലേ ഉത്തരം ?

പൊന്ന് അണ്ണാ , സത്യം പറയവല്ല്.ഫേസ്ബുക്കിലും,പരസ്യങ്ങളിലും ഒക്കെ കണ്ട വാചകം ഞാന്‍ എടുത്തു അലക്കി എന്നെ ഉള്ളു. സത്യമായിട്ടും എന്താണ് ആ ഫീല്‍ എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല.

നിനക്ക് എന്നല്ല,ആ പടം കിടിലം എന്ന് പറഞ്ഞ ഒരു കുഞ്ഞിനും അത് മനസിലായിട്ടില്ല.അതാണ്‌ പറഞ്ഞത്, നിനക്കൊന്നും മനസിലാകാത്ത അതെ നല്ല ഫീല്‍ ഉള്ള പടമാണ് ഏക്‌ ഥാ ടൈഗര്‍

അങ്ങനെ ഒഴുക്കന്‍ മട്ടില്‍ ആണോ പെണ്ണോ എന്ന് അറിയിക്കാതെ പറയാന്‍ ഞങ്ങള്‍ ഒക്കെ ഇല്ലേ അണ്ണാ..നിങ്ങള്‍ കാര്യം വിശദമായി പറ.

വിശദമായി പറഞ്ഞാല്‍ സത്യം പുറത്തു വരും

എന്ത് സത്യം ?

ടൈഗര്‍ ഒരു പൂച്ച പോലും അല്ല വെറും എലിയാണ് എന്ന സത്യം

പടം കൊള്ളൂലെ ?

ഡേ ഞാന്‍ കണ്ട കഴിഞ്ഞ രണ്ടു പടങ്ങളുടെ കാര്യം പറഞ്ഞാല്‍ , രണ്ടിലും കിടിലന്‍ സിനിമ എടുക്കാന്‍ ഉള്ള സകല കോപ്പും ഉണ്ട് (ഇംഗ്ലീഷില്‍ സ്കോപ്പ് എന്നും പറയുമെന്ന് തോന്നുന്നു ).പക്ഷെ സംവിധായകന്റെ /തിരക്കഥകൃത്തിന്റെ കയ്യിലിരിപ്പ് കാരണം കൂതറ പടങ്ങള്‍ ആയി പോയവയാണ്

എന്നാലും യഷ് രാജ് ഫിലിംസ് ഭയങ്കര ബാനര്‍ അല്ലെ അണ്ണാ ?

അവര്‍ കൂറ പടം എടുത്താല്‍ എന്ത് പോലീസ് പെറ്റി അടിക്കുമോ ?

എന്നല്ല ...എന്നാലും

ഡേ പ്രശ്നം തിരക്കഥ (കബീര്‍ ഖാന്‍ /നീലേഷ് മിശ്ര ) ,സംവിധാനം (കബീര്‍ ഖാന്‍ )എന്നിവയിലാണ്

കഥ എന്തോന്ന് അണ്ണാ ?

ഉമ്മച്ചി സ്പൈയെ പ്രണയിച്ച നായര് സ്പൈയുടെ കഥ.ജനമൈത്രി പോലീസിന് പകരം റോയുടെ കുറച്ച് എജെന്റ്മാരും
റോയുടെ എജെന്റ്,ജന്മന കിടിലം , അനാഥന്‍ ഇതൊക്കെയായ ടൈഗര്‍ (സല്‍മാന്‍ ഖാന്‍ ) അന്‍വര്‍ ജമാല്‍ (റോഷന്‍ സേത്ത്) എന്നൊരു പ്രതിരോധ ശാസ്ത്രജ്ജന്‍ ശത്രു മിസൈലുകളെ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യ പാകിസ്ഥാന് കൈമാറാന്‍ ശ്രമിക്കുന്നോ,അങ്ങേരുടെ കയ്യില്‍ നിന്നും പാകിസ്ഥാന്‍ ആ വിദ്യ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നോ എന്നൊക്കെയുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ അയര്‍ലന്‍ഡില്‍ എത്തുന്നു.ഉദ്ദേശം അന്‍വര്‍ ജമാലിനെ നിരീക്ഷിക്കുക.നിരീക്ഷണത്തിന്റെ ഒന്നാം ദിവസം അന്‍വറിന്റെ വീടിന്റെ പാര്‍ട്ട് ടൈം കെയര്‍ ടെയ്ക്കര്‍ അയ സോയ (കത്രീന കൈഫ്‌) എന്ന പെണ്‍കുട്ടിയെ ടൈഗര്‍ പരിചയപ്പെടുന്നു. സ്വീഡനില്‍ ആയതു കൊണ്ടും ,ദഫ് മുട്ട് കളിക്കാരന്‍ എന്ന് പറഞ്ഞാല്‍ കത്രീനയ്ക്ക് മനസിലാകാന്‍ വിഷമം ഉള്ളത് കൊണ്ടും അന്‍വര്‍ ജമാലിന്റെ ജീവിതം പുസ്തകമാക്കാന്‍ വന്ന എഴുത്തുകാരന്‍ എന്ന പേരില്‍ സോയയുമായും അവള്‍ വഴി അന്‍വറുമായും അടുക്കാന്‍ ശ്രമിക്കുന്നു.തുടര്‍ന്നുള്ള പാട്ടിലും തമാശകളിലും അന്‍വര്‍ വിസ്മരിക്കപ്പെടുന്നു.ടൈഗറും സോയയും പ്രണയത്തില്‍ ആകുന്നു. ഇന്റര്‍വെല്‍ അടുത്തു സോയ നല്ല ഒന്നാതരം ഐ എസ ഐ എജെന്റ് ആണെന്ന് ടൈഗര്‍ മനസിലാക്കുന്നു, ഞെട്ടുന്നു ,ലവളെ വെടി വെച്ച് കൊന്നു എന്ന് നമ്മളെ കാണിച്ചിട്ട് (ഓ പിന്നെ ...നമ്മളിത് എത്ര കണ്ടതാ ) ശാസ്ത്രജ്ജന്റെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്ത് (സത്യമായിട്ടും ...ഹാര്‍ഡ് ഡിസ്ക് ഊറി കഴിഞ്ഞ ശേഷം അന്‍വര്‍ ജമാലിനെ ടൈഗര്‍,റോ എന്നിവര്‍ക്ക് പിന്നെ യാതൊരു സംശയവും ഇല്ല ) ഇന്ത്യയിലേക്ക്‌ വരുന്നു.

ഇന്റര്‍വെല്‍ കഴിയുമ്പോള്‍ ബോര്‍ഡറിന്‍ മറയത്തെ പെണ്ണായ സോയ (ലവളെ ടൈഗര്‍ കൊന്നിട്ടില്ല...ഫയങ്കര മ്യൂസിക്കിനുള്ള ക്യൂ ) ചാര സംഘടനകള്‍ പിടിച്ചെടുക്കുന്ന ശത്രുക്കളുടെ രഹസ്യ സന്ദേശം വഴി ടൈഗറിനെ ടര്‍ക്കിയിലേക്ക് ക്ഷണിക്കുന്നു .അവിടെ വെച്ച് ഏകദേശം തട്ടത്തിലെ കൊച്ച് തന്റെ പ്രേമം ആ പടത്തിലെ നായകനായ ഓന്തിനെ അറിയിക്കുന്ന അതെ ലൈനില്‍ സോയ ടൈഗറിനോട് എനിക്ക് നിന്നോട് ഒടുക്കത്തെ പ്രേമമാടാ ...ഐ ലവ് യു ഡാ 'എന്നൊക്കെ പറയുന്നു .പിന്നെ കുറച്ചു നേരം സിനിമ അത്യാവശ്യം താത്പര്യ ജനകമാണ്.ടൈഗര്‍ കൊല്ലാതെ വിട്ട സോയ അയാളെ ചതിക്കുമോ എന്നൊരു ചോദ്യമൊരു പത്തു പതിനെഞ്ചു മിനിറ്റ് കാണികളില്‍ ഒരല്‍പ്പം താത്പര്യം ജനിപ്പിക്കും. അപ്പോഴേക്കും സംവിധായകന്‍ നമ്മളോടും സോയ ടൈഗറിനോടും 'നോ ചതി ഒണ്‍ലി പ്രേമം ' എന്നും പറയുന്നു . രണ്ടാളും ഒളിച്ചോടുന്നു .റോ ,ഐ എസ് ഐ എന്നിവര്‍ രണ്ടിനെയും ജീവനോടെയോ അല്ലാതെയോ പൊക്കാന്‍ ഇറങ്ങുന്നു. ഇടയ്ക്കു പ്രണയികളെ സഹായിക്കാന്‍ പെറ്റി അടിച്ച് കാശുണ്ടാക്കാന്‍ ഉള്ള അധികാരം ജനമൈത്രി റോ എജെന്റ്മാര്‍ക്ക് ഇല്ലാത്തതിനാല്‍,അവര്‍ താങ്ങാല്‍ കഴിയുന്ന രീതിയില്‍ ഐ എസ് ഐയുടെ പിടിയില്‍ പെട്ട സോയയെ രക്ഷിക്കാന്‍ ടൈഗറിനെ സഹായിക്കുന്നു( സോയ അവരോടൊപ്പം ഇടയില്‍ എത്തി അവള്‍ക്കറിയാവുന്ന എല്ലാ രഹസ്യവും പറയും എന്ന് ടൈഗര്‍ പറയുന്ന വാക്ക് മാത്രം വിശ്വസിച്ചു . അത്രയും ഭാഗ്യം ).ടൈഗര്‍ തലശ്ശേരിക്കാരന്‍ അല്ലാത്തത് കൊണ്ടാണോ എന്ന് അറിയില്ല , സോയയെ രക്ഷിച്ച ഉടന്‍ റോക്കാരെയും പറ്റിച്ച് പെണ്ണുമായി മുങ്ങുന്നു.പിന്നെ റോ , ഐ എസ് ഐ സംയുക്ത ചേസ്. വെടി, അടി ,തൊഴി. ലവന്മാരുടെ കൈയ്യില്‍ നിന്നും പ്രണയ ജോടികള്‍ രക്ഷപ്പെടുമോ എന്നത് ക്ലൈമാക്സ് സസ്പെന്‍സ്

അയ്യേ ...ഇതെന്തോന്ന് കഥ?

അല്ലഡാ.ചിലപ്പോള്‍ ഞാനും നീയും ഡല്‍ഹി നിവാസികള്‍ അല്ലാത്തത് കൊണ്ട് അങ്ങനെ തോന്നുന്നതാകും . തലശ്ശേരിയുടെ ആത്മാവും,കരളും അടുത്തറിഞ്ഞവര്‍ക്ക് തട്ടത്തിന്‍ മറയത്ത് പോലൊരു ഫ്രോഡ് കഥ അവിടെ ദിവസേന നടക്കുന്നതാണ് എന്ന് അറിയാം എന്ന് നീയൊക്കെ കുഴലൂതിയില്ലേ ? അത് പോലെ നായകന്റെ സ്വന്തം സ്ഥലമായ ഡല്‍ഹിയില്‍ ഉമ്മച്ചി സ്പൈമാരെ പ്രണയിച്ച നായര് സ്പൈമാരുടെ എട്ട് കളിയായിരിക്കും. നമുക്ക് അറിഞ്ഞൂടല്ലോ?

പരിഹാസം അടിക്കാതെ നിങ്ങള്‍ കാര്യം പറ.കഥ ബോറാണ് സമ്മതിച്ചു .സല്‍മാന്‍ ഖാന്‍ എങ്ങനെയുണ്ട് .

എനിക്ക് ഇഷ്ടമുള്ള ഹിന്ദി നടന്മാരില്‍ ഒരാളാണ് സല്‍മാന്‍ കുഞ്ഞ്. അമീറിന്റെ അഭിനയമോ , ഷാരൂഖിന്റെ മാര്‍ക്കെറ്റിംഗ് തന്ത്രങ്ങലോ ഒന്നും ഇല്ലെങ്കിലും , ആവശ്യത്തില്‍ കൂടുതല്‍ ചീത്ത പേര് ഉണ്ടെങ്കിലും , കൈയ്യില്‍ ഉള്ള മിനിമം നമ്പരുകള്‍ വെച്ച് കാണികളെ എന്റര്‍ടെയിന്‍ ചെയ്യുന്ന ഒരു നടന്‍ . ഈ സിനിമയിലും അങ്ങേര്‍ അങ്ങേരോട് പറഞ്ഞ പണി വൃത്തിയായി ചെയ്തിട്ടുണ്ട്.പക്ഷെ റിയലിസം കൂടുതലുള്ള സിനിമകള്‍ എടുത്ത് ശീലിച്ച കബീര്‍ ഖാന്‍ (കാബുള്‍ എക്സ്പ്രസ്‌ , ന്യൂയോര്‍ക്ക്‌ ) പൂര്‍ണ്ണമായും ഒരു വാണിജ്യ സിനിമ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണി പാളിപ്പോയി.സല്‍മാന്‍ വൃത്തിയായി ചെയ്ത രണ്ടു മൂന്നു ഫയിറ്റ് , ചേസ് സീനുകളില്‍ അവസാന നിമിഷം രജനി എലമെന്റ്റ് കയറ്റുന്നത് സംവിധായകനെ ഇടിക്കാന്‍ ആളില്ലാഞ്ഞിട്ടാണ് .(ട്രെയിനിന്റെ വൈദ്യുതി ബന്ധം കോട്ട് ഉപയോഗിച്ച് മുറിക്കുന്ന സീന്‍,ബൈക്ക് ജമ്പിലൂടെ പ്ലെയിനില്‍ കയറുന്ന സീന്‍ ഇതൊക്കെ ചില ഉദാഹരണങ്ങള്‍ ).

കത്രീന ?

അഭിനയം കണക്കാണ് . ആക്ഷന്‍ രംഗങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്.പക്ഷെ മുഖത്തു പ്രായം പിടിക്കുന്നോ എന്ന് സംശയം ഉണ്ട് .
ബാക്കിയുള്ളവര്‍?

ബാക്കി ആരും പടത്തില്‍ ഒന്നും പ്രത്യേകിച്ച് ചെയ്യുന്നില്ലഡേ .മുഴുവന്‍ സംവിധായകന്‍ കബീര്‍ ഖാന്റെ കളിയാണ്.അതിന്റെ കൂടെ യാതൊരു ത്രില്ലും ഇല്ലാത്ത , സാമന്യ ബോധ്യമുള്ളവന്‍ അയ്യേ എന്ന് പറയുന്ന നിരവധി സന്ദര്‍ഭങ്ങള്‍(ശാസ്ത്രജ്ജനെ നിരീക്ഷിക്കാന്‍ പോയി ഹാര്‍ഡ് ഡിസ്ക് ഊരി ക്കൊണ്ട് വന്ന ശേഷം അയാളെ മറക്കുക , തലേന്ന് വരെ വെടി വെച്ചിടാന്‍ നടന്നവര്‍ നായകന്റെ വാക്ക് മാത്രം വിശ്വസിച്ച് അയാളെ സഹായിക്കുക ഇതൊക്കെ ചില സാമ്പിളുകള്‍ മാത്രം ) നിറഞ്ഞ തിരക്കഥയും കൂടിയാകുമ്പോള്‍ സംഭവം ജോര്‍

അപ്പൊ യാഷ് രാജ് ഫിലിംസിന്റെ ഇത്ര വലിയ ഒരു പടം ആദ്യമായി പൊട്ടും അല്ലെ?

എന്ന് തീര്‍ത്തു പറയാതെ. വെറും ഉഡായിപ്പ് കഥയും,സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് ചിന്തിക്കുന്ന ഏതൊരാളുടെയും സാമാന്യ ബുദ്ധിയെ വെല്ലു വിളിക്കുന്ന കഥാ സന്ദര്‍ഭങ്ങളും മാത്രമുള്ള തട്ടതിന്‍ മറയത്ത് എന്ന സിനിമയ്ക്ക് ഫെയിസ് ബുക്ക്‌ ,ഓണ്‍ ലൈന്‍,പരസ്യ കുഴലൂത്തിലൂടെ വിനീത് ശ്രീനിവാസന്‍ കുറെയധികം മക്കുണന്‍മാരെക്കൊണ്ട് കിടിലം എന്ന് പറയിച്ച് ആളെ കേറ്റിയില്ലേ? വിപണനത്തില്‍ മലയാളിയുടെ മുത്തപ്പന്‍മാരായ യാഷ് രാജും ചിലപ്പോള്‍ അതിനേക്കാള്‍ വലിയ തരികിടകള്‍ ഇറക്കി ഏക്‌ ഥാ ടൈഗര്‍ എന്ന ഈ കൂറ പടത്തിനും നൂറു കോടിക്ക് മുകളില്‍ കളക്ഷന്‍ ഉണ്ടാക്കി കൊടുക്കും. ഈ പടത്തിലും ഒരു പ്രണയ ഫീല്‍ ഉണ്ട് , സ്പൈയുടെ വിശുദ്ധിക്ക് മേലുള്ള കാവലാണ് വെടിയുണ്ട അല്ലാതെ അവളുടെ സ്വപ്നങ്ങളെ തകര്‍ക്കാന്‍ ഉള്ളതല്ല എന്ന കുറിക്കു കൊള്ളുന്ന ഡയലോഗ് ഉണ്ട് , ചെഗുവരെയുടെ പടം ചുമരില്‍ കാണിച്ച് ക്യുആന്‍ഡോ എല്‍ അമോര്‍ നോ എസ് എല്‍ ലോക്യൂറ, നോ എസ് അമോര്‍ (പ്രണയം ഭ്രാന്തമല്ലെങ്കില്‍ അത് പ്രണയമല്ല ) എന്ന നെഞ്ചില്‍ തൊടുന്ന സന്ദേശം ഉണ്ട് എന്നൊക്കെ ഫെയിസ് ബുക്കിലും ഓണ്‍ലൈന്‍ കുഴലൂത്തിലും കൂടി പറഞ്ഞാല്‍ , അതൊക്കെ ഏറ്റുപാടി കഥയറിയാതെ ആട്ടം കാണുന്ന കേരളത്തിലെ നവയുഗ മണ്ടന്മാര്‍ തന്നെ ഒരു പത്തു മുപ്പത് കോടി കൊണ്ട് കൊടുത്തോളും എന്നാണ് എനിക്ക് തോന്നുന്നത് .


നോട്ട് :തട്ടത്തിന്‍ മറയത്തില്‍ ഉള്ള കൊല്ലാം തോല്‍പ്പിക്കാന്‍ ആവില്ല എന്ന ചെഗുവരെ പടം കാണിച്ചുള്ള സന്ദേശം , വിശുദ്ധി ആന്‍ഡ്‌ തട്ടം സംഭാഷണം എന്നിവയൊക്കെ പോലെ ഏക്‌ ഥാ ടൈഗര്‍ എന്ന ചിത്രത്തില്‍ യുആന്‍ഡോ എല്‍ അമോര്‍ നോ എസ് എല്‍ ലോക്യൂറ, നോ എസ് അമോര്‍ (പ്രണയം ഭ്രാന്തമല്ലെങ്കില്‍ അത് പ്രണയമല്ല ) എന്ന ചെഗുവരെ പടം കാണിച്ചുള്ള സന്ദേശം , വെടിയുണ്ട വിശുദ്ധി സ്വപനങ്ങള്‍ മോഡല്‍ സംഭാഷണങ്ങള്‍ ഇതൊക്കെ ഏക്‌ ഥാ ടൈഗര്‍ എന്ന സിനിമയില്‍ ഉള്ളതാണ് .പിന്നെ പ്രണയത്തിന്റെ ഫീല്‍...അത് വേണമെങ്കില്‍ ഓണ്‍ലൈന്‍ വഴി പിന്നെ ഉണ്ടാക്കാം.മണ്ടന്മാര്‍ നേരെ ക്യൂവായി തിയറ്ററിലേക്ക് മാര്‍ച്ച്‌ ചെയ്യുക.കൌണ്ടറുകളില്‍ ഞാന്‍ പറഞ്ഞത് കേട്ടിട്ടാണ് വന്നത് എന്ന് പറഞ്ഞാല്‍ ഉപകാരം . വിപണന തന്ത്രത്തിന്റെ കമ്മീഷന്‍ യാഷ് രാജ് ഫിലിംസിന്റെ കൈയ്യില്‍ നിന്നും ഞാന്‍ വാങ്ങിച്ചോളാം


Sunday, September 12, 2010

ദബങ്ങ് (Dabangg)

പുതുമുഖമായ അഭിനവ് കാശ്യപിന്റെ സംവിധാനത്തില്‍ , സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച ദബങ്ങ് കാണാന്‍ പോകുമ്പോള്‍ മറ്റൊരു വാന്‍ടെഡ് പ്രതീക്ഷിച്ചാണ് തിയറ്ററിനുള്ളിലേക്ക് കാലെടുത്ത് വെച്ചത് . നല്ല ജനം. നോര്‍ത്തികള്‍ അല്ലേല്‍ ഹിന്ദിവാലകള്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഐ ടി തൊഴിലാളി വര്‍ഗ്ഗം ആകും മൊത്തം എന്ന് കരുതി.എവിടെ? പകുതിയില്‍ കൂടുതല്‍ നല്ല മുട്ടന്‍ മല്ലുസ്. ചുമ്മാതാണോ അന്യ ഭാഷ ചിത്രങ്ങള്‍ നിരോധിക്കണം എന്ന് സുപ്പര്‍ താരങ്ങള്‍ നിലവിളിക്കുന്നത്. കൊടുക്കുന്ന പൈസക്ക് മുതലാവുന്ന രീതിയില്‍ തട്ട് പൊളിപ്പന്‍ പടമാണേല്‍ അങ്ങനെ, അത് മര്യാദക്ക് കിട്ടണം എന്ന് വാശി പിടിക്കാന്‍ മലയാളി പ്രേക്ഷകന് എന്ത് അവകാശം? അടിക്കണ്ടേ അവനെയൊക്കെ?

അത് പോട്ടെ...പറഞ്ഞു വന്നത് ദബങ്ങ്. സത്യം പറഞ്ഞാല്‍ മലയാളം സുപ്പര്‍ ഫാനുകള്‍ പിണങ്ങരുത്.പ്ലീസ്.നല്ല ഒന്നാന്തരം തട്ട് പൊളിപ്പന്‍ മസാല .ആദ്യാവസാനം സല്‍മാന്‍ ഖാന്റെ പടം. കാര്യം ഇടയ്ക്കിടെ വെള്ളമടിച്ചു വല്ല പെമ്പിള്ളാരുടെ വീടിന്റെ പൈപ്പിലും വലിഞ്ഞു കയറുന്ന ബാഡ് ബോയ്‌ ഇമേജ് (വണ്ടി കയറ്റി ആളെ കൊല്ലല്‍. മാന്‍ വേട്ട തുടങ്ങിയ കേസുകള്‍ വേറെ ) ഉള്ള മനുഷ്യനാണേലും , ചില വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഒടുക്കത്തെ സ്ക്രീന്‍ പ്രസെന്‍സാണ് കക്ഷിക്ക് . ഈ ചിത്രത്തിലെ ചുല്‍ബുള്‍ പാണ്ടേ അഥവാ റോബിന്‍ഹൂഡ് പാണ്ടേ എന്ന കഥാപാത്രവും അത്തരത്തില്‍ ഒന്നാണ്.അഴിമതിക്കാരനായ പോലീസുകാരന്‍ , രണ്ടാനച്ഛന്‍ , രണ്ടാനച്ഛനില്‍ ജനിക്കുന്ന സഹോദരന്‍ , രണ്ടാനച്ഛനോടും പാതി സഹോദരനോടും അയാളുടെ പ്രശ്നങ്ങള്‍ , ആ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ ശത്രുവായ രാഷ്ട്രീയക്കാരന്‍ ; ഒടുക്കം സഹോദരങ്ങള്‍ ഒന്നിച്ചു വില്ലനെ തല്ലിക്കൊല്ലുന്നു. ഇത് തന്നെ കഥ.

പക്ഷെ പടം ഒരു മിനിട്ട് പോലും ബോറടിച്ചില്ല എന്ന് മാത്രമല്ല നന്നായി രസിക്കുകയും ചെയ്തു. അതിനു പ്രധാന കാരണം സല്‍മാന്‍ ഖാന്‍ തന്നെ. യു പിയിലെ നിയമമില്ലാത്ത ഗ്രാമത്തിലെ സ്വന്തം നിയമം നടപ്പാക്കുന്ന, ഇഷ്ടം തോന്നിപ്പിക്കുന്ന തെമ്മാടിയായി സല്‍മാന്‍ സ്ക്രീനില്‍ നിറയുമ്പോള്‍ , കഥ ,തിരക്കഥ ഇതൊക്കെ ഒരു മസാല ചിത്രത്തിന് ഉണ്ടേലും ഇല്ലേലും കുഴപ്പമില്ല എന്ന് മുന്‍നിര ആസ്വാദകര്‍ക്ക് തോന്നിയാല്‍ അതില്‍ യാതൊരു കുറ്റവുമില്ല .

ചിത്രത്തില്‍ സല്‍മാന്റെ നായികയായി എത്തുന്നത് ശത്രുഗന്‍ സിന്‍ഹയുടെ മകളായ സൊണാക്ഷി സിന്‍ഹയാണ്.ഒരു ആക്ഷന്‍ മസാല പടത്തിലെ നായികയാവുക എന്ന കര്‍മ്മം പുതുമുഖത്തിന്റെ അരിഷ്ടതകള്‍ യാതൊന്നും അനുഭവപ്പെടാത്ത വിധം സൊണാക്ഷി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.

സല്‍മാന്റെ അമ്മയായി ഡിമ്പിള്‍ കപാഡിയ , രണ്ടാനച്ഛനായി വിനോദ് ഖന്ന (മര്യാദക്ക് ഹിന്ദി സിനിമാക്കാര്‍ പ്രയോജനപ്പെടുത്തിയാല്‍ ,ഇന്ന് അമിതാബ് ബച്ചന്‍ ചെയ്യുന്ന ഏതു കഥാപാത്രവും പുഷ്പം പോലെ ചെയ്യാവുന്ന ഒരു നടനാണ്‌ കക്ഷി ), സഹോദരനായി അര്‍ബാസ് ഖാന്‍ തുടങ്ങിയവരൊക്കെ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട് . നായികയുടെ അച്ഛനായി സംവിധായകന്‍ മഹേഷ്‌ മഞ്ച്രേക്കര്‍ , വില്ലനെ ഒതുക്കാന്‍ ശ്രമിക്കുന്ന സ്വന്തം പാര്‍ട്ടിയിലെ നേതാവായി അനുപം ഖേര്‍ എന്നിവരും സ്ക്രീനില്‍ മിന്നിമറയുന്നുണ്ട്‌.

സംവിധായകന്‍ അഭിനവ് കശ്യപ് സല്‍മാന്‍ ഖാനെ മനസ്സില്‍ക്കണ്ട് ഒരു ശരിയായ മസാലപ്പടം ഒരുക്കുന്നതില്‍ യാതൊരു പാളിച്ചയും വരുത്തിയിട്ടില്ല എന്ന് മാത്രമല്ല മുന്‍ നിരക്കാരെ (ബാല്‍ക്കണിയിലെ മസില്‍ പിടുത്തം ഇപ്പൊ കുറഞ്ഞു വരുന്ന കാലമായത് കൊണ്ട് അവരെയും) സന്തുഷ്ടരക്കാനുള്ള ചേരുവകള്‍ ചിത്രത്തില്‍ കൃത്യമായി ചേര്‍ക്കാന്‍ മടിച്ചിട്ടുമില്ല.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ (വിജയന്‍ മാസ്റ്റര്‍) ചിലപ്പോഴൊക്കെ കയറും ,ഗ്രഫിക്ക്സും ഉണ്ടേലും നന്നായിട്ടുണ്ട്. പാട്ടുകളില്‍ ( സാജിദ് , വാജിദ് ,ലളിത് പണ്‍ഡിറ്റ് ) മുന്നി ബദ്നാം ഐറ്റം ഡാന്‍സ് നമ്പരുകളില്‍ പുതിയ ഹരമാകുമ്പോള്‍, ഉട് ദബങ്ങ് ചിത്രത്തിന്‍റെ ,പ്രത്യേകിച്ചു നായകന്റെ സ്വഭാവത്തോട് ഇഴുകിച്ചേരുന്ന ഒന്നാകുന്നു. പശ്ചാത്തല സംഗീതം (സന്ദീപ്‌ ഷിരോധ്ക്കര്‍ ) ചിത്രത്തിന്‍റെ വേഗത്തിന് ഒത്തു ഒഴുകുന്നുണ്ട്. ഫറാ ഖാനും , രാജു ഖാനും നൃത്ത സംവിധാനത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ പേരുകളായി വരുന്നുണ്ട്. പക്ഷെ ചിത്രത്തിലെ നൃത്ത രംഗങ്ങളില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സല്‍മാന്റെ സ്വന്തം നമ്പരുകളാണ് കൂടുതല്‍. യു പിയുടെ ഉള്‍പ്രദേശങ്ങള്‍ (അവയുടെ സൗന്ദര്യവും, കാഠിന്യവും )നന്നായി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ ക്യാമറകൈകാര്യം ചെയ്ത മഹേഷ്‌ ലിമയെക്ക്സാധിക്കുന്നുണ്ട്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ,തിരക്കഥയുടെ ഭദ്രത , പാത്ര സൃഷ്ടി , ഇതൊന്നും അന്താരാഷ്ട്ര നിലവാരത്തില്‍ വന്നിട്ടില്ല എങ്കിലും കൊടുക്കുന്ന കാശ് മുതലാവുന്ന ഒരു മസാല എന്റര്‍ടൈനര്‍ , അതാണ്‌ ദബങ്ങ്. ഹിന്ദിയോട് അലര്‍ജി ഇല്ലാത്തവര്‍ക്ക് പോയി കാണാം. കൂട്ടത്തില്‍ , ആദ്യാവസാനം, വെറും സ്റ്റാര്‍ പവര്‍ കൊണ്ട് ഒരു മസാല പടം എങ്ങനെ ബോറടിപ്പിക്കാതെ കൊണ്ട് പോകാം എന്നത് മനസിലാക്കാന്‍ മലയാളം സുപ്പര്‍ താരങ്ങള്‍ക്കും വേണേല്‍ ഈ പടം കാണാവുന്നതാണ്. വേണേല്‍ മതി ,നിര്‍ബന്ധം ഒന്നുമില്ല.