Showing posts with label ബാല. Show all posts
Showing posts with label ബാല. Show all posts

Saturday, June 18, 2011

അവന്‍ ഇവന്‍ (Avan Evan )

അവന്‍ ഇവന്‍ മറ്റവന്‍ ....

എന്താ അണ്ണാ ഒറ്റക്കിരുന്നു പിറുപിറുക്കുന്നെ ?

അനിയാ, നിനക്കുള്ളത് നിനക്ക് തന്നെ കിട്ടും . വരാനുള്ളത് ഒരിക്കലും വഴിയില്‍ തങ്ങില്ല . ഇങ്ങനെ ഒക്കെ വല്ലതും കേട്ടിട്ടുണ്ടോ ?

പിന്നെ ഇല്ലേ ചിത്രവിദ്വേഷം കോളം എഴുതുന്നതിനു മാസം ശമ്പളം തരുമ്പോള്‍ കാളകൂടം പത്രത്തിന്‍റെ മുതലാളി ഇപ്പോഴും ഇതു പറയുന്നത് കേട്ടിട്ടുണ്ട് . എന്താ അതിനര്‍ഥം അണ്ണാ?

അതൊക്കെ അവിടെ നില്കട്ടെ ഇപ്പോള്‍ വന്ന കാര്യം ?

അണ്ണാ അത് പുതിയ പടം...

എടെ നിനക്കൊക്കെ വേണ്ടി ഈ രതിനിര്‍വേദം കാണാന്‍ പോയതോടെ നാട്ടുകാര്‍ എന്നെ ഒരുമാതിരി പീഡന കേസിലെ ഒന്നാം പ്രതിയെ പോലെയാണ് നോക്കുന്നത് .അത്രയും പോരെടെ ?

അണ്ണാ എത്ര പ്രാവശ്യം പറഞ്ഞു നമുക്ക് വേണ്ടത് ഉദാത്ത സിനിമകളാണ്. ഇതേ പടം രഞ്ജിത് , മോഹന്‍ലാലിനെ നായകനാക്കി എടുത്തു നോക്കട്ടെ (അങ്ങനെ എടുത്താല്‍ എന്നിക്ക് വലിയ ആശ്ചര്യം ഒന്നും ഇല്ല) ഞാനടക്കം സകലവനും അത് ആദ്യ ദിവസം തന്നെ കാണും നിരൂപണം എഴുത്തും അഭിനയത്തിന് പത്തില്‍ പത്തു മാര്‍ക്ക് കൊടുക്കുകയും ചെയും . അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം? നിങ്ങളുടെ തലയില്‍ കയറിയിട്ട് വേണ്ടേ കുറഞ്ഞ പക്ഷം നാലു ഇംഗ്ലീഷ് പടങ്ങളെ കുറിച്ച് എങ്കിലും എഴുതികൂടെ ?

അനിയാ നീ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ. ഇവിടെ മോഹന്‍ലാല്‍ എന്നെഴുതി ഒപ്പിക്കാന്‍ പെടുന്ന പാട് എനിക്കറിയാം അപ്പോളാണ് ഇനി ഹോളിവൂഡിലെ നികോളാസ് ലിറ്റില്‍ബീക്കുകളുടെ പേരുകള്‍ എഴുതേണ്ട പരിപാടികള്‍

ശരി വേണ്ടെങ്കില്‍ വേണ്ട ഇന്നലെ അവന്‍ ഇവന്‍ എന്ന പടം ഇറങ്ങിയത്‌ അറിഞ്ഞോ ?

അറിഞ്ഞെടെ മാത്രമല്ല മഴയെ ഒക്കെ പുല്ലു പോലെ അവഗണിച്ചു ഇന്നലെ തന്നെ ആ പടം കാണുകയും ചെയ്തു .

അന്നോ നന്നായി നമ്മുടെ ബാലാ അല്ലെ സംവിധാനം ? സേതു , പിതാമഹന്‍ , നാന്‍ കടവുള്‍ , നന്ദ അങ്ങനെ കുറെ വന്‍ പടങ്ങള്‍ എടുത്ത ആളു അല്ലെ കക്ഷി ? ഈ പടം ...

അനിയാ ആര്യ വിശാല്‍ എന്നിവരാണ്‌ ഈ ചിത്രത്തിലെ നായകന്മാര്‍. വിശാല്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു എന്ന് മുന്‍പേ മാധ്യമങ്ങളില്‍ നിന്നും കേട്ടിരുന്നു. കോങ്കണ്ണ് (squint eye ) ഉള്ളതും കുറച്ചു സ്ത്രൈണ സ്വഭാവം ഉള്ളതുമായ വാള്‍ട്ടെര്‍ വണങ്ങാമുടി എന്ന കഥപാത്രത്തെയാണ് വിശാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് . തമിഴ്നാട്ടിലെ കുഗ്രാമത്തില്‍ നടക്കുന്ന ഈ കഥയില്‍ ഈ കഥാപാത്രം ഒരു കലാകാരന്‍ കൂടിയാണ് വാള്‍ട്ടരിന്റെ അര്‍ദ്ധ സഹോദരനാണ് കുംബിടരെന്‍ സാമി എന്നാ ആര്യ അവതരിപ്പിക്കുന്ന കഥാപാത്രം.മോഷണവും തരികിടയുമായി നടക്കുന്ന സാമിയും (ആര്യ) വാള്‍ട്ടറും അത്ര രസത്തില്‍ അല്ല. ഇവരുടെ അമ്മമാര്‍,അംബിക (വാള്‍ട്ടെര്‍) മറ്റൊരു നടി (പേരറിയില്ല ഒട്ടും മോശമാക്കിയിട്ടില്ല ) നല്ല ഉഗ്രന്‍ ശത്രുതയിലും . ഇവരെല്ലാം ബഹുമാനിക്കുന്ന ഹൈനെസ് എന്ന ഗ്രാമത്തിലെ പ്രമാണിയെയും ചുറ്റിപറ്റിയാണ് സിനിമ കിടന്നു കറങ്ങുന്നത്.

ഒരു മിനിട്ട് , അവിടെ എന്തോ ഒരു അക്ഷരപിശക് ഉണ്ടല്ലോ . കഥ മുന്നോട്ടു പോകുന്നു എന്നല്ലേ ഭംഗി ?

അതിനു കഥ എങ്ങോട്ടെങ്കിലും പോയിട്ട് വേണ്ടേ? ഇടവേള വരെ നിന്നിടത് നിന്ന് ചുറ്റി തിരിയുകയാണ് സിനിമ . ഇതു വരെയുള്ള സമയം നായകന്മാരുടെ പ്രേമവും (വാള്‍ട്ടെര്‍ പ്രേമിക്കുനത് പോലീസുകാരിയായ ജനനി എന്ന നടിയെയും സാമി പ്രേമിക്കുന്നത് തേന്‍മൊഴി (മധുശാലിനി)യെയും ആണ്) അവരുടെ അമ്മമാരുടെ വഴക്കും ഹൈനെസ് മായിആ ഗ്രാമത്തില്‍ ഉള്ളവര്‍ക്ക്,പ്രത്യേകിച്ച് നായക കഥാപാത്രങ്ങള്‍ക്ക് ഉള്ള ആത്മ ബന്ധം കാണിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത് . ഇടവേളക്കു ശേഷം പെട്ടന്ന് ഒരു വില്ലന്‍ പൊങ്ങി വരുന്നു . അനധികൃതമായി കാള കച്ചവടം നടത്തിവന്ന വില്ലനെ ഹൈനെസ്ന്‍റെ നേത്രുത്വത്തില്‍ അറെസ്റ്റ്‌ ചെയ്യിപ്പിക്കുന്നു . അയാള്‍ തിരിച്ചു വന്നു ഹൈനെസ്നെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നു .ബാലാ ചിത്രങ്ങളില്‍ കാണാറുള്ള മനം മടുപ്പിക്കുന്ന ക്രൂരത ഇവിടെയുമുണ്ട്. നായകന്മാര്‍ രണ്ടു പേരും ചേര്‍ന്ന് വില്ലനെ അടിച്ചു വീഴ്ത്തി ജീവനോടെ ഹൈനെസ്നൊപ്പം ചുട്ടു കൊല്ലുന്നു. ഇടയ്ക്ക് നടന്‍ സൂര്യ സൂര്യ ആയി തന്നെ ഒരു ചെറിയ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു

അപ്പോള്‍ തല്ലിപൊളി പടം എന്ന് നിസംശയം കാച്ചട്ടെ അണ്ണാ?

അതല്ലേ കഷ്ട്ടം . ഈ ചിത്രത്തിലെ സംവിധായകന്‍ ഒഴിച്ച് എല്ലാവരും നന്നായിട്ടുണ്ട് (അഥവാ പരമാവധി ശ്രമിച്ചിട്ടുണ്ട്) വിശാല്‍ എന്ന നടന്‍ കേരളത്തില്‍ അല്ലാത്തത് കൊണ്ടും ജീവിതത്തില്‍ ഒരിക്കല്‍ പോലും മിമിക്രി കാണിച്ചു ജീവിക്കേണ്ടി വന്നിട്ട് ഇല്ലാത്തത് കൊണ്ടും അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രമായി ഈ ചിത്രം എണ്ണപ്പെട്ടെക്കാം .(കേരളത്തില്‍ എങ്ങാനും ആയിരുന്നെങ്കില്‍ നമ്മള്‍ കാണിച്ചു കൊടുക്കാമായിരുന്നു !!)

അണ്ണന്‍ എങ്ങനെ കേറി മലയാളികളെ അക്രമിച്ചാലോ? മലയാളികള്‍ ജന്മനാ ബുദ്ധിജീവികള്‍ അല്ലെ ?

അനിയാ ഈ ചിത്രത്തെ കുറിച്ച് വന്ന വാര്‍ത്തകളില്‍ വിശാല്‍, ഈ പടത്തില്‍ കൃഷ്ണമണി മുകളിലേക്ക് പിടിച്ചു അഭിനയിക്കേണ്ടി വന്നത് കൊണ്ട് ഭയങ്കര തല വേദന വരുമായിരുന്നു എന്നും രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഷൂട്ട്‌ ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നും പറഞ്ഞു കണ്ടത് ഓര്‍ക്കുന്നു ആ നടന്‍റെ അഭിനയത്തോടുള്ള അഥവാ ചെയുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത ആയാണ് മാധ്യമങ്ങള്‍ അതിനെ വാഴ്ത്തിയത് .(പാവം കലാഭവന്‍മണിയും വാസന്തിയും ലക്ഷ്മിയും .. എന്ന ചിത്രവും!!).അത് പോലെ വിശാല്‍ സ്റ്റേജില്‍ നവരസങ്ങള്‍ കാണിക്കുന്ന ഒരു രംഗമുണ്ട് .അത് കണ്ടപ്പോള്‍ മുഖം മാത്രം ഉപയോഗിച്ച് നവരസങ്ങള്‍ പുല്ലു പോലെ കാണിക്കുന്ന (പോരെങ്കില്‍ എക്സ്ട്രാ രണ്ടെണ്ണം വേറെയും ) കാണിക്കുന്ന പച്ചാളം ഭാസിയെ (ജഗതി, ഉദയനാണു താരം) ഓര്‍ത്തു പോയി.

അപ്പോള്‍ ... പടം .. നല്ലതാണോ ചീത്തയാണോ ?

ഈ പടത്തില്‍ മുന്‍പ് പറഞ്ഞത് പോലെ എല്ലാ കഥാ പാത്രങ്ങളും നന്നായിട്ടുണ്ട് . ഒറ്റയ്ക്ക് ഒറ്റയ്ക്ക് എടുത്താല്‍ മിക്ക രംഗങ്ങളും നന്നായിട്ടുണ്ട്. പക്ഷെ ഇതെല്ലാം ചേര്‍ന്ന് ഒരു സിനിമ എന്ന രൂപത്തില്‍ വരുമ്പോള്‍ സംഗതി ബോറാണ്. ബാലയുടെ ഏറ്റവും മോശം ചിത്രം എന്ന് പോലും വിശേഷിപ്പിക്കാവുന്നതാണ് ഈ ചിത്രം. ഉദാഹരണമായി വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഉള്ള കോങ്കണ്ണ്, സ്ത്രൈണ സ്വഭാവം എന്നിവ ഇല്ലെങ്കില്‍ ഈ ചിത്രത്തിന് എന്ത് വ്യത്യാസം വരാനാണ്? മാത്രമല്ല നല്ല ഉയരവും മസിലും ഉള്ള ഒരാള്‍ ഒരു സ്ത്രൈണ സ്വഭാവക്കാരന്‍ ആകുമ്പോള്‍ തികഞ്ഞ കോമാളി ആയി തോന്നുകയും ചെയും (അങ്ങനെ തോന്നിക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് വിശാല്‍ എന്ന് കൂടി പറയേണ്ടി ഇരിക്കുന്നു).ആര്യയെ താരമൂല്യം നോക്കി മാത്രമാണോ എടുത്തത്‌ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . പ്രത്യേകിച്ചു ഒന്നും ഈ നടന് ചെയ്യാനില്ല .
.ബാല എന്ന സംവിധായകന്‍ ബാലയെ തന്നെ അനുകരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് നമുക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്‌ . ഈ ചിത്രത്തിലെ രണ്ടാം പകുതിയിലെ പല രംഗങ്ങളും പഴയ ബാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു.ഇതിന്‍റെ പുറമേ ബാല ചിത്രങ്ങളുടെ മുഖമുദ്രയായ വേഗത ഇല്ലായ്മ കൂടിയാകുമ്പോള്‍ ദുരന്തം പൂര്‍ത്തിയാകുന്നു.ബാലയുടെ എല്ലാ മുന്‍ ചിത്രങ്ങളിലും നല്ല പാട്ടുകള്‍ ഉണ്ടായിരന്നു . യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഈ ചിത്രത്തില്‍ പക്ഷെ ഒരു പാട്ട് പോലും ഓര്‍ത്ത്‌ വെയ്ക്കത്തക്ക ഗുണമുള്ളത് ഇല്ല .

അപ്പോള്‍ ചുരുക്കത്തില്‍ ...?

അനിയാ സാധാരണയായി ഒരു പന്ന ചിത്രം കണ്ടു കഴിഞ്ഞു ഞാന്‍ ദേഷ്യത്തോടെയാണ്‌ പുറത്തേക്കു വരുന്നത് . ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസില്‍ ആകെ തോന്നിയത് കുറച്ചു വിഷമം മാത്രമാണ് . കുറെ ആളുകളുടെ പരിശ്രമം ഒരൊറ്റ ആളുടെ കഴിവ്കേടു കൊണ്ട് ഇല്ലാതായല്ലോ എന്ന വിഷമം മാത്രം ...

Saturday, January 8, 2011

കയം (Kayam )

അനിയാ.... നീ ഉറങ്ങിയോടെ ?

ഹാ അരാടെ ഈ രാത്രിയില്‍ മനുഷ്യനെ കിടത്തി ഉറകത്തില്ലേ......... ? അല്ല ഇതാര് അണ്ണ... സോറി യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍ സാറോ? എന്താ ഈ രാത്രിയില്‍ ?

അനിയാ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം . ഒരു രണ്ടു ദിവസത്തേക്ക് food & accomodation വേണം .പിന്നെ കഴിഞ്ഞ ഒരു മാസത്തെ മുഴുവന്‍ പത്രവും . എന്താ നടക്കുമോ ?

ശരിയാക്കാം . ആദ്യം എന്ത് സംഭവിച്ചു എന്ന് ഒന്ന് പറയാമോ ?

എന്ത് പറയാന്‍? എന്നെ വീട്ടില്‍ നിന്നും പുറത്താക്കി.(അടിച്ചു പുറത്താക്കി എന്ന് പറയുന്നില്ല മോശമല്ലേ )

നിങ്ങള്ക്ക് ഇന്നു അല്ലെങ്കില്‍ നാളെ അടി കിട്ടും എന്നു എനിക്ക് അറിയാമായിരുന്നു പക്ഷെ അത് വല്ല നിക്കര്‍/കൂളിഗ് ഗ്ലാസ്‌ പ്രേക്ഷകരുടെ കൈയില്‍ നിന്നായിരിക്കും എന്നാണ് കരുതിയത്‌ . വീട്ടില്‍ നിന്നും ... എന്താ സംഭവം ?

അനിയാ മലയാള സിനിമയുടെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ഒരാളാണ് ഞാന്‍ എന്നു നിനക്കറിയാമല്ലോ .കഴിഞ്ഞ വര്‍ഷം മാത്രം ഞാന്‍ സഹിച്ച പീടനങ്ങള്‍ക്ക് മാത്രം ഒരു രണ്ടു ലെഫ് : കെര്‍ണല്‍ പദവി എനിക്ക് ചുമ്മാ തരേണ്ടതാണ് .അതൊക്കെ പോട്ടെ. കാര്യത്തിലേക്ക് കടക്കാം.ഇന്നു ഞാന്‍ പോയി കയം എന്ന ചിത്രം കണ്ടു.അത് ഒരു തെറ്റാണോ?

അല്ല ആണോ എന്നു ചോദിച്ചാല്‍ .......

എടാ നീയടക്കം ഉള്ള മലയാളികളുടെ മനസിലിരുപ്പ് ഇതാണ് എന്നറിയാവുന്നതു കൊണ്ട് തലയില്‍ മുണ്ടിട്ടാണ് പടത്തിനു കേറിയത്‌ . എന്നിട്ടും കാര്യം ഉണ്ടായില്ല . ആരോ വീട്ടില്‍ കൊളുത്തി കൊടുത്തു . വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഞാന്‍ ഈ പടം കാണാന്‍ പോയത് വ്യക്തമായ ചില ദുരുദേശങ്ങളോടെ ആണെന്ന് ഒറ്റ കെട്ടായി വിധി എഴുതി കളഞ്ഞു . ഇങ്ങനെ കേറി വിധി എഴുതാന്‍ ഇവരൊക്കെ കേരളത്തിലെ മാധ്യമങ്ങളും ഞാന്‍ ഏതാണ്ട് മന്ത്രീ പുത്രനും ആണോ ?

ചൂടാവല്ലേ അപ്പോള്‍ ഈ പഴയ പത്രം എന്തിന്നാ ?

എടാ അത് ഈ ചിത്രത്തോട് അനുബന്ധിച്ച് കുറച്ചു മുന്‍പ് ശകലം വിവാദം ഉണ്ടായിരുന്നു.അതുമായി ബന്ധപ്പെട്ടു ഒന്നാംതരം കുടുംബ ചിത്രമായ തന്റെ കയം ഈ മുസ്ലി പവര്‍ വിവാദത്തോടെ കുടുംബങ്ങള്‍ കേറാത്ത അവസ്ഥ ആയി എന്നു പറഞ്ഞു സംവിധായകന്റെ ( അതോ നിര്‍മ്മാതാവോ ?) ഒരു പ്രസ്താവന ഉണ്ടായിരുന്നു . ആ പത്ര വാര്‍ത്ത‍ ഒന്ന് കാണിച്ചു കാല് പിടിച്ചു നോക്കാം.അകത്തു കയറേണ്ടത് എന്റെ മാത്രം ആവശ്യം ആണല്ലോ

ശരി പടം ഏങ്ങനെ ഉണ്ട് ? ഈ ചിത്രം കാണുന്ന കേരള ജനത ഒരു പോലെ മൂത്തിരിക്കുന്ന തടിയും കൊളസട്രോലും മറന്നു ആക്രാന്തം മൂത്ത് മുസ്ലി പവര്‍ വാങ്ങാന്‍ ഓടുമോ ?

എടേ നിന്റെ ചോദ്യത്തില്‍ അടങ്ങിയിരിക്കുന്ന ദുരുദേശം എന്നിക്ക് മനസിലാകുന്നു. മേലില്‍ ആവര്‍ത്തിക്കരുത് ....
ശരി ഇല്ല. അപ്പോള്‍ കഥ ....?

എടേ സംവിധാനം അനില്‍ , സംഗീതം മോഹന്‍ സിതാര , അഭിനേതാക്കള്‍ മനോജ്‌ കെ ജയന്‍ , ശ്വേത മേനോന്‍ , ബാല , സുബൈര്‍ , അപര്‍ണ, അനില്‍ മുരളി ,കോട്ടയം നസീര്‍ ,ചെമ്പില്‍ അശോകന്‍ .. അങ്ങനെ പോകുന്നു . ഇനി കഥ ഒരു നാട്ടിന്‍പുറം(നരന്‍ എന്ന പടത്തില്‍ കാണിക്കുന്നത് പോലെ കാടിനടുത്തുള്ള) അവിടെ എങ്ങോ നിന്ന് വന്ന ഒരു അനാഥന്‍ ആണ് മൂകനും ബധിരനുമായ ചൂണ്ട (മനോജ്‌ കെ ജയന്‍ ).അയാളുമായി അടുപ്പമുള്ളത് രായപ്പനും (ചെമ്പില്‍ അശോകനും ) ചിന്നമ്മക്കും പിന്നെ മകള്‍ മുത്ത്‌ ലക്ഷ്മിയും യാണ് .സ്ഥലത്തെ പ്രമുഖനും വില്ലനുമായ രഘുവിന് (അനില്‍ മുരളി) മുത്ത്‌ലക്ഷ്മിയെ നോട്ടമുണ്ട് എങ്കിലും കരുത്തനായ ചൂണ്ടയെ അയാള്‍ക്ക് പേടിയാണ് .ചൂണ്ടയുടെ ബലത്തിലാണ് കബഡി മത്സരങ്ങള്‍ ആ ഗ്രാമം ജയിക്കുന്നത് വേറെ ഒരു നാട്ടില്‍ പോയപ്പോള്‍ കണ്ടു ഇഷ്ടപ്പെട്ടു,ബലമായി കീഴടക്കി,നാട്ടിലേക്കു കൊണ്ട് വന്നു വിവാഹം കഴിച്ച പെണ്ണാണ്‌ താമര (ശ്വേത).ആദ്യമൊക്കെ പിതാമഹന്‍ എന്ന ചിത്രത്തിലെ വിക്രത്തിനെ ഓര്‍മിപ്പിക്കുന്ന ചൂണ്ടയെ താമരക്ക്‌ വെറുപ്പായിരുന്നു എങ്കിലും പിന്നീടു സാഹചര്യങ്ങളുമായി യോജിക്കുന്നു.

രഘു അടുത്ത കബഡി മത്സരത്തില്‍ ചൂണ്ടയെ തോല്പ്പികാനായി ഇറക്കുന്ന എബി (കോട്ടയം നസീര്‍ ) യുടെ ടീം ലെ പ്രധാനിയാണ്‌ സജി (ബാല). എത്തി കുറച്ചു നാള്‍ക്കുള്ളില്‍ തന്റെ കുട്ടികാലത്ത് നാട് വിട്ട ചേട്ടനാണോ ചൂണ്ട എന്ന് സംശയം തോന്നുന്ന സജി അത് സ്ഥിതീകരിച്ചു ആ നാട്ടില്‍ ചൂണ്ടയുടെയും താമരയുടെയും ഒപ്പം കൂടുന്നു . മുത്ത്‌ ലക്ഷ്ഹ്മിയുമയി അടുക്കുന്ന സജിയും മുത്തും ആയുള്ള കല്യാണം തീരുമാനിക്കുന്നു . ഇതിനിടെ രാത്രി ഒറ്റയ്ക്ക് പോകുന്ന ചൂണ്ടയെ മുഖം മൂടി വെച്ച ഒരാള്‍ പുറകില്‍ നിന്നും അടിച്ചു വീഴ്ത്തുന്നു .അക്രമിയെ കീഴടക്കുന്നു എങ്കിലും അയാളുടെ മുഖം കാണുന്ന ചൂണ്ട തകര്‍ന്നു പോകുന്നു (മുഖം നമ്മളെ കാണിക്കുന്നില്ല ) . വേദനയോടെ നടന്നു പോകുന്ന ചൂണ്ടയെ അക്രമി പുറകില്‍ നിന്നും അടിച്ചു കൊല്ലുന്നു (ഇടവേള) (ഇവിടെയാണ് സംവിധായകന്‍ നമുക്കിട്ടു പണി തരും എന്ന് കരുതിയത്‌ . പക്ഷെ ആ ഭാഗം കുഴപ്പമില്ലാതെ കൊണ്ട് പോയിട്ടുണ്ട് . അത്ഭുതം !!!) .

ഓഹോ... മം...... എന്നിട്ട്

ഇടവേളക്കു ശേഷം പിന്നെ എല്ലാം പ്രതീക്ഷിച്ച പോലെ .താമരക്ക്‌ സജിയോടു അഭിനിവേശം, സജിക്ക് താമര അമ്മയെ പോലെ, പ്രേമം മുത്ത്‌ ലക്ഷ്മി യോട് , രഘുവിന് മുത്ത്‌ ലക്ഷ്മിയോട് പ്രേമം,രഘുവും താമരയും ചേര്‍ന്ന് സജിയുടെയു മുത്ത്‌ ലക്ഷ്മിയുടെയും പ്രേമം പൊളിക്കാന്‍ ശ്രമം.അവസാനം അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ പറയുന്ന പോലെ അവിടെ പാലുകാച്ചു, ഇവിടെ താലി കെട്ടു എന്നത് പോലെ അവിടെ നായകനും വില്ലനും (ബാലയും അനില്‍ മുരളിയും) ആയി ഭയങ്കര അടി ഇവിടെ താമരയും മുത്ത്‌ ലക്ഷ്മിയും തമ്മില്‍ ഭയങ്കര സ്ടണ്ട് . അവസാനം എപ്പോളും പറയാറുള്ളത് പോലെ സത്യവും ധര്‍മവും വിജയിച്ചു പണ്ടാരമടങ്ങുന്നു . പോരെ .

പിന്നെ ......

പിന്നെ എന്തോന്ന് ? എടേ നീ ചോദിച്ചത് എന്നിക് മനസിലായി മലയാളസിനിമയുടെ ഈ കാല ഘട്ടത്തിലെ ബൌധിക സില്‍ക്ക് (ശ്വേത മേനോന്‍ എപ്പോള്‍ ചെയുന്ന ഒരു മാതിരി എല്ലാ റോളും സില്‍ക്ക് സ്മിത അവസാന കാലത്ത് ചെയ്തിരുന്നതും എപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ചെയ്യാവുന്നതും ആണ് എന്നാണ് എന്റെ വിശ്വാസം. ഇതില്‍ ദയവായി അശ്ലീലം കാണരുത്) എന്ന് വിശേഷിപ്പികാവുന്ന ശ്വേത മേനോന്‍ ബാലയും ആയി വെള്ളച്ചാട്ടത്തില്‍ വെച്ച് ഒരു പാട്ടുണ്ട് . ഇങ്ങനത്തെ ഒരു സിറ്റുവേഷന്‍ ചിത്രീകരിക്കവുന്നതില്‍ പരമാവധി മാന്യമായി ചിത്രീകരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത് . ശ്വേത മേനോന്റെ വയര്‍ ഭാഗം രണ്ടു മൂന്ന് പ്രാവശ്യം ക്ലോസ്അപ്പ്‌ ആയി കാണിക്കുന്നത് അശ്ലീലം ആണെങ്കില്‍ ഇതു ഒരു അശ്ലീല ചിത്രമാണ് .

അപ്പോള്‍ പടം പോക്കാണ് അല്ലേ?

അനിയാ , ഈ ചിത്രത്തില്‍ ശ്വേത മേനോനെകാളും പദ്മപ്രിയയെ പോലെയുള്ള ഒരു നടിയായിരുന്നു നല്ലത് . (അല്ലെങ്കില്‍ ശ്വേത മേനോനെ ആ രീതില്‍ മെയിക്ക് അപ്പ്‌ ചെയ്യണം). കഥാപാത്രം അനുസരിച്ച് വേഷം മാറുന്നു എന്നത് ഒഴിച്ചാല്‍ അവരുടെ രൂപത്തിനോ ശരീര ഭാഷക്കോ ഈ ചിത്രത്തില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല. വലിയ തെറ്റില്ലാതെ ആദ്യ പകുതി പോകുന്നതില്‍ മനോജ്‌ കെ ജയന്‍ ഉള്ള പങ്കു വലുതാണ് .എന്നാല്‍ ഇടവേളക്കു തൊട്ടു മുന്‍പ് ചൂണ്ട മരിക്കുന്നതോടെ കഥയുടെ താളം നഷ്ടപ്പെടുകയും ആരൊക്കെയോ എന്തൊക്കെയോ ചെയുന്നു എന്ന അവസ്ഥയിലേക്ക് വരുകയും ചെയ്യുന്നു.പോരാത്തതിനു ശ്വേത മേനോന്റെ അഭിനയവും.മീര ജാസ്മിന്റെ അത്ര വരില്ലെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ ഭയങ്കര കിതൃമത്വം തോന്നിപ്പിക്കുന്നു.മനോജ്‌ കെ ജയനും , അനില്‍ മുരളിയും നന്നായിട്ടുണ്ട് ഈ ചിത്രത്തില്‍ .കലാഭവന്‍ മണിയെ പോലെയുള്ള ക്രത്യമായ ഇമേജ് ഇല്ലാത്ത ഒരു നടനെ കൂടെ ഉപയോഗിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്ന് തോന്നി .

അപ്പോള്‍ ചുരുക്കത്തില്‍ ...
എടുത്തു നശിപ്പിച്ച ഒരു ചിത്രം.ട്രാഫിക്‌ എന്ന പടത്തിന്റെ കൂടെയുള്ള റീ ലീസ് കൂടെയായപ്പോള്‍ പൂര്‍ത്തിയായി .അനില്‍ അടുത്ത പടമെകിലും ഇതില്‍ നിന്നും തെറ്റുകള്‍ തിരുത്തി ചെയുമെന്നു കരുതുന്നു
എടേ അപ്പോള്‍ എനിക്ക് എങ്ങനെ എങ്കിലും വീട്ടില്‍ കേറണം. നീ ആ പഴയ പത്രങ്ങള്‍ ഒന്ന് വേഗം എടുത്തേ .......


ഓ ടോ : മലയാള സിനിമ 2010 എന്ന പോസ്റ്റില്‍ ചേര്‍ക്കാന്‍ വിട്ടു പോയ ഒരു ചോദ്യം

ചോദ്യം : മലയാള സിനിമയില്‍ 2010 ല്‍ ഏറ്റവും നല്ല ഗാനങ്ങള്‍ ഉള്ള ചിത്രം ?

ഉത്തരം : കരയിലേക്ക് ഒരു കടല്‍ ദൂരം (ഇന്നലെയാ കേട്ടത്.എന്നിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.കേട്ടിട്ട് ഇഷ്ടപെട്ടാല്‍ ഒന്ന് പറഞ്ഞാല്‍ ഉപകാരം.എനിക്ക് തോന്നിയതാണോ എന്നറിയാന്‍ ആണ് .ആരും ഒന്നും പറഞ്ഞു കണ്ടില്ല)

Saturday, December 4, 2010

സഹസ്രം (Sahasram)

മഹാ അത്ഭുതം അണ്ണാ മഹാ അത്ഭുതം

എന്താടെ എത്ര അത്ഭുതം? കേരള പോലീസ് ഹെല്‍മറ്റ് പിടിത്തം നിര്‍ത്തി കള്ളന്മാരെ പിടിച്ചു തുടങ്ങിയോ?

ഛീ എവിടുന്നു ? സിനിമ കാര്യം പറയുമ്പോള്‍ അണ്ണന്‍ ഇതെന്തോന്ന് ഒരുമാതിരി വര്‍ത്തമാനം ?

ശരി ഇതു പടം കണ്ടത് ? ബെസ്റ്റ് ആക്ടര്‍ ഇറങ്ങിയോടെ? കണ്ടഹാര്‍ ....?

ചുമ്മാതിരി അണ്ണാ ഇതു അതൊന്നുമല്ല . സുരേഷ് ഗോപി , ബാലാ എന്നിവര്‍ അഭിനയിച്ച ഒരു കുറ്റാന്വേഷണ ചിത്രമാ ഞാന്‍ കണ്ടത് .

സുരേഷ് ഗോപി , ബാല , കുറ്റാന്വേഷണം ..... ഐയ്യോ (ഡിം)

അണ്ണാ കണ്ണ് തുറക്ക് എന്ത് പറ്റി..

എടാ മഹാ പാപി ... നീ ആ റിംഗ് ടോണ്‍ സീ ഡി എടുത്തു കണ്ടു അല്ലെ ......

അല്ല അണ്ണാ ഇതു പുതിയ പടം സഹസ്രം ... ഇറങ്ങിയത്‌ അറിഞ്ഞില്ലേ.

എടേ നിന്റെ ചങ്കൂറ്റം സമ്മതിക്കാതെ വയ്യ കന്യാകുമാരി എക്സ്പ്രസ്സ്‌ ഉം സദ്‌ഗമയയും ഒക്കെ കണ്ടിട്ടും നീ പിന്നെയും ഇതിനൊക്കെ കേറുന്നല്ലോ!!! ഭയങ്കരം തന്നെ . ശരി എന്തായാലും കണ്ടതല്ലേ പറ കേള്‍ക്കട്ടെ വിശേഷങ്ങള്‍ .

ഡോക്ടര്‍ ജനാര്‍ദ്ദനന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തൃലോക് productions ആണ് ചിത്രം നിര്‍മ്മിചിരിക്കുനത് . അഭിനയിക്കുന്നത് സുരേഷ് ഗോപി,ബാല,കാതല്‍ സന്ധ്യ,സരയു,ലക്ഷ്മി ഗോപാല സ്വാമി , ജഗതി,റിസ ബാവ,മധു,കൊച്ചു പ്രേമന്‍,കോട്ടയം നസീര്‍,സുരേഷ് കൃഷ്ണ,ഇന്ദ്രന്‍സ്,കൊല്ലം തുളസി മുതലായവരാണ് ,സംഗീതം ജയചന്ദ്രന്‍.

ഇങ്ങനെ വലിച്ചു നീട്ടണ്ട. നിന്‍റെ കാശു പോയി എന്ന് പറഞ്ഞാല്‍ പോരെ .

തോക്കില്‍ കേറി വെടി വെക്കല്ലേ അണ്ണാ കഥയെ പറ്റി കൂടെ ഒന്ന് പറഞ്ഞോട്ടെ.

ശരി പോരട്ടെ

മയക്കു മരുന്നിനു അടിമയെങ്കിലും പ്രതിഭാശാലിയായ ആര്‍ട്ട്‌ ഡയറക്ടര്‍ വൈശാഖന്‍ (ബാല).ഉയര്‍ന്നു വരുന്ന വില്ലന്‍ നടനും മന്ത്രീ പുത്രനും അയ സുധീപ് (സുരേഷ് കൃഷ്ണ ).വൈശാഖന്‍ ന്‍റെ കാമുകിയും നടിയുമായ യമുനയുടെ (സരയു) ആത്മഹത്യക്ക് ഉത്തരവാദി സ്ത്രീ ലമ്പടനായ സുധീപ് ആണെന്ന കാരണം കൊണ്ട് വൈ ശാ ഖന് സുധീപിനോട് കടുത്ത ശത്രുത ഉണ്ട്.പലപ്പോഴും ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാകാറുണ്ട്.ഏവര്‍ക്കും രണ്ടു പേരുമായും അടുപ്പമുള്ള production controller (ജഗതി) പലപ്പോഴും പ്രശ്നങ്ങള്‍ വഷളാകാതെ നോക്കുന്നത് .അങ്ങനെ ഇരിക്കെ ഇവര്‍ എല്ലാരും ഒരുമിച്ചു ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പണി തുടങ്ങുന്നു.നിര്‍മാതാവ് (കൊച്ചു പ്രേമന്‍ )സംവിധായകന്‍ (കോട്ടയം നസീര്‍ ). ചിത്രത്തിന്റെ പേര് യക്ഷി അമ്പലം.പൊളിച്ചു ഒരു സൂപ്പര്‍ speciality ഹോസ്പിറ്റല്‍ ഉണ്ടാക്കാനായി മാറ്റി വെച്ചിരിക്കുന്ന മനശാസ്ത്ര വിദഗ്തയായ ഡോക്ടര്‍ (ലക്ഷ്മി ഗോപാലസ്വാമി )ടെ പഴയ ഒരു മനയില്‍ വെച്ചാണ്‌ ഷൂട്ടിംഗ് പ്ലാന്‍ ചെയ്യുന്നത് ഡോക്റെരുടെ അച്ഛനായി റിസ ബാവ അഭിനയിക്കുന്നു.ദുര്‍മരണങ്ങള്‍ നടന്ന ഒരു ഇല്ലം ആണ് ഇതു.സെറ്റിന്റെ പണിക്കായി ആദ്യമേ എവിടെ എത്തുന്ന വൈശാഖന് അവിടെ പ്രേതസാന്നിധ്യം ഉള്ളതായി തോന്നുന്നു.അടുപ്പം ഉള്ളവരോട് പറയുന്നു എങ്കിലും മയക്കു മരുന്ന് ഉപയോഗിക്കുമ്പോള്‍ ഉള്ള തോന്നലുകളായി അവയെ എല്ലാരും തള്ളി കളയുന്നു.നായികയായി വരുന്ന പുതുമുഖം സുപ്രിയ (കാതല്‍ സന്ധ്യ) വൈശാഖന്‍റെ അസ്വസ്ഥതകള്‍ക്കു ആക്കം കൂടുന്നു.ഒടുവില്‍ സുധീപുമായി നല്ലൊരു വഴക്ക് കഴിഞ്ഞു ചിത്രത്തില്‍ നിന്നു പുറം തള്ളപ്പെട്ട ദിവസം രാത്രി ഷൂട്ടിംഗ് നിടയില്‍ കറന്റ്‌ പോകുന്ന ഒരു ചെറിയ ഇടവേളയില്‍ സുധീപ് അജ് ഞാതന്‍ അയ ഒരാളുടെ കുത്തേറ്റു മരിക്കുന്നു.സ്വാഭാവികമായും സംശയം വൈശാഖനെ.പോലീസ് വൈശാഖനെ അറസ്റ്റ് ചെയുന്നു.കേസ് അന്വേഷിക്കാനായി വിഷ്ണു സഹസ്രനാമം ഐ പി എസ് (സുരേഷ് ഗോപി ) എത്തുന്നു.കേസ് അന്വേഷണവും അതിന്റെ പരിണാമവും ആണ് കഥയുടെ പിന്നീടുള്ള ഭാഗം.

കേട്ടിട്ട് സുരേഷ് ഗോപിയുടെ സ്ഥിരം വളിപ്പ് പടം പോലെ ഉണ്ടല്ലോ. സഹിക്കമോടെ ?

അണ്ണാ ഇതാണ് ഞാന്‍ നേരത്തെ പറഞ്ഞ അത്ഭുതം. ഈ മാസം മാത്രം ഇറങ്ങിയ കുറെ ത്രില്ലര്‍ ചിത്രങ്ങള്‍ (അഥവാ അങ്ങനെ അവകാശപ്പെടുന്നവ ) കണ്ടു പണ്ടാരം അടങ്ങിയ മനുഷ്യനാണ് ഞാന്‍.ഒരു പ്രതീക്ഷയും ഇല്ലാതെ ഈ ബ്ലോഗിനെയും പ്രാകിയാണ് ഞാന്‍ പടത്തിനു കയറിയത്.ഇടവേള വരെ കുഴപ്പം ഇല്ലാതെ പോയ പടം കണ്ടപ്പോള്‍ എനിക്ക് സത്യമായും സങ്കടം വന്നു രണ്ടാം പകുതിയില്‍ ഇതു മൊത്തം നശിപ്പിക്കും എന്നോര്‍ത്ത്.പിന്നെ മലയാള സിനിമയുടെ ഇപ്പോളത്തെ അവസ്ഥ വെച്ചിട്ട് (അതും സുരേഷ് ഗോപി , ബാല എന്നിവര്‍ അഭിനയിക്കുന്ന ഒരു ചിത്രത്തില്‍ നിന്നു ) നല്ല ഒരു ഒന്നാം പകുതിയേ വലിയ കാര്യം .ബാക്കി ഇങ്ങനെ നശിപ്പിക്കും എന്ന് നോക്കാനാണ് ഇടവേള കഴിഞ്ഞു അകത്തു കേറിയത്‌ , അത്ഭുതം !!!! എന്‍റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് പടം വൃത്തിയായി അവസാനിച്ചു .സത്യമായും എനിക്ക് വിശ്വാസം വരുന്നില്ല. ഞാന്‍ ഉറങ്ങി പോയിട്ട് ഒരു നല്ല ചിത്രം സ്വപ്നം കണ്ടതാണോ എന്ന് വരെ എന്നിക്ക് സംശയം ഉണ്ട്.

നീ ചുമ്മാ തമാശ പറയല്ലേ .. പിന്നെ ... നല്ല ചിത്രം

അണ്ണാ സത്യം.സംവിധായകന്‍റെ കലയാണ് സിനിമ എന്ന് പറയുന്നത് സത്യം. ഇതിന്‍റെ സംവിധാനവും കഥ തിര ക്കഥ എന്നിവ ചെയ്ത ഡോക്ടര്‍ ജനാര്‍ദ്ദനന്‍ ആണ് ഈ ചിത്രത്തിലെ താരം.എല്ലാ അഭിനേതാക്കളും നന്നായി.സുരേഷ് ഗോപി വരുന്നതോടെ സ്ഥിരം അമിതാഭിനയതിന്റെ ഒരു സ്ഥിരം പ്രകടനം ആണ് പ്രതീക്ഷിച്ചത്.വളരെ വൃത്തിയായി അദേഹം തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു.(ഞെട്ടി !!!) ബാല , കാതല്‍ സന്ധ്യ, അങ്ങനെ എല്ലാരും എന്തിനു നിര്‍മാതാവായി അഭിനയിക്കുന്ന കൊച്ചു പ്രേമന്‍ വരെ നന്നായിട്ടുണ്ട് എന്ന് പറയുമ്പോള്‍ ഒരു ക്യാമറക്ക് മുന്നിലും പിന്നിലും ഉള്ളവരുടെ ഒരു നല്ല ടീം വര്‍ക്ക്‌ ആണ് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്‌.

അപ്പോള്‍ ഒരു കുറ്റവും പറയാനില്ലേ ...

എന്നിക്ക് ഒരു നല്ല കുറ്റാന്വേഷണ ചിത്രം കണ്ടതായാണ് തോന്നിയത് .ഒരു പ്രേത കഥയും കുറ്റാന്വേഷണ കഥയും നന്നായി സംയോജിപ്പിച്ചിരിക്കുന്നു എന്നിടത്താണ് തിരകഥകൃത്ത് എന്ന നിലയില്‍ ശ്രീ ജനാര്‍ദ്ദനന്‍ വിജയിക്കുന്നത്.(കുറെ കഴിയുമ്പോള്‍ ഏതെങ്കിലും ഒന്ന് ഇല്ലാതാകുകയും മറ്റേതില്‍ ഫോക്കസ് എത്തുകയും ചെയ്യും എന്നാണ് ഞാന്‍ കരുതിയത്‌ ).പിന്നെ ഇതില്‍ കാതല്‍ സന്ധ്യയുടെ ഒരു നൃത്ത രംഗം ഉണ്ട് മണിച്ചിത്ര താഴിലെ ശോഭനക്ക് പഠിക്കുവാണോ എന്ന് തോന്നിപ്പിക്കുന്ന കുറെ രംഗങ്ങള്‍ അതിലുണ്ട് .ഈ ചിത്രത്തിലുള്ള ഏക കല്ല്‌കടി ആയി എന്നിക്ക് തോന്നിയത് ആ രണ്ടോ മൂന്നോ മിനിട്ടുകളാണ്.ഇത്ര അധികം കഥാപത്രങ്ങള്‍ ഉണ്ടായിട്ടും അനാവശ്യമായ ഒരൊറ്റ കഥാപാത്രം പോലും ഓര്‍മയില്‍ വരുന്നില്ല എന്നത് പ്രത്യേകം പറയേണ്ട ഒന്നാണ് എന്ന് എനിക്ക് തോന്നുന്നു.കഥയിലെ twsit കള്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട് .നല്ല ഒരു അവസാനവും കൂടിയാകുമ്പോള്‍ ഒരു നല്ല ചിത്രം എന്ന് ഈ ചിത്രത്തെ നിസംശയം പറയാവുന്നതാണ് .

എന്നാലും പിന്നെ ....

അണ്ണാ, സുരേഷ് ഗോപിയും ബാലയും ഒക്കെ കുറെ കാലമായി അഭിനയിച്ചു തള്ളുന്ന പടങ്ങള്‍ വെച്ച് നോക്കിയാല്‍ ഇതിനു ഉയിര് പേടിയുള്ള ജനങ്ങള്‍ കേറാന്‍ സാധ്യത കുറവാണു.(പോരാത്തതിനു ബുദ്ധി ജീവികളായ മലയാളികള്‍ സൂപ്പര്‍ താരങ്ങള്‍ അഭിനയിക്കാത്ത ചിത്രങ്ങള്‍ ആണെങ്കില്‍ ഏറ്റവും കുറഞ്ഞത്‌ ഒരു ബെന്‍ഹര്‍ എങ്കിലും അല്ലെങ്കില്‍ സഹിക്കില്ല !!) എങ്കിലും ഒരു നല്ല ചിത്രത്തെ നല്ലത് എന്ന് പറയാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തിന്നാ ഈ സമയം മിനക്കെടുതുന്നത് .

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .

ഈ വര്‍ഷം ഇതു വരെ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയ ചിത്രം. അല്ലെങ്കില്‍ വേണ്ട , അങ്ങനെ പറഞ്ഞാല്‍ സൂപ്പര്‍താര ആരാധകന്മാര്‍ക്ക് വിഷമം ആയാലോ.ഒത്തിരി നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ നല്ലൊരു കുറ്റാന്വേഷണ ചിത്രം.

Tuesday, August 3, 2010

അവന്‍ (ലവന്‍ !! )

എടാ നിനക്കിതു തന്നെ വേണം .

മനസിലായില്ല.എന്ന് വെച്ചാല്‍ ?

ഒരായിരം പ്രാവശ്യം പറഞ്ഞതാ പോയി Once upon a time in mumbai കാണാന്‍. നല്ല പടം ആണെന്നാ കേട്ടത്.അപ്പോള്‍ നിനക്ക് മലയാള സിനിമയെ ഉധരിച്ചേ പറ്റൂ അല്ലെ ?

അപ്പോള്‍ അണ്ണന്‍ ഞാന്‍ അവന്‍ കാണാന്‍ പോയത് അറിഞ്ഞു അല്ലെ ?

ശരി കണ്ടതോ കണ്ടു ഇനി പറ എങ്ങനെയുണ്ട് പടം ?

തകര്‍പ്പന്‍ അല്ലെ . ബാല, മുക്ത , വിജയ രാഘവന്‍ , റിയാസ് ഖാന്‍ ... അങ്ങനെ പ്രശശ്തര്‍ അണി നിരക്കുന്ന പടം അല്ലിയോ സംഭവം.സംവിധാനം മറ്റൊരു പുതു മുഖം ആണെന്ന് തോന്നുന്നു നന്ദഗോപന്‍ കാവില്‍ .

ഡേ നില്ല്... നില്ല്.... നീ ഈ പറഞ്ഞ താര നിരയില്‍ വിജയ്‌ യേശുദാസ്‌ന്‍റെ പേര് പറഞു കണ്ടില്ലല്ലോ ? പോസ്റ്റര്‍ മുഴുവന്‍ ബാലയും അങ്ങേരുമാണല്ലോ നിറഞ്ഞു നില്‍ക്കുന്നത് .

പോന്നു അണ്ണാ അത് ഈ വര്‍ഷത്തെ ഏറ്റവും വലിയ കബളിപ്പിക്കല്‍ ആണ് . പഴയ കാലത്തേ ജയന്‍ നസീര്‍ ചിത്രങ്ങളുടെ പോസ്റ്ററില്‍ രണ്ടുപേരും ഒരുമിച്ചു നില്‍ക്കുന്ന പോലെയല്ലേ ഇവരെയും കാണിച്ചിരിക്കുന്നത്.എന്നാല്‍ ഈ പടത്തില്‍ ശ്രീ വിജയ്‌ യേശുദാസ്‌ പ്രത്യക്ഷപെടുന്നത് ഒരു മൂന്നോ നാലോ സീനില്‍ മാത്രമാണ് പിന്നെ ഒരു പാട്ടും.ഇതിനാണ് ഈ ബഹളം ഉണ്ടാക്കിയിരിക്കുന്നത്.

നീ കത്തി കേറാതെ എന്താ പടത്തെ കുറിച്ചുള്ള അഭിപ്രായം അത് പറ?

ചേട്ടാ എല്ലാ പടത്തിലും പുതുമയുള്ള കഥ വേണം എന്ന് പറയുന്നതില്‍ ഒരു ന്യായവും ഇല്ല. ഇപ്പോള്‍ ഇറങ്ങുന്ന പടത്തില്‍ എല്ലാം ഒടുക്കത്തെ പുതുമ ആണോ എന്ന് ചോദിച്ചാല്‍ അല്ല / ഇല്ല എന്ന് തന്നെ ആണ് ഉത്തരം . പക്ഷെ പറഞ്ഞു പഴാകിയ ഒരു തീം വെച്ച് പടമെടുക്കുമ്പോള്‍ അവതരണത്തില്‍ എങ്കിലും കുറച്ചു പുതുമ കൊണ്ട് വന്നു കൂടെ എന്ന് ചോദിക്കുനത് ന്യായം മാത്രം ആയിരിക്കും .

അപ്പോള്‍ ഈ പടത്തിന്റെ തീം,അവതരണം ഇതില്‍ രണ്ടിലും ഒരു പുതുമയും ഇല്ലെ ?

ആദ്യം തീം.അച്ഛനില്ലാത്ത,ദുര്‍നടപ്പ് കാരിയായ അമ്മ,സംഗീതത്തില്‍ താല്പര്യമുള്ള രോഷാകുലനായ പയ്യന്‍ മകന്‍ .അടുത്ത വീട്ടിലെ ഭാഗവതരുടെ (ദേവന്‍)മകനായ അപ്പു ആണ് സുഹൃത്ത്‌.രോഷം മൂത്ത് അമ്മയുടെ കസ്റ്റമര്‍ ആയ പോലീസ്കാരനെ വെട്ടി ഓടി രക്ഷപെടുന്ന കൃഷ്ണന്‍ (അതാ മകന്റെ പേര് ) .നഗരത്തില്‍ എത്തുന്ന കൃഷ്ണന്‍ ധര്‍മന്‍ (റിയാസ് ഖാന്‍) മായി ചേര്‍ന്ന് വലിയ ഗുണ്ട ആകുന്നു . ഉയര്‍ന്നു വരുന്ന ഗായകന്‍ രാമാനുജത്തെ (വിജയ്‌ യേശുദാസ്‌) കൊല്ലാന്‍ കരാര്‍ ഉറപ്പിക്കുന്ന കൃഷ്ണന്‍ കൊല്ലുനതിനു തൊട്ടു മുന്‍പ് ആണ് രാമാനുജം പഴയ സുഹൃത്ത്‌ അപ്പു ആണെന്ന് മനസിലാക്കുന്നത്‌.അതും ചുമരിലെ ഫോട്ടോ കണ്ടിട്ട് !!!(കഥ നാടകീയമായ വഴിത്തിരിവില്‍ !!!).രാമാനുജത്തെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് കൃഷ്ണന്‍ അകത്താകുന്നു.(സത്യം സുഹൃത്തിനെ നേരില്‍ കണ്ടു ബോധിപ്പിക്കാന്‍ പോകുമ്പോള്‍ ആണ് സംഭവം ).അവസാനം എല്ലാര്‍ക്കും എല്ലാം മനസിലായി കഴിയുമ്പോള്‍ കൃഷ്ണനെ ആരോ വെടി വെച്ച് കൊല്ലുന്നു. ശുഭം .(വാളെടുത്തവന്‍ വാളാല്‍ എന്ന തത്വം ആകണം എവിടെ ഉദേശിച്ചത്‌.)

എന്റെ അമ്മോ ഇതു 2010ല്‍ ഇറങ്ങിയ സിനിമ തന്നെ അല്ലെ?

ആണ് എന്ന് മാത്രമല്ല ഇതു അവതരിപ്പിച്ചിരിക്കുന്ന രീതി ഇതിലേറെ കിടിലം ആണ് . ഒരു റിയാലിറ്റി ഷോ ക്രൈം ആന്‍ഡ്‌ മ്യൂസിക്‌ . ജയില്‍ പുള്ളികളാണ് ഇതില്‍ പങ്കെടുക്കുനത് . ഇതില്‍ പങ്കെടുക്കുനവര്‍ക്കെല്ലാം (മത്സരം ഒന്നും നടക്കുനതായ് കാണിച്ചിട്ടില്ല)പരോള്‍ കിട്ടുമത്രേ!! (അതിനു അഭ്യന്തര മന്ത്രിയോട് നന്ദിയും പറയുന്നുണ്ട്) . നീതി ന്യായ വ്യവസ്ഥയെ കളിയാക്കുക എന്നാണോ സംവിധായകന്‍ ഇതു കൊണ്ട് ഉദേശിച്ചത്‌ എന്ന് വ്യക്തമല്ല . ഈ പരിപാടിയില്‍ പങ്കെടുക്കുന്ന നായകന്‍ തന്റെ ജീവിത കഥ പറയുന്നതായിട്ടാണ് മേല്പറഞ്ഞ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഇത്ര ബോറായ ഒരു കഥ കേട്ട് കഴിയുമ്പോള്‍ റിയാലിറ്റി ഷോയുടെ പ്രേക്ഷകര്‍ കരയുന്നു കണ്ണ് തുടൈക്കുന്നു ആകെ ബഹളം. സ്ഥിരം പ്രേക്ഷകനായ കോട്ടയം നസീര്‍ ഇത്രയും ദുഃഖ കഥകള്‍ താങ്ങാനുള്ള അമ്പിയെര്‍ ഇല്ലാത്തതിനാല്‍ ഇനി ഈ പരിപാടി ക്ക് വരുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. അത് മാത്രമോ നായകന്‍ പണ്ട് കൊന്ന ഒരു പയ്യന്റെ അച്ഛന്‍, നായകനെ കൊല്ലാനായി തോക്കുമായി,പ്രേക്ഷകനായി വന്നിരുപ്പുണ്ട്.അങ്ങേരു പോലും മനസ്സ് മാറി നായകന് കൈ കൊടുത്തു പോകുന്നു .(നായകന്റെ കഥ വെച്ച് നോക്കുമ്പോള്‍ സ്വന്തം മോന്‍ ചത്ത്‌ പോയത് എത്ര നിസ്സാരം !!!).എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ നായകനെ അഞ്ജതരായ ആള്‍ക്കാര്‍ വെടി വെച്ച് കൊല്ലുമ്പോള്‍ പടം തീരുന്നു

അപ്പോള്‍ അഭിനയമോ ?

ബാല തന്‍റെ സ്ഥിരം മാനറിസങ്ങള്‍ കൃത്യമായി കാണിച്ചു ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വിജയ രാഘവന്‍ കഷ്ടിച്ച് സഹിക്കാം എന്ന അവസ്ഥ.പുലി ബിജു (അനൂപ്‌ എന്നല്ലേ പേര് ആ നടന്റെ ?) ആണ് ഉള്ളതില്‍ ഭേദം . പിന്നെ നായകന് ഒരു നായികാ വേണമല്ലോ എന്ന് കരുതി കോളനിലെ ഒരു പെണ്‍കുട്ടിയായി മുക്തയെ കാസ്റ്റ് ചെയ്തിടുണ്ട്. കഥാപാത്രത്തിന് വലിയ പ്രസക്തി ഒന്നും ഇല്ലെങ്കിലും മുക്ത മെലിഞ്ഞു കുറച്ചു കൂടി സുന്ദരിയായി കാണപ്പെടുന്നു എന്നുള്ളതാണ് പറയാവുന്ന ഒരു നല്ല കാര്യം. ജഗതി വീണ്ടും ഒരിക്കല്‍ കൂടി പാഴാക്കപെട്ടിരിക്കുന്നു.രണ്ടു സീനിലേക്ക്‌ ജഗതിയെ അഭിനയിക്കാന്‍ വിളിക്കുന്നവര്‍ പ്രേക്ഷകരെ കളിയാക്കുകയാണ് ചെയ്യുന്നത്. മറ്റു പലരെയും പോലെ തലൈവാസല്‍ വിജയ്ക്കും വേറെ പ്രത്യേകിച്ചു കാര്യം ഒന്നും ഇല്ല . റിയാസ് ഖാന് പോലും വിജയ്‌ യേശുദാസ്‌നെകാള്‍ റോള്‍ ഉണ്ട് ഈ ചിത്രത്തില്‍.

തിരകഥ എഴുതിയത് സംവിധായകന്‍ നേരിട്ട് ആണെന്നാണ് ഓര്‍മ (അല്ലെങ്കില്‍ ക്ഷമിക്കു ) അതിനെ പറ്റി ഇനി ഒന്നും പറയാനില്ല. മൊത്തത്തില്‍ ലവന്‍ ഒരു അനുഭവം ആയിരുന്നു.പിന്നെ ഗാനങ്ങള്‍ കുറച്ചു ഭേദം ആണെന്നാണ് തോന്നിയത് (ചിലതെങ്കിലും). പക്ഷെ പുട്ടിനു തേങ്ങ ഇടുന്നത് പോലെ പാട്ടുകള്‍ വരുന്നത് അതിന്റെ സുഖവും കളഞ്ഞു .സംഗതി റിയാലിറ്റി ഷോ ആയതു കൊണ്ട് എപ്പോള്‍ വേണേലും പാട്ട് ഇടാമല്ലോ ?

എന്നാലും ചുരുക്കത്തില്‍ ഒരു അഭിപ്രായം .....

തെറി പറയാന്‍ വയ്യ സഹോദരാ. എന്നാലും നിങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ കയറ്റിവിടാന്‍ പറ്റിയ പടം. ഇങ്ങനത്തെ പടങ്ങള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ .പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നിരവധി സമ്മാനങ്ങള്‍ നറുക്കെടുപ്പിലുടെ വാഗ്ദാനം ചെയ്യുന്നുണ്ട് . ഒപ്പം അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരവും !! ഒരു ചിത്രം കാണാന്‍ സമ്മാനം കൊടുക്കുനത് ദേനീയമാണ്‌ . (ഫ്രീ ടിക്കറ്റ്‌ ഒക്കെ അത് തന്നെയാണ് അല്ലെന്നല്ല ) എങ്കിലും ഈ ചിത്രം കാണുന്ന എല്ലാര്‍ക്കും സമ്മാനം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം