Saturday, March 2, 2013

സണ്‍‌ഡേ 10.30 എ എം ലോക്കല്‍ കാള്‍ (sunday 10.30 a.m local call Review)

അനിയാ നീ സാന്‍വിച്ച് എന്ന സിനിമയെ പറ്റി  കേട്ടിട്ടുണ്ടോ ?

അതേതു പടം അണ്ണാ  ഇംഗ്ലീഷ് ആണോ ?

പോടേ നമ്മുടെ കുഞ്ചാക്കോ ബോബനൊക്കെ അഭിനയിച്ച നല്ല ഒന്നാന്തരം മലയാള ചിത്രം .

അതെപ്പോ ....? അല്ല  എപ്പോള്‍ പറയാന്‍ കാരണം ?

കാരണം നിസ്സാരം ആ സിനിമയുടെ സംവിധായകന്‍ മറ്റൊരു സിനിമയുമായി വീണ്ടും എത്തിയിരിക്കുന്നു .നിര്‍ഭാഗ്യവശാല്‍  ഞാന്‍ അത് കാണാനും ഇടയായി .

ഉള്ളതോ അണ്ണാ? ഏതു പടം

അതാണ് സണ്‍‌ഡേ 10.30 എ എം ലോക്കല്‍ കാള്‍. സംവിധാനം നേരത്തേ  പറഞ്ഞ സാന്‍വിച്ച് സംവിധായകന്‍ മനു സുധാകരന്‍ അഭിനേതാക്കള്‍ നിഷാന്‍, ലാല്‍ , ശ്രിത ശിവദാസ്‌  (ഓര്‍ഡിനറി ഫെയിം ), അനൂപ്‌ ചന്ദ്രന്‍, കൃഷ്ണ,കൈലാസ്  അങ്ങനെ കുറെ പേര്‍  ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.അരുണ്‍ -ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ റഫീക്ക് അഹമ്മദും , മുരുകന്‍ കാട്ടാക്കടയും ഗാനങ്ങള്‍  എഴുതിയിരിക്കുന്നു .ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രിയ പിള്ളയാണ് .സ്ത്രീകള്‍ കൂടുതല്‍ സിനിമ നിര്‍മാണ രംഗത്തേക്ക് വരുന്നത് ഒരു നല്ല പ്രവണതയായി കാണാം

കഥ ...?

കൊച്ചി പോലൊരു (അതോ കൊച്ചിയാണോ?) മെട്രോ നഗരത്തില്‍ ജീവിക്കുന്ന യുവ ദമ്പതികള്‍ .അല്‍ബിയും (നിഷാന്‍ )  ആനും. റേഡിയോ ജോക്കി ആയ ആനും നിസ്സാന്‍ ഷോ റൂമിലെ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥനും ആയ ഇവരുടെ ജീവിതം സന്തോഷപൂരവം മുന്നോട്ടു പോകുന്നു . ഒരു ദിവസം യദ്രിശ്ചികമായി ആല്‍ബി തന്‍റെ കോളേജ് കാലത്തെ പൂര്‍വ്വ കാമുകി നിമ്മിയെ (ശ്രിത ശിവദാസ്‌) കാണുന്നു.കണ്ട പാടേ ആല്‍ബി തന്‍റെ കോളേജ് സുഹൃത്തുക്കളും ഇപ്പോള്‍ നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായ റോയ് (കൃഷ്ണ ) ഹോട്ടല്‍ ഉടമ വാസു എന്ന വാസുദേവന്‍‌ നമ്പൂതിരി , രാഷ്ട്രീയ നേതാവ് ജയകൃഷ്ണന്‍ (അനൂപ്‌ ചന്ദ്രന്‍ ) എന്നിവരെ വിളിച്ചു വിവരം പറയുന്നു .അവരുമായുള്ള സംഭാഷണത്തില്‍ നിന്നും ഫ്ലാഷ് ബാക്കില്‍ നിന്നും ആല്‍ബിയും നിമ്മി യും കോളേജില്‍ പ്രണയിതാക്കള്‍ ആയിരുന്നു എന്നും അവസാന ദിവസം വീട്ടില്‍ കാര്യം അവതരിപ്പിക്കാന്‍ പോയ നിമ്മിയുടെ വിവാഹ ക്ഷണക്കത്താണ് പിന്നെ ആല്‍ബി കാണുന്നത് എന്നും നമുക്ക് മനസിലാകുന്നു.പിന്നീടും തികച്ചും യദ്രിചികമായി ആല്‍ബിയും നിമ്മിയും കണ്ടു മുട്ടുന്നു.പരിചയം പുതുക്കുന്നു. അവളിന്ന് ബിസ്സ്നസ്സുകാരനായ വിഷ്ണുവിന്റെ (കൈലാസ് ) ഭാര്യയാണ്.സംശയരോഗിയായ വിഷ്ണുവിന്റെ അസന്തുഷ്ടയായ ഭാര്യയായ നിമ്മിയുമായി (സ്വാഭാവികം !!) ഒരു പ്രത്യേക സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ അന്തിയുറങ്ങുന്ന ആല്‍ബി രാവിലെ കാണുന്നത് കൊല്ലപെട്ടു കിടക്കുന്ന നിമ്മിയെയാണ് .അവിടെ നിന്ന് രക്ഷപെട്ടു വീട്ടില്‍  എത്തി പിറ്റേന്ന് ഓഫീസില്‍ എത്തുന്ന ആല്‍ബിയെ കാത്തു തലേ ദിവസത്തെ സംഭവങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത ഒരു സി ഡി കോറിയറില്‍ വരുന്നു.തൊട്ടു പുറകെ അതയച്ച അജ്ഞാതന്റെ ഫോണ്‍ കാള്‍.ഈ വിവരം വെളിപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്‍  അല്‍ബിയെ കൊണ്ട് പലതും ചെയ്യിക്കുന്നു. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പലതും നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വരുന്ന അല്‍ബിയിലൂടെ കഥ മുന്നോട്ടു പോകുന്നു.ഒടുവില്‍  എന്തിനായിരുന്നു ഇതെല്ലാം എന്ന് അജ്ഞാതന്‍ വെളിപ്പെടുത്തുന്നിടത്ത്  കഥ അവസാനിക്കുന്നു .

ഓഹോ അപ്പോള്‍ സംഗതി സസ്പെന്‍സ് ത്രില്ലര്‍ ആണല്ലേ ?

ആയിരുന്നെങ്കില്‍  എന്ന് ആശിക്കാന്‍ മാത്രമല്ലേ  നമുക്ക് പറ്റു? ചിക്കാബെറി , ടേബിള്‍ നമ്പര്‍ 27 പോലെയുള്ള  ഹിന്ദി ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഒന്നാം പകുതി കഴിയുമ്പോള്‍ തന്നെ പടം എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാന്‍ പറ്റും .പിന്നെ ഈ ചിത്രത്തില്‍ പല രംഗങ്ങളും നായകന്‍ എങ്ങനെ പെരുമാറും എന്ന് കൃത്യമായി ഊഹിച്ച  പോലെയാണ് പ്ലാന്‍  ചെയ്തിരിക്കുന്നത്  . ഉദാഹരണമായി ഒരു ഹോട്ടലില്‍ മുറിയെടുക്കുന്ന നായികാ നായകര്‍ . രാവിലെ കൊല്ലപ്പെട്ടു കിടക്കുന്ന നായിക .നായകന്‍ ഇറങ്ങി ഓടിക്കോളും എന്ന് ഉറപ്പിച്ച രീതിയിലാണ്‌ പ്ലാന്‍ (ഈ ഹോട്ടലിനു പകരം ഒരു ഒഴിഞ്ഞ വീടും .പിന്നീടു ചെല്ലുമ്പോള്‍ ശവശരീരം  അവിടെ കാണാതിരിക്കുകയും ചെയുന്ന അവസ്ഥ ഇതിലും എത്രയോ ഭേദം )

അഭിനയം ....?

ലാല്‍ അടുത്ത കാലത്ത് നല്ല കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചു കണ്ടത് കൊണ്ടാകണം ഈ ചിത്രത്തില്‍ പരമ ബോര്‍ ആയി തോന്നുന്നു . നിഷാന്‍ ഇനിയും മലയാളി ആകാന്‍ ബാക്കി കിടക്കുന്നു .ശ്രിത ഓര്‍ഡിനറി എന്ന ചിത്രത്തിലെതിനെക്കാളും  സുന്ദരി ആയിരിക്കുന്നു .കൃഷ്ണയും അനൂപും ഒക്കെ സ്ഥിരം രീതി തന്നെ .സംവിധാനം .. ഒരു അനുഭവംകൊണ്ട്  കാര്യമായി   ഒന്നും പഠിച്ചില്ല എന്നതാണ്  സത്യം .നിലവാരം പഴയത് തന്നെ . മൂലകഥ പഴയതിനെക്കാളും
  ഭേദം ആയതു കൊണ്ട് അത്രക്ക് തോന്നില്ല എന്ന് മാത്രം .സാന്‍വിച്ച് എന്ന സാധനത്തിനു
അങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നില്ല എന്നാണു ഓര്‍മ്മ.പിന്നെ  അവസാനം ഇച്ചായന്റെ
'ചാരിതാര്‍ദ്ധ്യത്തിനു' ഒന്ന് പറ്റിയില്ല എന്ന് മനസിലാക്കി പിണങ്ങി പോയ ഭാര്യ തിരിച്ചുവരുന്നതും അതിനു മുന്‍പ് ,സന്തോഷ സൂചകമായി, പഴയ കാമുകിയെ കെട്ടി പിടിച്ചു നിന്ന് മൊബൈലില്‍ ഫോട്ടോ എടുക്കുന്നതും കലക്കി.

ഇതിന്റെ ഒരു ഫോര്‍മുല എന്ന് പറയുന്നത് സന്തോഷമായി ജീവിക്കുന്ന ഒരു കുടുംബം , അതിലേക്കു കയറി വരുന്ന മറ്റൊരാള്‍ , ഒരു പ്രലോഭനത്തിന് വഴങ്ങി തെറ്റിലേക്ക് നീങ്ങുന്ന ദമ്പതികളില്‍ ഒരാള്‍ അതോനോട് ചേരുന്നു ഉണ്ടാകുന്ന ദുരന്തം അന്വേഷിക്കുന്ന പോലീസ് , ഒളിപ്പിക്കാനുള്ള പാച്ചില്‍ , ഇതിനിടെ വരുന്ന ബ്ലാക്ക്‌ മെയിലര്‍ ... അങ്ങനെ തറ തൊടാതെ ത്രില്ല് അടിപ്പിക്കുന്ന രീതിയില്‍ എടുകേണ്ട പടമാണ് ഈ കാണിച്ചു വെച്ചിരിക്കുന്നത് . ഈ സമവാക്യം തന്നെ ഉപയോഗിക്കണം എന്ന് ഒരു നിര്‍ബന്ധവു ഇല്ല ഏറ്റവും കുറഞ്ഞത്‌ ഇതെങ്കിലും എന്നാണ് ഉദേശിച്ചത്‌ ....

ചുരുക്കത്തില്‍ ......

ഇംഗ്ലീഷ് പടമോ ഹിന്ദി പടമോ കൊറിയന്‍ പടമോ എന്ത് വേണേലും അടിച്ചു മാറ്റിക്കോ . പക്ഷെ ദയവായി സിനിമ കാണാന്‍ വരുന്ന പാവം പൊതു ജനത്തെ കൊല്ലരുത് .

ഇനി ....

കിടക്കുകല്ലേ അനിയാ .. പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ലലോ





 

3 comments:

  1. ടേബിള്‍ നമ്പര്‍ 27 or 21?

    ReplyDelete
  2. Nimy ipozhum jeevichrikunu enariyumpol villanmarku onum thonunatayi kanichitila. Pine ravile nadana sambhavam anathe patratil thirayuna atra mandanano nayakan? Enthayalum sreetha kalakitund.. Avarundayathu kondu chitram valiya parikilate kanan pati.

    ReplyDelete
  3. Kilipoyi kaanunnille?

    ReplyDelete