Sunday, July 15, 2012

മുല്ലമൊട്ടും മുന്തിരിച്ചാറും

അണ്ണോ... .......................

എന്തുവാടെ രാവിലെ കതകു ചവിട്ടി പൊളിക്കുന്നേ. ഉറങ്ങാനും സമ്മതിക്കില്ലേ ?

അണ്ണാ പുതിയ പടം ...?

ഏതു പടം?

അണ്ണന്‍ ഈ ആഴ്ച ഇറങ്ങിയ മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തെ പറ്റി കേട്ടതേ ഇല്ലെ ? ഗ്രാമീണജീവിതത്തിന്‍റെ നിഷ്കളങ്കതയുടെ സുഗന്ധം വഴിഞ്ഞൊഴുകുന്ന സിനിമ ആണെന്നാണല്ലോ കേട്ടത്?

എടേ അങ്ങനെ വഴിഞ്ഞു ഒഴുകണമെങ്കില്‍ നായകനും സുഹൃത്തുക്കള്‍ക്കും സുബ്രമണ്യപുരം താടിയുണ്ടോ? സംവിധാനം വിനീത് ശ്രീനിവസനാണോ? നായകന്‍ ചാലു മോനാണോ? സംഗീതം അവിയല്‍ ബാന്‍ഡ് ആണോ? ഭക്ഷണ സാധനങ്ങളുടെ ക്ലോസ് അപ്പ്‌ ഷോട്ട് ഉണ്ടോ .(പണ്ട് രണ്‍ജി പണിക്കര്‍ ചിത്രങ്ങളില്‍ സ്ഥിരമായി കാണാറുള്ള മദ്യഗ്ലാസ്സിലേക്ക്‌ ഐസ് വീഴുന്ന ക്ലോസ് അപ്പ്‌ ഷോട്ട് പോലെ). ഇതൊന്നും ഇല്ലാതെ എന്തോന്ന് ഗ്രാമീണ നിഷ്കളങ്കത അനിയാ?

അണ്ണാ തമാശ കള. സംഗതി കണ്ടോ?

കണ്ടു അനിയാ മേല്‍ പറഞ്ഞ ഒരു സംഗതിയും ഇല്ലാതെ മനുഷ്യനെ രണ്ടര മണിക്കൂര്‍ പുല്ലു പോലെ സിനിമ തിയറ്റെരില്‍ ഇരുത്തി കൊന്നു തിന്നാമെന്നു സംവിധായകന്‍ (അതോ സംവിധയകാരോ ?) അനീഷ്‌ അന്‍വര്‍ തെളിയിച്ച ചിത്രമാണ് ഇതു.
അഭിനേതാക്കള്‍ ഇന്ദ്രജിത്ത്,തിലകന്‍ , അനന്യ, മേഘ്ന രാജ് , പ്രവീണ , അശോകന്‍ , റ്റിനി ടോം, കൊച്ചു പ്രേമന്‍ അങ്ങനെ പോകുന്നു താര നിര . കഥ -തിരകഥ - സംഭാഷണം ബിജു കെ ജോസഫ്‌ , സംഗീതം മോഹന്‍ സിത്താര. ഇത്രയും പോരെ ?

മതി ഇനി കഥ?

ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ചുരുട്ട ജോസ് (ഇന്ദ്രജിത്ത്) എന്ന അനാഥന്‍ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.നരന്‍ എന്ന സിനിമയിലെ വേലായുധന്‍ എന്ന കഥാപാത്രത്തെ ബേസ് ക്ലാസ്സ്‌ ആക്കിയാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്.അനാഥനായ ഇയാള്‍ ഈ ഗ്രാമത്തില്‍ അത്യാവശ്യം ഗുണ്ടാ പണിയൊക്കെ ചെയ്തു ജീവിക്കുന്നു . അകെ പേടിയുള്ളതു സ്ഥലം പള്ളി വികാരിയായ വഴക്കുലയച്ചനെ (തിലകന്‍).നരനിലെ നമ്പ്യാര്‍ (മധു) ).കുഞ്ഞിലെ അമ്മ മരിച്ചു പോയ ജോസിന്‍റെ അപ്പന്‍ പമ്പ് കടി കൊണ്ടാ മരിക്കുന്നേ.അതോടെ പമ്പുകളുടെ ആജന്മ ശത്രു ആയിത്തീരുന്ന ജോസിനെ ഒരു രാത്രി പാമ്പിനെ ഓടിക്കാന്‍ എന്ന വ്യാജേനെ കൂടി കൊണ്ട് വന്നു അജ്ഞാതനായ ഒരാള്‍ കുത്തി വീഴ്തുന്നിടതാണ് ചിത്രം തുടങ്ങുന്നേ. അവിടെ നിന്ന് ആറു മാസം പുറകോട്ടു പോയി ചിത്രം ആരംഭിക്കുന്നു.അവിടെ ജോസ് നേരത്തെ പറഞ്ഞ പോലെ അത്യാവശ്യം ഗുണ്ടാ പണികളുമായി കഴിയുന്നു.അടുത്ത സുഹൃത്തുക്കളും സ്ഥലം പലിശക്കാരുമായ ടോമിച്ചനും (അശോകന്‍ ) അനിയനും (റ്റിനി ടോം ).ഇവര്‍ക്ക് വേണ്ടി ഒരു വീട് ഒഴിപ്പിക്കാന്‍ പോകുന്ന ജോസിനു ഒരു പ്രത്യേക സാഹചര്യത്തില്‍ ആ വീട്ടില്‍ താമസിച്ചിരുന്ന സുചിത്രയുടെയും (മേഘ്ന രാജ് ) കുടുംബത്തിന്‍റെയും സംരക്ഷണ ചുമതല്‍ ഏറ്റെടുകേണ്ടി വരുന്നു.സൈഡ് ബിസ്നെസ്സ് ആയി ശകലം ഗള്‍ഫ്‌ based പെണ്‍ വാണിഭം ഉള്ള ടോമിച്ചനുമായി സുചിത്രയുടെ പേരില്‍ ജോസ് തെറ്റുന്നു.

ഇതിനിടെ രാത്രി പള്ളി വക നാടകത്തില്‍ പോലീസ് വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ഗുണ്ട പണി ഏറ്റെടുത്തു നാടക വേഷം മാറാതെ വരുന്ന ജോസിനെ കണ്ടു പേടിച്ചു ഓടി കിണറ്റില്‍ വീണു കാലൊടിഞ്ഞ കുര്യച്ചന്‍റെയും (കൊച്ചു പ്രേമന്‍ ) മകള്‍ റാണി മോളുടെയും (അനന്യ) കുടുംബ ചെലവും ഇയാള്‍ക്ക് ഏറ്റെടുകേണ്ടി വരുന്നു. മുല്ലമൊട്ടായ സുചിത്രയും മുന്തിരിച്ചാറായ (ബഹളക്കാരി എന്നാ ഉദ്ദേശിക്കുന്നെ. ആരും തെറ്റിദ്ധരിക്കല്ലേ !!) റാണി മോളും ജീവിതത്തിലേക്ക് കടന്നു വരുന്ന ജോസ് ഇതില്‍ ആരെ തഴയും ആരെ കെട്ടും? ജോസിനെ ആദ്യം കാണിച്ച ക്ലൈമാക്സില്‍ കുത്തി വീഴ്ത്തുന്നത് ആരു?
ജോസ് ചാകുമോ രക്ഷപ്പെടുമോ ? ഇത്തരം ഉദ്യോഗജനകമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരുത്തനും അങ്ങനെ ചുളുവില്‍ അറിയണ്ട. രണ്ടര മണിക്കൂര്‍ ഇരുന്നു അനുഭവിച്ചു അറിഞ്ഞാല്‍ മതി .(വിയര്‍പ്പു കൊണ്ട് അപ്പം ഭക്ഷിക്കാനല്ലേ ദൈവം പറഞ്ഞേക്കുന്നെ !!!).പറയാന്‍ മറന്നു ഇതിനിടയില്‍ വാഴക്കുലയച്ചന്‍ ജോസിന്‍റെ കല്യാണം ഏകപക്ഷീയമായി റാണി മോളുമായി ഉറപ്പിക്കുന്നു ഇതിനിടെ ദുരൂഹ സാഹചര്യത്തില്‍ ശ്രീ കുര്യച്ചന്‍ കൊല്ലപ്പെടുകയും.ഒരല്‍പം സമയത്തേക്ക് ജോസിനെ എല്ലാരും (റാണി മോളടക്കം)തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

അല്ല അപ്പോള്‍ പടം ....

അനിയാ കണ്ട മാ വാരികയില്‍ കഷ്ണം കഷ്ണമായി കൊടുത്തു വായനക്കാരെ കോള്‍ മയിര്‍ കൊള്ളിക്കേണ്ട കഥയെടുത്ത് സിനിമ ആക്കിയതിന് ഞാന്‍ സംവിധായകനെ കുറ്റം പറയില്ല.ഹിറ്റായ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ മാ വാരികകളില്‍ നിന്നും എടുത്തതാണ്.പക്ഷെ കാലത്തിനൊത്തു എടുക്കാന്‍ അറിയണം എന്ന് മാത്രം.ഇങ്ങനത്തെ ഒര്‍ജിനല്‍ പടങ്ങള്‍ എടുക്കുന്നവരെക്കാള്‍ എനിക്കെന്നും ബഹുമാനം നല്ല വൃത്തിയായി അടിച്ചുമാറ്റി മനുഷ്യനെ കൊല്ലാതെ വിടുന്ന ഒരു പടം തരുന്നവരെയാണ്.

അങ്ങനെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോരല്ലോ . അഭിനയം..... . പ്രത്യേകിച്ചു ഭാവാഭിനയ ചക്രവര്‍ത്തി തിലകന്‍ ഒക്കെ അഭിനയിക്കുന്ന ഒരു ചിത്രം ....നായകന്‍ ഇന്ദ്രജിത്ത് എങ്ങനെ ?

അനിയാ, ഈ ചിത്രത്തില്‍ അഭിനേതാക്കള്‍ക്ക് പ്രതേകിച്ചു എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല . അനന്യ ഒരല്‍പം മയത്തില്‍ അഭിനയിച്ചാല്‍ നന്നായിരുന്നു അനന്യ മീര ജാസ്മിനെ പോലെ ആയി വരുന്നു എന്ന് തോന്നുന്നു(പ്രത്യേകിച്ചു അപ്പന്‍ മരിച്ച രംഗത്തൊക്കെ).ഒരു മാതിരി അഭിനയിച്ചു തുടങ്ങിയാല്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥ.പിന്നെ മീര ജാസ്മിനെ ഇടവേളക്കു ശേഷമാണു അഭിനയം തുടങ്ങുന്നത് എന്നൊരു സമാധാനമുണ്ട്.തിലകന്‍റെ ശാരീരികമായ അവശതകള്‍ മറച്ചു വെച്ച് ചിത്രീകരിച്ചു എന്നതാണ് ഉസ്താദ്‌ ഹോട്ടല്‍ എന്നാ മഹോത്തര ചിത്രത്തില്‍ ഞാന്‍ കണ്ട ഒരു നല്ല കാര്യം.ഈ ചിത്രത്തില്‍ ആ ഭാഗത്ത്‌ സംവിധായകന്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു .പിന്നെ തിലകന്‍ വെറുതെ നിന്നാലും അത്യുജ്ജലം എന്നേ പറയാവു എന്ന് നിയമം ഉള്ളതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല .ഇന്ദ്രജിത്തിനേ പോലുള്ള നടന്‍മാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.മേഘ്ന രാജ് അവരുടെ റോള്‍ വലിയ കുഴപ്പമില്ലാതെ ചെയ്തു (ഭാവഭിനയത്തിനു സ്കോപ് ഇല്ലാത്തത് ഭാഗ്യം !!)

അപ്പോള്‍ ചുരുക്കത്തില്‍ ...

ഈ മാസം ഇറങ്ങിയ മിക്ക ചിത്രങ്ങളെയും പോലെ,കാണുന്നവനെ ബോറടിപ്പിച്ചു കൊന്നു കൊലവിളിച്ചു തീരുന്ന ചിത്രം, ഓണ്‍ ലൈന്‍ പബ്ലിസിറ്റിക്ക് വേണ്ടി അധികം കാശു ഇറക്കാത്തത് കൊണ്ടോ,വമ്പന്‍ പേരുകള്‍ ഇല്ലാത്തത് കൊണ്ടോ ഉദാത്തം മനോഹരം എന്ന് കുഴല്‍ ഊതുന്നില്ല എന്ന് മാത്രം

3 comments:

  1. അപ്പന്‍ പാമ്പുകടിച്ചു മരിച്ചതിനാല്‍ മകന്‍ നായകന് പാമ്പിനോട് ശത്രുത...
    ആ സംഭവം അമ്മ പേപ്പട്ടി കടിച്ചു മരിച്ചതിനാല്‍ മകന്‍ നായകന്‍ കലാഭവന്‍ മണിക്ക് പട്ടികളോട് തീരാപ്പക എന്ന രീതിയില്‍ കണ്ടതാണല്ലോ... "ആകാശത്തിലെ പറവകളി" ല്‍...

    ReplyDelete
  2. നിർമ്മാണം നരേന്ദ്രമോഡിയോ കുമ്മനം രാജപ്പനോ?

    ReplyDelete