അങ്ങനെ അങ്ങേരും പ്രായശ്ചിത്തം ചെയ്തു .......
ആരുടെ കാര്യമാ അണ്ണന്‍ തനിയെ ഇരുന്നു പിറുപിറുക്കുന്നെ?
ഓ .. നമ്മുടെ അനൂപ് മേനോന്‍റെ കാര്യം പറഞ്ഞതാ. ബ്യൂട്ടിഫുള്‍ എന്ന ഒരു നല്ല ചിത്രം നമുക്ക് തന്നതിന് പ്രായശ്ചിത്തമായി ജയസൂര്യ തൊട്ടു പുറകെ കുഞ്ഞളിയന്‍ ഇറക്കിയപ്പോള്‍ അനൂപ് മേനോന് വെറുതെ ഇരിക്കാന്‍ പറ്റുമോ.ദാണ്ടേ കിടക്കുന്നു അദേഹത്തിന്‍റെ പ്രായശ്ചിത്ത ചിത്രം മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി ഓ.
അതും പിടിച്ചോ? അണ്ണന്‍ രണ്ടും കല്പ്പിച്ചാണല്ലോ ?
അനിയാ,ആഴ്ചയില്‍ ഒരു മലയാള സിനിമ കാണുന്നതെ വലിയ സാഹസമായി വരുന്നു.ഈ പോക്കാണെങ്കില്‍ ജീവിതശൈലീ രോഗങ്ങളുടെ കാരണമായി മലയാള സിനിമ കാണുന്നതും ഉള്‍പ്പെടുത്താന്‍ വലിയ താമസമില്ല .ഒന്നാലോചിച്ചു നോക്കിക്കേ ഡോക്ടര്‍ നമ്മളോട് പുക വലിക്കുമോ? എത്രയെണ്ണം വലിക്കും എന്നൊക്കെ ചോദിക്കുന്ന പോലെ മലയാള സിനിമ കാണുമോ? എത്രയെണ്ണം ഒരു ആഴ്ച കാണും? കുറച്ചേ പറ്റു എന്നൊക്കെ പറയുന്ന ഒരവസ്ഥ ....
അല്ല അത് നില്‍ക്കട്ടെ ഈ സിനിമയെ പറ്റി ..
അനിയാ സംവിധാനം കുമാര്‍ നന്ദ (ഈ ബ്ലോഗില്‍ ഇടയ്ക്ക് കമന്റ് ഇടാറുള്ള നന്ദകുമാര്‍ വല്ല സംഖ്യാ ശാസ്ത്രം അനുസരിച്ച് പേര് തിരിച്ചിട്ടതാണോ എന്നറിയില്ല) കഥയും അദേഹം തന്നെ. പിന്നെ തിരകഥ സംഭാഷണം എന്നിവ സ്വാതി ഭാസ്കര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത് .
ഒരു നിമിഷം സ്വാതി ഭാസ്കര്‍ ... ആ പേര് എവിടെയോ കേട്ട പോലെ ഒരു തോന്നല്‍?
ആ പേര് എഴുതി കാണിച്ചപ്പോള്‍ എനിക്കും ഇതു തന്നെയാ അനിയാ തോന്നിയേ.പടം കുറച്ചു കഴിഞ്ഞപ്പോള്‍ എന്നിക്ക് സംഗതി കത്തി . തൊട്ടു മുന്‍പ് എഴുതിയ ഉന്നം എന്ന ചിത്രത്തിന്റെ തിരകഥയും ഇദേഹം തന്നെ ആയിരുന്നു.ഈ ചിത്രം കുറച്ചു കാലം പെട്ടിയില്‍ ഇരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇത്ര നിലവാരം ഉള്ള രണ്ടു ചിത്രങ്ങള്‍ ഒരുമിച്ചു പ്രദര്‍ശനത്തിന് എത്തുക എന്നൊക്കെ പറഞ്ഞാല്‍ ലാലേട്ടന്‍ പറയുന്ന പോലെ അതൊക്കെ ഒരു നിയോഗമാണ് (പിലോസപ്പി).അഭിനേതാക്കള്‍ സര്‍വശ്രീ അനൂപ് മേനോന്‍,ബാല,സുരാജ് ,ഇന്നസെന്‍റ്,ഹരിശ്രീ അശോകന്‍,നന്ദു,കെ പി എസ് സി ലളിത,സോണിയ തുടങ്ങിയവരാണ് .
അപ്പോള്‍ ഈ ചിത്രത്തില്‍ നായികയില്ലേ?
അനിയാ,ഈ ചിത്രത്തിലെ നായികയുടെ വേഷം അത്യന്തം സങ്കീര്‍ണവും വിവിധ ഭാവാധികള്‍ മിനിട്ടിനു രണ്ടെണ്ണം എന്ന നിരക്കിന്നു എടുത്തു വീശേണ്ട കഥാപാത്രവുമാണ് .നമ്മുടെ ഈ കാവ്യക്കോ ഭാവനക്കോ മറ്റോ ഇതൊക്കെ സ്വപനം കാണാന്‍ പറ്റുമോ ? ആയതിനാല്‍ സംവിധായന്‍ വളരെ സുചിന്തിതമായി ഇറക്കിയ നായികയാണ് മോഡലും എന്തരോ മിസ്സ് ഇന്ത്യ അവാര്‍ഡ് ഒക്കെ കിട്ടിയ സൊനാല്‍ ദേവരാജ് .
ശരിക്കും അത്രക്ക് ഭയങ്കരമോ ?
ആണോ എന്നോ? ഇവരുടെ ജോലി വളരെ എളുപ്പമാണ് . വരുന്ന എല്ലാ സീനിലും സര്‍ഫിന്‍റെ പരസ്യത്തില്‍ വരുന്ന വീട്ടമ്മയുടെ അതേ ഭാവത്തില്‍ നില്‍ക്കുക ഡയലോഗ് പറയുക.തീര്‍ന്നു സംഗതി .
അണ്ണന്‍ കേറി അങ്ങ് അടച്ചു പറയല്ലേ.പണ്ട് ഇതു പോലെ സകല നിരൂപകരും കുറ്റം പറഞ്ഞ ഒരു പുതുമുഖം ഉണ്ടായിരുന്നു നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ എന്ന ചിത്രത്തില്‍.പിന്നീടു ആ കൊച്ചു പോയൊരു പോക്കേ.. ഓര്‍മയുണ്ടല്ലോ. അതിരിക്കട്ടെ അപ്പോള്‍ ഈ ചിത്രത്തിന്റെ കഥ ....
പറയാം . തലസ്ഥാനത്ത് ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മാധവന്‍കുട്ടി.ശാന്തസ്വഭാവി,നല്ലവന്‍.ഭാര്യ നേരത്തെ പറഞ്ഞ സര്‍ഫ്,അമ്മ കെ പി എസ് സി ലളിത,ഒരു മകള്‍.അത്യാവശ്യം സുഹൃത്തുക്കളും,സ്വന്തമായി ഒരു വീട് വയ്ക്കാനുള്ള പ്ലാനും ഒക്കെയായി ഒരു സാധാരണ മധ്യവര്‍ഗ ജീവിതം നയിക്കയാണ് ഇയാള്‍.ഇതു വരെ എങ്ങനെ ?
വലിയ കുഴപ്പം ഇല്ലല്ലോ പശ്ചാത്തലം.ഇനിയോ?
ഇനിയല്ലേ കഥയ്ക്ക് വഴിത്തിരിവാകുന്ന സംഭവം.ഈ മാധവന്‍ കുട്ടി പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഭയങ്കര മിടുക്കന്‍ ആയിരുന്നു.എല്ലാത്തിലും ഫസ്റ്റ് (അത് പിന്നെ അനൂപ് മേനോനെ കണ്ടാല്‍ തന്നെ നമുക്കറിയില്ലേ പുള്ളി എല്ലാത്തിലും മുന്നില്‍ തന്നെ ആയിരിക്കും എന്ന്).ഇങ്ങേര്‍ ഉള്ളത് കൊണ്ട് എന്നും രണ്ടാം സ്ഥാനത് നില്‍കേണ്ടി വന്ന ഒരു സഹപാഠി (നിഷാന്ത് സാഗര്‍ ) അങ്ങേരിപ്പം ഒരു സിനിമ നിര്‍മാതാവാണ്.മാധവന്‍ കുട്ടിയെ കാണുമ്പോളെല്ലാം ഇങ്ങേര്‍ക്ക് സ്കൂളിലെ പരാജയങ്ങള്‍ ഓര്‍മ്മ വരികയും മാധവന്‍ കുട്ടിയെ ചൊറിയുകയും ചെയ്യുന്നു.ഒരു മര്യാദയുടെ പുറത്തു മാധവന്‍ കുട്ടി ഒന്ന് രണ്ടു വട്ടം സംഗതി സഹിക്കും.അവസാനം അദേഹം കേറി ഇന്നേക്ക് ആറു മാസത്തിനുള്ളില്‍ ഒരു സിനിമ പിടിച്ചു ഒരിക്കല്‍ കൂടി മറ്റവനെ തോല്‍പ്പിക്കും എന്ന് പ്രഖ്യാപിക്കുന്നു.കഥ ഒരു വഴിത്തിരിവിലേക്ക് .....
പിന്നെ സംഗതികള്‍ ചട പടേന്ന് നടക്കുന്നു പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ് ആയി ഹരിശ്രീ അശോകന്‍ രംഗത്ത് എത്തുന്നു.വെറും സാറ്റ്ലൈറ്റ്റൈറ്റ് കൊണ്ട് മാത്രം പടം ചെയമെന്നു വിശ്വസിപ്പിച്ചു ചിത്രീകരണം ആരംഭിക്കുന്നു.സംഗതികള്‍ വലിയ പിടി ഇല്ലാത്തത് കൊണ്ട് മാധവന്‍ കുട്ടി വീട് വൈക്കന്‍ ലോണ്‍ എടുത്ത കാശു,വീട് വെക്കാനുള്ള സ്ഥലം,ഭാര്യയുടെ ആഭരണങ്ങള്‍ അങ്ങനെ ഒന്നൊന്നായി പുളിശ്ശേരി വയ്ക്കുന്നു.ഒടുവില്‍ സിനിമ സമരത്തിന്‍റെ പേരില്‍ ഷൂട്ടിംഗ് മുടങ്ങുകയും പടം പെട്ടിയില്‍ ആകുകയും ചെയ്യുന്നു.ഇടവേള (പറയാന്‍ മറന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയതു കൊണ്ട് ഭാര്യയുടെ പേരിലാണ് സിനിമ പിടിത്തം എന്നതിനാല്‍ വൈകാതെ ചെക്ക് കേസില്‍ ഭാര്യ അകത്താകുന്നു.അമ്മ തകരുന്നു ആത്മഹത്യ ചെയ്യുന്നു )
ഇനി അങ്ങോട്ടാണ് നായകന്‍റെ തിരിച്ചു വരവ്.പണ്ട് സ്കൂളില്‍ നിഷാന്ത് സാഗര്‍ ഉപദ്രവിക്കുമ്പോള്‍ മധവന്‍ കുട്ടിയെ രക്ഷിച്ചിരുന്ന വേറൊരു സഹപാഠി (ബാല)ഗള്‍ഫില്‍ നിന്ന് വരുന്നു.ഒപ്പം പണ്ട് കുറെ പടമെടുത്തു ഒടുവില്‍ പൊളിഞ്ഞ ഒരു പഴയ നിര്‍മാതാവ് (ജനാര്‍ദ്ദനന്‍) മാധവന്‍ കുട്ടിക്ക് ഒപ്പം കൂടുന്നു.ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് നിന്ന് പോയ സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുറത്തിറക്കാന്‍ ശ്രമിക്കുന്നു.അതിനു കണ്ടെത്തുന്ന വഴികള്‍ താഴെ പറയുന്നവയാണ്.പടം നിന്ന് പോയ നിര്‍മാതാക്കള്‍ക്ക് മാര്‍ഗ രേഖ ആയി ഇവ ഉപയോഗിക്കാവുന്നതാണ് .
1) പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ് ആയി പ്രവര്‍ത്തിക്കുന്നത് പുരുഷന്മാര്‍ ആണെങ്കില്‍ അവരെ മാറ്റി നല്ല മോഡേണ്‍ ലുക്ക് ഉള്ള രണ്ടു ആന്റ്ടിമാരെ നിയമിക്കുക
2) ഭക്ഷണം, നഗരത്തിലെ ഹോട്ടലുകളില്‍ ബാക്കി വരുന്ന ഭക്ഷണം ശേഖരിച്ചു ടെക്നോപാര്‍ക്ക് പോലുള്ള സ്ഥലങ്ങളില്‍ വിതരണം ചെയുന്ന അള്‍ട്രാ മോഡേണ്‍ സെറ്റ്പ്പില്‍ നിന്നാക്കുക.(ഒരു സ്വതന്ത്ര libaratted സ്ത്രീ നടത്തുന്ന സ്ഥാപനം ആണെങ്കില്‍ അത്യുത്തമം )
3) ഒരു മണ്ടന്‍ പണചാക്കിന്‍റെ മന്ദ ബുദ്ധി മകനെ കണ്ടു പിടിച്ചു ഒരു റോള്‍ ഓഫര്‍ ചെയുക ബാക്കി കാശു അവന്‍റെ പിതാവ് കൊടുക്കും.
4) പഴയ നിര്‍മാതാവിന്‍റെ വ്യക്തി ബന്ധം വെച്ച് കുറെ ഫിലിം കടം വാങ്ങുക.(ഇപ്പോള്‍ ഈ സംഗതി ഡിജിറ്റല്‍ അല്ലെ ?)
ഇതൊക്കെ കഴിഞ്ഞാലും അവസാന നിമിഷം ഒരു രണ്ടു മൂന്ന് ലക്ഷം രൂപയുടെ കുറവ് വരും അത് കൊടുത്തയക്കുന്ന അജ്ഞാതനായ സുഹൃത്ത് ആരു എന്നതാണ് ഈ ചിത്രത്തിന്‍റെ മര്‍മ്മ പ്രധാനമായ സസ്പെന്‍സ്.
ഒടുവില്‍,അവസാനം ആ സിനിമ പുറത്തിറങ്ങുന്നു.മാധവേട്ടനും സംഘവും ടെന്‍ഷന്‍ അടിച്ചു വീട്ടില്‍.ഇന്റര്‍വെല്‍ വരെ ജനം ഭയങ്കര കൂവല്‍ ആണെന്ന വാര്‍ത്ത കേട്ട് ആ മഹാഅത്ഭുധം കാണാനായി മാധവന്‍ കുട്ടി നേരിട്ട് തീയറ്റര്‍ലേക്ക് നീങ്ങുന്നു.അവിടെയെത്തുമ്പോള്‍ .. ജനം അങ്ങനെ ഞങ്ങള്‍ കൂവുന്ന കാഴ്ച ഇയാള്‍ കാണണ്ട എന്ന മട്ടില്‍ ഇടവേളക്കു ശേഷം മുടിഞ്ഞ കയ്യടി .സത്യത്തില്‍ ഇടവേളക്കു മുന്‍പും ശേഷവും കാണിക്കുന്ന ഭാഗങ്ങളില്‍ നിലവാരത്തിന് വലിയ വ്യത്യാസം ഇല്ല എന്നതാണ് സത്യം.മാധവന്‍ കുട്ടിയുടെ ഈ വിജയത്തില്‍ പഴയ ചൊറിയനായ സഹപാഠി (നിഷാന്ത് സാഗര്‍ ),പറഞ്ഞു വിട്ട പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ് ഹരിശ്രീ അശോകന്‍ തുടങ്ങി എല്ലാവരും അതിരറ്റു ആഹ്ലാദിക്കുകയും മാധവേട്ടനോട് മാപ്പ് ചോദിക്കുകയും ആ ദിവസം പൊതു ഒഴിവായി പ്രഖ്യാപിക്കണം എന്ന് നിവേദനം കൊടുക്കുകയും ചെയുന്നു.വിജയശ്രീലാളിതനായ മാധവേട്ടന്‍ ഭാര്യ വീട്ടില്‍ എത്തി അമ്മായി അപ്പനില്‍ നിന്ന് മാപ്പ് കൈപറ്റി ഭാര്യയെയും മകളെയും തിരിച്ചു കൊണ്ട് പോകുന്നു . ശുഭം
ഈ സിനിമയില്‍ എനിക്ക് നല്ലതായി തോന്നിയ (ഒരേ) ഒരു ഘടകം അനൂപ് മേനോന്‍ എന്ന നടന്‍ ചെയുന്ന ഡയലോഗ് ഡെലിവറിയാണ്.സുരാജ് ഒക്കെ വൃത്തികേടാക്കുന്നത് പോലെ ചെയ്യാതെ ഒരു സാധാരണ തിരുവനന്തപുരംകാരന്‍ സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതു ആശ്വാസകരമാണ്.അതിനും വേണ്ടി അദേഹത്തിന്‍റെ അമ്മ മരിക്കുന്ന രംഗത്ത് ഒരു പ്രകടനം ഉണ്ട് . സുരജിനെ അനുകരിച്ചു പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കൂല്ല അനിയാ.ബാക്കി ആര്‍ക്കും പ്രത്യേകിച്ചു കാര്യം ഒന്നും ഇല്ല
ഈ സിനിമയുടെ സകല വശങ്ങളെ പറ്റിയും നല്ല അറിവുണ്ട് എന്ന ഭാവത്തില്‍ സകല അഭിമുഖങ്ങളിലും തട്ടി മൂളിക്കുന്ന , ബാലചന്ദ്രമേനോനില്‍ രഞ്ജിത്തിനെ കലക്കി ഒഴിച്ച് രൂപപ്പെടുത്തിയിരിക്കുന്നു എന്ന ഭാവത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രീ അനൂപ് മേനോന്‍ ഇത്ര ഉത്തരവാദിത്വം ഇല്ലാതെ ഈ ചിത്രത്തില്‍ അഭിനയിച്ചതില്‍ എനിക്ക് അത്ഭുതം ഉണ്ട്. പ്രത്യേകിച്ചു സന്തോഷ് പണ്ടിട്റ്റ് പോലുള്ളവര്‍ ഒരു പരിചയവും ഇല്ലാതെ സിനിമയെടുത്തു വിജയിപ്പിക്കുന്ന ഈ കാലത്ത് , പൊതു ജനം എന്ന കഴുതകളെ എങ്ങനെ ഉപയോഗിച്ച് വിവരമുള്ള ആര്‍ക്കും എങ്ങനെ ചിത്രം എടുക്കാം അത് വിജയിപ്പിക്കാം എന്നൊക്കെ ഏതെങ്കിലും പുതുന്മയുള്ള രീതിയില്‍ പറഞ്ഞു വിജയിപ്പിക്കാന്‍ ഉള്ള അവസരമാണ് ഈ ചിത്രത്തി ന്‍റെ പിന്നണിക്കാര്‍ കളഞ്ഞു കുളിച്ചത്.നമുക്ക് സെക്കന്റ് ഷോ സുപ്പെര്‍ ഹിറ്റ്,ദുല്‍ക്കര്‍ കേരളത്തിലെ കോളേജ് കുമാരികളുടെ ഉറക്കം കെടുത്തുന്നു, കുരുടി കലക്കി,ചാവേര്‍ സുപ്പര്‍ ഹിറ്റ് (ഇതു ലേറ്റസ്റ്റ്.വേറൊന്നും ഏല്‍ക്കുന്നില്ല . ഇരിക്കട്ടെ ബാബുരാജിന്‍റെ തലയ്ക്കു) എന്നുള്ള പരസ്യ വാചകങ്ങള്‍ വായിച്ചു ആനന്ദ സാഗരത്തില്‍ ആറാടാം
അല്ല ഈ ചിത്രത്തെ കുറിച്ച് ... ചുരുക്കത്തില്‍
പണ്ട് നമ്മുടെ പ്രതിരോധ മന്ത്രിയെ പറ്റി ഏതോ നേതാവ് പറഞ്ഞത് ഓര്‍മവരുന്നു.ഗുണവും ഇല്ല മണവും ഇല്ല പിന്നെ പച്ച വെള്ളം പോലെ വെറുതെ കുടിച്ചു കൊണ്ടിരിക്കാം എന്നാണെന്നു തോന്നുന്നു ആ വിശേഷണം. അത് ശരിയാണെങ്കിലും അല്ലെങ്കിലും ആ വിശേഷണം തികച്ചും യോജിക്കുന്ന ഒരു ചിത്രം
Nice
ReplyDeleteസ്കൂളിലെ രണ്ടാമന്‍: പ്രാന്ചിയെട്ടന്‍.
ReplyDeleteസിനിമാപ്രാന്ത്, ഭാര്യ പിണങ്ങല്‍ : ബെസ്റ്റ് ആക്ടര്‍
അവസാനം പടം വിജയിക്കള്‍ : ഉദയനാണ് താരം, നാടകമേ ഉലകം.
"തിരക്കഥ" വന്നു കുറച്ചൊന്നു ഓടിയതില്‍ പിന്നെ "സിനിമക്കുള്ളിലെ സിനിമ" ആണ് താരം... നമ്മുടെ കഷ്ടകാലം...