Friday, January 27, 2012

Confident കാസനോവ

ഒടുവില്‍ അവന്‍ വന്നു .... ഒരു കൊടുങ്കാറ്റായി.മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും ചെലവു കൂടിയ ......മഹത്തായ ചലച്ചിത്ര കാവ്യം നമ്മുടെ മുന്നില്‍ ....

എന്തുവാടെ ഈ കത്തിക്കുന്നേ. തകര്‍ത്തു എഴുത്താണല്ലോ?

അല്ല അണ്ണാ ഈ വ്യഴാഴ്ച മലയാളത്തിന്‍റെ അഭിമാന ചിത്രം കോണ്‍ഫിഡന്റ് കാസനോവ കാണികള്‍ക്ക് മുന്നില്‍ എത്തിയ വിവരം അറിഞ്ഞില്ലേ? ഇന്നലെ പോകാനോ പറ്റിയില്ല.ഒരു തുടക്കം എഴുതിയിട്ടാല്‍ പിന്നെ ബാക്കി അണ്ണന്‍ കണ്ടിട്ട് വരുമ്പോള്‍ എഴുതി കേറ്റിയാല്‍ മതിയല്ലോ.അല്ലെങ്കിലും അണ്ണന്‍റെ ശൈലിയില്‍ കുഴല്‍ ഊത്തു കുറവാണെന്ന് അല്ലെങ്കിലെ നിക്കര്‍ കൂളിംഗ്ലാസ്‌ ആരാധകരുടെ തെറി വേറെ.ആദ്യമേ കുറച്ചു കുഴല്‍ ഊതു നടത്തിയാല്‍ ആ പരാതി തീര്‍ന്നല്ലോ ഏതു?

മിടുക്കന്‍,നീ പിഴച്ചു പോകുമെടാ. എനിക്ക് ഈ ചിത്രത്തെ കുറിച്ച് പറഞ്ഞാല്‍ ഈ ചിത്രം നിര്‍മ്മിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പുകാരോട് അളവറ്റ നന്ദിയുണ്ട്.

അത് പിന്നെ വേണ്ടായോ? ഇത്രയും ചിലവുള്ള ഒരു ചലച്ചിത്രം നമ്മുടെ മുന്നില്‍ എത്തിക്കാന്‍ അവര്‍ നടത്തിയ ആത്മ സമര്‍പ്പണം .. അതല്ലേ ഉദേശിച്ചേ ?

അനിയാ ഈ പടം അവരല്ലാതെ വല്ല പഞ്ച ജീരക ഗുഡം നിര്‍മാതാക്കളാണ് ഇറക്കുന്നത്‌ എന്ന് ആലോചിച്ചേ?പഞ്ചജീരക കാസനോവ എന്ന് പറയേണ്ടി വന്നേനെ .ഭാഗ്യം കോണ്‍ഫിഡന്റ് ഗ്രൂപ്പുകാര്‍ രക്ഷിച്ചു.

അണ്ണന്‍ എങ്ങനെ മനസാക്ഷി ഇല്ലാതെ പറയരുത് . ഒന്നുമല്ലെങ്കില്‍ നമ്മുടെ ലാലേട്ടന്‍ ജീവന്‍ പണയം വെച്ച് അഭിനയിച്ച ചിത്രത്തെ കുറിച്ച് ഇങ്ങനെയൊക്കെ...ജയന് ശേഷം ഇത്രയും സാഹസികമായി ....

അനിയാ,മനുഷ്യനായാല്‍ നാണം വേണം.മോഹന്‍ലാല്‍ ഏതോ കൊക്കയിലേക്ക് മറിഞ്ഞു എന്ന മട്ടിലാണ്‌ ഇതിനെ കുറിച്ചുള്ള യു ട്യൂബ് കമന്റ്സ് കണ്ടാല്‍ തോന്നുക.അതൊക്കെ പോട്ടെ ആദ്യം ചിത്രത്തെ പറ്റി. മലയാളത്തില്‍ വ്യത്യസ്തമായ ഉദയനാണു താരം, നോട്ട് ബുക്ക്‌ എന്നീ ചിത്രങ്ങള്‍ എടുത്ത ശ്രീ റോഷന്‍ ആന്‍ഡ്രൂസ് എന്ന മഹാനു സുപ്പര്‍ താരത്തെ കണ്ടാല്‍ മുട്ടിടിക്കും എന്ന് ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തിലൂടെ മുന്‍പൊരിക്കല്‍ തെളിയിച്ചതാണ്.തിരകഥ എഴുതിയത് ട്രാഫിക്‌ എഴുതിയ ബോബി സഞ്ജയ്‌ ആണെന്നത് ആണ് കഷ്ട്ടം.അഭിനേതാക്കള്‍ നമ്മുടെ സ്വന്തം ഡോക്ടര്‍ ലാലേട്ടനെ കൂടാതെ അദേഹത്തിന്‍റെ സമീപകാല ചിത്രങ്ങളിലെ സ്ഥിരം അസംസ്കൃത വസ്തുവായ ലക്ഷ്മിറായിയും,തടിച്ചു ഡിങ്കനെ പോലിരിക്കുന്ന റോമയും (ഈ രണ്ടു വിശേഷണങ്ങളും സ്വന്തമല്ല.ബൂലോകത്ത് പ്രശസ്തമായ ഒരു ബ്ലോഗില്‍ കണ്ടതാണ്.പ്രയോഗം ഇഷ്ടപ്പെട്ടത് കൊണ്ട് പകര്‍ത്തുന്നു എന്ന് മാത്രം ) കൂടാതെ ശ്രേയ സരന്‍,കുറെയധികം മദാമ്മമാര്‍ (ഇന്ത്യക്കാരികളും) ജഗതി,ശങ്കര്‍,റിയാസ് ഖാന്‍,ലാലു അലക്സ്‌.സ്ത്രീകള്‍ എല്ലാര്‍ക്കും നായകനെ പ്രേമിക്കുക പുരുഷന്മാര്‍ക്ക് നായകന്‍റെ അപദാനങ്ങള്‍ വാഴ്ത്തുക എന്നതാണ് മിക്ക സമയവും ചെയ്യാനുള്ളത്.

ശ്രീ മോഹന്‍ലാല്‍ ഒന്ന് മനസിലാക്കിയാല്‍ അങ്ങേര്‍ക്കു കൊള്ളാം.നല്ലകാലത്ത് അഭിനയിച്ച കുറെ നല്ല സിനിമകള്‍ നല്‍കിയ ഇമേജിന്‍റെ ഭാരമില്ലാതെ സാധാരണ മനുഷ്യനായി ഇന്നു വഴിയിലൂടെ നടന്നു പോയാല്‍, ശ്രീ പ്രതാപചന്ദ്രന്‍, ഏറ്റവും അവസാനം സിനിമയില്‍ കണ്ട രൂപത്തില്‍ നല്ലൊരു വിഗും വെച്ച് കൂടെ നടന്നാല്‍ താങ്കളേക്കാള്‍ ആകര്‍ഷണീയന്‍ അങ്ങേര്‍ ആയിരിക്കും.അങ്ങനെയുള്ള താങ്കള്‍ ലോകത്തുള്ള ഏതു പെണ്ണുങ്ങളും താങ്കളെ കണ്ടാല്‍ വൌ എന്നു പറഞ്ഞു പ്രേമ ലീലയ്ക്കു ചാടി വീഴും എന്ന മട്ടിലുള്ള കഥാപാത്രങ്ങള്‍ ചെയുന്നത് ഇന്ദ്രന്‍സ് ആര്‍നോള്‍ഡ സ്വാസനെഗര്‍ ചെയ്യേണ്ട റോള്‍ ചെയ്യുന്നത് പോലെയാണ്.പിന്നെ സംവിധായക തിരകഥാക്രിത്തുക്കളോട്.ഈ ഇന്‍റ്റര്‍ പോള്‍,ദുബായ് പോലീസ് എന്നൊക്കെ പറയുമ്പോള്‍ മിനിമം അടിമാലി പോലീസ് സ്റ്റേഷന്‍ നിലവാരം എങ്കിലും കാണിക്കാന്‍ ശ്രമിക്കുക.

അണ്ണാ ഇങ്ങനെ അടച്ചു ചീത്ത പറയാതെ ഈ ചിത്രത്തിന്‍റെ കഥയെ പറ്റി.......

നാലു അംഗങ്ങള്‍ ഉള്ള ഒരു അന്താരാഷ്ട്ര കൊള്ളസംഘം.വന്‍ പ്ലാനിങ്ങും മറ്റും ആണെന്ന് പറയുന്നു എങ്കിലും സംഗതി അടിസ്ഥാനപരമായി എടുത്തു കൊണ്ട് ഓടുക എന്ന രീതി തന്നെയാണ്.എന്നാലോ ധൂം എന്ന ചിത്രത്തില്‍ ഒക്കെ കാണിക്കുന്നത് പോലെ വിശ്വസിനീയമായി കാണിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. അവരുടെ അവതരണം കഴിഞ്ഞ പാടെ നായകനിലേക്ക് ഫോക്കസ് മാറുന്നു. (ഇനി അത് തീരണമെങ്കില്‍ പടം തീരണം).പതിവ് പോലെ സകലകലാവല്ലഭന്‍, ഇന്റര്‍ നാഷണനല് പൂ ....കച്ചവടക്കാരന്‍ (ഇതങ്ങു ക്ഷമിക്കണം.അത്രക്ക് ദേഷ്യം വന്നിട്ടാണ് ) തടിയനും,കിളവനും അയ ഇയാളെ യുറോപ്പിലെ ഏറ്റവും ഹോട്ടെസ്റ്റ് മാന്‍ എന്നൊക്കെയാണ് മദാമ്മമാര്‍ ആവേശത്തോടെ വിശേഷിപ്പിക്കുന്നത്.പോരാത്തതിനു ഇങ്ങേര്‍ ഏതെങ്കിലും സ്ഥലത്ത് എത്തിയാല്‍ ‍ അവിടത്തെ സ്ത്രീകള്‍ക്ക് എന്തോ അജ്ഞാതമായ ഇളക്കം ബാധിക്കുകയും പിന്നെ കുക്കിംഗ്‌ ക്ലാസ്സ്‌ ,tution ക്ലാസ്സ്‌ ഇങ്ങനെ പല പേര് പറഞ്ഞു ഇങ്ങേരെ പ്രാപിക്കാന്‍ പോകുകയും ചെയ്യും.ഭര്‍ത്താക്കന്മാര്‍ക്കും സഹോദരന്മാര്‍ക്കും അച്ഛന്മാര്‍ക്കും ഇങ്ങേരു വരുന്നു എന്നറിഞ്ഞാല്‍ ഉറക്കം നഷ്ട്ടപ്പെടുകയും ചെയ്യും (ഇതൊന്നും സത്യമായും ഞാന്‍ പറയുന്നതല്ല ഈ സിനിമയില്‍ പറയുന്നതാണ് ).എവിടെ പോയാലും ഒരു പട പെണ്‍ പിള്ളേരെ കൂടെ കൊണ്ട് നടക്കും ഇദേഹം.(ഇവര്‍ക്കൊക്കെ ഒരു മുപ്പതു കൊല്ലം മുന്‍പ് ഉള്ള പ്രീഡിഗ്രിക്കാരന്‍ നിലവാരത്തിനപ്പുറം ചിന്തിക്കാന്‍ അറിയാത്തതോ കഴിയാത്തതോ ?)അതൊക്കെ അങ്ങനെ.അപ്പോള്‍ പുതുമക്ക് പുതുമ ആയില്ലേ .

അപ്പോള്‍ നമ്മുടെ കൊള്ളസംഘം നായകന്‍ കാസനോവ പങ്കെടുക്കുന്ന ഒരു കല്യാണത്തില്‍ എത്തി, ഇങ്ങേരുടെ പാര്‍ട്ടി ആയി കയറി കൂടി മോഷണം പ്ലാന്‍ ചെയുന്നു.കല്യാണം എന്ന് പറയുന്നത് ഇന്ത്യയിലെയോ ലോകത്തെയോ ഏഴാമത്തെ കോടീശ്വരന്റെ മകളുടെതാണ്.ലോകത്തെ കോടീശ്വരന്‍മാര്‍ പലരും എത്തുന്നുണ്ട് സംഭവത്തിന്‌.നായകന്‍ മിടുക്കന്‍ ആയതു കൊണ്ട് ഒറ്റ നോട്ടത്തില്‍ തന്നെ സംഗതി മനസിലാകുന്നു. ഇവന്മാരെ കൈയോടെ പിടിക്കാന്‍ കാസനോവ പ്ലാന്‍ ഒരുക്കുന്നു. എന്നാല്‍ കല്യാണ ദിവസം പയ്യന്റെ അച്ഛന് അസുഖം ആയതു കൊണ്ട് കല്യാണം മാറ്റി വയ്ക്കുന്നു .എന്നാല്‍ കാസനോവ നിരാശന്‍ ആകുമോ ? ഇല്ലേ ഇല്ല. കൊള്ള സംഘത്തെ വലയിലാക്കാന്‍ തികച്ചും പുതുമയുള്ള ബുദ്ധിപരമായ ഒരു പരിപാടി അദേഹം ആസൂത്രണം ചെയ്യുന്നു. ദേ പിന്നെയും പുതുമ....

അല്ല ഒരു ചോദ്യം ചോദിച്ചോട്ടെ ഈ നാട്ടില്‍ പോലീസ് ഇല്ലേ? കല്യാണത്തിന് വന്ന ഇങ്ങേര്‍ എന്തിനാ ഈ കള്ളന്മാരെ പിടിക്കാന്‍ നടക്കുന്നെ ?

നിന്നെ പോലെയുള്ള വിവര ദോഷികള്‍ ഈ ചോദ്യം ചോദിക്കും എന്നറിയാവുന്നതു കൊണ്ടാകും സംവിധാന തിരകഥ പ്രതിഭകള്‍ റിയാസ് ഖാന്‍ എന്ന ഇന്‍റെര്‍ പോള്‍ ഓഫീസറെ പടച്ചു വിട്ടിരിക്കുന്നത്.പോരാത്തതിനു കാസനോവ എന്തിനു ഇവരുടെ പുറകെ കൂടുന്നു എന്നതിന് പിന്നില്‍ കരള്‍ അലിയിക്കുന്ന മറ്റൊരു പ്രേമ-കദന കഥ കൂടി ഉണ്ട് അത് രണ്ടാം പകുതിയില്‍ മാത്രമേ നമുക്ക് മനസിലാകു. അത് വരെ കാസനോവയുടെ ബുദ്ധിയും ശക്തിയും മെയ് വഴക്കവും (?) ഉപയോഗിച്ച് നടത്തുന്ന അഭ്യാസങ്ങള്‍ , പെണ്‍കുട്ടികളുമായി അദേഹം ആടിപ്പാടുന്ന (ഒരു നൈറ്റ്‌ ക്ലബ്ബില്‍ ചെന്ന് അങ്ങേരു കാണിക്കുന്ന ഒരു പ്രത്യേക തരം കൂത്ത്‌ ഉണ്ട്.(മമ്മൂട്ടി പിച്ച വാങ്ങി പോകും ലാലേട്ടന്‍റെ കയ്യില്‍ നിന്നും ആ രംഗത്തിലെ പ്രകടനത്തിന് !!)നടന്‍ വിജയകാന്ത് ഇതിലും വൃത്തിയായി ഇപ്പോളും സംഗതി ഒപ്പിക്കും !!!) മദാലസ രംഗങ്ങള്‍,സ്ത്രീകളെ കുറിച്ചുള്ള അദേഹത്തിന്റെ ഉദാരമായ വ്യാഖാനങ്ങള്‍ എന്നിവ ആസ്വദിക്കാം പിന്നെ നേരത്തെ പറഞ്ഞ പ്ലാനും.


അണ്ണാ ഈ പ്ലാന്‍ പ്ലാന്‍ എന്ന് പറയുന്നത് .....

അനിയ സംഗതി ഗംഭീരമാണ്. അവിടുത്തെ ഏതോ ചാനലുമായി ചേര്‍ന്ന് (സഹ്യ ചാനല്‍,സി ഇ ഓ നടന്‍ ശങ്കര്‍. അദേഹത്തിന്റെ നെറ്റിയില്‍ പദവി കൂടെ എഴുതി വെച്ചിരുന്നു എങ്കില്‍ നന്നായേനെ !!! ) തരികിട മോഡല്‍ ഒരു പരിപാടി പ്ലാന്‍ ചെയുന്നു . കഥ തിരകഥ സംഭാഷണം സംവിധാനം എല്ലാം കാസനോവ തന്നെ (അഭിനയം കൂടെ ആകാമായിരുന്നു !!).അങ്ങനെ ഈ സന്തോഷ്‌ പണ്ടിട്റ്റ് മോഡല്‍ റിയാലിറ്റി ഷോ വഴി നേരത്തെ പറഞ്ഞ കോടീശ്വരന്റെ ഇളയ മകള്‍ ഹന്നാ (ലക്ഷ്മി റായ്),ദുബായിലെ മഠത്തില്‍,നാട്ടിലെ ദാരിദ്രം മൂലം കന്യാസ്ത്രീ ആകാന്‍ സാധ്യത ഉള്ള ആന്‍ മേരി (റോമ ) (പറഞ്ഞു വരുമ്പോള്‍ ഇവര്‍ രണ്ടു പേരും ആത്മ സുഹൃത്തുക്കളാണ്!!! ) ഇറക്കി നാല്‍വര്‍ സംഘത്തിലെ രണ്ടു പേരെ പ്രേമിപ്പിക്കുന്നു.പയ്യന്മാര്‍ ആകട്ടെ ഒരുമാതിരി ദുബായ് എന്ന നഗരത്തില്‍ ഇന്നേ നിമിഷം വരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്ത കൊന്തമാരെ പോലെ മൂക്ക് കുത്തി വീഴുന്നു.(ഹന്ന കോടീശ്വരി ആണേലും കാസനോവ പറഞ്ഞാല്‍ ആരെയും പ്രേമിക്കാന്‍ തയ്യാറും, കൂട്ടുകാരികളെ പ്രസ്തുത പരിപാടിക്ക് ശരിയാക്കാനും സദാ സന്നദ്ധയാണ് (കാശുകാരായാല്‍ ഇങ്ങനെ വേണം എന്തൊരു വിനയം !!!)). എന്നിട്ട് സംഗതി ടി വി യില്‍ സംപ്രേക്ഷണവും (എന്തിനാണോ എന്തോ ??).പയ്യന്മാര്‍, അവരുടെ പരിചയക്കാര്‍ എന്നിവര്‍ ആരും തന്നെ ടി വി കാണാത്തത് കൊണ്ട് കൊള്ളാം (പക്ഷെ ഈ പരിപാടി ടി ആര്‍ പി റേട്ടിങ്ങില്‍ ഏറ്റവും മുന്‍പിലാണ് ). സ്വഭാവികമായും സംഘം പ്ലാന്‍ ചെയുന്ന സമയത്ത് കൊച്ചുങ്ങള്‍ ചേട്ടാ എനിക്ക് പിസ കഴിക്കണം. കൊണ്ട് പോകാമോ? അല്ലെങ്കില്‍ എന്‍റെ അമ്മായീടെ രണ്ടാം കല്യാണമാണ് വരണേ എന്നൊക്കെ പറയുന്നു.ഒന്നും നടന്നില്ല എങ്കില്‍ കൃത്യ സമയത്ത് ഓട്ടോഗ്രഫ് ചോദിച്ചു കുറെ പേരെ പറഞ്ഞു വിടുന്നു.അങ്ങനെ ബുദ്ധിപരമായ പല പരിപാടികളിലൂടെയും ഈ സംഘത്തിനിടയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു കാസനോവ. എന്ന് കരുതി ബുദ്ധി മാത്രമേ ഉള്ളു എന്ന് കരുതരുത്.ചില സമയത്ത് ഒരു കൃഷ്‌ മോഡല്‍ മുഖം മൂടി ഒക്കെ വെച്ച് ഹെലികോപ്ട്ടെരില്‍ കയറില്‍ തൂങ്ങി ഇറങ്ങി (സാഹസികത !!) പിള്ളേരുമായി അടികൂടി (ഡാന്‍സ് ആണ് ഭേദം!!)പോലും പരിപാടി മുടക്കുന്നുണ്ട് കാസനോവ.

ഇത്രയൊക്കെ ആസ്വദിച്ച് കഴിഞ്ഞാല്‍ സംവിധായകന്‍ നമ്മെ ദയാപൂര്‍വ്വം ഇടവേളയ്ക്കു വിടുന്നു (ഇല്ലെങ്കില്‍ ചത്ത്‌ പോയേനെ ). ഇടവേളക്കു ശേഷം കഥ പുതിയ വഴിത്തിരിവിലേക്ക്.കാസനോവ എന്തിനു ഈ പിള്ളേരെ പിന്തുടരുന്നു ? തരികിട പരിപാടി എന്തിനു ? അവസാനം എന്ത് സംഭവിക്കും? (എന്ത് സംഭവിക്കാന്‍ ?) തുടങ്ങിയ ഉദ്വേഗജനകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നതിനോടൊപ്പം ലാലേട്ടന്‍ അവതരിപ്പിക്കുന്ന സല്‍സ നൃത്തം (അധികമില്ല ഭാഗ്യം).യഥാര്‍ത്ഥ പ്രണയത്തില്‍ വീഴുന്ന കാസനോവ അത് നഷ്ട്ടപെടുന്ന ഹൃദയ ഭേദകമായ രംഗങ്ങള്‍,പിന്നെ അവിസ്മരണീയമായ ക്ലൈമാക്സ്‌ എന്നിവ കൂടി ആസ്വദിച്ച് കഴിഞ്ഞാല്‍ നിങ്ങളെ കൊണ്ട് ആകുമെങ്കില്‍ എഴുനേറ്റു വീട്ടില്‍ പോകാം.

പിന്നെ കാസനോവ എന്ന് പറഞ്ഞാല്‍ പറന്നു നടന്നു പെണ്ണ് പിടിക്കുന്നവന്‍ അഥവാ ഒരു പെണ്‍കുട്ടിയുമായി പോകുമ്പോള്‍ വഴിയില്‍ വേറൊന്നിനെ കണ്ടാല്‍ ആദ്യത്തതിനെ കളഞ്ഞിട്ടു മറ്റേതിന്റെ പുറകെ ആ നിമിഷം മുതല്‍ ഓടുന്ന ഞരമ്പ്‌ രോഗി കിളവന്‍ ആയിരുന്നു എന്നാണ് തങ്ങളുടെ വികലമായ വീക്ഷണത്തിലൂടെ ഈ ചിത്രത്തിന്‍റെ പിന്നണിക്കാര്‍ നമ്മെ പഠിപ്പിക്കുന്നത്‌.

അല്ല മറ്റു ഘടകങ്ങള്‍ .....

എന്തോന്ന് ഘടകമെടെ? പിന്നെ പറയാന്‍ ആണെങ്കില്‍ സംവിധാനം.പത്തു ഷാജി കൈലാസ് ചേര്‍ന്നാല്‍ പോലും ഒരു റോഷന്‍ ആന്‍ഡ്രൂസ് ആകില്ല എന്ന് വിളിച്ചു പറയുന്ന ചിത്രം (സംവിധായകന്‍റെ പേര് എങ്ങനെ പറയണം എന്ന് സത്യത്തില്‍ എനിക്കറിയില്ല ഏതൊക്കെയോ അക്ഷരങ്ങള്‍ കൂടിയിട്ടും കുറച്ചിട്ടും ഉണ്ട് !).കാസനോവയുടെ യഥാര്‍ത്ഥ പ്രണയം അത് എങ്ങനെ ഉണ്ടാകുന്നു എന്ന് കാണിക്കുന്ന രംഗങ്ങള്‍ ഏതൊക്കെ ഒരു പതിനായിരം സിനിമകളില്‍ കണ്ടു മടുത്താണ് (വിഷയലബഡന്‍ എന്ന് കീര്‍ത്തി കേട്ട നായകന്‍റെ ഹോട്ടല്‍ റൂമില്‍ ഒറ്റയ്ക്ക് വരുന്ന നായിക പ്രതീക്ഷിക്കുന്നത് അയാള്‍ അവളോട്‌ കളികുടുക്ക കഥ പറഞ്ഞു കൊടുക്കും എന്ന് ആണല്ലോ !!).ആ പ്രണയം തകരുന്നത്.അതിനുള്ള പ്രതികാരം,അത് നടപ്പാക്കുന്ന വഴി ... ഹോ .... ബോബി സഞ്ജയ്‌ ജോടികളെ നമിക്കാതെ വയ്യ.പിന്നെ കടുത്ത ഫാന്‍സിനെ പോലും അസ്ഥപ്രജര്‍ ആക്കുന്ന ചുരുങ്ങിയത് വര്‍ഷത്തില്‍ രണ്ടു പടമെങ്കിലും ഇറക്കുന്ന പതിവ് ഈ വര്‍ഷവും ലാലേട്ടന്‍ തെറ്റിക്കില്ല എന്ന് പ്രതീക്ഷിക്കാം.മൂന്നാം ദിവസം മുക്കാല്‍ പങ്കു ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ ഉള്ള സിനിമ ശാലയില്‍ ഇരുന്നു കാണേണ്ടി വന്ന ഈ ചിത്രം ഇനി വന്‍ വിജയം ആണെന്ന് സ്ഥാപിക്കാനുള്ള മാധ്യമങ്ങളുടെ പത്രധര്‍മം പാലിക്കാനുള്ള ശ്രമങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോളെ ചിരി വരുന്നു.

അണ്ണാ ഈ ചിത്രത്തില്‍ ലാലേട്ടനെ ഒന്ന് മയത്തില്‍ വിമര്‍ശിച്ചിട്ടു റിയാസ് ഖാന്‍ ഒട്ടും ശരിയായില്ല എന്ന് പറഞ്ഞാലോ? എല്ക്കുമോ?

അനിയാ,റിയാസ് ഖാന്‍ എന്ന ആ പാവം മനുഷ്യന്‍ ആ ചിത്രത്തില്‍ എന്ത് ചെയ്തെന്നാ ഈ പറയുന്നേ. അയാള്‍ എന്ത് കൂടുതല്‍ ചെയ്യണം എന്നായിരുന്നു നീ പറയുന്നേ? ഈ ചിത്രത്തില്‍ നായകനല്ലാതെ വേറെ ഒന്നിന്നും പ്രസക്തി ഇല്ല . അത് തന്നെയാണ് ഈ ചിത്രത്തിന്റെ പരാജയവും ഒരു നായകന്‍ എന്നാ നിലയ്ക്ക് മോഹന്‍ലാല്‍ എന്ന നടന്‍റെ പൂര്‍ണ പരാജയവും .

എന്നാല്‍ ഒരു ഉത്തരവാദിത്വവും ഇല്ലാതെ സിനിമ പിടിക്കാന്‍ വരുന്ന നിര്‍മാതാക്കളാണ് മലയാള സിനിമയുടെ ശാപം എന്ന് കാച്ചിയാലോ?കിടക്കട്ടെ റോയിച്ചായാന് നാലു തെറി .

അതേടാ ആദ്യമായി പടം പിടിക്കുന്ന നിര്‍മാതാവ് സിനിമയെ കുറിച്ച് പഠിച്ചു കുറഞ്ഞത്‌ ഒരു പി എച് ഡി എങ്കിലും എടുത്തിട്ടേ ഈ പണിക്കു ഇറങ്ങാന്‍ പാടുള്ളൂ എന്നല്ലേ നീ ഉദേശിച്ചേ? നന്നായി.(ഇനി ഇതേ നിര്‍മാതാവ് നടനോട് ഒന്ന് മര്യാദക്ക് അഭിനയിക്കാന്‍ പറഞ്ഞാല്‍ അത് രാജ്യദ്രോഹ കുറ്റമായി നീയൊക്കെ തന്നെ കൊട്ടി പാടും .( പാവം ഹെന്‍ട്രി )).ഒന്ന് ചോദിച്ചോട്ടെ വര്‍ഷങ്ങളുടെ നിര്‍മാണ പാരബര്യമുള്ള ആശീര്‍വാദ് ഫിലിംസും ഉണ്ട് നിര്‍മാണത്തില്‍ എന്നത് എന്താ ഈ മാധ്യമങ്ങള്‍ മറക്കുന്നെ? പോരാത്തതിനു സംവിധായകന് പടം ഇങ്ങനെ ആയതില്‍ ഒരു ഉത്തരവാദിത്വവും ഇല്ല. തിരകഥകൃത്ത് എന്ന് പറയുന്നവര്‍ക്കില്ല . മുപ്പതു കൊല്ലമായി അഭിനയിച്ചു തകര്‍ക്കുന്നവര്‍ക്കില്ല.എല്ലാം പുതുമുഖനിര്‍മാതാവിന്‍റെ തലയ്ക്കു. ബാക്കി എന്തേലും ഉണ്ടെങ്കില്‍ നിലവാരം ഇല്ലാത്ത മലയാള പ്രേക്ഷനും.ബെസ്റ്റ് മോനെ

ചുരുക്കത്തില്‍ ..

2012 കൂറ ചിത്രങ്ങളുടെ മാര്‍ച്ച് പാസ്റ്റില്‍ പുതുമുഖ നടന്മാര്‍,ദിലീപ്,ശ്രീനിവാസന്‍,ജയസൂര്യ,ആസിഫലി എന്നിവര്‍ക്ക് ബഹു ദൂരം മുന്നില്‍ നടുനായകത്വം വഹിച്ചു ശ്രീ കേണല്‍ പദ്മശ്രീ ഡോക്ടര്‍ മോഹന്‍ലാല്‍ തന്‍റെ അനിഷേധ്യ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ഇനി എത്രയും പെട്ടന്ന് ബാക്കി താരങ്ങളും കൂടി പ്രസ്തുത കര്‍മം നിര്‍വഹിച്ചു പാവം മലയാള സിനിമയെ എത്രയും പെട്ടന്ന് ധന്യരാക്കി തന്നാല്‍ ഉപകാരം.അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ (ഇക്കയെ സത്യമായും കുറച്ചു കാണുകയല്ല) ഈ ഉലകനായകന്‍ കേശു തന്നെ ഈ വര്‍ഷം കളം വാഴും

Thursday, January 19, 2012

സ്പാനിഷ്‌ മസാല

അണ്ണാ നിങ്ങളിതെന്തോന്നു ......?

മനസിലായില്ല.

ഹ.. നിങ്ങള്‍ ഒക്കെ കൂടി അല്ലിയോ പറഞ്ഞെ മലയാള സിനിമയില്‍ മാറ്റത്തിന്‍റെ സുനാമി ആഞ്ഞടിക്കും 2012 ല്‍ എന്ന് എന്നിട്ടിത് വരെ വന്നത് കുറെ കൂറപ്പടങ്ങള്‍.ഇതാണോ നിങ്ങളൊക്കെ പറഞ്ഞ ഈ സുനാമി?

ഇതല്ലേ പറയുന്നേ നിനക്കൊന്നും വിവരം ഇല്ലെന്നു.എടാ ഇതൊക്കെ ഇനി വരുന്ന താര സംഭവങ്ങള്‍ക്ക് വേണ്ടി പൊതുജനത്തെ ഒന്ന് പരുവപ്പെടുത്തല്‍ എന്ന പ്രക്രിയ അല്ലെ?

അസിഫലിയും,ജയസൂര്യയും,ശ്രീനിവാസനും ഒക്കെ താരങ്ങള്‍ അല്ല എന്ന അണ്ണന്‍റെ ദുസൂചന ഞാന്‍ തല്ക്കാലം അവഗണിക്കുന്നു.അപ്പോള്‍ ഈ ആഴ്ച പടമൊന്നും ....?

പിന്നേ... ഇറങ്ങിയല്ലോ.എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ലാല്‍ ജോസ് ഒരുക്കുന്ന,ചന്തു പൊട്ടു എന്ന ചിത്രത്തിന് ശേഷം ദിലീപ്,ലാല്‍ ജോസ്,ബെന്നി നായരമ്പലം എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് സ്പാനിഷ്‌ മസാല. ദിലീപ്, കുഞ്ചാക്കോ ബോബന്‍,ബിജു മേനോന്‍ മുതലായവരെ കൂടാതെ സ്പാനിഷ്‌ നടി ഡാനിയേല നായിക ആയി എത്തുന്നു .നവാഗതനായ വേണു ഗോപാലിന്‍റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.കഥ ഭൂരിഭാഗവും സ്പെയിനില്‍ വെച്ച് നടക്കുന്നത് കൊണ്ട് കാളപ്പോര്,ട്ടോമാട്ടീനോ ഫെസ്റ്റിവല്‍,ഫ്ലെമിങ്ങ്ഗോ ഡാന്‍സ് എന്നിവ തികച്ചും സൌജന്യം.(ഇപ്പോളും മറൈന്‍ ഡ്രൈവില്‍ പ്രാവുകള്‍ പറക്കുന്ന ഷോട്ട് കാണിക്കാതെ നമുക്കൊക്കെ എന്തോന്ന് ബോംബെ ?)

അപ്പോള്‍ സംഗതി തകര്‍പ്പന്‍ ആയിരിക്കുമല്ലോ.കേട്ടിട്ട് തന്നെ ഒരു രോമാഞ്ചം ......

ഈ ലാല്‍ ജോസും,ദിലീപും ഒരുമിച്ചാല്‍ ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തു എന്നതാണ് അവസ്ഥ.മുല്ലയും,രസികനും,മീശ മാധവനും,ചാന്തുപൊട്ടും നമുക്ക് തന്ന ഈ ടീം ഇപ്രാവശ്യം ഒന്നിക്കുമ്പോള്‍ ഇപ്രാവശ്യം എന്താകും കിട്ടുക എന്നൊരു ആകാംഷ ഈ ചിത്രം കാണാന്‍ പോകുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നു.ബിഗ്‌ സ്ക്രീന്‍ സിനിമയുടെ ബാനറില്‍ നൌഷാദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തെ ഒരു മ്യുസിക്കല്‍ ലവ് സ്റ്റോറി എന്നാണ് ഇവിടുത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു കണ്ടത്.ശങ്കര്‍ - മേനക കാലഘട്ടത്തിനു ശേഷം പൊതുവേ രണ്ടര മണികൂര്‍ പ്രേമം മാത്രം കണ്ടിരിക്കാനുള്ള ക്ഷമ ഇവിടുത്തെ സിനിമാ പ്രേക്ഷകര്‍ക്ക്‌ ഉണ്ടോ എന്ന ഒരു സംശയം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു ഈ ചിത്രത്തിന് കേറുമ്പോള്‍ (എനിക്ക് ഏതായാലും ഇല്ല!!)

അണ്ണന്‍ എങ്ങനെ കാടിനു ചുറ്റും നടന്നു തല്ലാതെ ബാക്കി കൂടെ ഒന്ന് പറയാമോ ഉദാഹരണമായി... കഥ?

ശരി.ഇന്നാ പിടിച്ചോ.. ഈ ചിത്രത്തിന്‍റെ കഥ അഞ്ചേ അഞ്ചു വാചകങ്ങളില്‍ ഒതുക്കാം
1 ) തൊഴിലില്ലാത്ത മിമിക്രി കലാകാരന്‍ ചാര്‍ളി സ്പെയിനില്‍ എത്തി അവിടെ ഒരു പണക്കാരന്‍റെ കൊട്ടാരത്തില്‍ കുക്ക് ആയി ജോലിക്ക് കേറുകയും ചെയ്യുന്നു .
2 ) അവിടുത്തെ മുതലാളിയുടെ ഏക മകള്‍ കാമില കാമുകന്‍ രാഹുല്‍ (കുഞ്ചാക്കോ ബോബന്‍) മരിച്ചു അകെ ദുഖത്തില്‍ ആണ്. (പോരാത്തതിനു താല്‍കാലികമായി അന്ധയും !!)
3 ) നല്ലവനും മിടുക്കനുമായ ചാര്‍ളി കൊച്ചമ്മയുടെ ദുഃഖം അടക്കം സകല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കി കഴിയുമ്പോള്‍ കമിലയെ ചാര്‍ളിയെ കൊണ്ട് കെട്ടിക്കാന്‍ മുതലാളി തീരുമാനിക്കുന്നു .
4 )ഏതാണ്ട് സംഗതികള്‍ ശരിയായി വരുമ്പോള്‍ മരിച്ചു പോയ രാഹുല്‍ തിരിച്ചെത്തുന്നു,അതോടെ ചാര്‍ളി പുറത്താകുന്നു
5 ) രാഹുല്‍ ആദ്യം തോന്നിയത് പോലെ അത്ര നല്ലവന്‍ അല്ലെന്നും മറിച്ചു പരമ ദുഷ്ട്ടനും വേറെ സെറ്റ് അപ്പ്‌ ഉള്ളവനും ആണെന്ന് മനസിലാകുന്നതോടെ നായിക രാഹുലിനെ കളഞ്ഞു കേരളത്തിലെത്തി ചാര്‍ളിയെ കെട്ടുന്നു.

അണ്ണാ ഇതല്ലേ പഞ്ചാബി ഹൌസിന്‍റെയും കഥ? അതില്‍ രണ്ടു നായികമാരും ഒരു നായകനും ഇതില്‍ രണ്ടു നായകന്മാരും ഒരു നായികയും.അതില്‍ പഞ്ചാബ്‌ ഇങ്ങോട്ട് വന്നു ഇവിടെ നമ്മള്‍ സ്പെയിനില്‍ പോയി

അനിയാ നീ ഒരു കാര്യം മനസിലാക്കണം.ഇതു വരെ ആരും പറയാത്ത കഥ പറയണം എന്ന് എല്ലാരും വാശി പിടിച്ചാല്‍ പരമാവധി അഞ്ചിന് താഴെ പടങ്ങള്‍ പോലും ഒരു വര്‍ഷം ഇറങ്ങില്ല ഈ മലയാളത്തില്‍. അന്യ ഭാഷയില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ നോക്കിയാല്‍ പല ചിത്രങ്ങളും ഉപയോഗിച്ചിരിക്കുന്നത് പറഞ്ഞു പഴകിയ കഥകളാണ് (പെട്ടന്ന് ഓര്മ വരുന്നത് 180 എന്ന ചിത്രമാണ്).ആ കഥ അവതരിപ്പിച്ചിരിക്കുന്ന രീതി,അവതരണ ക്രമം എങ്ങനെ പല സംഗതികള്‍ വ്യത്യസ്തമായി ചെയ്യുമ്പോള്‍ ആണ് നമുക്ക് ബോര്‍ അടിക്കാതെ അങ്ങനത്തെ ഒരു ചിത്രം കാണാന്‍ കഴിയുന്നത്‌.വേറൊരു ഉദാഹരണം പറഞ്ഞാല്‍ പ്രണയിച്ചു ഒരുമിക്കാന്‍ കഴിയാതെ മരിച്ചു പോകുന്നവര്‍ അടുത്ത ജന്മത്തില്‍ ഒരുമിക്കുന്ന സംഗതി എത്ര സിനിമയില്‍ നമ്മള്‍ കണ്ടിട്ടുണ്ട് . പ്രബുദ്ധനായ മലയാളി പറഞ്ഞു പഴകിയ രീതിയില്‍ ആളുകളെ മാത്രം മാറ്റി ആ കഥ അവതരിപ്പിച്ചു,ഈ സിനിമക്ക് പിന്നില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കാനുള്ള രഹസ്യ അജണ്ട ആണെന്നും അല്ലെന്നും വാദിച്ചു സമയം കളയുമ്പോള്‍ വിവരമില്ലാത്ത തെലുങ്കന്‍,മഗധീര എന്ന ചിത്രത്തിന്‍റെ ഫോര്‍മാറ്റില്‍ അതെ തീം അവതരിപ്പിച്ചു കോടികള്‍ കൊയ്യുന്നു.ഇനി ചോദ്യം: ഇവിടെ ശശി ആരാ?

മതി അണ്ണാ വയറു നിറഞ്ഞു. ഇനി ഈ പടത്തെ പറ്റി..?

ഈ ചിത്രത്തില്‍ ലാല്‍ ജോസിനു ഏറ്റവും കുറഞ്ഞ പക്ഷം ചെയ്യാമായിരുന്ന കാര്യങ്ങള്‍ ഈ ചിത്രത്തില്‍ പപ്പന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നെല്‍സന്‍ എന്ന താരതമ്യേനെ പുതുമുഖനടന് പകരം ജഗതിയെ പോലുള്ള നടനെ ഉപയോഗിച്ചിരുന്നെങ്കിലോ?കുറഞ്ഞ പക്ഷം ഒന്നാം പകുതി എങ്കിലും സഹിക്കാവുന്ന അവസ്ഥയില്‍ ആയി പോയേനെ.പരിചയ സമ്പന്നരായ സഹതാരങ്ങളുടെ അഭാവം മൂലം ഒന്നാം പകുതിയിലെ കോമഡി മൊത്തമായി ദിലീപിന്‍റെ തലയിലാണ്.രണ്ടാം പകുതിയിലെ സ്ക്രിപ്റ്റ് ലാല്‍ജോസ് വായിച്ചു നോക്കി പോലും കാണുമെന്നു ഈ ചിത്രം കണ്ടാല്‍ തോന്നില്ല.സ്ക്രിപ്റ്റ് എഴുതിയ ബെന്നി പി നായരമ്പലം എന്ന മഹാനെ എത്ര വഴ്ത്തിയാലും മതിയാകില്ല.ഒരുമാതിരി പഴയ ജഗന്നാഥവര്‍മ്മയോ പ്രതാപചന്ദ്രനോ ഒക്കെ ചെയ്തിരുന്ന സ്റ്റൈലില്‍ ആണ് നായികയുടെ അച്ഛനെ ഒക്കെ പടച്ചു വിട്ടിരിക്കുന്നത്.(നയതന്ത്ര രംഗത്ത് ഭയങ്കര സംഭവമായ പുള്ളി ആണ് ആളെന്നു ഓര്‍ക്കണം). പിന്നെ അങ്ങേരുടെ പെങ്ങളുടെ മകന്‍ ഒരാളുണ്ട് ഫ്രെഡി.തനി പഴയ കൊച്ചു മുതലാളി ലാലു അലക്സ്‌ അല്ലെങ്കില്‍ സത്താര്‍ (നായികയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം നടത്തുന്നില്ല എന്നൊരു കുറവ് മാത്രമേ ഉള്ളു. അത് പിന്നെ ഫസ്റ്റ് കസിന്‍ പെങ്ങള്‍ ആയതു കൊണ്ടാവാം).കുറഞ്ഞ പക്ഷം വേലക്കാരിയെ എങ്കിലും ഉപദ്രവിക്കാന്‍ ശ്രമിക്കാത്തത് കൊണ്ട് എന്തോ ആ കഥാപാത്രത്തിന് ഒരു പൂര്‍ണത കൈവന്നില്ല.കൊച്ചിലെ ഒരു അഞ്ചോ ആറോ കൊല്ലം ഒരു കുട്ടി ഇന്ത്യയില്‍ വളര്‍ന്നു എന്ന് ആയ മലയാളി ആയിരുന്നു എന്നും പറഞ്ഞു കമീല എന്ന കഥാപാത്രത്തെ അടി മുടി മലയാളീകരിച്ചിരിക്കയാണ് സംവിധായകനും തിരകഥ കൃത്തും.രണ്ടാം പകുതി ആകുന്നതോടെ കഥാപാത്രങ്ങള്‍ക്കക്കും ഒപ്പം കഥയ്ക്കും ജെനുവിനിട്ടി പൂര്‍ണമായും നഷ്ട്ടപെടുന്നതോടെ ദുരന്തം പൂര്‍ത്തിയാകുന്നു . ഈ സ്പെയിന്‍ എന്നൊക്കെ പറയുന്നതിന് പകരം വല്ല ഉത്തര ഇന്ത്യയോ അന്ദ്രയോ മറ്റോ ആയിരുന്നേല്‍ ഇതിലും ഭേദം ആയേനെ.സിന്ദഗി മിലേ നാ ദുബാരഹ് പോലെയുള്ള ചിത്രങ്ങളില്‍ നന്നായി ചിത്രീകരിച്ച ടോമാട്ടിനോ ഫെസ്റ്റിവല്‍ ഒക്കെ ഈ സിനിമയില്‍ മഹാ ബോറായാണ് കാണിച്ചിരിക്കുന്നത്.(കാശില്ല എങ്കില്‍ ആ പണിക്കു പോകരുത് )

അല്ല അപ്പോള്‍ അഭിനയം ?

ഒന്ന് പോടെ എത്ര ഉഗ്രന്‍ കഥയും തിരകഥയും വെച്ച് എന്തോന്ന് അഭിനയിക്കാന്‍? എങ്കിലും ദോഷം പറയരുതല്ലോ ഒരു മാതിരി എല്ലാ നടീ നടന്മാരും (വിദേശ നായിക ഉള്‍പ്പെടെ ) അവര്‍ക്ക് കഴിയുന്നതിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട് . പക്ഷെ ചുവരില്ലാതെ എന്ത് ചിത്രം?

അങ്ങനെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പറ്റില്ല. ദിലീപ് എങ്ങനെയുണ്ട് ? അത് പറഞ്ഞിട്ട് പോയാല്‍ മതി .

അനിയാ 2010 ല്‍ തനിക്കു ലഭിച്ച മുന്‍‌തൂക്കം 2011 ല്‍ ഒട്ടും പ്രയോജനപ്പെടുത്താന്‍ കഴിയാത്ത പോയ നടനാണ് ദിലീപ് . കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ള അല്‍പ്പസ്വല്‍പ്പം സ്വീകാര്യത ഇങ്ങനത്തെ ചിത്രങ്ങളിലൂടെ നശിപ്പിക്കാതിരുന്നാല്‍ അദേഹത്തിന് കൊള്ളാം

അപ്പോള്‍ ചുരുക്കത്തില്‍ ...

പട്ടാളം,രസികന്‍,മുല്ല ഈ നിരയിലേക്ക് മറ്റൊരു ബോറന്‍ ചിത്രം കൂടി

Saturday, January 14, 2012

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍

അണ്ണാ എന്തുവാ ഈ കുത്തി പിടിച്ചു ഇരുന്നു എഴുതുന്നേ? അല്ല കണ്ണ് നിറഞ്ഞു ഒഴുകുന്നല്ലോ . എന്ത് പറ്റി.

അനിയാ ഞാന്‍ ഒരു പരസ്യമായ മാപ്പപേക്ഷ എഴുതി കൊണ്ടിരിക്കയാണ്.മലയാളത്തിലെ സൂപ്പര്‍ താരങ്ങളോട് മാപ്പ് ചോദിക്കാതെ എനിക്ക് ഉറക്കം വരില്ല . അവരെ ഒക്കെ പറ്റി എന്തൊക്കെയാ ഞാന്‍ ... ഹോ ആലോചിക്കാന്‍ വയ്യ

ഏ .. ഇതെന്തു പറ്റി ? വല്ല ആനമയക്കിയും എടുത്തടിച്ചോ? ഇങ്ങനെ പിച്ചും പേയും പറയാന്‍ .

അല്ല അനിയാ ഇന്നു പോയി പുതുമുഖ സംവിധായകന്‍ ശ്രീ സജിന്‍ രാഘവന്‍ സംവിധാനം ചെയ്തു എന്ന് പറയപ്പെടുന്ന പത്മ ശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം കണ്ടപ്പോളാണ് ഒരു സൂപ്പര്‍ സ്റ്റാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി ഞാന്‍ ബോധവാനാകുന്നത്.

ഓ.. കോമഡി അടിച്ചത് ആണല്ലേ.ഇവിടെ എല്ലാവര്‍ക്കും അറിയാമല്ലോ സൂപ്പര്‍താര വിരോധിയായ താങ്കള്‍ക്ക് ഈ പടം സുഖിച്ചു കാണും എന്നു.

അനിയാ പതിനായിരത്തി ഒന്നാമത്തെ പ്രാവശ്യം പറഞ്ഞോട്ടെ ഈ സൂപ്പര്‍ താരങ്ങളോട് എനിക്ക് യാതൊരു വിരോധവും ഇല്ല. മറ്റാര്‍ക്കും ഉള്ള പോലെ തങ്ങളുടെ സ്ഥാനം മരണം വരെ നില നിര്‍ത്താന്‍ അവര്‍ക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങളെ അവര്‍ ചെയുന്നു ഉള്ളു.എന്നാല്‍ നിര്‍ലജ്ജം അവര്‍ ചെയുന്ന ഇതു കൊപ്രയ ചിത്രങ്ങളെയും ന്യായീകരിക്കുകയും അതോടൊപ്പം നല്ല സിനിമ ഉണ്ടായില്ല എങ്കില്‍ വയറ്റില്‍ നിന്ന് പോവില്ല എന്നും ഭാവിക്കുന്ന ബുദ്ധിജീവികളായ ആരാധകരോടും മാധ്യമങ്ങളോടും ബൂലോക ജീവികളോടും മാത്രമാണ് എനിക്ക് ശകലം പുച്ഛം തോന്നാറുള്ളത്.

അതൊക്കെ നില്‍ക്കട്ടെ . ഈ സിനിമ .....

അനിയാ പുതുമുഖ സംവിധായകനായ ശ്രീ സജിന്‍ രാഘവന്‍ സംവിധാനം ചെയ്തു എന്നു പറയപ്പെടുന്നതാണ് ഈ സംഭവം.മലയാള സിനിമയുടെ ബുദ്ധിജീവിയും ധീരനുമായ ശ്രീനിവാസന്‍ ഈ ചിത്രത്തിന്‍റെ കഥ,തിരകഥ,സംഭാഷണം എന്നിവ നിര്‍വഹിച്ചു നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.ഈ പറഞ്ഞ സംഗതികളില്‍ ഏറ്റവും മോശം ഏതാണെന്ന് വേണമെങ്കില്‍ നിനക്കൊരു പോള്‍ നടത്താവുന്നതാണ് . അതാണല്ലോ ഇപ്പോളത്തെ ഒരു ട്രെന്‍റ്...എല്ലാം ഒന്നിനൊന്നു കൂറയാണ് എന്നാണ് എന്‍റെ അഭിപ്രായം .

അങ്ങനെ അല്ലല്ലോ പറഞ്ഞു കേട്ടത്.സരോജ് കുമാറിന്‍റെ കുടുംബ ജീവിതത്തിലെ രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെ മലയാള സിനിമയിലെ അനാചാരങ്ങള്‍ക്കെതിരെ ധീരമായി അഞ്ഞടിക്കുന്ന ശ്രീനിവാസനെ ഈ ചിത്രത്തില്‍ കാണാന്‍ കഴിയും എന്നാണല്ലോ കേട്ടത് .

അനിയാ നീ മലയാളിക്ക് സിനിമാശാലയിലെ ഇരുട്ടിലും അനോണി എന്ന വിലാസത്തിന്‍റെ മറവിലും അല്ലാതെ എവിടെയാണ് പ്രതികരണശേഷി കണ്ടിട്ടുള്ളത്? ഇവിടെയും കഥ മറിച്ചല്ല.സൂപ്പര്‍ താരം സരോജ് കുമാറിന്‍റെ പതിവ് ചേഷ്ട്ടകളിലൂടെ നീങ്ങുന്ന ചിത്രത്തില്‍ അയാളോടൊപ്പം വേറെ രണ്ടു സുപ്പര്‍ താരങ്ങളും ഉണ്ട്.വട്ടവിള ജയകുമാറും,താനൂര്‍ അബ്ദുള്ളയും.നായിക എന്ന ചിത്രത്തില്‍ നസീര്‍ സാര്‍ എന്നു നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞിട്ട് ജയറാമിനെ കൊണ്ട് ആനന്ദന്‍ എന്ന പേരില്‍ നസീറിന്‍റെ മിമിക്രി കാണിപ്പിക്കുന്നതും ഇതുമായി എവിടെയാണ് വ്യത്യാസം?

ഈ ചിത്രത്തില്‍ ഏറ്റവും രസകരമായി തോന്നിയത് ഈ ചിത്രത്തില്‍ മാധ്യമങ്ങളെ ചിത്രീകരിച്ചിരിക്കുന്നതാണ്.സൂപ്പര്‍താരം സരോജ് കുമാറിനെ വല്ല പത്ര സമ്മേളനത്തിനും ഒത്തു കിട്ടിയാല്‍ പിന്നെ സിംഹങ്ങള്‍ ഇരയുടെ മേലേക്ക് ചാടുന്ന പോലെ ഒരു ചട്ടമാണ്.പാവം സുപ്പര്‍ സ്റ്റാറിന്‍റെ പപ്പും പൂടയും പറിച്ചെടുത്തു അയാളെ തല്ലി ഓടിച്ചു കഴിഞ്ഞേ അവരൊക്കെ അടങ്ങു. യഥാര്‍ത്ഥ ജീവിതത്തില്‍ ഇവിടെ ഒരു താരത്തെ വല്ല അഭിമുഖത്തിനു കിട്ടിയാല്‍, ഒച്ച്ചനിച്ചു നിന്ന് അവരുടെ മുഖത്ത് നിന്ന് തെറിക്കുന്ന തുപ്പല്‍ പോലും അമൃതായി സ്വീകരിക്കുന്ന ഈ വര്‍ഗത്തെ ഇങ്ങനെ ഒക്കെ ചിത്രീകരിക്കാന്‍ അസാമാന്യ ചങ്കൂറ്റം തന്നെ വേണം. എന്നി ഈ മാധ്യമങ്ങളുടെ വേട്ട കഴിഞ്ഞു വീട്ടില്‍ എത്തിയാലോ? ഭാര്യക്ക്‌ പരമ പുച്ഛം.തിരിഞ്ഞു നോക്കില്ല എന്നു മാത്രമല്ല കൂട്ടുകാരികളുടെ മുന്നില്‍ വെച്ച് പരസ്യമായി കളിയാക്കുകയും ചെയ്യും.പോരാത്തതിനു ഇയാളെ ബുക്ക്‌ ചെയ്യാന്‍ നിര്‍മാതാക്കള്‍ എത്തുമ്പോള്‍.സരോജിന്‍റെ കഴിഞ്ഞ പടം വെക്കെടാ വെടി എട്ടു നിലയില്‍ പൊട്ടിയ കഥ ഉറക്കെ പറഞ്ഞു നിര്‍മാതാക്കളെ ഓടിക്കുന്നു പോലുമുണ്ട് നീലിമ എന്ന സരോജ് കുമാറിന്‍റെ ഭാര്യയായ പഴയ നടി നീലിമ (മമത).(വയസനായ സരോജ് കുമാറിനെ കൊണ്ട് തെങ്ങ് കയറി കാശു സമ്പാദിച്ചു ഐ എ എസ് പരീക്ഷക്ക് തയാറെടുക്കുന്ന ആളുടെ കഥ പറയാനാണ് നിര്‍മാതാവ് വരുന്നത് എന്നാ കാര്യം വേറെ.അയാള്‍ക്ക് സരോജ് കഥ മാറ്റി പറഞ്ഞു കൊടുക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല).വേലക്കാരു പോലും ഇങ്ങേരെ തിരിഞ്ഞു നോക്കില്ല.ഇനി ഇതൊക്കെ പോരെങ്കില്‍ നിര്‍മ്മാതാവ് ബേബിക്കുട്ടനെ പോലുള്ള അതി വിപ്ലവകാരികളായ നിര്‍മാതാക്കള്‍ (നല്ല സിനിമ ഉണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യവുമായി ജീവിക്കുന്നവര്‍).സുപ്പര്‍ താരങ്ങള്‍ക്കെതിരെ കയര്‍ക്കുകയും അവരോടു യുദ്ധം ചെയുകയും ചെയുന്ന റഫീക്കിനെ (സലിം കുമാര്‍) പോലുള്ള സഹതാരങ്ങള്‍.(പാവം തിലകന്‍!! നെടുമുടിക്കെതിരെയോ മറ്റോ പറഞ്ഞതിന് അങ്ങേരെ ഇട്ടു കഷ്ട്ടപ്പെടുത്തിയത്തിനു വല്ല കണക്കും ഉണ്ടോ).ഇങ്ങനെ ഈ ലോകത്തൊന്നും നമുക്ക് കാണാന്‍ കഴിയാത്ത കഥാപാത്രങ്ങളെ ആണ് ശ്രീനി ഈ ചിത്രത്തില്‍ നിരത്തിയിരിക്കുന്നത്.ഒന്ന് ചോദിക്കട്ടെ കേരളത്തില്‍ ഉള്ള ഒരുമാതിരി ഒരു പേര് കേട്ട ഗുണ്ടാ തലവനും ജിം ബോയ്‌ അഥവാ സിക്സ് പായ്ക്ക് ഉടമ അല്ല എന്നിരിക്കെ .മെലിഞ്ഞ ഒരാള്‍ കുറെ തടിയന്മാരെ തല്ലുന്നു എന്ന ആരോപണത്തെക്കാള്‍ unrealistic അല്ലെ മേല്‍പ്പറഞ്ഞ കഥാ പാത്രങ്ങള്‍? (ആരോട് ചോദിയ്ക്കാന്‍?)

അണ്ണാ ഇങ്ങനെ കാടിനു ചുറ്റും തല്ലാതെ.കാര്യത്തിലോട്ടു കടന്നേ.

ശരി കഥ ഇപ്രകാരം.സരോജ് കുമാര്‍ മാപ്പപേക്ഷിച്ചു സമസ്താപരാധം പറഞ്ഞു പുതിയ മനുഷ്യനായി മാറുന്ന ഇടത്താണല്ലോ ഉദയനാണു താരം അവസാനിക്കുന്നത്‌.ഇപ്പോള്‍ സരോജ് കുമാര്‍ വീണ്ടും പഴയ സ്വഭാവക്കാരന്‍ ആയിരിക്കുകയാണ്.പച്ചാളം ഭാസി ഉണ്ടെങ്കിലും ഇപ്പോളത്തെ വിശ്വസ്തന്‍ ബാബു (സുരാജ്) എന്ന പഴയ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവാണ്‌.ഈ രണ്ടു പേര്‍ ഒഴികെ ബാക്കി ലോകത്തുള്ള എല്ലാവരും അങ്ങേരെ എതിര്‍ക്കുന്ന ധീരന്മാര്‍ ആകുന്നു.മനസ്സില്‍ നല്ല സിനിമ സൂക്ഷിക്കുന്ന സംവിധായകന്‍ (അങ്ങനെ അല്ലതതായി ആരുമില്ല ഈ ചിത്രത്തില്‍ എന്നത് വേറെ) അലക്സ്‌ (ഫഹദ് ) നടനാകാന്‍ ശ്രമിക്കുന്ന എക്സ്ട്രാ നടന്‍ ശ്യാം (വിനീത് ശ്രീനിവാസന്‍).അയാളുടെ കാമുകി (അപൂര്‍വ.കേരളത്തില്‍ നിന്ന് വിനീതിനെ കാണാന്‍ കഴിയാതെ ചെന്നയില്‍ വന്നു പഠിക്കുന്ന ആ കൊച്ചിന് ആകെ ദാരിദ്രം.നാട്ടില്‍ പോകാന്‍ വണ്ടി കൂലിക്ക് പോലും നായകന്‍ വല്ല കിഡ്നിയോ മോതിരമോ വിറ്റു കാശു ഉണ്ടാക്കി കൊണ്ട് വരണം എന്നതാണ് അവസ്ഥ)

ഇങ്ങനെ കുറെ പകുതി വെന്ത കഥാപാത്രങ്ങള്‍ കൂടിയുണ്ട് ഈ ചിത്രത്തില്‍.സമകാലീനം എന്ന് പറയാവുന്ന കുറെ സംഭവങ്ങള്‍ സാംസ്‌കാരിക നായകന്‍,മതി ഭ്രമം,ആദായ നികുതി വകുപ്പ് റെയിഡ്,കെര്‍ണല്‍ പദവി ഇങ്ങനെ കുറെ കാര്യങ്ങള്‍ അവിടെ അവിടെയായി പറഞ്ഞു പോകുന്നുണ്ട്

എന്നാലും അണ്ണാ എങ്കിലും.ഇങ്ങനെ തുറന്നടിക്കാനുള്ള ധീരത.അതെങ്കിലും ഒരു സംഭവമായി കണ്ടു കൂടെ?

അനിയാ വീണു കിടക്കുന്നവനെ ചവിട്ടാനുള്ള മലയാളിയുടെ ധൈര്യം ലോകപ്രശസ്തമാണ്.സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രത്തിലെ സംവിധായകനെയും,തിരകഥ എന്ന ചിത്രത്തിലെ സംവിധായകനെയും പറ്റി ഇവിടെ പരാമര്‍ശിക്കപ്പെട്ടാതാണ്.സമാനമാണ് ഈ ചിത്രത്തിലെയും അവസ്ഥ.ഒന്ന് ചോദിക്കട്ടെ കേര്‍ണല്‍ ആക്കാന്‍ സരോജ് കുമാര്‍ കാണിക്കുന്ന പരിശീലന പരാക്രമങ്ങളെ വികൃതവല്ക്കരിച്ചു കാണിക്കുന്നതിന് പകരം.പരിശീലനത്തില്‍ ഏതൊരു പട്ടാളക്കാരനെക്കാളും സരോജ് മികവു കാണിച്ചു എന്ന് എഴുതുന്ന മാധ്യമങ്ങളെ പറ്റി ഒരു വാക്ക് .. (എവിടുന്നു?) നാളെ എന്നെയോ നിങ്ങളെയോ പിടിച്ചു പട്ടാള പരിശീലനത്തിന് വിട്ടാല്‍ നമ്മളൊക്കെ ഇതിലും മോശം ആകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല എന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.ഇനി ഏറ്റവും കുറഞ്ഞ പക്ഷം ആക്ഷേപിക്കാനാണ് ഉദേശം എങ്കില്‍ വിഗ് പോലുള്ളവ ഉപേക്ഷിക്കാതെ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി എങ്കിലും കാണിക്കുന്നത് യാഥാര്‍ത്ഥ്യത്തോട്‌ അടുത്ത് നില്‍ക്കുമായിരുന്നു.

ശരി അതൊക്കെ ഇരിക്കട്ടെ കഥ ?
അങ്ങനെ ഒന്ന് ഈ ചിത്രത്തില്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.മേല്‍പ്പറഞ്ഞ കോപ്രായങ്ങള്‍ കൂടാതെ ക്ലൈമാക്സ്‌ കൂടെയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു.സരോജ് കുമാറിന് വഴക്ക് ഉണ്ടാക്കാനായി പടച്ചു വിട്ട ശ്യാം ആരാണ് എന്നത് അവസാനത്തെ സ്വപ്ന തുല്യമായ ക്ലൈമാക്സില്‍ വെളിപ്പെടുത്തുന്നു

ശ്രീനിവാസന്‍റെ രചന വൈഭവത്തിന് മറ്റൊരുദാഹരണം.വിനീത് ശ്രീനിവാസന്‍ ഷൂട്ടിംഗ് നിടയില്‍ പരിക്കേറ്റു മരണത്തില്‍ നിന്നും കഷ്ട്ടിച്ചു രക്ഷപ്പെട്ടു കിടക്കുന്നു.അപകടം മനപൂര്‍വം ഉണ്ടാക്കിയതാണോ എന്ന് യുണിറ്റ് അംഗങ്ങള്‍ക്ക് സംശയം ഉണ്ട്. ഈ അവസ്ഥയില്‍ പോലീസ് ഇയാളോട് ആകെ ചോദിക്കാവുന്നത് ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് മാത്രമാണ്? എന്നാല്‍ ഈ രംഗത്തില്‍ പോലീസ് വിനീതിനെ ഒരുമാതിരി പ്രതികളെ ചോദ്യം ചെയുന്നത് പോലെ പെരുമാറുന്നത് കണ്ടാല്‍ ആര്‍ക്കും ചിരി വന്നേക്കാം.ഭര്‍ത്താവു ഒരാളെ പുറകെ ഓടി തുടരെ വെടി വയ്ക്കുന്നത് കണ്ടിട്ടും "ഇതൊരു തമാശ രംഗമല്ലേ. എന്തൊരു കോമാളിത്തരം" എന്ന മട്ടില്‍ നില്‍ക്കുന്ന ഭാര്യ.പിന്നെ ദോഷം പറയരുതല്ലോ ക്ലൈമാക്സ്‌ രംഗങ്ങള്‍ ഏതു സീരിയലിനോടും കിട പിടിക്കും.

എന്നാലും ശ്രീനി എന്നൊക്കെ പറഞ്ഞാല്‍ ....

അനിയാ ഒരു നിലവാരവും,ക്വാളിറ്റിയും ഇല്ലാത്ത മലയാളത്തിലെ അമോല്‍ പലേക്കര്‍ ആണ് ഈ നടന്‍ എന്നാണ് വ്യക്തിപരമായി എന്‍റെ അഭിപ്രായം.സന്ദേശം എന്ന ഒരു ചിത്രം മാറ്റി നിര്‍ത്തിയാല്‍ വികൃതവല്‍ക്കരിക്കപ്പെട്ട കഥാപാത്രങ്ങളെ ആണ് ഈ നടന്‍ കൂടുതലായി അവതരിപ്പിച്ചിട്ടുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ചിത്രത്തില്‍ സമകാലീനം എന്ന് പറയുന്ന പല കാര്യങ്ങളോടും യോജിക്കുന്നു .ഉദാഹരണമായി കമലഹാസന്‍ മുതല്‍ ഇവിടുത്തെ സുപ്പര്‍ താരങ്ങള്‍ വരെ അന്തസ്സോടെ ചുമന്നു നടക്കുന്ന ഡോക്ടര്‍ പദവി . ഒരു പി എഛ് ഡി എന്നത് എത്ര വര്‍ഷത്തെ പ്രയത്നത്തിന്റെ ഫലം ആണെന്ന് ഒരു നിമിഷം ഓര്‍ത്താല്‍ (ഇവിടെയും കള്ള നാണയങ്ങള്‍ ഉണ്ടെന്നത് മറക്കുന്നില്ല) ഇവര്‍ക്കൊന്നും ഒരു ഉളുപ്പും ഇല്ലാതെ ഇതു സ്വീകരിക്കാനോ പ്രദര്‍ശിപ്പിക്കാനോ തോന്നില്ല എന്നത് വാസ്തവം. തിരുവനന്തപുരത്തെ വാവ സുരേഷ് (ഗൂഗിളില്‍ നോക്കിയാല്‍ കൂടുതല്‍ അറിയാം ) എന്ന മനുഷ്യന്‍ വര്‍ഷങ്ങളായി പ്രതിഫലം വാങ്ങാതെ ചെയുന്നതില്‍ കൂടുതല്‍ എന്ത് സാമൂഹ്യക്ഷേമം നടത്തിയിട്ടാണ് ഐശ്വര്യറായ്,അക്ഷ്യ കുമാര്‍,മുതല്‍ ജയറാം വരെ ഉള്ളവര്‍ പത്മശ്രീക്ക് അര്‍ഹര്‍ ആകുന്നത്‌ എന്നതും എനിക്ക് അജ്ഞാതം.ഒരു ആദായ നികുതി വകുപ്പിന്‍റെ റെയിഡ് എന്‍റെ വീട്ടില്‍ നടക്കുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം കൊടുക്കാന്‍ ഞാന്‍ ഇപ്പോള്‍ കുറച്ചു തിരക്കിലാണ് തിരക്കൊഴിയുമ്പോള്‍ വന്നു ഉത്തരം തരാം എന്ന് പറഞ്ഞാല്‍ എന്ത് സംഭവിക്കും എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം .(എന്തെ മകന്‍റെ കല്യാണം കല്യാണമല്ലേ?എന്‍റെ ജോലി മുടങ്ങിയാല്‍ വരുന്ന നഷ്ട്ടം നഷ്ട്ടമല്ലേ ?) സംഗതി മുട്ടന്‍ ജനാധിപത്യമാണ് എന്നാണല്ലോ വെപ്പ്

ഇങ്ങനെ ഉള്ള നിരവധി കാര്യങ്ങള്‍ ഉറക്കെ ചോദിക്കാനുള്ള ഒരു സാധ്യതയെയാണ് ഈ മനുഷ്യന്‍ തന്‍റെ കോപ്രായം കാണിച്ചു നശിപ്പിച്ചു കളഞ്ഞത്.ഒരു നല്ല പശ്ചാത്തലത്തില്‍ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നെങ്കില്‍ മറ്റൊരു സന്ദേശം പോലും ആയേനെ ഈ ചിത്രം.എനിക്ക് ഈ മാന്യ ദേഹത്തോട് ഒരു ചോദ്യമേ ചോദിക്കാനുള്ളു ഇദേഹം പരാമര്‍ശിക്കുന്ന ആ നടന്‍ നാളെ അങ്ങ് മരിച്ചു പോയാല്‍ മലയാള സിനിമ രക്ഷപ്പെടുമോ? ഇല്ല എന്നതാണ് ഉത്തരം . മാറേണ്ടത് നമ്മളാണ്.സ്വന്തം തല കൊണ്ട് ചിന്തിക്കുന്നവരും സ്വന്തം അഭിപ്രായം ഉറക്കെ പറയുന്നവരും ഉള്ള ഒരു പ്രേക്ഷക സമൂഹം ഉണ്ടായാലേ മലയാള സിനിമ നന്നാകു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

പിന്നെ ആക്രമണം മുഴുവനും ഒരു നടന് നേരെ ആണ് എന്നതും ശ്രീനിയുടെ ധൈര്യത്തിന് ഉദാഹരണമാണ്‌. (രണ്ടു വള്ളവും ഒരുമിച്ചു മുക്കിയാല്‍ എവിടെ നില്‍ക്കും? ആ പണി മലയാളത്തിലെ ഒരു ബുദ്ധി ജീവിയും ചെയ്യില്ല)

ചുരുക്കത്തില്‍ ...

നായിക എന്ന പടത്തിന്‍റെ മറ്റൊരു പടപ്പ്.തമിഴ് പടം എന്ന ചിത്രം പോലെ ഒന്ന് ഇന്നും മലയാളിക്ക് സ്വപ്നം കാണാന്‍ കഴിയില്ല എന്ന് വിളിച്ചു പറയുന്ന ഒരു കോപ്രായം.പ്രസ്തുത സംഭവത്തില്‍ ശ്രീനിവാസന്‍ ഒഴികെ ബാക്കി എല്ലാരും തികച്ചും നിരപരാധികള്‍ ആണ് എന്ന് കൂടി ബോധിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

Saturday, January 7, 2012

അസുരവിത്ത്‌ (Asuravithu)

ഇത് ഒരു കഥയാണ്‌ . ഇതിലെ പ്രേക്ഷകന്‍ ഒഴികെയുള്ള ചില കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നതോ , വല്ലവരും തല്ലി കൊന്നതോ (കൊല്ലാന്‍ സാധ്യത ഉള്ളതോ ) ആയ ആരെങ്കിലും ഒക്കെയായി വല്ല അല്ല ചില്ലറ സാമ്യങ്ങള്‍ ഒക്കെയുണ്ടെങ്കില്‍ അത് ലവന്‍സിന്റെയൊക്കെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും എന്ന് കരുതി അങ്ങ് സമാധാനിച്ചോ .സമാധാനിച്ചില്ലെങ്കിലും ഒരു ചുക്കുമില്ല . അപ്പൊ നിയമപ്രകാരം ഉള്ള ഭീഷിണി കഴിഞ്ഞു .ഇനി കഥ തുടങ്ങാതെ നിവര്‍ത്തിയില്ലേ

കഥ തുടങ്ങുന്നത് പ്രസിദ്ധ ബ്ലോഗര്‍ ശ്രി പത്മവിഭൂഷണ്‍, ഫീല്‍ഡ് മാര്‍ഷല്‍, ഡോ , ഭരത് പ്രേക്ഷകേട്ടന്റെ (മത നിരപേക്ഷകമായി അവനവന്റെ സൌകര്യപ്രകാരം ഇക്ക,അച്ചായന്‍,പാജി,സുനോജി എന്നൊക്കെ വായിക്കാം ) വീട്ടിലെ ഓഫീസില്‍ നിന്നാണ് ( നിയമ പ്രകാരം ഉള്ള അറിയിപ്പ്,ഇത് ലാസ്റ്റ് - ബഹുമതികള്‍ ദുരുപയോഗം ചെയ്തതായി കേസ് ഉണ്ടെങ്കില്‍ അവ യഥാക്രമം താമരവിഭൂഷണ്‍, അണ്ടര്‍ഗ്രൌണ്ട് കോര്‍പ്പറല്‍ , മുനിയാണ്ടി വിലാസം വൈദ്യന്‍,ശത്രുഘ്നന്‍ എന്ന് തിരുത്തുന്നതാണ് - ഏതുക്ക് വമ്പ് ?). അപ്പോള്‍ ഓഫീസില്‍ കഥ തുടങ്ങി ശ്രീ .പ്രേക്ഷകന് രാവിലെ തന്നെ രണ്ടു മൂന്ന് അതിഥികള്‍ ഉണ്ട് .ഒന്ന് ഗള്‍ഫിലെ പാര്‍ട്ട്‌ ടൈം സിനിമ ബുദ്ധിജീവി കോയ മന്‍സിലില്‍ രായിന്‍, പിന്നെ രണ്ട് അനോണികളും (ഇവര്‍ക്ക് മുഖമില്ല .തലയുടെ സ്ഥാനത്ത് മരം കൊണ്ടുള്ള ഒരു കാലി പെട്ടിയും,പെട്ടിയില്‍ ഫ്ഭാന്‍സ്സ് എന്ന എഴുത്തും അടയാളം ).രാവിലെ തന്നെ രായിനും ,അനോണികളും ശ്രീ പ്രേക്ഷകനെ കാണാന്‍ എത്തിയതിന് പിന്നില്‍ ഒരു അജണ്ട ഉണ്ട് .പ്രേക്ഷകന്റെ സിനിമാ നിരൂപണത്തിന്റെ ശൈലി ഒന്ന് മാറ്റി പിടിപ്പിക്കുക .ഏറെ നേരത്തെ തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് ശേഷം ശൈലി സ്വല്‍പ്പം മാറ്റിപ്പിടിച്ചാല്‍ എന്ത് എന്നൊരു തോന്നല്‍ പ്രേക്ഷനും ഉണ്ടായി . അപ്പൊ പുതിയ ശൈലി തങ്ങളുടെ അംഗീകാര ശേഷം മാത്രമേ പ്രസിദ്ധികരിക്കാന്‍ പാടുള്ളൂ എന്ന് മറ്റവന്മാര്‍ .രണ്ടു ചായ വീതം വരാന്തയില്‍ ഇരുന്നു മോന്തിയ നാശങ്ങള്‍ പ്രാതലും, ശേഷം ഊണും കൂടി ചോദിക്കാന്‍ നില്‍ക്കണ്ട എന്ന് കരുതി പ്രേക്ഷകന്‍ താന്‍ തലേന്ന് കണ്ട അസുരവിത്ത്‌ എന്ന എ കെ സാജന്‍ സംവിധാനം ചെയ്തു ആസിഫ് അലി നായകനായ സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം അവന്മാരോട് പുതിയ ചില ശൈലികളില്‍ പറയാം എന്ന് പറയുന്നിടത്ത് കഥ തുടങ്ങുന്നു (നേരത്തെ തുടങ്ങുന്നു എന്ന് പറഞ്ഞത് ചുമ്മാ പറ്റിക്കാന്‍ പറഞ്ഞതാ .ഇപ്പൊ സത്യമായിട്ടും കഥ തുടങ്ങുന്നു )

പ്രേ :ജീവിതത്തിന്റെ തീക്ഷ്ണ ജ്വാലാ മുഖങ്ങളില്‍ ഒന്നിന്റെ പോലും ഉള്‍ക്കാമ്പില്‍ സ്പര്‍ശിക്കാതെ തികച്ചും ഏകതാനമായ ഒരു നൈരന്തര്യമാണ് എ കെ സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത്‌ എന്ന ചലച്ചിത്രത്തില്‍ നമുക്ക് ദ്രിഷ്ടിഗോചരമാവുക .ഇതിലെ ഡോണ്‍ ബോസ്കോ എന്ന ഗുണ്ടയായ നായക കഥാപാത്രത്തിന്റെ വില്ലന്മാര്‍ ജൂതന്മാര്‍ ആണെങ്കിലും , അവരിലൂടെ ആത്യന്തികമായി ഭാരതത്തിലെ മുസ്ലീങ്ങള്‍ എല്ലാം ഹിന്ദുവിന് അടിമകളായി ജീവിക്കണം എന്ന രഹസ്യ അജണ്ടയുടെ സന്ദേശമാണ് എ കെ സാജന്‍ ഈ ചിത്രത്തിലൂടെ പറഞ്ഞു വെച്ചിരിക്കുന്നത് "

കോ: ഒന്നും മനസിലായില്ല .ജീവിതത്തിന്റെ എന്ന് കഴിഞ്ഞപ്പോള്‍ എനിക്ക് പിടി വിട്ടു

മരത്തലയന്‍ ഫ്ഭാന്‍സ് സ്റ്റണ്‍ണ്ട്. നോ സൌണ്ട് .അല്ലേലും താരങ്ങളുടെ അടിവസ്ത്രം കൂളിംഗ് ഗ്ലാസ് എന്നിവയെ വാഴ്ത്താനും , മറ്റുള്ളവരെ തെറി വിളിക്കാനും അല്ലാതെ ആഹാരം കഴിക്കാന്‍ പോലും ഇവന്മാര്‍ കഷ്ടിയെ വാ തുറക്കു. അത് കൊണ്ട് പ്പ്രേക്ഷകന്‍ ,കോയ സംഭാഷണത്തിലൂടെ പുതിയ ശൈലി സൌകരം പോലെ ഇതള്‍ വിടര്‍ത്തുകയോ,പൊട്ടിവിരിയുകയോ ചെയ്യും

പ്രേ : ഈ ശൈലി മലയാളം നിഘണ്ടു ഫുള്‍ ടൈം കയ്യില്‍ ഉണ്ടേലും മനസിലാവാന്‍ പാടാണ്. സാധാരണ ജന്മനാ ബുദ്ധിവൈകല്യം ഉള്ളവര്‍ , നല്ല നട്ടപ്രാന്തന്മാര്‍ എന്നിവരാണ് സ്ഥിരമായി ഈ ശൈലി നിരൂപിക്കുന്നത്

കോ :വേറെ ശൈലി എന്തെങ്കിലും?

പ്രേ :പിനെന്ന്താ .ദാ പിടിച്ചോ. അയ്രത്തി തൊള്ളായിരത്തി രണ്ടായിരത്തി അന്‍പതില്‍ പുറത്തു വന്ന, എ കെ സാജന്‍ സംവിധാനം ചെയ്തു പ്രിഥ്വിരാജ് നായകനായ സ്റ്റോപ്പ്‌ വയലന്‍സിന്റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ആസിഫ് അലി നായകനായ അസുരവിത്ത്‌ വെള്ളിത്തിരയില്‍ എത്തുന്നത് . ഒരു ആക്ഷന്‍ ചിത്രം എന്ന നിലയില്‍ അസുരവിത്ത്‌ കൊള്ളാമെങ്കിലും , കുടുമ്പ ചിത്രം എന്ന നിലയില്‍ അത്ര പോരെങ്കിലും , സാജന്റെ തിരക്കഥ നന്നായിട്ടുണ്ടെങ്കിലും, സംവിധാനം ഇനിയും നന്നാകാമായിരുന്നുവെങ്കിലും , അസിഫ് അലി നന്നായി അഭിനയിച്ചെങ്കിലും , ഒരു സീനില്‍ പോലും നന്നായില്ലെങ്കിലും, ഫ്രെയിമുകളിലെ സെപ്പിയ ടോണിന്റെ ഉപയോഗം അകര്‍ഷകമായെങ്കിലും, ക്യാമറ കാശിന് കൊള്ളില്ലെങ്കിലും ചിത്രത്തിന് പത്തില്‍ അഞ്ചേമുക്കാലര മാര്‍ക്ക് "

കോ: ആദ്യത്തെ വരി വല്ലതുമൊക്കെ പിടി കിട്ടി . പിന്നെ കൈ വിട്ടു പോയി അണ്ണാ .ഒന്നും മനസിലായില്ല

പ്രേ:സാധാരണ ഈ ശൈലി ഉപയോഗിക്കുന്നവന്മാരുടെ അവസ്ഥയും ഏതാണ്ട് അത് തന്നെയാണ് .

കോ: ഒരു ശൈലി കൂടി ...പ്ലീസ് ...ഇത് ലാസ്റ്റ്

പ്രേ :ശരി. ഡേ ,നീ പ്രിഥ്വിരാജ് നായകനായ സ്റ്റോപ്പ്‌ വയലന്‍സ് കണ്ടിട്ടുണ്ടോ?

കോ:പിന്നെ .എ കെ സാജന്‍ സംവിധാനം ചെയ്ത പടം. കണ്ടിട്ടുണ്ട് അണ്ണാ.

പ്രേ : ആ പടത്തില്‍ പ്രിഥ്വിരാജ് അവതരിപ്പിച്ച സാത്താന്‍ എന്ന ഗുണ്ടയുടെ മകന്‍ ഡോണ്‍ ബോസ്കോയുടെ (ആസിഫ് അലി ) കഥ പറയുന്ന സിനിമയാണ് അസുരവിത്ത്‌ .സംവിധാനവും തിരക്കഥയും എ കെ സാജന്‍ തന്നെ .

കോ :സാത്താന്റെ മകന്‍ .ഹോ ...ഞെരിപ്പ് ആക്ഷന്‍ പടം ആയിരിക്കും അല്ലെ ?

പ്രേ : ഞെരിപ്പ് പടം ആകാമായിരുന്ന ഒന്ന് എന്ന് പറയുന്നതാവും ശരി .

കോ : കാരണം ?

പ്രേ: ഒന്നാമത്തെ കാരണം എ കെ സാജന്‍ തന്നെ . വല്യ കുഴപ്പമില്ലാതെ പോകുന്ന ഫാസ്റ്റ് ഹാഫ് .പക്ഷേ ഇന്റര്‍വെല്‍ അങ്ങോട്ട്‌ കഴിഞ്ഞാല്‍ എ കെ സാജന്‍ സംവിധാനം ഷാജി കൈലാസിനെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ ഷാജി കൈലാസിന്റെ പ്രേതം സാജനില്‍ ആവേശിക്കുകയോ ചെയ്തത് പോലെയാണ് പടത്തിന്റെ പോക്ക് .പിന്നെ ആസിഫ് അലി . ആദ്യ പകുതിയുടെ മുക്കാല്‍ ഭാഗം വൃത്തിയായി ചെയ്തിട്ടുണ്ട് .പക്ഷേ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രം ഡോണ്‍ ദാവീദ് ആകുന്നിടം മുതല്‍ സംഗതി ആസിഫിന്റെ കൈ വിട്ടു പോയി . അത്രയ്ക്ക് ഇന്റെന്‍സിറ്റി ഒന്നും സ്ക്രീനില്‍ കൊണ്ട് വരാനുള്ള പാകം ആസിഫിന് ആയിട്ടില്ല .

കോ : പടത്തിന്റെ കഥ ? അതും ,പടം മൊത്തത്തില്‍ എങ്ങനെ ഉണ്ടെന്നുള്ള അഭിപ്രായവും ഒക്കെ കേട്ടിട്ട് വേണം എനിക്ക് നാലഞ്ച് ബ്ലോഗുകളില്‍ കയറി ബുദ്ധിജീവി കളിക്കാന്‍ . എത്ര കാലം ഇങ്ങനെ ആണുങ്ങള്‍ എഴുതിയ കമന്റുകള്‍ കോപ്പി പേസ്റ്റ് ചെയ്തും , സുപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി സ്വന്തം പേരിലും ഇടയ്ക്കിടെ അനോണി മരത്തലയനായും മറ്റുള്ളവരെ തെറി വിളിച്ചും ഞാന്‍ ജീവിക്കും.നിങ്ങള്‍ കഥ പറ.ഇന്ന് രണ്ടില്‍ ഒന്ന് അറിഞ്ഞിട്ട് ബാക്കി.

പ്രേ:എന്നാ കേട്ടോ .സാത്താന്റെ മകനായ ഡോണ്‍ ബോസ്കോയെ അവന്റെ അമ്മ എയ്ഞ്ചല്‍ (ലെന) ഒരു സെമിനാരിയില്‍ ആണ് വളര്‍ത്തുന്നത് .താന്‍ അവന്റെ അമ്മയാണ് എന്ന് അറിയിക്കാതെ ആ സെമിനാരിയില്‍ തന്നെ മ്യൂസിക് ടീച്ചര്‍ ആയി അവര്‍ ജോലി നോക്കുകുകയും ചെയുന്നു. അച്ഛനും അമ്മയും ആരാണ് എന്നറിയാതെ വളരുന്ന ഡോണ്‍ ബോസ്കോ എന്ന ഡോണ്‍ ഒരുപാട് അവഹേളനങ്ങള്‍ക്കും, പരിഹാസത്തിനും പാത്രമാകുന്നു. എങ്കിലും പോളിടെക്നിക്കിലെയും , സെമിനാരിയിലെയും പഠിത്തത്തില്‍ ശ്രദ്ധിച്ച് ജീവിക്കാന്‍ അവന്‍ കഴിയുന്നത്ര ശ്രമിക്കുന്നു.പക്ഷേ സാഹചര്യങ്ങള്‍ ഡോണിനെ അവന്റെ അച്ഛനായ സാത്താന്റെ ശത്രുവായിരുന്ന സ്റ്റീഫന്റെ (സ്റ്റോപ്പ്‌ വയലന്സില്‍ വിജയരാഘവന്‍ അവതരിപ്പിച്ച കഥാപാത്രം ) കുടുമ്പക്കാരുടെ ശത്രുവാക്കുന്നു . അബ്ബ മോറ ( വിജയരാഘവന്‍ ) എന്ന സ്റ്റീഫന്റെ അച്ഛനും ,അബ്ബ്യുടെ കൊച്ചു മക്കളും (ആരണ്‍, റുബന്‍, അമീറ, വെനേസ അങ്ങനെ കുറെയെണ്ണം ...ഒന്നിന്റെയും ശരിക്കുള്ള പേര് അറിയില്ല ) പത്താംകളം എന്ന പേരില്‍ കൊച്ചി അടക്കി ഭരിക്കുന്ന അധോലോക സംഘമാണ് .പത്താംകളത്തിനെ എതിര്‍ക്കുന്ന എ സി പി യുടെ (സിദ്ദിക്ക് ) ഭാര്യയെ (റാംജി റാവു രേഖ ) ആരണ്‍ കൊല്ലുന്നു. ആ കൊലപാതകത്തിന് ഡോണ്‍ ബോസ്കോ സാക്ഷിയാകുന്നു .പക്ഷേ പത്താംകളത്തിന്റെ ആളായ ഒരു ഡി വൈ എസ പി (അനില്‍ മുരളി ) ഡോണ്‍ ബോസ്കോയെ ക്രൂരമായി മര്‍ദ്ദിച്ച് ആരണ്‍ അല്ല മറ്റൊരാളാണ് ആ കൊലപാതകം ചെയ്തത് എന്ന് പറയിക്കുന്നു . ക്രൂരമായ പീഡനവും , കള്ളം പറയേണ്ടി വന്നതിലെ വിഷമവും ഒക്കെ ചേര്‍ന്ന് ഡോണ്‍ ബോസ്കോയെ മാനസികമായി തളര്‍ത്തുന്നു . സാത്താന്റെ പഴയ സുഹൃത്തും , പഴയ ഗുണ്ടയുമായിരുന്ന ഫാദര്‍ അമ്പാറയില്‍ (ബാബുരാജ് ) നിന്നും തന്റെ ജനന രഹസ്യം അറിയുന്ന ഡോണിന്റെ ക്ഷമാശീലം പതുക്കെ പതുക്കെ അക്രമത്തിന് വഴി മാറുന്നു. പല കാരണങ്ങള്‍ കൊണ്ട് പത്താംകളത്തിലെ അംഗങ്ങളുമായി തുടരെ തുടരെ അവന്‍ ഉരസ്സുന്നു. ആ ഉരസലുകള്‍ അവനെ ഡോണ്‍ ബോസ്കൊയില്‍ നിന്നും ഡോണ്‍ ദാവീദ് ആക്കി മാറ്റുന്നു .ഡോണ്‍ ദാവീദും പത്താംകളവും തമ്മിലുള്ള യുദ്ധമാണ് പിന്നെ സിനിമ മുഴുവനും

കോ : ഒരു ആക്ഷന്‍ പടത്തിന് പറ്റിയ കഥ .ഇതാണോ കൊള്ളില്ല എന്ന് നിങ്ങള്‍ പറഞ്ഞത്

പ്രേ : ആക്ഷന്‍ പടത്തിന് പറ്റിയ കഥയൊക്കെ തന്നെ .പക്ഷേ പ്രശ്നം കഥ പറഞ്ഞിരിക്കുന്ന രീതിയിലും , അഭിനയത്തിലും ഒക്കെയാണ്

കോ : എന്ന് വെച്ചാല്‍ ?

പ്രേ : എന്ന് വെച്ചാല്‍ ഓരോന്നായിട്ട് പറയാം . പടം തുടങ്ങുന്ന രീതി,ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തിന്റെ വികാസം ഇതൊക്കെ തുടക്കത്തില്‍ എ കെ സാജന്‍ അത്യാവശ്യം വൃത്തിയായി പറഞ്ഞ് വെച്ചിട്ടുണ്ട്.പക്ഷേ ഡോണ്‍ ബോസ്കോ ഡോണ്‍ ദാവീദ് ആകുന്നതിന്റെ തുടക്കം മുതല്‍ സംഗതി സാജന്റെ കൈ വിട്ടു പോകും.പിന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ ഷെവര്‍ലെ മുതല്‍ ഫെറാറി വരെയുള്ള കാറുകളും , കോട്ടും , സ്യൂട്ടും കണ്ണാടിയും ,സ്ലോ മോഷന്‍ നടത്തവും,കുറെ ആക്ഷനും വരി വലിച്ചിട്ട് ഒരു ഷാജി കൈലാസ് ,അമല്‍ നീരദ് അലമ്പ് പടമായിട്ട് അസുരവിത്ത്‌ തീരും. മകന്‍ പാതിരി അയ ശേഷം മാത്രം താനവന്റെ അമ്മയാണ് എന്ന സത്യം വെളിപ്പെടുത്തും എന്ന് പറഞ്ഞ് നടക്കുന്ന അമ്മയും, പതിരിയായെങ്കിലും ഗുണ്ടാ പണി പൂര്‍ണ്ണമായും വിട്ടിട്ടില്ല എന്ന് തോന്നിക്കുന്ന കഥാപാത്രവും , ഡോണിനെ ഉപദ്രവിക്കാന്‍ വേണ്ടി മാത്രം നടക്കുന്ന കുറെ പള്ളീലച്ചന്‍മാരും ഒക്കെയുണ്ടെങ്കിലും ആദ്യ പകുതി വലിയ കുഴപ്പമില്ലാതെ തീരും .പക്ഷേ രണ്ടാം പകുതി മുതല്‍ പണ്ടാരം എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതി എന്ന് കണ്ടിരിക്കുന്ന നമുക്ക് തോന്നും.കുരിശ് എങ്ങനെയെങ്കിലും തീര്‍ക്കണമല്ലോ എന്ന ചിന്ത അലട്ടുന്നത് പോലെ എ കെ സാജനും എന്തൊക്കെയോ ചെയ്തു കൂട്ടി വെച്ചിട്ടുമുണ്ട് .ഡോണ്‍ ദാവീദ് ആയ ശേഷം കുറേക്കാലത്തേക്ക് പത്താംകളം ഡോണിനെ മറന്നത് പോലെയാണ് സിനിമയില്‍,ഇടയ്ക്ക് എപ്പഴോ അബ്ബ മോറ എന്ന കഥാപാത്രം ഡോണിനെ വളരാന്‍ അനുവദിച്ചത് താനാണ് എന്നും എപ്പോള്‍ വേണമെങ്കിലും ഡോണിനെ കൊല്ലും എന്നൊക്കെ പറയുന്നുണ്ട്.പക്ഷേ തൊട്ട് പുറകെ കോമ്പ്രമൈസ് എന്നും പറഞ്ഞ് ഇതേ കഥാപാത്രം ഡോണിന്റെ അടുത്തു പോകുന്നതുമുണ്ട് .ഇനി ഡോണ്‍ ആണെങ്കിലോ? ഒരു ഒന്നൊന്നര ഡോണ്‍ .തുടക്കം പത്താംകളത്തിന്റെ പ്രധാന ഡ്രഗ് സപ്ലയറെ കൊന്നും ,അവരുടെ മറ്റ് സപ്ലയറന്‍മാരുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടും ഒക്കെയാണ് .പക്ഷേ പിന്നെ അങ്ങോട്ട്‌ പിള്ളേരെ സ്കൂളില്‍ പോകാന്‍ സഹായിക്കുക,അബലകളായ സ്ത്രീകള്‍ക്ക് വേണ്ടി പീഡന വീരന്മാരായ ഇന്‍ഫോപാര്‍ക്ക് മുതലാളികളെ ഫ്രീയായി കൊല്ലുക,പെന്‍ഷന്‍ പറ്റിയ നിരാലംബരായ വൃദ്ധന്മാരെ അവര്‍ ഒരു സിഗരട്ട് പോലും വലിക്കാതെ സമ്പാദിച്ച കാശ് പറ്റിച്ച ബില്‍ഡറെ തട്ടുക തുടങ്ങിയ ധാര്‍മ്മിക പ്രവര്‍ത്തികള്‍ മാത്രമേ ഡോണ്‍ ചെയ്യു. പിന്നെ ബാക്കിയുള്ള ഫ്രീ ടൈമില്‍ ഷെവര്‍ലെ,വോള്‍ക്സ് വാഗണ്‍,ഫെറാറി തുടങ്ങിയ കാറുകളില്‍ സഹായികളായ മസിലന്മാര്‍,സുന്ദരികള്‍ എന്നിവരുമായി സ്ലോമോഷനില്‍ സഞ്ചരിക്കുകയും.

കോ :അപ്പൊ കഥ കൈ വിട്ട് പോയി ...അഭിനയമോ ?

പ്രേ :നായകനായ അസിഫ് അലി വലിയ കുഴപ്പമില്ലാത്ത രീതിയില്‍ ഡോണ്‍ ബോസ്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങും .പക്ഷേ കുറച്ചങ്ങോട്ട് കഴിയുമ്പോള്‍ സംഗതി കൈവിട്ട് പരമ ബോറാകുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തും. ആസിഫിനെക്കാള്‍ ഇക്കാര്യത്തില്‍ കുറ്റക്കാരന്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാന്‍ ശ്രമിച്ച എ കെ സാജന്‍ തന്നെ. വിജയരാഘവന്‍, സിദ്ദിഖ് എന്നിവര്‍ അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി .പക്ഷേ വിജയരാഘവന്റെ കഥാപാത്രം ഇടവേളയ്ക്കു ശേഷം ഒരു ലോജിക്കും ഇല്ലാത്ത മട്ടിലാണ് പോകുന്നത് എന്നത് പ്രശ്നമാണ് .പിന്നെ ഡോണിനെ സ്നേഹിക്കുന്ന മാര്‍ട്ടി എന്ന പെണ്‍കുട്ടിയായി സംവൃത സുനില്‍ , ഡോണിന്റെ അമ്മയായി ലെന , സുഹൃത്തുക്കളായി നവീന്‍ പോളി , ഗണപതി , കുറെ ജിം ബോയ്സ് , രണ്ട് സുന്ദരികള്‍ ഇവരൊന്നും ഗുണത്തിനും ദോഷത്തിനുമില്ല എന്ന മട്ടില്‍ സ്ക്രീനില്‍ വന്ന് പോകുന്നുണ്ട് . വില്ലന്മാരില്‍ നേരത്തെ പറഞ്ഞ ആരോണ്‍ , റുബന്‍, അമീറ , വെനേസ തുടങ്ങിയവര്‍ അഭിനയിച്ച് തുടങ്ങിയാല്‍ പിന്നെ കാലു പിടിച്ചാലും നിറുത്തില്ല .പ്രത്യേകിച്ച് ആരോണ്‍ , അമീറാ , റൂബന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍

കോ : ക്യാമറ , കീമറ , എഡിറ്റിംഗ് ,കിഡിറ്റിംഗ് ഒക്കെ ?

പ്രേ :രണ്ടാം പകുതിയില്‍ ഷാജി കൈലാസ് ,അമല്‍ നീരദ് ഭൂതാവേശം ഉണ്ടാകുന്ന വരെ ഇതൊക്കെ പടം അത്യാവശ്യം ബോറടിക്കാതെ കണ്ടോടിരിക്കാന്‍ പാകത്തില്‍ ഉണ്ട്. പിന്നെ പരമ ബോറാണ്. അകെ കൊള്ളാവുന്നത് പശ്ചാത്തല സംഗീതമാണ്.പക്ഷേ അതിനുള്ള പഞ്ച് സിനിമക്കില്ല എന്നുള്ളതാണ് കഷ്ടം "

കോ :ചുരുക്കത്തില്‍...

പ്രേ :ഡാര്‍ക്ക് തീമുകള്‍ വലിയ ക്യാമറ ഗിമിക്കുകളും,അമല്‍ നീരദ് സ്റ്റൈല്‍ ഹീറോയിക് ഫ്രെയിമുകളും ഇല്ലാതെ മര്യാദക്ക് പറയാനുള്ള സ്വന്തം കഴിവ് വിട്ടിട്ട് എ കെ സാജന്‍ നശിപ്പിച്ച സിനിമ .അതാണ്‌ അസുരവിത്ത്‌ .കൊക്കില്‍ ഒതുങ്ങാത്തത് കൊത്തി വിഴുങ്ങാന്‍ ശ്രമിച്ച് ശ്വാസം മുട്ടുന്ന പാവം ആസിഫ് അലിയും,കാര്യമായി ഒന്നും ചെയ്യാനില്ലാത്ത സഹ കഥാപാത്രങ്ങളും , നാശം ഒന്ന് കഴിഞ്ഞ് കിട്ടിയാല്‍ വീട്ടില്‍ പോയി സ്റ്റോപ്പ്‌ വയലന്‍സ് ഡി വി ഡിയില്‍ കണ്ട് സമാധാനിക്കാം എന്ന് കരുതുന്ന പ്രേക്ഷകരും . പോരെടെ ...

കോ : മതി അണ്ണാ . പക്ഷേ ഇത് നിങ്ങളുടെ പഴയ ശൈലി തന്നെയല്ലേ ? അത് മാറ്റി പിടിക്കണം

പ്രേ : എഴുന്നേറ്റ് പോടാ അവിടുന്ന്. മനുഷ്യന് മനസിലാവുന്ന ഭാഷയില്‍ സിനിമകളെകുറിച്ചുള്ള എന്റെ അഭിപ്രായം പറയുന്ന പരിപാടി ഞാന്‍ നിറുത്തുന്ന ദിവസം ശൈലി മാറ്റം നമുക്ക് ആലോചിക്കാം.അത് വരെ നീയൊക്കെ എന്റെ ബ്ലോഗിന്റെ വരാന്തയില്‍ കൊടിയും പിടിച്ചിരിക്ക് .

കോയയും അനോണികളും പ്രേക്ഷകന്റെ ബ്ലോഗിന്റെ വരാന്തയിലേക്ക്‌ നീങ്ങുന്നു. അത് വരെ നിശബ്ദ ചിത്രത്തില്‍ അഭിനയിച്ചിരുന്ന അനോണി മരത്തലയന്മാര്‍ അതോടെ ആക്ടിവ്. തെറി വിളി സ്റ്റാര്‍ട്ട്‌ ...കഥ തുടരുന്നു

Friday, January 6, 2012

ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട്

അണ്ണന്‍ അറിഞ്ഞായിരുന്നോ മലയാള സിനിമയുടെ കഴിഞ്ഞ അമ്പതു വര്‍ഷത്തെ ചരിത്രം എടുത്താല്‍ മികച്ച ഇരുപത്തി അഞ്ചു ചിത്രങ്ങളില്‍ സ്ഥാനം പിടിക്കാവുന്ന ഒരു ചിത്രം ഈ വര്‍ഷം തുടക്കത്തില്‍ തന്നെ റിലീസ് ആയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ട്രാഫിക്‌ .ഈ വര്‍ഷം ഇതു .. ഹോ ഈ മലയാള സിനിമ രക്ഷപ്പെട്ടിട്ടേ ഉള്ളു വേറെ കാര്യം.ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം വരുന്നു അണ്ണാ.

അടങ്ങേടെ.നീ അങ്ങനെ അങ്ങ് കത്തി കേറാതെ.അനിയാ ഈ മലയാള സിനിമ എന്ന സാധനം നന്നാവണം എങ്കില്‍ സ്വന്തമായി ഒരു അഭിപ്രായവും അത് എന്ത് കൊണ്ട് എന്നും വ്യക്തമായി പറയാനും കഴിയുന്ന ഒരു തലമുറ വളര്‍ന്നു വരണം.ഇവിടെ തന്‍റെത്തിനു വിപരീതമായി ചിന്തിക്കുന്ന ഒരാളെ എങ്ങനെ ബ്രാന്‍ഡ്‌ ചെയ്യാമെന്ന് തല പുകയ്ക്കുന്ന ജീവികളാണ് ബൂലികത്തു ഉള്ളത്.പിന്നെ ആകെ ഒരു ഭാഗ്യം ഇവരൊക്കെ നശിച്ചു കൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകളെ പോലെ ആണെന്നുള്ളതാണ്. കഴിഞ്ഞ വര്‍ഷത്തെ ബോക്സ്‌ ഓഫീസ് തെളിയിക്കുന്നതും അതൊക്കെ തന്നെ.

അതൊക്കെ അവിടെ കിടക്കും അണ്ണാ . നിങ്ങള്‍ കാര്യത്തിലേക്ക് വന്നെ.ഇത്ര ഭയങ്കര ഒരു ചിത്രം വന്നിട്ട് നിങ്ങള്‍ കണ്ടില്ല എന്ന് പറഞ്ഞാല്‍ ............

നീ എന്‍റെ മാനം കെടുത്തിയെ അടങ്ങുകയുള്ളോ? ശരി അത് നില്‍ക്കട്ടെ പുതിയ തലമുറയുടെ കഥ പറയുന്ന ചിത്രങ്ങള്‍ എടുക്കുന്ന സംവിധായകര്‍ക്കുള്ള ഒരു മാര്‍ഗരേഖ എന്ന എന്‍റെ ഏറ്റവും പുതിയ പഠനം നീ വായിച്ചായിരുന്നോ?

അല്ല അതിനു മലയാളം വായിക്കാന്‍ ചില്ലറ ബുദ്ധിമുട്ട് .........പിന്നെ മലയാളം അക്ഷരം വായിക്കാന്‍ അറിയാം എന്നറിഞ്ഞാല്‍ എന്നെ നിരൂപക സംഘടനക്കു പുറത്താക്കും. അല്ലേലും ഈ മലയാളത്തില്‍ വരുന്നതൊക്കെ ചവര്‍ അല്ലിയോ?

ശരി ആ പുസ്തകത്തില്‍ ഞാന്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇവയാണ്

1. പുതിയ തലമുറയിലെ കുട്ടികള്‍ (ടീനേജ്) പയ്യന്മാരെല്ലാം സ്നേഹത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നവരാണ് . രണ്ടു ദിവസം ഇന്‍റെര്‍നെറ്റോ,മൊബൈല്‍ ഫോണോ ഇല്ലെങ്കില്‍ അവരൊക്കെ സഹിച്ചു എന്നിരിക്കും . പക്ഷെ സ്നേഹം .... ഇതാണ് ഇവരുടെ ഏറ്റവും വലിയ ദൌര്‍ബല്യം.

2.ഈ കുട്ടികളുടെ മാതാപിതാക്കള്‍ ആകട്ടെ ഭയങ്കര തിരക്കുള്ളവരും,കുട്ടികളുടെ കൂടെ ഒരല്‍പം സമയം പോലും ചെലവഴിക്കാന്‍ സമയം ഇല്ലാത്തവരും ആയിരിക്കണം.എന്നാല്‍ ഇവരുടെ ഏക ലക്‌ഷ്യം കുട്ടിയുടെ (കുട്ടികളുടെ) ഉന്നമനം ആയിരിക്കണം.ഇവന് /ഇവള്‍ക്ക് വേണ്ടിയാണു ഞാന്‍ എങ്ങനെ രാപ്പകല്‍ ഇല്ലാതെ അധ്വാനിക്കുന്നത്‌ എന്ന് ഇടയ്ക്കിടെ പറയണം.

3. കുറെ കാലം മാതാപിതാക്കളുടെ സ്നേഹം എന്ന് കിട്ടും നാളെ കിട്ടും എന്ന് പ്രതീക്ഷിച്ചു മടുക്കുന്ന കുട്ടികള്‍ സ്വന്തമായി ഒരു ഗാംഗ് ഉണ്ടാക്കി ഒരു അമേരിക്കന്‍ പൈ എന്ന സിനിമയുടെ ലൈനില്‍ നീങ്ങുന്നു.(ഇവിടുന്നു വേണം കഥ തുടങ്ങാന്‍.മുകളില്‍ പറഞ്ഞതൊക്കെ ഇടയ്ക്കിടെ കാണിച്ചു കാണികളെ ബോധ്യപ്പെടുത്തണം)

4. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പയ്യന്മാരുടെ സഹോദരിമാര്‍ എല്ലാം തികഞ്ഞ നാടന്‍ പിള്ളേരോ അല്ലെങ്കില്‍ ഡ്രെസ്സില്‍ മാത്രം മോഡേണ്‍ ആയിട്ടുള്ളവരോ ആയിരിക്കണം എന്നുള്ളതാണ്.(അല്ലെങ്കിലും മലയാളിയുടെ സ്ത്രീ സങ്കല്പം സ്വന്തം ഭാര്യയും അന്യന്‍റെ ഭാര്യയും എന്നിതില്‍ തീരുമല്ലോ) .

5.സാദാ സമയം പിലോസപി പറയുന്ന ഒരു വയസ്സന്‍ ജുബ കഥാപാത്രം നിര്‍ബന്ധമായും വേണം.ഒരു പകുതിക്ക് അടുത്ത് ഒരു ദുഃഖ രംഗം വേണം എന്ന് തോന്നിയാല്‍ അങ്ങേരെ തട്ടികളയാം.

6.പയ്യന്‍മാരുടെ സംഘത്തില്‍ എപ്പോളും ഒരു തടിയന്‍ വേണം.തടിയന്‍ പേടിതൊണ്ടനും എന്നാല്‍ ഏറ്റവും ആക്രാന്തം ഉള്ളവനും ആയിരിക്കണം .(സംഗതി ഈ അമേരികാല്‍ പൈ മുതല്‍ ബോയ്സ് വരെ അങ്ങനെയാണ് സൊ ചോദ്യമില്ല )

എങ്ങനെയുള്ള സാഹചര്യം റെഡി ആക്കി കഴിഞ്ഞാല്‍ (ആദ്യത്തെ അമേരിക്കന്‍ പൈ അധികനേരം കൊണ്ട് പോകരുത്.സദാചാരിയായ മലയാളി സഹിക്കില്ല)ചില പ്രത്യേക ഉദ്ദേശ്യങ്ങളോടെ ഇവരുമായി ചങ്ങാത്തം സ്ഥാപിക്കുന്ന പ്രധാന കഥാപാത്രം.പിന്നെ പതുക്കെ ഫോക്കസ് ഈ കഥാപാത്രത്തിലേക്ക്.അവരുടെ പ്രശ്നങ്ങള്‍ തീരുന്നതോടെ ഈ പയ്യന്മാര്‍ എല്ലാം നന്നായി മാതാപിതാക്കളോടൊപ്പം സമൂഹ ഗാനം ആലപിച്ചു നിര്‍ത്തും .എപ്പിടി ?

ഈ പറഞ്ഞതില്‍ ആകെ തല ഉപയോഗിക്കേണ്ട ഭാഗം ഇവരുടെ ഇടയിലേക്ക് വരുന്ന ആ മറ്റേ കഥാപാത്രത്തിന്‍റെ കാര്യത്തിലാണ് . എത്ര നിസ്സാരം ... മനസ്സിലായോ ?

അല്ല ഈ ചിത്രത്തില്‍ ......

ഈ പടത്തില്‍ സംവിധായകന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാതെ ചെയ്തിട്ടുണ്ട്.ഈ പയ്യന്മാരുടെ ഇടയിലേക്ക് ജെര്‍മ്മനിയില്‍ നിന്നും വരുന്ന ക്രിസ്റ്റല്‍ (റീമ) ആണ് മേല്‍പ്പറഞ്ഞ മറ്റേ കഥാപാത്രം.കൊച്ചിലെ ജെര്‍മ്മന്‍ ദെബതികളാല്‍ ദത്തെടുക്കപ്പെട്ട ഇവര്‍ വേരുകള്‍ അന്വേഷിച്ചാണ് ഇന്ത്യയില്‍ എത്തുന്നത്‌.(ഉള്ളത് പറയണമല്ലോ റീമയുടെ അഭിനയം കണ്ടാല്‍ ആ കൊച്ചു സോഫ്റ്റ്‌വെയര്‍ കൂലി പണിക്കു പോലും വിദേശത്ത് പോയതായി തോന്നില്ല.ഒരു മാതിരി കേരളത്തിലെ കോളേജ് പെണ്‍ പിള്ളേരുടെ യോ യോ ലൈന്‍).ചില്ലറ വേരോന്നുമല്ല ആ കഥാപാത്രത്തിനു,ആദ്യം ഇവരും ചെറുക്കന്മാരും അനാഥാലയത്തില്‍ പോകുന്നു.പിന്നീടു പത്രത്തില്‍ പരസ്യം കൊടുത്തു ആ കൊച്ചിനെ അവിടെ കൊടുത്ത വയറ്റാട്ടി അമ്മിണി അമ്മയെ(കവിയൂര്‍ പൊന്നമ്മ) കണ്ടെത്തുന്നു.അവിടെയെത്തുമ്പോള്‍ മൊത്തം അമ്മെ -മോളെ ലൈന്‍.എന്നാല്‍ അവര്‍ ജീവിതത്തില്‍ കല്യാണം കഴിച്ചിട്ടില്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം അറിയുമ്പോള്‍ സംഘം വീണ്ടും അന്വേഷണത്തിന്. ഒരു അനാഥ കുട്ടിയെ വളര്‍ത്തുന്നതിന്‍റെ കൂലിയായി അവിടത്തെ ആയുര്‍വേദ ഭ്രാന്താശുപത്രിയിലെ വലിയ വൈദ്യന്‍ കൃഷ്ണന്‍ മൂസ് അമ്മിണി അമ്മക്ക് കൊടുത്തതാണ് ഇവര്‍ക്കുള്ള ഭൂസ്വത്തുക്കള്‍.അത് തട്ടിയെടുക്കാന്‍ ഇപ്പോളത്തെ വൈദ്യന്‍ ഉണ്ണി മൂസ് രംഗത്തുണ്ട് ( സന്തോഷ വാര്‍ത്ത‍ !!! ശ്രീജിത്ത്‌ രവിയും കോമഡി ആരംഭിച്ചിരിക്കുന്നു).

മരിച്ചു പോയ കൃഷ്ണന്‍ മൂസ് ആയിരിക്കും വേര് എന്ന് കരുതി ഭ്രാന്തി ആയി അഭിനയിച്ചു ഭ്രാന്താശുപത്രിയില്‍ ആഡ്മിറ്റ് ആകുന്നു ക്രിസ്റ്റല്‍. (കൊച്ചു വേരും കൊണ്ടേ പോകു എന്ന വാശിയിലാണ്) അപ്പോളാണ് കൃഷ്ണന്‍ മൂസ് സംഗതി നിത്യാനന്ദസ്വാമികള്‍ (കുട്ടികള്‍ ഉണ്ടാകാത്ത ടൈപ്പ്) ആയിരുന്നു എന്നും ഉണ്ണി മൂസിനെ എടുത്തു വളര്‍ത്തിയത്താണെന്നും ഉള്ള അടുത്ത ഞെട്ടിക്കുന്ന സത്യം അറിയുന്നത്.(ഉണ്ണി മൂസിനെ കണ്ടു പഠിച്ചൂടെ കൊച്ചിന്? വേരും വേണ്ട ഒന്നും വേണ്ട മൊത്തം ഹാപ്പി !!!)

നിരാശരാകാതെ അന്വേഷണം തുടരുന്ന ക്രിസ്റ്റലും പയ്യന്മാരും (ഇതിനിടെ പറയാന്‍ മറന്നു നാട്,പുഴ,മാവിന്‍ കമ്പ് കൊണ്ടുള്ള പല്ലുതേപ്പ് ഇവയെല്ലാം നമ്മുടെ പയ്യന്മാരെ നല്ലവരാക്കി,വീട്ടുകാരെ സ്നേഹിക്കുന്ന നല്ല കുട്ടികള്‍ ആക്കി മാറ്റിയിരുന്നു.ഇവനെയൊക്കെ പിടിച്ചു സത്യന്‍ അന്തിക്കാടിന്‍റെ പഴയ രണ്ടു പടം കാണിച്ചാല്‍ ഇക്കണക്കിനു ഇവനൊക്കെ പണ്ടേ നന്നായെനെയല്ലോ?) ഒടുവില്‍ ഈ പയ്യന്മാരുടെ അമ്മമാരില്‍ ഒരാളാണെന്ന് തന്‍റെ അമ്മ എന്ന് ക്രിസ്റ്റല്‍ അതീവ ബുദ്ധിപരമായി കണ്ടു പിടിക്കുന്നു.(പണ്ട് വട്ടായിട്ടു ചികിത്സക്ക് വന്നപ്പോള്‍ പ്രസവിച്ചതാ).ആ ഫ്ലാറ്റ് കോംപ്ലെക്സില്‍ തന്നെയുള്ള ഒരു സൂപ്പര്‍ താരം വെള്ളമടിച്ചു തന്‍റെ ചെറുപ്പകാലത്ത് നടന്ന ഒരു അവിഹിത ബന്ധത്തെ കുറിച്ച് പറയുന്നതോടെ (വെറുതെ പറയുന്നേ ഉള്ളു . ആരുമായിട്ടായിരുന്നു എന്നൊന്നും പറയുന്നില്ല) അച്ഛന്‍ അങ്ങേര്‍ തന്നെ എന്ന് ക്രിസ്റ്റല്‍ തീരുമാനിക്കുന്നു.രണ്ടു പേരുടെയും കൂടെ നിന്ന് ഒരു ഫോട്ടോയും എടുത്തു,സത്യം മേല്‍പ്പറഞ്ഞ അച്ഛന്‍ (?) അമ്മ മാരോട് വെളിപ്പെടുത്താതെ എല്ലാം ഉള്ളില്‍ ഒതുക്കി, കിട്ടിയ വേരും പടലുമായി കൊച്ചു ജെര്‍മ്മനിക്ക് വണ്ടി കേറുന്നു.(പറയാന്‍ വിട്ടു പോകുന്നതിനു മുന്‍പ് സുപ്പര്‍ സ്റ്റാറിന്‍റെ പിരിയാന്‍ നിന്ന ഭാര്യയെ ഒറ്റ സിറ്റിങ്ങില്‍ തിരിച്ചു കൊണ്ട് വരുന്നുണ്ട് കൊച്ചു.നമ്മുടെ വിധുബാല ഒക്കെ പിച്ചയെടുത്തത് തന്നെ ).ഡാ ... എണീക്കെടാ ......

അയ്യോ ... ഏ .. ഇതെവിടാ.. ഓ .. വേര്, കൊച്ചു,പയ്യന്മാര്‍ .. നമ്മള്‍ എവിടെ ആയിരുന്നു ?

കുന്തം. . എടാ ഈ സംഗതി ഒറ്റ ഇരുപ്പിന് കണ്ട എന്‍റെ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ.ഇതാണ് അമ്പതു വര്‍ഷത്തില്‍ ഇറങ്ങിയ മികച്ച പതിനഞ്ചു മികച്ച ചിത്രങ്ങളില്‍ ഒന്ന്.സമാധാനം ആയല്ലോ? മനോജ്‌ വിനോദ് എന്ന നവാഗത പ്രതിഭ ബ്യുട്ടിപാര്‍ലറില്‍ ഇട്ടു അണിയിച്ചൊരുക്കുന്ന ചലച്ചിത്ര കാവ്യത്തിന്റെ സംഗ്രഹം ഇതാണ്. ജോണി സാഗരികയും പ്രസ്തുത കര്‍മ്മത്തില്‍ പങ്കെടുത്തു നമ്മെ സഹായിച്ചിട്ടുണ്ട്.

ഈ പറഞ്ഞതൊന്നും കൂടാതെ വേറെ ഒത്തിരി രംഗങ്ങള്‍ നമ്മുടെ മാനസിക ഉല്ലാസത്തിനായി സംവിധായകന്‍ ഒരുക്കിയിട്ടുണ്ട് . പയ്യന്മാരുടെ സംഘത്തിലെ തല തെറിച്ചവന്‍റെ ആത്മഹത്യക്കുള്ള കാരണം തുടങ്ങിയവ അതീവ രസകരം ആയിട്ടാണ് ഒരുക്കിയിരിക്കുന്നത് (ചിരിച്ചു മണ്ണ് കപ്പും).ഇന്നത്തെ കാലത്ത് ഏട്ടാ എന്ന് വിളിച്ചു വാലില്‍ തുങ്ങി നടക്കുന്ന നാട്ടിന്‍പുറം
മുറപെണ്ണ്,അവരെ എപ്പോളും ഒരുമിച്ചിരിക്കാന്‍ സാഹചര്യം ഒരുക്കുന്ന മാതാപിതാക്കള്‍,നാട്ടിന്‍ പുറത്തെ പാവം പയ്യനെ ഇംഗ്ലീഷ് പറഞ്ഞു പേടിപ്പിക്കുബോള്‍ അവന്‍ തിരിച്ചു ആവും പോലെ വീ ആര്‍ നോട്ട് ബെ ഗേ ഗേ ഗേ ഴ് സ് എന്ന സ്റ്റൈലില്‍ ഗര്‍ജിക്കുന്നത് എന്നിവ ഒക്കെ ഈ ചിത്രത്തിന്‍റെ പുതുമകളാണ്.പിന്നെ ഈ നഗരങ്ങളില്‍ സ്നേഹം കിട്ടാതെ വഷളായ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം,നാട്ടിന്‍പുറം എന്ന് വെച്ചാലോ എവിടെ നോക്കിയാലും നന്മ മാത്രമുള്ള സ്ഥാലം എന്നൊക്കെയാണ് സംവിധായകന്റെ സങ്കല്പം.

അപ്പോള്‍ അഭിനയം ...

റീമ കല്ലിങ്കല്‍ ക്രിസ്റ്റല്‍ ആയി ജീവിക്കുകയാണ് ഈ ചിത്രത്തില്‍.ശ്രീജിത്ത്‌ രവി ഈ പോക്ക് പോയാല്‍ നടന്‍ ബാബു രാജിന് ഒരു വെല്ലുവിളി ആയേക്കും (ഇനി മലയാളത്തില്‍ കോമഡി കാണിക്കാന്‍ വില്ലന്മാരില്‍ ഇന്ത്യന്‍ റുപി എന്ന പടത്തില്‍ മാമ്മു കോയയുടെ ബിസ്നെസ്സ് സഹായി ആയി വരുന്ന തടിച്ച നടന്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് തോന്നുന്നു). സുരാജ് അഭിനയിക്കുന്നില്ല എന്നുള്ളത് മാത്രമാണ് ഈ ചിത്രത്തിനെ കുറിച്ച് പറയാവുന്ന ഒരു നല്ല കാര്യം.നായകന്‍മാര്‍ എന്ന് വിളിക്കാവുന്ന പയ്യന്മാര്‍ അവരെ കൊണ്ട് കഴിയുന്ന പോലെ അഭിനയിച്ചിട്ടുണ്ട്.

അല്ല അണ്ണാ ഒരു സംശയം ഇതില്‍ എവിടെയാ ഈ ഓര്‍കൂട്ട് ?

അതല്ലേ സിനിമയുടെ മര്‍മ്മം.ഇതില്‍ ക്രിസ്റ്റല്‍ പയ്യന്‍മാരുമായി പരിചയപ്പെടുന്നത് ഓര്‍കൂട്ട് വഴിയാണ്.ഓര്‍മ്മ കൂട്ട് എവിടെയാണോ എന്തോ ?

Sunday, January 1, 2012

മലയാള സിനിമ @ 2011

മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ് വേതാളം ചാനലിന്‍റെ വാടാ പരിപാടിയിലേക്ക് സ്വാഗതം.നമ്മുടെ സമുഹത്തിന്‍റെ നേര്‍ക്ക് ഉയര്‍ത്തുന്ന ചോദ്യചിന്നമായ ഈ പരിപാടി നയിക്കുന്നത് ഈ ചാനലിലെ അംഗീകൃത പുലിയായ ഷോബി മോളാണ്

ഷോ: നമസ്ക്കാരം. ഇന്നു നമ്മുടെ അതിഥി ആയി എത്തിയിരിക്കുന്നത് ബൂലോകത്തെ സുപ്രസിദ്ധനും ജനകോടികളുടെ ആരാധനാ പാത്രവും അയ ഡോക്ടര്‍ പ്രേക്ഷകനാണ്.അദ്ദേഹത്തെ വാടാ പോടാ പരിപാടിയിലേക്ക് സ്വാഗതം ചെയുന്നു .

പ്രേ : നന്ദി

ഷോ : മലയാള സിനിമ എന്ന് വെച്ചാല്‍ തന്നെ സുപ്പര്‍ താരങ്ങള്‍ ആണല്ലോ .2011 എന്ന വര്‍ഷവും പതിവ് പോലെ ഇവരുടെ അനിഷേധ്യമായ ആധിപത്യം നിലനിര്‍ത്തിയ ഒരു വര്‍ഷം ആയിരുന്നു എന്ന് നമുക്ക് നിസംശയം പറയാമല്ലോ.ഞങ്ങളുടെ എസ് എം എസ് പോളുകള്‍ സൂചിപ്പിക്കുന്നത് അതാണ്.

പ്രേ : സംശയമുണ്ടോ? എന്നാലും രണ്ടു പേരില്‍ ആരുടെ ആധിപത്യം ആയിരുന്നു കൂടുതല്‍ എന്ന് കൂടി പറഞ്ഞാല്‍ ഇവരുടെ ഒക്കെ പ്രബുദ്ധരായ ആരാധകകര്‍ക്ക് ഇന്നത്തേക്ക് കടിപിടി കൂടാന്‍ ഉള്ളതായേനെ.

ഷോ : പ്രേക്ഷകന്‍ താങ്കള്‍ എന്തോ അര്‍ഥം വെച്ചാണ്‌ സംസാരിക്കുന്നതു എന്ന് തോന്നുന്നു ദയവായി തെളിച്ചു പറയാമോ?

പ്രേ : നിങ്ങള്‍ മാധ്യമങ്ങള്‍,ബൂലോകത്തെ മറ്റു കുഴല്‍ ഊത്തുകാര്‍ എന്നിവര്‍ പറയുന്ന ഒരു വാചകം ഒന്ന് കടമെടുതോട്ടെ . ഈ വര്‍ഷം നമ്മുടെ രണ്ടു സുപ്പര്‍ താരങ്ങളും എന്നെ വിസ്മയിപ്പിച്ചു എന്നതൊരു സത്യം തന്നെയാണ്.2010 എന്ന ഒരു ഉജ്വല വര്‍ഷത്തിനു ശേഷം,നഗ്നത മറയ്ക്കാന്‍ പ്രാഞ്ചി,ശിക്കാര്‍ എന്നീ കീറ കൌപീനങ്ങള്‍ ‍ മാത്രമുണ്ടായിരുന്ന ആ വര്‍ഷത്തിനു ശേഷം, ഏതെങ്കിലും ഒരു മാറ്റം ഇവരില്‍ നിന്നും,ഇവരുടെ തീര്‍ന്നു കൊണ്ടിരിക്കുന്ന ആരാധകരെ പോലെ ഞാനും പ്രതീക്ഷിച്ചു . എവിടെ? അഭിനയിച്ച അഞ്ചു കൂറ (നിലവാരം ഉണ്ടായിരുന്നു എന്ന് അദേഹത്തിന്റെ കുടുംബം പോലും പറയില്ല എന്നതാണ് സത്യം) ചിത്രങ്ങളും നിരപ്പിനു പൊട്ടിയ ഇക്കയാണോ അതോ മലയാളത്തിലെ സകല നായകന്‍മാരെയും തട്ടികൂട്ടി പടമെടുത്തു നില നില്ക്കാന്‍ ശ്രമിച്ച,അത് നടക്കാതെ ആയപ്പോള്‍ വീണ്ടും ഒറ്റയ്ക്ക് കാണികളെ സന്തോഷിപ്പിക്കാനായി വാശിക്ക് നിലവാരമില്ലാത്ത ചിത്രങ്ങളില്‍ അഭിനയിച്ചു പരാജയപ്പെട്ട ഏട്ടനാണോ ഈ വര്‍ഷം ലക്‌ഷ്യം കണ്ടത് എന്നറിയാനായി ഒരു പോള്‍ നടത്തികൂടെ?

ഷോ : ഒരു നിമിഷം.ആദ്യം പറഞ്ഞത് ഞങ്ങള്‍ സമ്മതിച്ചു.മമ്മുട്ടി എന്ന മഹാനടനെ വേണ്ട പോലെ ഉപയോഗിച്ചില്ല ഈ വര്‍ഷം എന്ന് സമ്മതിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.(വേറെ ഒരു രക്ഷയുമില്ല. അത്ര ഉഗ്രനായിരുന്നു ഓരോ പടവും).പക്ഷെ ലാലേട്ടന്‍ , അദേഹം പ്രണയം എന്നൊരു ഒറ്റ ചിത്രത്തിലൂടെ നമ്മളെ എല്ലാം വിസ്മയിപ്പിച്ചത് താങ്കള്‍ മനപൂര്‍വം മറക്കുകയല്ലേ.

പ്രേ : അപ്പോള്‍ പ്രണയം ഒഴികെ ഈ വര്‍ഷം അദേഹം അഭിനയിച്ചത് എല്ലാം എല്ലാം കൂറ ചിത്രങ്ങള്‍ ആയിരുന്നു എന്ന് നിങ്ങള്‍ സമ്മതിക്കുന്നു.എന്നാണോ?

ഷോ : അങ്ങനെയല്ല .ബാക്കി ചിത്രങ്ങളില്‍ അദേഹത്തെ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്.(മൈക്ക് ഓഫ്‌ ചെയ്തു ) അണ്ണാ തര്‍ക്കിക്കണ്ടാ.നമ്മള്‍ രണ്ടും പറയുന്നത് ഒന്ന് തന്നെ (മൈക്ക് ഓണ്‍) .

പ്രേ : അപ്പോള്‍ സംഗതി പ്രണയമാണ് . പ്രസ്തുത പടത്തെ പറ്റി ഞാന്‍ എന്‍റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞു കൊണ്ട് രണ്ട് പോസ്റ്റുകള്‍ ഇട്ടിരുന്നു. ഈ ബൂലോകത്തെ സകല പുലികളും ഒന്നൊഴിയാതെ അവരുടെ ഹൃദയത്തിനകത്ത്‌ എന്തരോ വാരി ഇട്ടത് പോലെയാണ് പ്രണയം കണ്ടപ്പോള്‍ അനുഭവപ്പെട്ടത് എന്നാണ് പറഞ്ഞു കേട്ടത്. ലാലേട്ടന്‍റെ അഭിനയം ആണേല്‍ ശോ ... എന്താ സംഭവം എന്ന ലൈനും.

രണ്ടും അവിടെ നില്‍ക്കട്ടെ.ഒരു ചോദ്യം മാത്രം എനിക്ക് ഇവരോട് ചോദിക്കാനുള്ളു.ഗോവയിലും,കേരളത്തിലും ആയി രണ്ടു ഫിലിം ഫെസ്റ്റിവല്‍ നടന്നല്ലോ.ആദാമിന്റെ മകന്‍ അബു,ഉറുമി,മേല്‍വിലാസം ഇങ്ങനെ പല പടങ്ങളും അവിടെ പ്രദര്‍ശിപ്പിക്കുകയും അതിലെ അഭിനേതാക്കളുടെ പ്രകടനം തികച്ചു നല്ല പ്രതികരണം ഉളവാക്കുകയും ചെയ്തു (പത്രത്തില്‍ വായിച്ചതാണ്.നേരിട്ട് കണ്ടതൊന്നും അല്ല).മേല്‍പ്പറഞ്ഞ രണ്ടു ചിത്രങ്ങളില്‍ ആദ്യത്തേത്‌ ഓസ്കാറിനു മത്സരിക്കാന്‍ (ഏതു വിഭാഗത്തില്‍ എന്നത് വിട് )യോഗ്യത നേടുകയും മറ്റേതു തൊട്ടു പുറകില്‍ എത്തുകയും ചെയ്തു.ഇവിടെയൊന്നും ഈ പറഞ്ഞ പ്രണയം എന്നൊരു സംഗതിയുടെ പേര് കേട്ടില്ലല്ലോ .അതെന്തു കൊച്ചെ ?

ഷോ : അല്ല അത് നമ്മുടെ മലയാള ചിത്രങ്ങളോടുള്ള സ്ഥിരമായ അവഗണന ........

പ്രേ : കൊച്ചെ നീ എന്നെ ചിരിപ്പിക്കരുത്.പിന്നെ മുകളില്‍ പറഞ്ഞതൊക്കെ ഭോജ്പുരി സിനിമകള്‍ ആണോ ? തിരുവനന്തപുരം മേളയുടെ പ്രധാന ആളു പ്രിയദര്‍ശന്‍ ആയിരുന്നു എന്ന് കൂടി ഓര്‍ക്കണം.(അങ്ങേര്‍ എന്തായാലും ലാലിന്‍റെ ശത്രു ആണെന്ന് ലാല്‍ ആരാധകര്‍ പോലും പറയില്ലല്ലോ) അപ്പോള്‍ സംഗതി,ഇവര്‍ക്ക് എല്ലാം ഇതൊരു കൂറ ചിത്രം ആണെന്നുള്ള ഉള്ള കാര്യത്തില്‍ ഒരു സംശയവും ഇല്ല. അവിടെ ഒക്കെ കൊണ്ട് പ്രദര്‍ശിപ്പിച്ചു വന്ന പ്രതിനിധികളുടെ വായില്‍ വായില്‍ ഇരിക്കുന്ന തെറി മുഴുവന്‍ കേള്‍പ്പിച്ചു നാറുന്നതിനെക്കാള്‍ ഭേദം സംഗതി മുക്കുന്നതല്ലേ?അത്രേയുള്ളൂ.പിന്നെ നമുക്ക് ഇതിനു വല്ല മനോവിഭ്രാന്തി - വിം അവാര്‍ഡ്‌ വല്ലതും വാങ്ങി കൊടുക്കാം പോരെ ?

ഷോ : ശരി നമുക്ക് അത് വിടാം മലയാള സിനിമ മൊത്തത്തില്‍ ഈ വര്‍ഷം.....?

പ്രേ : എനിക്ക് മൂന്ന് കാര്യങ്ങള്‍ ആണ് പ്രധാനമായും പോസിറ്റീവ് എന്ന് തോന്നിയത്

1 ) ട്രാഫിക്‌ മുതല്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ ഇവിടുത്തെ മാധ്യമങ്ങളുടെയും ബൂലോക സിംഹങ്ങളുടെയും അവഗണിക്കലിനെ (കുറ്റം പറയലിനെയും) അതിജീവിച്ചു വിജയം നേടി .(ഈ അവഗണന കൊണ്ട് വിജയം നേടാത്ത ചിത്രങ്ങള്‍ ഉണ്ട് എന്നത് വിസ്മരിക്കുനില്ല)
2 ) 2010 ദിലീപ് എന്ന നടന്റെ വര്‍ഷം ആയിരുന്നു എങ്കില്‍ 2011 പ്രിത്വിരാജ് എന്ന നടന്‍റെ വര്‍ഷം ആയിരുന്നു.അടുത്ത വര്‍ഷം വേറൊരു നടന്‍റെ വര്‍ഷം ആണെങ്കില്‍ തീര്‍ച്ചയായും മലയാള സിനിമ മുന്നേറ്റത്തിന്റെ പാതയില്‍ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാനാകും.2010 കാര്യസ്ഥന്‍,മേരിക്കുണ്ടൊരു കുഞ്ഞാട്,പാപ്പി അപ്പച്ചാ എന്നി ചിത്രങ്ങളിലൂടെ ദിലീപ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍.ഈ വര്‍ഷം പ്രിത്വിരാജ് ഉറുമി,ഇന്ത്യന്‍ റുപ്പീ,മണിക്യകല്ല് എന്നെ ചിത്രങ്ങളിലൂടെയാണ് സമാനമായ പ്രകടനം കാഴ്ച വെച്ചത്.ഈ മൂന്ന് ചിത്രങ്ങളും മള്‍ട്ടി താര ചിത്രങ്ങള്‍ ആയിരുന്നില്ല എന്നതും ശ്രദ്ധേയം (ദയവായി നായകന്‍ എന്ന നിലയില്‍ അവസാന ചിത്രം ഏതോ കാലത്ത് ചെയ്ത പ്രഭുദേവയെയും,നായകനാണോ അല്ലയോ എന്ന് തീര്‍ച്ച ഇല്ലാത്ത അര്യയെയും പൊക്കി കൊണ്ട് വരല്ലേ)

3) കാലഹരണ പെട്ട് കൊണ്ടിരിക്കുന്ന അഥവാ കാലത്തിനനുസരിച്ച് മാറാത്ത സുപ്പര്‍ താര - സംവിധായകരെ ജനം പുറം കാലിനു തൊഴിച്ച വര്‍ഷം ആയിട്ടാണ് ഞാന്‍ 2011 നെ കാണുന്നത്.ശ്രീ സത്യന്‍ അന്തിക്കാട്‌ ,ബ്ലെസി,പ്രിയന്‍,ജോഷി,റാഫിമെക്കാര്‍ട്ടിന്‍ , ഷാജി കൈലാസ് എന്നിവരെ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരെ കൂടാതെ ഈ ഗണത്തില്‍പ്പെടുത്താം.

ഷോ : അത് നില്‍ക്കട്ടെ ഒരു മലയാളി എന്ന നിലയ്ക്ക് താങ്കള്‍ക്ക് ലജ്ജ തോന്നിയ ഒരു നിമിഷം ?
പ്രേ : അദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിന് അബു നിര്‍വേദം എന്ന് പേരിട്ടിരുന്നു എങ്കില്‍ പത്തു പേര്‍ ആ പടം കാണാന്‍ കേറിയേനെ എന്ന് സലിം കുമാര്‍ നടത്തിയ പ്രസ്താവന വായിച്ചപ്പോള്‍.

കൂട്ടത്തില്‍ ഒന്ന് കൂടി പറഞ്ഞോട്ടെ ഇവിടുത്തെ മാധ്യമങ്ങളും ബൂലോക സിംഹങ്ങളും വെറും കൂലി എഴുത്തുകാര്‍ മാത്രം ആണെന്ന് തെളിയിക്കുന്നതായിരുന്നു അദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തോടുള്ള ഇവരുടെ സമീപനം.ഒരു പുതുമുഖ സംവിധായകന്‍ ഒരുക്കിയ,മികച്ച അഭിനയം നായകനും നായികയും കാഴ്ച വെച്ച, ഗാനങ്ങളും പശ്ചാത്തല സംഗീതവും ക്യാമറയും ഒക്കെ നന്നായ, സവോപരി തികച്ചും പോസിറ്റീവ് ആയ ഈ ചിത്രത്തിന് പരദേശി എന്ന കെട്ടികാഴ്ചക്ക് നല്‍കിയതിന്‍റെ പത്തിലൊന്ന് പരിഗണന നല്‍കിയിരുന്നു എങ്കില്‍ എത്ര നന്നായേനെ

ഷോ : താങ്കളുടെ വീക്ഷണത്തില്‍ ഈ വര്‍ഷത്തെ മറ്റു പ്രധാന സംഗതികള്‍ കൂടെ പറഞ്ഞാല്‍ ഈ പരിപാടി അവസാനിപ്പിക്കാമായിരുന്നു

പ്രേ :
1 ) തിരകഥ എന്നൊരു സാധനത്തിലെ പാളിച്ചകള്‍ ഒഴികെ മറ്റെല്ലാം (മിക്കവാറും എല്ലാം) നന്നായ ചാപ്പാ കുരിശു,സിറ്റി ഓഫ് ഗോഡ്,വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്നീ ചിത്രങ്ങള്‍ അര്‍ഹിക്കുന്ന വിജയം കൈവരിക്കാതെ പോയത് .

2 ) ചിത്രങ്ങള്‍ ശ്രദ്ധിച്ചു തിരഞ്ഞെടുക്കാത്തത് മൂലം കുഞ്ചാക്കോ ബോബന് എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ലഭിച്ച ജനപ്രീതി നില നിര്‍ത്താന്‍ കഴിയാതെ പോയത്.

3 ) കഴിഞ്ഞ തലമുറയിലെ നിര്‍മാതാവായ സുരേഷ് കുമാറിന്‍റെ രതി നിര്‍വേദം എന്ന ബിസ്നെസ്സ് ആശയത്തെയും അതിന്റെ വിജയത്തെയും നിഷ്പ്രഭം ആക്കി കൊണ്ട് പുതിയ തലമുറയുടെ പുത്തന്‍ മാര്‍ക്കെട്ടിംഗ് തന്ത്രങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ച് പ്രബുദ്ധരായ കേരള സിനിമ പ്രേക്ഷകരെ തികഞ്ഞ ഊ....ജ്വലര്‍ ആക്കി കൊണ്ട് സന്തോഷ്‌ പണ്ടിട്റ്റ് നേടിയ വിജയം.

4 ) മികച്ച കോമഡി നടന്‍ എന്ന സ്ഥാനത്തിനു ജഗതിയെയും സുരജിനെയും വലിയ വ്യത്യാസത്തില്‍ പിന്തള്ളി നായിക എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച ഹാസ്യ നടന്‍ എന്ന സ്ഥാനം പിടിച്ചു പറ്റിയ ജയറാം.

5) കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളായി സ്ലോ ആന്‍ഡ്‌ സ്റ്റെഡി എന്ന വിശേഷണത്തിന് അര്‍ഹനായ നടന്‍ : ജയസൂര്യ, ഈ വര്‍ഷവും ജനപ്രിയന്‍,ബ്യൂട്ടിഫുള്‍ എന്നി ചിത്രങ്ങളിലൂടെ നല്ല പ്രകടനം കാഴ്ച വെച്ചു.എന്നാല്‍ കഴിഞ്ഞ വര്‍ഷം നല്ല രണ്ടു വേഷങ്ങള്‍ കിട്ടിയ നെടുമുടിക്ക് (ബെസ്റ്റ് ആക്ടര്‍,എല്‍സമ്മ ) ഈ വര്‍ഷം ആ ഭാഗ്യം ഉണ്ടായില്ല എന്ന് വേണം പറയാന്‍ .

6) സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രം ആഷിക് അബു എന്ന സംവിധായകന് ഒരു പുതു ജന്മം നല്‍കി.ലാലിനെയും ആസിഫലി യെയും ബാബുരാജിനെയും,ശ്വേത മേനോനെയും മികച്ച രീതിയില്‍ ഉപയോഗിച്ച ഈ ചിത്രം നല്ലൊരു വാണിജ്യ വിജയമാണ് നല്‍കിയത് . അത് പോലെ തന്നെ വീല്‍ ചെയറില്‍ കഴിയുന്ന നായകനെ എത്ര വൃത്തിയായി അവതരിപ്പിക്കാം എന്ന് കാണിച്ചു തന്ന നടന്‍ ജയസൂര്യയും ഒപ്പം ബ്യുട്ടിഫുള്‍ എന്ന ചിത്രത്തിന് തിരകഥ ഒരുക്കിയ അനൂപ്‌ മേനോനും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.അഭിനയിച്ച എല്ലാവരും നന്നായ ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് ഇതു എന്നത് എടുത്തു പറയേണ്ടതാണ്‌ .

7)സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ വന്നു എന്ന് വെച്ചു താന്‍ ഇന്നും പഴയ നിലവാരത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് നമ്മോടു വിളിച്ചു പറഞ്ഞ ശ്രീ ബാബുരാജ്‌ സംവിധാനം ചെയ്ത മനുഷ്യമൃഗം എന്ന ചിത്രം .

8)ആദാമിന്‍റെ മകന്‍ അബുവിന് കിട്ടിയ അംഗീകാരം ആ ചിത്രത്തിന്‍റെ ശോക ഭാവത്തിനു കിട്ടിയ അവാര്‍ഡ്‌ ആണെന്നും.ജെ പി ദത്ത ഹിന്ദിയിലെ മേജര്‍ രവി ആണെന്നും പറഞ്ഞു ശ്രീ രഞ്ജിത് ഈ വര്‍ഷവും തന്‍റെ ബൌധിക പരിവേഷം നിലനിര്‍ത്തി .

ഷോ : ഒരൊറ്റ ചോദ്യം കൂടി . 2012 ലെ മലയള സിനിമയെ പറ്റി.....

പ്രേ : കോബ്രയിലും, ഗ്രാന്‍ഡ്‌ മാസ്റ്ററിലും പ്രതീക്ഷ നട്ട് കാത്തിരിക്കാന്‍ ആഹ്വാനം ചെയ്യുന്ന മാധ്യമങ്ങളോടും അത് കണ്ണടച്ച് വിഴുങ്ങുന്ന പൊതുജനത്തോടും എന്ത് പറയാനാ കൊച്ചെ? പക്ഷെ ഒന്നുണ്ട് ഒരു പക്ഷെ കാസനോവ എന്ന ചിത്രം ഏറെ കാലത്തിനു ശേഷം മലയാളിക്ക് ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഒരു ചിത്രം ആയിരിക്കാന്‍ ഒള്ള ഒരു സാധ്യത ഞാന്‍ കാണുന്നുണ്ട്.ലാല്‍ എന്ന താരത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ ഒരു നല്ല വാണിജ്യ സിനിമ ലക്‌ഷ്യം വെച്ച് മുന്നോട്ടു പോക്കുന്ന പക്ഷം കാസനോവ ആയിരിക്കും ഒരു പക്ഷെ 2012 ലെ സര്‍പ്രൈസ് എന്ന് വിളിക്കാന്‍ കഴിയുന്ന ചിത്രം.സംവിധായകന്‍ റോഷനും,തിരകഥ ഒരുക്കുന്ന ബോബി - സഞ്ജയ്‌ ജോടികള്‍ക്കും അതിനു കഴിയട്ടെ എന്നാശംസിക്കുന്നു. (ഈ പറഞ്ഞത് തമാശയല്ല)

ഷോ :(പാവം!! ട്രയിലെര്‍ കണ്ടു പേടിച്ചെന്ന തോന്നുന്നേ ) ഡോ.പ്രേക്ഷകന്‍ , സമയക്കുറവു മൂലം നമ്മള്‍ പരിപാടി ഇവിടെ അവസാനിപ്പിക്കയാണ്.ഞങ്ങളുടെ കാണികളോട് എന്തെങ്കിലും .....

പ്രേ : ഇവിടെ വന്നു ഈ എഴുതിയ അഭിപ്രായങ്ങള്‍ വായിച്ച മാന്യവായനക്കാര്‍ക്ക്‌ (അല്ലാത്ത വായനക്കാര്‍ക്കും ) ബാല്‍ക്കണി 40 യുടെ പേരിലും യുണിവേര്‍സല്‍ ബ്ലോഗര്‍ ഡോ.പ്രേക്ഷകന്‍റെ പേരിലും നല്ലൊരു പുതുവത്സരം ആശംസിച്ചു കൊണ്ട് നിറുത്തട്ടെ . നന്ദി,വണക്കം