അണ്ണാ നിങ്ങളിതെന്തോന്നു ഒരു മാതിരി അനക്കമില്ലാതെ .. പുതിയ പടങ്ങള്‍ ഇറങ്ങിയിട്ട് എന്താ ഒരു അനക്കമില്ലത്തെ ... എങ്ങനെ പോയാല്‍ എന്‍റെ കാളകൂടം ... ചിത്രവിദ്വേഷം ... ഇതിന്‍റെ ഒക്കെ ഭാവി ...
അടങ്ങനിയാ .. ഇന്നലെ നല്ലൊരു പടം കണ്ടു അതിന്തെ കാര്യങ്ങള്‍ തന്നെ ചൂടോടെ പറഞ്ഞേക്കാം പോരെ
ശരി പോരട്ടെ സംഗതി ഏതാ ചിത്രം ? വീരപുത്രന്‍ ആയിരിക്കും ? ശരിയല്ലേ ?
പിന്നെ എനിക്ക് വേറെ ജോലിയില്ലേ ഈ സ്വാതന്ത്ര സമരം കാണാന്‍ ? അങ്ങനെ സഹിക്കാന്‍ വൈയ്യാത്ത രാജ്യ സ്നേഹം തോന്നിയാല്‍ ഞാന്‍ പോയി ഒരു ഇന്ത്യ പാക് ക്രിക്കറ്റ് മത്സരം കാണും.പോരെ? പോരെങ്കില്‍ ഇന്നത്തെ പത്രം നോക്കി ഇന്നു ഞാന്‍ അഭിമാനിക്കാനുള്ള കാരണം എന്താണെന്നു മനസിലാക്കി ചുമ്മാ പത്തു മിന്ട്ട് അഭിമാനിക്കും.അല്ലെങ്കില്‍ തന്നെ സായിപ്പിന് അടിമപ്പണി ചെയ്തു ഭൂരിപക്ഷവും കഞ്ഞി കുടിക്കുന്ന, അന്‍പതിനായിരം നീയും ഞാനും ഉള്ള ഈ നാട്ടില്‍ ആരാടെ ഇന്ത്യക്കാരന്‍ ?
അയ്യോ ക്ഷമി അണ്ണാ.ഇപ്പം കണ്ട പടം ഏതാ? അത് പറ ..
പുതുമുഖം എം എസ് മനു സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍,അനന്യ,റിച്ച പാലോട്,ലാലു അലക്സ്,ശാരി,ശ്രീകുമാര്‍, സുരാജ്,വിജയകുമാര്‍ തുടങ്ങിയവര്‍ അണി നിരക്കുന്ന സാന്‍വിച്ച് എന്ന മലയാള ചിത്രമാണ് ഇന്നലെ കണ്ടു ഞാന്‍ ധന്യന്‍ ആയതു.
അതെന്താ അണ്ണന്‍ ഒരുമാതിരി അര്‍ഥം വെച്ച് സംസാരിക്കുന്നതു ? പടം കൊള്ളില്ലേ ? സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിന്‍റെ വിജയമാണ് ഇങ്ങനെ ഓരോ പേരിടാന്‍ കാരണം എന്നു പറയുന്നതിനെ പറ്റി അണ്ണന്‍റെ അഭിപ്രായം.
എടെ നീ വല്ല ബ്ലോഗിലും വായിച്ചതു വെച്ച് കാച്ചുന്ന മലയാള പത്ര പ്രവര്‍ത്തകന്‍റെ പരിപാടി എന്നോട് എടുത്താല്‍ ഉണ്ടല്ലോ ...?
ഇല്ല.
മം ശരി. ഈ പടത്തിനു വേറെ എന്ത് കുഴപ്പം ഉണ്ടെങ്കിലും ആ പേര് ഇട്ടതിനു ഞ്ഞാന്‍ കുറ്റം പറയില്ല. ഇത്ര കൈയടക്കത്തോടെ ഇങ്ങനെ ഒരു ചിത്രം ഒരുക്കിയതിനു ഈ നവാഗത സംവിധായകനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.
ഒന്ന് നോക്കിയാല്‍ ഈ ചിത്രത്തില്‍ ഇല്ലാത്തത് എന്താണ്? ഒരു ചെറിയ സംഭവം നിങ്ങളുടെ ജീവിതം മാറ്റി മറിക്കും എന്ന ആധുനിക സിനിമയുടെ വിഷയം മുതല്‍,കുടുംബ ബന്ധങ്ങളുടെ തീവ്രത തുടങ്ങി ഉദാത്ത ഹാസ്യം ഇഷ്ടപ്പെടുന്നവര്‍ക്കായി സുരാജിന്‍റെ തകര്‍പ്പന്‍ തമാശകള്‍ (1 )ഇതു എന്‍റെ അപ്പുപ്പന്‍, കമ്പിയടിച്ചാ മരിച്ചത് . ( 2 ) പേരെന്താ ? വത്സന്‍ . ജോലിയല്ല പേരാണ് ചോദിച്ചത് ? ).എല്ലാത്തിനും ഉപരി ഗുണ്ട സംഘങ്ങളുടെ ഇടയില്‍ പെട്ട് കഷ്ട്ടപ്പെടുന്ന സാധാരണക്കാര ന്‍റെ ജീവിത വ്യഥകള്‍ , മക്കളോട് സ്നേഹിതരെ പോലെ പെരുമാറുന്ന മാതാപിതാക്കളുടെ ഹൃദയ വ്യഥകള്‍ , ആധുനിക കാലത്തേ യുവ മിധുനങ്ങളുടെ പ്രണയ തീവ്രത,ഐ റ്റി രംഗത്തെ സൌഹൃതങ്ങളുടെ ആഴം,തമിഴ് - മലയാള സംസ്ക്കാരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒരു ത്രികോണ പ്രണയ കഥ (?) ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഈ ചിത്രത്തില്‍ പ്രതി പാദി ക്കുന്നുണ്ട്.എല്ലാത്തിനും പുറമേ മദ്യപിച്ചു വണ്ടി ഓടിച്ചാല്‍ വരുന്ന ദുരന്തങ്ങള്‍ എന്ന സാമൂഹിക പ്രശ്നം ഉയര്‍ത്തുന്ന അടിത്തറയില്‍ ആണ് കെട്ടി പൊക്കിയിട്ട് ഉള്ളത് എന്നും ശ്രദ്ധേയം ആണ് .പക്ഷെ ഇതിലൊക്കെ വലിയ ഒരു പാഠം ഈ ചിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട് .
ഏതൊക്കെ പോരാതെ വേറെയും പാഠം? എന്താ അത് ?
രണ്ടു മണിക്കൂര്‍ എത്ര നീണ്ട ഒരു കാലയളവ് ആണെന്നും ആ സമയം കൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാമായിരുന്നു എന്നു ഈ സിനിമ കാണുന്ന ഓരോരുത്തനും ചിന്തിച്ചു പോകും.സമയത്തിന് ഒരു വിലയും കൊടുക്കാത്ത യുവ തലമുറയ്ക്ക് ഇതിലും നല്ല ഒരു സന്ദേശം വേറെ എന്തുണ്ട് കൊടുക്കാന്‍ ?
അണ്ണാ കാടു കേറാതെ ഈ സിനിമ അതിന്‍റെ കഥ തുടങ്ങിയവയെ പറ്റി.
ശരി പറയാം.നായകന്‍ സായികൃഷ്ണ (കുഞ്ചാക്കോ).സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍,അച്ഛന്‍ ബാങ്ക് മാനേജര്‍ രാമചന്ദ്രന്‍ (ലാലു അലക്സ് )അമ്മ ശ്രീദേവി (ശാരി.)മകനുമായി എടാ പോടാ ലൈനിലുള്ള മാതാപിതാക്കള്‍. സന്തുഷ്ട്ട കുടുംബം.കുടുംബ സുഹൃത്തായ ഭദ്രന്‍ (ശ്രീകുമാര്‍)അയാളുടെ മകളും സായിയുടെ കളികൂട്ടുകാരി കം സഹപ്രവര്‍ത്തക അയ ശ്രുതിയുമായി (റിച്ച പാനായി)സായിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.അങ്ങനെ എല്ലാരും സന്തോഷമായി കഴിയുബോള്‍ ആണ് ആ സംഭവം നടക്കുന്നത് (ഇടയ്ക്ക് സന്തോഷം പോര എന്ന് തോന്നുമ്പോള്‍ സായിയും ശ്രുതിയും വേറെ മൂന്ന് നാല് ഐ റ്റി സുഹൃത്തുക്കളോടൊപ്പം മദാമ്മമാര്‍ ഡാന്‍സ് ചെയുന്ന ഒരു ഹാള്‍ പോലത്തെ സ്ഥലത്ത് പോയി നിന്ന് ഗാനമേളക്ക് പാടുന്നത് പോലെ മൈക്കിനു മുന്നില്‍ നിന്നും പാടി സന്തോഷിക്കുന്നുണ്ട് !!! സംഗതി പബ് ആണ് ഉദേശിച്ചത് എന്ന് തോന്നുന്നു.ഇവരൊക്കെ ജോലി ചെയ്യുന്ന സ്ഥലമായി കാണിച്ചിരിക്കുന്നത് ടെക്നോപാര്‍ക്ക് ആണ്.ചുമ്മാതാണോ നാട്ടുകാര്‍ക്ക് ഇവിടെ ഉള്ളവരോട് ഒടുക്കത്തെ കലിപ്പ് !!!!)
ഒരു ദിവസം രാത്രി ശകലം വെള്ളപ്പുറത്ത് (നായകനല്ലേ രണ്ടു പെഗ് ) മൊബൈലില്‍ വീട്ടുകാരോട് കൊഞ്ചി വണ്ടി ഓടിച്ചു പോകുന്ന സായി നഗരത്തിലെ ഒരു ഗുണ്ടാ തലവന്‍ ഓടിക്കുന്ന വണ്ടിയില്‍ ചെന്നിടിക്കുന്നു .അനന്തന്‍ എന്ന ഗുണ്ടാ തലവന്‍ അപ്പോള്‍ തന്നെ മരിക്കുന്നു.കൂടെയുണ്ടായിരുന്ന അനിയന്‍ മുരുകന്‍ (വിജയകുമാര്‍) പ്രതികാര ദാഹിയായി നായകനെ വേട്ടയാടുന്നു.(നിന്നെ കൊണ്ട് ഇത് ചെയ്യിച്ചത് ആണ് എന്നാണ് ആരോപണം).അങ്ങനെ കഥ സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ ആണ് മറ്റൊരു അധോലോക നായകനായ ആണ്ടിപ്പെട്ടി നായ്ക്കരും (സുരാജ്) സംഘവും രംഗത്തെത്തുന്നത്.തന്‍റെ എതിരാളിയായ അനന്തനെ കൊന്നതിന്‍റെ പേരില്‍ സായിയെ സഹായിച്ചേ (മുരുകനില്‍ നിന്നും സംരക്ഷിച്ചേ) അടങ്ങു എന്ന വാശിയിലാണ് ഇദേഹം. പോരാത്തതിനു സായിയെ ബലമായി പിടിച്ചു കൊണ്ട് വന്നു സ്വന്തം മകളായ കണ്മണിയെ (അനന്യ) പെണ്ണ് കാണിച്ചു കല്യാണം ഉറപ്പിക്കുന്നും ഉണ്ട് ഇയാള്‍ .കണ്മണി സായിയെ കണ്ടതോടെ ചക്ക കൂട്ടാന്‍ കണ്ട ഗ്രഹണി പിടിച്ച കുട്ടിയെ പോലെ തുള്ളി ചാടുന്നു.രണ്ടു ഗുണ്ട സംഘങ്ങള്‍ക്കിടയില്‍ പെട്ട് സാന്‍വിച്ച് ആകുന്ന സായിയുമായുള്ള വിവാഹ തീരുമാനത്തെ ശ്രുതിയുടെ അച്ഛന്‍ എതിര്‍ക്കുന്നു എങ്കിലും കല്ല് പോലെ നിന്ന് കൊച്ചു കാച്ചുന്ന ഡയലോഗ്നു മുന്നില്‍ പിന്‍വാങ്ങുന്നു.(ഇതിനു മുന്‍പ് ഇത്തരം ഭരിച്ച ഡയലോഗ് കേട്ടത് ഭ്രമരം എന്ന ചിത്രത്തില്‍ ഭൂമിക പറയുന്നതായിരുന്നു എന്നാണ് ഓര്‍മ്മ)
പക്ഷെ കണ്മണിയുമായുള്ള സായിയുടെ ബന്ധത്തില്‍ സംശയം തോന്നുന്ന ശ്രുതി സ്കൂട്ട് ആക്കാന്‍ തീരുമാനിക്കുന്നു. തക്ക സമയത്ത് കണ്മണി ഫോണ്‍ ചെയ്തു താന്‍ വെറുതെ അഭിനയിക്കുകയായിരുന്നു എന്നും (ഒന്നൊന്നര അഭിനയം ആയിപ്പോയി !!) . അല്ലായിരുന്നെങ്കില്‍ നായ്ക്കര്‍ അന്ന് തന്നെ സായിയെ കൊന്നേനെ എന്നും വെളിപ്പെടുത്തുന്നു,ഒടുവില്‍ ഈ ഗുണ്ടകളുടെ ശല്യം സഹിക്കാന്‍ വൈയ്യാതെ സായിയും മൂന്ന് ഐ ടി സുഹൃത്തുക്കളും ചേര്‍ന്നൊരുക്കുന്ന തികച്ചും ബുദ്ധിപരമായ നീക്കത്തിലൂടെ രണ്ടു സംഘങ്ങളെയും കേന്ദ്ര പ്രതിരോധ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ച കുറ്റം ആരോപിച്ചു അകത്താക്കുന്നു .(ആ തന്ത്രം എന്താണെന്നു ഞാന്‍ കൊന്നാല്‍ പറയില്ല. അത്രയ്ക്ക് ഭയങ്കര സംഭവമാണ് സംഗതി )
അല്ല ഇതൊരു മാതിരി ......
എന്താടെ നിര്‍ത്തി കളഞ്ഞത് ?
ഈ ചിത്രം കാണാന്‍ പോയപ്പോള്‍ കണ്ട പുതുമയുള്ള കാര്യങ്ങള്‍ താഴെ പറയുന്നവ
തീയട്ടെര്നു പുറത്തു കണ്ട അനന്യ ഫാന്‍സ് അസോസിയേഷന്‍ വക ഫ്ലെക്സ്
സുരജിനു ആണ്‍കുട്ടി ഉണ്ടാകാന്‍ വൈദ്യര്‍ പറഞ്ഞു കൊടുക്കുന്ന വഴി
വിജയ കുമാറിന്‍റെ തകര്‍പ്പന്‍ കോമഡി (പുള്ളി സുരാജിന് വെല്ലു വിളി ആയെ അടങ്ങു എന്ന മട്ടാണ്)
അനന്ന്യയുടെ മാരകമായ അഭിനയം
ശ്രുതിയും അച്ഛനുമായുള്ള വികാരഭരിതമായ രംഗങ്ങള്‍
ഇടവേളക്കു കുടുംബങ്ങള്‍ കൂട്ടമായി വന്ന വാഹനങ്ങളില്‍ കയറി സിനിമശാലയ്ക്ക് പുറത്തേക്കു രക്ഷപ്പെടുന്ന കാഴ്ച ( ഭാഗ്യവാന്മാര്‍ ക്ലൈമാക്സ് കാണേണ്ടി വന്നില്ലല്ലോ )
ഈ ചിത്രത്തില്‍ അനന്യ പറയുന്ന ഒരു വാചകമുണ്ട് "എന്‍റെ അപ്പ ഒരു സോഷ്യല്‍ ന്യുയി സെന്‍സ് ആണ് ". അപ്പ സുരാജ് ആയതു കൊണ്ട് ഈ ചിത്രത്തിലെ ഏറ്റവും സത്യസന്ധമായ വാചകം ഇതാണെന്ന് പറയാം.
ശരി ഇനി അഭിനയത്തെ പറ്റി കൂടെ പറഞ്ഞാല്‍ ....
കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ സുപ്പര്‍ താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള അല്ലെങ്കില്‍ ഏറ്റവും മികച്ച തുടക്കത്തോടെ ആരംഭിച്ച നടനായിരുന്നു രംഗത്ത് വന്ന കാലത്ത് (ഇന്നു പ്രിഥ്വിരാജിനൊക്കെ ഉള്ളതിലും ഒക്കെ എത്രയോ അധികം യുവ ആരാധകര്‍ ഉണ്ടായിരുന്ന നടനായിരുന്നു വന്ന കാലത്ത് ചാക്കോച്ചനു).ചിത്രങ്ങള്‍ തെരഞ്ഞെടുത്ത രീതി കാരണം കുഞ്ചാക്കോയ്ക്ക് കിട്ടിയ സ്വപ്ന തുടക്കം ലഭിക്കാത്ത ദിലീപ് മുതല്‍ ഉള്ളവര്‍ ഇന്നു എവിടെ നില്‍ക്കുന്നു എന്ന് ഒരു നിമിഷം ഈ നടന്‍ ആലോചിക്കേണ്ടതാണ്.എല്‍സമ്മ പോലുള്ള ചിത്രങ്ങളിലൂടെ ഈ നടന് ലഭിച്ച രണ്ടാം ജന്മം വേണ്ട പോലെ ഉപയോഗിച്ചില്ല എങ്കില്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകാന്‍ വലിയ താമസം വരില്ല എന്നാണ് തോന്നുന്നത്.ഈ ചിത്രത്തിലും അറിയുന്ന പണി (ഗാന ചിത്രീകരണ രംഗങ്ങളില്‍) അദേഹം നന്നായിട്ടുണ്ട് (കൂടുതല്‍ ഒന്നും ചോദിക്കല്ലേ).പിന്നെ അനന്യ എന്ന നടിയില്‍ ഞാന്‍ മറ്റൊരു മീര ജാസ്മിനെയാണ് കാണുന്നത് .തല്ക്കാലം ഇത്രയേ പറയാനുള്ളൂ
ബാക്കിയുള്ളതില്‍ റിച്ച പാനായി എന്ന നടിയെ മലയാള നടിമാരിലെ മോഹന്‍ലാല്‍ എന്നു വിളിക്കുന്നതില്‍ ഒരു തെറ്റും ഇല്ല എന്നാണ് എന്‍റെ അഭിപ്രായം.കാരണം പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ അല്ലാതെ കറന്റ് അടിച്ചാല്‍ പോലും രണ്ടു പേരുടെയും മുഖത്ത് ഒരു ഭാവവും വരാറില്ല എന്നതാണ്.ബാക്കി എല്ലാരും സ്ഥിരം ലൈനില്‍ തന്നെ.പിന്നെ മന്ത്രി ആയതു കൊണ്ട് എന്തെങ്കിലും ഒക്കെ ഗുണം ഉണ്ടായേക്കും എന്നു കരുതിയാകണം ഗണേശനെ ഒക്കെ കാസ്റ്റ് ചെയ്തിരിക്കുന്നത് . കോട്ടയം നസീര്‍ പോലെ കുറെ പേരെ വെറുതെ കൊണ്ട് നിരത്തിയിട്ടുണ്ട്
അപ്പോള്‍ സുരാജോ?
അനിയാ സുരാജ് ഈ സിനിമയിലും അസഹിനീയം തന്നെയാണ്.പക്ഷെ അടുത്തിടെ ഇറങ്ങിയ ഒരു സിനിമ വാരികയുടെ കവര്‍ സ്റ്റോറി സുരാജ് അശ്ലീലം നിര്‍ത്തു പ്ലീസ് എന്നതാണ്.അത് വായിച്ചാല്‍ തോന്നുന്നത് സുരാജും ഒരു സംഘം ഗുണ്ടകളും ഷൂട്ടിംഗ് സ്ഥലത്തേക്ക് വരുന്നു.സുരാജ് നേരെ ക്യാമറക്ക് മുന്നിലെത്തി കുറെ അശ്ലീല രംഗങ്ങള്‍ അഭിനയിക്കുന്നു.കൂടെയുള്ള ഗുണ്ടകളുടെ ഭീഷണിക്ക് മുന്നില്‍ വേറെ നിവര്‍ത്തിയില്ലാതെ സംവിധായകന്‍ അതൊക്കെ ചിത്രീകരിക്കുന്നു എന്നാണ്.ശരിക്കും യഥാര്‍ത്ഥ കുറ്റവാളികള്‍ സുരാജിന് മനോധര്‍മം പോലെ എന്തെകിലും ഒക്കെ ചെയ്യാന്‍ സ്ക്രിപ്റ്റില്‍ സ്ഥലം ഒഴിച്ചിടുന്ന തിരകഥാകൃത്തും സംവിധായകനും അല്ലെ? (ഏറ്റവും തല മൂത്ത സംവിധായകന്‍ ജോഷി പോലും ഇതിനൊരു അപവാദം അല്ല എന്നോര്‍ക്കുക )
അപ്പോള്‍ ചുരുക്കത്തില്‍ ?
അനിയാ എം എസ് മനു എന്ന നവാഗത പ്രതിഭ ഇനിയും ഇതു പോലെ നിലവാരം ഉള്ള ചിത്രങ്ങള്‍ എടുത്തു നമ്മെ ധന്യര്‍ ആക്കട്ടെ എന്നാശംസിക്കുന്നു.നിസംശയം ഇദേഹം ആണ് ഈ ചിത്രത്തിലെ താരം എന്നു പറയാം.എന്നാലും നിര്‍ബന്ധം ആണേല്‍ കഥ -തിരകഥ എന്നിവ ഒരുക്കിയ രതീഷ് സുകുമാരനാണോ സംവിധായകന്‍ മനുവാണോ കൂടുതല്‍ മിടുക്കന്‍ എന്നറിയാന്‍ നിനക്ക് ഒരു പോള്‍ നടത്താവുന്നതാണ്.(രതീഷ് ഒട്ടും മോശക്കാരന്‍ അല്ല എന്നു ചുരുക്കം).ഇതു പോലെ കുഞ്ചാക്കോയെ വെച്ച് ഒരു കൂറ പടം എടുത്ത രാജേഷ് പിള്ളയാണ് അടുത്തതായി ട്രാഫിക് എടുത്തത് എന്നോര്‍ക്കുമ്പോള്‍ അടച്ചു തെറി പറയാനും ഒരു മടി.എന്നാലും പറയുകയാ പറ്റുമെങ്കില്‍ നന്നാകാന്‍ നോക്ക് .
ലതും സ്വാഹ...
ReplyDeleteചിത്രങ്ങള്‍ തെരഞ്ഞെടുത്ത രീതി കാരണം കുഞ്ചാക്കോയ്ക്ക് കിട്ടിയ സ്വപ്ന തുടക്കം ലഭിക്കാത്ത ദിലീപ് മുതല്‍ ഉള്ളവര്‍ ഇന്നു എവിടെ നില്‍ക്കുന്നു എന്ന് ഒരു നിമിഷം ഈ നടന്‍ ആലോചിക്കേണ്ടതാണ് - ee paranja chithrangal thiranjedutha reethi aano addeham out aavan kaaryam. Annu abhinayam enthennu aa paavathinu ariyaane paadillaayirunnu. innu kurachengilum athu manasilaakki ennu venel parayaam. veruthe dileepumaayi onnum compare cheyyaruthe.
ReplyDeletePathivupole Mmohan lalinum, Meera jasminum prekshakante vaka ee review-vilum kitti. Ranjithinum, mammoottikkum onnum koduthilla. pathivu thettikkallee. avar pinangum.
റിച്ച പാലോട് അല്ല സാറേ റിച്ച പനായ്.... അതു പോലും ശ്രദ്ധിക്കാതെയാണോ വിമര്‍ശനം നടത്തുന്നത്?
ReplyDelete