Showing posts with label left right left malayalam movie review. Show all posts
Showing posts with label left right left malayalam movie review. Show all posts

Saturday, June 15, 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (Left Right Left Movie Review )

 അണ്ണാ ഈ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന് വെച്ചാൽ എന്തുവാ ?

അനിയാ അർഥങ്ങൾ ഓരോരുത്തർക്കും  ഓരോന്നാണ് .ഇപ്പോ ഉദാഹരണമായി  ഭരണകൂടത്തിനു അതിന്റെ അർഥം അച്ചടക്കം എന്നാണ് .ഒരു രാഷ്ട്രീയ നിരീക്ഷകന് അതിന്റെ അർഥം  അഞ്ചു വർഷത്തിൽ ഒരിക്കൽ വലത്തേക്കും ഇടത്തേക്കും ചായുന്ന മലയാളിയുടെ രാഷ്ട്രീയ വിധി എഴുത്താണ്. എന്നെ പോലെ ഒരു പാവം ചലച്ചിത്ര അഭിപ്രായ ബ്ലോഗ്‌ എഴുതുന്ന അക്ഷരവൈരിയായ ഒരാൾക്ക് ഇന്ന് ഈ വാക്കുകളുടെ അർഥം ഈ ആഴ്ച റിലീസ് ആയ ശ്രീ അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്ത മുരളി ഗോപി കഥ തിരകഥ എന്നിവ നിർവഹിച്ച, ഗോപി സുന്ദർ സംഗീതം പകർന്ന , ഇന്ദ്രജിത്ത് ,മുരളി ഗോപി, ഹരീഷ് ,  ലെന ,രമ്യ നമ്പീശൻ തുടങ്ങിയവർ അഭിനയിച്ച  ഒരു സിനിമയുടെ പേര് മാത്രമാണ് .

ഓഹോ ഞാൻ  കരുതിയത്‌ അണ്ണൻ ഈ പരിപാടി അവസാനിപ്പിച്ച്‌ എന്നാണ് .... അല്ല ഈ സംവിധയകാൻ ആരാ അണ്ണാ ? പുതു മുഖമാണോ ?

അല്ലെടെ ഈ അടുത്ത കാലത്ത്  എന്ന സിനിമ എടുത്ത സംവിധായകനാണ് കക്ഷി .

ഓഹോ അയാളോ? ആ സിനിമ പോളിറ്റിക്കലി ഇൻകറക്റ്റ് ആണെന്ന് പ്രശസ്ത ബുദ്ധിജീവി കരീം അബ്ദുള്ളയും ആ ചിത്രത്തിന് പിന്നിൽ ഒളിച്ചു വെച്ച ഒരു അജണ്ട ഉണ്ടെന്നു മറ്റൊരു ബുദ്ധി ജീവിയായ സഖാവ് തീപ്പൊരി തോമയും ഒരേ സ്വരത്തിൽ പറഞ്ഞത്‌ അണ്ണൻ അറിഞ്ഞില്ലേ ?

പിന്നെ അറിയാതെ ? അനിയാ നീ കരിം അബ്ദുല്ലയെ വിട് പാവം. ഇമ്മാനുവൽ എന്ന പടത്തിൽ നായകന്റെ പഴയ മുതലാളി ഗുജറാത്തിൽ പോയി കാശുകാരനായി തിരിച്ചു വന്നു എന്ന് പറയുന്നത് ആണ്  അന്തവും കുന്തവും ഇല്ലാതെ എടുത്ത  ആ ചിത്രത്തിലെ ഏക പ്രശ്നം എന്ന് പറയുന്ന ആളല്ലേ . പാവമെടെ ക്ഷമി .ജീവിക്കാൻ വേണ്ടി ഒരു സിനിമയെ കുറിച്ച് പത്തു രീതിയിൽ നിരൂപിച്ചു അഭിമാനിക്കട്ടെ പാവം . തീപ്പൊരി അതല്ല . അദ്ദേഹത്തിന്  പ്രശ്നം രണ്ടാണ് .ഒന്ന് പണ്ട് അദേഹത്തിന്റെ ആൾക്കാരാണ് കലാരൂപങ്ങളെ സ്വന്തം കച്ചവട പ്രചാരണത്തിന് വിജയകരമായി ആദ്യമായി ഉപയോഗിച്ച തുടങ്ങിയത്  (അന്നത് കച്ചവടം ആക്കാൻ ഉദ്ദേശിച്ചല്ല  തുടങ്ങിയത് എന്നത് വാസ്തവം) . അപ്പോൾ പുറകെ വരുന്ന എന്തിനെയും ആ സംശയത്തോടെ വീക്ഷിക്കുന്നത് സ്വാഭാവികമല്ലേ?പിന്നെ പാട് പെടുന്നവന്റെ രക്ഷകൻ എന്നും ഇടതു പക്ഷമാണ് എന്നാണല്ലോ വയ്പ്പ് , (മലയാള സിനിമയിൽ .അതും ഒരു ക്ലീഷേ ആയി ആർക്കും തോന്നാത്തത് അത്ഭുദം ) ആ റോളിൽ ഇനി മഹാത്മാ ഗാന്ധി  വന്നാലും തീപ്പൊരി സമ്മതിക്കുമോ ? പിന്നെയാ ഇവനൊക്കെ ?  നേരത്തെ പറഞ്ഞ പോലെ ആർ എസ് എസ് കാരുടെ ഇടയിലേക്ക് ഓടി കയറാതെ ആ സിനിമയിലെ നായകൻ  വിഷ്ണു  ഡി ഫി ഓഫീസിലേക്ക് കേറിയിരുന്നു എങ്കിൽ മാത്രമേ അത് നല്ല ചിത്രം ആകുമായിരുന്നു എന്നും എനിക്ക് അഭിപ്രായമില്ല . പിന്നെ പകലന്തിയോളം കുത്തകളുടെ കങ്കാണിപ്പണി ചെയ്തു കഴിഞ്ഞിറങ്ങുമ്പോൾ ഒരു സ്വയം പുച്ഛം തോന്നാതിരിക്കാൻ ഈ ജാതി വിർച്വൽ ചോരപ്പുഴകൾ നീന്തി കയറുന്നത് ഒരു ശരാശരി മലയാളിയുടെ (ദു) ശ്ശീലമാണ് . കളയെടെ. കൂട്ടത്തിൽ പറഞ്ഞോട്ടെ കഴിഞ്ഞ കൊല്ലം എനിക്കിഷ്ടപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു അത് എന്ന് കൂടി പറഞ്ഞോട്ടെ.

അണ്ണാ  പ്ലീസ് .. ഈ സിനിമ ...

പറയമെടെ നീ കിടന്നു പിടക്കാതെ . കേരളത്തിൽ മൂന്ന്  ഭാഗങ്ങളിൽ  ആയിട്ട്  കൃത്യമായി പറഞ്ഞാൽ   വടക്കൻ, കേരളം, മധ്യ കേരളം , തെക്കൻ കേരളം എന്നീ  സ്ഥലങ്ങളിൽ മൂന്നു കാലഘട്ടങ്ങളിൽ ആയി ജനിച്ച മൂന്നു കുട്ടികളുടെ ബാല്യ കാല ദുരന്തങ്ങളിലൂടെ ചിത്രം ആരംഭിക്കുന്നു . ഉത്തര കേരളത്തിൽ അറുപതുകളിൽ ജനിച്ച പാർട്ടി കുടുംബാംഗമായ  കൈനേരി സഹദേവൻ (ഹരീഷ് പേരടി ) ഇയാളുടെ അച്ഛനും ഇളയച്ചനും ജമ്ന്മിത്വത്തോട് ഏറ്റുമുട്ടി മരിക്കുന്നതു ഇവന്റെ കണ്‍ മുന്നിലാണ് . മധ്യകേരളത്തിൽ  അടിയന്തരാവസ്ഥക്കാലത്ത് ഗുണ്ടകളാൽ കൊല്ലപ്പെട്ട സഖാവിന്റെ മകൻ റോയ് (മുരളി ഗോപി ) .തെക്കൻ കേരളത്തിൽ എണ്‍പതുകളിൽ സർക്കാർ ആശുപത്രിയിൽ പണമില്ലാത്തതിനാൽ സഹോദരി മരിക്കുന്നതിനു സാക്ഷി ആകേണ്ടി വന്ന ജയൻ എന്ന വട്ടു ജയൻ (ഇന്ദ്രജിത്ത് ) .

സിനിമ ഇന്നിലേക്ക് . ഇന്നു കൈനേരി സഹദേവൻ ആർ എൽ പി എന്ന ചെങ്കൊടി പാർട്ടിയുടെ സർവ്വ ശക്തനായ നേതാവാണ്‌ .ഒരു കാലത്തേ തീപ്പൊരി നേതാവായിരുന്ന റോയ് എന്ന ചെഗുവേര റോയ്  എതിർ പാർട്ടിക്കാരുടെ ആക്രമണത്തിൽ ഒരു വശം ഭാഗികമായി സ്വാധീനം നഷ്ട്ടപ്പെട്ടു അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനായി കഴിയുന്നു. ജെ എൻ യു ഉല്പന്നമായ, ഇന്ന് അധ്യാപികയായ ഭാര്യ അനിത  (ലെന ) അയാളെ പൂർണമായി മനസിലാക്കുന്ന പഴയൊരു പാർട്ടി അനുഭാവിയാണ് .ബാല്യത്തിൽ സ്വന്തം സഹോദരിയുടെ മരണകിടക്കയിൽ വെച്ച് ജീവിക്കാൻ പണം വേണം എന്നും പോലീസ് ആകണമെന്നും തീരുമാനിച്ച വട്ടൻ ജയൻ ഇന്ന് പോലീസിൽ എസ്  ഐ ആണ് .തികഞ്ഞ കൈകൂലിക്കാരനും മുരടനും പെട്ടന്ന് മൂഡ്‌ മാറുന്ന ആളുമായ ജയൻ റോയിയുടെയും അനിതയുടേയും  വീടിന്റെ മുകൾ  നിലയിലാണ്  അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്നത് ആനിൽ  സ്വന്തം പെങ്ങളുടെ മുഖച്ചായ കണ്ടു അവരെ പെങ്ങളെ പോലെ കാണുന്നു  ഇയാൾ. വിവാഹിതയും എന്നാൽ സാഡിസ്റ്റ് ആയ ഭർത്താവിൽ നിന്നും രക്ഷപ്പെട്ടു  മകനുമൊത്തു ജീവിക്കുന്ന ജെന്നിഫർ (രമ്യ നമ്പീശൻ ) എന്ന നേഴ്സിനെ ബാല്യകാലത്ത്‌ കണ്ട ഒരാളുടെ മുഖച്ചായയുടെ പേരില് ഇയാൾക്ക് ഇഷ്ട്ടമാണ് . എന്നാൽ അവളാകട്ടെ കാനഡയിലേക്ക് രക്ഷപെടാൻ ഉള്ള സമയം ആകുന്നത്‌ വരെ ഉള്ള കാലം വരെ സഹിക്കേണ്ട  ഒരു രക്ഷാ കവചമായാണ് അവനെ കാണുന്നത് .

പല സാഹചര്യങ്ങളിൽ ഉള്ള ഇവരെല്ലാം ഇന്ന് തലസ്ഥാന നഗരിയുടെ ഭാഗമാണ്  . പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സുരേഷും (ശ്രീജിത്ത്‌ രവി ) അലിയാരും (സുധീര് കരമന ) കൈതേരി സഹദേവന്റെ ഒരു വലിയ അഴിമതി ആരോപണവും ആയി ബന്ധപ്പെട്ട രേഖകളും ആയി റോയിയെ സമീപിക്കുന്നതോടെ കഥയുടെ ഗതി മാറുന്നു

 അണ്ണാ പടം എങ്ങനാ കൊള്ളാമെന്നാണോ ?

നല്ല പടം എന്ന് മാത്രം പറഞ്ഞാൽ  പോര സത്യസന്ധമായ ചിത്രം എന്ന് കൂടി പറയാം എന്നാ  എനിക്ക് തോന്നിയത് .കണ്ടു മടുത്ത നായക വില്ലൻ സങ്കൽപ്പങ്ങളിൽ നിന്നുള രണ്ടു രീതിയിൽ ഉള്ള മാറ്റങ്ങൾ ആണ് മുംബൈ പോലീസിലും ഈ ചിത്രത്തിലും നമുക്ക് കാണാൻ കഴിയുന്നത്‌ . ഈ ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും അവരുടെതായ വ്യക്തിത്വം ഉണ്ട് . ആരും അവരുടെ  ഭാഗം  മോശമാക്കി  എന്ന്  പറയാൻ പറ്റില്ല .നമുക്ക് പരിചിതരായ ഒരു പിടി ആളുകള് ഈ സിനിമയിലെ കഥാപാത്രങ്ങൾ ആയി എത്തുന്നു . എന്നാൽ അവരൊക്കെ പലരുടെയും രൂപ ഭാവങ്ങൾ അനുകരിക്കുമ്പൊലും ഒരു മിമിക്രിയുടെ നിലവാരത്തിലേക്ക് താഴാൻ ഒരു ഘട്ടത്തിലും സംവിധയകാൻ അനുവദിക്കുന്നില്ല

ഈ ചിത്രത്തിൽ മികച്ചു നില്ക്കുന്നത്  തിരക്കഥാ കൃത്ത് മുരളി ഗോപി ,  സംവിധായകൻ അരുണ്‍  നടൻ  ഇന്ദ്രജിത്ത്  എന്നിവരാണ്‌ . തന്റെ രണ്ടാമത്തെ ചിത്രം  ആദ്യ ത്തേ ത്തിലും  കനപ്പെട്ട ഒന്നായിട്ടു  കൂടി കൈ യടക്കത്തോടെ കൈകാര്യം ചെയ്ത അരുണ്‍ കുമാറ പ്രശംസ അർഹിക്കുന്നു . ഈ ചിത്രത്തോടെ മുരളി ഗോപി ഒരു ന്യൂ ജനറേഷൻ  രെന്ജി പണിക്കർ എന്ന് വിളിക്കാവുന്ന സ്ഥാനത്ത്  എത്തുന്നതിനോടൊപ്പം അനൂപ്‌ മേനോന് ഇനി ഒത്തിരി ദൂരം മുന്നിലേക്ക്‌ വരാൻ ഉണ്ടെന്നു വിളിച്ചു പറയുകയും ചെയ്യുന്നു .ഈ   ചിത്രത്തിൽ രെന്ജി പണിക്കര് പോലും തൊടാൻ മടിക്കുന്ന ഒരു വിഷയം അനായാസമായി തികഞ്ഞ സത്യസന്ധതയോടെ ഈ ചിത്രത്തിൽ കൈകാര്യം ചെയുന്നതിൽ ഈ ചിത്രത്തിന്റെ പിന്നണിക്കാർ വിജയിച്ചിരിക്കുന്നു .

അല്ല ഈ സത്യസന്ധത എന്നൊക്കെ അങ്ങ് പറഞ്ഞാൽ ......

അനിയാ നീ ഒരു രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കാതെ . ഈ ചിത്രം സത്യം വിളിച്ചു പറയുന്നു എന്നല്ല ഞാൻ ഉദേശിച്ചത്‌ മറിച്ചു  ഈ ചിത്രത്തിലെ ഒരു കഥാപാത്രവും പുലർത്തുന്ന സത്യസന്ധത. ഈ ചിത്രത്തിൽ ജെന്നിഫറിനും  എന്തിനു പാർട്ടി അടക്കി ഭരിക്കുന്ന കൈതേരി സഹദേവനും അവരവരുടെ നിലപാടുകളും അതിന്റെതായ സത്യസന്ധതയും ഉണ്ട്  .

അതിലല്ലോ കാര്യം അണ്ണാ അഭിനയം  അതെങ്ങനെ ?

ഈ ചിത്രത്തിൽ തിരക്കഥയാണ്  താരം എന്നിരിക്കിലും അഭിനേതാക്കളിൽ ഇന്ദ്രജിത്ത് എന്ന നടന്റെ വളർച്ച ശ്രദ്ധി ക്കപ്പെടെണ്ടാതാണ് എന്ന് തോന്നുന്നു മുൻപൊരിക്കൽ ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ ജഗതിയുടെ കാര്യം പറഞ്ഞത് പോലെ ഇന്ദ്രജിത്ത് ആദ്യ ചിത്രം മുതൽ അവതരിപ്പിച്ചിട്ടുള്ളതാണ്  മുരടനായ കൈകൂലിക്കാരനായ പോലീസുകാരൻ . പക്ഷെ ഈ സിനിമയിൽ അതെ കഥാപാത്രം നമ്മെ ബോറടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല  ആ കഥാപാത്രത്തെ മിക ച്ച രീതിയിൽ  അവതരിപ്പിക്കുകയും ചെയുന്നു ഈ നടൻ . എന്ന് കരുതി ഈ ചിത്രം ഒരിടത്തു പോലും ഒരു വണ്ണ്‍ മാൻ ഷോ ആകുന്നില്ല എന്നിടത്താണ് ഈ ചിത്രം വിജയിക്കുന്നത് . മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ ഒരാൾ പോലും മോശം എന്ന് പറയാനാകില്ല. അതിൽ ത ന്നെ ഇന്ദ്രജിത്തിന്റെ അമ്മയെ അവതരിപ്പിച്ച നടി , കൈതേരി സഹദേവനെ അവതരിപ്പിച്ച ഹരീഷ്,ശ്രീജിത്ത്‌ രവി   എന്നിവർ  പ്രത്യേക  പരാമർശം  അർഹിക്കുന്നു.എടുത്തു പറയേണ്ട മറ്റൊരു ഘടകം ഈ ചിത്രത്തിലെ ഗാനങ്ങൾ ആണ് .കുറെ കാലത്തിനു ശേഷമാണെന്ന്  തോന്നുന്നു ഇത്തരം സിനിമകളിൽ മനസ്സിൽ    നില്ക്കുന്ന ഗാനങ്ങൾ .മുരളി ഗോപി പാടിയ കാൽ കുഴഞ്ഞു .. എന്ന ഗാനം മികച്ചു നിൽക്കുമ്പോൾ ഒപ്പം തന്നെ അകലേ എന്ന ഗാനവും ഒട്ടും പിന്നിൽ  ആകുന്നില്ല .ഈ രണ്ടു ഗാനങ്ങളും കൃത്യമായ സ്ഥലങ്ങളിൽ പ്ലേസ്  ചെയ്യപ്പെടുന്നു എന്നതാണ് ഗാനങ്ങളെ അകർഷണീയം ആക്കുന്നത്  .ഒടുവിൽ  നിലനിപ്പിനായി , ജീവിച്ചു പോകാനായി, പാടുപെടുന്ന സാധാരണക്കാരൻ  ആണ് ഇന്നത്തെ  യഥാർഥ  കമ്യുണ്ണിസ്റ്റ്  എന്ന് പറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു

അല്ല അണ്ണാ    ഇങ്ങനെ നേരെ ചൊവ്വേ  പറയാതെ ഒരൽപം ബുദ്ധി ജീവി ലൈനിൽ പിടിച്ചൂടെ ? എന്റെ പച്ചരി ....?

ശരി ഇന്നാ പിടിച്ചോ ... ചെറുത്തു  നില്പ്പിന്റെയും പോരാട്ടങ്ങളുടെയും (ഇന്നു ഈ വാക്കുകൾ  ഉപയോഗിക്കപ്പെടുന്നത്   തികഞ്ഞ കച്ചവട സാദ്ധ്യതകൾ മാത്രം മുന്നില് കണ്ടു കൊണ്ടാണ് എന്നത് പറയണ്ട !!!) അറുപതുകളും ആദർശ കല്കരണത്തിന്റെ എഴുപതുകളും എങ്ങനെയും ജീവിത വിജയം എന്ന എണ്‍പതുകളുടേയും കേരളത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ചിത്രം ഇടതു പക്ഷ വീക്ഷണത്തിൽ ആണ് മുന്നോട്ടു നീങ്ങുന്നതെങ്കിലും ഇന്നത്തെ കോണ്‍ഗ്രസിന്റെ ഫ്ലെക്സ് രാഷ്ട്രീയത്തെയും ഒപ്പം സാമുദായിക സംഘടനകളുടെ ക്യാമ്പസുകളിലെ ഫാസിസ്റ്റ് പ്രവണതകളെയും (ഈ പ്രവണത ഈ നാട്ടിൽ ആദ്യം കൊണ്ടുവന്നത് നമ്മുടെ എസ് എഫ് ഐ  കുട്ടി സഖാക്കൾ ആണെന്നതും നമുക്ക് മറക്കാം ) അടയാളപ്പെടുത്തുന്നു...  ഈ ഒരു ലൈൻ മതിയോടെ ??????

മതി അണ്ണാ സന്തോഷമായി .. അപ്പോൾ   ചുരുക്കത്തിൽ .....

നല്ലൊരു സിനിമ . കൂടുതൽ നല്ല സിനിമകൾ മലയാളത്തിൽ  ഉണ്ടാകുന്നതു തികച്ചു സന്തോഷം. എത്ര   കാലമെന്ന് വെച്ചാ ഈ  തമിഴനെ തെറി പറഞ്ഞു ജീവിക്കുന്നെ .... മറ്റൊരു ഹാർഡ്  ഹിറ്റിംഗ് മൂവി  

കുറിപ്പ്  : പ്രിയപ്പെട്ട വായനക്കാരെ ഈ ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ കുമാറിന്റെ രണ്ടാമത്തെ ചിത്രമാണ് ഇതു എന്നൊരു അതീവ ഗുരുതരമായ തെറ്റ് ഈ പോസ്റ്റിൽ സംഭവിച്ചിട്ടുണ്ട് .ഓർമ്മ  പിശകും പിന്നെ എഴുതുമ്പോൾ ഗൂഗിൾ അധികം ഉപയോഗിക്കാത്തതും കൊണ്ട് വരുന്ന തെറ്റുകളിൽ ഒന്നാണ് ഇതു . ഈ തെറ്റ് കൊണ്ട് ഈ പോസ്റ്റ് വായിക്കുമ്പോൾ ഉണ്ടായ ആസ്വാദനത്തിനു ഉണ്ടായ  തടസത്തിനു ഞാൻ മാത്രമാണ് ഉത്തരവാദി .നിരുപാധികം മാപ്പ് ചോദിക്കുന്നു