റോസാൻ അന്ദ്രുസ് ....
അതാര് അണ്ണാ ... ? ഓ നമ്മുടെ റോഷൻ ആൻദ്രൂസ് .... അങ്ങേർക്കു എന്ത് പറ്റി ?. റോഷൻ എന്നൊക്കെ എഴുതാൻ അറിയില്ല പറയുന്നത് കഷ്ടമാണ് അണ്ണാ .
Rossan എന്ന് ഇങ്ങനെയെ വായിക്കാൻ എനിക്കറിയു .... (അപ്പോൾ സംവിധയകൻ ജോഷിയുടെ പേര് എങ്ങനെ വായിക്കും എന്ന് ചോദിക്കരുത് ഞാൻ തോറ്റു !!!)
ശരി അത് പറഞ്ഞു വഴക്കിടണ്ട .അങ്ങേരുടെ മുംബൈ പോലീസ് ഇറങ്ങിയല്ലോ അതായിരിക്കും അല്ലേ പ്രതിപാദന വിഷയം ? പറഞ്ഞെ സംഗതി എപ്പിടി ? ഞങ്ങൾ പ്രതീക്ഷ വാനോളം ഉയർത്തി നില്ക്കുക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി .
പ്രിത്വിരാജിനോടും ജയസൂര്യയോടും ഒക്കെ പോകാൻ പറ റോഷൻ സാറിനെ പോലുള്ള പ്രതിഭാശാലിയായ ഒരു സംവിധയകൻ എടുക്കുന്ന പടം ആകുമ്പോൾ.... .പോരാത്തതിനു തിരകഥ ബോബി - സഞ്ജയ് ജോടിയും . വേറെ എന്ത് വേണമെന്നാ ?
നിനക്ക് ഇതേ ടീം എടുത്തു മറിച്ച കാസനോവ കണ്ടിട്ടും പ്രതീക്ഷയോ ? നീയൊന്നും നന്നാകില്ലേടെ ഒരിക്കലും ? കാസനോവ പരാജയപ്പെട്ടത് ആ ചിത്രത്തിന്റെ വിധിയാണെന്ന് ഈയിടെ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു കേട്ടു (എന്നാണാവോ ഇവരൊക്കെ സിനിമ കാണാൻ കേറുന്നവരുടെ വിധിയാണെന്ന് പറയുന്നത് !!!). ലാൽ ജോസ് സാർ ഈയിടെ ഞെളിഞ്ഞു ഇരുന്നു പറയുന്നത് കേട്ടു അദ്ദേഹത്തിന്റെ ഇമ്മാനുവൽ എന്ന സീരിയൽ ചിത്രം ഇഷ്ടപെട്ടില്ലെങ്കിൽ അത് കാണുന്നവരുടെ മനസ്സിൽ നന്മ ഇല്ലാത്തത് കൊണ്ട് മാത്രം ആണെന്ന് . ഇതൊക്കെ പറയുന്നവരുടെ തൊലിക്കട്ടിക്ക് ഏതെങ്കിലും ഒരു ദേശീയ പുരസ്‌കാരം കൊടുക്കേണ്ട സമയം എന്നേ കഴിഞ്ഞു
അണ്ണാ പ്ലീസ് കാട് കേറല്ലേ .ഈ പടം അത് മാത്രമാണ് ഇപ്പോൾ നമ്മുടെ മുന്നിൽ പിന്നെ പ്രതിഭാശാലിയായ ഒരു സംവിധായകനും .
ആകെ എടുത്ത നാലു പടങ്ങളിൽ ആദ്യത്തത് നല്ലൊരു വിഷയത്തിന്റെയും ആക്ഷേപ ഹാസ്യത്തിന്റെയും മറ്റും പച്ചയിൽ പോയി അടുത്തത് അങ്ങേർ ഇതു വരെ എടുത്തതിൽ ഏറ്റവും നല്ലത് പിന്നെ യഥാക്രമം ബോറൻ , പരമ ബോറൻ വിഭാഗങ്ങളിൽ പെട്ട രണ്ടു ചിത്രങ്ങൾ . ഇതു തന്നെയല്ലേ അനിയ നീ ഈ പറഞ്ഞ പ്രതിഭാശാലി ?
അതവിടെ നിൽക്കട്ടെ ഇനി ഈ സിനിമയെ പറ്റി . സംഗീതം ഗോപി സുന്ദർ ക്യാമറ ജി ദിവാകർ നിഷാദ് ഹനീഫ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രിത്വിരാജ് , ജയസൂര്യ , റെഹ് മാൻ , അപർണ്ണ നായർ , ഹിമ , കുഞ്ചൻ തുടങ്ങിയവർ അണി നിരക്കുന്നു
ആന്റണി മോസ്സസ് (പ്രിത്വിരാജ് ) , ആര്യൻ ജോണ്‍ ജേക്കബ് (ജയസൂര്യ ), ഫർഹാൻ (റെഹ്മാൻ) എന്നീ പോലീസ് ഉദ്യോഗസ്ഥർ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .മുംബൈ പോലീസ് എന്നാണ് മാധ്യമങ്ങൾ ഈ സംഘത്തെ വിളിക്കുന്നത് . ചിത്രം തുടങ്ങുന്നത് ഒരു രാത്രി കാർ ഓടിച്ചു വരുന്ന ആന്റണി മോസ്സസിലാണ് .സുഹൃത്ത് ഫർഹാനെ വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന കേസ് സോൾവ് ചെയ്തു എന്നും കുറ്റവാളിയെ കണ്ടെത്തി എന്ന് പറയുന്ന ആന്റണിയുടെ വാഹനം ഒരപകടത്തിൽ പെടുന്നു .അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന ആന്റണിക്ക് ഓർമ്മകൾ പൂർണമായും നഷ്ട്ടപ്പെടുന്നു . തിരിച്ചെത്തുന്ന അയാൾ സുഹൃത്തിന്റെ നിർബന്ധത്താൽ അന്വേഷണം വീണ്ടും ഏറ്റെടുക്കുന്നു. തന്റെ സുഹൃത്ത് ആരാണെന്നോ ശത്രു ആരാണെന്നോ അറിയാതെ, താൻ പോലും ആരാണ് എന്നറിയാതെ , വീണ്ടും ഒരിക്കൽ കൂടി താൻ പൂർത്തിയാക്കിയ അന്വേഷണം വീണ്ടും ആരംഭിക്കുന്നു . ഇതാണ് അനിയാ ചുരുക്കത്തിൽ പറഞ്ഞാൽ സംഗതി .
കൊള്ളാമല്ലോ .... ഒരു പുതുമയൊക്കെ ഉണ്ട് .. പക്ഷെ ഇതു സായിപ്പിന്റെ ബോണ്ണ്‍ ഐഡന്റിറ്റി അടിച്ചു മാറ്റിയതല്ലേ ?
അനിയാ ആർക്കെങ്കിലും ഓർമ നഷ്ട്ടപെട്ടാൽ ഒടൻ കേറി പിടിച്ചോണം ആ പടത്തിൽ . അങ്ങനെ ആണെങ്കിൽ ഇന്നലെയും മൂന്നാം പിറയും ഒക്കെ അത് അടിച്ചു മാറ്റിയതാണ് എന്ന് പറയുമല്ലോ നീ ?
നിങ്ങൾ അങ്ങനെ മിടുക്കൻ ആകാൻ വരട്ടെ . മുകളില കൊടുത്തിരിക്കുന്ന പോസ്റ്റർ കണ്ടാൽ അറിയില്ലേ കഥ . കൊലപാതകം , അന്വേഷണം പ്രിത്വിരാജ് , കൊന്നത് ജയസൂര്യ , അവസാന നിമിഷം വരെ ചുമ്മാ സംശയിക്കാൻ റെഹ്മാൻ ഇതല്ലേ സംഗതി ?
അനിയ നീ എവിടെ ഇരിക്കെണ്ടവനേ അല്ല . പറ്റുമെങ്കിൽ നമ്മുടെ ഉണ്ണികൃഷ്ണൻ സാറിന്റെ അസിസ്റ്റന്റ് പണി കിട്ടുമോ എന്ന് നോക്ക് (പറഞ്ഞു വരുമ്പോൾ അങ്ങേരും ത്രില്ലർ ഉണ്ടാക്കിയതാണല്ലോ ) .ന്നിനക്കൊക്കെ നല്ല ഭാവിയാ അവിടെ . അനിയാ ഇവിടെ അന്വേഷിക്കുന്നത് ജയസൂര്യയുടെ കൊലപാതകമാണ് .
ഓ .. അത് ശരി പടമെങ്ങനെ?
ഒറ്റ വാക്കിൽ പറഞ്ഞാൽ ഉഗ്രൻ സിനിമ. റോഷൻ ആൻദ്രുസ് എന്ന സംവിധായകനും ബോബി - സഞ്ജയ് ജോടിക്കും അഭിമാനിക്കാവുന്ന ഒരു ചിത്രം.പ്രിത്വിരാജും , ജയസൂര്യയും , റെഹ്മാനും അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി .പ്രത്യേകിച്ചും പ്രിത്വിരാജ് എന്ന നടനു എന്നും അഭിമാനിക്കാവുന്ന വേഷങ്ങളിൽ ഒന്നായിരിക്കും ഈ ചിത്രത്തിലെ ആന്റണി മോസ്സസ് എന്നാണ് എന്റെ അഭിപ്രായം.പശ്ചാത്തലസംഗീതം മൊത്തത്തിൽ ചിത്രത്തിന്റെ മൂഡുമായി ചേർന്ന് പോകുന്നതാണ് .പിന്നെ ഒരു സംഗതി ....
പറയു പറയു .. മൊത്തത്തിൽ പടം അത്ര പോര അല്ലേ ?
എഴുനേറ്റു പോടാ അവിടുന്ന് . സംഗതി എന്താണെന്നു വെച്ചാൽ ആദ്യം കുറെ പേരുടെ പേരെഴുതി നന്ദി പറയുന്നുണ്ട് . അക്കുട്ടത്തിൽ സുപ്പർ താരം മമ്മുട്ടിയെ വിട്ടു കളഞ്ഞത് മോശമായി പോയി . ഒരു ചിത്രം കാണാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് മറ്റാരെക്കാളും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ് .
അതെന്താ ?
ഈ ചിത്രം ആദ്യം പ്രഖ്യാപിച്ചപ്പോൾ പ്രിത്വിരാജിന്റെയും ആര്യുയുടെയും പേരായിരുന്നു പറഞ്ഞു കേട്ടത് . പിന്നെ നമ്മുടെ മഹത്തായ കാസനോവ നീണ്ടു പോയപ്പോൾ ഡേറ്റ് ക്ലാഷ് ആയി എന്ന പേരിൽ പ്രിത്വിരാജ് ഒഴിവാക്കപ്പെട്ടു എന്നും മമ്മൂട്ടി പ്രസ്തുത ചിത്രം ചെയ്യുന്നു എന്നുമാണ് പിന്നീടു കേട്ടത് . പിന്നെ എപ്പോഴോ എപ്പോൾ കാണുന്ന ടീം ഉൾപ്പെട്ട താരനിരയോടെ ചിത്രീകരണം ആരംഭിച്ചു .ശ്രീ മമ്മൂട്ടിയോ മോഹൻലാലോ ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു എങ്കിൽ ഈ ചിത്രത്തിൽ എന്തൊക്കെ കുത്തി കെട്ടലുകൾ വേണ്ടി വരുമായിരുന്നു എന്നും അവസാനം പുറത്തു വരുന്ന ചിത്രം ഇതു പരുവത്തിൽ ആയിരിക്കും എന്നാലോചിക്കുമ്പോൾ ശരിക്കും നന്ദി തോന്നുന്നു . നന്ദിയുണ്ട് ഇക്കാ ഒരായിരം നന്ദി .
കുറ്റാന്വേഷണം എന്നല്ലേ പറഞ്ഞേ . ക്ലൈമാക്സ് എങ്ങനെ ?
ഈ ചിത്രത്തിന്റെ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്സ് ആണെന്നാണ് എന്റെ എളിയ അഭിപ്രായം . ക്ലൈമാക്സിൽ നായകനോടൊപ്പം കണ്ടിരിക്കുന്നവരും ഞെട്ടുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്നായിരിക്കും ഈ ചിത്രം
അപ്പോൾ ചുരുക്കത്തിൽ .......
കുറ്റാന്വേഷണ / ത്രില്ലർ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർക്ക് ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം . ഇ പ്പോൾ ഇറങ്ങുന്ന മറ്റു പടങ്ങളുടെ നിലവാരം കൂടെ കണക്കിലെടുത്തൽ ഏതൊരു മലയാളിക്കും ആസ്വദിക്കാവുന്ന ചിത്രം
