Showing posts with label വിനയന്‍. Show all posts
Showing posts with label വിനയന്‍. Show all posts

Tuesday, June 7, 2011

വീണ്ടും ചില വിനയ ചിന്തകള്‍

മാപ്പ് നല്‍ക്കു മഹാമതേ ........................

എന്തുവാ അണ്ണാ ഒരു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ലൈന്‍ പാട്ട് ? ഇങ്ങേരെന്താ ദേവാസുരത്തിലെ ഒടുവില്‍ ചെയ്ത വേഷം ചെയ്യാന്‍ പോകുന്നോ?

അനിയാ നിന്നെ കണ്ടത് നന്നായി.നീ എനിക്കൊരു ഉപകാരം ചെയ്യണം.പറ്റുമെങ്കില്‍ ഈ കുറിപ്പ് ദയവു ചെയ്തു ഒന്ന് പ്രസിദ്ധീകരിക്കാമോ? കാളകൂടം പത്രത്തില്‍ വാര്‍ത്തയായി വന്നാല്‍ നാലു പേര് വായിക്കുമല്ലോ എന്നോര്‍ത്തിട്ടാ..

മം.... നോക്കട്ടെ പക്ഷെ........ ഞാന്‍ മാര്‍ക്കിടും സമ്മതിച്ചോ?

എടാ അതിനിത് സിനിമ നിരൂപണം ഒന്നുമല്ല മാര്‍ക്കിടാന്‍.

അത് പറഞ്ഞിട്ട് കാര്യമില്ല . ഞാന്‍ എന്തിനും മാര്‍ക്കിടും.അതാ ശീലം.അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ കുറിച്ച് എഴുതിയാല്‍ പോലും ഞാന്‍ മാര്‍ക്കിടും .പറ്റുമെങ്കില്‍ മതി . അല്ല ഇതെന്തോന്ന് ..... മലയാളം അല്ലെ ? മിയ .. മിയ

എടാ അത് ലാറ്റിനാ.മിയാ കുള്‍പ്പ മിയാ കുള്‍പ്പ മിയാ മാക്സിമ കുള്‍പ്പ (എന്‍റെ പിഴ എന്‍റെ പിഴ എന്‍റെ ഏറ്റവും വലിയ പിഴ ). സംഗതി ബൈബിള്‍ വചനം.ഒരു തുടക്കത്തിനു വെച്ച് കാച്ചിയതാ. ബാക്കി മലയാളമാ പേടിക്കണ്ട.

അതിരിക്കട്ടെ എന്താ ഈ സംഗതി?

ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഇതൊരു ക്ഷമ ചോദിക്കല്‍ ആണ് .

ക്ഷമയോ? ആരോട് ...... ഓ നമ്മുടെ സൂപ്പര്‍ താരങ്ങളോട് അല്ലെ അല്ലെങ്കില്‍ സ്ഥാലം ബുദ്ധിജീവിയായ താടിയോട്. അല്ലെങ്കിലും ഇവരുടെ ഒക്കെ മഹത്തായ കലാ സൃഷ്ടികള്‍ കൂറ ആണെന്ന് പറഞ്ഞ അണ്ണന്‍ ഒരു നാള്‍ മാപ്പ് പറയേണ്ടി വരും എന്ന് എനിക്ക് അറിയാമായിരുന്നു.

എഴുന്നേറ്റ് പോടാ .... അവന്‍റെ ഒരു കണ്ടു പിടിത്തം . എടാ നീ രഘുവിന്‍റെ സ്വന്തം റസിയ കണ്ടോ?

പിന്നെ, എന്‍റെ പട്ടി പോകും വിനയന്‍റെ പടം കാണാന്‍ ..... അത് കാണാതെ തന്നെ അറിയില്ലേ കൂറ ആണെന്ന് .(നിരൂപണം എഴുതി പ്രസ്സില്‍ കൊടുത്തിട്ടല്ലേ ഞാന്‍ ആ പടം കാണാന്‍ പോയത്).അല്ല അണ്ണനും ആ പടം കണ്ടു കുറെ അധികം തെറി പറഞ്ഞതാണല്ലോ . അല്ലെ ? പിന്നെന്താ?

അനിയാ അത് കഴിഞ്ഞാണ് ഞാന്‍ ചില കാര്യങ്ങള്‍ ഓര്‍ത്തത്‌ . ഒരു വിനയന്‍ ചിത്രം ഇറങ്ങുമ്പോള്‍ , പ്രത്യേകിച്ചും ഏറ്റവും അവസാനം ഇറങ്ങിയ കുറച്ചു ചിത്രങ്ങള്‍ കാണുമ്പോള്‍ ഇതൊരു മലയാളി പ്രേക്ഷകനും സ്വയമോ മറ്റുള്ളവരോടോ പറയുന്ന ചില സ്ഥിരം വാചകങ്ങളാണ് ഞാനും ആവര്‍ത്തിച്ചത് . "ഇയാള്‍ക്ക് ഈ പണി നിര്‍ത്തികൂടെ ? ഇയാള്‍ ആരെ തോല്‍പ്പിക്കാന്‍ വേണ്ടിയാ ഇങ്ങനെ പടം ഇറക്കുന്നത്‌ . ഇത്രയും നിലവാരം ഇല്ലാത്ത പടങ്ങള്‍ ഇറക്കുന്ന ഇവനെയൊക്കെ
$%£$£$£"£"£"......". അല്ലെ ?

അത് പിന്നെ .. സത്യമല്ലേ എങ്ങനത്തെ കൂറ പടങ്ങള്‍ കണ്ടിട്ട് പിന്നെ മഹോത്തരം എന്ന് പറയാന്‍ പറ്റുമോ .

അനിയാ ആദ്യമേ ഒന്ന് മനസിലാക്കണം.യക്ഷിയോ,റസിയയോ മഹത്തായ ചിത്രങ്ങള്‍ ആണെന്നും അവ മലയാള സിനിമക്ക് എന്നും അഭിമാനിക്കാവുന്നവ ആണെന്നും അല്ല. മറിച്ചു വിനയന്‍ മാത്രം എന്ത് കൊണ്ട് ക്രൂശിക്കപ്പെടുന്നു എന്നാ ചിന്തയാണ് ഇതിനു പ്രേരകം .

അല്ല അതിപ്പോള്‍ വിനയന്‍റെ ചിത്രങ്ങള്‍ കൂറ പടങ്ങളായ സ്ഥിതിക്ക് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം ? നമുക്ക് നിലവാരം ഉള്ള പടങ്ങള്‍ അല്ലേ വേണ്ടത് ?

ആണല്ലോ? ഇനി മാറ്റി പറയരുത് .മലയാളത്തില്‍ ഇന്നു വിനയന്‍ നേരിടുന്ന അത്രയധികം വെല്ലുവിളികള്‍ ഒരു പുതുമുഖ സംവിധായകന്‍ പോലും നേരിടുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.നിലവാരം ഉള്ള (ഈ വാക്ക് , സംഗതി മലയാള സിനിമയില്‍ തീരെ ഇല്ലാത്തത് കൊണ്ട് ഉപയോഗിക്കുന്നത് ശരിയല്ല എന്നറിയാം) അഥവാ ഉണ്ടെന്നു സ്വയം വിശ്വസിക്കുന്ന ഒരാള്‍ പോലും ഒരു വിനയന്‍ ചിത്രത്തില്‍ സഹകരിക്കാന്‍ ധൈര്യപ്പെടാത്ത കാലമാണ് ഇതു എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . അത് നടന്‍മാര്‍ ആയാലും തിരകഥ കൃത്തുക്കള്‍ ആയാലും മറ്റു ഏതു പിന്നണിപ്രവര്‍ത്തകര്‍ ആയാലും ശരി ഇതൊക്കെ തന്നെയാണ് അവസ്ഥ.ഇതിനെ കുറിച്ചൊന്നും അധികം വിശദീകരികേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

സംഘടനാപരമായി വിനയന്‍ മലയാള സിനിമ വേദിയില്‍ നേരിടുന്ന ഒറ്റപ്പെടുത്തലുകള്‍ പല വേദികളിലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.ഒരു തീയറ്റര്‍ ലഭിക്കാന്‍ പോലും,എന്തിനു സിനിമ സെന്‍സര്‍ ചെയ്തു കിട്ടാന്‍ ,പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കാന്‍ ലോക മഹാ യുദ്ധങ്ങള്‍ നടത്തേണ്ടി വരുന്ന ആ മനുഷ്യനെ ചീത്ത പറഞ്ഞതില്‍ എനിക്ക് ശകലം നാണം തോന്നണ്ടേ അനിയാ? ഇനി വിനയന്‍റെ സിനിമകളുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതു പോലും വിനയന്‍ നേരിട്ടാണ് ഇന്നു ആരെങ്കിലും പറഞ്ഞാല്‍ സത്യമായും എനിക്ക് അതിശയം തോന്നില്ല. ഉറപ്പ്!! ഇത്രയും നിലവാരം കുറഞ്ഞ (തിലകന്‍,സ്ഫടികം ജോര്‍ജ് തുടങ്ങി സംഘടനയുമായി ഉടക്കി നില്‍ക്കുന്ന അപൂര്‍വ്വം ചിലര്‍ ഒഴിച്ചാല്‍ വിനയന്‍ ചിത്രങ്ങളില്‍ സഹകരിക്കുന്ന ആര്‍ക്കും നിലവാരം ഉണ്ടെന്നു അവര്‍ പോലും പറയില്ല) ഒരു ടീമുമായി തുടക്കം മുതല്‍ ഒടുക്കം വരെ പ്രശ്നങ്ങള്‍ നേരിട്ട് വല്ല വിധേനയും പടം സിനിമ ശാലയില്‍ എത്തിക്കുമ്പോള്‍ അതിനു ഇനി നിലവാരം കൂടി വേണം എന്നു പറഞ്ഞാലോ ?(ഒന്നാമത് ആ മനുഷ്യന് തിരക്കഥ വഴങ്ങില്ല.നിവൃത്തികേട് കൊണ്ട് ചെയ്യുന്നു . അതിന്‍റെ കൂടെ ഒരു കൈ കൊണ്ട് എഴുതുകയും മറ്റേ കൈ കൊണ്ട് ലോകത്തോട്‌ മുഴുവന്‍ യുദ്ധം ചെയുകയും വേണം , അതിനിടയില്‍ പിന്നെ നിലവാരവും !! )

അല്ല ഈ പറയുന്നത് എന്ത് ന്യായമാ അണ്ണാ? വിനയന്‍റെ പ്രശ്നങ്ങള്‍ അങ്ങേരുടെ സ്വന്തം കാര്യം.പ്രേക്ഷകര്‍ എന്ന നിലയ്ക്ക് നമുക്ക് നല്ല സിനിമ വേണം.അത് ഇവന്‍ പടം കഷ്ട്ടപ്പെട്ടു ആണ് എടുത്തത്‌ എന്നു വെച്ച് ഉഗ്രന്‍ എന്നു പറയാന്‍ പറ്റുമോ ?

ഏങ്ങനെ പറ്റും? ഒരിക്കലും പറ്റില്ല .പക്ഷെ ഒരു ഒറ്റ ചോദ്യം ഈ നിലവാരം ഇല്ലായിമ്മയെ ചോദ്യം ചെയ്യാനും കടിച്ചു കുടയാനും ഉള്ള മാധ്യമങ്ങളുടെയും ബൂലോക സിംഹങ്ങളുടെയും ആക്രാന്തം മറ്റു സംവിധായകരുടെയും താരങ്ങളുടെയും പടം വരുമ്പോള്‍ എവിടെ പോകുന്നു ? ഉദാഹരണമായി മലയാള സിനിമയുടെ അചാര്യനും ഹിറ്റ്‌ മേക്കര്‍ (?) ഉം അയ മലയാളികളുടെ സ്വന്തം പാച്ചിക്ക അഥവാ ഫാസില്‍ എന്ന സംവിധായകനെ എടുക്കാം.വിനയന്‍ നേരിടുന്ന ഒരു വിധ പ്രശ്നങ്ങളും ഇല്ലാത്ത അദേഹം എടുത്ത അവസാന രണ്ടു ചിത്രങ്ങള്‍ മോസ് ആന്‍ഡ്‌ ക്യാറ്റ്,ലിവിംഗ് ടുഗദെര്‍ എന്നീ ചിത്രങ്ങള്‍ ഏതു രീതിയിലാണ്‌ യക്ഷിയും റസിയയെക്കാളും മികച്ചു നില്‍ക്കുന്നത് എന്നു ദയവായി ഒന്ന് പറഞ്ഞു തരാമോ?ഒരു ഉദാഹരണത്തിന് വേണ്ടി ഫാസിലിനെ എടുത്തു എന്നേ ഉള്ളു.അത് പറ്റില്ല എങ്കില്‍ സംഘടനയുടെ നേടും തുണ് അയ ശ്രീ ബി ഉണ്ണികൃഷ്ണന്‍റെ പ്രമാണി,ത്രില്ലെര്‍ എന്നിവ ഏങ്ങനെ യക്ഷിയെയും റസിയയെയും ആയി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ചു നില്‍ക്കുന്നു എന്നു പറഞ്ഞാലും മതി.ഇനി അതും പോരെങ്കില്‍ ഷാജി കൈലാസ് എടുത്ത ദ്രോണ, ഓഗസ്റ്റ്‌ 15 എന്നീ ചിത്രങ്ങളെ താരതമ്യം ചെയ്താലും മതി .മേല്‍ പറഞ്ഞ മഹാന്‍മാരില്‍ ശ്രീ ഫാസില്‍ കുറെയധികം കാലമായി യൂത്തിന് വേണ്ടി മാത്രം ചിത്രം എടുക്കുന്ന ആളാണ് (ചുമ്മാതാണോ പിള്ളേര് അന്യഭാഷാ ചിത്രങ്ങള്‍ തേടി ഓടുന്നത് ?) ഉണ്ണികൃഷ്ണന്‍ ആകട്ടെ മാതൃഭുമി വാരികയില്‍ വന്ന അഭിമുഖത്തില്‍ പറഞ്ഞത്‌ അനുസരിച്ച് ആണെങ്കില്‍ അദേഹം ബോസ്ക്ലോവിസ്കിയുടെ (പേര് വേറെന്തോ ആണ് ഏതാണ്ട് ഇതു പോലെ ഇരിക്കും) സിനിമകള്‍ കണ്ടു വളര്‍ന്ന ആളും മനസ് മൊത്തം ലോകോത്തര ചിത്രങ്ങളുമാണ്.പിന്നെ ഇവിടുത്തെ കൂറകള്‍ക്ക് മനസിലാകാന്‍ വേണ്ടി മാത്രം ഇങ്ങനെ നിലവാരം ഇല്ലാത്ത ചിത്രങ്ങള്‍ എടുക്കുന്നു എന്നു മാത്രം (താടി ലൈന്‍ ). ഷാജി കൈലാസിനാകട്ടെ സംവിധാനം വെറുമൊരു ജോലിയല്ല മറിച്ചു ഒരു ഭ്രാന്ത് തന്നെ ആണെന്ന് എവിടെയോ അദേഹം തന്നെ പറഞ്ഞതായി ഓര്‍ക്കുന്നു (കഴിഞ്ഞ രണ്ടു ചിത്രങ്ങള്‍ കണ്ടവര്‍ തീര്‍ച്ചയായും അതിനോട് യോജിക്കും).ഇനിയും പോരെങ്കില്‍ ശ്രീ മേജര്‍ രവി സംവിധാനം ചെയ്ത ......

അയ്യോ ..... അണ്ണാ മതി കൂടുതല്‍ കേട്ടാല്‍ എനിക്ക് തന്നെ പേടിയാകും.

പേടിക്കാന്‍ വരട്ടെ അനിയാ.ഈ പറയുന്ന മഹാന്മാര്‍ ആര്‍ക്കെങ്കിലും വിനയന്‍ കൊണ്ട് വന്നതിന്‍റെ പത്തിലൊന്ന് വ്യത്യസ്തത കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടോ ? പ്രേമം വന്നാലും പ്രേതത്തെ കണ്ടാലും ഒരേ പോലെ ഭാവം പ്രകടിപ്പിക്കുന്ന പുതുമുഖത്തെ (അഭിപ്രായം വ്യക്തിപരം )നായകനാക്കി വെച്ച് ആകാശഗംഗ എന്ന ഒരു ഹൊറര്‍ ചിത്രം,അതും ഭയങ്കര അഭിനയമൊന്നും കാഴ്ച വെച്ചിട്ടില്ലാത്ത ദിവ്യഉണ്ണി എന്ന നടിയെ നായികയാക്കി എടുത്തത്‌ ഇവര്‍ ആരും അല്ലായിരുന്നല്ലോ. വെറും കോമാളി ആക്കി മിമിക്ക്രി കാണിപ്പിച്ചു നടത്തിയിരുന്ന കലാഭവന്‍ മണിയെ നായകനാക്കിയ വാസന്തിയും ലക്ഷ്മിയും ... തുടങ്ങി വെച്ചത് അല്ലേ അനിയാ ഇന്നു ഇവിടെ എല്ലാവരും പാടി പുകഴ്ത്തുന്ന ആദാമിന്‍റെ മകന്‍ അബുവില്‍ എത്തി നില്‍ക്കുന്നത് ?

അല്ല അങ്ങനെ ചോദിച്ചാല്‍ ....? മാത്രമല്ല വിനയന്‍ ചിത്രങ്ങളില്‍ കാണുന്ന ചില സ്ഥിരം ബിംബങ്ങളെ പറ്റി എന്താ ഒന്നും പറയാത്തെ.വികലാംഗര്‍,ബലാത്സംഗം അങ്ങനെ ഉള്ളവയോ ?

അനിയാ ഒരു പീഡനവുമായി ബന്ധപെട്ട ഒരു വാര്‍ത്ത‍ ഇല്ലാത്ത ഒരു ദിനപത്രം ഈ വര്‍ഷം നിനക്ക് കാണിച്ചു തരാമോ? മലയാളി മദ്യപാനം പോലെ ഏറ്റെടുത്ത ഈ സംഭവത്തെ സിനിമകളില്‍ കാണിക്കുന്നത് തെറ്റാണോ ? അതിരിക്കട്ടെ പ്രശസ്തരായ ചില സംവിധായകരുടെയും അവരുടെ ചിത്രങ്ങളില്‍ കാണാറുള്ള ബിംബംങ്ങളുടെയും വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

രഞ്ജിത് : മിടുമിടുക്കനായ നായകന്‍ . അയാളോട് ബൌധിക വേഴ്ച നടത്തുന്ന അസംതൃപ്ത ആയ വല്ലോരുടെയും ഭാര്യ/കാമുകി, (അയാളെ മാത്രം സ്നേഹിക്കുന്ന സംതൃപ്തയായ ഭാര്യ/കാമുകി വീട്ടില്‍ ഉണ്ടാകും ).

ഷാജി കൈലാസ് : സ്ലോ മോഷന്‍, മദ്യഗ്ലാസ്സിലേക്ക്‌ വീഴുന്ന ഐസ് കട്ടയുടെ ക്ലോസ് അപ്പ്‌ ഷോട്ട് , ആധുനിക ഗാഡ്ജെറ്റ്സ്

പ്രിയദര്‍ശന്‍ : ടോം ആന്‍ഡ്‌ ജെറി കാര്‍ട്ടൂണില്‍ നിന്നും അടിച്ചു മാറ്റിയ ഷോട്ടുകള്‍

അരവിന്ദന്‍ : ആകാശം

സത്യന്‍ അന്തിക്കാട് : ചായക്കട

അങ്ങനെ നോക്കിയാല്‍ എത്ര വേണേലും പറയവുന്നത്തെ ഉള്ളു.അത് വിട് . പിന്നെ ഇപ്പോളും സൂപ്പര്‍ താരങ്ങളില്‍ ഒരാളിന്‍റെ ക്യാമ്പില്‍ നിന്നും മറ്റേ ആളിന്‍റെ ക്യാമ്പിലേക്ക് ശയന പ്രദിക്ഷണം നടത്താന്‍ മാത്രം അറിയുന്ന,അതിനപ്പുറം ഒന്നും ചിന്തിക്കാന്‍ ഉള്ള ധൈര്യം ഇപ്പോളും ഇല്ലാത്ത താടിയെക്കാളും എത്രയോ ഉയരത്തിലാണ് പാവം വിനയന്‍ !!!

അപ്പോള്‍ ചുരുക്കത്തില്‍ ...

പ്രിയപ്പെട്ട വിനയന്‍ ,ഈ പോസ്റ്റിലൂടെ ഉദ്ദേശിച്ചത് തങ്ങളുടെ റസിയയും,യക്ഷിയും മികച്ച ചിത്രങ്ങള്‍ ആണെന്ന് അല്ല . എന്നാല്‍ പ്രസ്തുത ചിത്രങ്ങളുടെ മോശം നിലവാരം പൂര്‍ണമായും താങ്കളുടെ ഉത്തരവാദിത്വം അല്ല എന്ന തോന്നലാണ് ഈ പോസ്റ്റിനു പ്രേരകം.ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല തിരക്കഥാകൃത്തിനെ എങ്കിലും കിട്ടുന്ന പക്ഷം ഒറ്റയ്ക്ക് തന്നെ മലയാള സിനിമക്ക് കുറെയെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒരാളാണ് താങ്കള്‍ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതൊന്നു ഉറക്കെ പറയാന്‍ ഈ പോസ്റ്റ്‌ വേണ്ടി വന്നു എന്ന് മാത്രം

Wednesday, May 25, 2011

രഘുവിന്‍റെ സ്വന്തം റസിയ

ഒരു ഷക്കീല ചിത്രം കണ്ടിട്ട് അതില്‍ അശ്ലീലം ഉണ്ട് എന്ന് പരാതിപ്പെടുന്നത് പോലെയാണ് ഒരു വിനയന്‍ ചിത്രത്തിന് നിലവാരം ഇല്ല എന്ന് പരാതി പറയുന്നത് .............

കലക്കന്‍ തുടക്കം.അണ്ണാ അപ്പോള്‍ അതും കണ്ടു അല്ലെ? നിങ്ങളെ സമ്മതിക്കണം.പക്ഷെ ഇങ്ങനത്തെ കൂറ പടങ്ങള്‍ ഒക്കെ കണ്ടു നടന്നാല്‍ മതിയോ ?നിങ്ങള്‍ക്ക് ഇതൊക്കെ എഴുതുന്ന സമയത്ത് പോയി വല്ല ഹോളിവുഡ് പടങ്ങളുടെ അഭിപ്രായം പറഞ്ഞു കൂടെ?അതാ ഇപ്പോളത്തെ ഒരു ട്രെന്‍ഡ് .പോരാത്തതിനു ഇങ്ങനത്തെ പടങ്ങളൊക്കെ കണ്ടു എന്ന് നാലു പേര്‍ അറിയുന്നത് മോശമല്ലേ ?

അനിയാ മുകളില്‍ പറഞ്ഞ വാചകം സത്യത്തില്‍ എന്‍റെ അല്ല.മുന്‍പ് ഇവിടെ പറഞ്ഞിട്ടുള്ള ശ്രീ ജയകൃഷ്ണന്‍ വിനയന്‍റെ ഏതോ പടത്തെ പറ്റി പറഞ്ഞ വാചകമാണ് ഇതു.പിന്നെ കാണുന്ന പടങ്ങളെ പറ്റിയല്ലേ എഴുതാന്‍ പറ്റു? തല്ക്കാലം ക്ഷമി .

ശരി വെറുതെ വഴക്ക് കൂടണ്ട . സിനിമയെ പറ്റി എന്തെങ്കിലും ഒക്കെ ......

പറയമെടെ .ഒരു നഗരം .അവിടെ ഒരു ട്രെയിനില്‍ വന്നിറങ്ങുന്ന ഭ്രാന്തി (മേഘ്ന) . കൊച്ചിനെ പോലീസ്കാരും തെരുവ് ഗുണ്ടകളും ഒക്കെ പീഡിപ്പിക്കുന്നു/പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു.സംഗതി വാര്‍ത്ത‍ ആകുന്നു.(എന്നിട്ടും കൊച്ചു ചുമ്മാ അലഞ്ഞു തിരിഞ്ഞു നടക്കുന്നു).ആ നഗരത്തിലെ പണക്കാരനായ അബൂബക്കര്‍ (സ്ഫടികം ജോര്‍ജ്) ടി വി യില്‍ ഈ വാര്‍ത്ത‍ കാണുന്നു . കാറും എടുത്തു രാത്രി തന്നെ അദേഹം ആ ഭ്രാന്തിയെ അന്വേഷിച്ചു ഇറങ്ങുന്നു.അവസാനം കണ്ടെത്തുന്ന ഭ്രാന്തിയുമായി അദേഹം ഒരു സ്വകാര്യ ആശുപത്രിയില്‍‍ എത്തുന്നു.അതീവ രഹസ്യമായി കൊച്ചിനെ ചികിത്സിക്കാന്‍ ഏര്‍പ്പാട് ചെയ്യുന്നു .അവിടുത്തെ ഒരു ലേഡി ഡോക്ടര്‍ ഭയങ്കര അനുകമ്പയോടെ പറയുന്നത് സാറിനെ പോലെയുള്ളവര്‍ ഒരു വലിയ കാര്യമാണ് ഈ ചെയ്തത് എന്ന് .പിന്നെ കാണിക്കുന്നത് അതെ ഡോക്ടര്‍ ഭ്രാന്തിയെ ചുമ്മാ ഷോക്ക്‌ കൊടുത്തു തള്ളുന്നതാണ്. ഇങ്ങനെ കുറെ നേരം നടക്കുന്ന ഷോക്ക്‌ കൊടുക്കല്‍ പ്രക്രിയ പേരും മറ്റും ഒന്നും ഒരിടത്തും പറയാത്ത ഒരു പത്രപ്രവര്‍ത്തക ഒളിഞ്ഞു നോക്കുന്നുണ്ട്.കുറെ ഷോക്ക്‌ കൊടുത്തു കഴിയുമ്പോള്‍ കൊച്ചു കുറച്ചു മെച്ചപ്പെട്ടു എന്നും പേര് വിളിക്കു എന്നും ഡോക്ടര്‍ പറയുമ്പോള്‍ (സത്യമായും ഇതു ഇങ്ങനെ തന്നെയാണ് ) അബൂബക്കര്‍ റസിയ റസിയ എന്ന് വിളിക്കുന്നു.ഉടനെ സംഗതി ഫ്ലാഷ് ബാക്കിലേക്ക്‌ അപ്പോളാണ് ഞെട്ടിക്കുന്ന കുറെ കാര്യങ്ങള്‍ നമുക്ക് മനസിലാകുന്നത് .

1 റസിയ അബൂബക്കറിന്‍റെ മകളാണ് .(ദോഷം പറയരുതല്ലോ അത് പറയുന്ന നിമിഷം വരെ സ്ഫടികം ജോര്‍ജ്ന്‍റെ മുഖം കണ്ടാല്‍ വിനയന്‍ പോലും പറയില്ല അത് അങ്ങേരുടെ മകള്‍ ആണെന്ന് .അച്ഛനുറങ്ങാത്ത വീട്ടില്‍ അഭിനയിച്ച സലിം കുമാറിനെ കുനിച്ചു നിര്‍ത്തി ഇടിക്കണം.അഭിനയമാണ് പോലും അഭിനയം !! )

2 ഈ റസിയ ആ നഗരത്തില്‍ തന്നെ വളര്‍ന്ന കൊച്ചാണ്‌. (വളരെ അടുത്തറിയാവുന്ന ആളുകള്‍ വരെ അവരെ കാണുന്നുണ്ട് . ആകെയുള്ള വ്യത്യാസം ദേഹത്ത് കുറച്ചു മുറിവും കീറിയ വസ്ത്രവും അഴിഞ്ഞു ഉലഞ്ഞ മുടിയും.തീര്‍ന്നു സ്വന്തം അച്ഛന് പോലും സംശയം മാത്രമേ ഉണ്ടാകു !!)

ഞെട്ടി കഴിഞ്ഞു ഇനി ബാക്കി .........................

ബാക്കി എന്താ? രഘുവും റസിയയും അയല്‍ക്കാര്‍.പ്രേമത്തില്‍ ആണെന്ന് വേണമെങ്കില്‍ നമുക്ക് സംശയിക്കാം.സ്വതന്ത്രസമര സേനാനിയും, ഗായകനും,നാടകക്കാരനും ഒക്കെയായ ഇപ്പോള്‍ കുട നന്നാക്കിയും,ചെരുപ്പ് കുത്തിയും,പാട്ടു പാടിയും ഒക്കെ കുടുംബം പുലര്‍ത്തുന്ന കുട്ടപ്പ ഭാഗവതരുടെ കൊച്ചുമകനാണ് രഘു.അങ്ങേരുടെ കുടുംബത്തില്‍ ആണേല്‍ മകള്‍ക്ക് കിഡ്നി പ്രശനം, ഒരു കൊച്ചു കുട്ടിക്ക് കാലിനെന്തോ പ്രശ്നം അങ്ങനെ കുറേ. പ്രേമം വീട്ടില്‍ അറിയുമ്പോള്‍ (അറിയുന്നതാണ് തമാശ.റസിയയെ ഓട്ടോയില്‍ പോകുമ്പോള്‍ കൂടെ പഠിക്കുന്ന ഒരുത്തന്‍ കൂട്ടുകാരുമൊത്ത് വന്നു പിടിച്ചിറക്കി ബൈക്കില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിക്കുന്നു . അത് കണ്ടു വഴിയെ വരുന്ന രഘു ചെറിയ സ്റ്റണ്ട് നടത്തി റസിയയെ രക്ഷിക്കുന്നു.നമ്മുടെ അയല്‍പക്കത്തുള്ള ഒരു കൊച്ചിനെ വഴിയില്‍ കുറെയെണ്ണം പിടിച്ചു വലിക്കുന്നത് കണ്ടാല്‍ സ്റ്റണ്ട് ഒന്നും നടത്തിയില്ലെങ്കിലും എന്താ എന്ന് ചോദിക്കുകെങ്കിലും ചെയ്യില്ലേ ?)അതോടെ റസിയയുടെ വീട്ടുകാര്‍ക്ക് എല്ലാം പകല്‍ പോലെ വ്യക്തം.അബൂബെക്കര്‍ നല്ല ജോലിയുമായി വന്നാല്‍ റസിയയെ കെട്ടിച്ചു തരാം എന്ന് പറയുന്നു.ജമാല്‍ എന്ന ആളിന് ഒരു കത്ത് കൊടുത്തു ജോലിക്കായി അബൂബേക്കര്‍ രഘുവിനെ വിടുന്നു.പിന്നെ പഠിക്കാനായി ബംഗ്ലൂര്‍ എത്തുന്ന റസിയ കാണുന്നത് നല്ല ഉഗ്രന്‍ തീവ്രവാദിയായി നടക്കുന്ന രഘുവിനെ ആണ്. ജമാല്‍ ഭയങ്കരനായ ഒരു തീവ്രവാദിയാണ് എന്നും അയാള്‍ രഘുവിനെയും മറ്റുള്ളവരെയും ഉപയോഗിച്ച് മുംബൈ മോഡല്‍ ഒരു ആക്രമണത്തിന് തയ്യാര്‍ എടുക്കുകയനെന്നും നമ്മുക്ക് മനസിലാകുന്നു . നല്ലവനായ നായകന് ഇതില്‍ തീരെ താല്പര്യം ഇല്ല.രഘുവിന്‍റെ സുഹൃത്ത്‌/ സഹതീവ്രന്‍ റസിയയെ രക്ഷപ്പെടുത്തുന്നു എങ്കിലും വെടിയേറ്റ്‌ വീഴുന്നു.(കുറെ നേരം ജമാല്‍ നിരന്തരമായി വെടി വയ്ക്കുന്നു എങ്കിലും അവസാന നിമിഷം ആണ് സംഗതി കൊള്ളുന്നത്‌ !!) റസിയ ബോധം കെട്ടു ഒരു ലോറിയില്‍ വീഴുന്നു.ലോറിക്കാര്‍ റസിയയെ പീഡിപ്പിക്കുന്നു എന്നിട്ട് വഴിയില്‍ ഉപേക്ഷിക്കുന്നു.(സമയം രാത്രി,പടം വിനയന്‍റെ,വീഴുന്നത് മേഘ്ന ,ലോറിക്കാരെ എന്തിനാ വെറുതെ കുറ്റം പറയുന്നേ ).ഇതോടെ സമനില തെറ്റിയാണ് റസിയ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്.ഇതിനിടെ ജമാല്‍ പ്ലാന്‍ ചെയ്ത തീവ്രവാദി ആക്രമണത്തില്‍ പങ്കെടുത്ത ബാക്കി എല്ലാരേയും പോലീസ് വെടിവെച്ചു കൊല്ലുന്നു.രഘു മാത്രം ജീവനോടെ പിടിക്കപ്പെടുന്നു.ഒരു വെടി പോലും വെച്ചിട്ടില്ലെങ്കിലും രഘു ഇന്നു തൂക്കു ശിക്ഷ കത്ത് കിടക്കുകയാണ്.ഇതോടെ കുട്ടപ്പ ഭാഗവതും കുടുംബവും വഴിയാധാരം ആകുകയും ഒറ്റപ്പെടുകയും ചെയ്യുന്നു .ഇത്രയും ഫ്ലാഷ് ബാക്ക്.

അയ്യോ ഇതു വരെ ഫ്ലാഷ് ബാക്ക് കഴിഞ്ഞതേ ഉള്ളോ ? പിന്നെ ...

പിന്നെ അങ്ങോട്ട്‌ സംഭവങ്ങളുടെ ഒരു ബഹളമാണ് . ജമാലിന്‍റെ ആശുപത്രിയില്‍ ആണ് റസിയയെ ചികിത്സിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന സത്യം പഴയ വെടിയേറ്റ സഹതീവ്രന്‍ വഴി നമ്മള്‍ അറിയുന്നു.ജനലിലൂടെ സ്ഥിരം ഒളിഞ്ഞു നോക്കുന്ന പത്രക്കാരിയാണ്‌ ഈ സഹനെ നമ്മുടെ മുന്നില്‍ എത്തിക്കുന്നത്, ഇതിനിടെ റസിയയെ ചികിത്സിക്കാന്‍ വേറൊരു ഭയങ്കര സ്ത്രീ ഡോക്ടര്‍ വരുന്നുണ്ട് (പഴയ ഡോക്റ്റര്‍ കറന്റ്‌ അടിപ്പിച്ചു മടുത്തു എന്നു തോന്നുന്നു) ഒരു നിവര്‍ത്തിയും ഇല്ലാത്ത അഭിനയമാണ് ചേച്ചിയുടെ.ഈ അഭിനയം കണ്ടു പേടിച്ചാണോ എന്നറിയില്ല റസിയ ഭേദമാകുന്നു.അപ്പോളേക്കും വിവരം അറിഞ്ഞു ജമാലും ഒരു ഡോക്റെരും ചേര്‍ന്ന് വിഷം കുത്തിവെച്ചു റസിയയെ കൊല്ലാന്‍ ശ്രമിക്കുന്നു.സഹന്‍ (പഴയ സഹ തീവ്രവാദി) റസിയയെ രക്ഷിക്കുന്നു.ഇനി അങ്ങോട്ട്‌ സിനിമയുടെ നിര്‍ണായകമായ ചില വഴിത്തിരിവുകളും അവസാനവും ആണ്.സിനിമ കണ്ടു തന്നെ ഇതൊക്കെ അനുഭവിക്കണം എന്നു നിര്‍ബന്ധം ഉള്ളവര്‍ ദയവായി മുന്നോട്ടു വായിക്കരുത് .

പോലീസ്നും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് നടത്തപ്പെടുന്ന ചില ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ആണ് ഇവയില്‍ പ്രധാനം.അവയില്‍ ചിലത് ഇപ്രകാരം
1 സമൂഹത്തില്‍ മാന്യനായി കഴിയുന്ന ജമാല്‍ ആണ് സകല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ എന്ന് നമ്മുടെ സഹന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു
2 തുടര്‍ന്ന്,രഘുവിനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തനിക്കു വിറ്റത് അബുബേക്കര്‍ ആണെന്ന് ജമാല്‍ നിര്‍ഭയം വെളിപ്പെടുത്തുന്നു.
3 പോരാത്തതിനു ഒരു ആളിനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആയിട്ടു വില്‍ക്കുമ്പോള്‍ നിലവിലുള്ള മാര്‍ക്കറ്റ്‌ വില (അമ്പതു ലക്ഷം )അബുബേക്കര്‍ കൈ പറ്റിയതായും ജമാല്‍ പ്രഖ്യാപിക്കുന്നു.രഘുവിന്‍റെ കാര്യത്തില്‍ അബുബേക്കര്‍ തനിക്കു യാതൊരു ഡിസ്കൌണ്ടും തന്നിട്ടില്ല എന്ന് ധാര്‍മികരോഷത്തോടെ കുറ്റപ്പെടുത്തുകയും ചെയുന്നു.
4 ഇതേ തുടര്‍ന്ന് അബൂ ബക്കറിന്റെ ബാപ്പ താന്‍ ഇവനെ അനാഥാലയത്തില്‍ നിന്നും എടുത്തു വളര്‍ത്തിയത്‌ ആണെന്നും.
അബുബക്കറിന്റെ ശരിയായ പേരോ ജാതിയോ അറിയില്ല എന്നും പ്രഖ്യാപിച്ചു തടി തപ്പുന്നു.(ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന് മനസിലായില്ല.അബു ബേക്കര്‍ എന്നാ കഥാപാത്രം ഒരു മതഭ്രാന്തനോ മറ്റോ ആയിരുന്നെങ്കില്‍ അതിനു പിന്നെയും ഒരു കാര്യമുണ്ടായിരുന്നു.ഇവിടെ അബുബേക്കര്‍ തികഞ്ഞ ഒരു ബിസ്നെസ്സ്കാരനാണ്. അയാള്‍ മുസ്ലിം ആയാല്‍ എന്ത് അല്ലെങ്കില്‍ എന്ത് ?)

എത്രയും ആകുമ്പോള്‍ ഇനി സംഗതികള്‍ മുന്നോട്ടു പോയാല്‍ കണ്ടിരിക്കുന്നവര്‍ മുഴുഭ്രാന്തന്‍മാരായി ആകും പുറത്തു വരുക എന്ന് ഓര്‍ത്തിട്ടാണോ എന്തോ വിദേശ പര്യടനത്തില്‍ ആയിരുന്ന രാഷ്‌ട്രപതി യാത്ര റദ്ദാക്കി തിരിച്ചു വരുകയും.പുന പരിശോധനക്ക് സമര്‍പ്പിക്കപെട്ട ദയാഹര്‍ജി അനുവദിക്കുകയും ചെയ്യുന്നു.(തൂക്കി കൊല്ലുന്നതിനു തൊട്ടു മുന്‍പ് ഓര്‍ഡര്‍ കൈയില്‍ കിട്ടുകയും ചെയ്യുന്നു ). സര്‍വം ശുഭം

ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.എല്ലാ ഘടകങ്ങളും ശരാശരിയില്‍ നിന്നും വളരെ താഴെയാണ് . വിനയന്‍ ചിത്രങ്ങളില്‍ കാണാറുള്ള നിലവാര കുറവ് ചീപ്നെസ്സ് എന്നിവ മിക്ക ഫ്രെമുകളിലും തെളിഞ്ഞു കാണാന്‍ ഉണ്ട് .

അമ്മയോടും,സുപ്പര്‍ താരങ്ങളോടും ഉള്ള വാശി പകയായി വിനയന്‍ കാണികളോട് വീട്ടുകയാണ് എന്ന് ഈ ചിത്രം കണ്ടാല്‍ അമ്മയാണെ ആരും പറഞ്ഞ് പോകും.അങ്ങനെ പറയുന്നവരെ വിനയന്‍ സുപ്പര്‍ താരങ്ങളുടെ പിണിയാളുകള്‍ എന്ന് വിളിച്ചാല്‍ , അങ്ങേരെ ഈ പടം മുഴുവനായി ഒരു പത്തു തവണ കാണിക്കണം . സകല പ്രശ്നവും അതോടെ തീരും .പണ്ടാരം !!! ഒന്നുകില്‍ അങ്ങേര്‍ക്ക് വട്ടാകും,അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും .രണ്ടായാലും പ്രേക്ഷകര്‍ക്ക്‌ രക്ഷ .

ഈ പടത്തിന്‍റെ ഒരു നല്ല വശം പറഞ്ഞു അവസാനിപ്പിച്ച്‌ കൂടെ എന്ന് ശ്രീനിയുടെ വക ഒരു നിര്‍ദേശം.ആലോചിച്ചപ്പോള്‍ ഓര്‍മ വന്നത് ഈ ചിത്രം കാണാന്‍ ഞാനുള്‍പ്പെടെ പല സമയത്തായി വന്ന മൂന്ന് പേരാണ് താഴെ ഉണ്ടായിരുന്നത് . ഇടവേള ആയപ്പോള്‍ ആണ് മറ്റു രണ്ടു പേര്‍ വളരെ കാലമായി കാണാതിരുന്ന കൂട്ടുകാര്‍ ആണ് എന്ന് മനസിലായത് (അവരുടെ സംഭാഷണത്തില്‍ നിന്നും മനസിലാക്കിയത്).ഇടവേളക്കു ശേഷം അവര്‍ രണ്ടു പേരും തകര്‍പ്പന്‍ കത്തി/വിശേഷം പറയല്‍ ആയിരുന്നു . ഈ ചിത്രം ആയതു കൊണ്ടല്ലേ അവര്‍ക്ക് വീണ്ടും കണ്ടു മുട്ടാന്‍ കഴിഞ്ഞത്? (വല്ല സീനിയേര്‍സും ആയിരുന്നെങ്കിലോ ?) ഒരു പക്ഷെ പേരറിയാത്ത അവര്‍ മാത്രമായിരിക്കും ഈ ചിത്രത്തിന് വിനയനെ തെറി പറയാതിരിക്കാന്‍ സാധ്യത ഉള്ളവര്‍

Saturday, August 21, 2010

യക്ഷിയും ഞാനും (Yakshiyum Njanum)

നേടിയെടുത്തെ നേടിയെടുത്തെ ഒടുവില്‍ ഞങ്ങള്‍ നേടിയെടുത്തെ .....

എന്തുവാടെ രാവിലെ മുദ്രാവാക്യം വിളി ? എന്തോന്ന് നേടി എടുത്തു എന്നാ .

പൊന്നു അണ്ണാ ഒടുവില്‍ ഞങ്ങള്‍ വിജയിച്ചു .അമ്മ എന്നാ മാഫിയ ഗുണ്ട സംഘടനയെയും അവരുടെ ഒക്കെ വിലക്കിനെയും മറി കടന്നു ഞങ്ങള്‍ ഒടുവില്‍ യക്ഷിയും ഞാനും എന്ന മഹത്തായ ചലച്ചിത്രം പുറത്തിറക്കി . മുട്ട് മടക്കി .. മുട്ട് മടക്കി . സൂപ്പര്‍ കള്‍ മുട്ടുമടക്കി ...

ഡേ അടങ്ങേടെ നീ ആരെടെ ? തിലകനോ അതോ ബൂലോകത്തെ ഏതെങ്കിലും വലിയ ഊതുകാരനോ ഇങ്ങനെ വികാരം കൊള്ളാന്‍ ? അതിരിക്കട്ടെ നീ പടം കണ്ടോ ?

മം പിന്നെ കാണുന്നു പടം കാണാതെ റിവ്യൂ എഴുതുന്ന വര്‍ഗമാ എന്റെ . വേറെ പണിയില്ലേ ?

എന്നാല്‍ ഞാന്‍ ആ പടം കണ്ടു ആദ്യ ദിവസം തന്നെ , നല്ല മഴ നനഞ്ഞാ പോയത്.

എന്നിട്ട് ? എങ്ങനെ ഉണ്ട് പടം ? കിടിലം അല്ലെ ?

അനിയാ ഒരു ഷക്കീല പടം കണ്ടിട്ട് അതില്‍ അശ്ലീലം ഉണ്ടെന്നു പരാതി പെടുനത് പോലെയാണ് വിനയന്‍ ചിത്രം കണ്ടിട്ട് അതിനു നിലവാരം ഇല്ലെന്നു പറയുന്നത്, വാചകം എന്റെയല്ല,മറിച്ച് ബൂലോകത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല ചലചിത്ര നിരൂപണങ്ങള്‍ എഴുതിയിരുന്ന ജയകൃഷ്ണന്‍ കാച്ചിയ വാചകമാണ് സംഭവം.പക്ഷെ ഒന്ന് പറഞ്ഞോട്ടെ വിനയന്‍ ചിത്രങ്ങളുടെ നിലവാരം കൂടിയിട്ടുണ്ട് .പക്ഷെ പ്രസ്തുത അപരാധത്തില്‍ ശ്രീ വിനയന്‍ എന്ന മാന്യദേഹത്തിനു ഒരു പങ്കും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല മറിച്ചു മറ്റു മലയാള സിനിമകളുടെ നിലവാരതകര്‍ച്ചയാകാം അങ്ങനെ തോന്നിപ്പികുന്നത്.ശ്രീ റൂബന്‍ ജോസഫ്‌ ആണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ് .

ഓ... മനസിലായി അണ്ണന്‍ അമ്മയുടെ ഭാഗമാ അല്ലെ ?

അനിയാ ഞാന്‍ ആരുടെയും ഭാഗമല്ല .ഒരല്‍പം പ്രതിഭ കൂടി ഉണ്ടായിരുന്നെങ്ങില്‍ നിസംശയം മലയാളത്തിന്റെ റാം ഗോപാല്‍ വര്‍മ എന്ന് വിളിക്കാവുന്ന ഒരു സംവിധായകന്‍ ആണ് ശ്രീ വിനയന്‍ എന്നാണ് എന്‍റെ അഭിപ്രായം,അദേഹത്തിന്റെ ചിത്രങ്ങളില്‍ എനിക്ക് തോന്നുന്ന ഏറ്റവും വലിയ കുറവ് ചില ബാലിശമായ രംഗങ്ങള്‍ വഴി ചിത്രത്തിന്റെ മുഴുവന്‍ സീരിയസ് നെസ് കളയുന്നു എന്നതാണ്. ഈ ചിത്രത്തിന്റെ ആദ്യരംഗം തന്നെ നോക്കു. അഭ്യന്തര മന്ത്രിയുടെ മകന്‍ ഒരു quotation സംഘത്തെ വിളിച്ചു ഒരു ജോലി പറയുന്നു .(മന്ത്രി (സ്പടികം ജോര്‍ജ് ) മഹാ അഴിമതിക്കാരനും കോടികള്‍ സമ്പാദിച്ചു കൂട്ടിയവനും ആണെന്ന് പറയുന്നുണ്ട് ).ജോലി മന്ത്രി പുത്രിയെ പ്രേമിക്കുന്ന പയ്യനെ കൊല്ലണം. സംഘം റെഡി പക്ഷെ കാശു അമ്പതു ലക്ഷം വേണം . പാവം മന്ത്രീ പുത്രനാകട്ടെ അകെ കൈയില്‍ ഉള്ളത് പത്തു ലക്ഷവും .ഗുണ്ട തലവന്‍ കൂള്‍ കൂളായി മന്ത്രീ പുത്രനോട് പൊയ് പണി നോക്കാന്‍ പറയുന്നു .അമ്പതു ലക്ഷം തികച്ചു തരാതെ ഒന്നും നടക്കില്ലത്രേ .ഇത്രയും ദാരിദ്രം പിടിച്ച ഒരു മന്ത്രീ പുത്രനും ഇത്രയും ചങ്കൂറ്റം ഉള്ള ഗുണ്ടയും കേരളത്തില്‍ വിനയന്‍ ചിത്രത്തില്‍ മാത്രമേ കാണാന്‍ പറ്റു.

അല്ല അത് പിന്നെ ...

തീര്‍ന്നില്ലെടെ അഭ്യന്തര മന്ത്രി,മന്ത്രി മന്ദിരത്തില്‍ നിന്നും മതിഭ്രമം ബാധിച്ചു റോഡിലുടെ ഓടുന്ന ഒരു രംഗമുണ്ട്.സ്പടികം ജോര്‍ജ് നെ പോലെയുള്ള ഒരാളെ കൊണ്ട് ഇങ്ങനെ കോമാളിത്തരം കാണിക്കുക എന്ന് വെച്ചാല്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ .

അല്ല ഇത്രയും പുതു മുഖങ്ങളും പുതുമകളും ഉള്ള ഒരു ചിത്രത്തിന്റെ ചെറിയ കുറവുകള്‍ സഹിച്ചു കൂടെ ?

പിന്നെ എന്താ മലയാള സിനിമക്ക് വേണ്ടിയല്ലേ ?സഹിക്കാമല്ലോ . പക്ഷെ വിനയന്‍ സംവിധാനം ചെയുന്നത് കൊണ്ടും അഭിനയിക്കുനത് പുതു മുഖങ്ങള്‍ ആയതു കൊണ്ടും പുതുമ ആകുമോ ? തീയറ്റര്‍ ഇല്‍ ചെന്നപ്പോലെ പുതുമയാണ് വരവേറ്റത് . വിനയന്റെ ഒരു ഭീകര കട്ട്‌ ഔട്ട്‌. വിനയന്‍ ഫ്രണ്ട് അസോസിയേഷന്‍ വക (തമിഴ് പടം പോലെ കളിയാക്കല്‍ ആണോ ഉദേശം എന്ന് എനിക്കറിയില്ല ). ഇനി കഥ.സഹോദരിക്ക് ചികിത്സക്ക് വേണ്ടി ഗുണ്ട പണി ചെയുന്ന ബി ടെക് ബിരുദ ധാരിയായ നായകന്‍ (ഗൌതം) (വിനയനും ബി ടെക് ആണെന്ന് എവിടെയോ വായിച്ചതു ഓര്‍മ വരുന്നു) വിനയന് സംവിധാനം ചെയ്യാമെങ്കില്‍ നായകന് ഗുണ്ട പണി ചെയ്തു കൂടെ? തികച്ചും ന്യായം

നേരത്തെ പറഞ്ഞ പാവപെട്ട അഭ്യന്തര മന്ത്രിയുടെ quotation പണി ഏറ്റെടുക്കുന്ന നായകന്‍ കൃത്യം നിര്‍വഹിച്ച ശേഷം ഒളിവില്‍ പോകുന്നു . പരിപാടി കഴിഞ്ഞ ശേഷം മന്ത്രീ പുത്രന്‍ നേരിട്ട് വന്നാണ് കാശു കൊടുക്കുന്നത് . മന്ത്രീ പുത്രന്‍ അവരുടെ പഴയ എസ്റ്റേറ്റ്‌ ബംഗ്ലാവിലെക്കാന്നു നായകനെ ഒളിവില്‍ ഇരിക്കാന്‍ അയക്കുന്നത് .ബംഗ്ലാവില്‍ വെച്ച് കിട്ടുന്ന ഒരു മോതിരം നായകന്‍ ധരിക്കുന്നു . പിന്നെ പിറ്റേന്ന് രാവിലെ നായകന്‍ അവിടെ ഒക്കെ ഓടിനടക്കുന്ന ഒരു സുന്ദരിയെ (മേഘ്ന ) കാണുന്നു . ഈ യക്ഷി രാത്രി മാത്രമല്ല പകലും കറങ്ങി നടക്കും. (ഒന്നും വിചാരിക്കരുത് വിനയന്‍ യക്ഷികള്‍ അങ്ങനെയാണ്. അവര്‍ക്ക് അങ്ങനെ രാത്രിയോ പകലോ ഇല്ല).

അല്ല അത് പിന്നെ ..

തീര്‍ന്നില്ലെടെ . ഈ യക്ഷിക്ക് കാര്യമായ പരിപാടി ഒന്നും ഇല്ല .ഒരു മാതിരി കല്യാണ പ്രായം അറ്റം എത്തി നില്‍ക്കുന്ന പെണ്‍ പിള്ളേരെ പോലെ പാട്ട് പാടുക,ചുറ്റിനടക്കുക സമയം കൊല്ലുക അങ്ങനെ.നായകനെ കണ്ടപ്പോള്‍ തന്നെ ഒരു പ്രകോപനവും കൂടാതെ കേറി അങ്ങ് പ്രേമിക്കുന്നു.(യക്ഷികള്‍ അങ്ങനാ പ്രത്യേകിച്ചു ഈ കാലത്തേ. ആരാടാ ചോദിയ്ക്കാന്‍?). ഈ യക്ഷി ഒരു ഏകദേശം മുപ്പതു കൊല്ലം മുന്‍പ് ഇതേ എസ്റ്റേറ്റ്‌ല്‍ ജീവിചിരുന്നവള്‍ ആയിരുന്നു . ആ കാലത്തേ യക്ഷിയുടെ കാമുകന്‍ ചെറുക്കനെ ഒന്ന് കാണണം!! അവന്റെ ഹെയര്‍ സ്റ്റൈല്‍ന് മാത്രം കൊടുക്കണം കാശു. പിന്നെ ബാക്കിയെല്ലാം പതിവ് പോലെ വില്ലന്മാര്‍ , കൊല്ലപ്പെടുന്ന(ഒരുമിച്ചു)നായികാ നായകന്മാര്‍ , പ്രേതം ആകുന്ന നായിക, (അതെന്താ നായിക മാത്രം പ്രേതം ആകുന്നെ എന്ന് ചോദിക്കല്ലേ . പഴയ നായകനും കൂടി എഴുനേറ്റു വന്നാല്‍ പിന്നെ ഒരു ത്രികോണ പ്രേമ കഥയിലേക്ക്‌ പോകും എന്നത് കൊണ്ടാവാം അങ്ങനെ സംഭവിക്കുന്നില്ല )പിന്നെ രണ്ടര മണികൂര്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു കഴിഞ്ഞു (മുപ്പതു കൊല്ലം സിനിമയിലെ മറ്റു കഥാ പത്രങ്ങളുടെയും)നായിക യക്ഷി ഭാഗികമായും ബാക്കി മനുഷ്യ നായകനും നിര്‍വഹിക്കുന്ന പ്രതികാരം.ഇത്രയും ആണ് ഈ പടം.യക്ഷി ചിത്രം ആകുമ്പോള്‍ മന്ത്രവാദി വേണമല്ലോ . ഇതില്‍ ആ ഇനം മൂന്ന് എണ്ണം ഉണ്ട് തിലകന്‍ അവതരിപ്പിക്കുന്ന നാരായണന്‍ എന്ന ഒരു വ്യക്തിത്വവും ഇല്ലാത്ത അഴകൊഴംബന്‍ മന്ത്രവാദി ,മാള അവതരിപ്പിക്കുന്ന വാല്മീകി എന്ന ആദിവാസി (ദുര്‍) മന്ത്രവാദി,പിന്നെ caption രാജു സുകുമാര സിദ്ധന്‍ എന്ന പ്രകൃതി സ്നേഹി കം വൈദ്യന്‍ കം മന്ത്രവാദി കം നായികയുടെ അച്ഛന്‍ .പോരെ?പിന്നെ കോമഡിക്ക് വേണ്ടി മൂന്ന് സീരിയല്‍ തമാശക്കാരെ ഇറക്കിയിട്ടുണ്ട് .(നഞ്ഞു എന്തിനു നന്നാഴി!!!?)

ഈ പടം കാണുന്ന പ്രേക്ഷകര്‍ ന്യായമായും ചോദിക്കുന്ന (ചോദിക്കാവുന്ന) ചില ചോദ്യങ്ങള്‍ ഇവയാണ്

രണ്ടു പേര്‍ ഒരുമിച്ചു കൊല്ലപെട്ടിടു ഒരാള്‍ മാത്രം പ്രേതമായി അവതരിക്കാനുള്ള പ്രകോപനം?അതോ ഈ സംഗതി വനിതാ സംവരണ സീറ്റ്‌ ആണോ ? (വിനയന്‍ ആരു യാഷ് ചോപ്രയോ? തികോണ പ്രേമകഥ പിടിക്കാന്‍ )
ജീവന് തുല്യം സ്നേഹിച്ചിരുന്ന ഒരുത്തന്‍ ചത്ത്‌ പോയിട്ട് വളരെ practical ആയി അടുത്തവനെ പ്രേമിക്കുന്ന യക്ഷി . (ഹ ജീവിതം ഒന്നല്ലേ ഉള്ളു ?)
പ്രതികാരം ചെയാന്‍ ഇത്രയും കാലം എടുത്തതിന്റെ കാരണം . (അത് പിന്നെ ഈ തിരക്ക് ഒക്കെ ഒന്ന് ഒഴിയണ്ടേ )
ഒരു (അന്ധനായ)വില്ലന്‍ വേലക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രേതം കുറെ അധികം നായ്കളായി ആക്രമിക്കുന്നുണ്ട് . എന്നാല്‍ അപ്പോള്‍ അങ്ങ് പ്രതികാരം നിര്‍വഹിച്ചു കൂടെ ?( അത് പിന്നെ നമ്മള്‍ മാക്സിമം നന്നാകുമോ എന്ന് നോക്കും .യക്ഷിയാണ് എങ്കിലും ഒരു മനസാക്ഷി ഒക്കെ വേണ്ടേ )

ചുരുക്കത്തില്‍ പറഞ്ഞാല്‍ ആകാശ ഗംഗ എന്ന ചിത്രത്തില്‍ ഉള്ള ഒരു ലോജിക് ഈ ചിത്രത്തില്‍ തീരെ ഇല്ല . (കൊള്ളാവുന്ന വല്ലോരെയും കൊണ്ട് തിരകഥ എഴുതിച്ചു ഇരുന്നെങ്കില്‍ ഇതു ഒഴിവാക്കാമായിരുന്നു )

അപ്പോള്‍ പടം താങ്ങില്ല അല്ലെ ?

അനിയാ ഈ വിലക്കുകളെയും മറ്റു പാര കളെയും ഒക്കെ അതിജീവിച്ചു ഈ ചിത്രം പ്രദര്‍ശനത്തിനു എത്തിച്ച വിനയന്റെ ചങ്കൂറ്റം അഭിനണ്ടിക്കാവുന്നതാണ് .നമ്മുടെ ഒരു മുന്‍ നിര സംവിധാന പ്രതിഭകളും ചെയാന്‍ ധൈര്യപ്പെടാത്തതും ആണ് ഈ സംഗതി .ചിത്രം മോശം ആയതിനു പൂര്‍ണ ഉത്തര വദിത്വം ശ്രീ വിനയന് മാത്രം ആണ് .

അപ്പോള്‍ അഭിനയം ?

പുതു മുഖങ്ങള്‍ എല്ലാം അവരാല്‍ കഴിയുന്ന പരമാവധി ശ്രമിച്ചു അഭിനയിചിടുണ്ട്.അവരെ ഇത്രയും ഭേദപെട്ട രീതിയില്‍ അഭിനയിപ്പിച്ചതിന്റെ ക്രെഡിറ്റ്‌ ശ്രീ വിനയന് മാത്രം ഉള്ളതാണ് .നായികയുടെ മുഖം എവിടെ ഒക്കെയോ നയന്‍ താരയെ ഓര്‍മിപ്പിക്കുന്നു. ഗ്ലാമര്‍ ഒരല്‍പം അധികം ആയോ എന്ന് തോന്നാം (നായിക സുന്ദരിയും ധരിക്കുന്ന വസ്ത്രങ്ങള്‍ ചേരുന്നതും ആയത് കൊണ്ട് എനിക്ക് വലിയ വൃത്തികേട് തോന്നിയില്ല.പക്ഷെ ഇങ്ങനത്തെ ഒരു റോള്‍ ചെയുമ്പോള്‍ ശരീരം ഒരല്‍പം കൂടി ഒന്ന് ഒതുക്കി എടുക്കാവുന്നത് ആയിരുന്നു).ആകെപ്പാടെ അറിയുന്ന നടന്‍മാര്‍ caption രാജു , തിലകന്‍ , മാള,സ്പടികം ജോര്‍ജ് ഇവരൊക്കെയാണ് .ഒരു വില്ലന്‍ അന്ധന്‍ ആയതിനാല്‍ വിനയന്റെ പതിവ് വികലാംഗ പ്രേമത്തിന് മുടക്കം വരുന്നില്ല. സാജന്‍ മാധവ അണിയിച്ചൊരുക്കുന്ന ഗാനങ്ങള്‍ കുഴപ്പമില്ല

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ....
ഇത്രയും എതിര്‍പ്പുകളെ നേരിട്ട് ചെയ്ത ചിത്രം, കുറഞ്ഞ പക്ഷം ഒരു വിദേശ ചിത്രം അടിച്ചു മാറ്റി ചെയ്തിരുന്നെങ്കില്‍ പോലും ഇതിലും നന്നായേനെ .