Showing posts with label രഞ്ജിത്. Show all posts
Showing posts with label രഞ്ജിത്. Show all posts

Saturday, September 11, 2010

പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ് (Pranchiyettan & the Saint)

എടേ നമ്മുടെ മലയാള സിനിമയുടെ ആസ്ഥാന ബുദ്ധി ജീവിയായ സംവിധായകന്‍ രഞ്ജിത് ചിത്രങ്ങളിലെ കഥാ പാത്രങ്ങളുടെ പൊതു സ്വഭാവങ്ങള്‍ ഒന്ന് പറയാമോ?

പിന്നെ ... വലിയ ഒരു ചോദ്യം ? അണ്ണാ നിങ്ങള്‍ പരിപാടി നിര്‍ത്തി കാണും എന്നാ ഞാന്‍ കരുതിയേ. അപ്പോള്‍ നിങ്ങള്‍ പ്രാഞ്ചിയും കണ്ടു അല്ലെ?

ഞാന്‍ പരിപാടി നിര്‍ത്തുന്നതും നിര്‍താത്തതും ഇരിക്കട്ടെ നീ ചോദ്യത്തിന് ഉത്തരം പറ.

ശരി എന്നാ പിടിച്ചോ . നായകന്‍: പണം പുല്ലു പോലെ കാണുന്ന ഒരാള്‍. അതിനു കാരണം അയാള്‍ക്ക് കശുള്ളതോ അയാള്‍ക്ക് വേണ്ടി കാശു ഇറക്കാന്‍ ആള്‍ ഉള്ളതോ ആകാം .അദേഹത്തിന് ചുറ്റും എപ്പോളും ഒരു കോക്കസ് (ആ വാക്കാ ഇപ്പോളത്തെ ഒരു ട്രെന്റ് ) ഉണ്ടായിരിക്കും .നായിക ആദ്യം ചിലപ്പോള്‍ ചില്ലറ ചവിട്ടും കുത്തും ഒക്കെ കാണിച്ചാലും (കൂടി പോയാല്‍ ഒരു ഇരുപതു മിനിട്ട് ) നായകന്റെ വ്യക്തിത്വത്തില്‍ മയങ്ങി പ്രേമിക്കുന്നവള്‍. മറ്റു സ്ത്രീ കഥാപത്രങ്ങള്‍ പ്രായം ആയവര്‍ ആണെങ്കില്‍ നായകന്റെ അമ്മക്ക് തുല്യം . അല്ലെങ്കില്‍ ചെറുപ്പകാരി/ മധ്യവയസ്ക ആണെങ്കില്‍ നായകനുമായി ബൌധിക വേഴ്ച നടത്തി തൃപ്തി അടയുന്ന new generation liberated lady. ഇനി ബുദ്ധിജീവി ആകാന്‍ ഒരു സാഹചര്യവും ഇല്ലാത്തവള്‍ ആണെങ്കില്‍ നായകനെ പ്രേമിക്കാന്‍ പറ്റാത്ത വിഷമം ഉള്ളിലൊതുക്കി പടം തീരുന്നത് വരെ ജീവിക്കുന്നവള്‍.പിന്നെ വില്ലന്‍ , വര്‍ഷങ്ങളായി രാവിലെ എഴുനെല്‍ക്കുന്നത് മുതല്‍ കിടന്നു ഉറങ്ങുന്നത് വരെ നായകനെ എങ്ങനെ പണിയാം എന്ന് ചിന്തിച്ചു നടക്കുന്ന പാവം (അതിനു കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന എന്തെങ്കിലും സംഭവത്തിന്റെ പേരില്‍ ).ശ്രീ രഞ്ജിത്ന്റെ ഇതു ചിത്രം എടുത്താലും ഇതില്‍ ഏതെങ്കിലും ഒക്കെ കാണും എന്നാണ് എന്റെ വിശ്വാസം .ഈ പടത്തിലും ഏതൊക്കെ തന്നെയാണോ?

നീ മോശമല്ലാലോ മോനെ . അത് നീ തന്നെ തീരുമാനിച്ചോ .അരി പ്രാഞ്ചി എന്നറിയപ്പെടുന്ന തൃശൂര്‍ക്കാരന്‍ ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്നയാള്‍ ആണ് ഇതിലെ കേന്ദ്രകഥാപാത്രം.ബിസ്നെസ്സ്കാരനും സമ്പന്നനും അയ ഇദേഹം അടിസ്ഥാനപരമായി ഒരു മണ്ടനായ മംഗലശ്ശേരി നീലന്‍ ആണ് അഥവാ അങ്ങനെയാണ് കാണുന്നവര്‍ക്ക് തോന്നുന്നത്.അദേഹത്തിന്റെ ചുറ്റും അനുയായികളുടെ ഒരു സംഘം പതിവ് പോലെ ഉണ്ട് .തന്ത്രശാലിയായ business കാരന്‍ എന്നൊക്കെ നാട്ടുകാരെ കൊണ്ട് ഇടയ്ക്കിടെ പറയിപ്പിക്കുന്നു എങ്കിലും പടത്തിന്റെ അവസാനത്തിനു ഒരു പതിനഞ്ചു മിനിട്ട് വരെ പ്രഞ്ചിയെ നാട്ടുകാര്‍ വരിക്കു നിന്ന് പറ്റിച്ചിട്ട് കാശും കൊണ്ട് പോകുന്നതാണ് കാണുന്നത്.രഞ്ജിത് ചിത്രത്തിലെ നായകന്‍ ആയതിനാലും കാശു പുല്ലായതിനാലും പ്രഞ്ചിക്ക് അതില്‍ തീരെ വിഷമം ഇല്ല.
ഹ ഇങ്ങനെ ചുമ്മാ കാടിളക്കാതെ കഥയെ പറ്റി എന്തെങ്കിലും പറഞ്ഞൂടെ ?

സമ്പന്നനായ പ്രാഞ്ചിയുടെ ഏക വിഷമം പണ്ട് സര്‍വകലാശാല എന്ന ചിത്രത്തില്‍ ഇന്ന സെന്റ് അണ്ടി പരിപ്പും മുന്തിരിങ്ങയും ഒക്കെയായി ചെന്ന് അടൂര്ഭാസിയോടു പറയുന്നതാണ് . ("എന്നിക്കിതിരി വെയിറ്റ് വേണം" ).ബാല്യ കാല സഖിയായ ഡോ ഓമനയെ (കുഷ് ബു ) അടിച്ചെടുത്ത കുട്ടികാലത്തെ എതിരാളി ഡോ. ജോണ്‍ (സിദ്ദിക് ) ആണ് ഇപ്പോളും പ്രധാന പാര. ഓമനയും പ്രാഞ്ചിയും ഇപ്പോളും സൌഹൃതത്തില്‍ ആണ് .പ്രാഞ്ചി ക്ലബ്‌ പ്രസിഡന്റ്‌ ആയി മത്സരിക്കുന്നു ഡോ ജോണ്‍ ജയിക്കുന്നു .പ്രാഞ്ചി ഓസ്കാര്‍ ജേതാവിന് സ്വീകരണം സ്പോണ്‍സര്‍ ചെയ്യുന്നു . അവസാനം വേദിയില്‍ ഇരിക്കാന്‍ പോലും പറ്റുന്നില്ല .കാശു കൊടുത്തു പത്മശ്രീ വാങ്ങാന്‍ ശ്രമിക്കുന്നു. നമ്പ്യാര്‍ (ബലചന്ദ്രന് ചുള്ളികാട്‌)എന്ന വന്‍തോക്ക് ഒന്നര കോടി രൂപ വാങ്ങി വീണ്ടും പ്രാഞ്ചിയെ പറ്റിക്കുന്നു (ഇടവേള )

ഇടവേളക്കു ശേഷം പത്മശ്രീ (പ്രിയാമണി) പൊട്ടി വീഴുന്നു . ഓമന സുഹൃത്താണെന്ന് പറഞ്ഞാണ് പരിചയ പെടുത്തുന്നത് . ബോംബയില്‍ നിന്നും വരുന്ന ഇവര്‍ ഒരു പെയിന്റിംഗ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യിക്കാന്‍ പ്രാഞ്ചിയെ ക്ഷണിക്കാന്‍ ആണ് വരുന്നത് . ഒരു രാഷ്ട്രീയ നേതാവിനേയോ,സിനിമ താരതെയോ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് പറയുന്ന ഇവര്‍ക്ക് പ്രാഞ്ചിയുടെ സംഭാവനയോ, ചിത്രം വാങ്ങുകയോ വേണ്ട.(പിന്നെ എന്താണ് ഇയാളെ ക്ഷണിക്കാന്‍ ഉള്ള പ്രചോദനം എന്ന് ചോദിച്ചാല്‍ സൂപ്പര്‍ താരം ആണ് നായകന്‍ എന്നതാണ് ഉത്തരം).അത് കൊണ്ട് തീര്‍ന്നോ.കൊച്ചു നേരെ പ്രാഞ്ചിയുടെ വീട്ടില്‍ ഇടിച്ചു കേറി സ്വീകരണമുറി പെയിന്റ് അടിച്ചു അലങ്ങരിച്ചു ചെത്താക്കി കൊടുക്കുന്നു .(പുറകെ മൊത്തം വീടും സ്വന്തം കൈ കൊണ്ട് പെയിന്റ് അടിച്ചു കൊടുത്തു പ്രാഞ്ചിയുമായി ബന്ധം ബലപ്പെടുത്തുന്നു.അവസാനം കുടുംബ സ്വത്തു മറ്റു ബന്ധുക്കളില്‍ നിന്ന് വാങ്ങാനായി പ്രാഞ്ചിയില്‍ നിന്നും ധനസഹായം കൈപറ്റുന്ന കൊച്ചു കാര്യം കഴിഞ്ഞപ്പോള്‍ പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ റെഡി ആയി ഇരിക്കുന്ന പ്രാഞ്ചിക്ക് നേരെ ഒരു പോസ്റ്റ്‌ ഡേറ്റ് ചെക്ക് ഉം കൊടുത്തു പഴയ ഒരു പ്രണയ കഥയും പറഞ്ഞു "നിങ്ങള്‍ എന്നെ ഇഷ്ടം ആണെന്ന് വല്ലതും പറഞ്ഞിരുന്നെങ്കില്‍ ആകെ ബോര്‍ ആയേനെ" എന്നൊരു ബുദ്ധിജീവി വാചകവും കാച്ചി രക്ഷപ്പെടുന്നു.പ്രാഞ്ചി വീണ്ടും വഴിയാധാരം .

അതൊക്കെ മറന്നു പ്രാഞ്ചി നാട്ടിലെ സ്കൂള്‍ ഹെഡ് മാസ്റ്ററുടെ പ്രശ്നം ഏറ്റെടുക്കുന്നു . ഈ വര്ഷം അദേഹത്തിന്റെ സ്ക്കൂളിനു നൂറു ശതമാനം റിസള്‍ട്ട്‌ വേണമെങ്കില്‍ ഒരു ഉഴപ്പനായ വിദ്യാര്‍ഥി പരീക്ഷ ജയിക്കണം . പ്രാഞ്ചി പ്രശ്നം ഏറ്റെടുക്കുകയും പയ്യനെ ഉടനെ വീട്ടില്‍ കൊണ്ട് പോകുകയും ചെയ്യുന്നു.പയ്യനെ പഠിപ്പിക്കാന്‍ മാസ്റ്റര്‍റെ (ജഗതി ) വയ്ക്കുന്നു . ആകെ ബഹളം . ഒടുവില്‍ റിസള്‍ട്ട്‌ വരുമ്പോള്‍ പയ്യന്‍ മാത്രം തോല്‍ക്കുന്നു .കുപിതനായ പ്രാഞ്ചി സ്ലോ മോഷനില്‍ നടന്നു പയ്യനെ പിടിക്കുബോള്‍ ആണ് ആ ഞെട്ടി പ്പിക്കുന്ന സത്യം അറിയുന്നത് .പയ്യന്റെ അച്ഛനായി വന്നയാള്‍ അവന്റെ വളര്‍ത്തു അച്ഛന്‍ ആണ് (ഇതിനിടെ അയാളും പ്രാഞ്ചി യോട് ഒരു ലക്ഷം രൂപ വാങ്ങി മുങ്ങികളയുന്നു) .യഥാര്‍ത്ഥ അച്ഛന്‍ (ബിജു മേനോന്‍) കള്ളും കഞാവും അടിച്ചു ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഇപ്പോള്‍ കാന്‍സര്‍ ബാധിച്ചു ജയിലില്‍ കിടപ്പുണ്ട്.(ഈ മഹാ രഹസ്യം ആ നാട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു !!!)ജയിലില്‍ പോയി പയ്യന്റെ അച്ഛനെ കണ്ടു മടങ്ങുന്ന പ്രാഞ്ചി പയ്യനെ വളര്‍ത്തു മകനായി ദത്തു എടുക്കാന്‍ തീരുമാനിക്കുന്നു .അതോടെ പ്രാഞ്ചി മഹാനും വിശുദ്ദനും ആയി മാറുന്നു.

ഇതിലുള്ള ഒരു പുതുമ പ്രാഞ്ചി,പയ്യനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു വരുന്ന വഴി, രാത്രി പള്ളിയില്‍ കയറുന്നു .അവിടെ വെച്ച് പ്രാഞ്ചിയുടെ മുന്നില്‍ പ്രത്യക്ഷ പ്പെടുന്ന സെന്റ്‌ ഫ്രാന്‍സിസ് പുണ്യ വാളനോട് തന്റെ ജീവിത കഥ പറയുന്നതയിട്ടാണ് മുകളില്‍ പറഞ്ഞ കഥ കാണിച്ചിരിക്കുന്നത്.ഇവര്‍ രണ്ടു പേരും തമ്മില്‍ ഉള്ള സംഭാഷണം രചിച്ചിരിക്കുന്നിടത്ത് മാത്രമാണ് രഞ്ജിത്ത് തിരകഥ കൃത്ത് എന്ന നിലയില്‍ തന്റെ മികവു കാണിച്ചിരിക്കുന്നത് . ഇടവേള ക്ക് മുന്‍പ് നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നീടു എന്തെങ്കിലും ബന്ധം കാണും എന്ന് കരുതി എങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല .

പറയാന്‍ മറന്നു അവസാനം പുണ്യവാളന്‍ പ്രാഞ്ചിയെ തോല്പ്പിച്ചു എന്ന് കരുതുന്നവര്‍ ആരും വിജയിചിടില്ല എന്ന് പറഞ്ഞു മൂന്ന് ദൃശ്യങ്ങള്‍ കാണിക്കുന്നു . ഒന്ന് . ഡോ.ഓമനയും ഡോ ജോണും പരസ്പരം വഞ്ചിച്ചാണ് ജീവിക്കുന്നത് .(രണ്ടു പേര്‍ക്കും ഓരോ അവിഹിതം ഉണ്ടെന്നു ചുരുക്കം ) രണ്ടു , പ്രാഞ്ചിയെ ഒന്നര കോടി (പത്മശ്രീ തരാം എന്ന് പറഞ്ഞു ) പറ്റിച്ച നമ്പ്യാരെ പോലീസെ അറസ്റ്റ് ചെയ്തു പോകുന്നു. മൂന്ന് പ്രാഞ്ചി പ്രേമിച്ച പത്മശ്രീ തിരിച്ചു വന്നു പ്രാഞ്ചിയെ പ്രേമിക്കാന്‍ തയ്യാര്‍ എടുക്കുന്നു .(നന്മ ചെയ്താല്‍ നല്ലത് വരും എന്ന് ചുരുക്കം ) .അങ്ങനെ ഒരു പൊളപ്പന്‍ സന്ദേശവും കൂടെ തന്നിട്ട് കൂടിയാണ് പടം തീരുന്നുതു.

തീര്‍ന്നോ ?

ഇല്ലല്ലോ.ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് മമ്മൂടി തൃശൂര്‍ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത് എന്നതാണ് .(ഇനി മലയാള ഭാഷയിലെ രണ്ടു മൂന്ന് സ്ലാഗ് കൂടെയേ ബാക്കിയുള്ളൂ എടുത്തു അലക്കാന്‍. അത് കൂടി കഴിഞ്ഞാല്‍ അദേഹം എന്ത് ചെയ്യുമോ ആവൊ?). പിന്നെ ലോക ചരിത്രത്തില്‍ ആദ്യമായി രഞ്ജിത് ചിത്രത്തിന്റെ നായകന്‍ പാരീസില്‍ പോയിട്ടില്ല, ജെ എന്‍ യു വില്‍ പഠിക്കുകയോ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുകയോ ചെയ്യുന്നില്ല . ഇത്രയൊക്കെ പോരേടെ?

പിന്നെന്താ നല്ല സിനിമയിലേക്കുള്ള വഴികള്‍ മാത്രമാണ് സൂപ്പര്‍ ഉം അല്ലാത്തതും ആയ താരങ്ങള്‍ എന്ന് മനസിലാക്കാതെ ആ താരത്തിന്റെ പടത്തെകാല്‍ മികച്ചതാണ് ഈ താരത്തിന്റെ ചിത്രം എന്നും, മറിച്ചും പറഞ്ഞു തര്‍ക്കികുന്ന,നല്ലതായാലും ചീത്തയായാലും ഇവരുടെ ഒക്കെ പടങ്ങള്‍ വിജയിപ്പികേണ്ടത് ആരാധകര്‍ എന്ന നിലയില്‍ തങ്ങളുടെ ജീവിത ലക്‌ഷ്യം ആണെന്നും കരുതുന്ന അന്ധരായ താര ആരാധകര്‍ക്ക് ഇതൊക്കെ ധാരാളം മതി.ഇനി ഒരൊറ്റ ചോദ്യം കൂടി മലയാള സിനിമയുടെ ഏറ്റവും വലിയ ഗതികേട് എന്താണെന്നാ നീ കരുതുന്നെ ?

അത് പിന്നെ ..............

പറഞ്ഞു തരാം സൂപ്പര്‍ താരങ്ങളുടെ കാര്യം ആണെങ്കില്‍ കഴിവുള്ളവന് താല്പര്യം ഇല്ല.താല്പര്യം ഉള്ളവന് കഴിവ് പോര.വേറെ ആരും നിലവിലും ഇല്ല.

ഇനി ഈ ചിത്രത്തെ കുറിച്ച് ആണെങ്കില്‍ കുറെ സംഭവങ്ങള്‍ പരസ്പര ബന്ധം ഇല്ലാതെ അടുക്കി വച്ചിരിക്കുന്നു (നന്മ ചെയുന്നവന്‍ മാത്രമേ നന്നാകു എന്ന ലോക സിനിമയിലെ തന്നെ ഏറ്റവും പുതുമയുള്ള സന്ദേശം കാണിക്കാന്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം).ശരിക്കും പ്രാഞ്ചി, പയ്യന്റെ പ്രശ്നം അറിയുന്നത് മുതലാണ് കഥ തുടങ്ങുന്നത് അത് എങ്ങനെ വലിച്ചു നീട്ടിയാലും അര മണിക്കൂറില്‍ കൂടുതല്‍ പറ്റുകയും ഇല്ല. മമ്മുട്ടിയുടെ തൃശൂര്‍ ഭാഷ ആദ്യ രംഗങ്ങളില്‍ ഇന്നസെന്റ്നെ അനുകരിക്കുനത് പോലെയാണ് തോന്നിയത്.ചുരുക്കത്തില്‍ ബുദ്ധിജീവിജാടയില്‍ പൊതിഞ്ഞ ഒരു തട്ടി കൂടു ചിത്രം ആയെ എനിക്ക് തോന്നിയുള്ളൂ .

പാവം പ്രേക്ഷകര്‍ ... അല്ലാതെ എന്ത് പറയാന്‍ ?

Friday, July 30, 2010

പെണ്‍ പട്ടണം

എന്താടെ വെറുതെ തേരാ പാര നടക്കുന്ന നിനക്ക് നമ്മളെ ഒക്കെ കാണുമ്പോള്‍ ഒരു തിരക്ക്?

ഒന്നും വിചാരിക്കരുത് ഒരല്‍പം തിരക്കാ ..

മം എന്ത് പറ്റി?

പറ്റാന്‍ ഇനി എന്തോന്ന് ? എത്ര പടങ്ങളാ ഇറങ്ങുന്നത് ഈ ആഴ്ച ...പിന്നെ നമുക്കെങ്ങനാ വെറുതെ ഇരിക്കാന്‍ പറ്റുന്നെ?

ശരി ശരി നീ എന്തെങ്ങിലും കണ്ടായിരുന്നോ?

പിന്നെ ഇല്ലാതെ . ഇന്നലെ തന്നെ പെണ്‍ പട്ടണം കണ്ടു തുടക്കം കുറിച്ചു.

ആണോ ? എങ്ങനെ ഉണ്ട് പടം ?

അണ്ണാ ഉള്ള കാര്യം പറയാമല്ലോ .ഈ പടത്തിന്റെ പ്രധാന അണിയറകാരെ ആരെയും എനിക്ക് വലിയ ഇഷ്ടം ഉള്ളവരല്ല. എന്താണെന്നു അറിയില്ല .രഞ്ജിത് എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് പ്രജാപതിയും,ചന്ദ്രോസവവും,റോക്ക് ആന്‍ഡ്‌ റോള് പിന്നെ പലേരി മാണിക്യവും ഒക്കെയാണ് ഓര്‍മ്മ വരുന്നത്.(പേടിയാവുന്നതില്‍ തെറ്റുണ്ടോ? കഥ ഇദേഹം ആണ് ).വി എം വിനു എന്ന് പറയുമ്പോള്‍ ആകട്ടെ ബാലേട്ടന്‍ , വേഷം , ബസ്‌ conducter, മയിലാട്ടം ഇവയൊക്കെയും ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ആകുന്നു.പിന്നെ തിരകഥ എഴുതിയ ടി എന്‍ റസാക്ക് ,ഒന്നും തോന്നരുത്, പരുന്തു എന്ന ചിത്രം കണ്ടതിനു ശേഷം എനിക്ക് അദേഹത്തെ പേടിയാണ്.എം ജി ശ്രീകുമാറിന്റെ സംഗീതം കുടിയാകുമ്പോള്‍ പൂര്‍ത്തിയായി . ഇതിന്റെ നിര്‍മാതാവ് ഒന്നുകില്‍ ബോധം ഇല്ലാത്തവന്‍ അല്ലെങ്കില്‍ കള്ള പണം വെളുപ്പിക്കാന്‍ ഇറങ്ങിയവന്‍ (ഇതെങ്ങനെ സിനിമ എടുക്കുന്നതിലൂടെ നടക്കും എന്നെനിക്കു അറിയില്ല.ഇങ്ങനെ ഉള്ളവരും സിനിമ എടുക്കും എന്ന് വായിച്ചിട്ടുണ്ട്) എന്ന ഒരു ധാരണയോടെ ആണ് പടത്തിനു കേറിയത്‌ .

എന്നിട്ട് ? പടത്തിനു നല്ല ആളുണ്ടോ?

എവിടുന്നു .. പ്രബുദ്ധരായ മലയാളി പ്രേക്ഷകരല്ലേ . നൂറു പ്രാവശ്യം കളിപ്പിക്കപ്പെട്ടാലും പിന്നെയും മാധ്യമ കുഴല്‍ ഊതു കേട്ട് ഒരു നാള്‍ വരും എന്ന പ്രതീക്ഷയോടെ അണി നിരക്കാനല്ലേ ഇവനൊക്കെ അറിയൂ . ഞാന്‍ ചുമ്മാ നടന്നു കേറി .പിന്നെ പറയാന്‍ മറന്നു വര്‍ണചിത്രയാണ് ചിത്രം വിതരണം ചെയ്യുന്നേ.നിര്‍മാതാവ് മഹാ സുബൈര്‍.ചായാഗ്രഹണം സഞ്ജീവ് ശങ്കര്‍.

എടേ ഏതൊക്കെ ആര്‍ക്കറിയണം ? നിര്‍മ്മാതാവിനെയും ബാന്നെര്‍ നെയും ഒക്കെ നോക്കി പടത്തിനു കേറിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.നീ പടത്തിന്റെ കാര്യം പറയെടെ.

കുടുബ ശ്രീ പ്രവര്‍ത്തകരായ, നഗരത്തിലെ ചവറു വരികളയുന്ന നാല് സ്ത്രീകളെ ചുറ്റി പറ്റിയാണ് കഥ പോകുന്നത് .ഗിരിജ (രേവതി ) ശാന്ത (KPSC ലളിത ) സുഹറ (ശ്വേത മേനോന്‍ ) രാജി (വിഷ്ണു പ്രിയ ). എന്നിവരാണ്‌ അവര്‍ . നല്ല് സ്ത്രീ കള്‍ പ്രധാന കഥാ പത്രങ്ങള്‍ ആയുള്ള ചിത്രം എന്ന് പറയുമ്പോള്‍ അവരുടെ തോരാ കണ്ണീരിന്റെ മറ്റൊരു മഴകാലം പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ ? അവിടെയാണ് എന്നിക്ക് തികച്ചും തെറ്റിയത്. ഇങ്ങനത്തെ ഒരു കഥാതന്തു, അതായിത് മനുഷ്യനെ ബോര്‍ അടിപ്പിച്ചു കൊല്ലാന്‍ നല്ല സാധ്യത ഉള്ള ഒരു സാധനം , പ്രസ്തുത കൃത്യത്തില്‍ പ്രവീണ്യം നേടിയവര്‍ എന്ന് അറിയപ്പെടുന്ന ആളുകള്‍ തികച്ചും മാന്യമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് സത്യം .

അപ്പോള്‍ പടം കൊള്ളമെന്നാണോ പറയുന്നേ ?

അതെ എന്ന് പറഞ്ഞാല്‍ ഞെട്ടരുത് .കുറവുകള്‍ ഉണ്ടെങ്കിലും വലിച്ചു നീട്ടാതെ , നല്ലൊരു കഥ പറഞ്ഞതിന് ഇതിന്റെ പ്രവര്‍ത്തകരെ അഭിനന്ദിക്കാതെ വയ്യ.

കഥയെ പറ്റി അല്‍പ്പം കൂടി ...?

നേരത്തെ പറഞ്ഞത് പോലെ നാല് സ്ത്രീകളെ ചുറ്റിയാണ്‌ കഥ മുന്നോട്ടു പോകുന്നത് . ഓരോത്തര്‍ക്കും അവരവരുടെ പ്രശ്നങ്ങള്‍ ഉണ്ട് . മുടിയനായ മകനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന ശാന്ത,വിധവയ,രണ്ടു കുട്ടികളുടെ അമ്മയായ ഗിരിജ,ശരീരം തളര്‍ന്ന ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ പാട് പെടുന്ന തന്റെടിയായ സുഹറ,പിന്നെ ചേച്ചിയുടെയും പോലീസുകാരന്‍ ഭര്‍ത്താവിന്റെയും (ഇവിടെ ഒന്നും പ്രതീക്ഷികണ്ട.ഭാര്യയുടെ സഹോദരിയെ ചവറു പെറുക്കാന്‍ വിടുന്നുണ്ടെങ്കിലും സഹോദരിയെ പോലെ സ്നേഹമാണ് അദേഹത്തിന്)കൂടെ കഴിയുന്ന,പണ്ട് ഗുണ്ടായിസവും ഇപ്പോള്‍ മാന്യമായും ജീവിക്കുന്ന മണിയെ സ്നേഹിക്കുന്ന രാജി. ഈ കൂട്ടത്തിന്റെ നേതാവ് ഗിരിജയാണ്.ദിനം ദിന പ്രശ്നങ്ങളുമായി മല്ലടിച്ച് കഴിയുന്ന ഇവര്‍ക്ക് ഒരു ദിവസം ഹവാല ഇടപാടുകാര്‍ ചവറ്റു കുട്ടയില്‍ വലിച്ചെറിഞ്ഞ 30 ലക്ഷം രൂപ കിട്ടുന്നു.രൂപ പോലീസില്‍ ഏല്‍പ്പിക്കാം എന്ന് ഗിരിജ പറയുന്നെങ്കിലും ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പണം സൂക്ഷിക്കാന്‍ തീരുമാനിക്കുന്നു. സ്ഥലത്തെ പ്രധാന ബ്ലേഡ് ആയ ഉണ്ണിത്താന്‍ മുതലാളിയെ (നെടുമുടി) പണം ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു.പണം ഏല്‍പ്പിക്കുന്നു.എന്നാല്‍ പണം വലിച്ചെറിഞ്ഞ സംഭവത്തോട് അനുബന്ധിച്ച് നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി സി ഐ ആന്റണി (ലാല്‍)ഈ 30 ലക്ഷം അന്വേഷിച്ചു തുടങ്ങുന്നതോടെ കാര്യങ്ങള്‍ പ്രശ്നത്തിലേക്ക് നീങ്ങുന്നു.

ഓഹോ അപ്പോള്‍ സംഭവം സ്ത്രീകളുടെ സ്ഥിരം കണ്ണീര്‍ കഥയല്ലേ ?

അല്ലെന്നേ . അവസാന ഭാഗത്ത്‌ കുറച്ചു അതിശയീകരണം ഉണ്ടെങ്കിലും പടം മൊത്തത്തില്‍ വളരെ നന്നായി എടുത്തിട്ടുണ്ട് . ഒട്ടും വലിച്ചു നീട്ടല്‍ അനുഭവപ്പെടുന്നില്ല എന്നത് ഇപ്പോളത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ വളരെ വലിയ കാര്യമാണ് എന്നാണ് എന്തെ അഭിപ്രായം .രണ്ടാം പകുതിയില്‍ മുഴച്ചു നില്‍ക്കുന്ന ഒരു ഗാന രംഗം കൂടി മാറ്റി നിര്‍ത്തിയാല്‍ നന്നായേനെ.makeup‌ രംഗത്ത് നമ്മള്‍ കുറച്ചു കൂടി നന്നാകാന്‍ ഉണ്ടെന്നു ശ്വേത മേനോന്റെ ഷേപ്പ് ചെയ്ത പുരികം പോലെയുള്ളവ ഓര്‍മിപ്പിക്കുന്നു. നെടുമുടി വേണു തന്‍റെ സകുടുംബം ശ്യാമള എന്ന കൂറ ചിത്രത്തിലെ മോശമായ അഭിനയത്തിന് ഈ ചിത്രത്തിലൂടെ പ്രായചിത്തം ചെയ്തിരിക്കുന്നു . പ്രധാനപ്പെട്ട നാലു നടിമാരില്‍ KPSC ലളിത തകര്‍ത്തിരിക്കുന്നു. രേവതിയും ശ്വേത മേനോനും അവരവരുടെ കഥാപത്രങ്ങളെ നന്നാക്കിയപ്പോള്‍ പുതു മുഖം വിഷ്ണു പ്രിയക്കും കൈലാഷിനും അധികമൊന്നും ചെയ്യാന്‍ ഉണ്ടായില്ല.ലാല്‍ പതിവ് ശൈലിയില്‍ തന്‍റെ കഥാപത്രത്തെ നന്നാക്കി.

അപ്പോള്‍ പടം ഒരു വന്‍ വിജയം ആകുമോ അനിയാ?

അതിവിടത്തെ പ്രബുദ്ധരായ മലയാളി പ്രേക്ഷകനെ പോലിരിക്കും .എനിക്ക് ഈ ചിത്രം ഇഷ്ടപ്പെട്ടു.ഒരു പക്ഷെ തീരെ പ്രതീക്ഷ ഇല്ലാതെ കേറിയത്‌ കൊണ്ടാകാം. പക്ഷെ ഈ ചിത്രം നിങ്ങളെ ബോര്‍ അടിപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല