Showing posts with label തപസീ പാനു. Show all posts
Showing posts with label തപസീ പാനു. Show all posts

Tuesday, February 8, 2011

ആടുകളം (Aadukalam)

കാളപ്പോരുകളെ കുറിച്ച് ലോകത്തിലെ ആധികാരികമായ ഗ്രന്ഥങ്ങള്‍ നാല്‍പ്പതെണ്ണം എഴുതി കഴിഞ്ഞ് നാല്‍പ്പത്തിയൊന്നാം സൃഷ്ടിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന പ്രതിഭയായ ഋഷികേശ് ഔക്കക്കാര്‍കുഞ്ഞ് (മമ്മൂട്ടി ) പാരീസിലെ തന്‍റെ ഭവനത്തില്‍ ഉറക്കം ഞെട്ടി ഉണരുന്നിടത്താണ് കഥ തുടങ്ങുന്നത് . വര്‍ഷങ്ങളായി തന്നെ വേട്ടയാടുന്ന കാളയുടെ മുഖം അയാള്‍ ഭീതിയോടെ ഓര്‍ത്തു. പാലക്കാട്ടെ പാലക്കരയില്‍ (അങ്ങനൊരു സ്ഥലം ഉണ്ട് , കട്ടായം ) പോകാതെ തനിക്കു ജീവിതത്തില്‍ മനസമാധാനം കിട്ടില്ല എന്ന് ഉറപ്പായ അയാള്‍ അടുത്തു കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭാര്യയെ (ഭാര്യുടെ നഗ്നമായ തോളുകള്‍ മാത്രമേ കാണിക്കു , മുഖം നോ നോ ) ഉണര്‍ത്താതെ സെല്‍ ഫോണില്‍ സ്വന്തം ജാരയെ (നോര്‍ത്ത് ഇന്ത്യന്‍ ഇറക്കുമതി) വിളിക്കുന്നു .
കെട്ടിയോന്‍ ഇല്ലാത്ത രാത്രി കിടക്കയില്‍ സിഗരറ്റും വലിച്ചിരിക്കുന്ന ജാര ജഡായു ഫോണ്‍ എടുക്കുന്നു "എന്താടാ ഈ രാത്രിയില്‍ ?" (ആധുനിക പെണ്കിടാവേ നിനക്ക് വന്ദനം എന്ന ട്യൂണ്‍ ബാക്ക്ഗ്രൗണ്ടില്‍ )
"ജഡായു മ്മക്ക് പാലക്കാര വരെ ഒന്ന് പോയാലോ. അവിടെ മ്മന്റെ വാപ്പ ഔക്കാക്കാര്‍ കുഞ്ഞ് ഹാജി അലിയാസ് വേട്ടക്കാരന്‍ (പിന്നെയും മമ്മൂട്ടി) പണ്ട് കാണിച്ച ഹറാം പിറപ്പുകള്‍ കണ്ടു പിടിക്കാനാണ് എന്ന പേരില്‍? മ്മക്കും വേണ്ടേ നേരമ്പോക്കിന് കാരണങ്ങള്‍ "
"എന്നാല്‍ നീ കൂട് കുടുക്കയും എടുത്തോണ്ട് പോരെ . അപ്പോഴേക്കും ഞാന്‍ പാലക്കരയുടെ ഡിജിറ്റല്‍ മാപ്പ് ഒരെണ്ണം സംഘടിപ്പിക്കാം "
"നീ ബുദ്ധി ജീവിയായത് കൊണ്ട് മാത്രം പോണ വഴി ചോദിക്കാം എന്ന് ഞാന്‍ പറയുന്നില്ല. "
"പിന്നെ കാര്യമൊക്കെ ശരി . അവിടെ ചെല്ലുമ്പോള്‍ സര്‍പ്രൈസ് പാക്കേജ് ആയ കാളപ്പോര്കാരന്‍ കേ പരമേശ്വര കുറുപ്പ് അലിയാസ് കേ പി കുറുപ്പ് എന്ന കാള പോരുകാരനും നിന്റെ അവിഞ്ഞ മോന്തയാണെങ്കില്‍ ഞാന്‍ കളഞ്ഞിട്ടു പോകും , പറഞ്ഞില്ല എന്ന് വേണ്ട "
"എടി ഞാനൊരു സുപ്പര്‍ സ്റാര്‍ ആണെന്ന പരിഗണന എങ്കിലും താ എനിക്ക് ?"
"ഉം ശരി ശരി "

"അണ്ണാ ....അണ്ണാ "

"എന്തുവാടെ ...മഹാനായ രഞ്ജിത്തിന്റെ ക്യാപ്പിടോള്‍ സിനിമക്ക് ഒരു തിരക്കഥ എഴുതാനും സമ്മതിക്കില്ലേ?"

"അതായിരുന്നോ ഗീര്‍വാണം . അണ്ണാ കാളപ്പോര്കാരന്‍ കേ പി കുറുപ്പും , കോഴിപ്പോരുകാരന്‍ കേ പി കറുപ്പും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?"

"ഡാ ...ഡാ...ഞാനും രഞ്ജിത്തും ഒക്കെ മെക്സികന്‍ സിനിമകളില്‍ നിന്നും പ്രചോദനം ഉത്കൊള്ളും എന്നല്ലാതെ ആടുകളം പോലുള്ള ചീള് പടങ്ങള്‍ കാണാറ് പോലും ഇല്ല. "

" കേ പി കറുപ്പ് ആടുകളം പടത്തില്ലേ കഥാപാത്രമാണ് എന്ന് പടം കാണാതെ അണ്ണന്‍ എങ്ങനെ അറിഞ്ഞു ?"

"വിക്കിപീഡിയ പറഞ്ഞു "

"അണ്ണാ ഞാന്‍ റിവ്യൂ എഴുതുന്നതും വിക്കി വായിച്ചും, സൂര്യ കണ്ടും ഒക്കെയാണ് എന്നാണ് പ്രഗത്ഭന്മാര്‍ പറയുന്നത്"

"എന്നെയും , രഞ്ജിത്തിനെയും പോലുള്ള ബുദ്ധിജീവികളെ അവജ്ഞയോടെ കാണുന്ന നിനക്ക് അങ്ങനെ തന്നെ വേണം. അത് പോട്ടെ നീ ആടുകളം കണ്ടോ?"

"കണ്ടിട്ട് വരുന്ന വഴിയാണ് അണ്ണാ ?"

"പടം എങ്ങനെ? കൂറ തന്നേടെ?"

"അണ്ണാ ശരിക്കും ഞെരിപ്പന്‍ പടം"

"ഒള്ളതാ?"

"അമ്മച്ചിയാണേ തന്നെ... തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നടക്കുന്ന കഥ . കോഴിപ്പോരാണ് പശ്ചാത്തലം"

"ക്ലൈമാക്സില്‍ തകര്‍പ്പന്‍ കോഴിപ്പോര്‍ ഉണ്ടോടെ?"

"അണ്ണാ അതാണ്‌ ഞാന്‍ പറഞ്ഞത് കോഴിപ്പോര്‍ പശ്ചാത്തലം മാത്രമാണ് . ഇടവേളയ്ക്കു ശേഷം ഒരു കോഴിപ്പോര്‍ സീന്‍ പോലുമില്ല. ഇടവേളക്ക് മുന്‍പ് കോഴിപ്പോര്‍ സീനുകള്‍ തകര്‍പ്പനായി ചെയ്തു വെച്ചിട്ടുമുണ്ട് . ഗ്രാഫിക്സ് ആണെങ്കില്‍ പോലും ചില സീനുകള്‍ കണ്ടാല്‍ എങ്ങി പോകും അണ്ണാ."

"നീ കഥ ഒന്ന് വിശദമായി പറയടെ?"

"തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കോഴിപ്പോരിന്റെ ഉസ്താദ് ആണ് പേട്ടൈക്കാരന്‍ (ജയബാലന്‍ ).നാല്‍പ്പതു വര്‍ഷങ്ങളായി കോഴിപ്പോരില്‍ പേട്ടൈക്കാരന്‍റെ അങ്കകോഴികളെ ആരും തോല്‍പ്പിച്ചിട്ടില്ല. പേട്ടൈക്കാരനെ ഒരിക്കലെങ്കിലും കോഴിപ്പോരില്‍ തോല്‍പ്പിക്കണം എന്നത് ജീവിത വൃതമായി കൊണ്ട് നടക്കുന്ന ആളാണ് സ്ഥലം പോലീസ് ഇന്‍സ്പെക്ടര്‍ (നാരിയന്‍).നിരപ്പിന് പേട്ടൈക്കാരനോട് തോല്‍ക്കുന്ന രത്നസ്വാമി അവസാനമായി ഒരു പന്തയത്തിന് കൂടി പേട്ടൈക്കാരന്‍റെ പോരുകോഴികളെ കളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നു . പേട്ടൈക്കാരന്‍ പക്ഷെ അതിനു തയ്യാറാവുന്നില്ല . ഭീഷണി , കൈകൂലി തുടങ്ങിയ പല മാര്‍ഗ്ഗങ്ങള്‍ രത്നസ്വാമി പേട്ടൈക്കാരനെക്കൊണ്ട് പന്തയത്തിന് ഇറക്കാന്‍ വേണ്ടി സ്വീകരിക്കുന്നു .പക്ഷേ ഒന്നും നടക്കുന്നില്ല . ഒടുവില്‍ പേട്ടൈക്കാരന്‍റെ നാല്‍പതു വര്‍ഷങ്ങള്‍ നീണ്ട കൂട്ടാളിയെ രത്നസ്വാമി ലോറി ഇടിച്ചു കൊല്ലിക്കുന്നു . സഹികെട്ട ആ കൂട്ടാളിയുടെ പേരില്‍ പേട്ടൈക്കാരന്‍ മരിച്ച കൂട്ടാളിയുടെ പേരില്‍ ഒരു കോഴിപ്പോരിന്റെ ടൂര്‍ണമെന്റ് വെയ്ക്കുന്നു. അതിലേക്ക് രത്നസ്വാമിയെ വെല്ലുവിളിക്കുന്ന അയാള്‍ വെയ്ക്കുന്ന പന്തയം തോല്‍ക്കുന്നയാള്‍ തലമുടിയും മീശയും വടിച്ച്‌ ,കോഴിപ്പോര്‍ നിറുത്തി എന്നന്നേക്കുമായി ആ നാട് വിട്ടു പോകണം എന്നതാണ്. ആദ്യം തെല്ല് മടിക്കുന്ന രത്നസ്വാമി ഒടുവില്‍ ആ പന്തയത്തിന് സമ്മതിക്കുന്നു ."

"ഡേ ...നിറുത്ത് ...നിറുത്ത് , ഇതില്‍ നായകന്‍ ധനുഷ് എവിടെ ?"

"അതല്ലേ അണ്ണാ രസം. ധനുഷിന്റെ കറുപ്പ് എന്ന കഥാപാത്രം കഥ തുടങ്ങുമ്പോള്‍ പേട്ടൈക്കാരന്‍റെ ഒരു ശിഷ്യന്‍ കം ശിങ്കിടി മാത്രമാണ് . ഇടയ്ക്ക് ഗുരുവിനു വേണ്ടി രത്നസ്വാമി കോഴികളെ വാങ്ങുന്ന സ്ഥലത്തെ കോഴി കുഞ്ഞുങ്ങളെ കൊല്ലാന്‍ പോകുന്ന വീട്ടില്‍ കാണുന്ന അന്ഗ്ലോ ഇന്ത്യക്കാരി ഐറീന്‍ (തപസീ പാനു) എന്ന പെണ്‍കുട്ടിയുടെ പ്രേമിച്ചു നടക്കുക , ഇടയ്ക്ക് രത്നസ്വാമിയുടെ ആളുകളുമായി ചില്ലറ ഉന്തും തള്ളും തല്ലും ഉണ്ടാക്കുക ഇതൊക്കെയാണ് പയ്യന്റെ പണി . കറുപ്പ് പോന്നു പോലെ നോക്കി വളര്‍ത്തുന്ന ഒരു പോരുകോഴിയെ ഒരു പരിശീലന പോരിനിടയ്ക്ക് പിന്തിരിഞ്ഞു ഓടുന്നത് കൊണ്ട് പേട്ടൈക്കാരന്‍ കൊല്ലാന്‍ പറയുന്നുണ്ട് . അതിനെ കൊല്ലാതെ തീറ്റിയും വെള്ളവും കൊടുത്ത് പരിശീലിപ്പിച്ച് കുതിരക്കുട്ടിയാക്കിയാണ് കറുപ്പ് പേട്ടൈക്കാരന്‍ കൂട്ടാളിയുടെ പേരില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ എത്തുന്നത് . രത്നസ്വാമി ബാംഗ്ലൂരില്‍ നിന്നും നല്ല ഉഗ്രന്‍ മരുന്നടിച്ച് കുട്ടപ്പന്മാരായ പോരു കോഴികളെ ഇറക്കുന്നു. പേട്ടൈക്കാരന്‍റെ ഒരു കോഴിയെ എങ്കിലും അയാളുടെ കോഴികള്‍ തോല്‍പ്പിച്ചാല്‍ പന്തയം പേട്ടൈക്കാരന്‍ തോറ്റതായി കണക്കാക്കും എന്നാണ് വ്യവസ്ഥ. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ രത്നസ്വാമിയുടെ കോഴികള്‍ക്ക് എതിരെ ഇറക്കാന്‍ കോഴികളെ തിരഞ്ഞെടുക്കാന്‍ പേട്ടൈക്കാരന്‍ വിഷമിക്കുമ്പോള്‍ കറുപ്പ് സ്വന്തം പോരു കോഴിയെ പേട്ടൈക്കാരന്‍ പറയുന്നത് കേള്‍ക്കാതെ കളത്തില്‍ ഇറക്കുന്നു . ആ പന്തയത്തിന്റെ തുകയായി രത്നസ്വാമി നല്‍കാമെന്നു ഏല്‍ക്കുന്ന ആയിരം രൂപ നായികയുടെ കൈയ്യില്‍ നിന്നും കടം വാങ്ങിയ (പിടിച്ചു പറിച്ച) കാശ് തിരികെ കൊടുക്കാനായി അവനു ആവശ്യം ഉണ്ട് താനും. കറുപ്പിന്റെ കോഴി തോല്‍ക്കും എന്ന് ഉറപ്പുള്ള പേട്ടൈക്കാരന്‍ പരിഭ്രാന്തനായി മൈക്കിലൂടെ കറുപ്പും താനുമായി യാതൊരു ബന്ധവും ഇല്ലെന്ന് വിളിച്ചു പറയുന്നു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് കറുപ്പിന്റെ കോഴി പോരില്‍ ജയിക്കുന്നു , അത് കേള്‍ക്കുമ്പോള്‍ പേട്ടൈക്കാരന് സന്തോഷമാകുന്നുണ്ട് എങ്കിലും തുടര്‍ച്ചയായി അടുത്ത രണ്ടു മത്സരങ്ങളിലും കറുപ്പിന്റെ കോഴി ജയിക്കുകയും ആളുകള്‍ അവനെ അടുത്ത പേട്ടൈക്കാരന്‍ എന്ന് വാഴ്ത്തുകയും ചെയ്യുമ്പോള്‍ ഗുരുവിന്റെ സന്തോഷം അസൂയക്കും,പകയ്ക്കും വഴിമാറുന്നു. അതോടെ ആടുകളം മനുഷ്യന്റെ മനസ്സിലെ പകയുടെ ചോരക്കളിയും ആകുന്നു. ഇടവേളയ്ക്കു ശേഷം കറുപ്പിനെ എങ്ങനെയും നശിപ്പിക്കാനുള്ള പേട്ടൈക്കാരന്‍റെ തന്ത്രങ്ങളാണ് പടത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് . ക്ലൈമാക്സ് എത്തുമ്പോഴേക്കും ശരിക്കും നമ്മളും ആ നാട്ടില്‍ സംഭവങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോലെ തോന്നി പോകും"

"ധനുഷ് എങ്ങനെടെ ? സുപ്പര്‍ ഹീറോ കളി തന്നെ?"

"അതിനു ധനുഷ് മലയാളി നായകന്‍ അല്ലല്ലോ അണ്ണാ. പയ്യന്‍ കലക്കിയിട്ടുണ്ട്. ധനുഷിന്റെ ഒരുവിധം എല്ലാ പടങ്ങളും കണ്ടിട്ടുള്ള എനിക്ക് തോന്നുന്നത് പയ്യന്റെ ഇന്നുവരയുള്ളതില്‍ ഏറ്റവും കലക്കന്‍ കഥാപാത്രമാണ് കറുപ്പ് അഥവാ കേ പി കറുപ്പ് .കറുപ്പിനെ ധനുഷ് വളരെ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് "

"ബാക്കിയുള്ളവരോ?"

"അണ്ണാ സത്യം പറഞ്ഞാല്‍ ധനുഷിനെക്കള്‍ കലക്കനായത് ജയബാലന്റെ പേട്ടൈക്കാരനും കിഷോര്‍ അവതരിപ്പിച്ച ദൊരൈ എന്ന കഥാപാത്രവുമാണ്. തപസീ പാനു കൊള്ളാം . കൊച്ചു കൊച്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ വരെ (പേ ട്ടൈ ക്കാരന്റെ ഭാര്യയെ അവതരിപ്പിച്ച മീനാല്‍ , ധനുഷിന്റെ അമ്മയെ അവതരിപ്പിച്ച നടി, ധനുഷിന്റെ സുഹൃത്തായി അഭിനയിച്ച ജി എം കുമാര്‍ എന്നിവര്‍ ഉദാഹരണം ) തിയറ്റര്‍ വിട്ടാലും നമ്മുടെ മനസ്സില്‍ തന്നെ നില്‍ക്കും. അത് അഭിനേതാക്കളുടെ കഴിവും പിന്നെ സംവിധായകന്‍ വെട്രിമാരന്‍റെ വിജയവുമാണ്‌ എന്നാണു എനിക്ക് തോന്നുന്നത്.വെട്രിമാരനെ കണ്ടാല്‍ അണ്ണാ സത്യത്തില്‍ ചായ മേടിച്ചു കൊടുക്കണം ഓരോ സീനും എടുത്ത് വെച്ചിരിക്കുന്ന കയ്യടക്കം കണ്ടാല്‍ ആളുടെ രണ്ടാമത്തെ പടമാണ് ഇതെന്ന് ആരും പറയില്ല . സംഘട്ടന രംഗങ്ങള്‍ കണ്ടാല്‍ നമുക്കും ആരെയെങ്കിലും പിടിച്ചിട്ടു തല്ലാന്‍ തോന്നി പോകും. കാറ്റും തീയും പുകയും, കയറു കെട്ടി പറക്കലും ഇല്ലാതെ സംഘട്ടനംനായകന്റെ കരുത്തു വെളിവാക്കുന്ന രീതിയില്‍ തന്നെ വിശ്വാസ്യ യോഗ്യമായി എടുക്കാം എന്ന് ബോധ്യപ്പെടുത്താന്‍ നമ്മുടെ യുവ സുപ്പര്‍സ്റ്റാര്‍ സാറന്മാരെ (രാജ് , പ്ര്ത്വിരാജ് അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിച്ചത് ) ഈ പടം പത്ത് വട്ടം കാണിക്കണം . പിന്നെ പടത്തില്‍ എടുത്ത് പറയേണ്ടത് പാട്ടുകളും,പശ്ചാത്തല സംഗീതവും,നൃത്ത സംവിദാനവുമാണ്.'യാത്തി യാത്തി ', 'പോര്‍ക്കളം' ഈ രണ്ടു പാട്ടുകള്‍ക്കും പിന്നെ കലക്കന്‍ പശ്ചാത്തല സംഗീതത്തിനും സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറിനും കൊടുക്കണം ചായ ഒന്ന്"

"മിക്കവാറും നീ ചായ തട്ട് വെക്കേണ്ടി വരും. പടത്തിന് ഒരു കുറവ് പോലും പറയാന്‍ ഇല്ലേടെ?"

"ആകെ എനിക്ക് തോന്നിയത് ഒരു പാട്ടില്‍ വസ്ത്രാലങ്കാരത്തില്‍ ഒരു കണ്ടിന്യുവിറ്റി കുറവും (എന്താണെന്ന് പറയൂല) പിന്നെ ടിപ്പിക്കല്‍ ഉള്‍നാടന്‍ തമിഴ് ഭാഷയുടെ ഉപയോഗവുമാണ് . എല്ലാ മലയാളീസിനും ഇത് മനസ്സിലാകുമോ എന്ന് എനിക്ക് സംശയം ഉണ്ട് "

"മലയാളിക്ക് മനസ്സിലായിലെങ്കില്‍ പോയില്ലേ? "

" തമിഴ്നാടിന്റെ ഉള്‍നാട്ടില്‍ നടക്കുന്ന കഥക്ക് വള്ളുവനാടന്‍ ഭാഷ ഉപയോഗിക്കാനും, ശുദ്ധീകരിച്ച ഭാഷ പറയുന്ന നായകനെ ജെ എന്‍ യൂവില്‍ നിന്നും ഇറക്കാനും പാവം വെട്രിമാരന്‍ ആറാം തമ്പുരാനും , നരസിംഹവും കണ്ടു കാണില്ല . ഒന്ന് ചുമ്മാതിരി അണ്ണാ ."

"അപ്പൊ പടം മൊത്തത്തില്‍ കൊള്ളാം , അല്ലെടെ?"

"ഉഗ്രന്‍ പടം അണ്ണാ "

"എന്നാലും നമ്മുടെ ബൌധിക നിലവാരത്തിന്..."

"ഇല്ല അണ്ണാ . മലയാളീസ് ബൌധിക നിലവാരത്തിന് ചേരൂല. അതിരിക്കട്ടെ വിക്കിയില്‍ നിന്നും കഥ പൊക്കി ഇതെങ്ങനെ മലയാളികരിക്കനായിരുന്നു അണ്ണന്റെ പ്ലാന്‍ ? കുറെ കേട്ട്. ബാക്കി കൂടി കേക്കട്ട് "

ജടായു എന്ന അഭിനവ ബുദ്ധിജീവിയുമായി പല ഹോട്ടലുകളിലും തങ്ങി, നേരമ്പോക്കുകള്‍ ഒത്തിരി കഴിഞ്ഞ് ഒടുവില്‍ ഋഷികേശ് ഔക്കാക്കാര്‍കുഞ്ഞ് ഒടുവില്‍ പാലക്കരയില്‍ എത്തുന്നു. അവിടെ വെച്ച് സ്ഥിരമായി ബുദ്ധി ജീവിയുടെ രക്തസാക്ഷി ഭാവം മുഖത്തുള്ള തയ്യല്‍ക്കാരന്‍ (ശ്രീനിവാസന്‍ ) ഗുരുവിനെ രക്ഷിക്കാന്‍ വേണ്ടി മെക്സിക്കന്‍ കാളകളെ പരിശീലിപ്പിക്കുന്ന ഉന്നത ജോലി ഉപേക്ഷിച്ച് പാലക്കരയില്‍ ചാണകം വരാന്‍ നില്‍ക്കുകയും ഫ്രീ ടൈമില്‍ ഗോവയില്‍ പോയി ആംഗ്ലോ ഇന്ത്യന്‍ നായികയെ ബൌധിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വീഴ്ത്തുകയു ചെയ്യുന്ന അപൂര്‍വ കഥാപാത്രമായ കേ പി കുറുപ്പ് (ദാണ്ടേ പിന്നെയും മമ്മൂട്ടി ) എന്നൊരു അത്ഭുത കഥാപാത്രത്തിന്റെ കഥ പറയുന്നു . ചതിയുടെയും, വഞ്ചനയുടെയും , ബൌധിക കാര്യങ്ങളുടെയും,കഥകളിയുടെയും,സില്‍ക്ക് സ്മിതയുടെയും കഥ പറഞ്ഞു ഒടുവില്‍ ഔക്കക്കാര്‍കുഞ്ഞ് ഹാജി എന്ന വേട്ടക്കാരന്‍ ആത്മഹത്യ ചെയ്യുന്നു.ചുമ്മാ ഒരു രസത്തിന്, കൂടെ അയാളുടെ പോരു കാളയും . സ്വന്തം പോരുകാളയുമായി ഇന്നും കേ പി കുറുപ്പ് ഇപ്പോഴും പലക്കരയിലെ തെളിങ്കണ്ടത്തില്‍ അലഞ്ഞു നടക്കുന്നു എന്ന സന്തോഷത്തില്‍ ശ്രീനിവാസന്‍റെ തയ്യല്‍ക്കാരന് മികച്ച സഹനടനുള്ള അവാര്‍ഡും മമ്മൂട്ടിയുടെ ഔക്കക്കാര്‍ കുഞ്ഞ് ഹാജിക്ക് നല്ല നടനുള്ള അവാര്‍ഡും,താടി രഞ്ചിത്തിന് സര്‍വ്വജ്ഞപീഠവും കൊടുത്തിട്ട് ഋഷികേശ് ഔക്കാക്കാര്‍ കുഞ്ഞ് എന്ന ഔക്കക്കാര്‍ കുഞ്ഞിന്റെ ജാര സന്തതി ജഡായു എന്ന സ്വന്തം ജാരിയുമായി പാലക്കരയിലെ ഒരു ലോഡ്ജു മുറിയിലേക്ക് പോകുന്നു.നേരമ്പോക്കിനായിട്ട്‌ . അപ്പോള്‍ പശ്ചാത്തലത്തില്‍ 'പാലക്കാര കണ്ട പോരു കാളേ. കേ പി കുറുപ്പിന്റെ പോരു കാളേ ' എന്ന പാട്ട് ഉയരുന്നു"

"കലക്കി അണ്ണാ . നിങ്ങള്‍ തന്നെ അടുത്ത അഭിനവ ബൌധികന്‍"

"ബൌധിക താടി എന്ന് പറയെടാ"