Saturday, March 27, 2010

പ്രമാണി

മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ്‌ വേതാളം ചാനല്‍ അവതരിപ്പിക്കുന്ന ഇന്നത്തെ സിനിമ എന്ന പരിപാടിയിലേക്ക് സ്വാഗതം . ഇന്നിവിടെ നമ്മള്‍ പ്രമാണി എന്ന ചലചിത്രം കണ്ട പ്രേക്ഷകനുമായി സംസാരിക്കാം . നമസ്കാരം പ്രേക്ഷകന്‍ .

നമസ്കാരം .

ആദ്യമായി ഈ ചിത്രത്തെ കുറിച്ച് ചുരുക്കമായി ഒന്ന് പറയാമോ ?

തീര്‍ച്ചയായും . താഴെ കീഴ്പാടം എന്ന പഞ്ചായത്തും അത് പത്തു കൊല്ലമായി ഭരിക്കുന്ന വിശ്വനാഥ പണിക്കര്‍ എന്ന പഞ്ചായത്ത് പ്രസിഡന്റ്‌ നെയും ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത് . സ്ഥലം മുന്‍നിര (?) സംവിധായകനായ ബി ഉണ്ണികൃഷ്ണന്‍ ആണ് സംവിധായകന്‍ . ഒരു ലക്ഷണം കണ്ടിട്ട് തിരകഥയും അദേഹം തന്നെ രചിച്ചതാകനാണ് സാധ്യത.

ഒരു നിമിഷം പ്രേക്ഷകന്‍ . ഈ ചിത്രം ശ്രീ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരിക്കും എന്നും ആദ്യമായാണു അദേഹം ഒരു നെഗറ്റീവ് ഇമേജ് ഉള്ള പഞ്ചായത്ത്‌ പ്രസിഡന്റിനെ അവതരിപ്പികുന്നതും എന്നാണല്ലോ മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞത്.അതിനെ കുറിച്ച് താങ്ങളുടെ അഭിപ്രായം ?

ഹാ.. തോക്കില്‍ കേറി വെടിവെക്കല്ലേ. ഒന്ന് പറഞ്ഞോട്ടെ . ഈ പടത്തിന്റെ ആദ്യത്തെ ഒരു പത്തു മിനിട്ട് കഴിയുമ്പോള്‍ തന്നെ കഥ എങ്ങോട്ടാണ് പോകുന്നത് എന്ന് ഒരുവിധം ബോധം ഉള്ളവന് മനസിലാകും.എല്ലാ തര്‍ക്കങ്ങളിലും വഴക്കുകളിലും സ്വയമോ അല്ലാതെയോ ഇടപെടുകയും അവസാനം ഇരു കക്ഷി കളുടെയും സ്വത്തുക്കളെല്ലാം അടിച്ചു മാറ്റുകയും ആണ് ഈ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്റെ സ്ഥിരം കലാപരിപാടി.പത്തു കൊല്ലമായിട്ടും ഇതൊക്കെ കാണുന്ന മണ്ടന്മാര്‍ വീണ്ടും ഒരു പ്രശ്നം വരുമ്പോള്‍ ഇയാളുടെ അടുത്ത് തന്നെ പോകുന്നു !! പിന്നെ അടിച്ചു മാറ്റുന്ന സ്വത്തെല്ലാം മച്ചുനനന്‍ സിദ്ദിഖ് ഇന്റെ പേരില്‍ എഴുതി വാങ്ങുന്നത് (തനിക്കു സ്വന്തമായി ഒന്നും വേണ്ട എന്ന സ്ഥിരം ( ആറാം തമ്പുരാന്‍ മുതല്‍ കേള്‍ക്കുന്ന) ന്യായം) അവസാനം സിദ്ദിഖ് അവതരിപ്പിക്കുന്ന സോമശേഖര പണിക്കര്‍ക്ക് നായകനെ വീട്ടില്‍ നിന്നും ഇറക്കി വിടാനാണെന്ന് ഏതു കുഞ്ഞിനും മനസിലാകും.വാത്സല്യം മുതല്‍ കുറെ ഈ ജാതി ചിത്രങ്ങള്‍ ശ്രീ മമ്മൂട്ടി തന്നെ ചെയ്തിടുണ്ട് എന്നാണ് ഓര്‍മ്മ.പിന്നെ നെഗറ്റീവ് വേഷത്തിന്റെ കാര്യം പറഞ്ഞാല്‍ അദേഹം ചെയ്യുന്ന ഓരോ അടിച്ചു മാറ്റലിനും കുറെ ന്യായങ്ങള്‍ സംവിധായകന്‍ നിരത്തുന്നുണ്ട്‌ . കുട്ടിക്കാലത്തെ ദാരിദ്രം ,പട്ടിണി,കഷ്ടപ്പാട് അങ്ങനത്തെ സ്ഥിരം ലൈന്‍ . ഇതിനിടയില്‍ എപ്പോളോ അദ്ദേഹം പ്രഭു (അധികം ഇല്ല. ഭാഗ്യം ) അവതരിപ്പിക്കുന്ന വര്‍ക്കിച്ചന്‍ എന്ന എല്ലാം തികഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്റെ അടുത്ത അനുയായിയും സുഹൃത്തും ആയിരുന്നു പോലും.അയാള്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചപ്പോള്‍ ആ സ്ഥാനം ഏറ്റെടുത്ത വിശ്വനാഥ പണിക്കര്‍ പിന്നീടാണ് തരികിട ആയതു.അതിനുള്ള പ്രകോപനം എന്താണെന്നു ഒരിടെത്തും പറയുന്നില്ല (ഹാ അത് പിന്നെ മനുഷ്യനല്ലേ എപ്പോള്‍ വേണേലും മാറിക്കൂടെ?) സ്വന്തം അച്ഛന്‍ പെങ്ങളുടെ കുടുംബത്തോടൊപ്പം ജീവിക്കുന്ന ഇയാള്‍ക്ക് ഒരു ദത്തു പുത്രിയും കുടെയുണ്ട് (എവിടുന്നു വന്നു /കിട്ടി എന്നാരും ചോദിച്ചിട്ടില്ല ഇത് വരെ ).അടുത്ത പഞ്ചായത്തിലെ പ്രസിഡന്റ്‌ കാസ്ട്രോ വറീതും ആയി പണിക്കര്‍ ശത്രുതയിലാണ്. ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഒരു സീരിയസ് കഥാപാത്രം ആണോ കൊമാളിയാണോ എന്ന് പടം തീരുന്ന വരെയും കാണുന്നവര്‍ക്ക് മനസിലാകില്ല . അദ്ദേഹം പണിക്കരെ അപകടപ്പെടുത്താന്‍ കൊണ്ടുവരുന്ന മാവോ ആണ് സിറാജ് . തമിഴിലെ പഴയ നടന്‍ ഗൌണ്ട മണിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ സിറാജ് പണിക്കരെ കൊല്ലാന്‍ നിരവധി കോമാളി ശ്രമങ്ങള്‍ നടത്തുന്നു.( അത് കാണുന്നവന്‍ ഉടനെ ചിരിച്ചു കൊള്ളണം ).പിന്നെ കുറച്ചു കുടി സീരിയസ് ഹാസ്യം ഇഷ്ടപെടുന്നവര്‍ക്കായി നിരവധി ദ്വയാര്‍ഥ പ്രയോഗങ്ങള്‍ അദ്ദേഹം അടിച്ചു വിടുന്നുണ്ട് (നമ്മുടെ ഭാഗ്യം ).പ്രമാണി എന്ന വാക്കിന്റ്റെ അര്‍ഥം സ്വന്തമായി കുറെ സ്ഥലങ്ങളുടെ പ്രമാണങ്ങള്‍ ഉള്ളവന്‍ ആണ് എന്നൊക്കെ പറയുന്നുണ്ട് . (അങ്ങനെ ഉള്ളവനെ അല്ലെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ , ഭൂ സ്വാമി എന്നൊക്കെ വിളിക്കുന്നത്‌? ഇക്കണക്കിനു പോയാല്‍ സ്വന്തമായി കുറെ സഞ്ചി ഉള്ളവനെ സഞ്ചാരി എന്ന് വിളിക്കുമല്ലോ എന്ന് പിറകില്‍ നിന്നും ഒരാള്‍ ചോദിക്കുനത് കേട്ടു ).

ശ്രീ പ്രേക്ഷകന്‍ , തങ്ങള്‍ വിഷയത്തില്‍ നിന്നും വ്യതി ചലിക്കുന്നു . പടം എങ്ങനെ മുന്നോട്ടു പോകുന്നു ?

സ്നേഹ അവതരിപ്പിക്കുന്ന പഞ്ചായത്ത് സെക്രെടറി വരുന്നു .പണിക്കരുമായി ഗ്വാ ഗ്വാ രണ്ടു റൌണ്ട് .പിന്നെ ഫാസിലിന്റെ മകനുമായി (ഷാനു ആണെന്ന് തോന്നുന്നു പേര് ചിത്രത്തില്‍ ബോബി എന്നാണ് പേര് ) ചില്ലറ ഉരസ്സല്‍ (അത് സ്നേഹത്തില്‍ പൊതിഞ്ഞു .കാരണം പയ്യന്‍ പഴയ സുഹൃത്ത്‌ വര്‍ക്കിച്ചന്‍ മകനാണല്ലോ ). സുരേഷ് കൃഷ്ണ യുടെ കഥാപാത്രം കൊണ്ടുവരുന്ന ഐ റ്റി പാര്‍ക്ക്‌നായി നൂറേക്കര്‍ നെല്‍പ്പാടം നികത്താനുള്ള പദ്ധതിയെ ആദ്യം അനുകുലിക്കുന്ന പണിക്കര്‍ (ആ പഞ്ചായത്ത് ഭരണ സമിതിയില്‍ പണിക്കര്‍ ഒഴികെ ഭരണ കക്ഷി പ്രതിപക്ഷ ഭേദം ഇല്ലാതെ എല്ലാം മന്ദബുദ്ധികള്‍ ആണ്)പിന്നീടു തിരിയുന്നു.അതിനു കാരണം വര്‍ക്കിച്ചന്റെ അമ്മ (ലക്ഷ്മി) പണിക്കരോട് അടിക്കുന്ന 2 മിനിട്ട് സെന്റിമെന്റല്‍ ഡയലോഗ് !!! തുടര്‍ന്ന് ഇതിനെ ചൊല്ലി വീട്ടുകാര്‍മായി(മച്ചുനന്‍ സിദ്ദിഖ്, അളിയന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബൈജു ,പിന്നെ ചിറ്റപ്പന്‍ ശ്രീകുമാര്‍) തെറ്റുന്ന പണിക്കര്‍ വീടിനു പുറത്താകുന്നു .

പുറത്തു വന്ന പണിക്കര്‍ തന്റെ തെറ്റുകള്‍ എല്ലാം പരസ്യമായി ഏറ്റു പറയുന്നതോടെ ജനങ്ങള്‍ അങ്ങേരെ എടുത്തു തലയില്‍ വയ്ക്കുന്നു. അപ്പോള്‍ സിദ്ദിഖ് പണിക്കരാണ് വര്‍ക്കിച്ചനെ ട്രെയിനില്‍ നിന്നും തള്ളിയിട്ടു കൊന്നത് എന്ന് പറയുന്നതോടെ അതെ ജനങ്ങള്‍ പണിക്കരെ തലയില്‍ നിന്നും തറയിലേക്കു വലിച്ചെറിയുന്നു. ഇതിനിടയില്‍ ബോബിയെ കാണാനില്ല. ജനങ്ങള്‍ പണിക്കരെ സംശയിക്കുന്നു. അപ്പോള്‍ പണിക്കര്‍ വര്‍ക്കിച്ചന്‍ ട്രെയിനില്‍ നിന്ന് വീണു തന്നെയാണ് മരിച്ചത് എന്നും തന്റെ വളര്‍ത്തുമകള്‍ ശരിക്കും വര്‍ക്കിച്ചന്റെ അവിഹിത സന്തതി ആണെന്നും ഉള്ള ഞെട്ടി പ്പിക്കുന്ന സത്യം തുറന്നു പറയുന്നു . അതോടെ വീണ്ടും പണിക്കരെ ജനങ്ങള്‍ തലയില്‍ ഏറ്റുന്നു.(തലയില്‍ ഏറ്റാതെ പിന്നെ ? അത്രക്ക് ഞെട്ടിപ്പിക്കുന്ന ധീര കൃത്യം അല്ലെ പുള്ളി ചെയ്തത് ?).(അവിഹിത സന്തതിയെ പറ്റി പറയുമ്പോള്‍ ഇന്നലെ എന്റെ നെഞ്ചിലെ .... എന്ന ബാലേട്ടന്‍ ഗാനം ഇടാന്‍ മറന്നതാണ് .ക്ഷമിച്ചുകള).പിന്നെ പണിക്കര്‍ അടികൂടി ബോബിയെ വില്ലന്മാരുടെ കൈയില്‍ നിന്നും രക്ഷിക്കുന്നു.ദോഷം പറയരുതല്ലോ അവസാനത്തെ അടിയില്‍ ആ ചിത്രത്തില്‍ തുടക്കം മുതല്‍ കാണിച്ചിട്ടുള്ള എല്ലാ വില്ലന്‍ കഥാ പാത്രങ്ങളും ഉണ്ട് .അതോടെ എല്ലാം ശുഭം.

എന്നാലും ഒരു ചലചിത്രത്തെ ഇങ്ങനെ കുറ്റം പറയാമോ? . പ്രത്യേകിച്ചു മലയാള സിനിമയുടെ നെടും തുണുകള്‍ ആയ ശ്രീ മമ്മൂട്ടി യും ബി ഉണ്ണി കൃഷ്ണനും ചേര്‍ന്നൊരുക്കുന്ന ചിത്രം ?

എടൊ, താന്‍ അല്ലാലോ ഞാനല്ലേ അധ്വാനിച്ചു ഉണ്ടാക്കിയ നാല്‍പ്പതു രൂപ എണ്ണി കൊടുത്തു ഈ സാധനം കണ്ടതു ആ വിഷമം എനിക്ക് കാണും . പിന്നെ പണ്ട് മാടമ്പിമാരായിരുന്നു ഒരു നാട്ടിലെ പ്രമാണിമാര്‍ എന്ന ലളിതമായ സത്യം ഓര്‍ത്തു ഇരുന്നെങ്ങില്‍ എന്നിക്ക് ഈ ഗതി വരില്ലായിരുന്നു.ബാലേട്ടന്‍ ബസ്‌ contecter ആയി വന്ന കാലവും മറന്നു കുടായിരുന്നു. ആ ... ഇനി പറഞ്ഞിട്ടെന്താ കാര്യം .

ഒരുപാടു അര്‍ഥങ്ങള്‍ ഉള്ള വാചകങ്ങളാണ് എപ്പോള്‍ പറഞ്ഞത് . ശരി ഇന്നി അഭിനയത്തെ പറ്റി രണ്ടു വാക്ക് കുടി ?

എന്തോന്നു അഭിനയം .കഥ തന്നെ പത്തു ഇരുപതു പഴയ പടങ്ങളില്‍ നിന്നും ചൂണ്ടിയതാണ് . അപ്പോള്‍ അഭിനയവും അത് പോലെ ഒക്കെ തന്നെ ഉണ്ടാകും . പിന്നെ അഥിതി താരം ആയി എത്തുന്ന കലാഭവന്‍ മണിയുടെ ഒരു കര്‍ഷക നൃത്തം ഉണ്ട് . അതിന്റെ അവസാനം മമ്മൂട്ടി തന്റെ സ്ഥിരം ശൈലിയില്‍ രണ്ടു ചുവടു വയ്ക്കുമ്പോള്‍ ബാക്കിയുള്ളവരെല്ലാം എന്തൊരു അദ്ഭുതം എന്നമട്ടില്‍ കൈ അടിക്കുന്നുണ്ട് . സ്നേഹയും ഷാനുവും പിന്നെ വില്ലന്മാരും ഒഴികെയുള്ളവര്‍ എല്ലാം ചിരിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് . പിന്നെ എന്റെ ഹീറോ യിസം കേരളം മുഴുവന്‍ അഗീകരിച്ചതാണ് എന്ന് പ്രേക്ഷകരെ നോക്കി പറയുന്ന നായകനും . പിന്നെ എനിക്ക് വികാരം അടക്കാന്‍ വയ്യ.ഞാന്‍ പ്രസിഡന്റിനു എന്താ ചെയ്തു തരേണ്ടത്‌ എന്ന് സമ്മേളനത്തിനിടയില്‍ ചോദിക്കുന്ന വനിതാ മെമ്പറും. സിറാജ് പറയുന്ന കുറെ ദ്വയാര്‍ഥ പ്രയോഗങ്ങളും ഒരു തിരകഥാകൃത്ത് എന്ന നിലക്ക് ഉള്ള സംവിധായകന്റെ വളര്‍ച്ചയെ കാണിക്കുന്നു.

അപ്പോള്‍ ഇത്തരം സിനിമകള്‍ മലയാളത്തെ വളര്‍ത്തും എന്ന് തന്നെയാണോ താങ്ങളുടെ അഭിപ്രായം ?
തീര്‍ച്ചയായും . ഇത്രയും പറഞ്ഞിട്ടും തനിക്കൊനും അത് മനസിലായില്ലേ .

ശരി പരിപാടി അവസാനിപ്പികുന്നതിനു മുന്‍പ് ഈ ചിത്രത്തില്‍ നിങ്ങളെ ഏറ്റവും ആകര്‍ഷിച്ച മുഹൂര്‍ത്തം ?

പടം തുടങ്ങുന്നതിനു മുന്‍പ് Clash of titans എന്ന പടത്തിന്റെ ട്രെയിലെര്‍ കാണിച്ചു. ഹോ എന്തൊരു സംഭവം . ഇറങ്ങിയാലുടന്‍ കാണണം .എന്നെ ഏറ്റവും ആകര്‍ഷിച്ചത് ആ ട്രെയിലെര്‍ ആണ് .


അപ്പോള്‍ പരിപാടി അവസാനിപ്പിക്കാന്‍ സമയം ആയിരിക്കുന്നു . പ്രമാണി എന്ന ചല ചിത്രം കണ്ടു പൂര്‍ണ തൃപ്തനായ ഒരു പ്രേക്ഷകനെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌ . മാറ്റത്തിന്റെ കഹളവുമായി പ്രമാണിയെ പോലെയുള്ള പടങ്ങള്‍ മലയാള സിനിമയെ അതിന്റെ വസന്ത കാലത്തേക്ക് കൊണ്ട് പോകട്ടെ എന്നാശംസിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു . അടുത്ത ആഴ്ച പുതിയ ഒരു സിനിമ വിശേഷവുമായി വീണ്ടും വരാം. നമസ്കാരം.

(പ്രേക്ഷകനോട് : എഴുനേറ്റു പോടാ തെണ്ടി.... അവന്റെ ഒരു അഭിപ്രായം . എടാ നീയൊക്കെ എന്ത് പറഞ്ഞാലും ഞങ്ങള്‍ , അതായിത് ഇവിടുത്തെ ആസ്ഥാന കുഴല്‍ ഊതുകാര്‍ പറഞ്ഞു പറഞ്ഞു കുറെ കഴുതകളെ ഈ പടത്തിനു കേറ്റും. പിന്നെ നൂണ്‍ ഷോ ഇട്ടും നൂറാം ദിവസം ഒന്ന് കൂടെ റിലീസ് ചെയ്തും , എങ്ങനെ എങ്കിലും ഈ പടത്തിന്റെ നൂറാം ദിന പോസ്റ്റര്‍ ഇറക്കും . എന്നിട്ട് അത് നിന്റെയൊക്കെ നെഞ്ചത്ത് കൊണ്ട് ഒട്ടികുകയും ചെയും .നിനകൊക്കെ ചെയാന്‍ പറ്റുന്നത് ചെയ്തോടാ ദരിദ്രവാസി ......)

Wednesday, March 24, 2010

നായകന്‍

നമസ്കാരം ....
ആഹാ നീയോ കേറി വാടെ. ആ താന്തോന്നി കണ്ടതിനു ശേഷം നിന്നെ കണ്ടതേ ഇല്ലല്ലോ . എന്നാ പറ്റി?

ഹോ അത് കള അണ്ണാ . ഇപ്പോ വന്നത് വേറൊരു വിശേഷം പറയാനാണ് . ഇന്നലെ നായകന്‍ കണ്ടു .

ആണോ എങ്ങനെ ഉണ്ടെടെ പടം ? ഇതിനെ കുറിച്ച് വലുതായി നല്ലതൊന്നും എഴുതി കണ്ടില്ലല്ലോ ഒരുത്തനും ?

അത് അവിടെ നില്കട്ടെ . ആദ്യം പടത്തെ കുറിച്ച് പറയാം.അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്ന പുതുമുഖ സംവിധായകനാണ് ഈ പടം ചെയ്തിരിക്കുനത്.അഭിനയിക്കുനത് ഇന്ദ്രജിത്ത്,ധന്യ മേരി വര്‍ഗീസ്, തിലകന്‍, സിദ്ദിഖ്,ജഗതി എന്നിവരോക്കെയാണ് പ്രധാന നടി നടന്‍മാര്‍. പടം ഒരു action മൂഡില്‍ ആണ് ചെയ്തിരിക്കുന്നത് . പി.എസ്. റഫീഖ് ആണ് തിരകഥ . .....

എടേ ഇതെന്തോന്ന് ദൂരദര്‍ശനിലെ വാര്‍ത്ത‍ വായനയോ ? നീ കാര്യം പറയെടെ. നിനക്ക് പടം ഇഷ്ടപെട്ടോ ?

എനിക്ക് പടം ഇഷ്ടപ്പെട്ടു . ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയ്ക്ക് ചില്ലറ കുറവുകള്‍ ക്ഷമിക്കവുന്നത്തെ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത് .

എടാ അങ്ങനെ അങ്ങ് കേറി പറഞ്ഞാലോ ? ചില്ലറ നല്ല കാര്യങ്ങള്‍ പറയുകയും ഒപ്പം ഒത്തിരി കുറ്റങ്ങള്‍ പറയുകയും എന്നതാണല്ലോ ഈ പടത്തെ കുറിച്ച് പൊതുവേ സ്വീകരിച്ചു വരുന്ന ഒരു ലൈന്‍ .

പോന്നു സഹോദര ഇതു കുറെ കാലമായി നടക്കുനതാണ് . പുതിയ ഒരു പരീക്ഷണം (അതെത്ര ചെറുത്‌ ആണെങ്കിലും) അതിനെ ഉടന്‍ താരതമ്യ പെടുത്തുന്നത് പണ്ട് കാലത്ത് ഇറങ്ങിയ മലയാള സിനിമയിലെ ഏറ്റവും നല്ല ചിത്രങ്ങളോടാണ്‌ . എന്നാല്‍ ഈ താരതമ്യ പഠനം ഒരു സൂപ്പര്‍താര ചിത്രം വരുമ്പോള്‍ കാണുകയുമില്ല . നമ്മുടെ തലയിലെഴുത്ത് അല്ലാതെന്തു ?

എടേ അടങ്ങെടെ. നീ പടത്തെ കുറിച്ച് പറയു .കാടു കേറാതെ .

ശരി . ഇതാ പിടിച്ചോ കഥയില്‍ പുതുമയൊന്നും ഇല്ല. സ്വന്തം അച്ഛനെയും സഹോദരിയെയും കൊന്നവനോട് പ്രതികാരം ചെയ്യുന്ന നായകന്‍ മലയാളത്തില്‍ അനാദി കാലം മുതലുള്ള വിഷയം ആണ് . പക്ഷെ ആ കഥ അവതരിപ്പിച്ചിരിക്കുന്ന രീതി തികച്ചും പുതുമ ഉള്ളതാണ് . കാണുന്നവനെ (കുറ്റം പറയാന്‍ വേണ്ടി മാത്രം കേറുന്നവനെ വിട്ടേക് ) ഒരു നിമിഷം പോലും ബോര്‍ അടിപ്പികാതെ കഥ പറയുന്ന രീതി ഇവിടുത്തെ തല മൂത്ത സംവിധായകര്‍ കണ്ടു പഠിക്കേണ്ടതാണ്.പിന്നെ കഥയുടെ അവതരണരീതി,സംഭവങ്ങളുടെ ക്രമം എന്നിവ വളരെ നന്നായി ചെയ്ത സംവിധായകനും തിരകഥകൃത്തും പത്തില്‍ പത്തു മാര്‍ക്കും അര്‍ഹിക്കുന്നു .

എടാ പല പ്രാവശ്യം നിനോട് പറഞ്ഞിട്ടുണ്ട് മാര്‍ക്കിട്ടു കളിക്കരുത് എന്ന് . നീ കേറി നിരൂപകന്‍ കളിക്കല്ലേ .

അണ്ണാ വേണമെങ്ങില്‍ എന്നെ പത്തു തെറി വിളിച്ചോ . എന്നാലും നിരൂപകന്‍ എന്ന് വിളിച്ചു എന്നെ അപമാനിക്കരുത് .

ശരി ശരി നീ ബാക്കി പറ .

അഭിനയത്തിന്റെ കാര്യം പറഞ്ഞാല്‍ ഇന്ദ്രജിത്തിന് എന്ന് അഭിമാനിക്കാവുന്ന ഒരു കഥാ പാത്രം ആണ് ഇതിലെ വരദന്‍ഉണ്ണി . തിലകന്റെ ആരോഗ്യ സ്ഥിതി അദേഹത്തിന്റെ കഥാപാത്രത്തിന്റെ അവിഷ്കാരത്തെ കുറച്ചൊക്കെ ബാധിക്കുന്നു .(പിന്നെ ഏതോ ഒരു നിരൂപകന്‍ തിലകന് ഈ പടത്തില്‍ ഇന്ദ്രജാലത്തിലെ കാര്‍ലോസ്ന്റെ ശരീര ഭാഷ ആണെന്ന് എഴുതികണ്ടു . ഈ പടം കണ്ടാല്‍ ആ അഭിപ്രായം ഈ വര്‍ഷത്തെ മികച്ച തമാശ ആണെന്ന് മനസിലാകും.പാവം തിലകന്‍. നേരെ നില്ക്കാന്‍ വയ്യ . അപ്പോഴാണ് കലോസ്സിന്റെ ശരീര ഭാഷ !!) സിദ്ദിഖ് ചില രംഗങ്ങളിലെ അദേഹത്തെ പിടികുടുന്ന അമിതാഭിനയം മാറ്റി നിര്‍ത്തിയാല്‍ നന്നായിടുണ്ട്. ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ കുറച്ചു കുടി നന്നാക്കാം ആയിരുന്നു എന്ന് തോന്നി .ലാലു അലക്സ്‌ തന്റെ സ്ഥിരം രീതിയില്‍ പ്രത്യേകിച്ചു ഒന്നും തോന്നിപ്പികാത്ത അഭിനയം കാഴ്ച വെച്ചപ്പോള്‍ ജഗതി വ്യത്യസ്തമായ റോളില്‍ നന്നായി.ധന്യ മേരി വര്‍ഗീസ് ചുമ്മാ . (ഇന്ദ്രജിത്തിനും വേണ്ടേ ഒരു നായിക എന്ന ലൈന്‍) .ക്യാമറ , ചായാഗ്രഹണം എന്നീ വിഭാഗങ്ങള്‍ പടത്തിന്റെ മൊത്തത്തിലുള്ള മൂടുമായി യോജിച്ചു പോകുന്നവയാണ് .പ്രത്യേകിച്ചും പ്രകാശ ക്രമീകരണം. പിന്നെ ഒരു പോയിന്റില്‍ പോലും പടം വലിയുന്നതായി തോന്നിയില്ല .

അപ്പോള്‍ പോയി കാണണം എന്നാണോ നിന്റെ അഭിപ്രായം ?

ഉടനെ ഇറങ്ങുന്ന ഗോസ്റ്റ് ഹൌസ് ഉം പ്രമാണിയും ഒക്കെ ഉയര്‍ത്തുന്ന കൊലാഹലതിനിടയില്‍ ഈ കൊച്ചു ചിത്രം മുങ്ങി പോകാനാണ് സാധ്യത. എന്നാലും ഒരു നല്ല ചിത്രത്തെ പ്രോഹത്സാഹിപ്പിക്കാന്‍ ഇത്രയെങ്ങിലും ചെയണ്ടേ . അല്ലെങ്ങില്‍ പിന്നെ മലയാള സിനിമ പ്രേമികള്‍ ഇവിടെ നല്ല സിനിമ വരുന്നില്ലേ എന്ന് കൂവി നടക്കുന്നതില്‍ എന്താ കാര്യം ?

Saturday, March 20, 2010

താന്തോന്നി

ഇന്നലെ രാത്രി രണ്ടു മൂന്ന് പ്രാവശ്യം വിളിച്ചിരുന്നല്ലോ അണ്ണാ. എന്ത് പറ്റി? ഒരിടം വരെ പോയിരുന്നു .

ഹോ നീ എങ്ങാനും എന്നെ വിളിക്കാന്‍ മറക്കുമോ എന്നായിരുന്നു പേടി . ശരി നീ ഈയിടെയായി പുതിയ വിശേഷങ്ങള്‍ ഒന്നും പറയാറില്ലല്ലോ.

അണ്ണന്‍ ഒരല്‍പം വെയിറ്റ് ചെയ്യാമോ ? ദേ താന്തോന്നി കാണാന്‍ ഇറങ്ങിയ വഴിയാ.തിരിച്ചു വരുമ്പോള്‍ വിശദമായി പറഞ്ഞു തരാം പോരെ ?

എടെ അതാ പറഞ്ഞെ നീ കഷ്ട പെടേണ്ട ഇന്നലെ തന്നെ പ്രസ്തുത സംഭവം നാം കണ്ടു കഴിഞ്ഞു.

തന്നെ ? രക്ഷപെട്ടു . എന്നാ പിന്നെ അണ്ണന്‍ തന്നെ പറ അതിന്റെ വിശേഷങ്ങള്‍.

എടാ മുറുക്കമുള്ള/ബോര്‍ അടിപ്പിക്കാത്ത തിരകഥ , ആവശ്യത്തിനുള്ള/ വ്യക്തിത്വമുള്ള കഥാ പത്രങ്ങള്‍ , പിന്നെ ചെറുപ്പകാരനായ നായകന്‍ ആയതു കൊണ്ട് സംഘട്ടന രംഗങ്ങള്‍ നിലവാരം പുലര്‍ത്തുന്നതും . ഒരു മലയാളി പ്രേക്ഷകന് ഇത്രയൊക്കെ പോരേടെ?

പിന്നെ എന്താ ? ഒന്നോ രണ്ടോ നല്ല പട്ടു കുടി ഉണ്ടെങ്കില്‍ പരമാനന്ദം . ഇല്ലെങ്കിലും സാരമില്ല .എത്രയും ഉണ്ടെങ്കില്‍ പടം കണ്ടിട്ട് രണ്ടു സ്മാള്‍ കുടി അടിച്ചു ആഘോഷികാവുന്നതാണ് (അത്രക്ക് മികച്ചത് ആണല്ലോ മലയാള സിനിമയുടെ നിലവാരം എപ്പോള്‍ ) . അപ്പോള്‍ നേരെ തന്തോന്നിക്ക് നീങ്ങട്ടെ . കുടുതല്‍ സംസാരിച്ചു രസം കളയുന്നില്ല . അല്ലെങ്കിലും പുതു മുഖ സംവിധായകരിലും നടന്മാരിലും ഒക്കെയാണ് മലയാളം സിനിമയുടെ ഭാവി എന്ന് പറയുമ്പോള്‍ തനിക്കൊക്കെ പുച്ഛം . ഇപ്പോളോ?

പൊന്നനിയ എപ്പോള്‍ പറഞ്ഞതിന്റെ പകുതിയെങ്ങിലും പ്രതീക്ഷിച്ചാണ് ഞാനും ആ പടത്തിനു കേറിയത്‌. പകുതി പോയിട്ട് ഇതില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായിരുന്നേല്‍ എന്നികിട്രയും വിഷമം ഇല്ലായിരുന്നു.

അപ്പൊ ..... പടം കത്തിയാനെന്നാണോ പറയുന്നേ ? ഒരു രക്ഷയും ഇല്ലെ ?

എനിക്ക് തീരെ ഇഷ്ടപെട്ടില്ല .ഒരു നിലവാരവും ഇല്ലാത്ത,പടം കാണാന്‍ കേറുന്നവനെ ഇത്രയും വെറുപ്പിക്കുന്ന ഒരു പടം ഈ വര്ഷം ദ്രോണ കഴിഞ്ഞാല്‍ ഇതാണ് എന്നാണ് എന്റെ അഭിപ്രായം .

ശരി ഒന്ന് വിശദമാക്കാമോ ?

ഇതിന്റെ സംവിധായകന്‍ ജോര്‍ജ്ജ് വര്‍ഗീസിന്റെ മികവു നില്കട്ടെ (അദേഹം പുതു മുഖ സംവിധയനാണോ അതോ മായ ബസാര്‍ പടച്ചുവിട്ട മഹാന്‍ അന്നോ എന്നു എനിക്ക് സംശയം ഉണ്ട് ). രണ്ടായാലും ഒറ്റ വക്കില്‍ അഭിപ്രായം പറഞ്ഞാല്‍ അദേഹത്തിന് പറ്റാത്ത പണിയാണ് ഇതു. പിന്നെ ഈ വിജയത്തിന്റെ (?) യഥാര്‍ത്ഥ ശില്‍പ്പി തിരകഥ രചിച്ച (ഒന്ന് ഒന്നര രചന അയ്പോയി ചേട്ടാ അത് ) ശ്രീ ടി.എ. ഷാഹിദ് ആണ് . അത്രക്ക് യുക്തി ഭദ്രം ആയതാണ് അദേഹത്തിന്റെ ഈ രചന .

കഥയ്ക്ക് പുതുമ ഇല്ലെന്നാണോ ഉദേശിച്ചത്‌ ?

എന്തോന്ന് പുതുമ ? അങ്ങനെ ഒരു സാധനം ഉണ്ടായിട്ടു വേണ്ടേ അനിയാ അതില്‍ പുതുമ ഉണ്ടോ എന്നു നോക്കാന്‍ .പിന്നെ ഉള്ളത് ചിത്രീകരിച്ചു വെച്ചിരിക്കുന്ന രംഗങ്ങളുടെ ബാക്ക് ഗ്രൌണ്ട് അന്ന് . അതാണ് കഥയെങ്ങില്‍ അങ്ങനെ .

എന്നു വെച്ചാല്‍ ...?

വടക്കേവീട്ടില്‍ എന്ന ഒരു വലിയ തറവാട് . എല്ലാവരും പ്രതാപിമാര്‍ ( ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ , മന്ത്രി , വക്കീല്‍..... അങ്ങനെ) പിന്നെ തോട്ടം ഫാക്ടറി ... അങ്ങനെ വേറെ ഒരു ലൈന്‍ . ഈ തറവാട്ടില്‍ ഒരേ ഒരുത്തന്‍, കൊച്ചുകുഞ്ഞ് മാത്രം താന്തോന്നി ( ഒരു സാധാരണ മലയാള സിനിമ നായകന്‍ ചെയുന്നതിനപ്പുറം ഒന്നും ഈ താന്തോന്നി ചെയുന്നില്ല . പക്ഷെ സിനിമയില്‍ എല്ലാരുടെയും ഭാവം ഇവനെന്തോ മല മറിക്കുന്നു എന്നാണ് ).തറവാട്ട്‌ കാരണവന്മാരുടെ വിധവയായ ഒറ്റ പെങ്ങളുടെ (അംബിക) മകനായ , ഇയാള്‍ പത്തു പതിനാല് വയസുള്ളപ്പോള്‍ തറവാട്ടിലെ വേറൊരുത്തന്‍ ചെയ്ത മാല മോഷണ കേസ് തലയിലായി , കാരണവന്മാരുടെ തല്ലും വാങ്ങി ഒളിച്ചോടിയതാണ്‌ . പിന്നെ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ആണ് മടങ്ങി വരുന്നത് . അതിനു ശേഷം ഫുള്‍ ടൈം താന്തോന്നി !!! കുട്ടത്തില്‍ പറയാന്‍ മറന്നു . ഈ കുടുംബത്തിലെ ഒരു പെണ്ണ് ഡോക്ടര്‍ (പി എച് ഡി ) ഹെലെന്‍ ജോര്‍ജ് (ഷീല കൌള്‍ ) ഇയാളെ പ്രേമിച്ചു കൊന്നു കൊണ്ടിരിക്കയാണ് . അതില്‍ കുടുംബത്തില്‍ ആര്‍ക്കും വലിയ പരാതി ഒന്നും ഇല്ല. (നല്ല രണ്ടു പാട്ട് എങ്കിലും ഉണ്ടായിരുന്നേല്‍ നമുക്കും ഇല്ലായിരുന്നു പരാതി ). ഇതിനിടെ നായകന്റെ, മരിച്ചു എന്നു പറഞ്ഞു അമ്മ ഫുള്‍ ടൈം മെഴുകു തിരി കത്തിച്ചു വെച്ച് പ്രാര്‍ത്ഥിക്കുന്ന സായി കുമാര്‍ പയറു പോലെ നടക്കുന്ന രംഗം കാണിക്കുന്നുണ്ട് .(പേടിക്കണ്ട.നായകന്‍ സ്വന്തം തന്തയെ കാലങ്ങളായി ഒളിവില്‍ താമസിപ്പിചിരികുനതാണ് സംഭവം). സായി കുമാറിനെ വസ്ത്രാലങ്കാരം ചെയ്തവനെ കിട്ടിയാല്‍ എന്ത് ചെയ്യാം എന്നു ആലോചികേണ്ടി ഇരിക്കുന്നു. സായി കുമാര്‍ മാത്രമല്ല ഒരുമാതിരി എല്ലാവരുടെയും വസ്ത്രാലങ്കാരം (മേക്ക്അപ്പ്‌ ) ഒരുമാതിരി സ്കൂള്‍ നടകങ്ങളിലെത് പോലെയാണ് .

എന്റെ അമ്മോ .. അപ്പോള്‍ ഇതാണല്ലേ ലൈന്‍ ?

ഇതു മാത്രം കൊണ്ട് തീര്‍ന്നെഗില്‍ എന്ത് വേണം . അടുത്തത് കേരളത്തിന്‌ പുറത്തെ (എന്നാ തോന്നുന്നേ ) ഒരു റിസോട്ടില്‍ വെള്ളമടിച്ചു കൊണ്ടിരിക്കുന്ന സുരേഷ് കൃഷ്ണ ( വക്കീല്‍ , വടക്കേവീട്ടില്‍ , സ്ഥായിയായ ഭാവം നായകനോടുള്ള പുച്ഛം ) ഒരുത്തനും ആയി വഴക്കുണ്ടാക്കി തല്ലിനിടയില്‍ അവനെ കൊല്ലുന്നു. റിസോട്ട് എം ഡി വരാതെ പോകാന്‍ പറ്റില്ല എന്നു പറഞ്ഞു റിസോര്‍ട്ട് ജീവനക്കാര്‍ വക്കീലിനെ തടഞ്ഞു വയ്ക്കുന്നു . അപ്പോളതാ ഒരുമാതിരി ബാഷയില്‍ രജനികാന്ത് അധോലോക നായകനായി വരുന്ന മാതിരി ഒരു എട്ടു പത്തു കൊട്ട് ധരികളെ ജാഥയായി നയിച്ച്‌ കൊണ്ട് നായകന്‍ കടന്നു വരുന്നു (അദേഹം ആണ് എം ഡി ) .അന്തം വിട്ടിരിക്കുന്ന വക്കീലിനെ (പ്രേക്ഷകരെയും ) നോക്കി ഒളിച്ചോടി പോയിരുന്ന കാലത്ത് താന്‍ കുറേ അധികം കാശു സമ്പാദിച്ചാണ് തിരിച്ചെത്തിയത്‌ എന്നും വിനയം കൊണ്ട് അത് പുറത്തു പറഞ്ഞില്ലന്നെ ഉള്ളു എന്നും പറയുന്നു. കൊലപാതകം താന്‍ ഏറ്റോളം എന്നു പറയുമ്പോള്‍ . റിസോര്‍ട്ട് മാനേജര്‍ ആയ അനന്തു (സുധീഷ്‌ ) ചാടി വീണു അത് നടക്കില്ലെന്നും കൊലപാതകം താന്‍ ചെയ്തതാണെന്ന് പറഞ്ഞു കൊള്ളം എന്നു വാശി പിടിക്കുകയും ചെയ്യുന്നു. (ഇവിടെയും തെറ്റി ധരിക്കരുത് വേറെ യാതൊരു ചീത്ത പ്ലാനും അനന്തുവിനില്ല . ഒണ്‍ലി സ്നേഹം ) എന്നാല്‍ പിന്നെ നിന്റെ ഇഷ്ടം പോലെ എന്നു നായകന്‍ . എന്തായാലും ഇതോടെ വക്കീല്‍ പാര്‍ട്ടി മാറി നായകനെ പുകഴ്ത്തുക എന്ന കര്‍മ പരിപാടിയിലേക്ക് നീങ്ങുന്നു . സുധീഷ്‌ ഇന്റെ സംഭാഷണം രചിച്ച വകയില്‍ ഷാഹിദ് സാറിന് ഒരു മാര്‍ക്കെങ്ങിലും അധികം കൊടുക്കണം. (ആരും കൂവി പോവും ).

ഈ.. ഇതു മലയാളം സിനിമ തന്നെ അല്ലെ അണ്ണാ ?

എടേ ഇതു മാത്രമാണ് ഇന്നത്തെ മലയാള സിനിമ . നല്ല പടം എടുക്കാതെ നാലാം കിട കുറ സാധനങ്ങള്‍ എടുത്തു വെച്ചിട്ട് വ്യാജ സി ഡി , ടി വി പരിപാടികള്‍ , സ്റ്റേജ് ഷോ ഇതൊക്കെയാണ് മലയാളെ പടം കാണാത്തത് എന്നു പറയുന്നവനെ തല്ലണ്ടേ ?

ഇതെങ്ങനെ കൊണ്ട് തീര്‍ക്കുന്നത് ?

അത് ചോദിക്കല്ലേ . രണ്ടാം പകുതി കുറച്ചു കഴിയുമ്പോള്‍ പിന്നെ പടം എങ്ങോട്ടൊക്കെയോ പോകുന്നു . ഏതൊക്കെയോ വില്ലന്മാര്‍. (നായകന്റെ ദുബായ് (അധോലോക) ജീവിതത്തിലെ വില്ലന്മാര്‍ മുതല്‍ തറവാട്ടിലെ ലോക്കല്‍ വില്ലന്മാര്‍ വരെ ഈ സമയത്താണ് രംഗത്ത് വരുന്നത് . പിന്നെ നായകന്‍ ഉള്ള സമയം കൊണ്ട് എല്ലാരേയും തല്ലി തീര്‍ക്കുന്നു. (ഒട്ടും exaggeration ഇല്ലാതെ ഒരു കാര്യം പറയട്ടെ . ഒരു സംഘടന രംഗം നടക്കുമ്പോള്‍ ഒരല്പം ഉറങ്ങിപോയ ഞാന്‍ കണ്ണ് തുറന്നപ്പോളും അതെ അടി തന്നെയാണ് കണ്ടത് .സത്യം !!).

അണ്ണാ എന്നെ തല്ലല്ലേ . ഒരൊറ്റ ചോദ്യം കുടി . അഭിനയം ...?

ഈ പടത്തില്‍ എന്തോന്ന് അഭിനയിക്കനെടെ . പൃഥ്വിരാജ് തനിക്കു പറ്റുന്നത് പോലെ നന്നായി അഭിനയിച്ചിട്ടുണ്ട് ( എന്ത് കാര്യം ) സിറാജ് സഹിക്കാവുന്ന അവസ്ഥയിലാണ് . ബാക്കി എല്ലാരും കണക്കാടെ . പൃഥ്വിരാജ് ഭാവിയില്‍ കുറച്ചു കുടി ഉത്തരവാദിത്വത്തോടെ പടങ്ങള്‍ സെലക്ട്‌ ചെയ്താല്‍ സന്തോഷം.അനാവശ്യമായ കുറേ കഥാ പത്രങ്ങള്‍ക്കിടയില്‍ നായികയും പെടുന്നു.

അപ്പൊ ചുരുക്കത്തില്‍ .....

ഈ പടത്തിലെ താരങ്ങള്‍ ശരിക്കും സംവിധായകന്‍ , തിരകഥ കൃത്ത്, മേക്ക്അപ്പ്‌ മാന്‍ എന്നിവരാണ്‌. പ്രസ്തുത വ്യക്തികള്‍ക്ക് നന്നാവാന്‍ ഒരു ഉദേശവും ഇല്ലെങ്കില്‍ ജീവിക്കാനായി അറിയുന്ന വേറെ എന്തെങ്കിലും തൊഴില്‍ ചെയ്തു ജീവിക്കാന്‍ എളിമയോടെ അപേക്ഷിച്ച് കൊളളുന്നു.

Saturday, March 13, 2010

പത്താം നിലയിലെ തീവണ്ടി

തെണ്ടികള്‍ , നാറികള്‍ , പന്ന ......

എന്തെടെ രാവിലെ ഒടുക്കത്തെ തെറി വിളി . രാവിലെ കീടങ്ങള്‍ തന്നേ...

എന്തോന്ന് കീടം ? അണ്ണാ സഹിക്കാന്‍ പറ്റാത്തത് കൊണ്ട് പറഞ്ഞു പോയതാ .

ആരെയാ ഈ വെച്ച് കാച്ചുന്നത് . എന്ത് പറ്റി?

ഈ നാട്ടില്‍ നല്ല സിനിമയെ ഉണ്ടാക്കാന്‍ നടക്കുന്ന മാധ്യമങ്ങള്‍ , ബൂലോകത്തെ ദരിദ്രവാസികള്‍ ഇവന്മാരെ ഒക്കെ തനെയാണ്‌ പറഞ്ഞത് .

ഇന്നലെ പത്താം നിലയിലെ തീവണ്ടി എന്ന പടം കണ്ടു . പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ആ പടം കണ്ടതിന്റെ ക്രെഡിറ്റ്‌ ഒരു ബൂലോക വ്യക്തിക്ക് തന്നെ ആണ് . ശ്രീ പോങ്ങന്മൂടന്‍ എഴുതിയ ഈ പോസ്റ്റില്‍ നിന്നാണ് ഈ പടത്തെ കുറിച്ച് കേള്‍ക്കുന്നത് . അതിനു മുന്‍പ് ഞാന്‍ സ്ഥിരമായി നോക്കാറുള്ള ഒരു സിനിമ നിരൂപണ ബ്ലോഗിലും (അവന്മാരോട് പിന്നെയും ക്ഷമിക്കാം . രണ്ടു ദിവസം ഓടിയ പടം എങ്ങനെ കണ്ടു നിരൂപണം ഉണ്ടാക്കും ) മാധ്യമങ്ങളിലോ ഈ പടത്തെ സഹായിക്കുന്ന ഒരു വിവരവും വന്നിട്ടില്ല . കേരളം ആണെങ്കിലോ മുക്കിനു മുക്കിനു ബുദ്ധി ജീവികള്‍ ഉള്ള നാടും .ഒരു തെണ്ടിക്കും ഒരു നല്ല പടത്തെ കുറിച്ച് ഒരു നല്ല വാക്ക് പറയാന്‍ നേരമില്ല . എന്നാല്‍ ഇവനൊക്കെ പലേരി മാണിക്യം,കേരള കഫെ,ഇവിടം സ്വര്‍ഗം മുതലായ കുതറ പടങ്ങള്‍ക്ക് വേണ്ടി പേജു കണക്കിന് എഴുതി വിടും.പിന്നെ ഇവനെ ഒക്കെ എന്തോന്ന് വിളിക്കണം ?

എടെ അടങ്ങെടെ... ആദ്യം ഇതു പറ ഈ അത്യപൂര്‍വ സാധനം നീ എങ്ങനെ കണ്ടു ?

ഒരു സുഹൃത്തിന്റെ കയ്യില്നിന്നാണ് ഇതിന്റെ സീ ഡി കിട്ടിയത് . പോങ്ങന്മൂടന്റെ പോസ്റ്റ്‌ വായിച്ചിരുന്നത് കൊണ്ടാണ് ആ പടം കാണണം എന്ന് തോന്നിയത്. (വാങ്ങിയ സുഹൃത്ത്‌ ഇതു വരെ അത് കണ്ടില്ല എന്നതാണ് തമാശ ).

ശരി എങ്ങനെ ഉണ്ട് പടം ? അത് പറ ?

അണ്ണാ ഉഗ്രന്‍ പടം . എപ്പോള്‍ ഇറങ്ങുന്ന മറ്റു പടങ്ങളുടെ നിലവാരം വെച്ച് നോക്കിയാല്‍ അന്യായം അണ്ണാ എന്ന് തന്നെ പറയേണ്ടി വരും. പിന്നെ പരിമിതികള്‍കള്‍ക്കുള്ളില്‍‍ നിന്ന് കൊണ്ട് ( ഇങ്ങനത്തെ പടങ്ങള്ക്കാണ്‌ ശരിക്കും പരിമിതി അല്ലാതെ രണ്ടും മൂന്നും കോടി ചിലവാക്കി എടുക്കുന്ന സൂപ്പര്‍ അമ്മാവന്‍മാരുടെ തുള്ളികളി പടങ്ങള്‍ക്കല്ല) എടുക്കുന്ന ഇത്തരം പടങ്ങളില്‍ വരുന്ന ചെറിയ വീഴ്ചകളെ കഷമിക്കനെങ്ങിലും പറ്റണ്ടേ നമുക്ക് ?

റെയില്‍വേ ഗാംഗ്‌മാന്‍ ആയി ജോലി ചെയ്തിരുന്ന, ഇപ്പോള്‍ ചിത്ത ഭ്രമം ബാധിച്ച ,ഭ്രാന്താശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍ (ഇന്നസെന്റ്) തന്റെ മകന്‍ രാമനാഥന്‍ അഥവാ രാമുവിന് അയക്കുന കത്തുകളിലുടെയാണ് കഥ വികസിക്കുനത് .തന്മാത്ര എന്ന ലാല്‍ - ബ്ലെസി പടത്തെക്കാളും പ്രേക്ഷകനെ വേട്ടയാടുന്ന ചിത്രം ആണ് ഇതെന്നാണ് എനിക്ക് തോന്നുനത് . അത്രക്ക് നന്നായാണ് കഥാപാത്രങ്ങളെ,സംഭവങ്ങളുടെ ഘടനയെ തിരകഥാകൃത്ത് ഒരുക്കിയിരിക്കുനത്.എന്നെ ഏറ്റവും വിസ്മയിപ്പികുന്നത് ഇന്നസെന്റ് തന്റെ ഒരു അഭിമുഖത്തില്‍ പോലും ഈ പടത്തെ പറ്റി പറയുന്നത് കേട്ടിടില്ല എന്നതാണ് . അദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരനീയം അയ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഇതിലെ ശങ്കര നാരായണന്‍. നിസഹായതയും , ഒറ്റപെടലും , വേദനയും,സ്നേഹവും,വാര്‍ധക്യത്തിന്റെ കിതപ്പുകളും,മെല്ലെ മെല്ലെ കെടുന്ന പ്രത്യാശയും,അങ്ങനെ ഒത്തിരി മാനസിക നിലകളിളുടെ കടന്നു പോകുന്ന ഈ കഥാപത്രം ആണ് ഈ ചിത്രത്തിന്റെ കേന്ദ്ര ബിന്ദു.പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡ്‌ മായി വളരെയധികം യോജിക്കുനതാണ്. രാമായണം എന്ന് തുടങ്ങുന്ന പാട്ട് എനിക്ക് വളരെ നന്നായി തോന്നി.സംവിധായകനും ശങ്കര നാരായണന്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ചിത്രത്തില്‍ ജയസൂര്യ ഒഴികെ ഉള്ള കഥാപത്രങ്ങള്‍ വന്നു പോകുന്നവരാണ് (ഒരു പരിധി വരെ അനൂപ്‌ മേനോനും).അവസാനം പടം കൊണ്ട് നിര്‍ത്തുന്ന പോയിന്റ്‌ തകര്‍ത്തു .

അപ്പോള്‍ കുറ്റം ഒന്നും പറയാനില്ലേ ?

ഈ പടം തിയേറ്ററില്‍ പോയി കാണാതെ കുറ്റം പറയുന്നത് വെറും നാലാം കിട പരിപാടി ആണെന്ന് അറിയാഞ്ഞിട്ടല്ല. പിന്നെ ഉള്ള ചെറിയ കുറവുകള്‍ ഈ പടം ആസ്വദിക്കുന്നതിനു ഒരു തരത്തിലും തടസ്സം വരുത്തുന്നും ഇല്ല എന്ന് ആദ്യമേ പറഞ്ഞോട്ടെ .ചിലപ്പോള്‍ താഴെ പറയുന്നവ വെറും മണ്ടത്തരങ്ങള്‍ ആകാനും മതി .തീവണ്ടിയുടെ ഒച്ച പോലെ തലക്കുള്ളില്‍ തോന്നുന്ന മുഴക്കത്തില്‍ നിന്നും തുടങ്ങി ചിത്ത ഭ്രമത്തിന്റെ പടവുകള്‍ കേറുന്ന ശങ്കരന്റെ അവസ്ഥാന്തരങ്ങള്‍ ഒരല്‍പം കുടി deatil ചെയ്യാമായിരുന്നു.പിന്നെ അനൂപ്‌ മേനോന്‍ അഭിനയിക്കുന്ന അവസാന രംഗങ്ങള്‍ ഒരല്‍പം മിതത്വം പാലിചിരുന്നെങ്ങില്‍ എന്ന് തോന്നി പോയി .(അനൂപ്‌ മേനോന്‍ മോശമായി എന്നല്ല മറിച്ചു സംവിധായകനും തിര കഥാക്രിത്തിനും അത് വരെ കാണിച്ച കയ്യടക്കം അവസാന രംഗങ്ങളില്‍ കുറച്ചൊന്നു നഷ്ടം ആയതു പോലെ ).ജയസൂര്യക്ക് ഒരല്‍പം കുടി ഫോക്കസ് നല്‍കാമായിരുന്നു. അയാളുടെ അസ്വസ്ഥതകള്‍ ആരംഭിക്കുന്ന നിമിഷങ്ങള്‍ അങ്ങനെ .

അപ്പോള്‍ മൊത്തത്തിലുള്ള അഭിപ്രായം ?
ഇനി ഈ പടം കാണുന്നത് ഏതെങ്കിലും സീ ഡി നിര്‍മാണ കമ്പനിയെ മാത്രമേ സഹായിക്കു .എങ്കിലും ഒരു നല്ല സിനിമ തിയേറ്ററില്‍ പൊയ് കണ്ടു വിജയിപ്പിക്കാന്‍ ഉള്ള അവസരം നഷ്ടപെടുത്തി എന്ന് സ്വയം മനസിലാക്കനെങ്ങിലും ഈ ചിത്രം അണ്ണന്‍ ഒന്ന് കാണണം .

വാല്‍കഷ്ണം : പോങ്ങമൂടന്റെ പോസ്റ്റ്‌ വായിച്ച കുതിപ്പില്‍ തൊട്ടു പിന്നാലെ വന്ന പുണ്യം അഹം എന്ന പടം കാണാന്‍ രണ്ടു തവണ ശ്രമിച്ച സ്ഥിരോത്സാഹി ആണ് ഈയുള്ളവന്‍ . ശ്രമത്തിന്റെ പ്രചോദനം പ്രിത്വിരാജ്ന്റെ ഡേറ്റ് കിട്ടിയിട്ട് ഇങ്ങനെ ലോ പ്രൊഫൈല്‍ ആയ ഒരു പടം എടുക്കുനവന് നല്ല ഒരു പടം എടുക്കണം എന്നൊരു ആഗ്രഹം എങ്കിലും ഉണ്ടാകണമല്ലോ എന്ന ചിന്ത ആയിരുന്നു. രാവിലെ 11.30. ഷോ ഇല്ല (3 ഷോ മാത്രം ) രാത്രി 9.30 നുള്ള ഷോ ക്ക് നോക്കി പിറ്റേ ദിവസം ഇറങ്ങുന്ന മഹാപടമായ ദ്രോണ റിലീസ് ചെയാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഫാന്‍സ്‌ എന്നെ തല്ലിയില്ലെന്നെ ഉള്ളു !!

Tuesday, March 9, 2010

കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക്

നമസ്കാരം ....
കേറി വാടെ ... എന്തൊക്കെയുണ്ട് വിശേഷം ? പുതിയ പടം വല്ലതും ?

പിന്നെ അല്ലാതെ പടം കണ്ട വിശേഷം പറയാനല്ലേ ഇങ്ങോട്ട് വരാറുള്ളൂ

അതിനു ഇപ്പോള്‍ ഏതു പടമെടെ നീ കണ്ടത് ? പുതിയ മലയാള പടമൊന്നും ......

കള അണ്ണാ. വേറെ ജോലി ഇല്ലെ ഞാന്‍ പോയി കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക് കണ്ടു

ശരി എങ്ങനെ ഉണ്ടെടെ പടം ?
അഭിനയിക്കുനത് ഫര്‍ഹാന്‍ അക്തര്‍ , ദീപിക പദുകോണ്‍ മുതലായവര്‍ സംവിധാനം വിജയ്‌ ലാല്‍വാനി. പോന്നു ചേട്ടാ ഇതില്‍ കുടുതല്‍ ഒന്നും എന്നോട് ചോദിക്കല്ലേ വേറെ ആരെയും എനിക്ക് അറിയത്തില്ല . ഇതില്‍ സംവിധായകന്‍ പുതുമുഖം ആണെന്നാണ് എന്റെ ധാരണ. ഫര്‍ഹാന്‍ അക്തര്‍ നമ്മുടെ ഡോണ്‍ 2 എടുത്ത സംവിധയകന്‍ ആണ് .

ശരി എന്നി ബാക്കി പറ . പടത്തെകുറിച്ച് ....

മുംബൈ എന്ന നഗരത്തില്‍ ഒരു റിയല്‍ എസ്റ്റേറ്റ്‌ സ്ഥാപനത്തില്‍ ജോലി ചെയ്തു ജീവിക്കുന്ന കാര്‍ത്തിക് നാരായണ്‍ (ഫര്‍ഹാന്‍ അക്തര്‍) എന്ന യുവാവില്‍ നിന്നാണ് കഥ തുടങ്ങുന്നത്.ബാല്യത്തില്‍ ഒരു കൈ പിഴ കൊണ്ട് സ്വന്തം സഹോദരന്‍ കിണറ്റില്‍ വീണു മരിച്ചതിന്റെ കുറ്റബോധം മനസ്സില്‍ പേറുന്ന ഇയാള്‍ ആ നഗരത്തില്‍ തികച്ചും ഏകനാണ്. ആരോടും നോ എന്ന് പറയാന്‍ കഴിയാത്ത ഇയാളെ ചുറ്റും ഉള്ളവര്‍ നന്നായി മുതലെടുക്കുന്നു(വീട്ടു ഉടമസ്ഥന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ ). സുഹൃത്തുകള്‍ ആരുമില്ലാത്ത തികച്ചും വിരസമായ ജീവിതം നയിക്കുന്ന കാര്‍ത്തിക് ഓഫീസില്‍ ആത്മാര്‍തമായി ജോലി ചെയ്യുന്നു എങ്കിലും മിക്കപോഴും മേലുദ്യോഗസ്ഥന്റെ ശകാരത്തിനും അവഹെളനതിനും പാത്രമാകുന്നു. സഹപ്രവര്‍ത്തകയായ സോണാലി എന്ന സുന്ദരിയെ (ദീപിക) അയാള്‍ക്ക് ഇഷ്ടം ആണെങ്കിലും അതൊരിക്കലും തുറന്നു പറയാന്‍ /പ്രകടമാക്കാന്‍ അയാള്‍ക്ക് ആകുന്നില്ല . അവള്‍ക്കു പതിവായി ഇമെയില്‍ ടൈപ്പ് ചെയുന്നുന്ടെങ്കിലും അവ അയക്കുവാനുള്ള ധൈര്യം അയാള്‍ക്കില്ല . അവള്‍ ആകട്ടെ കാര്‍ത്തിക് എന്നൊരാള്‍ ആ ഓഫീസ്ല്‍ ജോലി ചെയ്യുന്ന കാര്യം പോലും അറിയുന്നില്ല. തന്റെ സഹപ്രവര്‍ത്തകനുമായി സോണാലി പ്രേമത്തില്‍ ആണെന്ന അറിവ് കാര്‍ത്തിക്നെ കുടുതല്‍ തളര്‍ത്തുന്നു. ഒടുവില്‍ തന്റെതല്ലാത്ത ഒരു തെറ്റിന്റെ പേരില്‍ മുഴുവന്‍ സഹ പ്രവര്‍ത്തകരുടെയും മുന്നില്‍ വെച്ച് അപമാനിതനായി ജോലിയില്‍ നിന്നും പുറത്തു ആക്കപ്പെടുന്ന കാര്‍ത്തിക് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു.ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്ന ആ നിമിഷത്തില്‍ കാര്‍ത്തിക്കിന് ഒരു ഫോണ്‍ കാള്‍ വരുന്നു. അതിനെ തുടര്‍ന്ന് കാര്‍ത്തിക്ന്‍റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ ആണ് ഈ സിനിമയുടെ പ്രമേയം.

ഹ.... നീ ഇങ്ങനെ പറഞ്ഞു നിര്‍ത്തല്ലേ. ആരാ ആ ഫോണ്‍ ചെയ്യുന്നേ?. എന്താ പറയുന്നേ? ഇതൊക്കെ ഒന്ന് പറഞ്ഞു കൂടെ ?

പിന്നെ ... മുന്‍പ് ഇങ്ങനെ ഏതാണ്ട് എഴുതിയതിനു ഞാന്‍ വ്യാജ സിഡി യുടെ മറ്റൊരു മുഖം ആണെന്ന് വരെ പറഞ്ഞവരുണ്ട്. എന്തിന്നാ അണ്ണാ വെറുതെ കണ്ടവരുടെ വായിലിരിക്കുനത് കേള്‍ക്കുനത് ?

അവന്മാരോട് പോകാന്‍ പറ . നീ കാര്യം പറ .

ശരി വിളിക്കുനത്‌ കാര്‍ത്തിക് എന്ന് പരിചയപെടുതുന്ന ഒരാളാണ് . ഇയാള്‍ക്ക് കാര്‍ത്തിക്കിനെ കുറിച്ച് എല്ലാം അറിയാം .കൃത്യം അഞ്ചു മണിക്ക് (രാവിലെ) കാര്‍ത്തിക്നെ വിളിക്കുന്ന ഇയാളുടെ ഉപദേശങ്ങള്‍ അനുസരിക്കുന്ന കാര്‍ത്തിക്കിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു . ആഗ്രഹിച്ചതും നഷ്ടപെട്ടതും എല്ലാം തിരികെ പിടിക്കുന്ന കാര്‍ത്തിക് ,ഒരേ ഒരു നിര്‍ദേശം മാത്രം പാലിക്കുന്നില്ല.അതായിത് ഈ ഫോണ്‍ സംസാരത്തെ പറ്റി വേറെ ആരോടും പറയരുത് എന്ന നിര്‍ദേശം ഒരു ദുര്‍ബല നിമിഷത്തില്‍ ലംഘിക്കുന്ന കാര്‍ത്തിക് സോനാലിയോട് ഇതേ പറ്റി പറയുന്നു.അഞ്ജാത സുഹൃത്ത്‌ പ്രവചിച്ച പോലെ തന്നെ സോണാലി ഇതു കാര്‍ത്തിക്ന്‍റെ മാനസിക വിഭ്രാന്തി ആയി കണ്ടു ഒരു ഡോക്ടറേ കാണിക്കാന്‍ ശ്രമിക്കുന്നു. ഡോക്ടര്‍ ഇതെല്ലാം കാര്‍ത്തിക്ഇന്‍റെ മാനസിക വിഭ്രാന്തി ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ അടുത്ത ദിവസം രാവിലെ അഞ്ചു മണിക്ക് കാര്‍ത്തിക്ന്‍റെ വീട്ടില്‍ എത്തി ഈ സംഭവം നേരില്‍ കാണാം എന്ന് സമ്മതികുകയും ചെയുന്നു . വെളുപ്പിന് കാര്‍ത്തിക്ന്‍റെ വീട്ടില്‍ എത്തുന്ന ഡോക്ടറും കാര്‍ത്തിക്ക്കും ഫോണ്‍ പ്രതീക്ഷിച്ചു ഇരിക്കുന്നു. കൃത്യം അഞ്ചു മണിക്ക് ഫോണ്‍ അടിക്കുന്നു.കാര്‍ത്തിക്ക് ഫോണ്‍ എടുത്തു സ്പീക്കര്‍ല്‍ ഇട്ടു സംസാരിച്ചതിന് ശേഷം ഡോക്റെരിനു കൊടുക്കുന്നു.ഡോക്ടറും അയാളോട് സംസാരിക്കുന്നു.കഥ മറ്റൊരു വഴി തിരിവില്ലേക്ക് .. ഹഹ ഹ ....

എന്റെ അമ്മോ .. എടെ ഞാനും സത്യമായി കരുതിയത്‌ ഇതു അവന്റെ മനോരോഗം ആണെന്നാണ് . അങ്ങനെ അല്ലെ ??

ഇനി അങ്ങോട്ട്‌ താന്‍ പോയി പടം കണ്ടു മനസിലാക്കിയാല്‍ മതി . അല്ല പിന്നെ ...

ഇതിനിടെ സോനാലിയുടെ നിര്‍ദേശം അനുസരിച്ച് ഒരു ദിവസം ഫോണ്‍ എടുകാതിരിക്കുന്ന കാര്‍ത്തിക്മായി അഞ്ജാത സുഹൃത്ത്‌ പിണങ്ങുന്നു.നന്ദി കേട്ടവനായി കാര്‍ത്തിക്നെ മുദ്ര കുത്തുന്ന അജ്ഞാതന്‍ ഇനി കാര്‍ത്തിക്കിനെ നശിപ്പിക്കുമെന്ന് ഭീഷണി പെടുത്തുന്നു. നേടിയെടുത്തത് ഒന്നൊന്നായി നശിക്കുന്നത് കാണുന്ന കാര്‍ത്തിക് രക്ഷപെടാന്‍ ആയി തനിക്കു പോലും അറിയാത്ത വേറൊരു നഗരത്തിലേക്ക് ഒളിച്ചോടുന്നു.(കേരളത്തില്‍ ആണ് കാര്‍ത്തിക് രക്ഷപെടാനായി എത്തുന്നത്‌ ).അവിടെ ചെറിയൊരു ജോലി സ്വീകരിച്ചു ഒതുങ്ങി ജീവിക്കുന്നു കാര്‍ത്തിക് ,പഴയ കാലത്തേ ബന്ധങ്ങളിലേക്ക് (സോണാലി)തിരിച്ചു പോകുന്നില്ല. ടെലിഫോണ്‍ ഉപയോഗിക്കാന്‍ ഇഷ്ടപെടാത്ത കാര്‍ത്തിക്കിന് ഒരു സാഹചര്യത്തില്‍ ടെലിഫോണ്‍ വാങ്ങേണ്ടി വരുന്നു . അന്ന് രാത്രി ആകാംഷയോടെ കാത്തിരിക്കുന്ന അയാള്‍ക്ക് അഞ്ജാത സുഹൃത്തിന്റെ കാള്‍ വരുന്നില്ല.തന്റെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു എന്ന് കരുതി സന്തോഷത്തോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുന്ന കാര്‍ത്തിക്കിന്റെ കണക്കു കൂട്ടലുകള്‍ വീണ്ടും തെറ്റുകയായിരുന്നു.

മതിയെടെ . ഇനി ഞാന്‍ പോയി പടം നേരില്‍ കണ്ടോളാം ബാക്കി കാര്യങ്ങള്‍ എങ്ങനാ ?

തിരകഥ തികച്ചും യുക്തിക്ക് നിരക്കുന്ന രീതിയില്‍ രചിച്ചിരിക്കുന്നു . സംവിധായകന്‍ എന്നതിനെകാള്‍ തിരകഥകൃത്ത് എന്ന നിലയില്‍ ആണ് വിജയ്‌ ലാല്‍വാനി മുന്നിട്ടു നില്‍ക്കുനതു.സംവിധാനവും വളരെ നന്നായി നിര്‍വഹിച്ചിരിക്കുന്നു അദേഹം.പിന്നെ മൂന്ന് കഥാ പത്രങ്ങളെ മാത്രം (കാര്‍ത്തിക് , സോണാലി , അഞ്ജാത സുഹൃത്ത്‌ ) ആശ്രയിച്ചു കഥ മുന്നോട്ടു കൊണ്ട് പോകുമ്പോള്‍ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന വലിച്ചില്‍ ഈ ചിത്രത്തില്‍ തീരെ തോന്നുന്നില്ല .ഫര്‍ഹാന്‍ അക്തര്‍ കാര്‍ത്തിക് എന്ന കഥാപാത്രത്തെ വളരെ നന്നായി ഉള്‍ക്കൊണ്ട്‌ അവതരിപ്പിച്ചു. (നമ്മുടെ അമ്മാവന്‍ സൂപ്പര്‍ താരങ്ങള്‍, മൂത്ത് നരച്ച സ്തുതി പടകാരായ സംവിധായകര്‍,കഥയില്ലേ എന്ന് നിലവിളിക്കുന്ന തിരകഥ രചയിതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഈ ചിത്രം ഒരു നല്ല പാഠം ആണ് നല്‍കുന്നത്. എന്ത് കാര്യം.ഉറക്കം നടിക്കുനവനെ ഉണര്‍ത്താന്‍ പറ്റുമോ ?). ദീപിക തന്റെ ഭാഗം നന്നായി ഒട്ടും അമിതാ അഭിനയം ഇല്ലാതെ അവതരിപ്പിച്ചു.പിന്നെ ഒരു അഞ്ചു മിനിട്ട് നേരത്തെ പടം അവസാനിപ്പിചിരുന്നെങ്ങില് കുടുതല്‍ ‍ നന്നായേനെ എന്നൊരു എളിയ അഭിപ്രായം ഉണ്ട്.

അപ്പോള്‍ ചുരുക്കത്തില്‍ നിനക്ക് പടം ഇഷ്ടപെട്ടോടെ ?

പിന്നെ എത്രയും നേരം പറഞ്ഞത് എന്താടോ ? തീയറ്ററില്‍ പോയി കാണാന്‍ പറ്റിയില്ലെകില്‍ സീ ഡി എങ്കിലും ഒപ്പിച്ചു കാണാന്‍ നോക്ക് .