Thursday, September 16, 2010

പ്രാഞ്ചിയും ശിക്കാറും പിന്നെ ഞാനും .

ഇങ്ങോട്ട് മാറി നില്‍ക്കെടാ. നീ ആണല്ലേ പ്രേക്ഷകന്‍ .

അതെ സര്‍. ആ പേരില്‍ എഴുതുന്നത്‌ ഞാന്‍ ആണ് .എന്നോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത് .......

അതൊക്കെ പറയാം . നീ നിരൂപകന്‍ അണോടെ? സത്യം പറയണം ?

ഞാനോ ? ഇന്നോളം അങ്ങനെ ഒരു വൃത്തികെട് ഞാന്‍ ചെയ്തിട്ടില്ല.

അപ്പോള്‍ ബാല്‍ക്കണി 40 എന്ന ബ്ലോഗില്‍ എഴുതുന്നതോ ? അതിനെ പറ്റി ചില പരാതികള്‍ ഇവിടെ കിട്ടിയിട്ടുണ്ട് അത് ചോദിക്കാനാ തന്നെ ഇങ്ങോട്ട് വിളിപ്പിച്ചേ.

പോന്നു സാറെ ആ ബ്ലോഗില്‍ ഒരു പടം കണ്ടു കഴിഞ്ഞാല്‍ എനിക്ക് ആ ചിത്രം ഇഷ്ടപെട്ടോ. ഉണ്ടെങ്കിലോ ഇല്ലെങ്കിലോ എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം പറയുക ഇവ മാത്രമേ ഞാന്‍ ചെയ്യാര്‍ ഉള്ളു .

അത് മാത്രമല്ലോ . തനിക്കു പൊതുവേ സൂപ്പര്‍ താര ചിത്രങ്ങളെ ഒരു മാതിരി പുച്ഛം ആണെന്നും . അതിനെ തെറി പറയല്‍ ആണ് തന്റെ വിനോദം എന്നും ആണല്ലോ പരാതി.അനിയാ തനോടുള്ള സ്നേഹം കൊണ്ട് പറയുകയാ . ആദ്യം എന്തെങ്കിലും പറയുന്നതിന് മുന്‍പ് ഒന്ന് ശ്രദ്ധിക്കണം,ചുറ്റും നോക്കണം.പൊതുവേ ഉള്ള ഒരു ട്രെന്റ് എങ്ങോട്ടാണെന്ന് അത് മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ളവന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഒക്കെ പറഞ്ഞെന്നു വരുത്തി ഒരെണ്ണം കാച്ചിയാല്‍ പോരെ.പിന്നെ ചിത്രം ഹിറ്റ്‌ ആകുമോ എന്ന് ചെറിയൊരു സംശയം ഉണ്ടെങ്കില്‍ നമ്മള്‍ ഒരിക്കലും അടച്ചു തെറി പറയരുത് .ജനകൂട്ടത്തിലെ നാലാമത് നില്‍ക്കുന്ന കഷണ്ടിക്കാരന്‍ വളരെ മോശമായെങ്കിലും സൂപ്പര്‍ താരം തകര്‍ത്തു എന്ന ലൈന്‍.പിന്നെ ഒരു രക്ഷയും ഇല്ലെങ്കില്‍ സൂപ്പര്‍ താരത്തെ ഇതില്‍ പ്രയോജനപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞില്ല എന്നായി ക്കോണം കിടക്കട്ടെ അവന്റെ തലയില്‍ !!! ഇത്ര എളുപ്പമുള്ള ഒരു പണി വേറെ ഇല്ല.

അല്ല സാറെ പടം ഹിറ്റ്‌ ആകുന്നതും എനിക്ക് പടം ഇഷ്ടപ്പെടുന്നതും തമ്മില്‍ എന്താ ബന്ധം?

അതെന്താ എന്ന് ചോദിക്കല്ലേ. അതങ്ങനാ . നീ തന്നെ നിന്റെ കമന്റ്‌ നോക്ക് ശിക്കാര്‍ എന്ന ചിത്രത്തെ കുറിച്ച് ആള്‍ക്കാര്‍ പറയുന്നേ ഈ ചിത്രം ഒരു ഹിറ്റ്‌ ആണെന്നാണ് . പിന്നെ മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ നഷ്ടപ്പെട്ടു എന്ന് പറയപ്പെടുന്ന ഇനിഷ്യല്‍ തിരിച്ചു പിടിച്ചു എന്നാണ് ഈ ചിത്രത്തിന്റെ വേറൊരു ഹൈ ലൈറ്റ്.ഇതൊക്കെ ഉണ്ടെങ്കില്‍ നീ പടം ഇഷ്ടപ്പെട്ടോണം.വേറെ ചോദ്യം ഒന്നും ഇല്ല.

അല്ല ഈ ഇനിഷ്യല്‍ തിരിച്ചു പിടിച്ചുഎന്ന് വെച്ചാല്‍ മോശപ്പെട്ട ഒരു ചിത്രം സൂപ്പര്‍ താരത്തിന്റെ പേര് കൊണ്ട് കുറെ ജനങ്ങളെ കയറ്റി മണ്ടന്‍മാര്‍ ആക്കുന്നതില്‍ ഈ ചിത്രം വിജയിച്ചു എന്നല്ലേ അര്‍ഥം ? സ്വയം മണ്ടന്മാര്‍ ആയിട്ടു അത് അഭിമാനത്തോടെ വിളിച്ചു പറയുന്നവര്‍ നമ്മള്‍ മാത്രമേ കാണു.

നിനക്ക് നന്നാകാന്‍ ഒരു ഉദ്ദേശവും ഇല്ലെടെ? പിന്നെ നിനക്ക് വിമര്‍ശിച്ചേ പറ്റു എന്നുണ്ടെങ്കില്‍ ഒരാളെ മാത്രം വിമര്‍ശിക്കു . അപ്പോള്‍ മറ്റേ താരത്തിന്റെ ആരാധകര്‍ നിന്നെ ഏറ്റെടുതോളും.

സാറിന് ഇതൊക്കെ എങ്ങനെ അറിയാം ?

എടേ നേരത്തെ പറഞ്ഞത് പോലെ ഏതൊക്കെ വളരെ എളുപ്പമുള്ള പണിയല്ലേ .ഏതു പോലീസ് കാരനും (സോറി ) ഈ പണി ചെയ്യാം . സ്വന്തമായി ഒരിക്കലും ഒരു ചിത്രത്തെ പറ്റി ഒരു അഭിപ്രായം ഇല്ലെങ്കില്‍ നീയാണ് പ്രതിഭ .ഉദാഹരണം ആയി ശിക്കാര്‍ എന്ന പടത്തെ കുറിച്ച് ഞാന്‍ എഴുതിയ നിരൂപണം ഇതാ പിടി വായിച്ചു പഠിക്കെടാ.....


മലയാള സിനിമയുടെ അഭിമാന സ്തംഭങ്ങളായ സര്‍വശ്രീ പത്മകുമാറും ഭരത് മോഹന്‍ലാലും ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ശിക്കാര്‍.പേര് സൂചിപ്പികുന്നത് പോലെ ഇതു ഒരു ത്രില്ലെര്‍ ചിത്രം ആണ്.ചിറ്റാഴ എന്ന മലയോര ഗ്രാമത്തില്‍ തന്‍റെ മനസ്സില്‍ എരിയുന്ന കനലുകള്‍ അടക്കിപ്പിടിച്ചു സാധാരണക്കാരനായി ജീവിക്കുന്ന ബലരാമന്‍ എന്ന കഥാപാത്രത്തെ തന്‍റെ സ്വസിദ്ധമായ അഭിനയ ശൈലിയിലൂടെ ശ്രീ ലാല്‍ അനശ്വരം ആക്കിയിരിക്കുന്നു.അദേഹത്തിന്റെ മികച്ച പത്തു കഥാപത്രങ്ങളുടെ പേര് എടുത്താല്‍ അതില്‍ ആദ്യത്തെ മൂന്ന് എണ്ണത്തില്‍ ഒരെണ്ണം ബലരാമന്‍ ആയിരിക്കും എന്ന് ഉറപ്പ്.നൃത്ത രംഗങ്ങളില്‍ അദേഹം പ്രകടിപ്പിക്കുന്ന അനായാസത മലയാളത്തിലെ മറ്റു നടന്മാര്‍ക്ക് മാതൃക ആകേണ്ടതാണ്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടികളില്‍ എത്തിക്കുന്ന ഒരു രംഗത്തോടെ ചിത്രത്തിലേക്ക് വരുന്ന ലാല്‍ അതെ അനായാസതയോടെ പ്രേക്ഷകരുടെ മനസ്സിലേക്കും കയറി പറ്റുന്നു .മനസിലെ കനലുകള്‍ ചിത്രം കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പോലും മനസിലാകാത്ത രീതിയില്‍ അടക്കിപ്പിടിച്ചുള്ള നിയന്ത്രിത അഭിനയത്തിലൂടെ മുന്നേറുന്ന ലാല്‍ സംഘടന രംഗങ്ങളിലും ശോഭിക്കുന്നു.ജോണ്‍ കൊക്കന്‍ അവതരിപ്പിക്കുന്ന തമ്പി മുതലാളി എന്ന വില്ലനെ വിറപ്പിച്ചു ചിത്രത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷന്‍ ആക്കാന്‍ ലാലിന്‍റെ തീ പാറുന്ന അഭിനയ പാടവത്തിനു കഴിഞ്ഞിട്ടുണ്ട്.ഹസ്യാഭിനയത്തിനു പുതിയ ഭാഷ്യങ്ങള്‍ രചിക്കുന്ന ജഗതിയും സുരാജും ചിരിയുടെ മലപടക്കങ്ങള്‍ ഒന്നാം പകുതിയില്‍ ഉടനീളം പൊട്ടിക്കുന്നു.കഥയ്ക്ക് വേഗത കൂട്ടാന്‍ താടി ലാലിന്‍റെ നേത്രുത്വത്തില്‍ നടക്കുന്ന ഗാന നൃത്ത രംഗം ആ മലനാടിന്‍റെ പരുക്കന്‍ സൌന്ദര്യം പ്രേക്ഷകനെ കാണിച്ചു തരുന്നു.നൃത്തത്തിന്റെ അവസാനം അതില്‍ പങ്കെടുത്തു ചില ചുവടുകള്‍ വയ്ക്കുന്ന ലാലേട്ടന്‍ അല്‍പ്പം ഒന്ന് തഴോട്ടിറങ്ങിയ പ്രേക്ഷകനെ വീണ്ടും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു.നായകന് ആ ഗ്രാമവാസികളും ആയുള്ള ആത്മബന്ധത്തിന്റെ ഒരു സജീവ ചിത്രം സംവിധായകനും തിരകഥാകൃത്തും ചേര്‍ന്ന് തെളിവോടെ വരച്ചിട്ടിരിക്കുന്നു.മൈഥിലി അവതരിപ്പിക്കുന്ന രമണി എന്ന കഥാപാത്രത്തെ നായകന്‍ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുമോ ഇല്ലയോ എന്ന ആകാംഷ പ്രേക്ഷകര്‍ക്ക്‌ ചിത്രാവസാനം വരെ നില നിര്‍ത്തി കൊണ്ട് പോകാന്‍ തിരകഥക്രിത്തിനു കഴിഞ്ഞിട്ടുണ്ട്.ചിത്രം കഴിയുമ്പോളും ആ കഥാപാത്രം ഒരു തീരാനൊമ്പരവും ചോദ്യചിന്നവും ആയി അവശേഷിപ്പിക്കുനത് സംവിധായകന്റെ പാടവം വ്യക്തമാക്കുന്നു.കലാഭവന്‍ മണിയും ലാലു അലെക്സും കാമ്പുള്ള വേഷങ്ങളിലൂടെ തങ്ങളുടെ അഭിനയ തികവ് പ്രദര്‍ശിപ്പിക്കുന്നു. ഈ ചിത്രത്തില്‍ ആകെ മുഴച്ചു നില്‍ക്കുന്ന കഥാപാത്രം സ്നേഹയുടെ ആണ്.ചില രംഗങ്ങളില്‍ പ്രായകൂടുതല്‍ കൊണ്ടാകണം ഈ നടിക്ക് ലാലേട്ടന്മായി ഒരു ചേര്‍ച്ച കുറവ് തോന്നി.ചെറുപ്പകാല രംഗങ്ങളില്‍ മെലിഞ്ഞു സുന്ദരനായി പ്രത്യക്ഷപ്പെടുന്ന ലാലേട്ടന്‍ എണ്‍പത്കളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നു.

ഇത്രയും ചടുലമായി പോകുന്ന ഒന്നാം പകുതി കഴിയുമ്പോള്‍ പിന്നെ ആണ് കഥ കൂടുതല്‍ ആഴങ്ങളിലേക്ക് ഊളിയിടുന്നതു.നായകന്റെ നിഗൂഡമായ ഭൂത കാലവും മനസ്സില്‍ കനലായി എരിയുന്ന കുറ്റ ബോധത്തിന്റെ നീറുന്ന കഥകളും പ്രേക്ഷകന്റെ മുന്നിലേക്ക്‌ കോരിയിടുന്നത് രണ്ടാം പകുതിയിലാണ്.ആന്ദ്ര പ്രദേശിലെ വരണ്ട മണ്ണില്‍ പൊട്ടി മുളൈക്കുന്ന തീവ്രവാദത്തിന്റെ വേരുകള്‍ ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ നോക്കി നില്‍ക്കുന്ന നായകന്റെ നിഷ്കളങ്കനായ പോലീസ് കോണ്‍സ്റ്റബിള്‍ ആരിലും കൌതുകം ഉണര്‍ത്തും. നായകനുമായി ജേഷ്ടന്റെ മകള്‍ക്കുള്ള ആത്മ ബന്ധം ഈ ചിത്രത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് . അവസാന രംഗങ്ങളില്‍ ഒരു ത്രില്ലെര്‍ ചിത്രത്തിന്റെ പൂര്‍ണതയില്‍ എത്തുന്ന ചിത്രം പ്രകൃതിയുടെ അത്യന്തം അപകടകരമായ മേഖലകളില്‍ വെച്ച് ചിത്രീകരിച്ചു പ്രേക്ഷകനെ ആവേശത്തിന്റെ കൊടുമുടിയില്‍ നിന്നും ഒരു തരത്തിലും ഇറങ്ങാന്‍ സമ്മതിക്കുന്നില്ല. .ജേഷ്ടന്റെ മകളെ സ്വന്തം മകളായി കണ്ടു സ്വന്തം ജീവിതം പോലും ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്ന ഈ ചിത്രത്തിലെ നായകനെ ലാലേട്ടന്‍ തന്റെ സ്വസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചു വിജയിപ്പിച്ചു. മെഗാഹിറ്റിലേക്ക് കുതിക്കുന്ന ഈ ചിത്രം നല്ല ചിത്രങ്ങള്‍ മാത്രം എന്നും സ്വീകരിച്ചിട്ടുള്ള മലയാളി ഇതൊരു മികച്ച ചിത്രം ആണെന്ന് നല്‍കുന്ന അംഗീകാരം ആണ്.അവസാന രംഗങ്ങളില്‍ നായകന്‍ പോലീസ്കാരോട് നടത്തുന്ന വിലാപം അഥവാ ആത്മ രോദനം ഇതൊരു ശിലാഹൃദയന്റെയും മനസ് അലിയിക്കും..........

ഇനി ഇതു പോലെ പോയി പ്രാഞ്ചിയെ കുറിച്ച് ഒരു റിവ്യൂ എഴുതിയേ നോക്കട്ടെ .ആദ്യ ഒരു ചോദ്യം പ്രാഞ്ചി ഏട്ടന്‍ എന്ന ചിത്രത്തില്‍ ഏറ്റവും നല്ല ഘടകം എന്താണെന്നാ നിനക്ക് തോന്നിയത് ?

ശ്രീ മമ്മൂട്ടി ആരാധകരെ ഹരം കൊള്ളിക്കാനായി കാലാ കാലങ്ങളായി ഇറക്കുന്ന ഒരു മോഹോതര കലാരൂപം (അദേഹത്തിന്റെ ഡാന്‍സ് )ഈ ചിത്രത്തില്‍ ഇല്ല .ശരിയല്ലേ

എടെ നീ നന്നാവില്ല എന്ന വാശിയില്‍ ആണോ ? നിനക്ക് ഇതാണോ എത്രയും പറഞ്ഞിട്ട് മനസിലായത് ?

സാറെ സാറു കടയില്‍ പോകുമ്പോള്‍ മനോഹരായ ഒരു മുട്ടായി പെട്ടി കാണുന്നു. പെട്ടിയുടെ ഭംഗിയില്‍ ആകൃഷ്ടനായ സര്‍ അത് വാങ്ങി വീട്ടില്‍ ചെന്ന് തുറന്നു നോക്കുമ്പോള്‍ പുഴു അരിച്ച പഴകിയ ചോക്ലേറ്റ് ആണ് അകത്തു . സാറു ആ ചോക്ലേറ്റ് ദൂരെ കളഞ്ഞിട്ടു പെട്ടി വേറെ എന്തിനെങ്കിലും ഉപയോഗിക്കാം എന്ന് കരുതുന്നു . ഇതു തന്നെ അല്ലെ സാറെ ആ ചിത്രം?. പുണ്യ വാളനും ആയുള്ള സംസാരം എന്നാ മുട്ടായി പെട്ടി മാറ്റി നിര്‍ത്തിയാല്‍ പഴയ പുഴു അരിച്ച പരസ്പര ബന്ധം ഇല്ലാത്ത കുറെ സംഭവങ്ങള്‍ അല്ലെ ആ ചിത്രം?

ഇനി ശിക്കാറിനെ കുറിച്ച് ഒരു വാക്ക് കൂടി . ഒന്നാലോചിച്ചു നോക്കു. ചിറ്റാഴ എന്നാ ഗ്രാമത്തില്‍ ലോറി ഡ്രൈവര്‍ ആയി ജോലി നോക്കുന്ന ബലരാമന്‍ . ആരോടും അധികം അടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കി, (മിത ഭാഷിയായി ) ജീവിച്ചു പോകുന്ന അയാള്‍ക്ക് ആ ഗ്രാമത്തില്‍ അകെ അടുപ്പം ഉള്ളത് ലാലു അലക്സ്‌ അവതരിപ്പിക്കുന്ന ചായകടക്കാരനോട് മാത്രമാണ് .(പിന്നെ കിളിയായ കലാഭവന്‍ മണിയോടും ).അയാള്‍ക്ക് അകെ ഉള്ളത് നഗരത്തില്‍ പഠിക്കുന്ന മകളാണ് . ഇത്രയും ആദ്യത്തെ ഒരു പതിനഞ്ചു മിനിറ്റില്‍ പറഞ്ഞു തീര്‍ത്തിട്ട് കഥ ശരിക്കും തുടങ്ങുന്നത് നാട്ടിലേക്കു വരുന്ന മകളെ കാണാതെ ആകുന്നു എന്നിടത് നിന്നായാലോ ? മകളെ തിരക്കി അലയുന്ന നായകന് ഇടയ്ക്കിടെ വരുന്ന വില്ലന്റെ സന്ദേശങ്ങള്‍ . ആ തിരച്ചിലിനിടയില്‍ ചുരുള്‍ നിവരുന്ന അയാളുടെ ഭൂത കാലം . പിന്നെ വെട്ടയടപ്പെടുന്നവനും വേട്ടയാടുന്നവനും തമ്മിലുള്ള എലി പൂച്ച കളി . ഇതിനിടയില്‍ എവിടെയോ വെച്ച് വെട്ടയടപ്പെടുന്നവന്‍ വേട്ടക്കാരന്‍ ആകുന്നു . ... ഏതു പോലെ ഇത്ര സാദ്ധ്യതകള്‍ ഉള്ള ഒരു കഥയെയാണ് ഇങ്ങനെ സൂപ്പര്‍ താരത്തിന്റെ പതിവ് കോപ്രായം ആക്കി മാറ്റി ഇരിക്കുന്നത് ?

ഇത്ര അലക്ഷ്യമായി എടുത്ത ഈ ചിത്രങ്ങളെ വാഴ്ത്തുക വഴി മലയാള സിനിമയെ കുറെ കൂടി നശിപ്പികുക എന്നാ സല്‍കൃത്യം ചെയാന്‍ ഞാന്‍ ഉദ്ദേശി ക്കുന്നില്ല .

എടാ മമ്മൂടിയെയും മോഹന്‍ലാലിനെയും പോലുള്ള താരങ്ങള്‍ ഇത്ര മഹത്തായ ചിത്രങ്ങള്‍ അഭിനയിച്ചു വിജയിപിച്ചവര്‍ ആണ് .അവരെ ഒക്കെ കുറിച്ച് എങ്ങനെ പറയുക എന്ന് പറഞ്ഞാല്‍ .....

സാറെ ആ പടങ്ങള്‍ ഒക്കെ ഒന്നിലേറെ തവണ കണ്ടു സൂപ്പര്‍ ഹിറ്റും മെഗാ ഹിറ്റും ഒക്കെ അക്കിയവരില്‍ ഒരാളാണ് ഞാനും . ഇപ്പോളും അക്കാലത്തെ നല്ല ഒരു ചിത്രം ടി വി യില്‍ വന്നാല്‍ കാണാറും ഉണ്ട്.എന്ന് വെച്ച് ഇവരൊക്കെ പടച്ചു വിടുന്ന ഏതു കൊപ്രയത്തെയും വാഴ്ത്തണം എന്ന് പറഞ്ഞാല്‍ കുറച്ചു കഷ്ടം അല്ലെ ?

എന്നാലും സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ .......

സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ (സൂപ്പര്‍ താരങ്ങളുടെതടക്കം) ഇത്ര തറ ആയതിനു പ്രധാന കാരണം അനവശ്യമായുള്ള സൂപ്പര്‍ താരങ്ങളെ വാഴ്ത്തി പാടാന്‍ മദ്യമങ്ങളും , മറ്റു നിരൂപക ബുദ്ധി ജീവികളും കാണിക്കുന്ന വെപ്രാളം ആണെന്നാണ് എന്റെ വിശ്വാസം.അത് പൂര്‍വാധികം ശക്തിയായി തുടരുന്ന പക്ഷം മലയാള സിനിമ വീണ്ടും താഴേക്ക്‌ തന്നെ പോകും