** "സിനിമ കാണാത്തവര്‍ക്ക് കഥയുടെ പലഭാഗങ്ങളും പോസ്റ്റില്‍ ഉണ്ട് എന്ന മുന്നറിപ്പ് "
ആമി എന്ന ചലചിത്രത്തിന്‍റെ തുടക്കത്തില്‍ കാണിക്കുന്ന നിയമപരമായ മുന്നറിയിപ്പ് പുകവലിക്കും , മദ്യപാനത്തിനുമെതിരെ ഉള്ളതല്ല . മറിച്ച് ഈ സിനിമ കമലാ ദാസ് എന്ന മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ ചലചിത്രാവിഷ്കാരമാണ് അല്ലാതെ മാധവിക്കുട്ടിയുടെ ആത്മകഥയായ എന്‍റെ കഥയുടെ ചലച്ചിത്രാവിഷ്കാരമല്ല എന്നാണ് . അങ്ങനെയുള്ള പല ഇച്ഛാപൂര്‍വ്വമല്ലാത്ത തമാശകള്‍ (unintentional comedies) ചിത്രത്തില്‍ ഉടനീളം കാണാം .
അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന അക്ബര്‍ അലി എന്ന കഥാപാത്രം (തലയില്‍ കമ്പളിത്തൊപ്പി , പിരിച്ച മീശ ...രണ്ടു ഭാര്യമാര്‍ ..മൊത്തത്തില്‍ ഒരു അബ്ദുള്‍ സമദ് സമദാനി രൂപം ) സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന മതമാണ് ഇസ്ലാം എന്ന് പറയുമ്പോള്‍ തിയറ്ററില്‍ ഉയര്‍ന്ന ചെറുചിരി മഞ്ചു വാരിയരുടെ ആമി അയാളുടെ രണ്ടു ഭാര്യമാരെക്കുറിച്ച് ചോദിക്കുമ്പോള്‍ "ചില പ്രത്യേക സാഹചര്യങ്ങളില്‍ , രണ്ടു പേരെയും തൃപ്തിപ്പെടുത്താനുള്ള സമ്പത്തും , ആരോഗ്യവും പുരുഷനുണ്ടെങ്കില്‍ ഒന്നിലധികം വിവാഹം ഇസ്ലാം അനുവദിക്കുന്നു " എന്ന് പറഞ്ഞപ്പോള്‍ തിയറ്ററില്‍ കൂട്ടച്ചിരി ആയിരുന്നു . ഒപ്പം ഇരുട്ടില്‍ ഏതോ വിരുതന്‍ (ട്രോളന്‍ ആണെന്ന് തോന്നുന്നു ) "എന്തായിരുന്നു ആ പ്രത്യേക സാഹചര്യം ? മലപ്പുറത്ത് ബദര്‍ ജുദ്ധംനടന്ന് നാട്ടിലെ ബാക്കി ആണുങ്ങള്‍ ഒക്കെ ചത്തു പോയോ ?" എന്ന് വിളിച്ചു ചോദിച്ചപ്പോള്‍ തിയറ്ററിന്‍റെ മേല്‍ക്കൂര ഇളക്കുന്നത്ര ഉച്ചത്തിലായിരുന്നു കാണികളുടെ ചിരി .
ആമിയുടെ കഥ തുടങ്ങുന്നത് എഴുപതുകളിലേ മുബൈയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് . രോഗ ബാധിതയായി കിടക്കുന്ന കമലാ ദാസിനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ (ടോവിനോ ) കിടക്കയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു ഒരു മേശയുടെ മുന്നില്‍ കൊണ്ടിരുത്തി എഴുതാന്‍ നിര്‍ബന്ധിക്കുന്നിടത്താണ് .
കടലാസില്‍ ആമി എന്‍റെ കഥ എന്ന് എഴുതുന്നിടത്ത് നമ്മള്‍ 1939 ല്‍ നാലപ്പാട്ട് തറവാട്ടില്‍ കല്‍ക്കട്ടയില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തുന്ന കമലയുടെ കുട്ടിക്കാലത്തേക്ക് എത്തുന്നു . പ്രശസ്തയായ എഴുത്തുകാരിയായി ഉയര്‍ന്നു വരുന്ന അമ്മ ബാലാമണിയമ്മ , സ്വാതന്ത്ര്യ സമരത്തിനായി വീട്ടിലെ പൊന്നും പണ്ടവും എല്ലാം ഗാന്ധിജിക്ക് സ്വയമേ ദാനം ചെയ്ത തറവാട് , കൂടാതെ പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ നാലപ്പാട്ട് നാരായണ മേനോന്‍ എന്ന തറവാട്ട് കാരണവര്‍ .വള്ളത്തോളും , ചങ്ങമ്പുഴയും ഒക്കെ തറവാട്ടിലെ നിത്യ സന്ദര്‍ശകര്‍ . അതിനിടെയില്‍ കമല പുസ്തകങ്ങള്‍ ഒന്നും വായിക്കുകയോ , സാഹിത്യത്തില്‍ എന്തെങ്കിലും താത്പര്യം കാണിക്കുകയോ ചെയ്യുന്നതായി സിനിമയില്‍ കാണുന്നില്ല . നീര്‍മാതള മരത്തിനോടും , കാവിനോടും , കുളത്തിനോടും ഒക്കെ ഇഷ്ടം കൂടുന്ന കമല പിന്നെ കല്‍ക്കട്ടയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ വി എം നായര്‍ വരുമ്പോള്‍ അവധി നേരത്തെ അവസാനിപ്പിച്ച് നാലപ്പാട്ട് നിന്നും മടങ്ങുന്നു . കല്‍ക്കട്ടയില്‍ തിരികെ എത്തുന്ന കമലയുടെ ജീവിതം കോമഡി സിനിമകളെ വെല്ലുന്ന രീതിയിലാണ് പിന്നെ . വെള്ളക്കാരികള്‍ പഠിക്കുന്ന സ്കൂളില്‍ താന്‍ മാത്രം തവിട്ട് നിറത്തിലുള്ള തൊലിയുടെ ഉടമയാണ് എന്നുള്ള സങ്കടം കമല പങ്കുവെയ്ക്കുന്നത് കല്‍ക്കട്ടയിലെ വീട്ടിലെ കറുത്ത നിറമുള്ള ജോലിക്കാരോട് ...ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരുന്ന വെള്ളക്കാരിയെ പഠിപ്പില്‍ ഒരു താത്പര്യവും ഇല്ല എന്ന ഭാവത്തില്‍ കളിയാക്കുന്ന കമല അച്ഛന്‍ ഏര്‍പ്പെടുത്തിയ ചിത്രംവരയുടെ അധ്യാപകനില്‍ ആകൃഷ്ടയാകുന്നു . പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കമലയ്ക്കു ആ ചെറുപ്പക്കാരനോട് തോന്നുന്ന വികാര വിക്ഷോഭങ്ങള്‍ വിദ്യാ ബാലന്‍ സിനിമയില്‍ നിന്നും ഒഴിവായതിനാല്‍ ലൈംഗികതയുടെ അതിപ്രസരത്തില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസത്തില്‍ ആകണം , ഒരു ഇഞ്ച് മുകളിലേക്ക് പോയാല്‍ കിന്നാരത്തുമ്പികള്‍ എന്ന് തോന്നുന്ന രീതിയിലാണ് കമല്‍ ചിത്രീകരിച്ചു വെച്ചിരിക്കുന്നത് . മഴ നനഞ്ഞു വരുന്ന ആമിയുടെ തലയും കൈയ്യും ഒക്കെ തുവര്‍ത്തി കൊടുക്കുമ്പോള്‍ ഉള്ള ഭാവങ്ങള്‍ കണ്ടാല്‍ ഷക്കീല പിച്ച വാങ്ങിക്കും . ( മഞ്ചു വാരിയര്‍ അല്ല ..പതിനഞ്ചു വയസ്സുള്ള നീലാഞ്ചന എന്ന കണ്ണൂര്കാരി നടിയുടെ ചുമലിലാണ് ആമിയിലെ ലൈംഗികതയുടെ ഭാരം മുഴുവന്‍ ) . ഇടയക്ക് പനി പിടിച്ചു പിച്ചും പേയും പറയുന്ന നാളില്‍ കിടന്ന നാളില്‍ എപ്പോഴോ കൂടെ കൂടുന്ന താടി വെച്ച ശ്രീകൃഷ്ണന്‍ ആണ് ആ ചിത്രകാരന്‍ എന്ന് ആമിക്ക് തോന്നുന്നുണ്ട് (ആ ചിത്രകാരന്മാത്രമല്ല മറ്റുപലരും കൃഷ്ണനാണ് എന്ന് ഇടയ്ക്കിടെ ആ പാവത്തിന് തോന്നുന്നുണ്ട് ) . 1948 ല്‍ ഭാരതം വെട്ടി മുറിക്കപ്പെട്ടപ്പോള്‍ ആ ചെറുപ്പക്കാരന്‍ ധാക്കയിലേക്ക് പോകുന്നതോടെ ആ ബന്ധം അവസാനിക്കുന്നു . വൈകാതെ പതിനഞ്ചകാരിയായ കമല മുപ്പത്തിയഞ്ച്കാരനായ മാധവദാസിനെ വിവാഹവും കഴിക്കുന്നു . ഇംഗ്ലീഷ് പഠനം , ചിത്ര രചന ഇവയില്‍ ഒക്കെ എന്നത് പോലെ ഇക്കാര്യത്തിലും കമലയ്ക്കു അഭിപ്രായം ഒന്നുമില്ല . അച്ഛന്‍ തീരുമാനിക്കുന്നു , അമ്മ സമ്മതം മൂളുന്നു , പുതിയ കളിപ്പാട്ടം കിട്ടിയ കൌതകത്തോടെ കുട്ടി അനുസരിക്കുന്നു . അത്ര മാത്രം .
റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം ബോംബെയിലേക്ക് താമസം മാറുന്ന കമലയുടെ ജീവിതത്തിലെ ഏക ലക്‌ഷ്യം പിന്നെ ഭര്‍ത്താവായ ദാസിനെ സ്നേഹിക്കുക എന്നതാണ് . അങ്ങനെ സ്നേഹിക്കാന്‍ വേണ്ടി കിടക്കയില്‍ പല അഭ്യാസങ്ങളും പഠിക്കുന്ന കമല പക്ഷെ എന്‍റെ കഥയില്‍ കിടക്കയിലെ അഭ്യാസങ്ങള്‍ക്കു ശേഷം ദാസേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചില്ല എന്ന് നെടുവീര്‍പ്പിടുന്നുണ്ട് . തന്നെ ഒരിക്കലും സ്നേഹിക്കാത്ത ദാസേട്ടനെക്കുറിച്ച് എന്‍റെ കഥയില്‍ പറയുന്ന കമല പിന്നീട് തന്നെ മനസിലാക്കുന്ന , സ്നേഹിക്കുന്ന ദാസേട്ടനെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നതുമുണ്ട് . അതിനിടെ തൂലികാ സുഹൃത്തായി ലഭിച്ച ഇറ്റലിക്കാരന്‍ കാര്‍ലോയോടൊപ്പം കടലില്‍ ചാടി തുള്ളുന്ന കമല ഇടയ്ക്ക് മറ്റു പല കൌതുങ്ങളും ജീവിതത്തില്‍ മടുത്തപ്പോള്‍ ഉപേക്ഷിച്ചത് പോലെ കാര്‍ലോയും മടുത്തു ഉപേക്ഷിക്കുന്നു . മാധവ ദാസിനോപ്പമുള്ള അസംതൃപ്തമായ , സ്നേഹം കൊതിക്കുന്ന ജീവിതത്തെക്കുറിച്ച് പെട്ടെന്നൊരു സുപ്രഭാതത്തില്‍ എഴുതി തുടങ്ങിയ എന്റെ കഥയില്‍ വാചാല ആകുന്ന കമല ആ അസംതൃപ്തി കാണിക്കാന്‍ മറ്റേ മഴയിലേക്ക് വിരഹ ദുഖത്തോടെ നോക്കി ഇരിക്കുന്ന നീര്‍മാതളപൂവ് എന്ന പാട്ടിന്റെ (ഇടയ്ക്കിടെ സിനിമയില്‍ വരും അത് പോലുള്ള പാട്ടുകള്‍ ...അവയുടെ ...) ഇടയ്ക്ക് മാധവദാസില്‍ നിന്നും ഗര്‍ഭം ധരിച്ചു പ്രസവിക്കുന്നത് മൂന്നു തവണ .
എന്‍റെ കഥ എന്ന മലയാള നാട് വാരികയിലെ തുടര്‍ പ്രസ്സിദ്ധീകരണം പ്രശസ്തയാക്കിയ മാധവിക്കുട്ടിയുടെ പിന്നീടുള്ള കഥകള്‍ /കവിതകള്‍ എല്ലാം പ്രശസ്തി നേടുന്നു എന്ന് പറയുന്ന കമല്‍ ഒടുക്കം എന്റെ കഥ ഒരു അശ്ലീല പുസ്തകമാണ് , അത് എന്റെ കഥയല്ല ഭാവനയാണ് എന്നൊക്കെ മഞ്ചുവിന്റെ കമലയെക്കൊണ്ട് പറയിപ്പിച്ച് മാധവിക്കുട്ടിയുടെ പ്രശസ്തിയുടെ ശ്രേയസ്സ് മൊത്തമായി ഇക്കിളി സാഹിത്യത്തിനു നല്‍കുന്നുണ്ട് .
പിന്നെ കഥ എന്പതുകളിലേക്ക് നീങ്ങുമ്പോള്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് മത്സരിച്ചു കെട്ടി വെച്ച കാശ് പോകുന്ന കമലാദാസിനെയും , ഭര്‍ത്താവ് മാധവദാസ് മരിച്ചു കഴിഞ്ഞു ഒറ്റപ്പെടലില്‍ നെടുവീര്‍പ്പിടുന്ന സ്നേഹ സമ്പന്നയായ ഭാര്യയേയും കാണിക്കാന്‍ പെടാപ്പാട് പെടുന്ന സിനിമ പക്ഷെ കാവിനെയും കുളത്തെയും നീര്‍ മാതളത്തെയും സ്നേഹിച്ച ആയമ്മ എന്ത് കൊണ്ട് തിരുവനന്തപുരത്തും , പിന്നെ ഏറണാകുളത്തും പോയി താമസിക്കുന്നു എന്നത് പറയുന്നില്ല . ആവിഷ്കാര സ്വാതന്ത്ര്യം ആകും . മിണ്ടാന്‍ പറ്റുമോ ?
ഭര്‍ത്താവിന്റെ മരണശേഷം എറണാകുളത്തേക്ക് താമസം മാറി ഒരു ഫ്ലാറ്റില്‍ ഒരു ജോലിക്കാരിയോടൊപ്പം ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കമലയുടെ മുന്നിലേക്കാണ് പണ്ഡിതനും , വാഗ്മിയും , ഗസലുകള്‍ ഇഷ്ടപ്പെടുന്നവനും , ചെറുപ്പക്കാരനും , രണ്ടു നിക്കാഹ് ആള്‍ റെഡി കഴിഞ്ഞവനുമായ അക്ബര്‍ അലി (മാധവ ദാസ് മുതല്‍ മുതല്‍ നാലപ്പാട്ട് നാരായണ മേനോന്‍ വരെയുള്ളവരുടെ പേരുകള്‍ അങ്ങനെ തന്നെ ഉപയോഗിച്ച കമല്‍ ഇവിടെ ഒന്ന് പതുങ്ങി .പക്ഷെ രൂപത്തില്‍ നൂറു ശതമാനം സമദാനി ലുക്ക് കൊണ്ട് വന്നു സത്യസന്ധത കാണിച്ചു ) . അവിടുന്നങ്ങോട്ട് മുപ്പതുകാരനായ അക്ബറും , അറുപതുകാരിയാ കമലയും തമ്മിലുള്ള തീവ്രമായ പ്രണയം , അതിന്റെ സ്വാഭാവിക പരിണാമമായ ശാരീക ബന്ധം ഇവയിലെക്കൊക്കെ കഥ നീളുന്നു . ശാരീരിക ബന്ധം കഴിഞ്ഞ ഉടന്‍ സഹിക്കാൻ കഴിയാത്ത കുറ്റബോധം കൊണ്ട് വലയുന്ന അക്ബര്‍ അലി കമലയെ വിവാഹം ചെയ്യാം എന്ന് ഓഫര്‍ വെയ്ക്കുന്നു (അല്ലെങ്കിലും അവിഹിതമായ ലൈംഗിക ബന്ധത്തിന്റെ ഇന്ത്യൻ പരിഹാരം കാലാ കാലങ്ങൾ ആയി വിവാഹം എന്നത് തന്നെയാണല്ലോ) . പ്രഭാതനക്ഷത്രം അല്ലെങ്കില്‍ സുരയ്യ എന്ന് അവരെ വിളിക്കുകയും ചെയ്യുന്നു . പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് കമല മുന്നറിയിപ്പ് നല്‍കുമ്പോള്‍ "അള്ളാഹുവിന്റെ മുന്നിലല്ലാതെ ഞാന്‍ ആരുടേയും മുന്നില്‍ തല കുനിക്കില്ല " എന്ന് പഞ്ച് ഡയഗോളം ഉരുട്ടുന്ന അക്ബര്‍ , കമല കമാലാ സുരയ്യ ആയ ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാതെ കമലയുടെയും , നാട്ടുകാരുടെയും ഒക്കെ മുന്നില്‍ തല കുനിച്ച് ഡല്‍ഹിക്ക് മുങ്ങുന്നു . ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പിനും , കമലയുടെ സംരക്ഷകര്‍ ആയി കൂടെ കൂടുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ ഏര്‍പ്പെടുത്തുന്ന എഴുത്തിനു ഉത്പ്പടെ ഉള്ള വിലക്കുകള്‍ക്കും നടുവില്‍ കമല ഒറ്റപ്പെടുന്നു . നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ വള്ളി പുള്ളി വിടാതെ മഞ്ചേരിയിലും മറ്റുമൊക്കെ വന്നു പറഞ്ഞില്ലേ ഇനി എങ്കിലും എന്നെ വെറുതെ വിടു " എന്ന് മൊല്ലാക്കമാരോട് പൊട്ടിത്തെറിക്കുന്ന കമല പിന്നെ പൂനയില്‍ പോയി ഒറ്റപ്പെട്ടത് പോലെ മരണ ശയ്യില്‍ കിടക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു . ഒരു സ്ത്രീ പോലും ഖുറാനോ മറ്റോ വായിച്ചു കൊണ്ട് അവരുടെ മരണശയ്യക്ക് അരുകില്ലായിരുന്നു എന്ന് കാണിക്കുന്ന കമല്‍ സൂച്ചനാത്മകമായി എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്നത് വായനക്കാരുടെ വിവക്ഷക്ക് വിടുന്നു
.
പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഇച്ഛാപൂര്‍വ്വമല്ലാത്ത തമാശകള്‍ (unintentional comedies) സിനിമയില്‍ ഏറ്റവും വ്യക്തമായി നില്‍ക്കുന്ന ഒരു കാര്യം കൂടി പറഞ്ഞു ഉപസംഹാരത്തിലേക്ക് കടക്കാം .നേരത്തെ പറഞ്ഞത് പോലെ കുട്ടിക്കാലത്ത് പനി പിടിച്ചു പിച്ചും പേയും പറഞ്ഞു കിടന്നപ്പോള്‍ കമലയുടെ കൂടെ കൂടുന്ന ശ്രീകൃഷ്ണന്‍ സിനിമയില്‍ ഉടനീളം ഇടയ്ക്കിടെ കമലയ്ക്കു ധൈര്യം നല്‍കുവാന്‍ വരുന്നുണ്ട് . അക്ബര്‍ അലിയോടുള്ള ആഗ്രഹ പാരമ്യത്തില്‍ സുരയ്യ ആകുന്ന കമല കൃഷ്ണനോട് "ഇന്ന് മുതല്‍ ഞാന്‍ നിന്നെ കണ്ണന്‍ എന്നല്ലാതെ പ്രവാചകന്‍ എന്ന് വിളിക്കട്ടെ ?" എന്ന് ചോദിക്കുന്നു "ഭഗവത്ഗീതയില്‍ കണ്ടത് തന്നെ ഖുറാനിലും നീ കണ്ടുവെങ്കില്‍ അങ്ങനെ വിളിച്ചോളു" എന്ന് ശ്രീകൃഷ്ണനും മറുപടി നല്‍കുന്നു . പക്ഷെ അതിനു ശേഷവും കൃഷ്ണനെ പ്രവാചകന്‍ എന്നോ
മുഹമ്മദ് എന്നോ വിളിക്കാതെ കണ്ണന്‍ എന്ന് തന്നെ വിളിക്കുന്ന കമലയ്ക്ക് ഭഗവത്ഗീതയില്‍ കണ്ടത് എന്തായാലും ഖുറാനില്‍ കാണുവാന്‍ സാധിക്കില്ല എന്ന സംവിധായകന്‍ കമലിന്റെ അബോധ മനസ്സിന്റെ തിരിച്ചറിവ് അദ്ദേഹം അറിയാതെ തന്നെ നമ്മളെ കാട്ടിത്തരുന്നു .
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആമിയില്‍ മഞ്ചു വാരിയര്‍ ഉത്പ്പടെ ആരുടേയും അഭിനയമോ , കമലിന്റെ സംവിധാനമോ ഒന്നും പരാമര്‍ശ യോഗ്യമായി തോന്നാത്തതിനാല്‍ സിനിമയില്‍ സാങ്കേതികമായി എന്നെ ആകര്‍ഷിച്ച ഏക കാര്യമായ ശ്രേയാ ഗോഷലിനെ നീര്‍മാതളപ്പൂവിനുള്ളില്‍ എന്ന ഗാനം മാത്രം പര്മാര്‍ശിച്ചു നിറുത്തുന്നു . മലയാളി ഗായകര്‍ക്ക് പോലും അപ്രാപ്യമായ അക്ഷര സ്ഫുടതയും , ഭാവവും ഉത്ക്കൊണ്ട് ആ ഗാനം പാടിയ ശ്രേയക്ക് ഒരു നമോവാകം
അടിക്കുറിപ്പ് : ജോലി സംബന്ധമായ തിരക്കുകളും അനുബന്ധ യാത്രകളും കൊണ്ട് നിന്ന് പോയ ഒരു ബ്ലോഗാണ് ഇതു . ബ്ലോഗിന്റെ കാലം കഴിഞ്ഞു എന്നറിഞ്ഞിട്ടും എന്നെങ്കിലും ഏതു പുനരാരംഭിക്കണം എന്ന് കരുതി സ്വന്തം "ശത്രൂ"ഘ്നൻ സിൻഹയായ മടിയുമായി മൽപ്പിടുത്തം നടത്തുന്നതിനിടയില ആണ് ഒരു സുഹൃത്ത് ആമി എന്ന സിനിമയെ പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കാമോ എന്ന് ചോദിക്കുന്നത് .സംഗതി രചന അദ്ദേഹത്തിന്റെ ആണെങ്കിലും പ്രേക്ഷകന്റെയും അഭിപ്രായം സമാനമായതും കാര്യമായ വിയോജിപ്പുകൾ ഇല്ലാത്തതും ആണെന്ന് വിനയപൂർവം സമ്മതിച്ചു കൊള്ളുന്നു