Saturday, October 12, 2013

ഇടുക്കി ഗോൾഡ്‌ (കഞ്ചാവിന്റെ പരസ്യ ചിത്രം !!!)

എതൊരു സിനിമയും വിവാദം  ആകുമ്പോൾ അഥവാ  വിവാദങ്ങളിൽ ചെന്ന് പെടുമ്പോൾ  ബോധമുള്ളവൻ മനസ്സിലാകേണ്ടത്  എന്താണ് ?

ചോദ്യം വ്യക്തമല്ല അണ്ണാ .....എവിടെ ആരുടെ എന്ത്  വിവാദം? പണ്ടൊക്കെ വല്ല വർഷത്തിൽ ഒന്ന് രണ്ടോ ആയിരുന്നു ഇന്ന് വന്നിട്ട്  ദിവസത്തിൽ രണ്ടു എന്ന കണക്കു. ഓരോ ചാനലിലും ഓരോന്നല്ലേ

അനിയാ ഇന്നലെ ഇടുക്കി ഗോൾഡ്‌ എന്നൊരു ചിത്രം കാണാൻ ഇടയായി .പ്രസ്തുത ചിത്രത്തിന്റെ  ഒരു പോസ്റ്റർ അതും ആ സിനിമയുടെ  അണിയറ പ്രവർത്തകർ ആരും അറിയാതെ (വന്ദനം സിനിമയിൽ മോഹൻലാൽ മുകേഷിനോട്‌ നായികയുടെ മാല പൊട്ടിക്കാൻ പറയുന്ന രംഗത്ത്‌  "അപ്പോൾ അവിടെങ്ങും ആരുമില്ല " എന്ന് പറയുന്ന ഭാവം ) പുറത്തിറക്കുകയും അത് വിവാദം ആയി എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തെ കുറിച്ചാണ് ഇവിടെ  പരാമർശം .

നേരത്തെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇപ്രകാരം : സ്വന്തം സാധനം ചിലവാകാനായി വലിയ സാധ്യത ഒന്നും ഇല്ലാതാകുമ്പോൾ ആണ് പലരും വിവാദങ്ങളെ കൂട്ട് പിടിക്കുന്നത്‌ , ഇവിടെയും സ്ഥിതി മറിച്ചല്ല .

മലയാള സിനിമയിൽ മാറ്റത്തിന്റെ കാഹളം മുഴക്കിയ ആൾക്കാരിൽ പ്രമുഖനായ ആഷിഖ് അബു എന്ത് ചെയ്താലും മലയാളത്തിലെ പ്രബുദ്ധരായ ബുദ്ധിജീവി സമുഹം ഒന്നടങ്കം അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ചു നിൽക്കും . പിന്നെ ഇതൊക്കെ ന്യുനപക്ഷങ്ങൾക്കെതിരെ ഉള്ള സവർണ്ണ ഫാസിസ്റ്റ് അജണ്ടയുടെ അഥവാ പാർശ്വവല്ക്കരിക്കപ്പെട്ട  ജന സമൂഹത്തിന്റെ നൈര്യദരങ്ങലുടെ  ആത്മ  സന്ത്രാസങ്ങൾ ആയുള്ള .......

പൊന്നനിയാ  നിറുത്ത്  അത് നീ പോയി  നിന്റെ കൊലയാളി .കോം  ൽ  പ്രസംഗിക്കെടെ . എന്റെ അഭിപ്രായം ഒരു വര വരച്ചിട്ടു ഇതു ദൈവമാണ് എന്ന് സങ്കൽപ്പിക്കു എന്ന് പറയുന്നത് പോലും തെറ്റാണു എന്ന് പഠിപ്പിക്കുന്ന , ഇത്രയും കാലത്തിനു ശേഷവും കർശനമായി അത് പാലിക്കപ്പെടുകയും ചെയുന്ന ഒരു  വിശ്വാസത്തിൽ  നിന്നും വരുന്നയാൾ  ഇതര വിശ്വാസങ്ങളിൽ കേറി ഈ വക  പരിപാടി കാണിക്കുന്നിടതാണ്, അത് ന്യായീകരിക്കപ്പെടുന്നിടതാണ്   പണ്ട് നമുക്ക് ഉണ്ടായിരുന്ന പരസ്പര ബഹുമാനം എന്ന സംഗതി  ഇല്ലാതാകുന്നത്  എന്നതാണ് . അത് ഹുസൈണ്‍ ആയാലും  അബു ആയാലും . അല്ലാതെ ഈ ബാബു ജനർധനന്റെ  ചിത്രത്തിൽ ഒക്കെ കാണിക്കുന്നത് പോലെ മുക്രിയുടെ മകൾ  അമ്പലത്തിൽ  വന്നു തിരുവാതിര കളിക്കാതെ ഇരിക്കുന്നത് കൊണ്ടല്ല .സ്വന്തം കഴിവുകേട് മറയ്ക്കാൻ , അഥവാ വ്യക്തിപരമായ നേട്ടങ്ങൾക്ക്  വേണ്ടി ഈ വക  പരിപാടികൾ ചെയ്യുന്നവർ ഒരു നിമിഷം ഈ സമുഹത്തിന് ഇവനൊക്കെ ചെയ്യുന്ന ദോഷത്തെ പറ്റി ഒരു നിമിഷം ചിന്തിച്ചെങ്കിൽ എന്ന് ഓര്ത് പോകുന്നു . കൂട്ടത്തിൽ  പറഞ്ഞോട്ടെ ഈ വക  പരിപാടി ഇറക്കുന്നവർക്ക്  ഒരിക്കലും ഏതെങ്കിലും  ജാതി മത ചിന്തകൾ  എന്തെങ്കിലും ഉണ്ടെന്നു ഞാൻ കരുതുന്നില്ല (പത്രത്തിൽ ജഗന്നാഥ വർമ്മ പറയുന്ന പോലെ " അർക്കെന്നാ പോയാലും എനിക്ക് പത്തു കോപ്പി കൂടുതൽ വില്ക്കണം " എന്നത് മാത്രമാണ് ഈ ഒരു വിഭാഗത്തിന്റെ  മനസികവസ്ഥയയായി ഞാൻ മനസിലാക്കുന്നത്‌ .

അണ്ണാ  പ്ലീസ്‌  കാട് കേറരുത്

വിവരവും സാമൂഹ്യ ബോധവും ഒക്കെ ഉണ്ടെന്നു സാധാരണ ജനം കരുതുന്ന ആൾക്കാർ നിരുത്തരവാദപരമായി ചെയ്യുന്ന ഇത്തരം പ്രവർത്തികളും അതിനെ കക്ഷി തിരിഞ്ഞു ഉള്ള ന്യായീകരണവും ആണ്   കേരളത്തിൽ  കൈ വെട്ടു കേസ് പോലുള്ള സംഭവങ്ങൾ ഉണ്ടാക്കുന്നത്  എന്ന് ഞാൻ വിശ്വസിക്കുന്നു (ഒരു വിഭാഗവും മോശമല്ല എന്ന് കൂടി  പറഞ്ഞോട്ടെ )


അല്ല അണ്ണാ ഈ ചിത്രം.... അതല്ലേ നമ്മുടെ വിഷയം

ഇനി നീ പറഞ്ഞ കാഹളം ....ജീവിതത്തിൽ ആകെ മൊത്തം സാൾട്ട് ആൻഡ്  പെപ്പർ  എന്ന ഭേദപ്പെട്ട ചിത്രം ചെയ്ത  ആഷിഖ് അബു എന്ന സംവിധായകൻ  സ്വന്തം കഴിവു  കൊണ്ട്  എന്നതിൽ ഉപരി മാധ്യമങ്ങളെ വൃത്തിയായി  ഉപയോഗിച്ചാണ്‌  ഇന്നത്തെ ബുജി സംവിധായകൻ ആയതു എന്നതും തല്ക്കാലം മറക്കാം മണിയൻ പിള്ള രാജു , പ്രതാപ്‌ പോത്തൻ , വിജയ രാഘവൻ , ബാബു ആന്റണി , രവീന്ദ്രൻ എന്നെ അഞ്ചു സുഹൃത്തുകളുടെ കഥ (?) പറയുന്ന  ഈ ചിത്രത്തിന്റെ കഥ സന്തോഷ്‌ എച്ചികാനം എഴുതിയ അതെ പേരിലുള്ള ഒരു കഥയിൽ  നിന്നാണ്  എടുത്തിട്ടുള്ളത് . തിരക്കഥ ദിലീഷ് നായർ , ശ്യാം പുഷ്ക്കരൻ എന്നിവർ  ഒരുക്കുമ്പോൾ എം രഞ്ജിത്ത് ഈ ചിത്രം നിർമ്മിക്കുന്നു ബിജിബാലിന്റെ  സംഗീതവും സൈജു  ഖാലിദിന്റെ ക്യാമറയും സംഗതി വട്ടം എത്തിക്കുന്നു .ഇനി കഥ ,മേല്പ്പറഞ്ഞ സംഗതി തുടങ്ങുന്നത്  ചെക്കസ്ലോവാക്യയിൽ നിന്ന് മൈക്കൽ (പ്രതാപ്‌ പോത്തൻ ) എന്നയാൾ നാട്ടിൽ എത്തുന്നതോടെയാണ് . നാട്ടിലെത്തിയ അയാൾ അയാളുടെ സ്കൂളിലെ  സഹപാഠികൾ  ആയ  മദൻ (മണിയൻ പിള്ള രാജു . ഇയാൾ നാട്ടിൽ ഒരു ചെടികളുടെ  നേഴ്സറി നടത്തി കഴിയുന്നു ഭാര്യയുമായി വിവാഹമോചനത്തിന്റെ അവസാന ഘട്ടത്തിൽ ) . രവി (രവീന്ദ്രൻ  : അവിവാഹിതനും രാവിലെ ഉണർന്നാൽ ഉടൻ കഞ്ചാവ്  വലിച്ചു കയറ്റുന്ന ആളുമായ ഇദ്ദേഹം ഒരു ഫോട്ടോഗ്രാഫർ ആണ് ) .രാമൻ (വിജയരാഘവൻ :സ്കൂളിലെ  ഗ്രൂപ്പിലെ സഖാവ് , ഭാര്യ നേരത്തെ മരിച്ചു , ബംഗ്ലൂരിൽ പഠിക്കുന്ന മകൻ .മറ്റൊരു വിവാഹം കഴിച്ചു ) ആന്റണി (ബാബു ആന്റണി : സ്കൂളിലെ  ഗ്രൂപ്പിലെ കാരാട്ടെ വിദഗ്ധൻ , ഇപ്പോൾ ഒരു വെള്ളക്കാരിയെ കെട്ടി മട്ടാഞ്ചേരിയിൽ റെസ്റ്ററെന്റ്  നടത്തി  അനുസരണയുള്ള ഭർത്താവുദ്യോഗം ).പത്രപരസ്യം വഴിയും അല്ലാതെയും പഴയ സുഹൃത്തുക്കളെ കണ്ടെത്തുന്ന മൈക്കിൽ എല്ലാവരും ഒരുമിച്ചു ഇടുക്കിയിലെ പഴയ ചെറുതോണി സ്കൂളും പരിസരവും സന്ദർശിക്കാൻ പരിപാടി ഇടുന്നു .അങ്ങോട്ട്‌  തിരിക്കുന്നു

കൊള്ളാമല്ലോ നല്ല പുതുമയുള്ള പശ്ചാത്തലം .... ഇതു കലക്കും അണ്ണാ

പക്ഷെ ഇത്രയും കലക്കി കഴിയുമ്പോൾ സിനിമയുടെ മുക്കാൽ പങ്കും തീരും എന്നതാണ് സത്യം .ഇനിയാണ് കഥ . നോണ്‍ ലീനിയർ രീതിയിൽ പഴയ കാലവും പുതിയ കാലവും ഇടകലർത്തി  പറയുന്നതിനിടക്ക്  പണ്ട് ഈ അഞ്ചംഗ സംഘം കൂടാറുള്ള സ്ഥലത്തിന് അടുത്ത് കൂടി കടന്നു പോകുന്ന  വേറൊരു പയ്യനുണ്ട് . സ്കൂൾ ജീവിതത്തിനവസാന കാലത്തിൽ ഇവരുടെ കഞ്ചാവ് വലി പിടികൂടുന്നത് ഈ പയ്യന്റെ ഒറ്റു  ആണെനെന്നു കരുതി അഞ്ചംഗ സംഘം ഇവനെ തല്ലി  ചതച്ചു വെള്ളത്തിൽ  ഇടുന്നുണ്ട് . ഇടുക്കിയിൽ എത്തുന്ന സംഘം  ഒരു ഒറ്റയാന്റെ മുന്നിൽ പെട്ട് ചിതറി ഓടുന്നു ഇവര എല്ലാവരും എത്തുന്നത്‌ പണ്ട് തല്ലിയ പയ്യന്റെ കഞ്ചാവ് കൃഷിയിടത്താണ് . അന്ന് ഇവരുടെ ആക്രമണത്തിൽ ഒരു കണ്ണ് നഷ്ട്ടപ്പെട്ട പയ്യന് (സംവിധായകൻ ലാൽ ) പ്രതികാര ദാഹിയായി തോക്കെടുക്കുന്നു . അഞ്ചംഗ സംഘം വിറച്ചു നിൽക്കുമ്പോൾ ലാലിന്റെ പയ്യൻ ഇതൊക്കെ അപ്പച്ചന്റെ ഓരോ തമാശയല്ലേ . അദ്ദേഹം എത്രയും കാലം മനസ്സ് നിറയെ നിങ്ങളോടുള്ള സ്നേഹവുമായി കാത്തിരിക്കയായിരുന്നു എന്ന് പറയുന്നു .എല്ലാവരും കെട്ടിപിടിച്ചു പിരിയുന്നു .( സത്യമായും അവസാന രംഗങ്ങളിൽ ഉറക്കം വന്നു കണ്ണ് അടഞ്ഞു പോയത് കൊണ്ട് മർമ്മ  പ്രധാനമായ'  വല്ലതും വിട്ടോ എന്നറിയില്ല )

ഇങ്ങനെ ഒരു ചിത്രത്തിന്  എങ്ങനെ A സർട്ടിഫിക്കറ്റ് കിട്ടാതെ പോയി എന്ന് എനിക്ക് മനസിലാകുന്നില്ല .ഒരിക്കലും കുട്ടികളെ  കാണിക്കാൻ പാടില്ലാത്ത ഒരു ചിത്രമാണ് ഇതു എന്ന് ഞാൻ കരുതുന്നു . ഈ ചിത്രത്തിൽ നിന്ന് ഒരാള്ക്കു മനസിലാകുന്നത് . സ്കൂൾ ജീവിതം മുതൽ  മദ്യം , ബീഡി , കഞ്ചാവ്  എന്നിവ ഉപയോഗിക്കുന്നത് കൊണ്ട് ആർക്കും   ഒന്നും സംഭവിക്കില്ല  എന്നതാണ് . മുഴുവൻ സമയ കഞ്ചാവ് വലിക്കാരനായ രവിക്ക് പോലും പ്രത്യേകിച്ചു ഒരു കുഴപ്പവും ഇല്ല . സിനിമയുടെ തുടക്കത്തിൽ  ഒരു മുന്നറിയിപ്പ് മാത്രം കാണിച്ചാൽ തീർന്നൊ  ഇവന്മാരുടെ ഒക്കെ സാമൂഹ്യ പ്രതിബദ്ധത ?കഞ്ചാവിൽ തുടങ്ങുന്ന ശീലമാണ് പിന്നീടു കൂടുതൽ വലിയ മയക്കു മരുന്നുകളിലെക്കും അതിന്റെ അടിമത്വത്തിലേക്കും നയിക്കുന്നത്  എന്നിരിക്കെ തികച്ചും ലഘവതവത്തോടെ ആണ് സംവിധായക പ്രതിഭ ഈ വിഷയം കൈകാര്യം ചെയ്തത് എന്ന് പറയാതെ വയ്യ . ഈ ചിത്രത്തിൽ  വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമേ കഞ്ചാവ് ഉപയോഗിക്കാതെ ഇരിക്കുന്നുള്ളു.ഇവരീ  പറയുന്ന കാലഘട്ടത്തിൽ  ബീഡി വലിക്കുന്നവർ തന്നെ വലിയ പുള്ളികൾ ആയിരുന്നു എന്നിരിക്കെ ആ കാലഘട്ടത്തിലെ  സ്കൂൾ പിള്ളേർ പുല്ലു പോലെ മദ്യപിക്കുകയും ,പുകവലിക്കുകയും കഞ്ചാവ് അടിക്കുകയും ചെയ്തിരുന്നു എന്ന് പറയുന്നത് കഷ്ടമല്ലേ അനിയാ ?.വീണു കിടക്കുന്നവനെ ചവിട്ടുന്ന ആ സ്വഭാവം എപ്പോളും തന്നിൽ  ഉണ്ടെന്നു ബാബു ആന്റണിയോട്  തേനീച്ച കുത്തിയാൽ പോലും ഒരു ഭാവവും വരാത്ത മുഖം ആണെന്ന് പറയിക്കുമ്പോൾ കാണാൻ  ഉണ്ട് . (കഥാപാത്രത്തോട് പറയുന്ന ഒരു സംഭാഷണം ആണെങ്കിൽ ബഹുമാനപ്പെട്ട ബെസ്റ്റ് ആക്ടർ മമ്മുട്ടിയോട് ഈ ഡയലോഗ് ആരെ കൊണ്ടെങ്കിലും പറയിക്കാൻ ധൈര്യപ്പെടുമോ എന്നാലോചിക്കുക ശ്രീ ആഷിഖ് ).

അല്ല നായികാ ഇല്ലാത്ത ആദ്യ സിനിമ എന്നൊരു പുതുമ അവകാശപ്പെടനില്ലേ ഈ ചിത്രത്തിന് ?

അതിന്റെ ഒരു കുറവേ ഉള്ളു ഈ ചിത്രത്തിന്  ഒന്നോ രണ്ടോ അനൂപ്‌ മേനോൻ മോഡൽ   നായികമാരും കൂടെ ഉണ്ടായിരുന്നേൽ തികഞ്ഞെനെ .അവരെയും കഞ്ചാവ് വലിപ്പിച്ചാൽ ബഹു ജോർ !!

അല്ല ചുരുക്കത്തിൽ

 ഈ മഹാ അത്ഭുദത്തിനു കാരണമായ ചെറു കഥ ഞാൻ വായിച്ചിട്ടില്ല . സിനിമ എന്ന നിലയിൽ വളരെ  മോശപ്പെട്ട ഒരു ന്യൂ  ജനറേഷൻ  പടപ്പ്  എന്ന് ഒറ്റ വാക്കിൽ പറയാം . മുകളിൽ  എഴുതിയ കഞ്ചാവിന്റെ പരസ്യ ചിത്രം എന്ന  തലക്കെട്ട്‌  ഒട്ടും അതിശയോക്തി അല്ല എന്ന് പറയുമ്പോലെ  ചിത്രം ശരിക്കും പൂർത്തിയാകു 

Tuesday, October 1, 2013

സക്കറിയയുടെ ഗർഭിണികൾ (ഗർഭം ഗർഭം സർവത്ര !!!!)

ഈ വർഷത്തെ സുപ്പർ ഹിറ്റ്‌ ചിത്രം ഇതു വരെ കണ്ടില്ലേ അണ്ണൻ ?

ഏതാടേ ഈ നമ്മളറിയാത്ത സുപ്പർ ഹിറ്റ്‌ . ഓ .. സോറി ഇക്കാലത്ത് ഹിറ്റും ഫ്ലോപ്പും ഒക്കെ തീരുമാനിക്കുന്നത്‌  ജനങ്ങൾ  അല്ലല്ലോ .

അതെന്താ അണ്ണാ ഒരു അർഥം വെച്ച സംസാരം ?

പിന്നെ അല്ലാതെ? ഇവിടെ നീയടക്കമുള്ള  സകല അവലോകന വീരന്മാരും ഒറ്റ ശ്വാസത്തിൽ ആ വർഷത്തെ സുപ്പർ ഹിറ്റ്  എന്ന് വാഴ്ത്തിപ്പാടിയ  പ്രാഞ്ചിയേട്ടൻ  ഒരു വിജയമേ ആയിരുന്നില്ല എന്ന് പ്രസ്തുത ചിത്രത്തിന്റെ സംവിധായകൻ  കും നിർമ്മാതാവായ  രഞ്ജിത് പ്രഖ്യാപിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി അനിയാ . വേറൊന്നും കൊണ്ടല്ല  ആ വർഷത്തെ അവലോകനത്തിൽ പ്രസ്തുത പടം വലിയ വിജയം ആയിരുന്നില്ല എന്ന് പറഞ്ഞതിന് ഞാൻ കേട്ട തെറി അറിയാതെ ഓർത്തു  പോയി എന്ന് മാത്രം.

ശ്ഹെ .. ഇതൊക്കെ കഴിഞ്ഞ കാര്യങ്ങൾ .... നമുക്ക് ഈ വർഷത്തെ സുപ്പർ ഹിറ്റ്‌  .....

അനിയാ  നീ ശ്രിംഗാരവേലനാണോ ഉദേശിച്ചേ ..... അത് ഞാൻ പറഞ്ഞില്ലേ ?

നിങ്ങൾ ഈ കാലത്ത് ഒന്നുമല്ലേ ജീവിക്കുന്നേ ? അനീഷ്‌ അൻവർ  എന്ന നവാഗത (എന്ന് ഞാൻ കരുതുന്നു ) സംവിധായകൻ സംവിധാനം ചെയ്തു അദ്ദേഹവും നിസ്സാം റാവുത്തറും ചേർന്ന് തിരക്കഥ ഒരുക്കിയ സക്കറിയയുടെ ഗർഭിണികൾ പ്രദർശനത്തിനു എത്തിയ വിവരം അറിഞ്ഞില്ലേ? ലാൽ (സംവിധായകൻ ) പ്രധാന റോളിൽ ഗൈനക്കോളജിസ്റ്റ്  ഡോ സഖറിയ ആയി എത്തുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സൂസൻ ആയി ആശ ശരത്  എത്തുന്നു . ഇയാളുടെ  അടുത്ത്  എത്തുന്ന  ഗർഭിണി  കൽ ആയി  ഗീത , സനുഷ , സാന്ദ്ര തോമസ്‌ , റീമ കല്ലിങ്ങൽ  എന്നിവരാണ്‌  ഇവരെ കൂടാതെ  ഷാനവാസ് , ജോയ് മാത്യൂസ്‌  ( ഈ  നടനെ  ന്യൂ ജനറേഷൻ നരേന്ദ്ര പ്രസാദ്‌  എന്ന് വിളിക്കാൻ ആണ് എന്ത് കൊണ്ടോ എനിക്കിഷ്ട്ടം ), കൊച്ചു പ്രേമൻ ,പൊന്നമ്മ ബാബു , അജു വർഗ്ഗീസ് , ദേവി അജിത്‌  തുടങ്ങിയവരും  എത്തുന്നു

 അല്ല ഇറങ്ങുന്നതിനു മുൻപേ ഈ പടം വിജയിക്കും എന്ന് പറയാൻ കാരണം ?

അണ്ണാ  ചരിത്രം ... അത് നോക്കണം  ഇപ്പോളത്തെ  സ്ഥലം ട്രെന്റ്  എന്താണ് ? ഗർഭം / പ്രസവം  ഇതിൽ  ഒന്നല്ല  നാലു തരം  ഗർഭങ്ങൾ അല്ലെ നിരത്തി വീശിയിരിക്കുന്നത്‌ .

അല്ല നാല് തരം  എന്ന് വെച്ചാൽ ........

അവിഹിതഗർഭം , വിവാദ ഗർഭം , കൌമാര ഗർഭം , വ്യാജ ഗർഭം ഇത്രയും വെറയിറ്റി  പോരെ ?  ഒരൊറ്റ ഗർഭത്തിനു  അതും വെറും സാധാരണം ഇത്രയും പബ്ളിസിറ്റി ഉണ്ടാക്കാമെങ്കിൽ ഇത്രയും വൈവിധ്യമാർ ന്ന ഗർഭങ്ങൾ ഉണ്ടാക്കുന്ന ആ മാധ്യമ പ്രേക്ഷക ശ്രദ്ധ ഒന്നാലോചിച്ചേ . ഇനി അതും പോരെങ്കിൽ  നാലഞ്ച്  കഥകൾ, പോരെങ്കിൽ സുപ്പർ  താരങ്ങൾ ചെയ്യുമ്പോൾ ലോക്കൽ ലിംഗ്വിസ്റ്റിക് ഡയലെക് റ്റ  എന്നും  താഴെ ഉള്ള  വല്ലവനും ചെയ്താൽ മിമിക്രി എന്ന് പറയുന്ന പ്രാദേശിക ഭാഷാ കലാപരിപാടി .പിന്നെ  അനൂപ്‌ മേനോന്റെ ചിത്രങ്ങളിൽ കാണുന്ന മിടുക്കികളായ ന്യൂ ജനറേഷൻ സ്ത്രീ കഥാപാത്രങ്ങൾ  .പിന്നെ പെടുക്കുക തുറുക തുടങ്ങിയ വാക്കുകൾ  അടങ്ങിയ സംഭാഷണവും ഈ മലയാള പ്രേക്ഷക തെണ്ടികൾക്കു ഇനി എന്നാ  വേണമെന്നാ

ഒന്നും വേണ്ട അനിയാ എനിക്ക് ബോധിച്ചു  അപ്പോൾ നീ സിനിമ കണ്ടോ ?

എവിടെ ? സാമുവലിന്റെ  സോറി സക്കറിയയുടെ ഗർഭം  ഛെ..... പിന്നെയും തെറ്റി  ഗർഭിണികൾ  എന്ന് സേർച്ച്‌ ചെയ്തു കിട്ടിയതും  ബാക്കി അനുകാലികവും ഒക്കെ ചേർത്തു ഉൽപ്പാദിപ്പിച്ചു എടുത്ത  സംഗതി എങ്ങനുണ്ട് ?

തകർപ്പൻ  ഇനി ബാക്കി ഞാൻ പറയാം  ഈ ചിത്രത്തിലെ ഗർഭങ്ങൾ ഇപ്രകാരം

1) അവിഹിത ഗർഭം : പണക്കാരനായ ഹരിയുടെ (ജോയ് മാത്യു ) സ്നേഹം കിട്ടാത്ത ഭാര്യ അനുരാധ (സാന്ദ്ര തോമസ്‌ ) ഹരിയുടെ സുഹൃത്തായ ജരനിൽ നിന്നും ഉണ്ടാക്കിയ ഗർഭം . എന്ന് ഹരി  ഒരു കാർ റേസ് അപകടത്തിൽ ഗുരുതരമായി പരികേറ്റു  മരിക്കുമോ  ഇല്ലയോ എന്ന് പറയാൻ പറ്റാത്ത അവസ്ഥയിൽ  ആണ് . അനൂപ്‌ മേനോന്റെ  തിരകഥയിൽ നിന്ന് നേരിട്ട് ഇറങ്ങി വന്ന അനുരാധക്ക് (ആ രീതി മോശമാണെന്ന് അഭിപ്രായമില്ല കാര്യം വ്യക്തമാക്കി എന്നേ  ഉള്ളു ) രണ്ടു ചോയിസ്  ഒന്ന്  ഹരി മരിക്കുകയാണെങ്കിൽ അയാളുടെതായി  ഈ കുഞ്ഞിനെ പ്രസവിച്ചു സ്വത്തു അടിക്കുക അല്ല അയാൾ ജീവിക്കുകയാണെങ്കിൽ  ഈ കുഞ്ഞിനെ അബോർട്ട്‌ ചെയ്തു നല്ല ഭാര്യയായി  ജീവിക്കുക. ചുരുക്കത്തിൽ ഹരിയുടെ ഭാവി  അവസ്ഥ എന്താണ് എന്നറിയുക ഇവരുടെ ജീവിതത്തിൽ തികച്ചും നിർണായകം  .(ഇതിനു ഒരു ഗൈനക്കോളജിസ് റ്റ്  ആയ അബോർഷനെ  ഒരിക്കലും അനുകൂലിക്കാത്ത  സഖറിയ എന്താണ് ചെയേണ്ടത് എന്ന് മാത്രം മനസിലായില്ല ).

അനന്തരം: സത്യമെല്ലാം അറിയുന്ന ഹരി ഭാര്യക്ക്‌  നിരുപാധികം മാപ്പ് നൽകി അവളുടെ ജാര കുഞ്ഞിനെ സ്വന്തം കുഞ്ഞായി കരുതി സന്തോഷമായി  തീരുമാനിക്കുന്നു  .കക്ഷത്തിൽ ഇരുന്നത് പോകാതെ  ഉത്തരത്തിൽ ഇരുന്നത്  എടുത്ത അനുരാധ ഹാപ്പി !!!

സമാപ്തം : നമ്മുടെ ജോയ് മാത്യു അവസാനം നിരുപാധികം മാപ്പ് പ്രഖ്യാപിക്കുന്ന  രംഗത്ത്‌  കുറച്ചു ഡയഗോൾസ്  വിടുന്നുണ്ട്  (ജരനോട്  ഫോണിൽ സ്വല്പ്പം  ഇംഗ്ലീഷ് അടക്കം ) അനിയാ  പെറ്റ  തള്ള സഹിക്കും എന്ന് തോന്നുന്നില്ല . പിന്നെ വീൽ ചെയറി ൽ  കമ്പ്യൂട്ടർ ഗെയിം കളിച്ചു നടക്കുന്ന ഇയാളാണ് മരിക്കുമോ ഇല്ലയോ എന്ന് പറയാനാകാത്ത വ്യക്തി എന്ന് പറഞ്ഞാൽ  ...കഷ്ട്ടം


2) വിവാദ ഗർഭം : കന്യാസ്ത്രീ ആയിരുന്ന ജാസ്മിൻ ജെന്നിഫർ (ഗീത ) തിരുവസ്ത്രം  ഉപേക്ഷിച്ചു കിതൃമ മാർഗത്തിലൂടെ  ഗർഭധാരണം നടത്തുന്നു  (ഇതിൽ എന്താണ് ഇത്ര വിവാദം എന്ന് മാത്രം മനസിലായില്ല )..

അനന്തരം : ജാസ്മിൻ ജെന്നിഫർ സുഖമായി പ്രസവിക്കുന്നു. എന്ന് വെച്ച് കർത്താവിനോടാ  കളി ?? കൊച്ചു ശ്വാസം മുട്ടി മരിക്കുന്നു . ജാസ്മിൻ ഏതോ അനാഥാലയത്തിലെ കുട്ടികളെ  നോക്കി  കഴിയുന്നു

സമാപ്തം : ഇത്തരം ചിത്രങ്ങളിൽ എല്ലാം അടിവരയിട്ടു പറയുന്ന ഒരു സംഗതി എന്തെന്നാൽ സ്വന്തം വയറ്റിൽ ചുമന്നു പ്രസവിച്ചലെ അമ്മയാകു എന്നതാണ് . അതവരുടെ വിശ്വാസം ആകാം പക്ഷെ അവർക്ക്  ചുറ്റുമുള്ള  ഒരാൾ പോലും ഒരു ഓപ്ഷൻ ആയി പോലും ഒരു കുട്ടിയെ ദത്തെടുക്കുക എന്ന മാർഗം  പോലൊന്ന്  നിർദ്ദേശിക്കുന്നില്ല എന്നതാണ് കഷ്ട്ടം

3) കൌമാര ഗർഭം  : സൈറ (സനുഷ ) എന്ന പ്ലസ്‌  ടു   ക്ലാസ്സുകാരി സ്വയം സൈക്കിൾ ചവിട്ടി ഡോക്ടറുടെ വീടിലെത്തി  താൻ ഗർഭിണി ആണെന്നും പ്രസവിക്കണം എന്നും അറിയിക്കുന്നു .പ്രസവ ശേഷം കുട്ടിയെ വളർത്താൻ സൈറക്ക്‌  താല്പര്യമില്ല . ആർക്കെങ്ങിലും കുട്ടിയെ വളർത്താൻ കൊടുക്കാൻ വിരോധം ഇല്ല എന്നറിയിക്കുന്നതോടെ കുട്ടികൾ ഇല്ലാത്ത ഡോക്ടറും ഭാര്യയും കുട്ടിയെ ഏറ്റെടുക്കാൻ തീരുമാനിക്കുന്നു . സൈറയുടെ'മാതാപിതാകളുടെ  (ഷാനവാസ്‌ , ദേവി അജിത്‌ ) എന്നിവരുടെ സമ്മതത്തോടെ സൈറ   വീട്ടിലേക്കു താമസം  മാറ്റുന്നു

അനന്തരം  : പ്രസവിക്കുന്നു കുട്ടിയെ ഡോക്ടറിനെയും ഭാര്യയെയും ഏല്പ്പിച്ചു ബാംഗ്ലൂർ  പഠിക്കാൻ പോകുന്നു . അവസാനം ആരാണു കുട്ടിയുടെ അച്ഛൻ എന്നതും എന്തിനാണ് ആ കുട്ടിയെ പ്രസവിക്കാൻ തീരുമാനിച്ചതും എന്നതിനെ പറ്റിയുള്ള ചില സൂചനകൾ  നല്കി പോകുന്നു

സമാപ്തം : ഇവിടെ ഈ ഭാഗം ശരിക്കും പറഞ്ഞാൽ അഞ്ചു സുന്ദരികൾ എന്ന സിനിമ സമാഹാരത്തിലെ സേതുലക്ഷി എന്ന ആദ്യ ചിത്രം പോലെ നമ്മെ വേട്ടയാടെണ്ട ഒരു കഥ തന്തുവാണ് . എന്നാൽ തികച്ചും ബാലിശമായി എടുത്തു സംവിധയകൻ അത് നശിപ്പിച്ചു എന്നതാണ് സത്യം .എന്തിനു വേണ്ടി  ഈ കുഞ്ഞിനെ നശിപ്പിക്കാതെ പ്രസവിക്കാൻ ആഗ്രഹിച്ചോ  അത്  അല്പ്പമെങ്കിലും നടന്നതായി ഒരു സൂചന പോലും ഈ ചിത്രത്തിൽ ഇല്ല .പ്രസവ സമയത്ത്  ,
ഓപ്പറെഷൻ  തീയറ്റെരിൽ ഡോക്ടർ നേഴ്സ്   തുടങ്ങിയവർ മുഖവും തലയും എല്ലാം മറച്ചു നിൽക്കുമ്പോൾ ഇതൊന്നുമില്ലാതെ ആ റൂമിൽ നില്ക്കുന്ന ഡോക്ടറുടെ ഭാര്യ  കാണികളിൽ ചിരി ഉളവാക്കും

4) വ്യാജഗർഭം : സക്കറിയയുടെ ഹോസ്പിറ്റലിൽ നേഴ്സ്  ആയി ജോലി ചെയ്യുന്ന കാസർകോട്ടുകാരി  ഫാത്തിമ (റീമ കല്ലിങ്ങൽ ). നൈറ്റ്‌  ഡ്യൂട്ടി ചെയ്യാൻ വയ്യാത്തത് കൊണ്ട് ഗർഭിണി ആണെന്ന് കളവു പറയുന്നു . വായു നിറച്ച തലയിണ വയറിൽ കെട്ടി നടക്കുന്നു

അനന്തരം: കൂടെ ജോലി ചെയ്യുന്ന അജ്മലിനു ഫാത്തിമയെ ഇഷ്ടമാണ് .അവസാനം ഗർഭത്തോടെ  അവളെ വിവാഹം  കഴിക്കാൻ  തയ്യാറാകുകയും ചെയുന്ന അവസരത്തിലാണ്  കള്ളി വെളിച്ചത്താകുന്നത് . അതും മന്ദ ബുദ്ധിയെ പോലെ പെരുമാറുന്ന ഒരു സഹോദരനുമോതുള്ള ബാലിശമായ ഒരു  രംഗത്തിലൂടെ (കാറ്റു നിറയ്ക്കുന്ന തലവണയിൽ പഞ്ഞി വരുന്നതെങ്ങനെ എന്ന് എനിക്ക് ഇപ്പോളും മനസിലായില്ല ).

സമാപ്തം : ഏറ്റവും ബോർ ആയി എടുത്ത കഥ തന്തു ഇതാണ് എന്നാണ്  എനിക്ക് തോന്നിയത് . ഇതിൽ അവസാനം  ഫാത്തിമയുടെ കള്ളം പിടിക്കുമ്പോൾ അവര്ക്ക് കാസർകോട്‌ നേരിടേണ്ടി വന്ന കുറെ കഷ്ട്ടപ്പാട് പറയുമ്പോൾ  സകലരുടെയും മനസ്സലിയുന്നു . എന്നാൽ സത്യത്തിൽ ഇതൊന്നും തന്നെ കള്ളം കാണിച്ചു നൈറ്റ്‌  ഡ്യൂട്ടിയിൽ നിന്നും ഒഴിയാനുള്ള കാരണമല്ല. സത്യത്തിൽ ഇവര്ക്ക് നൈറ്റ്‌ ഡ്യൂട്ടി ചെയ്യാൻ പൊതുവേയുള്ള മടി അല്ലാതെ മറ്റു കാരണം ഒന്നുമില്ല  . ഇവര്ക്ക് പകരം  ആ  ജോലി ചെയ്യേണ്ടി വരുന്നവർക്ക്   ഒത്തിരി ബുദ്ധി മുട്ടുകൾ ഉണ്ടായേക്കാം എന്നതും ഇവർക്ക്  പ്രശ്നമല്ല . അങ്ങനെയുള്ള ആളുകള് തന്നെയാണ് നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷവും എന്നത് സത്യം . പക്ഷെ ബാക്കി ഉള്ള സകലരും അത് തികച്ചും ന്യായമാണ് എന്ന് സമ്മതിക്കുന്നത് ദഹിക്കാൻ പാടാണ് . ഒരു ഹോസ്പിറ്റലിൽ ജോലി ചെയുമ്പോൾ ഒരു സുപ്രഭാതത്തിൽ ഭർത്താവുണ്ട്  എന്നും ഗർഭമാണ്   എന്ന് പറയുന്നതും  . ഒരു പ്രസവ ആശുപത്രിയിൽ വായു നിറച്ച തലവണ കെട്ടി വെച്ച് നടന്നാൽ ആരും തിരിച്ചറിയില്ല എന്നതും ഒക്കെ പറയണമെങ്കിൽ , അഥവാ അത് വിശ്വസിക്കണം എങ്കിൽ  പ്രേക്ഷകരെ  പറ്റിയുള്ള ഇവരുടെ ഒക്കെ വിചാരം എന്തായിരിക്കണം .സ്വന്തം കാര്യം നേടാൻ വേണ്ടി എന്ത് കള്ളവും പറയുന്ന ഈ  'മിടുക്കിയെ ' ആരാധനയോടെ സ്നേഹിച്ചു കല്യാണം കഴിക്കുന്ന ഒരു മന്ദ ബുദ്ധി കൂടെ ആകുമ്പോൾ  ചിത്രം പൂർത്തിയായി .

മറ്റേ കേരള കഫെയിൽ  സകലരും കേരളാ കഫേയിൽ ചായ കുടിക്കാൻ വരുന്നു എന്ന പോലെയാണ്  ഈ ചിത്രത്തിൽ സക്കറിയയും ഗർഭിണികളും ആയുള്ള ബന്ധം .അതായിത്  അവരിൽ  ഒരാളിൽ  പോലും ഒരു സ്വാധീനവും  ചെലുത്താൻ ഇയാൾക്ക് ആകുന്നില്ല . സകലരെയും ഉപദേശിച്ചു വാശിക്ക് നന്നാകണം എന്നല്ല . ആ പണി നമ്മുടെ സത്യൻ അന്തിക്കാട്‌ , രഞ്ജിത് തുടങ്ങിയവർ  ചെയ്തോളും !!!)


അപ്പോൾ  അഭിനയമോ ?

എന്തോന്ന് അഭിനയം ? കുറെ പേർ  അവരോടു പറഞ്ഞത് ചെയ്തു . കുറെ പേർ ഓവർ  ആക്കി നശിപ്പിച്ചു . എങ്ങനെ അന്തവും കുന്തവും ഇല്ലാത്ത കഥയും സംവിധാനവും  ആകുമ്പോൾ ആരോട് എന്ത് പറയാൻ ? പിന്നെ നമുക്ക് ലാൽ  സ്വസിദ്ധമായ ശൈലിയിൽ ചിത്രത്തിൽ നിറഞ്ഞു നില്ക്കുന്നു . സനുഷ മനസിന്റെ വിങ്ങലാകുന്നു , റീമ കണ്ണ് നനയിക്കുന്നു  എന്നൊക്കെ കാച്ചാം  അത് നീ ചെയ്തൊളുമല്ലൊ അല്ലേ  .

പിന്നെ അല്ലാതെ .. അപ്പോൾ മൊത്തത്തിൽ ......?

പണി പഠിക്കുന്ന  സംവിധായകൻ തിരക്കഥാകൃത്ത്  എന്നിവർക്ക്   സംഭവിച്ച  ഒരു സമകാലീന ദുരന്തം.കഴുത്തിന്‌ മുകളിൽ ശൂന്യാകാശം മാത്രമുള്ള മലയാളികൾക്ക്  ഇതൊരു ആശ്വാസം ആയേക്കാം