Thursday, December 29, 2011

ദാസപ്പന്‍ 2 (The King Is Back )

അവസാനം ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു.

എന്തോന്ന് അണ്ണാ ആത്മഹത്യാ ചെയ്യാനോ,എഴുത്ത് നിര്‍ത്താനോ,ബ്ലോഗ്‌ പൂട്ടാണോ അങ്ങനെ വല്ലതും ആണോ?

ഒന്ന് പോടെ അങ്ങനെ ചെയ്യാന്‍ ഞാനാര്‌ പ്രസിദ്ധ ബ്ലോഗ്ഗര്‍ ടോമി പാലായോ? ഇതു അതല്ല.കുറെ കാലമായി സകല വായ് നോക്കികളും പറയുന്നു നിനക്ക് മലയാളത്തില്‍ വരുന്ന ജീവിത യാഥാര്‍ത്യങ്ങളില്‍ ചലിച്ചു എഴുതുന്ന തിരകഥകള്‍ (ചൈന ടൌണ്‍, ദി ട്രെയിന്‍ ഇവയൊക്കെ ആകും ഉദേശിച്ചത്‌ ) ഇഷ്ടപെട്ടില്ല എങ്കില്‍ നീ ഒരെണ്ണം സ്വന്തമായി എഴുതെടാ എന്ന് .കാര്യം പറഞ്ഞാല്‍ അത് നമ്മള്‍ കേരളത്തിലെ മുഖ്യ മന്ത്രിയെ വിമര്‍ശിച്ചാല്‍ ശ്രീ ഉമ്മന്‍ ചാണ്ടി നേരെ മുന്നില്‍ വന്നു എന്നാല്‍ നീ ഇലക്‌ഷന്‍ ജയിച്ചു മുഖ്യമന്ത്രി ആയി നന്നായി ഒന്നു ഭരിച്ചു കാണിച്ചേ എന്ന് പറയുന്ന പോലെ ആണ് എന്നറിയാഞ്ഞല്ല. എന്നാലും .......അവസാനം ഞാനും ഒരു തിരകഥ എഴുതാന്‍ തീരുമാനിച്ചു.

ഒള്ളത് തന്നെ അണ്ണാ ആന്നോ? കലക്കി.എന്നാല്‍ പിന്നെ ബി ഉണ്ണികൃഷ്ണന്‍ മുതല്‍ കൃഷ്ണ പൂജപ്പര വരെ ഉള്ളവര്‍ എപ്പോള്‍ ചട്ടി എടുത്തു എന്ന് ചോദിച്ചാല്‍ മതി.അതിരിക്കട്ടെ എന്താ തീം ?

ഡേ നിന്നെയൊക്കെ നമ്പി വല്ലതും പറയമോടെ അല്ലെങ്കിലെ മലയാളത്തില്‍ കഥ മോഷണത്തിന്റെ കാലം.

ഛെ അണ്ണന്‍ ഇതെന്തോന്ന് ചുമ്മാ......

ശരി ശരി എന്‍റെ കഥയുടെ പശ്ചാത്തലം എന്ന് പറയുന്നത് മധ്യകേരളത്തിലുള്ള ഒരു കുടിയേറ്റ ഗ്രാമമാണ്‌ എരുമത്തടം.റബര്‍ കൃഷിക്കാരാല്‍ സമ്പന്നമായ ആ ഗ്രാമത്തിലേക്ക് ഒരു ദിവസം ഉറച്ച കാല്‍ വെപ്പുകളോടെ അയാള്‍ ബസ്സിറങ്ങി.

അല്ല ഈ അയാള്‍ എന്ന് പറഞ്ഞാല്‍ ....

മിണ്ടാതിരുന്നു കേള്‍ക്കെടെ.അയാളാണ് നായകന്‍.പേര് ദാസപ്പന്‍.ദാസപ്പന്‍ ഒരു അധോലോകനായകന്‍ ആണ്.കേരളത്തില്‍ അങ്ങോളം ഇങ്ങോളം വ്യാപിച്ചു കിടക്കുന്ന ഒരു അധോലോക - വ്യാപാര ശ്രിംഖല ഇയാള്‍ക്ക് സ്വന്തം.പക്ഷെ ഇയാളെ ഒരു സാധാരണ അധോലോക നായകനായി കാണരുത് ഒത്തിരി സവിശേഷതകള്‍ ഉള്ള ഒരു ആളാണ് ഇദേഹം.ഉദാഹരണമായി നമ്മള്‍ ചിറ്റില പള്ളി ഔസേപ്പ് (വി ഗാര്‍ഡ് ) കേശവന്‍ വൈദ്യര്‍ (ചന്ദ്രിക സോപ്പ്) തുടങ്ങിയവരുടെ ആദ്യകാലം നോക്കിയാല്‍ ഇവരൊക്കെ തന്നെ ആദ്യകാലങ്ങളില്‍ അവരുടെ ഉല്‍പ്പന്നം സ്വയം തലച്ചുമടായി കൊണ്ട് പോയാണ് ആവശ്യക്കാര്‍ക്ക് കൊടുത്തിരുന്നത് എന്ന് കാണാം.നമ്മുടെ നായകനും ഏതാണ്ട് ഇങ്ങനെയാണ്.രാവിലെ വല്ല പെട്ടി ഓട്ടോയും പിടിച്ചു ഇറങ്ങുന്ന ഇയാള്‍ കേരളം അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു മയക്കു മരുന്നിന്‍റെയും മറ്റും ഡെലിവറി നേരിട്ട് നടത്തിയേ മടങ്ങാറുള്ളൂ.തുടക്കത്തില്‍ ദാസപ്പന്‍ ഒരു പഞ്ചായത്തില്‍ സാധനം ഡെലിവറി നടത്താന്‍ പോകുന്നതും കാശിന്‍റെ കാര്യത്തില്‍ പിശകി,അവിടുത്തെ മുതലാളിയെയും സംഘ ത്തെയും അടിച്ചു വീഴ്ത്തി ഗോഡൌണ്‍ ഉള്‍പ്പെടെ കത്തിച്ചു സ്ലോ മോഷനില്‍ നടന്നു നീങ്ങുമ്പോള്‍ ആണ് റ്റയിട്ടിലുകള്‍ തെളിയുന്നത്.(ഡേറ്റ് കിട്ടുന്നത് സുപ്പര്‍ താരങ്ങളില്‍ ആരുടെ എങ്കിലും ആണേല്‍ അടി കട്ട്‌ പകരം എന്തേലും ഒരു സെറ്റ് പഞ്ച് ഡയലോഗ് പറഞ്ഞിട്ട് സ്ലോമോഷ നില്‍ തിരിഞ്ഞു നടക്കുമ്പോള്‍ ഗോഡൌണ്‍ താനെ ഇടിഞ്ഞു വീഴും).
ദാസപ്പന്‍റെ ഏക സഹായി അന്നക്കുട്ടി ആണ്.ഈ സഹായം എന്ന് പറഞ്ഞാല്‍ മയക്കു മരുന്ന് ചാക്കുകള്‍ പെട്ടി ഓട്ടോയില്‍ കയറ്റാന്‍ സഹായിക്കുക ഇങ്ങനെ ചില്ലറ പണികള്‍.അപ്പോള്‍ കഥ നമ്മുടെ ഗ്രാമത്തിലേക്ക് .വല്ല ഡെലിവറി കൊടുക്കാന്‍ വന്നതാവും എന്ന് കരുതുന്ന നമ്മളെ ഞെട്ടിച്ചു കൊണ്ട് ദാസപ്പന്‍ ‍നേരെ പോലീസെ സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങുന്നു.അവിടത്തെ എസ് ഐ ആകട്ടെ കേരളാ പോലീസ് മൊത്തം തിരയുന്ന ദാസപ്പനെ ഒറ്റയ്ക്ക് പിടി കൂടിയിട്ടെ കല്യാണം പോലും കഴിക്കു എന്ന് ശപഥം എടുത്തു നില്‍ക്കുന്ന വീരശൂരപരാക്രമിയായ ലില്ലിക്കുട്ടി.പോരാത്തതിനു സര്‍ക്കിള്‍ മാത്തച്ചനും.പക്ഷെ ദാസപ്പന്‍റെ കയ്യില്‍ ഇവരെ ഒക്കെ വിറ്റ കാശല്ലേ ഇരിക്കുന്നെ? ദാസപ്പന്‍ കീഴടങ്ങുന്നത് ഈ പോലീസുകാര്‍ തന്നെ പഞ്ചായത്ത് വക ജയിലില്‍ അടക്കും എന്നറിയാവുന്നതു കൊണ്ടും അവിടെ തടവില്‍ കഴിയുന്ന പഴയ സഹപ്രവര്‍ത്തകന്‍ ഇബ്രാഹിംകുട്ടിയെ രക്ഷപ്പെടുത്താനും ആണ്.(നേരത്തെ പറഞ്ഞ പോലെ അതും സ്വയം തന്നെയേ ദാസപ്പന്‍ ചെയ്യു).ഇബ്രാഹിംകുട്ടിയുമായി സംസാരിച്ചു കഴിഞ്ഞു ദാസപ്പന്‍ ജയിലിലെ ഭക്ഷണത്തില്‍ വിം വാരിയിട്ടു ജയിലിലുള്ള എല്ലാവര്ക്കും ഒരുമിച്ചു വയറിളക്കം ഉണ്ടാക്കുകയും ആ ബഹളത്തിനിടയില്‍ രക്ഷപ്പെടുകയും ചെയ്യുന്നു.

ഇത്രേ ഉള്ളോ?

ചുമ്മാതെ ഇരിയെടെ എന്‍റെ സങ്കീര്‍ണമായ കഥ തുടങ്ങിയല്ലേ ഉള്ളു .എന്തിനാണ് ഏതൊക്കെ ചെയ്യുന്നത് ? പറയാം. ഈ പഞ്ചായത്തിലെ സഹകരണ ബാങ്കില്‍, ഇന്ത്യ ഗവണ്ണ്‍മെന്റ് കാശിനു ശകലം മുട്ട് വന്നപ്പോള്‍ നോട്ട് അടിക്കുന്ന അച്ചില്‍ ഒരെണ്ണം പണയം വെച്ചിരുന്നു.(സംഗതി റബറിന്‍റെ കാലമല്ലേ ).അത് അടിച്ചു മാറ്റി ശാന്തമായി നോട്ട് അടിച്ചു ജീവിക്കുക എന്നതാണ് ദാസപ്പന്റെ പ്ലാന്‍.വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാരാധ്യനായ കോര സാറായിരുന്നു ആ ബാങ്കിന്‍റെ പ്രസിഡന്‍റ്റ്. അദേഹം വണ്ടിത്താനം സൂപ്പര്‍ ഫാസ്റ്റില്‍ വെച്ച് ഏതോ അമ്മച്ചിയെ തോണ്ടി എന്ന് പരാതി വന്നപ്പോള്‍ രാജി വയ്ക്കുകയും.ആത്മഹത്യ ചെയ്യുകയും ആണ് ഉണ്ടായതു.അതിനെ തുടര്‍ന്ന് കോരസാറിന്‍റെ വിശ്വസ്ത അനുയായി പള്ളിപ്പുറം ലോനപ്പന്‍ മുതലാളി ദുഖത്തോടെ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.എന്നാല്‍ ഇതു ലോനപ്പന്‍ ആസൂത്രണം ചെയ്ത ഒരു ഗൂഡാലോചന ആയിരുന്നു എന്നും.അതിനായി പീരുമേട് ഗ്രേസിയെ കാശു കൊടുത്തു റെഡി ആക്കുന്ന വീഡിയോ ടേപ്പ് അവിടുത്തെ സ്വകാര്യ ബാങ്കായ മണലൂറ്റു ഗ്രൂപ്പിന്‍റെ ലോക്കറില്‍ വെച്ചിട്ടുണ്ട്.ലോക്കറിന്‍റെ ഒരു താക്കോല്‍ ദാസപ്പന്‍റെ കൈയിലും മറ്റേതു ഇബ്രാഹിം കുട്ടിയുടെ കയ്യിലും ആണുള്ളത്. താക്കോല്‍ എടുത്തിട്ട് (ഇവിടെ നമ്മള്‍ ചുളുവിനു ഈ ഗ്രൂപ്പിന്‍റെ ഒരു പരസ്യം കേറ്റും.സ്വര്‍ണ്ണപ്പണയ രംഗത്ത് വര്‍ഷങ്ങളുടെ ...... ആ ഒരു ലൈന്‍ ).ടേപ്പില്‍ ഗ്രേസിയോടു സംസാരിക്കുന്നതു ഇപ്പോളത്തെ ബങ്ക് സെക്രട്ടെറിയും ലോനപ്പന്‍റെ വിശ്വസ്തനുമായ കുരിശിങ്കല്‍ വറീത് ആയിരുന്നു.വറീതിനെ ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കര്‍ രഹസ്യ നമ്പര്‍ അറിയാന്‍ ശ്രമിക്കുന്ന ദാസപ്പന് നേരിടേണ്ടി വരുന്നത് വറീത് അയച്ച ഇടിയന്‍ പരമുവിന്‍റെ കോട്ടേഷന്‍ സംഘത്തെയാണ്.അവരെ ഇടിച്ചു തോല്‍പ്പിച്ചു (ഇവിടെയും സൂപ്പര്‍ താരം ആണെങ്കില്‍ കാണുമ്പോള്‍ തന്നെ ഗുണ്ടകള്‍ അയ്യോ ഇദ്ദേഹം പണ്ടേ ഭയങ്കര സംഭവമല്ലേ.ആളറിയാതെ ചുമ്മാ ....എന്ന് പറഞ്ഞു കാല്‍ക്കല്‍ വീഴും ) കൂടുതല്‍ കാശു ഓഫര്‍ ചെയ്തു കൂടെ നിര്‍ത്തുന്നു.അങ്ങനെ ദാസപ്പനും ഇബ്രാഹിം കുട്ടിയും ഇടിയന്‍ പരമുവും അടങ്ങുന്ന സംഘം ബാങ്കിലേക്ക് നീങ്ങുന്നു.ഒപ്പം പൂട്ട്‌ തുറക്കാനായി സ്ഥലത്തെ പ്രധാന പൂട് പൊളിക്കാരന്‍ കീടം സാബുവും.അവിടെ ഇടവേള ബാബു .......

ഇനിയോ?

ഇനിയങ്ങോട്ട് മരണ വേഗതിലല്ലേ കാര്യങ്ങള്‍ നടക്കുന്നത്.സംഘം ബാങ്കില്‍ കേറുന്നു.ദാസപ്പന്‍ ലോക്കര്‍ തുറക്കുന്നു (ശാരീരിക ക്ഷമത ഉള്ള ആരേലും ആണ് നായകന്‍ എങ്കില്‍ തല കീഴായി തൂങ്ങിക്കിടന്നു,കൂളിംഗ് ഗ്ലാസും വെച്ച്,പെന്‍ ടോര്‍ച് കടിച്ചു പിടിച്ചു,ഫോണിന്‍റെ ക്വാര്‍റ്റി കീ ബോര്‍ഡ് പോലെയുള്ള ഒരു സാധനത്തില്‍ തട്ടുന്നത് കാണിക്കും.അല്ല സൂപ്പര്‍ താരങ്ങള്‍ ആരേലും ആണെങ്കില്‍ ഞ്ഞാന്‍ പണ്ട് ധാരാവിയില്‍ വെച്ച് ഇതു പോലത്തെ അഞ്ചു സേഫ് ഒരുമിച്ചു തുറന്നിട്ടുണ്ട് എന്നിങ്ങനെ രണ്ടു ഡയലോഗ് അടിക്കുമ്പോള്‍ സേഫ് പേടിച്ചു തന്നെ തുറക്കും).പിന്നെ അങ്ങോട്ട്‌ ഇടിയന്‍ പരമുവും ഇബ്രഹിം കുട്ടിയും ദാസപ്പനെ ഒറ്റപെടുത്തി നോട്ടടിക്കുന്ന സാധനം കൊണ്ട് പോകാന്‍ നോക്കുന്നു.ഇതിനിടെ ലില്ലികുട്ടിയും മാത്തച്ചനും സംഭവ സ്ഥലത്ത് തികച്ചും യദ്രിചികമായി എത്തിച്ചേരുന്നു.

പിന്നെ അകെ ബഹളം വെടി പട.ദാസപ്പന്‍ ബാങ്കിന് പുറത്തു വരുന്നു.ഇബ്രാഹിം കുട്ടിയും ഇടിയന്‍ പരമുവും ബാങ്കില്‍ വന്ന കുറെ നാട്ടുകാരെ ബന്ദി ആക്കുന്നു.ദാസപ്പന്‍ ലില്ലിയുമായി ചേരുന്നു.താന്‍ ശരിക്കും നല്ലവന്‍ ആണെന്നും വില്ലന്മാര്‍ മറ്റവര്‍ ആണെന്നും പറയുന്നു ഒരുമിച്ചു,തോളോട് തോള്‍ ചേര്‍ന്ന് ദാസപ്പനും ലില്ലി കുട്ടിയും തോക്കുമായി ബാങ്കിലേക്ക്.പിന്നെയും വെടി,ചാട്ടം,കരണം മറിച്ചില്‍. ലില്ലികുട്ടിക്കു വെടി കൊള്ളുന്നു.ദാസപ്പന്‍ എല്ലാരേയും തല്ലി വീഴ്ത്തുന്നു.ബന്ദിപ്പണി ഏറ്റെടുക്കുന്ന ദാസപ്പന്‍ കേരളത്തില്‍ തന്‍റെ പേരില്‍ ഉള്ള എല്ലാ കുറ്റങ്ങളും പിന്‍വലിക്കണം എന്നും കുറ്റം ചാര്‍ത്തിയതിനു മാപ്പും പറയണം എന്നും ആവശ്യപ്പെടുന്നു.വറീത് അമ്പതു രൂപ മുദ്രപത്രത്തില്‍ സംഗതി എഴുതി ഒപ്പിട്ടു കൊടുക്കുന്നു (അല്ല പിന്നെ ).തന്‍റെ കള്ളക്കടത്ത് സംഘത്തെ കുറിച്ചുള്ള സകല വിവരവും അടങ്ങുന്ന ടേപ്പ് മാത്തച്ചനു കൊടുത്തിട്ട് സ്ലോമോഷനില്‍ നടന്നകലുന്ന ദാസപ്പന്‍.
ഇനിയുള്ള അഞ്ചു മിന്ട്ടാണ് പ്രധാനം.കിട്ടുന്ന ടേപ്പില്‍ മാത്തച്ചന്‍ കാണുന്നത് രഹസ്യങ്ങള്‍ മാത്രമല്ല വറീതും ഗ്രേസിയും ആയുള്ള സംഭാഷണം കൂടിയാണു.കുപിതനായ മാത്തച്ചന്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് വറീതിനെ മാത്രമല്ല ദാസപ്പനെ എതിര്‍ത്തിരുന്ന സകല കള്ളക്കടത്തുക്കാരെയും ഒറ്റയടിക്ക് പോക്കുന്നു.നേരത്തെ ബാങ്കില്‍ നടന്ന കൂട്ട വെടിവയിപ്പിനിടയില്‍ ദാസപ്പന്‍ നോട്ട് ഉണ്ടാക്കാനുള്ള അച്ച് കീടം സാബുവിന് കൊറിയര്‍ ആയി അയച്ചിരുന്നു എന്നും ഡ്യൂപ്ലിക്കേറ്റ്‌ അച്ച് ആണ് വെടി വൈപ്പിനിടയില്‍ നശിച്ചത് എന്നും പറഞ്ഞു അന്നകുട്ടിയുമായി നടന്നകലുമ്പോള്‍ (ഇതിനകം കീടം സാബു കൊറിയറില്‍ വന്ന അച്ച് കൊണ്ട് കൊടുക്കുന്നുണ്ട്) പടം തീരുന്നു.പിന്നെ ക്രെഡിറ്റിസ് കാണിക്കുമ്പോള്‍ വിരഹാര്‍ത്തയായ ലില്ലികുട്ടിയുടെ ഒരു മാദകനൃത്തം കൂടി കാണിക്കുമ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സാമൂഹ്യ,സമകാലീന,ത്രില്ലര്‍ അവസാനിക്കുന്നു.എങ്ങനെയുണ്ട്?

രണ്ടു കാരണങ്ങള്‍ കൊണ്ട് ഇതു നടക്കില്ല ഒന്ന് ആദ്യം ഡൈ ഹാര്‍ഡ് ഉണ്ടാക്കണോ oceans eleven ഉണ്ടാക്കണോ എന്ന് ആദ്യം തീരുമാനിക്കണം രണ്ട് നമ്മുടെ ഫര്‍ഹാന്‍ അക്തര്‍ നമ്മുടെ ഷാരൂഖ്‌ഖാനെ നായകനാക്കി എടുത്ത ഡോണ്‍ 2 എന്നാ ചിത്രത്തിന്‍റെ കഥയും ഇതാണ് .

സത്യം തന്നേടെ ഈ പറയുന്നത്? അപ്പോള്‍ എന്‍റെ ഭാവന .....

അണ്ണാ ഇങ്ങേരുടെ ഭാവനയും കാവ്യാ മാധവനെയും ഒക്കെ അവിടെ വെച്ചിട്ട് പോയി ഡോണ്‍ 2 കണ്ടു നോക്ക്.ഈ പറഞ്ഞതൊക്കെ തന്നെയാ സംഗതി.പിന്നെ ഹിന്ദിയില്‍ ആകുമ്പോള്‍ കുറച്ചു കൂടി കാശൊക്കെ ഇറക്കി പോഷ് ആക്കിയിട്ടുണ്ട് എന്ന് മാത്രം.പാവം മലയാളിയെ പേടിപ്പിക്കാന്‍ അത് മതിയല്ലോ.റാവണ്ണ്‍ കണ്ടു പണ്ടാരം ജനങള്‍ക്ക് ഈ ചിത്രം ഒരു ആശ്വാസം ആയേക്കാം എന്ന് മാത്രം.

അല്ല ഇതിന്‍റെ സംവിധായകന്‍ മാത്രമല്ല പല പ്രമുഖ നിരൂപകരും ഇതിനെ ഡോണ്‍ 1 ന്‍റെ തുടര്‍ച്ചയായി കാണരുത് എങ്കില്‍ നിരാശപ്പെടേണ്ടി വരും എന്ന് പറയുന്നുണ്ടല്ലോ?

പിന്നെ എങ്ങനെ കാണണം?അനിയാ ഇതു ഫര്‍ഹാന്‍ അക്തര്‍ പണ്ടും പറഞ്ഞതാണ്‌ അമിതാബ് അഭിനയിച്ച ഡോണ്‍ എന്ന സിനിമയുടെ പേരും അതിലെ തകര്‍പ്പന്‍ ഡയലോഗുകളും മറ്റും ഒക്കെ ഉപയോഗിച്ചിട്ടു ഇതിനെ പഴയ ഡോണും ആയിട്ടു
താരതമ്യപ്പെടുത്തരുത് എന്ന് പറയുന്ന പോലെയാണ് ഇതു?അങ്ങനെ കാണരുത് എങ്കില്‍ വല്ല ബദലേ കി ആഗ് എന്നോ മറ്റോ പേരിട്ടു ഇറക്കണം ആയിരുന്നു ഈ ചിത്രം.ഇവനൊക്കെ പഴയ പടത്തിന്‍റെ നല്ലത് ഒന്നുംവിടാതെ വേണം വെല്ലുവിളി ഒന്ന് പോലും ഏറ്റെടുക്കാന്‍ വയ്യ.അതല്ലേ സത്യം?

.പടം തുടങ്ങുമ്പോള്‍ ഡോണ്‍ ഏഷ്യയിലെ വലിയ മയക്കുമരുന്ന് വ്യാപാരി.യുറോപ്പിലേക്ക് കച്ചവടം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. യുറോപ്പിലെ ഇപ്പോളുള്ള കച്ചവടക്കാരാണ് ഡോണിന്‍റെ ശത്രുക്കള്‍.അവരെ കുറിച്ചുള്ള സകല രഹസ്യങ്ങളും ഡോണിന്‍റെ കൈവശം ഉണ്ട് (അല്ലെങ്കില്‍ അവസാനം അവരെ അറസ്റ്റ് ചെയ്യണ്ടല്ലോ).ഇതു ആദ്യം തന്നെ പോലീസിന് കൊടുത്താല്‍ സംഗതി കഴിഞ്ഞില്ലേ. ഇതൊരു മാതിരി ശിക്കാര്‍ പടത്തില്‍ ലക്ഷ്മി ഗോപാല സ്വാമി ആത്മഹത്യ ചെയ്യ്തത് പോലെ ആയില്ലേ ? അതോ ഞാന്‍ വല്ലതും വിട്ടു പോയതാണോ ?

Tuesday, December 27, 2011

രാജപട്ടൈ

എനിക്കിത് തന്നെ വേണം അനിയാ...

എന്ത് പറ്റി അണ്ണാ പെട്ടന്ന് ഇങ്ങനെ?

അന്യഭാഷാചിത്രങ്ങളെ പ്രത്യേകിച്ചു തമിഴ് ചിത്രങ്ങളെ കുറിച്ച് എനിക്ക് നല്ല അഭിപ്രായം ആയിരുന്നു. അത് നൂറു ശതമാനം വാണിജ്യസിനിമ ആയാലും അല്ലെങ്കിലും കാണികള്‍ പ്രതീക്ഷിക്കുന്നത് കൃത്യമായി അവര്‍ക്ക് കൊടുക്കുന്നു എന്നതാണ് തമിഴ് സിനിമയുടെ ഏറ്റവും മികവായി ഞാന്‍ കണ്ടിരുന്നത്‌.അത് രജനീകാന്ത് ചിത്രം ആയാലും കൊള്ളാം പുതുമുഖങ്ങള്‍ ആയാലും കൊള്ളാം.ആ പ്രതീക്ഷ ആണ് അനിയാ ലോണ്ടെ വീണിതല്ലോ കിടക്കുന്നു ധരണിയില്‍ രക്ത .........

അയ്യോ മതി മതി ശരിക്കും എന്താ സംഭവം? അഥവാ പ്രകോപനം?

അനിയാ നീ സുശീന്ദ്രന്‍ എന്ന് കേട്ടിടുണ്ടോ ?

ആരാ അത്? ഒരു മിനിറ്റ് ഗൂഗിള്‍ എടുത്തോട്ടേ....

പോടാ .. ഇതു നാന്‍ മഹാന്‍ അല്ലൈ എന്നാ കാര്‍ത്തി ചിത്രം എടുത്ത സംവിധായകനാണ്.അദേഹം വിക്രം എന്ന നടനെ നായകനാക്കി എടുത്ത പുതിയ പടമാണ് രാജപാട്ടൈ.സംഗീതം യുവന്‍ ശങ്കര്‍ രാജ

ഇതിനാണോ ഇത്ര ബഹളം? നല്ലൊരു വാണിജ്യവിനോദ ചിത്രം അഥവാ commercial entertainer പ്രതീക്ഷിച്ചാല്‍ പോരെ ? വല്ല പ്രശ്നവും ഉണ്ടായിരുന്നോ?

അനിയാ എനിക്കും അത്രെ ഉള്ളായിരുന്നു ആഗ്രഹം.ഇനി പറഞ്ഞിട്ടെന്താ?അന്യനു ശേഷം ഏതാനും പരാജയ ചിത്രങ്ങള്‍ക്ക് (പലതിന്‍റെയും കാരണം നിര്‍ഭാഗ്യം ആണെന്ന് പറയാം ഒരു സമാധാനത്തിനു) ശേഷം ദൈവത്തിരുമകന്‍ എന്ന ചിത്രത്തോടെ കഷ്ടിച്ച് പിടിച്ചു നില്‍ക്കുന്ന,ഒരു വാണിജ്യവിജയം അത്യാവശ്യം ആയിട്ടുള്ള നടനാണ് വിക്രം.കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതക്ക് വേണ്ടി വേണ്ടി കഷ്ട്ടപ്പെടുന്നതില്‍ അമീര്‍ഖാന്‍ എന്ന നടന്‍റെ തൊട്ടു പുറകില്‍ നില്‍ക്കുന്ന നടന്‍ എന്നാണ് വിക്രത്തെയും സൂര്യയയൂം പോലുള്ളവരെ കുറിച്ച് പറഞ്ഞു കേള്‍ക്കാറ്.ഇങ്ങനെയുള്ളൊരു നടനും കഴിഞ്ഞ പടം തകര്‍പ്പനായി എടുത്ത സംവിധായകനും ചേരുന്ന പടം ഏങ്ങനെ മോശം അകന്നാണ്.അത് അറിയണമെങ്കില്‍ ഈ ചിത്രം കണ്ടാല്‍ മതി .

അത്രക്ക് മോശമോ ? കഥ....?

ദാ പിടിച്ചോ . ചെന്നൈ . അവിടെ ഭയങ്കര ഭൂമാഫിയ . അതിന്‍റെ നേതാവ് രംഗനായകി എന്ന വനിതാ രാഷ്ട്രീയ നേതാവ് (ധൂള്‍ എന്ന ചിത്രത്തിലെ സ്വര്‍ണ്ണാക്ക).അവരുടെ വലം കയ്യും രഹസ്യ സൂക്ഷിപ്പുകാരനും ആയ ബാപ്പ എന്ന ഗുണ്ടാ തലവന്‍ (പ്രദീപ്‌ റാവത്ത്, ഗജനി വില്ലന്‍ )(പിന്നെ നമ്മള്‍ സ്ഥിരമായി കാണുന്ന മുടി വളര്‍ത്തിയ കുറെ ഗുണ്ടകളും) അതെ നഗരത്തില്‍ ഉള്ള സിനിമ എക്സ്ട്രാ നടന്‍ മുരുകന്‍ (വിക്രം).അയാളുടെ കുറെ സുഹൃത്തുക്കള്‍,എതിരെ ഉള്ള ഹോസ്റ്റലില്‍ താമസിച്ചു ഇയാളെ വായി നോക്കുന്ന നായിക (ദിക്ഷ സേത്ത്).പിന്നെ സ്വത്തു വിഷയത്തില്‍ മകനുമായി തെറ്റി പിരിഞ്ഞു വീട് വിട്ടിറങ്ങിയ ധനികനായ വൃദ്ധന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ്‌ ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍.
ദക്ഷിണാമൂര്‍ത്തിയുടെ ഇരുപത്തി അഞ്ചു ഏക്കര്‍ സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തില്‍ നോട്ടമിടുന്ന രംഗ നായകിയും സംഘവും ദക്ഷിണാമൂര്‍ത്തിയുടെ മകനെ സ്വാധീനിക്കുന്നു എങ്കിലും അതിനു വഴങ്ങാതെ വീട് വിടുന്ന വൃദ്ധന്‍ മുരുകനെ കണ്ടു മുട്ടുന്നു കൂടെ താമസിക്കുന്നു.കുറച്ചു കഴിഞ്ഞു മനസു മാറി മകന്‍റെ കൂടെ പോകുന്ന വൃദ്ധനെ ചതിക്കാനാണ് മകന്‍റെ ശ്രമമെന്ന് മനസിലാക്കി മുരുകന്‍ പുറകെ കൂടുന്നു.ഒടുവില്‍ രംഗനായകി അടക്കം (മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും ശക്ത ആണെന്ന് ഓര്‍ക്കണം) സകലര്‍ക്കും പണി കൊടുത്തു വിജയി ആകുന്നു.അതോടെ അത് വരെ സിനിമയില്‍ വില്ലന്‍റെ ഗുണ്ടയായി അഭിനയിച്ചിരുന്ന ഇയാള്‍ നായകനായി ശ്രേയ സരണ്‍,റീമ സെന്‍ എന്നിവരോടൊപ്പം ഡാന്‍സ് ചെയ്യുന്നു.എത്രയൊക്കെ വലിച്ചു നീട്ടി പറഞ്ഞാലും ഇതാണ് രാജപാട്ടൈ എന്ന സംഭവം.

ഈ ചിത്രത്തിന്‍റെ പിന്നണിക്കാര്‍ ഭൂമാഫിയക്കെതിരെ പൊരുതുന്ന സാധാരണക്കാരന്‍റെ കഥ പറയണോ അതോ സിനിമയില്‍ വില്ലന്റെ സഹായി ആയി വന്നു വളര്‍ന്നു വലുതാകുകയും ചെയ്യുന്ന സാധാരണക്കാരന്‍റെ കഥ പറയണോ എന്ന് ആദ്യം തീരുമാനിച്ചിട്ടു ചിത്രീകരണം തുടങ്ങിയിരുന്നു എങ്കില്‍ നന്നായേനെ. ആ ഒരു ആശയകുഴപ്പം ചിത്രത്തില്‍ ഉടനീളം പ്രകടമാണ്.പിന്നെ ശക്തരായ വില്ലന്‍ കഥാപത്രങ്ങളുടെ അഭാവത്തില്‍ നിന്ന് തുടങ്ങുന്നു ഈ ചിത്രത്തിന്‍റെ പാളിച്ചകള്‍.ഏറ്റവും ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും വ്യക്തിത്വം കൊടുത്തു ചെയ്ത നാന്‍ മഹന്‍ അല്ലൈ എന്നാ ചിത്രം സംവിധാനം ചെയ്ത സുശീന്ദ്രന്‍ തന്നെയാണോ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ആരും സംശയിച്ചു പോകും

ഈ ചിത്രത്തില്‍ നായകന്‍ രെജിസ്ട്രേഷന്‍ മുടക്കുന്ന ഒരു രംഗമുണ്ട്,അത് പോലെ നായികയെ വില്ലന്മാര്‍ തട്ടി കൊണ്ട് പോകുമ്പോള്‍ സ്ഥലം കണ്ടു പിടിക്കുന്ന ഒരു രംഗമുണ്ട് .ഈ രണ്ടു രംഗങ്ങള്‍ ഒഴികെ ഈ പടം സഹിച്ചിരിക്കുക വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ധൂളിലെ സ്വര്‍ണ്ണാക്കയെ അനുകരിക്കാന്‍ ശ്രമിക്കുന്ന നടിയെ (രംഗനായകി) സത്യത്തില്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ചേച്ചിയോ ചേട്ടന്‍റെ ഭാര്യയോ ആയി ലാലേട്ടന് ചോറ് വിളമ്പി കൊടുക്കുന്ന അമ്മയുടെ അടുത്ത് നിര്‍ത്താന്‍ കൊള്ളാം എന്നല്ലാതെ വേറെ ഏതെങ്കിലും റോളിനു അവരെ പറ്റുമെന്ന് ഈ ചിത്രത്തിലെ അഭിനയം കണ്ടാല്‍ പറയില്ല.നനഞ്ഞ പടക്കം പോലെ ഒരു ക്ലൈമാക്സും.തുടക്കം തൊട്ടു ഏങ്ങനെ പോകും എന്ന് പറയാവുന്ന കഥയും ആകുമ്പോള്‍ പൂര്‍ത്തിയായി ഒപ്പം ഒരു സുഖവും ഇല്ലാത്ത പാട്ടുകളും കല്ല്‌ പോലെ ഒരു നായികയും .എല്ലാം തികഞ്ഞു അനിയാ

ചുരുക്കത്തില്‍ പറഞ്ഞാല്‍ ....

ഏതൊരു മലയാളിക്കും എന്നും അഭിമാനിക്കാവുന്ന ഒന്ന്.(നമ്മള്‍ മാത്രമല്ലല്ലോ ഇവിടെ കൂറ പടങ്ങള്‍ എടുക്കുന്നത്) അതാണ് ഈ ചിത്രം.വിക്രം എന്ന നടന്‍റെ കഷ്ട്ടകാലം അവസാനിക്കുന്നില്ല എന്ന് ചുരുക്കം

Sunday, December 25, 2011

വെള്ളരിപ്രാവിന്‍റെ ചങ്ങാതി (Vellari pravinte changathi)

അനിയാ നിനക്ക് ഈയിടെ ആയിട്ടു എന്നെ പറ്റി ഒരു പരാതി ഉണ്ടെന്നു കേട്ടല്ലോ ? ശരി തന്നേടെ.

അണ്ണന്‍ തെളിച്ചു പറ. സംഗതി എന്താ ?

അല്ല ഞാന്‍ സമയത്ത് പടം കാണാറില്ല,കണ്ടാല്‍ നിന്നോട് അഭിപ്രായം പറയാറില്ല, മൊത്തത്തില്‍ ഉഴപ്പാണ് എന്നൊക്കെ നീ പലയിടത്തും തട്ടി മൂളിച്ചതായി ഞാന്‍ അറിഞ്ഞു.

അതിപ്പോള്‍ അണ്ണാ..... സംഗതി വന്നിട്ട് ....

നീ ഒന്നും പറയണ്ട നിന്‍റെ പരാതി തീര്‍ത്തിട്ട് തന്നെ മേല്ക്കാര്യം,ഇന്നാ പിടിച്ചോ ഇന്നലെ ഇറങ്ങിയ വെള്ളരിപ്രാവിന്‍റെ വിശേഷം.

പോന്നണ്ണാ രക്ഷിക്കണം ഞങ്ങള്‍ മലയാളികള്‍ ഒന്നല്ല രണ്ടല്ല മൂന്നു നൊസ്റ്റാള്‍ജിയ പടപ്പുകളാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കണ്ടു പണ്ടാരം അടങ്ങിയത്. അതൊന്നും പോരാഞ്ഞിട്ടാണോ അടുത്ത പഴമ?എഴുപതുകളിലെ നൊസ്റ്റാള്‍ജിയ മാത്രം മതിയെങ്കില്‍ വെറും വയറ്റില്‍ കാണേണ്ട നായിക,എണ്പതുകളിലെ നൊസ്റ്റാള്‍ജിയ ഉളവാക്കാന്‍ കാഴ്ക്കേണ്ട വെനീസിലെ വ്യാപാരി, ഇതൊന്നും കൊണ്ട് തലയ്ക്കു പിടിച്ചില്ല എങ്കില്‍ തൊണൂറുകളുടെ ആദ്യകാലത്തെ പ്രിയന്‍ ലാല്‍ മാജിക്‌ തിരിച്ചു കൊണ്ട് വരുന്ന അറബി ,വിവരക്കേട് കൊണ്ട് ഞങ്ങളില്‍ ചിലര്‍ മലയാള സിനിമ അതിന്‍റെ നല്ല കാലത്തിലേക്ക് തിരിച്ചു പോണം എന്നു പറഞ്ഞു എന്നു വെച്ച് ഇങ്ങനെ ഉപദ്രവിക്കാന്‍ മാത്രം ...... എന്ത് തെറ്റാ ഞങ്ങള്‍ ചെയ്തേ?

അടങ്ങേടെ നമ്മുടെ ഒക്കെ അവസ്ഥ ഇതായി പോയി.അത് പോട്ടെ.ഈ ചിത്രത്തെ കുറിച്ച് ആദ്യം വായിച്ചപ്പോള്‍ തന്നെ ഒരു നല്ല ചിത്രം ആകാനുള്ള സാദ്ധ്യതകള്‍ തോന്നിയതാണ്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അക്കു അക്ബര്‍ ആണ് (വെറുതെ ഒരു ഭാര്യ , കാണാകണ്മണി ഫെയിം).കഥ തിരകഥ ജി എസ് അനില്‍,വിപിന്‍ മോഹന്‍റെ ക്യാമറ,മോഹന്‍ സിതാരയുടെ സംഗീതം അഭിനേതാക്കള്‍ ദിലീപ്,കാവ്യാ മാധവന്‍,മനോജ്‌ കെ ജയന്‍ ,ഇന്ദ്രജിത്ത്,വിജയ രാഘവന്‍,മണിയന്‍ പിള്ള രാജു , മാമ്മു കോയ , സായി കുമാര്‍ തുടങ്ങിയവരാണ്.ഇനി കഥ ചുരുക്കത്തില്‍. ജെമിനി കളര്‍ ലാബില്‍ ജോലിക്കായി എത്തുന്ന മാണികുഞ്ഞ് (ഇന്ദ്രജിത്ത്) എന്ന ചെറുപ്പക്കാരന്‍ .ഇയാളുടെ മരിച്ചു പോയ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ്‌ (രാമു) വെളിച്ചം കാണാതെ പോയ വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന ചിത്രം നിര്‍മിച്ചു സംവിധാനം ചെയ്ത ആളായിരുന്നു.എഴുപതുകളില്‍ നിര്‍മിച്ച ഈ ചിത്രം അക്കാലത്തെ ഒരു നല്ല പരീക്ഷണം ആയിരുന്നു.നസീറും സത്യനും ഒക്കെ കത്തി നിന്ന കാലത്ത് പൂര്‍ണമായും പുതുമുഖങ്ങളെ വെച്ച് എടുത്ത ചിത്രം മാത്രമല്ല സാങ്കേതികമായും ആഖ്യാന രീതിയിലും ഒക്കെ അന്നത്തെ മുഖ്യധാരാചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു സമീപനത്തിന് ശ്രമിച്ച ഒരു ചിത്രം കൂടി ആയിരുന്നു അത്.ചിത്രം പുറത്തു വരാതെ പെട്ടിയില്‍ ആയതോടെ കടബാധ്യതകള്‍ മൂലം സംവിധായകന്‍/നിര്‍മാതാവ് ആത്മഹത്യ ചെയുകയും ആ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച ബാക്കിയുള്ളവര്‍ ഒക്കെ പല വഴിക്ക് ചിതറി പോകുകയും ചെയ്തു.നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു ശേഷം അതായിത് ഈ കാലഘട്ടത്തില്‍ ലാബില്‍ നിന്ന് ഈ ചിത്രത്തിന്‍റെ പ്രിന്റ്‌ കണ്ടെത്തുന്ന മാണിക്കുഞ്ഞ് ഈ ചിത്രം മുഴുവന്‍ കാണുകയും അതിനെ തുടര്‍ന്ന് ഈ ചിത്രം റീലീസ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.ഒപ്പം തന്നെ ആ ചിത്രത്തില്‍ അന്ന് പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ശ്രമിക്കുന്നു.

ഇനി രണ്ടാമത്തെ ത്രെഡ് അതായിത് വെള്ളരിപ്രാവിന്‍റെ ചങ്ങാതി എന്ന വെളിച്ചം കാണാത്ത ചിത്രത്തിന്‍റെ കഥ.ബഷീറും (മനോജ്‌ കെ ജയന്‍ ) രവിയും (ദിലീപ്) ബാല്യകാലം മുതല്‍ ചങ്ങാതിമാരാണ്.ബഷീറിന്‍റെ പെങ്ങള്‍ സുലേഖ(കാവ്യ) രവിയുമായി രഹസ്യ പ്രേമത്തിലാണ് . ആദ്യമൊക്കെ രഹസ്യമാക്കി വയ്ക്കുന്നു എങ്കിലും കുറച്ചു കഴിഞ്ഞു സംഗതി പുറത്താകുന്നു. അതോടെ സമാധാന പൂര്‍ണമായിരുന്ന അവരുടെ ജീവിതം സംഘര്‍ഷഭരിതം ആകുന്നു.ഒടുവില്‍ കല്യാണ ദിവസം വീട്ടില്‍ നിന്നും ഓടി രവിയുടെ അടുതെതുന്ന സുലേഖയുടെ നേരെ ആയുധവുമായി അലറി അടുക്കുന്ന ബഷീറില്‍ സിനിമ തല്ക്കാലം നിര്‍ത്തുന്നു.

ഇനി മൂനാമത്തെ ത്രെഡ് ഈ സിനിമയില്‍ അഭിനയിച്ച നായകന്‍ ഷാജഹാനും നായിക മേരിവര്‍ഗ്ഗീസും ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തില്‍ ആയി കഴിഞ്ഞിരുന്നു.വിഭിന്ന ജാതിക്കാരായ ഇവര്‍ എതിര്‍പ്പുകളെ നേരിട്ട് വിവാഹിതര്‍ ആകാന്‍ തീരുമാനിക്കയും ചിത്രീകരണം കഴിഞ്ഞ ദിവസം ഒളിച്ചോടുകയും ചെയതതതാണ്.പിന്നെ അവരെ കുറിച്ച് ഒരു വിവരവും ഇല്ല.മാണി ക്കുഞ്ഞ് ഈ ചിത്രം വെളിച്ചം കാണിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം ആ പഴയ നായിക നായകന്മാരെ കണ്ടെത്താനും ശ്രമിക്കുന്നു.ആ ശ്രമങ്ങളിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു

മം സംഗതി കേട്ടിട്ട് കൊള്ളാമല്ലോ? എങ്ങനെയുണ്ട് ചിത്രം

അനിയാ സത്യം പറഞ്ഞാല്‍ എനിക്കീ പടം കണ്ടിറങ്ങുമ്പോള്‍ ശരിക്കും ദേഷ്യം വന്നു. തിരകഥ എന്ന സംഭവത്തിലെ ചെറിയ പാളിച്ചകള്‍ പോലും ഒരു നല്ല ശ്രമത്തെ ഇങ്ങനെ നശിപ്പിക്കാം എന്നതിന് ഉദാഹരണം ആണ് ഈ ചിത്രത്തിന്റെ രണ്ടാം പകുതി.ചെറിയ ചില മാറ്റങ്ങള്‍ എങ്കിലും വരുത്തിയിരുന്നു എങ്കില്‍ ഈ വര്‍ഷത്തെ നല്ലൊരു സിനിമ എന്നു നിസംശയം പറയാന്‍ പറ്റുമായിരുന്ന ഒരു പടമാണ് പ്രത്യേകിച്ചു രണ്ടാം പകുതിയാണ് ഇങ്ങനെ കാണിച്ചു വെച്ചിരിക്കുന്നത് .

ഹ ചൂടാകല്ലേ അണ്ണാ .ഒന്ന് തെളിച്ചു പറയെന്നെ .

എടേ ഈ ചിത്രത്തിലെ ഏക വില്ലന്‍ തിരകഥ എഴുതിയ ജി എസ് അനിലാണ്. ഇത്രയും മുഖങ്ങള്‍ ഉള്ള ഒരു കഥയ്ക്ക് തിരകഥ എഴുതാന്‍ അനിലിനു കൊടുത്ത അക്കു അക്ബറിന് ഒരു ജഗ്ഗു റോളും കൊടുക്കാം ഒന്നാമത്തെയും രണ്ടാമത്തെയും ത്രെഡുകള്‍ക്ക് കൊടുത്ത ശ്രദ്ധ മൂന്നാമത്തെതിനു കിട്ടിയില്ല എന്നിടത്തു തുടങ്ങുന്നു തിരകഥയിലെ പാളിച്ചകള്‍.ഇതും രണ്ടാം ത്രെഡ് ലെ പ്രീ ക്ലൈമാക്സും മാറ്റി നിര്‍ത്തിയാല്‍ പിന്നെ നന്നാക്കാം ആയിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍ ഇവയാണ് .
മേരി വര്‍ഗ്ഗീസിന്‍റെ അച്ഛനായി വരുന്ന ഒരു പുരോഹിത കഥാപാത്രമുണ്ട്.എഴുപതുകളില്‍ ഒരു പുരോഹിതന്‍ മകളെ സിനിമയില്‍ അഭിനയിക്കാന്‍ വിടുക എന്ന് പറയുന്നത് കുറച്ചു അതിഭാവുകത്വമായിട്ടാണ് തോന്നിയത്.അതിനു പകരം പണക്കൊതിയുള്ള ഒരാള്‍,പ്രണയം മകളെ തന്നില്‍ നിന്നും അകറ്റുമോ എന്ന് ഭയക്കുന്ന ഒരു പുരോഹിതന്‍ അല്ലാത്ത സാധാരണക്കാരന്‍ .(അച്ഛന് പകരം അച്ചന്‍ കുഞ്ഞായിരുന്നേല്‍ നന്നായേനെ എന്ന് ചുരുക്കം) സംഗതി ക്ലീഷേ ആണേലും ഒരു ജെനുവിനിട്ടി ലഭിച്ചേനെ എന്ന് തോന്നുന്നു.പിന്നെ മാണിക്കുഞ്ഞു മേരി വര്‍ഗ്ഗിസിനെ കണ്ടെത്തി എന്ന് പറയുന്ന രംഗം (പ്രസ്തുത രംഗം ഇനിയും എഡിറ്റ്‌ ചെയ്യാവുന്നതെ ഉള്ളു) ക്ലൈമാക്സിന്‍റെ മൊത്തം തീവ്രതയും കളഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. ഇനി ഇവര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രീ ക്ലൈമാക്സ്‌ (അതായിത് പ്രീവ്യൂ തീയറ്ററില്‍ പഴയ സിനിമയുടെ റീല്‍ പൊട്ടുന്നത് മുതല്‍ ഉള്ള രംഗങ്ങള്‍) ,ഇവിടെ ബഷീറിന്‍റെ പിന്നില്‍ നിരന്നു,രവി സുരേഖമാരെ അഭിമുഖീകരിക്കുന്ന ജനകൂട്ടത്തിനു മുന്നില്‍ സുരേഖ രക്ഷപ്പെടുന്ന വഴി നില്‍ക്കട്ടെ പക്ഷെ രവിയെ പരാജയപ്പെടുത്തുന്നത് അയാളുടെ രോഗം ആയിരുന്നെകില്‍ അതിനു കുറച്ചു കൂടെ പ്രസക്തിയും മിഴിവും ഉണ്ടായേനെ.മൂന്നാമത്തെ ത്രെഡില്‍ ഷാജഹാന്‍ മരിച്ചു പോയി എന്ന് കരുതുന്ന മേരിയും മേരി രക്ഷകര്‍ത്താവുമായി പിരിഞ്ഞു എങ്ങോ അപ്രത്യക്ഷമായി എന്നുമുള്ള അവസ്ഥയില്‍ നിന്നും ഈ ചിത്രം മൂലം അവര്‍ കണ്ടു മുട്ടുന്ന,അതിനകം വിവാഹിതയും ആയി കഴിഞ്ഞിരുന്ന മേരിയും നായകന്‍ ഷാജഹാനും ആ സിനിമയുടെ പോസ്റ്ററിനു മുന്നില്‍ പരസ്പരം നോക്കി നില്‍ക്കുന്ന ഒരു അവസാനത്തെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ .

അപ്പോള്‍ ചിത്രം ബോര്‍ ആണെന്ന് ധൈര്യമായി പറയാമോ അണ്ണാ.

അതല്ലേ കഷ്ട്ടം.തിരകഥ എന്ന സാധനം ഒഴിച്ചാല്‍ ബാക്കി എല്ലാം വളരെ നന്നായിട്ടുണ്ട്.നായിക എന്നാ ചിത്രം ചെയ്ത ജയറാം ഈ ചിത്രത്തിലെ ദിലീപിന്‍റെ സമീപനം കണ്ടു പഠിക്കേണ്ടതാണ്.(ജയരാജിന് പോലും പഠിക്കാവുന്നതാണ് പലതും ). മിമിക്രി പശ്ചാത്തലം ഉള്ള ജയറാമിനെ പോലെ ഉള്ള ഒരാളായിട്ടു പോലും ഒട്ടും മിമിക്രി കാണിക്കാതെ ആ കാലഘട്ടത്തിലെ പല രീതികളും ദിലീപ് ഈ ചിത്രത്തില്‍ നന്നായി പകര്‍ത്തിയിട്ടുണ്ട് . ദിലീപ് മാത്രമല്ല കാവ്യയും (തടി ഒരല്‍പം ശ്രദ്ധിച്ചാല്‍ നന്ന് ) മനോജ്‌ കെ ജയനും (അദേഹം പൊതുവേ എപ്പോള്‍ അഭിനയിക്കും എന്ന് പറയാന്‍ പറ്റാത്ത ഒരാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്) , ഇന്ദ്ര ജിത്തും വിജയ രാഘവനും മണിയന്‍പിള്ള രാജുവും അങ്ങനെ അഭിനേതാക്കള്‍ എല്ലാരും തന്നെ അവര്‍ അവരുടെ പണി വൃത്തിയായി ചെയ്ത പടം എന്ന് പറയാം ഇതിനെ.എപ്പോള്‍ മനസിലായി കാണുമല്ലോ ഈ പടം കണ്ടിറങ്ങിയപ്പോള്‍ എന്തിന്നാ എനിക്ക് ദേഷ്യം വന്നത് എന്ന്. താരങ്ങളുടെ ആരാധകര്‍ക്ക് വേണ്ടിയുള്ളതല്ല ഈ ചിത്രം.ഒരിടത്തു പോലും ഇതില്‍ നായകന്‍ പഞ്ച് ഡയലോഗ് അടിച്ചു ജനങ്ങളെ ആവേശഭരിതര്‍ ആക്കുന്നില്ല .(അത് തിരുകാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നു താനും).പക്ഷെ സത്യത്തില്‍ അതാണ് എനിക്ക് ഇന്നലെ പാരയായത്‌. ആരാധകര്‍ക്ക് കൈയടിക്കാന്‍ / ആര്‍ത്തു വിളിക്കാന്‍ അവസരം ഇല്ലാത്തത് കൊണ്ടാകണം കിട്ടുന്നിടതെല്ലാം ഒടുക്കത്തെ കയ്യടിയും ജയ് വിളിയും .മര്യാദക്ക് സിനിമ കാണാന്‍ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ ഈ ആരാധക തെണ്ടികള്‍.ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ മലയാള സിനിമ പ്രത്യേകിച്ച് താര ചിത്രം ആദ്യ ദിവസം ആദ്യ ഷോക്ക് കേറരുത് എന്ന് പഠിച്ചു . സെക്കന്റ്‌ ഷോ മുതല്‍ പ്രശ്നം ഇല്ല എന്നതാണ് അനുഭവം ( അത്രക്കൊക്കെ ഉള്ളു വന്നു വന്നു ആരാധകര്‍).സിനിമയുടെ തുടക്കവും ടൈറ്റില്‍സ് കാണിക്കുന്നതും വരെ തികച്ചും പുതുമയുള്ള രീതിയിലാണ്‌ എന്നാണ് എനിക്ക് തോന്നിയത് (പറഞ്ഞിട്ടെന്താ).

അപ്പോള്‍ ചുരുക്കത്തില്‍ .....?
ഒരു നല്ല ശ്രമത്തെ ചെറിയ പാളിച്ചകള്‍ എങ്ങനെ നശിപ്പിക്കും എന്നതിന് ഒരു നല്ല ഉദാഹരണം ആണ് ചിത്രം. എന്നാല്‍ പോലും ബ്യുട്ടിഫുള്‍ എന്ന ചിത്രം മാറ്റി വെച്ചാല്‍ മറ്റു ഏതു നവംബര്‍ - ഡിസംബര്‍ മലയാള റിലീസ്കളെകാളും ഭേദപ്പെട്ട ചിത്രം

Saturday, December 24, 2011

ബ്യൂട്ടിഫുള്‍ (Beautifull )

അനിയാ നീ അടുത്തിടെ എപ്പോളെങ്കിലും നട്ടുച്ചയ്ക്ക് പെരുവഴിയിലൂടെ ഒരു രണ്ടു മൂന്ന് മണിക്കൂര്‍ നടന്നിട്ടുണ്ടോ?

എവിടെ? അണ്ണാ ഞാന്‍ ഈയിടെയല്ലേ പുതിയ ഹോണ്ട സിറ്റി എടുത്തത്‌? ഇപ്പോള്‍ രാത്രി ചവറു പെരു വഴിയില്‍ കൊണ്ട് തള്ളാന്‍‍ പോലും കാറിലാ പോകുന്നേ.പിന്നെ രാവിലെ പാര്‍ക്കില്‍ ഒരു മണികൂര്‍ നടക്കാന്‍ പോകും.(ഭയങ്കര കൊളെസ്ട്രോള്‍).അത് മതിയോ? അതിരിക്കട്ടെ ഇതു ഇപ്പോള്‍ ചോദിയ്ക്കാന്‍ കാരണം?

അതല്ലെടാ നട്ടുച്ചയ്ക്ക്,പൊരി വെയിലത്ത്‌,നീ അങ്ങനെ നടക്കുകയാണ് എന്ന് ഒന്ന് സങ്കല്‍പ്പിക്കു.റോഡിന്‍റെ രണ്ടു വശവും തീര്‍ത്തും വിജനം.അങ്ങനെ രണ്ടു മൂന്ന് മണിക്കൂര്‍ നടന്നു കഴിയുമ്പോള്‍ ഒരു പെട്ടിക്കട കാണുന്നു.ദാഹിച്ചു വലഞ്ഞ നീ അവിടുന്ന് നല്ല തണുത്ത ഉപ്പിട്ട ഒരു സോഡ നാരങ്ങ വെള്ളം കുടിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കിക്കേ.

നോക്കി... നോക്കി ... ഹോ ഓര്‍ക്കുമ്പോള്‍ തന്നെ നാക്കില്‍ വെള്ളമൂറുന്നു. എല്ലാ ഇതിപ്പോള്‍ ..............

അനിയാ അടുത്ത് കണ്ട ബ്യൂട്ടിഫുള്‍ എന്ന സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നിയ കാര്യമാണ് മേല്‍പ്പറഞ്ഞത്‌.ഒരു സാധാരണ മലയാളിക്ക് ഇങ്ങനെ തന്നെ തോന്നിയേക്കാം എന്നാണ് എന്‍റെ ധാരണ. ഈ പടം ഇറങ്ങിയപ്പോള്‍ കാണണം എന്ന് കരുതിയതാണ് തിരക്കുകള്‍ മൂലം ആദ്യ ദിവസങ്ങളില്‍ കാണാന്‍ സാധിച്ചില്ല .ആ ഫിലിം ഫെസ്റ്റിവല്‍ വന്നപ്പോള്‍ പണ്ടാരമാടങ്ങുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇതിനെയും എണ്ണി തനി മലയാളിയെ പോലെ വ്യവസ്ഥിതിയെയും പ്രാകി ഇരിക്കയായിരുന്നു.അപ്പോള്‍ ആണ് ഫെസ്റ്റിവല്‍ കഴിഞ്ഞു പടം വീണ്ടും വരുന്നത്.പോയി കണ്ടു.ഒറ്റ വരിയില്‍ തോന്നിയ അഭിപ്രായമാണ് മുകളില്‍ പറഞ്ഞത് .

ഈ സിനിമയെ പറ്റി പറഞ്ഞാല്‍ ഇതിനെ പറ്റി പല നിരൂപകരും പറഞ്ഞു കഴിഞ്ഞതാണ് എന്നാലും ഒന്ന് ഓടിച്ചു പറഞ്ഞോട്ടെ . സംവിധാനം വി.കെ.പ്രകാശ്‌ . (അങ്ങേരെ സത്യമായും എന്നിക്ക് പേടിയാണ് പ്രത്യേകിച്ചു ത്രീ കിങ്ങ്സ് എന്ന അവസാന പടം കണ്ടതിനു ശേഷം) തിരകഥ അനൂപ്‌ മേനോന്‍ (ദാ ഇടി വെട്ടിയവനെ പമ്പ് കടിച്ചു.ഇങ്ങേരെ എനിക്ക് അതിലും പേടിയാ).

അങ്ങനെ പറയുന്നത് ശരിയാണോ? അനൂപ്‌ മേനോന്‍ എന്നൊക്കെ പറഞ്ഞാല്‍ ഈ നിരൂപണ ലോകത്തോക്കെ വലിയ ബഹുമാനമാ . ഒരു രണ്ടു പടം കൂടെ കഴിഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ അങ്ങേരെ ദൈവം ആക്കി എന്ന് ചോദിച്ചാല്‍ മതി .മലയാളത്തിന്‍റെ ആസ്ഥാന ബുദ്ധി ജീവി ശ്രീ താടി റിട്ടയര്‍മെന്‍റ്നോട് അടുക്കുന്നു എന്നും ഓര്‍ക്കുമല്ലോ .ആ വിടവ് നികത്താന്‍ ....... ആ കോക്ക്ടെയില്‍ എന്ന ഒറ്റ പടം പോരെ അയാളുടെ പ്രതിഭ അളക്കാന്‍.

ആ പടത്തോടെ ആണ് എനിക്ക് അങ്ങേരെ പേടിയായി തുടങ്ങിയത്.അവസാന അഞ്ചു മിനിറ്റ് ഒഴികെ ബാക്കി മുഴുവന്‍ ബട്ടര്‍ ഫ്ലൈ ഓണ്‍ എ വീല്‍ എന്ന പടത്തിന്‍റെ ഈച്ച കോപ്പി (ഫ്രെയിം ടു ഫ്രെയിം) ആണ് എന്നത് നില്‍ക്കട്ടെ.ഈ അടുത്ത കാലത്ത് പോലും അനൂപ്‌ മേനോന്‍ അവകാശപ്പെട്ടത് ചിലരൊക്കെ അങ്ങനെ പറഞ്ഞു കേട്ടു എന്നാല്‍ അങ്ങനെ ഒരു പടം അദേഹം കണ്ടിട്ടേ ഇല്ല എന്നാണ്.അദേഹം കൈയില്‍ നിന്നും ഇട്ട അവസാന അഞ്ചു മിനിട്ടാണ് ആ ചിത്രത്തിലെ ഏറ്റവും ബോറായ നിമിഷങ്ങള്‍ എന്നാണ് എന്‍റെ അഭിപ്രായം .

ജന്മനാ കഴുത്തിന്‌ താഴോട്ടു തളര്‍ന്നു കിടക്കുന്ന കോടീശ്വരനായ സ്റ്റീഫന്‍ ലൂയിസ് (ജയസൂര്യ),അയാളുടെ സുഹൃത്താകുന്ന , ജീവിച്ചു പോകാന്‍ പാട് പെടുന്ന ഗായകനായ ജോണ്‍ (അനൂപ്‌ മേനോന്‍),സ്റ്റീഫന്‍റെ ബന്ധുക്കളായ പീറ്റര്‍ (ഉണ്ണി മേനോന്‍), അലക്സ്‌ (ടിനി ടോം),കൊച്ചു പ്രേമന്‍,പൊന്നമ്മ ബാബു പിന്നെ സ്റ്റീഫന്‍റെ ജോലിക്കാരായ കമലാസനന്‍ (നന്ദു),ജയന്‍,ഹോം നേഴ്സ്മാരായി വരുന്ന കന്യക (തെസ്നിഖാന്‍),അഞ്ജലി (മേഘ്ന രാജ്) തുടങ്ങിയവരാണ് ഈ കൊച്ചു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ സിനിമയില്‍ ഏറ്റവും നന്നായി തോന്നിയത്.തളര്‍ന്നു കിടക്കുന്ന കോടീശ്വരന്‍.അങ്ങേരുടെ സ്വത്തിനു നോട്ടമിട്ടു ചുറ്റി പറക്കുന്ന പല സ്വഭാവക്കാരായ ബന്ധുക്കള്‍,അയാള്‍ക്ക് ഒരു രക്തബന്ധവും ഇല്ലാത്ത ചിലരോട് തോന്നുന്ന ആത്മബന്ധം ഇതൊക്കെ കുറെയധികം ചിത്രങ്ങളില്‍ ഇതിനകം പറഞ്ഞു കഴിഞ്ഞതാണ്.എന്നാല്‍ ആങ്ങനെ ഒരു കഥ ഒട്ടും ബോര്‍ അടിപ്പിക്കാതെ പറഞ്ഞു പോകുമ്പോള്‍ ആണ് ഈ ചിത്രം നേരത്തെ പറഞ്ഞ വെയിലത്തെ നാരങ്ങാവെള്ളം ആകുന്നത്‌.180 എന്ന തമിഴ് സിനിമയെ പറ്റി പറഞ്ഞപ്പോളും ഇതേ അഭിപ്രായമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.ഇനി അഭിനയം .ജയസൂര്യ അവതരിപ്പിച്ച സ്റ്റീഫന്‍ വളരെ നന്നായിട്ടുണ്ട്.ബ്ലെസ്സിയെ പോലെയുള്ള ആചാര്യന്മാര്‍ കണ്ടു പഠിക്കേണ്ടതാണ് ഈ കഥാപാത്ര സൃഷ്ട്ടി. സ്റ്റീഫനും സ്വന്തമായ ഒരു ജീവിത വീക്ഷണം ഉണ്ട് .പക്ഷെ അത് തികച്ചും ലളിതമായാണ് പ്രേഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്‌ . എങ്ങനെ ഇത്രക്ക് ശുഭാപ്തി വിശ്വാസി ആകാന്‍ അഥവാ സന്തോഷവാനായി ഇരിക്കാന്‍ കഴിയുന്നു എന്ന ചാനല്‍ ലേഖികയുടെ ചോദ്യത്തിന് എനിക്ക് കാശുള്ളത് കൊണ്ട് എന്ന ഉത്തരം തന്നെ ഇതിനു ഉദാഹരണം (അല്ലാതെ ജീവിതം ആകുന്ന സാഗരത്തിലെ കുമിളകളുടെ അന്തരാളങ്ങളുടെ നിശൂന്യതയുടെ ............... ആ ഒരു ലൈന്‍ അല്ല എന്ന് ചുരുക്കം.ചിലപ്പോള്‍ കഥാപാത്രം ഫിലോസഫി പ്രൊഫസ്സര്‍ അല്ലാത്തത് കൊണ്ടാകും .എന്തായാലും നമ്മുടെ ഭാഗ്യം).

അതിരിക്കട്ടെ.ഈ സിനിമയില്‍ ചിലയിടത്ത് സദാചാര നിയമങ്ങളെ മറികടക്കാന്‍ ബുദ്ധിപരമായ ഒരു ശ്രമം നടക്കുന്നു എന്ന് നിരൂപക സംഘടനയായ "അങ്കിളിനു" പരാതി കിട്ടിയിട്ടുണ്ടല്ലോ? അതിനെ പറ്റി .....?

അനിയാ നീ എപ്പോള്‍ പറഞ്ഞത് പ്രവീണ അവതരിപ്പിക്കുന്ന,ഒരു സീനില്‍ വന്നു പോകുന്ന,ഡോക്ടര്‍ കഥാപാത്രവും നായകനും ആയുള്ള സംസാരം ആകണം അല്ലെ? ആ കഥാപാത്രം ആ രംഗത്ത്‌ വിവാഹേതര ബന്ധങ്ങളെ കുറിച്ച് പറയുന്ന സ്വന്തം അഭിപ്രായം ആണ് ഇവിടെ പലരുടെയും പുരികം ഉയര്‍ത്തുന്നത്.എനിക്കാകെ തോന്നുന്നത് ആ കഥാപാത്രം പറയുന്ന അഭിപ്രായങ്ങള്‍ അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള സ്വകാര്യവീക്ഷണം ആയി കാണാതെ അത് സമൂഹത്തിന്‍റെ സദാചാര ബോധത്തെ എങ്ങനെ സ്വാധീനിക്കും എന്ന് വ്യകുലപ്പെടുന്നിടതാണ് നാമൊക്കെ സദാചാര പോലീസ് ആകുന്നതിന്‍റെ ആദ്യ ചുവടുകള്‍ വെക്കുന്നത്.ആ രംഗത്തില്‍ എനിക്കാകെ തോന്നിയത് അവിടെ കമലാസനന്‍ എന്നാ കഥാപാത്രത്തിന്‍റെ സാന്നിധ്യം ഒഴിവാക്കാമായിരുന്നു എന്നതാണ്.പുള്ളി വെറുതെ നില്‍ക്കുന്നത്തെ ഉള്ളു എങ്കില്‍ പോലും സ്ട്ടീഫനും ഡോക്ട്ടരും മാത്രം ഉള്‍പ്പെടുന്ന ഒരു രംഗം കുറച്ചു കൂടി സത്യസന്ധത അല്ലെങ്കില്‍ വിശ്വസിനീയത ആ രംഗത്തിനു ഉണ്ടാക്കിയേനെ എന്നാണ് എനിക്ക് തോന്നിയത്.ഒറ്റ നോട്ടത്തില്‍ അനൂപ്‌ മേനോന്‍ എന്ന ബുദ്ധി ജീവി,വി കെ പ്രകാശ്‌ എന്ന സാധാരണക്കാരന്‍ സംവിധാകന്‍റെ കണ്ണ് വെട്ടിച്ചു ചാടിയ ഒരു രംഗമായി ആണ് ഞാന്‍ ഈ രംഗത്തെ കാണുന്നത്.പക്ഷെ ചിത്രത്തില്‍ ഉടനീളം ബുദ്ധിജീവിയായ തിരകഥകൃത്തും സാധാരണക്കാരനായ സംവിധായകനും ആയുള്ള ബാലന്‍സ് പ്രകടം ആയിട്ടുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ വിജയം

ഒരു നിമിഷം അണ്ണന്‍ കേറി സദാചാര പോലീസിന്‍റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്? വേണമെങ്കില്‍ അവരുടെ വഴി തെറ്റാണ് എന്ന് സമ്മതിക്കാം എങ്കിലും സമുഹത്തിന്‍റെ മൊത്തത്തില്‍ ഉള്ള മൂല്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യ ത്തോടെ......

ഉലക്കേടെ മൂട് !!! ഇവിടെ സാധാരണക്കാരന്‍റെ മനോഭാവം എനിക്കോ പറ്റുന്നില്ല പിന്നെ മറ്റവന്‍ അങ്ങനെ സുഖിക്കണ്ട എന്നത് മാത്രമാണ്.ഈ മനോഭാവമാണ് കലാകാലത്ത് രാഷ്ട്രീയ പാര്‍ടികള്‍ മുതല്‍ വര്‍ഗീയ ശക്തികള്‍ മുതല്‍ സ്വകാര്യ വ്യക്തികള്‍ അഥവാ ജനകൂട്ടങ്ങള്‍ വരെ മുതലെടുക്കുന്നത്.(അങ്ങനെ അല്ലെങ്കില്‍ ഈ ഒരു കാര്യത്തില്‍ ഉണ്ടാകുന്ന പൌരപ്രതികരണം (എന്നാണ് എന്നാണല്ലോ വെപ്പ് ) എന്ത് കൊണ്ട് നമ്മുടെ ചുറ്റും നടക്കുന്ന നൂറു ശരി കേടുകളോട് ഉണ്ടാകുന്നില്ല?)വന്നു വന്നു അമ്മയും പെങ്ങളുമായി പോകുന്ന കാര്‍ യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി നിന്‍റെ ആവശ്യം കഴിഞ്ഞില്ലേ ഇനി ഞങ്ങള്‍ക്ക് തന്നേക്ക്‌ എന്ന് പറയുന്നിടം വരെ എത്തി സംഗതികള്‍ ഈ നാട്ടില്‍.രാജ് മോഹന്‍ ഉണ്ണിത്താന്‍ സംഭവം ഈ നാട്ടിലെ ഒരു പ്രമുഖ പാര്‍ട്ടി സദാചാര പോലീസ് കളിച്ചത് ആണെന്നും പിന്നീടു ഉണ്ടായ വലുതും ചെറുതും അയ സദാചാര പോലീസ് സംഭവങ്ങള്‍ക്ക് തുടക്കം ആ സംഭവം ആണെന്നും പറയാന്‍ ചങ്കൂറ്റം ഉള്ള എത്ര ബുദ്ധിജീവികള്‍ ഈ ബൂലോകത്ത് കാണും.ഇവന്റെ ഒക്കെ സാദാചാരം.വ്യക്തിപരമായി എന്‍റെ അഭിപ്രായം ഇവനൊക്കെ നല്ല മുള്ള് മുരിക്കിന്‍റെ അഭാവം കൊണ്ടുള്ള പ്രശ്നങ്ങള്‍ മാത്രമാണ് ഉള്ളത്.

അങ്ങനെ അടച്ചു പറയാമോ ?

പിന്നെ എന്താ? അനിയാ സായിപ്പിന്റെ നാട്ടില്‍ കമിതാക്കള്‍ പരസ്യമായി ചുംബിക്കുന്നത് കണ്ടാല്‍ അങ്ങോട്ട്‌ ഒന്ന് കൂടി നോകാതെ നടന്നു പോകുന്ന മലയാളിയെയും നാട്ടില്‍ തോളില്‍ കൈയിട്ടു നടക്കുന്ന കമിതാക്കളെ,വേണ്ട ഭാര്യ ഭര്‍ത്താക്കന്മാരെ കണ്ടാല്‍ പോലും പരസ്യമായി മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയുന്ന (പറ്റിയാല്‍ യു ട്യുബില്‍ അപ്പ് ലോഡും ചെയ്യുന്ന) മലയാളിയെയും അതിനു പ്രേരിപ്പിക്കുന്നത് വ്യക്തിസ്വാതന്ത്രത്തെ സംരക്ഷിക്കുന്ന നിയമത്തോടും അവയോടുള്ള പേടിയുടെ ഏറ്റകുറച്ചിലുകളും മാത്രമല്ല അങ്ങനെ ചെയുന്നവരോട് പൊതുസമുഹത്തിന്‍റെ പ്രതികരണത്തില്‍ ഉള്ള വ്യത്യാസങ്ങള്‍ അഥവാ മനോഭാവം കൂടിയാണ് എന്നാണ് എന്‍റെ വിശ്വാസം .

അയ്യോ അണ്ണാ കാടു കേറാതെ തിരിച്ചു വന്നെ. സിനിമയിലേക്ക് ....

തിരകഥയില്‍ അനൂപ്‌ മേനോന് അകെ പറ്റിയിരിക്കുന്ന പാളിച്ച അവസാന രംഗത്ത് പ്രത്യക്ഷപ്പെടുന്ന (ഇതു മനപൂര്‍വ്വം ഇങ്ങനെ എഴുതുന്നതാണ് ) ആനി എന്ന കഥാപാത്രം എന്തിനു തന്‍റെ പേരും ജാതിയും മാറ്റി പറയുന്നു എന്നതിന് വിശ്വസിനീയമായ കാരണങ്ങള്‍ ഒന്നും തന്നെ തിരകഥാക്രിത്തിനു പറയാന്‍ സാധിച്ചിട്ടില്ല എന്നിടത്താണ്.ആ സംഗതി ഇല്ലായിരുന്നു എങ്കില്‍ ക്ലൈമാക്സ്‌ ഉദ്ദേശിച്ചിടത് കൊണ്ടെത്തിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, അതിനു നല്ലോരുതരം കണ്ടു പിടികേണ്ടത് അനൂപ്‌ മേനോന്‍ എന്ന തിരകഥാകൃത്താണ് എന്നാണ് ഉത്തരം.പക്ഷെ ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോള്‍ നമുക്ക് ഇതു തോന്നില്ല എന്നിടത് ഈ ചിത്രത്തിന്‍റെ ടീം വിജയിച്ചു എന്ന് തന്നെ പറയാം.

അഭിനയം?

ഈ ചിത്രത്തില്‍ ആരും മോശമായി എന്ന് പറയാനാവില്ല.ഉണ്ണി മേനോന്‍ അവതരിപ്പിച്ച പീറ്റര്‍ എന്ന കഥാപാത്രം,ഒരു ഷമ്മി തിലകന്‍ ഒക്കെ അവതരിപ്പിക്കുന്ന ഒരു രീതി പ്രതീക്ഷിക്കുന്ന കാഴ്ചക്കാരെ നിരാശപ്പെടുത്തും എന്നല്ലാതെ മോശമായി എന്ന് എനിക്ക് അഭിപ്രായം ഇല്ല.(ഷമ്മി തിലകന്‍ മോശമാണ് എന്നൊരു ധ്വനി മുകളിലത്തെ വാചകത്തില്‍ ഇല്ല.പ്രജ എന്ന ചിത്രത്തിലെ ആദ്യ രംഗത്തും ചെങ്കോല്‍ എന്ന ആദ്യ ചിത്രത്തിലും (അവിടെയും ആദ്യ രംഗം) മോഹന്‍ലാല്‍ എന്ന നടന്‍ തന്‍റെ ഏറ്റവും നല്ല കാലത്ത്, ഷമ്മി തിലകന്‍റെ ഒപ്പമെത്താന്‍ പാട് പെടുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്).നന്ദു എന്ന നടനെ പുതിയ കാലത്തേ ഒരു ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ആയി ഉപയോഗിക്കാവുന്ന സാധ്യതകളെയും ഈ ചിത്രം തുറന്നു തരുന്നു.മേഘ്ന രാജിനും ഒത്തിരി സാദ്ധ്യതകള്‍ ഈ ചിത്രം തുറന്നു തരുന്നു.നല്ല ക്യാമറ,കേള്‍ക്കാന്‍ സുഖമുള്ള പാട്ടുകള്‍ .

അവസാനമായി ഇത്തരം ചിത്രങ്ങള്‍ അന്യ ഭാഷാ ചിത്രങ്ങള്‍ക്ക് വേണ്ടി തീയറ്റര്‍ ഉടമകള്‍ എടുത്തു മാറ്റുന്നതിനെതിരെ അഞ്ഞടിച്ച സംവിധായകനും ധീരനും സര്‍വോപരി ബുദ്ധി ജീവിയുമായ രഞ്ജിത് പറഞ്ഞ കാര്യങ്ങളെ പറ്റിയുള്ള ഒരു അഭിപ്രായം ....

അനിയാ, കൃഷ്ണനും രാധയും കൂടുതല്‍ തീയറ്റെറുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും അന്യഭാഷാ ചിത്രങ്ങള്‍ കൂടുതല്‍ സ്വാഗതം ചെയ്യപ്പെടുന്നതും അത് കാണാന്‍ പ്രേക്ഷകര്‍ ഉള്ളത് കൊണ്ടാണ്.ലാഭം പ്രതീക്ഷിച്ചു നടത്തുന്ന തീയട്ടെരുകള്‍ അത് കളഞ്ഞു നല്ല സിനിമക്ക് വേണ്ടി നില കൊള്ളണം എന്ന് പറയുന്നത് വെറും ഒരു ബുദ്ധിജീവിജാടയായി മാത്രമേ എനിക്ക് കാണാന്‍ കഴിയു.(ഈ പറയുന്ന രഞ്ജിത് ഒരു അഞ്ചു കൊല്ലം മുന്‍പ് വരെ പടച്ചു വിട്ടിരുന്ന മഹോത്തര സിനിമകള്‍ ആയ ചന്ദ്രോത്സവം,പ്രജാപതി റോക്ക് ആന്‍ഡ്‌ റോള്‍ തുടങ്ങിയവ ഒക്കെ അദേഹത്തിന്റെ കുടുംബം പോലും കാണാതെ ആയപ്പോള്‍ ആണ് അദേഹം ബുദ്ധിജീവി ആയതു എന്ന സത്യം നമുക്ക് തല്ക്കാലം വിടാം).ഇത്തരം നല്ല ചിത്രങ്ങള്‍ കാണികളില്‍ എത്താതെ പോകുന്നെങ്കില്‍ (ഞാന്‍ കാണാന്‍ പോയപ്പോള്‍ തീയറ്റര്‍ ഫുള്‍ ആയിരുന്നു ഇപ്പോള്‍ ഇറങ്ങിയ രണ്ടു സുപ്പര്‍താരചിത്രങ്ങളെകാളും കുടുംബ പ്രേക്ഷകരെയും അവിടെ കണ്ടു) അത് തികച്ചും സങ്കടകരമാണ്, നല്ല ചിത്രം കാണാന്‍ ആളില്ലേ എന്ന് പരാതിപ്പെടുന്നതിനു പകരം ബി സി കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു റീ റിലീസിംഗ് പോലെ ഒന്ന് എന്ത് കൊണ്ട് ചിന്തിക്കുന്നില്ല എന്നതിന് ഉത്തരം പറയേണ്ടത് ഇതിന്‍റെ നിര്‍മാതാക്കളാണ്.അതിന്‍റെ പ്രായോഗിക വിഷമതകളെ പറ്റിഎനിക്കറിയില്ല എന്ന് ആദ്യമേ പറഞ്ഞോട്ടെ .

അപ്പോള്‍ ചുരുക്കത്തില്‍ .....
ചിത്രത്തിന്‍റെ പേരും അഭിപ്രായവും ഒന്നാകുന്ന ഒരു ചിത്രം .ബ്യൂട്ടിഫുള്‍ = ബ്യൂട്ടിഫുള്‍

Saturday, December 17, 2011

വെനീസിലെ വ്യാപാരി

പിന്നേം...... പുതുമ ഛെ........ പഴമ ..അല്ല.... നോസ്ട്ടാല്‍ജിയ

എന്തുവാടെ പിച്ചും പേയും പറയുന്നേ നിനക്ക് വട്ടു പിടിച്ചോ ?

ഇല്ല അണ്ണാ ഞാന്‍ അന്നേ പറഞ്ഞില്ലേ സുബ്രമണ്യപുരത്തിന് നമ്മള്‍ മലയാളികള്‍ തക്ക മറുപടി വേണ്ട സമയത്ത് കൊടുക്കും എന്ന് . ഇതാ ആ മുഹൂര്‍ത്തം സമാഗതം ആയിരിക്കുന്നു.മലയാളത്തിന്‍റെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ,അല്ലെങ്കില്‍ എന്തിനു കുറയ്ക്കുന്നു,ലോക സിനിമയുടെ തന്നെ അഭിമാനമായ ഡോക്ടര്‍ മമ്മൂട്ടി പന്ന പാണ്ടികള്‍ക്ക് ശക്തമായ ഒരു മറുപടി കൊടുത്തിരിക്കുന്നു.തന്‍റെ ഏറ്റവും പുതിയ ചിത്രമായ വെനീസിലെ വ്യാപാരി എന്ന ചിത്രത്തിലൂടെ.

എടാ നീ പടം കണ്ടോ ?

പിന്നെ, അങ്ങേരുടെ ഈ വര്‍ഷത്തെ നാലു പടപ്പുകളും കണ്ട ഞാന്‍ ഏതിനും കൂടെ തല വൈക്കണമെങ്കില്‍ എനിക്ക് നേരത്തെ പറഞ്ഞ പ്രശ്നം ആയിരിക്കണം വട്ട്. അല്ല ഇവരുടെ പടത്തെ പറ്റി അഭിപ്രായം പറയാന്‍ എപ്പോളും പോയി ഈ വക കോപ്രായം കണ്ടു അഭിപ്രായം പറയുക എന്ന പഴഞ്ചന്‍ രീതിയാണോ അണ്ണന്‍ ഉപയോഗിക്കുന്നത് . ആ പോസ്റ്റര്‍ ഒന്ന് നോക്കിയാല്‍ പോരെ ബാക്കി കമ്പ്ലീറ്റ്‌ മനസിലാവില്ലേ?

അതെങ്ങനെ അനിയാ? സത്യമായും എനിക്കാ പരിപാടി അറിയില്ല . ഒന്ന് പറഞ്ഞു തന്നാല്‍ ....

ഛെ ഇതു ശല്യമായല്ലോ.ആദ്യമായി ചെയ്യേണ്ടത് ദീപികയിലെയും മനോരമയിലെയും ഓണ്‍ ലൈന്‍ സിനിമ പേജ് പതിവായി വായിക്കുക എന്നതാണ്.കുറച്ചധികം ഗീര്‍വാണം സഹിക്കേണ്ടി വരും എന്നത് മാത്രമേ പ്രശ്നമുള്ളൂ.(ദീപികയിലെ മഹാപാപി അലക്സാണ്ടര്‍ ദി ഗ്രേറ്റ്‌ എന്ന ചിത്രത്തിലെ ഏക ഹൈലൈറ്റ് ലാലിന്‍റെ അഭിനയം ആണെന്ന് എഴുതി കളഞ്ഞതു ഓര്‍മ വരുന്നു !!).അതില്‍ നിന്നും എണ്‍പതുകളില്‍ നടക്കുന്ന കഥ,ആലപ്പുഴ -കയര്‍ വ്യവസായ പശ്ചാത്തലം,കണ്ണും കണ്ണും എന്ന പാട്ട് (അങ്ങാടി,ജയന്‍ )റീമിക്സ്‌ ചെയ്തു ഉപയോഗിക്കുന്നു മുതലായ വിവരങ്ങള്‍ ലഭിക്കുന്നു.പിന്നെ എന്ത് പാട് ? പോസ്റ്റര്‍ നോക്കുക രണ്ടു നായികമാര്‍ (കാവ്യ,പൂനം ഭാജ്വാ) ന്യായമായും രണ്ടു പേരും സുമുഖ സുന്ദരനും അവിവാഹിതനും അയ മമ്മൂട്ടി അവതരിപ്പിക്കുന്ന നായകനെ പ്രേമിക്കുന്നു.ഇതില്‍ ഒരാളെ അദേഹം ദയാപൂര്‍വ്വം തിരിച്ചു പ്രേമിക്കുന്നു.മറ്റെയാള്‍ വാശിക്ക് കാത്തിരിക്കുന്നു.പിന്നെ കണ്ണും കണ്ണും റീ മിക്സ്‌,ഡോക്ടര്‍ മമ്മുട്ടി അദേഹത്തിന്‍റെ ചെറുപ്പകാലത്ത് അഭിനയിച്ച ഒരു പ്രണയ രംഗത്തെ പറ്റി ഒരു സഹൃദയന്‍ പറഞ്ഞ അഭിപ്രായം ഇപ്രകാരം "പ്രേമപരവശയായി നൃത്തം ചെയുന്ന അമലയുടെ നാലു ചുറ്റും നടന്നു,ഒരു മാതിരി പഞ്ചായത്ത് ഓഫീസില്‍ നിന്നും വസ്തുവിന്‍റെ അതിര് അളക്കാന്‍ വന്ന ശിപായിയെ പോലെ,പ്രേമിക്കുന്ന ശ്രീ മമ്മൂട്ടി ........". ഈ മനുഷ്യനെ പിടിച്ചു അദേഹത്തിന്റെ വയസ്സ് കാലത്ത് ഇമ്മാതിരി ഒരു പാട്ടില്‍ അവതരിപ്പിച്ചാല്‍ സംഗതി എത്ര കുളമായി എന്ന് മാത്രം ചോദിച്ചാല്‍ പോരെ. മഹാബോറായി എന്ന് ധൈര്യമായി കാച്ചാം.പിന്നെയുള്ളത് വില്ലന്മാര്‍ .വിജയ രാഘവന്‍,സുരേഷ് കൃഷ്ണ സംവിധാനം ഷാഫി . അപ്പോള്‍ പിന്നെ ടെമ്പ്ലേറ്റ് മായാവി അല്ലെങ്കില്‍ ചട്ടമ്പിനാട്.ഇത്രയും ഒന്ന് പരത്തി എഴുതനാണോ നിങ്ങളീ പടം പോയി മൂന്നു മണിക്കൂര്‍ സഹിച്ചിരിക്കുന്നത്?

നീ പറഞ്ഞത് ന്യായം തന്നെടെ ആദ്യം ഇതിന്റെ കഥ ഒന്ന് കേള്‍ക്കു.പറഞ്ഞത് പോലെ എണ്പതുകളിലാണ് കഥ നടക്കുന്നത് . പവിത്രന്‍ എന്ന ചെറുപ്പക്കാരനായ (?) പോലീസുകാരനായി മമ്മൂട്ടി.സുന്ദരനും സല്‍ഗുണ സമ്പന്നനും അയ അദേഹത്തെ എസ പി (ജനാര്‍ദ്ദനന്‍ )യുടെ മകള്‍ മഹാലക്ഷ്മി (പൂനം) വാശിക്ക് കേറി പ്രേമിക്കുന്നു.നായകന് അങ്ങനെ ഒന്നും ഇല്ല പിന്നെ കൊച്ചിന് നിര്‍ബന്ധമാണേല്‍ ... എന്നൊരു ലൈന്‍.എസ് പി വിവരം അറിയുന്നു.പവിത്രനെ വല്ല കാസര്‍കൊടെക്കും സ്ഥലം മാറ്റുന്നതിന് പകരം അദേഹം ചെയുന്നത് സ്വന്തം കയ്യില്‍ നിന്നും ഒരു പതിനായിരം രൂപയും കൊടുത്തു പ്രമാദമായ അജയന്‍ കൊല കേസ് അന്വേഷിക്കാന്‍ രഹസ്യ പോലീസ് ആയി ഇയാളെ പറഞ്ഞു വിടുന്നു.മുന്‍പ് ഈ കേസ് അന്വേഷിക്കാന്‍ പോയവരൊക്കെ അവിടുന്ന് അടി മേടിച്ചിട്ടാണ് വന്നത് പോലും (വല്ല സ്വാതന്ത്ര്യം കിട്ടിയ സമയത്ത് വല്ലതും ആയിരുന്നെകില്‍ സഹിക്കാമായിരുന്നു).

കേസ് അന്വേഷണവുമായി ഒരു കച്ചവടക്കാരന്‍ ആയി ആ നാട്ടില്‍ ചെല്ലുന്ന പവിത്രന്‍ അജയന്റെ കുംടുംബവുമായി അടുക്കുന്നു അച്ഛന്‍ കാലടി (ജഗതി),സഹോദരി അമ്മു (കാവ്യ)തുടങ്ങിയവരാണ് മരിച്ചു പോയ അജയന്‍റെ (ബിജു മേനോന്‍)കുടുംബാംഗങ്ങള്‍ .പിന്നെ അവിടുത്തെ പ്രബലന്മാരായ ചുങ്കത്തറക്കാരും (വിജയരാഘവന്‍ , മകന്‍ സുരേഷ് കൃഷ്ണ),ആലിക്കോയയും (ശ്രീരാമന്‍ ).ഇതില്‍ അലിക്കോയ അജയനെ കൊന്നതിന് സംശയിക്കപ്പെടുന്ന ആളാണ്. ഇതിനു പുറമേ ഗള്‍ഫില്‍ നിന്നും വന്ന കമലാസനന്‍ (സലിം കുമാര്‍),ഉണ്ട പക്രു,ചന്ദ്രന്‍ പിള്ള (സുരാജ്) എങ്ങനെ വേറെയും കുറെ തമാശക്കാര്‍ കൂടിയുള്ളതാണ് ആ ഗ്രാമം.പതുക്കെ കേസ് അന്വേഷണത്തിന് വന്ന ഇയാള്‍ പോലീസ് ഉദ്യോഗം രാജി വെച്ച് വ്യാപാരത്തില്‍ മുഴുകുന്നു.ഇതിനിടെ അമ്മുവിന് സ്വാഭാവികമായും ഇയാളോട് പ്രേമം (അല്ലാതെ പിന്നെ) .ഇതിനിടെ മഹാലക്ഷ്മിയെ കല്യാണം കഴിക്കാനിരുന്ന പവിത്രന് അമ്മുവിനെ വിവാഹം കഴിക്കേണ്ടി വരുന്നു.പതിയെ പതിയെ ഒന്നൊന്നായി ബുദ്ധി ഉപയോഗിച്ച് കീഴടക്കി മുന്നേറുന്ന പവിത്രനെ ചുങ്കതറക്കാര്‍ ചതിയില്‍ പെടുത്തി സ്വത്തുക്കളെല്ലാം നഷ്ട്ടപ്പെടുത്തി കുത്ത് കേസില്‍ ജയിലില്‍ അയക്കുന്നു.

ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞു തിരിച്ചെത്തുന്ന നായകന്‍ നാട്ടുകാരുടെയും അമ്മുവിന്‍റെയും വിശ്വാസം നേടിയെടുക്കാന്‍ സ്വന്തം നിലയ്ക്ക് അജയന്‍ കൊല കേസ് അന്വേഷിക്കാന്‍ തീരുമാനിക്കുന്നു . കയ്യില്‍ ഇഷ്ട്ടം പോലെ ബുദ്ധി സ്റ്റോക്ക്‌ ഉള്ളത് കൊണ്ട് പുഷ്പം പോലെ സംഗതി തെളിയിച്ചു എല്ലാം മംഗളം ആക്കുന്നു.

അണ്ണാ നിങ്ങള്‍ എങ്ങനെ പരത്തി പറയാതെ ഈ പടം എങ്ങനെയുണ്ട് എന്ന് ഒന്ന് പറഞ്ഞു തരാമോ ? എനിക്ക് ഞങ്ങളുടെ താത്വിക സിനിമ ബൌദ്ധികക്ഷുദ്ര ജീവിയായ അണലി ഷാജിയെ ജയ് വേതാളം ചാനല്‍ വക പരിപാടിക്ക് എത്തിക്കാന്‍ ഉള്ളതാ.

ഈ ചിത്രത്തിന്‍റെ ഒന്നാം പകുതി കണ്ണും കണ്ണും എന്ന പാട്ടില്‍ ഡോക്ടര്‍ മമ്മൂട്ടി കാണിക്കുന്ന വൃത്തികേടും,ഉടനീളം അദേഹം ചെറുപ്പക്കാരന്‍ ചമയാനുള്ള വെപ്രാളവും മാറ്റി നിര്‍ത്തിയാല്‍ എന്തേലും ആയി കൊണ്ട് പോട്ടെ എന്ന് കരുതാം.(കഷ്ടിച്ച് സഹിക്കാം എന്ന് വായിക്കുക). അതിന്‍റെ എന്തെങ്കിലും ക്രെഡിറ്റ്‌ ഉണ്ടെങ്കില്‍ അതിനു അര്‍ഹന്‍ തിരകഥ എഴുതിയ ശ്രീ ജെയിംസ്‌ ആല്‍ബര്ട്ട് ആണ് . എന്നാല്‍ രണ്ടാം പകുതി ആകുമ്പോള്‍ സംവിധായകന്‍ ഷാഫി തന്‍റെ വിശ്വരൂപം രൂപം പുറത്തെടുത്തു ആ ചിത്രത്തെ നശിപ്പിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌.സൂപ്പര്‍ താരം പ്രസ്തുത ശ്രമത്തിനു തന്നാല്‍ ആവുന്ന വിധം കൊഴുപ്പേകാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

അപ്പോള്‍ അഭിനയം?

സുപ്പര്‍ താരങ്ങള്‍ കുറച്ചു കാലമായി അഭിനയിക്കാറില്ലല്ലോ അവര്‍ എന്ത് ചെയുന്നോ അതാണ്, അത് മാത്രമാണ് അഭിനയം എന്നാണല്ലോ ഇവിടത്തെ മാധ്യമ / ആരാധക / ബൂ ലോകങ്ങള്‍ ഒറ്റ സ്വരത്തില്‍ പറയുന്നത് . ബാക്കി ഉള്ളവരില്‍ പൂനം ബാജ്വയെ എന്തിനാണ് കൊണ്ട് വന്നിരിക്കുന്നത് എന്ന് മനസിലായില്ല .(ഒന്നാം പകുതിയില്‍ കണ്ണും കണ്ണും പാടാനും രണ്ടാം പകുതിയില്‍ കാമുകന്‍റെ ഭാര്യക്ക്‌ ലോണ്‍ കൊടുക്കാനും എന്നാണ് സംഗതിയുടെ ഉത്തരം ).കുറച്ചു നെഗറ്റീവ് ഷേഡ് ഒക്കെ കൊടുത്തു വൃത്തിയായി ചെയ്തിരുന്നേല്‍ നല്ല ഒരു സിനിമയായി മാറും ആയിരുന്ന സാധനമാണ്‌ ഈ പരുവത്തില്‍ അവതരിച്ചിരിക്കുന്നത് . ജഗതി,കാവ്യ,സുരാജ്,വിജയരാഘവന്‍,സുരേഷ് കൃഷ്ണ എന്നിവരൊക്കെ എന്തൊക്കെ ചെയ്യുമെന്ന് ഒരു അഞ്ചു മിനിട്ടിനകം വര്‍ഷത്തില്‍ ഒരു അഞ്ചു മലയാള പടം കാണുന്നവര്‍ക്ക് സുന്ദരമായി പറയാന്‍ പറ്റും

പിന്നെ ഒരൊറ്റ കാര്യം കൂടി കണ്ണും കണ്ണും എന്ന പാട്ടിന്‍റെ പേരും പറഞ്ഞു ഡോക്ടര്‍ മമ്മൂട്ടി കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടു ഞാന്‍ നമ്മുടെ പാവം നസീര്‍ സാറിനെ ഓര്‍ത്തു പോയി.ആ പാവം മനുഷ്യന്‍ ഇതേ പ്രായത്തില്‍ പ്രണയ രംഗങ്ങള്‍ അതി മനോഹരമായി കൈകാര്യം ചെയ്തപ്പോള്‍ നിനക്കൊക്കെ പുച്ഛം പരിഹാസം .... നീയൊക്കെ ഇത്രയും അനുഭവിച്ചാല്‍ പോരെടാ....

അപ്പോള്‍ ചുരുക്കത്തില്‍ .....

ശ്രീ മമ്മൂട്ടി ഈ ചിത്രത്തിന്റെ അവസാനം വില്ലനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് . അത് അദേഹത്തിന് തന്നെ അറം പറ്റാതെ ഇരിക്കണേ എന്നൊരു പ്രാര്‍ഥനയെ എനിക്കുള്ളൂ . ആ ഡയലോഗ് ഏതാണ്ട് ഇപ്രകാരമാണ് ..."കാശു വരും പോകും പക്ഷെ താന്‍ ഈ കാണിച്ചു കൂട്ടിയത് ഉണ്ടല്ലോ അതിനുള്ളത് മുഴുവന്‍ അനുഭവിച്ചേ താന്‍ പോകു ".എണ്പതു കളിലെ കഥ പറയുന്ന സംവിധായകരുടെ ശ്രദ്ധക്ക്, ഷൂട്ടിംഗ് ആവശ്യത്തിനു ഉള്ള ബെല്‍ ബോട്ടം പാന്‍റ്റ് ഇതൊന്നും പോരെങ്കില്‍ നായകന്‍ മുതല്‍ വഴി പോക്കര്‍ വരെ ആയി അഭിനയിക്കുന്ന ആള്‍ക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ഒരേ തരം വിഗ്ഗുകള്‍ എന്നിവയ്ക്ക് ഷാഫി /മമ്മൂട്ടി എന്നിവരെ (പടത്തിന്റെ പ്രൊഡ്യൂസര്‍ക്ക് സുപ്പര്‍ താര ചിത്രത്തില്‍ എന്ത് വില? സംശയം ഉള്ളവര്‍ റെഫര്‍ വന്ദേമാതരം പ്രൊഡ്യൂസര്‍ ഹെന്രി ) സമീപിക്കുക ...........................................

Friday, December 16, 2011

അറബീം ഒട്ടകോം പി മാധവന്‍ നായരും (ഒരു മരുഭൂമി കഥ )

നോസ്ട്ടാല്‍ജിയാ,നോസ്ട്ടാല്‍ജിയാ.................

അനിയാ എന്ത് പറ്റി ഇതെന്താ മുക്കാബല പോലത്തെ വല്ല പുതിയ പാട്ടുമാണോ?

അല്ല ഇതാര് അണ്ണന്‍ എവിടെയായിരുന്നു കുറച്ചു കാലമായല്ലോ കണ്ടിട്ട് . നിങ്ങളെ ഫാന്‍സ്‌ (പ്രബുദ്ധരായ എന്ന് കൂടി ചേര്‍ത്ത് വായിച്ചോ അതാ ഇപ്പോളത്തെ ഒരു രീതി) തല്ലി കൊന്നു എന്നാ ഞാന്‍ വിചാരിച്ചേ.

അല്ല അനിയാ പരീക്ഷ,പനി അങ്ങനെ കുറെ വ്യക്തിപരമായ പ്രശ്നങ്ങളില്‍ പെട്ട് കിടക്കുവായിരുന്നു.ഇന്നലെയാ ഒന്ന് ഊരികിട്ടിയതു.ഈ കാലഘട്ടത്തില്‍ ഉണ്ടായ പ്രധാന നഷ്ട്ടം ബ്യൂട്ടിഫുള്‍,സ്വപ്ന സഞ്ചാരി,ഡാം 999, ഒസ്തി,പോരാളി, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങള്‍ മിസ്സ്‌ ആയി എന്നതാണ്. അതിരിക്കട്ടെ നീ ഈ പാട്ടിന്‍റെ കാര്യം പറഞ്ഞില്ലല്ലോ.

ഇതാ കുഴപ്പം.അണ്ണന്‍ കാര്യങ്ങള്‍ അറിഞ്ഞില്ലേ അശോക്‌ കുമാര്‍ (നിര്‍മാതാവ് ),പ്രിയന്‍,മോഹന്‍ലാല്‍ എന്നീ സുഹൃത്തുക്കള്‍ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു എന്നാ മഹാ സംഭവം ... അറിഞ്ഞില്ലേ? ഹോ ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം ...

അനിയാ ഞാനും നീയും അടക്കമുള്ള മലയാളികള്‍ രാവിലെ എഴുനേറ്റാല്‍ ആദ്യം ഇന്നു എന്ത് ആലോചിച്ചാ രോമാഞ്ചം കൊള്ളേണ്ടത്‌ എന്നാലോചിക്കുന്ന വര്‍ഗം ആയിട്ടുണ്ട്.ഒന്ന് തിരനോട്ടം എന്നത് ഓസ്കാര്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ഒരു അതിശയ ചിത്രമൊന്നും അല്ല . മോഹന്‍ലാല്‍ എന്ന നടന്‍ അതിലെ നായകനും അല്ലായിരുന്നു.അത് കൊണ്ട് നീ ഈ പറയുന്ന ചരിത്ര പ്രാധാന്യം ഒന്നും ഈ ചിത്രത്തില്‍ ഞാന്‍ കാണുന്നില്ല. മീശ കഥാപാത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടി തുടങ്ങിയപ്പോള്‍ ദാ ഇപ്പോള്‍ ലാലിനെ രക്ഷിച്ചു കാണിച്ചു തരാം എന്ന മട്ടില്‍ എടുത്തു (പൊട്ടിയ)അറുബോറന്‍ കാക്കകുയില്‍ എന്ന ചിത്രത്തിന് ശേഷം പ്രിയന്‍,ലാല്‍,മുകേഷ് ടീം വീണ്ടും വരുന്നു എന്നതാണ് സത്യസന്ധമായ ഒരു മരുഭൂമി കഥ എന്ന പേരില്‍ അറിയപ്പെടുന്ന അറബീം ഒട്ടകോം പി മാധവന്‍ നായരും എന്ന ചിത്രത്തിന് ചേരുന്ന വിശേഷണം.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ പ്രിയന്‍ എന്ന സംവിധായകന്‍ പഴയ ആളൊന്നുമല്ല കാഞ്ചീപുരം എന്ന ചിത്രത്തിന് ശേഷം ലോകോത്തര ചിത്രങ്ങള്‍ മാത്രമേ എടുക്കു എന്നു ശപഥം എടുത്തിരുന്ന അദ്ദേഹത്തെ ഈ കൂതറ മലയാളികള്‍ നിരന്തരമായി കാലുപിടിച്ചു കരഞ്ഞതിന്‍റെ പേരില്‍ തന്‍റെ ശപഥം ലംഘിച്ചു ഒരു മുഴുനീള വിനോദചിത്രം എടുക്കാന്‍ തീരുമാനിക്കുകയും ആണ് ഉണ്ടായതു എന്നാണ്‌ പത്രമാധ്യമങ്ങളില്‍ നിന്നറിഞ്ഞത്.(ഈ പന്ന മലയാളികളുടെ ഒരു കാര്യമേ.ചുമ്മാതാണോ ബി ഉണ്ണികൃഷ്ണനെ പോലെ മനസ്സില്‍ ലോകോത്തര സിനിമ മാത്രം കൊണ്ട് നടക്കുന്ന സംവിധായകര്‍ ഈ നാറികള്‍ക്ക്‌ രസിക്കാന്‍ പ്രമാണിയും മാടമ്പിയും ത്രില്ലറും ഒക്കെ എടുക്കുന്നത് )

ഇയാള്‍ എപ്പോളും കാടു കേറുന്ന സംഭവം വിട്ടില്ലേ . ഒന്ന് കാര്യത്തിലേക്ക് വന്നേ.

പിന്നെ എന്താ ദാ ഇപ്പോള്‍ വന്നേക്കാം.ആദ്യം ഒന്ന് രണ്ടു ചില്ലറ പുറം കാഴ്ചകള്‍.ദോഷം പറയരുതല്ലോ സുപ്പര്‍ താര ആരാധകര്‍ ഇത്തവണ ഭയങ്കര വാശിയിലാണ്.ഈ വര്‍ഷം ആഞ്ഞു ശ്രമിച്ചിട്ടും ഒരു പടം പോലും പച്ച തൊടാത്തത് അവരെ ചില്ലറ ഒന്നുമല്ല വാശി പിടിപ്പിച്ചത് എന്ന് തോന്നുന്നു.സാധാരണയുള്ള പൂ എറിയല്‍ സൂപ്പര്‍ താരം എന്ത് ചെയ്താലും നിര്‍ത്താതെയുള്ള കൈയട്ടി ഇത്യാദി സംഗതികള്‍ക്ക് പുറമേ ഫാന്‍സ്‌ മൊത്തമായി ടിക്കറ്റ്‌ എടുത്തു വഴിപോക്കരെ ക്ഷണിച്ചു ടിക്കറ്റ്‌ കൊടുത്തു (കാശു വാങ്ങിയിട്ട് തന്നെ ) അകത്തു കയറ്റുന്നത് കാണാനിടയായി. സംഗതി അദേഹത്തിന്‍റെ ശക്തി കേന്ദ്രമായ തിരുവനതപുരത്താണ് എന്ന് കൂടി ഓര്‍ക്കണം .ശരി അതൊക്കെ നില്‍ക്കട്ടെ കഥ അഭിലാഷ് നായര്‍ , ക്യാമറ അളഗപ്പന്‍ അഭിനേതാക്കള്‍ ലാല്‍,മുകേഷ്,ലക്ഷ്മി റായ്,ഭാവന,ഇന്നസെന്‍റ്,മാമ്മുകോയ തുടങ്ങിയവര്‍ .ശരി ഇനി ഈ ചിത്രത്തിന്‍റെ മര്‍മ പ്രധാന ഭാഗത്തിലേക്ക് അതായിത് കഥ എന്ന് പറയപ്പെടുന്ന സംഗതി .

അണ്ണാ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ......

ശരി ഈ ചിത്രത്തിന്‍റെ പുതുമയുള്ള കഥ സിനിമ ശാലയില്‍ പോയി കുറഞ്ഞത്‌ അമ്പതു രൂപയെങ്കിലും കളഞ്ഞേ ആസ്വദിക്കു എന്ന് വാശിയുള്ളവര്‍ താഴോട്ട് വായിക്കരുത് .

കഥ നടക്കുന്നത് ദുഫായില്‍ അവിടെ മാധവന്‍ നായര്‍ എന്ന മലയാളി.പണ്ട് എന്തോ പ്രേമ നൈരാശ്യം മൂത്ത് ഇങ്ങോട്ട് വനതാണ് പത്തു പതിനഞ്ചു കൊല്ലം കഴിഞ്ഞു ഒരു അറബിയുടെ (ശക്തി കപൂര്‍) കമ്പനിയില്‍ അക്കൌണ്‍റ്റന്റ് ആയി ജോലി ചെയ്യുകയാണ് ഇയാള്‍ . അക്കൌണ്‍റ്റന്റ് എന്ന് വെറുതെ പറഞ്ഞാല്‍ പോര അറബിയുടെ ഏതാണ്ട് വളര്‍ത്തു മകനെ പോലെയാണ് ഇയാള്‍ . അറബിയുടെ സെയിഫിന്റെ നമ്പര്‍ കോഡ് വരെ ഇയാള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്‌ അറബി.രണ്ടു കൊല്ലം മുന്‍പ് ‌ മാധവന്‍ നായര്‍ മീനാക്ഷിയെ (ലക്ഷ്മി റായ്) പരിചയപ്പെടുന്നു.(തികച്ചു യദ്രിചികമായി ).എന്ന് വെച്ചാല്‍ രണ്ടുപേരും ഒരേ മോതിരം എടുക്കുന്നു എന്നിട്ട് നിങ്ങള്‍ എടുത്തോളു എന്ന് വാശിക്ക് പറയുന്നു.ഒരേ ടാക്സിയുടെ രണ്ടു വാതിലിലൂടെ ഒരേ സമയം കേറുന്നു. എന്നിട്ട് താങ്കള്‍ എടുത്തോളു എന്ന് വാശിക്ക് പറയുന്നു അങ്ങനെ കുറെ.ഇത്രക്ക് സുന്ദരനായ ഒരു മനുഷ്യനെ ഇതിനു മുന്‍പ് അമേരിക്കയിലോ കേരളത്തിലോ ഗള്‍ഫിലോ കണ്ടിട്ടില്ലാത്തത് കൊണ്ടാകണം എന്നെ ഒന്ന് ദയവായി പ്രേമിച്ചു തരാമോ എന്ന ഭാവമാണ് തുടക്കം മുതല്‍ മീനാക്ഷിക്ക്.എന്നാല്‍ പാവം മാധവന്‍ നായര്‍ തന്‍റെ കുടവയറും കുലുക്കി പ്രേമിക്കാന്‍ തയ്യാര്‍ ആയപ്പോള്‍ കൊച്ചു നേരെ ഒരു ദിര്‍ഹം നോട്ട് എടുത്തു അതില്‍ തന്‍റെ ഫോണ്‍ നമ്പര്‍ എഴുതി ഈ നോട്ട് താന്‍ ചിലവാക്കാന്‍ പോകയാണെന്നും ഇനി നമുക്ക് കണ്ടുമുട്ടാന്‍ യോഗം ഉണ്ടെങ്കില്‍ ഈ നോട്ട് കറങ്ങി തിരിഞ്ഞു താങ്കളുടെ അടുത്ത് വരുമെന്നും അപ്പോള്‍ വിളിച്ചാല്‍ മതി എന്നും പറഞ്ഞു പിരിയുന്നു (ഇതു ജെ ജെ എന്ന പടത്തില്‍ വളരെ വൃത്തിയായി എടുത്തു കാണിച്ചിട്ടുണ്ട് )കഥ ഇന്നില്‍ എത്തുന്നു . രണ്ടു കൊല്ലത്തിനു ശേഷം തികച്ചും യദ്രിചികമായി (ഈ വാക്ക് ഇടയ്ക്കിടെ ആവര്‍ത്തിക്കേണ്ടി വരും ക്ഷമിക്കുക) ആ നോട്ട് മാധവന്‍ നായര്‍ക്കു കിട്ടുന്നു. ഉടനെ അതില്‍ കാണുന്ന നമ്പറില്‍ വിളിക്കുന്ന ടിയാന്‍ അറിയുന്നത് കൊച്ചു ഇതു വരെ സിം കാര്‍ഡ്‌ മാറിയിട്ടില്ല എന്ന് മാത്രമല്ല കല്യാണം പോലും കഴിക്കാതെ ആ പഴയ കോഫി ഷോപ്പില്‍ ആദ്യ കാഴ്ചയില്‍ തന്നെ തന്നെ വീഴ്ത്തികളഞ്ഞ കുട്ടുകം കമഴ്ത്തി വെച്ചത് പോലുള്ള സുന്ദരനെയും കാത്തു രണ്ടു കൊല്ലമായി ഒരേ ഇരുപ്പായിരുന്നു എന്നതാണ്. ഈ നോട്ട് കിട്ടിയ ദിവസമാണ് അബ്ദു എന്ന നാട്ടിലെ സുഹൃത്ത്‌ ജോലി അന്വേഷിച്ചു മാധവന്‍ നായരേ കാണാന്‍ എത്തുന്നത്‌ (ആ രംഗങ്ങള്‍ കാക്കകുയി്‍ലിലേതു പോലെ തന്നെ ). ആദ്യം അബ്ദുവിന് ജോലി വാഗ്ദാനം ചെയുന്നു എങ്കിലും അയാള്‍ മുന്‍പ് മോഷണ കുറ്റത്തിന് ജയിലില്‍ കിടന്നതാണ് എന്നറിയുമ്പോള്‍ മാധവന്‍ നായര്‍ അബ്ദുവിനെ ആട്ടി ഓടിക്കുന്നു.
ഇനി ട്രാക്ക് രണ്ടു . ഗള്‍ഫിലെ സമ്പന്നനും പിശുക്കനും അയ ഒരച്ചായന്‍ (നെടുമുടി വേണു) പതിവ് പോലെ ഇങ്ങേരുടെ സ്വത്തു അടിച്ചു മാറ്റാന്‍ വെമ്പി നില്‍ക്കുന്ന കുറെ ബന്ധുക്കള്‍ (ചിത്രം മുതല്‍ ഏതാണ്ട് എല്ലാ പ്രിയന്‍ ചിത്രങ്ങളിലും ഇവരെ കാണാം ) സ്വത്തിനു ഏക അവകാശിയായ മകളെ ആരോ തട്ടി കൊണ്ട് പോയിട്ട് റാന്‍സം കാശു ആവശ്യപ്പെടുന്നു.ഇതിനിടെ ട്രാക്ക് ഒന്നില്‍ പ്രണയം മൂത്ത് ഏതാണ്ട് കല്യാണത്തിന് അടുത്ത് എത്തി നില്‍ക്കുമ്പോള്‍,ഒരു ദിവസം മറ്റൊരു സ്ഥലത്തുള്ള ബിസ്നെസ്സ് മീറ്റിംഗ് ക്യാന്‍സെല്‍ ആയതിനാല്‍ അപ്രതീക്ഷിതമായി മീനാക്ഷിയുടെ വീട്ടില്‍ എത്തുന്ന മാധവന്‍ നായര്‍ കാണുന്നത് മറ്റൊരാളുമായി അവിഹിതത്തില്‍ ഏര്‍പ്പെടുന്ന മീനാക്ഷിയെയാണ് .താഴെ അറബിയുടെ ഉടുപ്പും കൂടെ കാണുമ്പോള്‍ അറബിയും മീനാക്ഷിയും തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് നായകന്‍ മനസിലാക്കുന്നു.അകെ തകര്‍ന്നു കാറുമായി ലക്ഷ്യമില്ലാതെ കുതിക്കുന്ന നായകന്റെ വാഹനത്തില്‍ അബ്ദുവും കയറികൂടുന്നു (അതും യദ്രിചികമാകാം) മോഷണമാണ് ലക്‌ഷ്യം.അതമഹത്യ ചെയ്യാന്‍ ഉറച്ചു മരണ വേഗത്തില്‍ വണ്ടിയോടിക്കുന്ന നായകന്‍ റോഡില്‍ നിന്നും തെറ്റി മരുഭൂമിയില്‍ എത്തുന്നു .പിന്നെ ..

പിന്നെ... എന്താ നിര്‍ത്തി കളഞ്ഞത് ?

പിന്നെ കഥ എങ്ങോട്ടൊക്കെയോ പോകുന്നു എന്നതാണ് സത്യം . വഴി തെറ്റി അലയുന്ന ഇവര്‍ ഒരു കാര്‍ കാണുന്നു . അത് ഓടിച്ചു പോകുമ്പോള്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തുമ്പോള്‍ ഡിക്കിയില്‍ എലിയാന (ഭാവന) എന്നൊരു പെണ്‍കുട്ടി .ആരോ തട്ടി കൊണ്ട് പോയ ഈ കൊച്ചുമായുള്ള നായകന്മാരുടെ ഓടി തൊട്ടുകളിയാണ്‌ (എലിയാനയെ കളഞ്ഞു രക്ഷപ്പെടാനുള്ള ശ്രമങ്ങളും അത് ചീറ്റുന്നതും(റെഫര്‍ കിലുക്കം))ഇടവേള വരേയ്ക്കും.ഇടവേളക്കു തൊട്ടു മുന്‍പ് എലിയാന ഒരു ഞെട്ടിപ്പിക്കുന്ന സത്യം പറയുന്നു . തന്നെ ആരും തട്ടി കൊണ്ട് വന്നതല്ല എന്നും സ്വയം അങ്ങനെ ഒരു നാടകം കളിച്ചു കാശടിച്ചു മാറ്റി കാമുകനെ വീണ്ടെടുക്കാനുള്ള ശ്രമം ആയിരുന്നു ഇതു വരെ നടത്തിയതെന്ന് ഉള്ള വെളിപ്പെടുത്തല്‍ (റെഫര്‍ വെട്ടം നായിക).കാശടിച്ചു മാറ്റാന്‍ കൂടെ നില്‍ ക്കാം എന്നും കിട്ടുന്ന തുക വീതിച്ചു എടുക്കാമെന്നും അബ്ദുവും മാധവന്‍ നായരും സമ്മതിക്കുന്നു .പക്ഷെ അടുത്ത ദിവസങ്ങളില്‍ ബാങ്ക് അവധി ആയതിനാല്‍ രണ്ടു മൂന്ന് ദിവസം ഈ പെങ്കൊച്ചിനെ ആരും കാണാതെ പാര്‍പ്പിക്കണം എന്നതാണ് പ്രശ്നം (പിന്നെയും കിലുക്കം )

അല്ല അണ്ണാ ഈ പറഞ്ഞതില്‍ എലിയാനക്ക് കാശിനു ആവശ്യം ഉണ്ട് അബ്ദുവിന് ദാരിദ്ര്യം ആത്മഹത്യ ചെയ്യാന്‍ പോയ മാധവന്‍ നായര്‍ക്കു എന്തിന്റെ കേടാ? അതും ഗള്‍ഫില്‍ ?

എടേ നമ്മുടെ രാജ്യത്തു ഒരാളെ ജാതി പറഞ്ഞു അവഹേളിക്കുന്നതും പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ലോജിക് നോക്കുന്നതും കുറ്റകരമാണ് അറിയില്ലേ . അതൊക്കെ നിന്നെപോലെയുള്ള പ്രബുദ്ധ മലയാളി നിരൂപവകര്‍ പാവം ദീപു കരുണാകരനോടും,മാമാസിനോടും ഒക്കെ ചോദിച്ചാല്‍ മതി
ശരി അത് പോട്ടെ മരുഭൂമിയിലൂടെ ഓടി മടുത്ത മൂവര്‍സംഘം ഒളിവില്‍ കഴിയാനായി മാമ്മുകോയയുടെ (ഗള്‍ഫിലെ പണക്കാരന്‍) മകളുടെ കല്യാണ വീട്ടില്‍ എത്തുന്നു കോയ (സുരാജ്) എന്ന മറ്റൊരാള്‍ ആയി പരിചയപ്പെടുത്തുന്ന മാധവന്‍ നായരും ,(ഈ കോയ എന്നത് നെടുമുടിയുടെ ഡ്രൈവറും ഇപ്പോള്‍ മകളെ തട്ടി കൊണ്ട് പോയ കേസില്‍ സംശയം ഉള്ള ആളും ആണ്).പിന്നെ മരുഭൂമിയിലെ ഓട്ടം കല്യാണ വീടിലേക്ക്‌ മാറുന്നു.അവിടെയെത്തുന്ന കോയ സത്യം തെളിയിക്കാന്‍ (സത്യം തെളിയിക്കാന്‍ നടക്കുന്ന പ്രിയന്‍ ചിത്രങ്ങളിലെ സ്ഥിരം ബന്ധു) എലിയാനയെ പിടികൂടി വീട്ടില്‍ എത്തിക്കാന്‍, കോയയെ പിടിക്കാന്‍ അയാളുടെ അമ്മായി അച്ഛന്‍ മത്തായി എന്നിവരും ഓട്ടത്തില്‍ പങ്കെടുക്കുന്നു.കിലുക്കത്തിലെ ജഗതിയെ പോലെ പല സ്ഥലത്ത് നിന്ന് അടി വാങ്ങി ഇടക്കിടെ സുരജിനെ എടുത്തു കൊണ്ട് പോകുന്നു.ഇതിനിടെ കാശും കൊണ്ട് വരുന്ന നെടുമുടിയുടെ പുറകെ സ്വത്തു അടിച്ചു മാറ്റാന്‍ നടക്കുന്ന ബന്ധുക്കള്‍ വിടുന്ന മിക്ക എന്ന ഗുണ്ട തലവന്‍ (സാധാരണയായി ശരത് സക്സേന എന്ന നടനെയാണ് ഈ വേഷത്തില്‍ കാണാറുള്ളത്‌ ) പിറകെ പോലീസ്.അവിടുന്ന് ഓടി അബ്ദുവിന്റെ വീട്ടില്‍ എത്തുന്ന ഇവര്‍ കാണുന്നത് അബ്ദുവിന്റെ ദാരിദ്രം കഷ്ട്ടപ്പാട് ,ജയിലില്‍ കിടന്നത് മോഷ്ടിച്ചതിനല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഇവയാണ് .
ഇതെല്ലാം അറിയുന്നതോടെ സമനില തെറ്റിയ (ഇതു വരെ തെറ്റിയില്ലായിരുന്നു എന്ന് വേണം മനസിലാക്കാന്‍) മാധവന്‍ നായര്‍ തന്നെ വഞ്ചിച്ച അറബിയെ കൊള്ളയടിക്കാന്‍ തീരുമാനിക്കുന്നു .പിന്നെയാണ് ശരിക്കുള്ള കോമഡി ആരംഭിക്കുന്നത് .ഓഫീസില്‍ മുഖ മൂടിയും വെച്ച് കാര്‍ഡ്‌ സ്വൈപ്പ് ചെയ്തു കേറുന്ന (പിന്നെന്തിനാ മുഖംമൂടി?) മാധവന്‍ നായര്‍ കൂടെ അബ്ദുവും.ഒരു സാധനം താഴെ വീണാല്‍ സെക്യൂരിറ്റി ഓടിയെത്തുന്ന ഓഫീസില്‍ ഒരു മിനിട്ടിനു ശേഷം നായകന്‍ കേറി അവിടുത്തെ സകല സാധനങ്ങളും തല്ലി പൊട്ടിച്ചിട്ടും ആരും തിരിഞ്ഞു നോക്കാതിരിക്കുക (ഇവിടെ ആദ്യം സെക്യൂരിറ്റി വരുന്ന രംഗത്ത് കസേരയില്‍ ഒളിച്ചിരിക്കുന്ന ടോം ആന്‍ഡ്‌ ജെറി ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു രംഗമുണ്ട്.ആ ഒരു നിമിഷത്തെ ചിരിക്കു വേണ്ടി ആ രംഗത്തി ന്‍റെ മുഴുവന്‍ ലോജിക്കും കളഞ്ഞ പ്രിയന്‍റെ സംവിധാന പ്രതിഭയെ അഭിനന്ദിക്കാതെ വയ്യ ) തുടങ്ങിയ ഹാസ്യ രംഗങ്ങള്‍ നമുക്ക് ഇവിടെ കാണാം.(സി സി ടി വി / സെക്യൂരിറ്റി വിദഗ്തനായ അബ്ദു അകെ ചെയ്യുന്നത് ക്യാമറയുടെ മുന്നില്‍ ഒരു കടലാസ്സ്‌ ഒട്ടിക്കുക എന്നതാണ്).കോമഡി രംഗങ്ങള്‍ക്ക് പഞ്ച് പോരാത്തത് കൊണ്ടാകണം മാധവന്‍ നായര്‍ ക്യാമറക്ക് മുന്നിലുള്ള കടലാസ് വലിച്ചു പറിച്ചു കളഞ്ഞു അറബിയെ തെറിയും പറയുന്നുണ്ട് . അവിടെ നിന്നും അടിച്ചു മാറ്റിയ കോടികളുമായി ഹോട്ടല്‍ റൂമില്‍ എത്തുന്ന മൂവര്‍സംഘം കാശു വീതിച്ചു പിരിയുന്നതിനു മുന്‍പ് മാധവന്‍ നായര്‍ക്കു രണ്ടെണ്ണം അടിച്ചിട്ട് തെന്നെ വഞ്ചിച്ച മീനാക്ഷിയെ പോയി നാല് തെറി പറയണം എന്ന് തോന്നുന്നു (അങ്ങനെ തോന്നിയില്ലായിരുന്നു എങ്കില്‍ ... ഹോ ആലോചിക്കാന്‍ വയ്യ) ...... അനിയാ ഇനിയുള്ളത് ഈ പടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌ ആണ് ദയവായി ചെവി പൊത്തുക. ഇല്ലെങ്കില്‍ നിങ്ങള്ക്ക് സിനിമാശാലയില്‍ ഇരുന്നു ഞെട്ടാന്‍ പറ്റില്ല .

അണ്ണന്‍ പറ . ഇവിടെ സാധാരണകാരനു ഞെട്ടാന്‍ പത്രം മാത്രം വായിച്ചാല്‍ പോരെ ?

ഈ മീനാക്ഷിക്ക് ഒരു ഇരട്ട സഹോദരിയുണ്ട് മാനസി അവളും ഭര്‍ത്താവും നടത്തിയ വിഹിതമാണ് മണ്ടന്‍ മാധവന്‍ നായര്‍ അവിഹിതമായി തെറ്റിധരിച്ചത്.പാവം അറബി വെള്ളത്തില്‍ വീണപ്പോള്‍ നനഞ്ഞ കുപ്പായം അലക്കാന്‍ കൊടുത്തത് തിരിച്ചു കിട്ടിയത് കണ്ടിട്ടാണ് പാവം നല്ലവനായ അറബിയെ നമ്മള്‍ തെറ്റിദ്ധരിച്ചത്.ചുരുക്കത്തില്‍ എല്ലാരും നല്ല 916 തങ്കമാന മനിതര്‍കള്‍!!

അതിനിടെ പറയാന്‍ മറന്നു നെടുമുടിയുടെ വീട്ടില്‍ ഭയങ്കര ബഹളം ബന്ധുക്കളായ തങ്ങളെ അവഗണിച്ചു ഒരു അനാഥ പെണ്ണിന് സ്വത്തു കൊടുക്കാന്‍ പറ്റില്ല എന്ന് നെടുമുടിയുടെ ബന്ധുക്കള്‍ .ഒടുവില്‍ നെടുമുടി ആ സത്യം പറയുന്നു എലിയാന തനിക്കിന്നു ഉള്ളതെല്ലാം തന്നിട്ട് ഒരു അപകടത്തില്‍ കുടുംബസമേതം അന്തരിച്ച അറബിയുടെ ഏക മകളാണ് . എല്ലാ സ്വത്തും അവളുടെതാണ് .സ്വന്തം അല്ലാത്തത് കൊണ്ടാണ് ഈ സ്വത്തിന്റെ കാര്യത്തില്‍ ഇത്രയും പിശുക്കനായത് . കണ്ണ് തുടക്കെട .

സഹിക്കുന്നില്ല അണ്ണാ . പറ എന്നിട്ട്

ഇതിനിടെ മിക്കയും ഗുണ്ടകളും വീണ്ടും എലിയാനയെ തേടിയെത്തുന്നു .തട്ടി കൊണ്ട് പോകലും പുറകെ ഓട്ടവും ഉന്തും തള്ളും. അധികമില്ല ഭാഗ്യം .പോലീസ് വന്നു എലിയാനയെ കൂട്ടി കൊണ്ട് പോകുന്നു.ഒടുവില്‍ സത്യം തിരിച്ചറിഞ്ഞതോടെ കാശു തിരിച്ചു തിരിച്ചു കൊടുക്കണം എന്നായി മാധവന്‍ നായര്‍ . അബ്ദു ആദ്യം വിസമ്മതിക്കുന്നു എങ്കിലും ഒടുവില്‍ വഴങ്ങുന്നു.നീ എന്തു വാ നോട്ട് ചെയ്യുന്നേ ?

അല്ല അണ്ണാ ഇവിടെ കുറച്ചു ബൌധിക നിരൂവണത്തിനു സ്കോപ്പ് ഉണ്ടല്ലോ.അതായിത് .മാധവന്‍ നായര്‍ = ഹിന്ദു(നായര്‍ ഹഹ ...) .അബ്ദു= മുസ്ലിം.പടത്തിന്‍റെ സന്ദേശം.ആരു ത്യാഗം ചെയ്യണം? ആരുടെ പക്ഷത്തു നില്‍ക്കുന്നു? ഈ ഒരു ലൈന്‍ വിഷം കുത്തി വെക്കല്‍ ഉണ്ടല്ലോ അത് ഞാന്‍ ഇവിടെ തകര്‍ക്കും .

ചുമ്മാതിരി അനിയാ ഇവിടെ പടം കാണുന്ന സാധാരണക്കാരന്‍ ഇതു തീര്‍ന്നു കിട്ടിയാല്‍ വീട്ടില്‍ പോകാം എന്ന് ആലോചിച്ചു വട്ടായി ഇരിക്കുമ്പോള്‍ ആണ് അവന്‍റെ കോപ്പിലെ സന്ദേശം!!!മുകളില്‍ ആകാശം താഴെ ഭൂമി എന്ന അവസ്ഥയില്‍ ,രക്ഷപ്പെടുക എന്ന ഒറ്റ ലകഷ്യത്തോടെ പടമെടുത്ത രാജേഷ്‌ പിള്ളയുടെ ട്രാഫിക്കില്‍ സന്ദേശം കണ്ടവനല്ലേ നീ? നീയൊക്കെ ഇതും ഇതിലപ്പുറവും പറയും. നീ എന്തെരോ ചെയ്.ഇവിടത്തെ വിവരമില്ലാത്ത പ്രബുദ്ധരായ പൌരന്മാര്‍ക്ക് ഇതൊന്നും പോര എന്നതാണ് സത്യം .

തീര്‍ന്നില്ല പിറ്റേന്ന് ഒന്നുമറിയാത്ത പോലെ മാധവന്‍ നായര്‍ ജോലിക്ക് വരുന്നു.കാശു പോയിട്ടില്ല എങ്കിലും സാധനങ്ങള്‍ മൊത്തം തകര്‍ത്തതിനാല്‍ പോലീസ്, ബഹളം (ഇതിനാണ് സാധനങ്ങള്‍ തല്ലി പൊട്ടിച്ചത്).ഒടുവില്‍ സി സി ക്യാമറ ദ്രിശ്യങ്ങള്‍ നോക്കുമ്പോള്‍ അവിടെ മാധവന്‍ നായരുടെ മുഖം കാണിക്കുന്നിടത് ഏതോ പീസ് ബെല്ലി ഡാന്‍സ് .(അവിടെയാണ് അബ്ദുവിന്‍റെ വൈദഗ്ധ്യം നമുക്ക് വെളിവാകുന്നത് . ഇപ്പോള്‍ ഇതു സംഭവിച്ചു എന്ന് ചോദിക്കല്ലേ ).പിറ്റേന്ന് അബ്ദുവിന്റെ വീട് കത്തില്‍ ഭയങ്കര മുട്ട് . അബ്ദുവും കുടുംബവും കടക്കാരെ എങ്ങനെ നേരിടും എന്നറിയാതെ നില്‍ക്കുന്നു.ഒടുവില്‍ കതകു തുറക്കുമ്പോള്‍ മാധവന്‍ നായരും മീനാക്ഷിയും ഒരു കൈയില്‍ കല്യാണക്കുറിയും മറ്റേ കയ്യില്‍ അബ്ദുവിനുള്ള നിയമന ഉത്തരവും ആയി നില്‍ക്കുന്നതാണ് . സംഗതി ശുഭം

ഇതാണ് സാക്ഷാല്‍ ജെയിംസ്‌ ക്യാമെരൂണ്‍ കണ്ടു കണ്ണ് തളളി പോയി എന്ന് ആദ്യ കാലത്ത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട അറബേം ഓട്ടകോം മാധവന്‍ നായരും എന്ന ചലച്ചിത്ര കാവ്യത്തിന്റെ കഥ .ഇനി ഇതിനു വേണ്ടി ഷൂട്ട്‌ ചെയ്തു എന്നും സമയ കൂടുതല്‍ കാരണം എഡിറ്റ്‌ ചെയ്തു കളഞ്ഞതാണ് എന്നും ഞാന്‍ വിശ്വസിക്കുന ഭാഗം .

അങ്ങനെ എല്ലാം സന്തോഷമായി നീങ്ങുമ്പോള്‍ മരുഭൂമിയിലൂടെ കറുത്ത ഷാളും പുതച്ചു പൈപ്പും വലിച്ചു ഒരാള്‍ (ഷമ്മി തിലകന്‍/ താടി ലാല്‍) മാധവന്‍ നായരുടെയും മീനാക്ഷിയുടെയും പ്രണയ ഗാനത്തിന് ഇടയിലേക്ക് നടന്നു വരുന്നു.പണ്ട് മാധവന്‍ നായര്‍ ഒരു തെറ്റിധാരണയുടെ പേരില്‍ അനിയന്‍ ചെയ്ത ഒരു കൊലപാതകം ഏറ്റെടുത്തു തൂക്കുമരം കാത്തു കിടന്ന ആളാണ് എന്നും ജയില് ചാടി ഗള്‍ഫില്‍ എത്തിയതാനെന്നും അത് കൊണ്ട് ജോലി നഷ്ട്ടപെട്ട ഇയാള്‍ കഴിഞ്ഞ പതിനഞ്ചു കൊല്ലമായി മാധവന്‍ നായരേ തേടി നടക്കുകയായിരുന്നു എന്ന സത്യം നമ്മള്‍ അറിയുന്നു.മാധവന്‍ നായര്‍ കൂടെ വരാമെന്ന് സമ്മതിക്കുന്നു. എങ്കിലും അവസാനം ഒന്ന് കൂടി എനിക്ക് ജീവിക്കാന്‍ കൊതി തോന്നുന്നു സര്‍ ഈ ജാതി ഡയലോഗ് അടിപ്പിക്കുന്നു ഒടുവില്‍ മരുഭൂമിയിലൂടെ അകന്നു പോകുന്ന ജീപ്പിനെ നോക്കി നില്‍ക്കുന്ന മീനാക്ഷിയുടെ ഷോട്ടില്‍ പടം നിര്‍ത്തുന്നു.എപ്പിടി?

തകര്‍ക്കത്തില്ലേ അണ്ണാ അണ്ണാ . അണ്ണന്‍ അല്ലേലും ഇവിടൊന്നും ഇരിക്കേണ്ട ആളെ അല്ല.അതിരിക്കട്ടെ അഭിനയം ?

നീ മിണ്ടിപോകരുത് .അഭിനയം പോലും !! മുകേഷിന്‍റെ ഒന്നോ രണ്ടോ തമാശ ചിരിപ്പിക്കും.മോഹന്‍ലാല്‍ തികച്ചും മിസ്‌ഫിറ്റ്‌ എന്ന് മാത്രമേ എന്ന് എനിക്ക് പറയാനുള്ളൂ.എടുത്താല്‍ പൊങ്ങാത്ത തടിയും ഉഗ്രന്‍ കുമ്പയും വെച്ച് പ്രേമിക്കുന്ന ഈ നടന്‍ എത്ര കാലം കൂടി മധ്യവയസ്കരായ തന്‍റെ പഴയ മലയാളി ആരാധകരെ സമാധാനിപ്പിക്കും എന്ന് സ്വയം ആലോചിച്ചാല്‍ അങ്ങേര്‍ക്കു കൊള്ളാം.ചില സീനുകളില്‍ ലാലേട്ടന്‍റെ ഭാവഭിനയമുണ്ട്. എന്‍റെ അമ്മോ ജയറാം ഒക്കെ എത്ര മാന്യന്‍ !!! ലക്ഷ്മി റായ് എന്ന നടിയെ പറ്റി, അവരുടെ ക്ലോസെ അപ്പ്‌ ഷോട്ട് കാണിച്ചിട്ട് അവര്‍ സങ്കടമാണോ സന്തോഷമാണോ അഭിനയിക്കുന്നത് എന്ന് കണ്ടു പിടിക്കാനുള്ള മത്സരം നടത്താന്‍ ഉപകരിക്കും എന്നല്ലാതെ പ്രത്യേകിച്ചു ഒന്നും പറയാനില്ല ഭാവനയാണ് ഉള്ളതില്‍ ഭേദം.സുരാജ് കഷ്ടിച്ചു സഹിക്കബിള്‍.ക്യാമറ നല്ലതാണു എന്ന ഒറ്റ കാരണം കൊണ്ട് ഒരു ചിത്രം മികച്ചത് എന്ന് പറയാമെങ്കില്‍ ഈ പടം ഉഗ്രന്‍ . പ്രിയന്‍റെ സംവിധാനമാണോ എം ജി ശ്രീ കുമാറിന്‍റെ സംഗീത സംവിധാനമാണോ കൂടുതല്‍ ബോര്‍ എന്ന് ഗവേഷണം നടത്താവുന്നതാണ് .

ചുരുക്കത്തില്‍ .....

വാലും തുമ്പും ഇല്ലാത്ത അയ ഒരു കഥ ഔട്ട്‌ ഡേറ്റഡ് അയ ഒരു സംവിധായകന്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഒരു നായകനെ വെച്ച് എടുത്ത പടം